"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഓഗസ്റ്റ് 24, തിങ്കളാഴ്‌ച

ഗണപതിയും ബൃഹസ്പതിയും ബുദ്ധനും - നിത്യന്‍

ഗണം എന്ന പദത്തിന് കൂട്ടം എന്ന് അര്‍ത്ഥമു ണ്ടല്ലോ. ദേവഗണം, അസുരഗണം, മനുഷ്യഗണം, എന്നീ വാക്കുകള്‍ അതിന് ഉദാഹരണമാണ്. ഗണരാജ്യം എന്ന പദത്തിന് പ്രജായത്ത ഭരണ മുള്ള രാജ്യം, റിപ്പബ്ലിക് എന്നിങ്ങനെ ശ്രീകണ്‌ഠേ ശ്വരം പദ്മനാഭപിള്ള ശബ്ദതാരാവലിയില്‍ അര്‍ത്ഥം കൊടുത്തിരിക്കുന്നതും ശ്രദ്ധേയമാണ്. ഗണപതി എന്ന പദത്തിന് ശിവന്‍ എന്നും അര്‍ത്ഥമുണ്ടെന്ന് അദ്ദേഹം എഴുതിയിട്ടുണ്ട്. ദേവീപ്രസാദ് ചട്ടോപാധ്യായ ഗണപതി എന്ന പദത്തിന്റെ അര്‍ത്ഥം ഗണത്തിന്റെ (ഗോത്രത്തിന്റെ) പതി എന്നാണെന്നു പറയുന്നു. ബൃഹസ്പതിക്കും ഗണപതി എന്നു പേരുണ്ടായിരു ന്നതായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ഐതരേയ ബ്രാഹ്മണത്തില്‍ ഗണാനാം ത്വ എന്ന് ബൃഹസ്പതിയെ സംബോധന ചെയ്യുന്നു. വേദസാഹിത്യത്തില്‍ ഗണപതിയെന്ന നാമം പല സ്ഥലത്ത് ബൃഹസ്പതിക്ക് ഉപയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. പ്രാചീന ഭാരതത്തിലെ ഭൗതികവാദ ദര്‍ശനവുമായി ബന്ധപ്പെട്ട ഒരു നാമമാണ് ബൃഹസ്പതി എന്നുള്ളതും സ്മരണീയമാണ്.

ഗണപതി എന്ന പദത്തിന് ഗണത്തിന്റെ പതി (ഗോത്രത്തലവന്‍) എന്ന അര്‍ത്ഥമാണ് വരാഹമിഹിരന്‍ ബൃഹത്സംഹിതയില്‍ വ്യക്തമാക്കുന്നത്. (ബൃഹത്സംഹിത 15. 15) വാജസനേയ സംഹിതയിലും ഋഗ്വേദത്തിലും കാണുന്ന ഗണപതി എന്ന പദത്തിനും അതേ അര്‍ത്ഥമാണുള്ളതെന്ന് മോണിയര്‍ വില്യംസ് പറയുന്നു. വാജസനേയ സംഹിതക്കും വ്യാഖ്യാന മെഴുതിയ മഹിധരന്‍ ഗണാനാം ഗണരുപേന പാലകം എന്ന് ആ പദത്തിന് അര്‍ത്ഥം നല്കി. ഗണത്തെ അല്ലെങ്കില്‍ ഗണങ്ങളെ രക്ഷിക്കുന്ന വനാണ് ഗണപതി എന്ന് ഇതില്‍ നിന്ന് വ്യക്തമാകുന്നു. ഗണപതി എന്നത് ആദ്യകാലത്ത് ദൈവത്തിന്റെ പേരായിരുന്നില്ല. ഗണപതി എന്ന നാമം ചില കൃതികളില്‍ ബുദ്ധന്റെ പര്യായമായും ഉപയോഗിച്ചു കാണുന്നു.

