"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഓഗസ്റ്റ് 27, വ്യാഴാഴ്‌ച

തുളുനാട്ടില്‍ മഹാബലി പൊലിയേന്ദ്രന്‍ - രവീന്ദ്രന്‍ രാവണേശ്വരം

ഒരു തുലാമാസത്തിലെ അമാവാസി നാളില്‍ അവിചാ രിതമായി കാഞ്ഞങ്ങാട് നെഹ്രു കോളേജില്‍ കയറിയപ്പോഴാണ് കവാടത്തില്‍ പാലക്കൊമ്പ് കുത്തിയി രിക്കുന്നത് കാണുന്നത്. കവരുകളുള്ള പാലക്കൊമ്പില്‍ എണ്ണയിട്ട് തിരി കത്തിച്ചിരിക്കുന്നു. ഒരു അനുഷ്ഠാനത്തിന് കോളേജ് ഒരുങ്ങിയ ലക്ഷണമായിട്ടേ ഇതിനെ കാണാനാകൂ. എല്ലാ അനുഷ്ഠാനങ്ങള്‍ക്കും മതപരമായ അംശം അടിച്ചേല്പിക്കുന്ന കാലത്ത് ഒരു പൊതു പ്രസ്ഥാനം ഇങ്ങനെ ഒരുങ്ങിയതതിനെ ചോദ്യം ചെയ്യാം. ചോദിച്ചപ്പോഴാണ് മനസിലായത് പൊലിയേന്ദ്രനെ കോളേജ് വരവേറ്റ താണെന്ന്. പൊതുവായി പറഞ്ഞാല്‍ തുളുനാട്ടില്‍ ഹിന്ദു സമൂഹത്തി നിടയില്‍ നിലനിന്നിരുന്ന ്‌നുഷ്ഠാനമാണ് പൊലിയേന്ദ്രന്‍ എന്നത് പ്രത്യേകിച്ച് കാര്‍ഷിക സമൂഹത്തിനിടയില്‍. ഈ ചടങ്ങ് ഇപ്പോള്‍ മെല്ലെ അപ്രത്യക്ഷ മായിക്കൊണ്ടിരിക്കുന്നു. കാര്‍ഷിക മേഖലയുടെ തകര്‍ച്ചയു മായി ബന്ധപ്പെട്ടാണ് ഈ അനുഷ്ഠാനത്തിന്റെ തകര്‍ച്ചയും ഉണ്ടാകുന്നത്. ശീലമായ ചടങ്ങ് മെല്ലെ അണിയറയിലേക്ക് മടങ്ങുന്നു എന്ന് ബോധ്യ പ്പെട്ടപ്പോഴാണ് തിരികെ അരങ്ങത്തു നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ ആരംഭിക്കുന്നത്. ജൈവ സമൂഹത്തിനിടയില്‍ ജീവിക്കേണ്ട അനുഷ്ഠാനം അതിജീവനത്തിന് ശ്വാസം തേടുമ്പോഴാണ് പ്രേക്ഷകന്റെ അരങ്ങില്‍ കെട്ടിയാടിപ്പിക്കുന്നത്.

മറ്റേത് അനുഷ്ഠാനത്തിലും ചടങ്ങിലും ആചാരാത്തിലും നിലനില്ക്കു ന്നതില്‍ നിന്നും വ്യത്യസ്തമായി പൊലിയേന്ദ്രനില്‍ ചില സാമൂഹിക വീക്ഷണവും മാനവികതയും അധ്വാനബന്ധവും പൊലിയേന്ദ്രനില്‍ നിലനില്ക്കുന്നുണ്ട്. ഒരു പക്ഷേ ശക്തിയാര്‍ജിക്കുന്ന ഗണപതി പൂജയേ ക്കാള്‍.

