"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഓഗസ്റ്റ് 14, വെള്ളിയാഴ്‌ച

യാഗ സംസ്‌കാരത്തെ തിരിച്ചറിയുക - ശങ്കരനാരായണന്‍ മലപ്പുറം

ശൂദ്രന്‍ മനപൂര്‍വം വേദപാരാ യണത്തിന് ചെവി കൊടുത്താല്‍ ഉരുക്കിയ വെളുത്തീ യമോ കോലരക്കോ ഒഴിച്ച് അവന്റെ ചെവികള്‍ നിറക്കണം. അവന്‍ വേദപാഠങ്ങള്‍ ഉരുവിട്ടാല്‍ അവന്റെ നാക്ക് മറിച്ചു കളയണം. അവന്‍ വേദ പാഠങ്ങള്‍ ഓര്‍മിക്കു ന്നുണ്ടെങ്കില്‍ അവന്റെ ശരീരം നെടുകെ പിളര്‍ക്കണം. ഗൗതമധര്‍മസൂത്രം (അധ്യായം 15, സൂത്രം 4,5,6) ബ്രാഹ്മണര്‍ക്കു നല്കുന്ന ഉപദേശമാണിത്. ഇന്ത്യാ മഹാ രാജ്യം ഇപ്പോഴും ഈ 'സൂത്ര'ക്കാരുടെ പിടിയിലാണെന്ന കാര്യം ശരിതന്നെ. വാര്‍ത്താ മാധ്യമങ്ങളും ആ സൂത്രക്കാരുടെ പിടിയില്‍ത്തന്നെ.

മേലുദ്ധരിച്ച കാര്യങ്ങള്‍ ശരിയാണെങ്കിലും വേദം പഠിച്ചാല്‍ ചെവിയില്‍ ഈയം ഉരുക്കി ഒഴിക്കുന്ന അവസ്ഥ ഇപ്പോള്‍ ഇന്ത്യയില്‍ ഇല്ല. എന്നാലും വേദം പഠിക്കാന്‍ മിക്കവരും തയാറാകുന്നില്ല. ഇതുകൊണ്ടാണ് 'സോമ യാഗം' എന്നും മറ്റും കേള്‍ക്കുമ്പോള്‍ ഇതൊക്കെ ദിവ്യവും മഹത്തര വുമായ കാര്യങ്ങളാണെന്ന് പലരും ധരിച്ചു പോകുന്നത്. സ്മൃതികളും ശ്രുതികളും സൂത്രങ്ങളുമൊക്കെ പഠിച്ചാല്‍ ഈ ധാരണകള്‍ വെറും അബദ്ധ ധാരണകളാണെന്ന് ബോധ്യമാകും. അക്ഷരം പഠിച്ച ശൂദ്രനെ (നായരെ) കണ്ടാല്‍ ഓടിമറയണം. 'ശൂദ്രമക്ഷര സംയുക്തം ദൂരതഃ പരിവര്‍ജ്യയേത്' എന്നു പറഞ്ഞവരുടെ പിന്മുറക്കാരിപ്പോള്‍ ശൂദ്രരെ മാത്രമല്ല മനുഷ്യരില്‍ അധമര്‍ എന്ന് മനു വിശേഷിപ്പിച്ച ചണ്ഡാലരേയും (ദലിത് പിന്നോക്ക ജനവിഭാഗങ്ങള്‍) യാഗം കാണാനായും ലോക്കറ്റു വാങ്ങാനായും മാടി വിളിക്കുന്നത്. പണ്ട് ആട്ടിയകറ്റുക യായിരുന്നു ചൂഷണമെങ്കില്‍ ഇന്ന് മാടിവിളിച്ചാണ് ചൂഷണം എന്ന വ്യത്യാസമേ യുള്ളൂ.