ഗണപതി മഹാഭാരതത്തില്‍

മഹാഭാരത കഥക്ക് എത്ര പഴക്കമുണ്ടെന്നു പറഞ്ഞാലും ഇന്ന് നമുക്ക് ലഭിച്ചിട്ടുള്ള മഹാഭാരതം എന്ന കൃതിക്ക് 1500 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമില്ല. അതിനു ശേഷം തിരുകിക്കയറ്റിയ ഭാഗങ്ങളും അതില്‍ കാണാം. ഏതാലും മഹാഭാരതത്തിന്റെ രചനയുമായി ഗണപതിക്ക് ബന്ധമുണ്ടായിരുന്നു എന്ന് അതില്‍ പറയുന്നുണ്ട്. ആ കഥ ഇപ്രകാര മാണ്: കൗരവ പാണ്ഡവന്മാരുടെ കഥ അവസാനിച്ചതിനു ശേഷം അതൊരു കാവ്യമായി എഴുതാന്‍ വ്യാസന്‍ തീരുമാനിച്ചു. പക്ഷെ പറഞ്ഞു കൊടുക്കുന്നത് എഴുതിയെടുക്കാന്‍ പറ്റിയ ആളെ കിട്ടാത്തതുകൊണ്ട് ഒരാളെ ഏര്‍പ്പാടു ചെയ്തു കൊടുക്കണമെന്ന് ബ്രഹ്മാവിനോടു പറഞ്ഞു. ഗണേശനെ വിളിക്കാന്‍ ബ്രഹ്മാവ് നിര്‍ദ്ദേശിച്ചു.

ഇങ്ങനെ വ്യാസന്‍ പറഞ്ഞുകൊടുത്ത മഹാഭാരതം ഗണപതി എഴുതി എന്നതിന് അര്‍ത്ഥമെന്താണ്? അക്കാലത്തെ പണ്ഡിതനായ ഏതോ ഗോത്രത്തലവനെ വിളിച്ചു വരുത്തി വ്യാസന്‍ ശ്ലോകങ്ങള്‍ ചൊല്ലിക്കൊ ടുത്തു എന്നും ഗോത്രത്തലവന്‍ എഴുതിയെടുത്തു എന്നുമല്ലാതെ ബുദ്ധിയു ള്ളവര്‍ക്ക് മറ്റൊന്നും മനസിലാക്കാന്‍ സാധ്യമല്ല. ഒരു ഗണപതിയുടെ സഹായത്തോടെ വ്യാസന്‍ രചിച്ച മഹാഭാരതത്തില്‍ ഗണപതിയെപ്പറ്റി പറയുന്നതെന്താ ണെന്നറിയുന്നത് കൗതുകകരമായിരിക്കും. ഗണേശന്മാര്‍, ഗണപതികള്‍, വിനായകര്‍ എന്നിങ്ങനെ ബഹുവചന രൂപത്തിലാണ് അതില്‍ അവയെപ്പറ്റി പറയുന്നത്.

അയിത്തക്കാരനായ ഗണപതി

സവര്‍ണരുടെ വിവാഹം, ഉപനയനം, അന്നപ്രാശനം തുടങ്ങിയ ഗൃഹസംബന്ധമായ കാര്യങ്ങള്‍ എങ്ങനെ നിര്‍വഹിക്കണമെന്നു വിശദീകരിക്കുന്ന വാനവ്യഗൃഹ്യസൂത്രം എന്ന സംസ്‌കൃതകൃതിയുല്‍ ഗണപതികള്‍, വിനായകര്‍ എന്നിവരെപ്പറ്റി പറയുന്നത് ഇങ്ങനെയാണ്: ഇവ സാധിക്കുന്ന വ്യക്തികള്‍ തറയില്‍ ആഞ്ഞു ചവിട്ടുകയും പുല്ലു മുറിക്കുകയും സ്വന്തം ദേഹത്തില്‍ എഴുതുകയും ചെയ്യും. വെള്ളം, തലമുഴുവന്‍ മുണ്ഡനം ചെയ്ത മനുഷ്യര്‍, ഒട്ടകങ്ങള്‍, പന്നികള്‍, കഴുതകള്‍ തുടങ്ങിയവയെ ഇവര്‍ സ്വപ്‌നം കാണും. വായുവില്‍ സഞ്ചരിക്കുന്നതുപോലെ ഇവര്‍ക്കു തോന്നും. നടക്കുമ്പോള്‍ പുറകില്‍ക്കൂടി പിന്തുടരുന്നതായി അനുഭവപ്പെടും. (മാനവഗൃഹ്യസൂത്രം 2:14)