നെഹ്‌റു കോളേജിന്റെ കവാടത്തില്‍ കരിന്തിരിയില്‍ അവശേഷിച്ചിരുന്ന പൊലിയേ ന്ദ്രനില്‍ പുകഞ്ഞു കൊണ്ടിരുന്നത് നിറയെ ആശങ്കയും സങ്കട വുമായിരുന്നു. 3 ദിവസംനീണ്ടു നില്ക്കുന്ന ചടങ്ങില്‍ ആദ്യ ദിനിത്തില്‍ തിരിതെളിയല്‍ കഴിഞ്ഞു വെങ്കിലും 'ഈ ചടങ്ങില്‍ പൊലിയേന്ദ്രനെ 'പൊലിയേന്ദ്ര പൊലിയേന്ദ്ര ഹരി ഹോയ്' എന്നത് ഒരു പൂജാ മന്ത്രമാണ്. ഇത് ഒരു മുദ്രാവാക്യമായി രൂപപ്പെടു ത്തുകയായിരുന്നു നെഹ്‌റു കോളേജില്‍. വിദ്യാര്‍ത്ഥി സമരങ്ങള്‍ കണ്ടു പരിചയിച്ച കലാലയത്തില്‍ പുതിയ സമരമുദ്രാവാക്യം മുഴങ്ങിയത് അങ്ങനെയാ യിരുന്നു. കൃഷിയെ നിലനിര്‍ത്താന്‍, മാനവികതയെ നിലനിര്‍ത്താന്‍ ഇങ്ങനെയൊരു മുദ്രാവാ ക്യം പൊലിയേന്ദ്രനെ വരവേല്ക്കാന്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും മുഴക്കിയത് ചരിത്ര സംഭവമായിരിക്കണം. ആ വരവേല്പ് ഒരു സമരമായിരുന്നു എന്നാണ് വ്യക്തമായത്. മനുഷ്യന്റെ ജൈവപരതയെ തകര്‍ക്കുകയും ഒരു ഉപഭോക്താവ് എന്ന നിലയിലേക്ക് മാത്രമായി പരിമിതപ്പെടുത്തുകയും ചെയ്യുന്ന കാലം പോരാളിയെ ആയുധമണി യിക്കുന്ന രീതിയാണ് ഇത് എന്ന് വ്യക്തമാകും. അത് വിദ്യാര്‍ത്ഥികളും പൊതുസമൂഹവും തിരിച്ചറിയുന്നതു കൊണ്ടാവാം പൊലിയേന്ദ്രന്‍ പാല കരിന്തിരിയോടെയും അവിടെ തുടരുന്നത് എന്നാണ് മനസിലാക്കേണ്ടത്. കേരളത്തിലെ കോളേജുകളില്‍ നിന്നും വ്യത്യസ്തമായി കാഞ്ഞങ്ങാട് നെഹ്‌റു ആര്‍ട്ട് ആന്റ് സയന്‍സ് കോളേജില്‍ ഈ അനുഷ്ഠാനത്തിന് നേതൃത്വം നല്കിയത് കോളേജിലെ സാഹിത്യവേദിയായിരുന്നു. എല്ലാ വര്‍ഷവും ഇത് തുടരുന്നുണ്ട്. എഴുത്തുകാരനും ആക്ടിവിസ്റ്റുമായ അംബികാസുതന്‍ മങ്ങാടിന്റെ നേതൃത്വത്തിലാണ് ഇത് നിര്‍വഹി ക്കുന്നത്. അനുഷ്ഠാനം എന്നു പറയുന്നത് വിശ്വാസപരമായ അര്‍ച്ചന യാണ്. ദൈവത്തെ പ്രീതിപ്പെടുത്താനുള്ള ആത്മീയമായ നിര്‍വഹണമാണ് അനുഷ്ഠാനം എന്ന പദപ്രയോഗംകൊണ്ട് ഉദ്ദേശിക്കുന്നത്.

ഇവിടെ മഹാബലി രണ്ട് തവണ വരും

തുലാമാസത്തിലെ അമാവാസി നാളില്‍ സന്ധ്യാനേരത്ത് നടക്കുന്ന ചടങ്ങാണിത്. കവരുകളുള്ള പാലക്കൊമ്പുകള്‍ മുറിച്ചെടുത്ത് ഇവ വീടിന്റെ കവാടം, തുളസിത്തറ, കിണര്‍, തൊഴുത്ത് എന്നിവിടങ്ങളില്‍ കുത്തിവെക്കുന്നു. തുടര്‍ന്ന് കുളിച്ചൊരുങ്ങി വീട്ടുകാര്‍ ഒന്നടങ്കം തളികയില്‍ വിളക്കുമായി എല്ലാ പാലക്കൊമ്പുകളിലും തിരിതെളിക്കുന്നു. തുടര്‍ന്ന് ഒരേ സ്വരത്തില്‍ പൊലിയേന്ദ്ര പൊലിയേന്ദ്ര ഹരി ഓയ് എന്ന് അരിയിട്ട് വിളിക്കുന്നു. ഇതാണ് ചടങ്ങ്, ഈ ചടങ്ങ് തുളുനാട്ടിലാണ് നടക്കുന്നത്. കാസര്‍കോടിന്റെ വടക്കന്‍ ഭാഗത്താണ് ഇത് ശ്രദ്ധേയം. കേരളത്തിലെ മറ്റിടങ്ങലില്‍ ഈ ചടങ്ങില്ല. അവിടങ്ങളില്‍ നിന്നും വന്നെത്തുന്നവര്‍ക്ക് പൊലിയേന്ദ്രന്‍ എന്നത് അറിയാന്‍ ആഗ്രഹിക്കുന്ന ഒരു മിത്താണ്. മിത്ത് എന്നത് പുരാവൃത്തമാണ്. അതില്‍ ചരിത്രാംശം ഉണ്ടാകും. ജനതയുടെ അഭിലാഷങ്ങള്‍ പതിഞ്ഞിട്ടുണ്ടാകും. ഇങ്ങനെ ഒരു ജനതയുടെ വലിയ സ്വപ്‌നങ്ങള്‍ അടയാളപ്പെടുത്തിയ അനുഷ്ഠാനമാണ് പൊലിയേന്ദ്രന്‍. എന്നാല്‍ ചടങ്ങില്‍ ചരിത്രവും സാമൂഹ്യ ബന്ധങ്ങളുടെ പ്രസക്തിയും ആലേഖനം ചെയ്തിട്ടുണ്ടാകും. ഇത് അറിയുന്നതിനാണ് പഠന വിഷയമാക്കുന്നത്. എന്നാല്‍ ഒരു അനുഷ്ഠാനം അണിയറയിലേക്ക് മറയുമ്പോഴാണ് ചടങ്ങ് തന്നെ കോളേജ് കയറുന്നത് എന്ന പ്രത്യേകത യാണ് നെഹ്‌റു കോളേജില്‍ കാണാനായത്. ഒരു അനുഷ്ഠാനം ചരിത്ര മായി മാറുകയാണ്. അധികകാലം ഈ ചടങ്ങുകളെ നേരിട്ടു കാണാന്‍ കഴിയണമെന്നില്ല. ചടങ്ങ് അനുഷ്ഠിച്ചുതന്നെ കാണണം എന്നുള്ളതു കൊണ്ടാണ് പൊലിയേന്ദ്രന്‍ ചടങ്ങായിത്തന്നെ കോളേജില്‍ കയറിയത്. 