ബ്രാഹ്മണരുടെ പ്രവര്‍ത്തന അജണ്ടയിലെ മുഖ്യയിനം സംഭാവന (ദക്ഷിണ) വാങ്ങലാണ്. അതിലപ്പുറമുള്ള ചിന്തകള്‍ അവര്‍ക്കില്ല. ബ്രാഹ്മണ മനസിനെക്കുറിച്ച് നല്ലപോലെ പഠിച്ച വ്യക്തിയായ ബാബാസാഹേബ് ഡോ. ബി ആര്‍ അംബേഡ്കര്‍ ബ്രാഹ്മണരുടെ ഈ പ്രത്യേകത വളരെ വ്യക്തമായി തുറന്നു കാണിച്ചിട്ടുണ്ട്. ബോംബെക്കു സമീപമുള്ള കല്യാണ്‍ എന്ന സ്ഥലത്തുണ്ടായിരുന്ന മുസ്ലീം ദര്‍ഗയില്‍ പുരോഹിതന്റെ ജോലികള്‍ ചെയ്തിരുന്നത് മുസ്ലീം വേഷം ധരിച്ച ബ്രാഹ്മണനായിരുന്നുവെന്ന് ഡോ. ബി ആര്‍ അംബേഡ്കര്‍ 'ഹിന്ദുമതത്തിലെ പ്രഹേളികകള്‍' എന്ന പുസ്തകത്തില്‍ പറയുന്നുണ്ട്. (മലയാള പരിഭാഷ വി പ്രഭാകരന്‍, കേരള ദലിത് സാഹിത്യ അക്കാദമി) ദക്ഷിണ കിട്ടാന്‍ മുസ്ലീം വേഷം കെട്ടാനും തയാറാകുന്നവര്‍ പണത്തിനു വേണ്ടി മറ്റെന്തെല്ലാം ചെയ്തുകൂടാ? ഇതുകൊണ്ടാണ് ശ്രുതികളും സ്മൃതികളുമൊക്കെ പഠിക്കണമെന്ന് പറയുന്നത്. ഇതിന്റെ അര്‍ത്ഥം ചരിത്രം പഠിക്കണമെന്നാണ്. ദലിതരുടെ പിന്നോക്കാ വസ്ഥ വലിയ മാറ്റമില്ലാതെ തുടരുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് ദലിതരുടെ ചരിത്രബോധക്കുറവാണ്. ആയതിനാല്‍ ദലിതര്‍ ചരിത്ര പഠനത്തിന് വളരെയേറെ പ്രാധാന്യം നല്‌കേണ്ടതുണ്ട്. കൊട്ടിഘോഷിക്കപ്പെടുന്ന യാഗങ്ങളെ കുറിച്ച് നമുക്ക് ചെറുതായൊരു പഠനം നടത്താം.

യാഗങ്ങളില്‍ പ്രധാനപ്പെട്ടത് അശ്വമേധയാഗമാണ്. ശ്രുതികളും സ്മൃതി കളും ആധാരമാക്കി സര്‍വവിജ്ഞാന കോശത്തില്‍ ഇതേക്കുറിച്ച് വിവരിക്കുന്നത് ഇങ്ങനെ. മഹാരാജാക്കന്മാര്‍ നടത്തിവന്ന ഒരു യാഗമാ ണിത്. നെറ്റിയില്‍ അടയാളം വെച്ച ഒരു കുതിരയെ അഴിച്ചു വിടുന്നു. കുതിരയെ ആരെങ്കിലും പിടിച്ചുകെട്ടുകയാണെങ്കില്‍ അവരെ തോല്പിച്ച് കുതിരയെ വീണ്ടെടുക്കണം. ആക്രമണത്തെ നേരിടാനായി 100 ക്ഷത്രിയ കുമാരന്മാര്‍ കുതിരയെ പിന്തുടരേണ്ടതുണ്ട്. ഇങ്ങനെ തിരിച്ചെത്തിയ കുതിരയെ ബലി കഴിക്കുക എന്നതാണ് അശ്വമേധത്തിന്റെ പ്രധാന ചടങ്ങ്. 