പഴയകാലത്ത് പ്രേതബാധയെന്ന് കരുതപ്പെട്ടിരുന്ന മനോരോഗങ്ങളുടെ ലക്ഷണങ്ങളാണിവ. വിനായകര്‍ (ഗണപതികള്‍) തുടങ്ങിയവര്‍ക്ക് ഉണ്ടായ ബുദ്ധിമുട്ടുകള്‍ അതില്‍ തുടര്‍ന്ന് വിവരിക്കുന്നു.

ഭരിക്കാന്‍ അര്‍ഹത ഉണ്ടായിട്ടും ആ രാജകുമാരന്മാര്‍ക്ക് രാജ്യം ലഭിച്ചില്ല. ആവശ്യമായ ഗുണങ്ങള്‍ ഉണ്ടായിട്ടും പെണ്‍കുട്ടികള്‍ക്ക് വരന്മാരെ ലഭിച്ചില്ല. ഗര്‍ഭധാരണ ശേഷി ഉണ്ടായിട്ടും സ്ത്രീകള്‍ക്ക് കുട്ടികള്‍ ഉണ്ടായില്ല. മറ്റു സ്ത്രീകളുടെ കുട്ടികള്‍ മരിച്ചു. പഠിപ്പിക്കാ നുള്ള യോഗ്യതയുണ്ടായിട്ടും പണ്ഡിതനായ അധ്യാപകന് ശിഷ്യരെ കിട്ടിയില്ല. വിദ്യാര്‍ത്ഥികള്‍ പഠനത്തിന് പല തടസങ്ങളും ഇടവേളക ളുമുണ്ടായി. വ്യാപാരവും കൃഷിയും വിജയകരമായില്ല. 

ഗണപതിയെ ഒരു ദുര്‍ദ്ദേവതയായിട്ടാണ് മാനവഗൃഹ്യസൂത്രകാരന്‍ കാണുന്നതെന്ന് ഇതില്‍ നിന്ന് വ്യക്തമാകുന്നു. യാജ്ഞവല്യസ്മൃതിയില്‍ രുദ്രനും ബ്രഹ്മാവും കൂടി തടസങ്ങള്‍ (വിഘ്‌നങ്ങള്‍) ഉണ്ടാക്കുന്നതിനു വേണ്ടി ഗണങ്ങളുടെ അധിപതിയായി വിനായകനെ നിയമിച്ചതായി പറയുന്നു. വിനായകന്‍ ഉണ്ടാക്കിയ പ്രശ്‌നങ്ങളെ അതില്‍ വിവരിക്കുന്നത് ഇപ്രകാരമാണ് :