കേരള ചരിത്രത്തില്‍ പോലും കാണാന്‍ പ്രയാസമുള്ള ഈ അനുഷ്ഠാ നത്തിന് ആദ്യമായി അക്ഷരം പതിപ്പിച്ചത് അംബികാ സുതന്‍ മാങ്ങാട് അവതരിപ്പിച്ച ഒരു പ്രബന്ധത്തിലൂടെയാണ്. 2002 ല്‍ തിരുവനന്തപുരത്തു നടന്ന ഒരു സെമിനാറിലാണ് ഇത് അവതരിപ്പിച്ചത്. മലയാള മനോരമ യില്‍ ഇത് പ്രസിദ്ധപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. 2003 ല്‍ എഴുത്തു കാരനും പരിഭാഷകനുമായ സി രാഘവന്‍ തുളുനാടും സമൂഹവും എന്ന ഗ്രന്ഥത്തിലും പൊലിയേന്ദ്രനെക്കുറിച്ച് പരാമര്‍ശിക്കുകയുണ്ടായി. പൊലി യേന്ദ്രന്റെ പിന്നിലെ ഐതിഹ്യങ്ങള്‍ ഇതള്‍വിരിയാന്‍ തുടങ്ങിയത് ഇക്കാലത്താണ്. ചടങ്ങ് അത്യാസന്ന നിലയിലേക്ക് നീങ്ങുമ്പോള്‍ എന്നര്‍ത്ഥം.

പൊലിയേന്ദ്രന്‍ എന്ന മഹാബലി

ഈ ഐതിഹ്യത്തിലാണ് പൊലിയേന്ദ്രന്‍ എന്നത് മഹാബലി തന്നെയാ ണെന്ന് തുളുനാട്ടുകാര്‍ അറിയുന്നത്. അതായത് തിരുവോണത്തിന് എത്തുന്ന മഹാബലി തന്നെയാണ് അമാവാസി നാളിലും എത്തുന്നത്. മഹാബലി കേരളത്തില്‍ രണ്ടു തവണ വരുന്നവെന്ന പുതിയ അറിവാണ് ഇത് പകര്‍ന്നത്. എന്താണ് പൊലിയേന്ദ്രന്‍ എന്നും അത് മനുഷ്യ സമൂഹ ത്തിന്റെ ജൈവപരമായ വീണ്ടെടുപ്പിന് സഹായകര മാകുന്നതെന്നും അറിയണമെങ്കില്‍ അതിന്റെ മിത്തിനേയും യാഥാര്‍ത്ഥ്യ ത്തേയും അറിയ ണം. അതിനു പുറമേ ഓണത്തിലെ മഹാബലിയിലെ മിത്തുമായും താര തമ്യം ചെയ്യണം. ഓണത്തിന് വരുന്ന ബലിയിലെ പുരാവൃത്തം ആര്യ ദ്രാവിഡ സംഘര്‍ഷത്തിലേക്കും സോഷ്യലിസ്റ്റ് ആശയത്തിലേക്കും കൊണ്ടെ ത്തിക്കുന്നുവെങ്കില്‍ പൊലിയേന്ദ്രനെ സാധാരണ മനുഷ്യനിലേക്കും അവന്റെ കാര്‍ഷിക ബന്ധങ്ങളിലേക്കും സാമൂഹ്യ നീതിയിലേക്കും നമ്മെ വലിച്ചുകൊണ്ടു പോകുന്നതായി കാണാം.
-------------------------------------------------
കടപ്പാട്: സര്‍ഗശബ്ദം മാസിക 2014 സെപ്തംബര്‍ ലക്കം.