'സര്‍വാന്‍ കാമാനാപ്യന്‍
സര്‍വാ വിജീതിര്‍വിജി ഗീഷ്മാനെഃ
സര്‍വാപ്യുഷ്ടീന്‍ വിജിത്യ അശ്വമേധഃ ജയേത'

എന്ന് അശ്വലായനന്‍ പറയുന്നു. എല്ലാ ആഗ്രഹങ്ങളും പ്രാപിക്കാനും എല്ലാ വിജയങ്ങളും നേടാനും എല്ലാ ഐശ്വര്യങ്ങളും പ്രാപിക്കാനും ആഗ്രഹിക്കുന്നയാള്‍ (രാജാവ്) അശ്വമേധയാഗം കഴിക്കണമെന്നര്‍ത്ഥം. യാഗത്തിന് 1 വര്‍ഷം നീണ്ടു നില്ക്കുന്ന പരിപാടിക്ക് തുടക്കം കുറിക്കുക. യാഗാശ്വം വെളുത്തതും ഗതിവേഗത യുമുള്ളതുമായാല്‍ അത്യുത്തമം. ബ്രാഹ്മണ പുരോഹിതന്മാരെ വരുത്തിയാണ് യാഗാശ്വത്തെ തെരഞ്ഞെടുക്കുക. ഹോതാവ്, അധ്വര്യു, ബ്രഹ്മന്‍, ഉദ്ഗാതാവ് - ഇവരാണ് മുഖ്യ പുരോഹിതര്‍.

യാഗക്കുതിരയെ ഒരു ജലാശയത്തില്‍ ഇറക്കും. ഒരു അയോഗവാന്‍ (വൈശ്യസ്ത്രീയില്‍ ശൂദ്രന് ജനിച്ചവന്‍) ഒരു പട്ടിയെ അടിച്ചു കൊന്ന് അതിന്റെ ശവം ഒരു ചൂരലിന്റെ അറ്റത്തു കെട്ടി കുതിരയുടെ കീഴില്‍ക്കൂടി ഒഴുക്കും. അതിനു ശേഷം കുതിരയെ യാഗാഗ്നിക്കടുത്തു കൊണ്ടുവന്നു നിര്‍ത്തും. അവിടെ വെച്ച് ഏതാനും കര്‍മങ്ങളുണ്ട്. കര്‍മങ്ങള്‍ കഴിഞ്ഞതിനു ശേഷം കുതിരയെ രാജ്യം ചുറ്റി സഞ്ചരിക്കാന്‍ വിടും.

ഒരു വര്‍ഷത്തെ പര്യടനം വിജയപൂര്‍വം കഴിഞ്ഞ് തിരിച്ചു വന്ന കുതിരയെ ലായത്തില്‍ കെട്ടുന്നു. പ്രധാന കര്‍മങ്ങള്‍ 3 ദിവസമാണ്. ആദ്യദിവസം വളരെയധികം ജന്തുക്കളെ യൂപങ്ങളില്‍ (ബലിമൃഗങ്ങളെ കെട്ടിയിടാനുള്ള കുറ്റി) ബന്ധിച്ചതിനു ശേഷം ബലികഴിക്കുന്നു. രണ്ടാം ദിവസം കുതിരയെ ഒരു രഥത്തില്‍ പൂട്ടി അതില്‍ പുരോഹിത നായ അധ്വര്യുവും യജമാനനും (യാഗം നടത്തുന്ന രാജാവ്) കയറിയിരിക്കും. ചില കര്‍മങ്ങള്‍ക്കു ശേഷം കുതിരയെ യാഗശാലയിലേക്ക് തിരിച്ചു കൊണ്ടുവരും. യാഗശാലയില്‍ തിരിച്ചെത്തിയ കുതിരയെ പട്ടമഹിഷി (മുഖ്യഭാര്യ)യും വാവാത (ഇഷ്ടഭാര്യ)യും പരിവൃക്തി (അവഗണിതഭാര്യ) യും യഥാക്രമം കുതിരയുടെ മുന്‍ഭാഗ ത്തും മധ്യഭാഗത്തും പിന്‍ഭാഗത്തും പുതിയ വെണ്ണ പുരട്ടും. 101 സ്വര്‍ണ മണികള്‍ 'ഭൂഃ ഭുവ സ്വാഃ' എന്നീ മന്ത്രങ്ങള്‍ യഥാക്രമം ഉച്ചരിച്ചുകൊണ്ട് കുതിരയുടെ തലയിലും കുഞ്ചി രോമത്തിലും വാലിലും കെട്ടും. ശേഷം പുല്ത്തറയില്‍ ഒരു കമ്പളം വിരിച്ച് ഒരു സ്വര്‍ണക്കഷണം വെച്ച് അതിനുമേല്‍ കുതിരയെ കിടത്തു കയും അതിനെ ശ്വാസം മുട്ടിച്ചു കൊല്ലുകയും ചെയ്യും.