'അവന്‍ ബാധിക്കുന്ന വ്യക്തികള്‍ക്ക് വെള്ളത്തില്‍ മുങ്ങുന്നതുപോലെ തോന്നും. മുണ്ഡനം ചെയ്ത തലയുള്ളവരും ചുവന്ന വസ്ത്രം ധരിച്ചവ രുമായ ആളുകളെ കാണുക. മാംസാഹാരികളായ മൃഗങ്ങളുടെ പുറത്തു കയറി നടക്കുക. ഒട്ടകങ്ങള്‍ തുടങ്ങിയ വയുടെ കൂട്ടത്തില്‍ കഴിയുക. ശത്രുക്കളില്‍ നിന്ന് ഓടിപ്പോകാന്‍ ആഗ്രഹിക്കു മെങ്കിലും അതിന് കഴിയാതിരിക്കുക.... എന്നിങ്ങനെയുള്ള അനുഭവങ്ങള്‍ ഉണ്ടായതായി അവര്‍ക്കു തോന്നും. ആ വ്യക്തിക്ക് ഏകാഗ്രത ഇല്ലാതാകും. ഒരു കാര്യത്തിലും വിജയിക്കാന്‍ കഴിയാതെ വരും. കാരണമില്ലാതെ നൈരാശ്യം ബാധിക്കും. ഗണപതി ബാധിക്കുന്ന രാജകുമാരന് രാജ്യം ലഭിക്കുകയില്ല.'

യാജ്ഞവല്ക്യനു ശേഷം സ്മൃതി രചിച്ച മനുവാണ് ബ്രാഹ്മണ മതത്തി ന്റെ നിയമങ്ങള്‍ക്ക് രൂപം നല്കിയവരില്‍ പ്രധാനി. അദ്ദേഹം ഗണപതി യെ പൂജിക്കുന്നവരെപ്പറ്റി പറയുന്നതു നോക്കുക: 

ശ്വക്രിഡീ ശ്യേനജീവി ച കന്യാ ദൂഷക വേ ച 
ഹിംസ്രോ വൃഷലവൃത്തിശ്ച ഗണാനാം ചൈവയാജകം (മനുസ്മൃതി 3:164)

ഈ ശ്ലോകത്തിന് സിദ്ധിനാഥാനന്ദസ്വാമി നല്കിയിട്ടുള്ള അര്‍ത്ഥം ഇതാണ്: ക്രീഡാര്‍ത്ഥം ശ്വാക്കളെ വളര്‍ത്തുന്നവന്‍, പരുന്തിനെ പിടിച്ചു വളര്‍ത്തി ജീവിക്കുന്നവന്‍, കന്യാഗമനം ചെയ്യുന്നവന്‍, ഹിംസരതനു, ദാസന്‍, വിനായകാദി ഗണങ്ങളെ പൂജിക്കുന്നവന്‍... ഇവര്‍ ദൈവ പിതൃകൃത്യ ങ്ങള്‍ക്ക് ത്യാജ്യരാകുന്നു. വൃഷമെന്നാല്‍ ധര്‍മം. വൃഷത്തിനും ലോപം വരുത്തുന്നവന്‍ വൃഷലന്‍ - ശൂദ്രന്‍ (മനുസ്മൃതി. മാതൃഭൂമി എഡിഷന്‍. 1986. പേജ് 126)

മാക്‌സ് മുള്ളര്‍ എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ച ജി ബ്യുള്ളറുടെ മനുവിന്റെ നിയ (Laws of Manu) മങ്ങള്‍ എന്ന ഗ്രന്ഥത്തിലും ഇതേ അര്‍ത്ഥം തന്നെയാണ് കൊടുത്തിരിക്കുന്നത്. മനുസമൃതി എഴുതുന്ന കാലത്ത് ഗണപതി താഴ്ന്ന ജാതിക്കാരുടെ ദൈവമായിരുന്നു എന്നതാണ് ഇത് തെളിയിക്കുന്നത്. 'ഭൂതബാധ'യുടെ പര്യായമായിരുന്നു അക്കാലത്ത് ഗണപതി ബാധയെന്നും നമ്മള്‍ കണ്ടു.

(ഒന്നാം ഭാഗം വായിക്കുക)
------------------------------------------------
കടപ്പാട്: തേരാളി മാസിക 1992 ഡിസംബര്‍ ലക്കം. ചിത്രം, ചിത്രകാരന്‍ ടി മുരളിയുടെ പെയിന്റിംങ്ങാണ്.