കുതിരയെ കൊന്ന ശേഷം ചില കര്‍മങ്ങളുണ്ട്. അതു കഴിഞ്ഞാല്‍ പട്ടമഹിഷി കുതിരയുടെ സമീപം കിടക്കും. പുരോഹിതനായ അധ്വര്യു കമ്പളത്തിന്റെ ഒരു ഭാഗം കൊണ്ട് പട്ടമഹിഷിയേയും കുതിരയേയും മൂടുന്നു. അപ്പോള്‍ പട്ടമഹിഷി കുതിരയുമായി സംയോഗത്തില്‍ ഏര്‍പ്പെടുന്നു എന്നാണ് സങ്കല്പം. വേദിക്ക് പുറത്തു നില്ക്കുന്ന ഹോതാവ് അശ്ലീല ഭാഷയില്‍ പട്ടമഹിഷിയെ അധിക്ഷേപിക്കുന്നു. പട്ടമഹിഷിയും അവരെ പരിചരിക്കുന്ന രാജകുമാരിമാരും അശ്ലീലഭാഷ യില്‍ത്തന്നെ അതിന് മറുപടി നല്കും. പുരോഹിതനായ ബ്രാഹ്മണനും വാവാതയും തമ്മിലും ഇതുപോലുള്ള അശ്ലീല സംവാദം നടത്തും. ചടങ്ങില്‍ പങ്കെടുക്കുന്ന എല്ലാവരും ഈ അശ്ലീല സംഭാഷണത്തില്‍ പങ്കുചേരും. തുടര്‍ന്ന് രാജകുമാരി മാരിലൊരാള്‍ പട്ടമഹിഷിയെ പിടിച്ചെഴുന്നേല്പിക്കും. 

അടുത്തത് കുതിരയെ വെട്ടിമുറിക്കുന്ന ചടങ്ങാണ്. പട്ടമഹിഷി സ്വര്‍ണക്ക ത്തികൊണ്ടും വാവത വെള്ളിക്കത്തി കൊണ്ടും പരിവ്യക്തി ഇരുമ്പു കത്തികൊണ്ടും കുതിരയെ വെട്ടിമുറിച്ച് അതിന്റെ വപ (നെയ്വല) ടെുക്കുന്നു. കുതിരയുടെ രക്തം പാകം ചെയ്ത് അഗ്നിയില്‍ ഹോമിക്കുന്നു. തുടര്‍ന്നുള്ള ഏതാനും ചടങ്ങുകള്‍ക്കു ശേഷം യജമാനന്‍ (രാജാവ്) സിംഹത്തോലിലോ പുലിത്തോലിലോ ഇരിക്കുന്നു. അദ്ദേഹത്തിന്റെ തലയില്‍ സ്വര്‍ണക്കഷണം മന്ത്രപൂര്‍വം വെച്ച് തലക്കുമീതേ ഒരു കാളത്തോല്‍ പിടിക്കുകയും ശരീരത്തില്‍ സംസ്രാവം തളിക്കുകയും ചെയ്യും....

മൂന്നാമത്തെ ദിവസം 'അവധ്യതേഷ്ടി' എന്ന ചടങ്ങാണ്. ഈ ചടങ്ങിന്റെ അവസാനത്തില്‍ പിംഗല നിറമുള്ള കൃഷ്ണമണിയും ഉന്തിച്ച പല്ലും കഷണ്ടിയും പാണ്ടും ഉള്ള ഒരാള്‍ വെള്ളത്തില്‍ മുങ്ങും. അയാളുടെ തലക്കു മീതെ 'ജംബൂക സ്വാഹാ' എന്ന വരുണ മന്ത്രം ഉരുവിട്ട് ഒരു ബലിയര്‍പ്പിക്കുന്നതോടെ അശ്വമേധ ചടങ്ങുകള്‍ പൂര്‍ത്തിയാവും

കര്‍മം നടത്തുന്ന പുരോഹിതന്മാര്‍ക്ക് യജമാനന്‍ ദാനം നല്‌കേണ്ടതുണ്ട്. ഒന്നാം ദിവസവും മൂന്നാം ദിവസവും 1000 പശുക്കളെ വീതം ദാനം ചെയ്യണം. രണ്ടാം ദിവസം തന്റെ രാജ്യത്തിലുള്ള ഒരു ജനപഥത്തിലെ അബ്രാഹ്മണരുടെ വകയായുള്ള സകല സ്വത്തുവകകളും ദാനം ചെയ്യണം അല്ലാത്ത പക്ഷം പുരോഹിതന്മാര്‍ക്ക് 48,000 പശുക്കളെ ദാനം ചെയ്യണം. കൂടാതെ ഹോതാവ് ബ്രഹ്മന്‍ അധ്വര്യു ഉദ്ഗാതാവ് എന്നിവരുടെ മൂന്നു പേരടങ്ങിയ സംഘത്തിന് യഥാക്രമം 24,000, 12,000, 6,000 എന്നീ കണക്കിന് പശുക്കളെ ദാനം ചെയ്യണം.

ഒരു യാഗം കഴിക്കുമ്പോഴേക്കും നൂറുകണക്കിന് ജീവജാലങ്ങള്‍ക്ക് ജീവഹാനി സംഭവിക്കുന്നു. യാഗകര്‍മികള്‍ക്ക് ദാനം നല്കുന്നതോടെ നാട്ടുകാരുടെ സ്വത്തെല്ലാം ബ്രാഹ്മണരുടെ കൈകളിലെത്തുകയും ചെയ്യും. ഉത്തമ സംസ്‌കാരം, ജീവകാരുണ്യം, സദാചാരം, അഹിംസ തുടങ്ങിയ നല്ല ഗുണങ്ങള്‍ക്കെല്ലാം വിരുദ്ധമാണ് യാഗവും യാഗ സംസ്‌കാരവും. യാഗ സംസ്‌കാരത്തില്‍ വല്ലവര്‍ക്കും അഭിമാനിക്കാമെങ്കില്‍ അത് യാഥാസ്ഥിതി കരായ ബ്രാഹ്മണര്‍ക്കു മാത്രമേ സാധിക്കയുള്ളൂ. ദലിതരില്‍ അഭിമാനം കൊള്ളേണ്ടതില്ല. ആയതിനാല്‍ യാഗം എന്നു കേള്‍ക്കുമ്പോഴേക്കും അങ്ങോട്ട് ഓടുന്നതിനു മുമ്പ് യാഗസംസ്‌കാര മെന്താണെന്ന് പഠിക്കാന്‍ ദലിതര്‍ തയാറാവേണ്ടതുണ്ട്.
--------------------------------------------------------
കടപ്പാട്: പടവുകള്‍ മാസിക. 2005 മാര്‍ച്ച് ലക്കം. ചിത്രം ഇന്റര്‍നെറ്റില്‍ നിന്നും