"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഓഗസ്റ്റ് 24, തിങ്കളാഴ്‌ച

സംഘകാലത്തെ സാമൂഹ്യവ്യവസ്ഥ

ഔവ്വയാര്‍ 
വീരമഹിളമാരെ പ്രാചീന കേരളീയര്‍ അത്യധികം ആദരിച്ചിരുന്നു. സമരപരിശീലനം പുരുഷന്മാര്‍ക്കെന്ന പോലെ സ്ത്രീകള്‍ക്കും അനുപേക്ഷണീയമായിരുന്നു. മാതാവ്, സഹോദരി, പ്രേയസി എന്നീ അവസ്ഥകളില്‍ ധീരത, സ്വാര്‍ത്ഥ പരിത്യാഗം മുതലായ ഗുണങ്ങളെ വളര്‍ത്തുന്നതാണ് യഥാര്‍ത്ഥ സ്ത്രീത്വമെന്ന് അവര്‍ വിചാരിച്ചിരുന്നു. 'തന്റെ പുത്രന്‍ അറിവുള്ളവനാ ണെന്നു മറ്റുള്ളവര്‍ പറയുന്നതു കേള്‍ക്കുമ്പോള്‍ മാതാവിനുണ്ടാകുന്ന ആനന്ദം മറ്റെല്ലാത്തിലും ഉപരിയാ യിട്ടുള്ളതാണ്' എന്നൊരു കവി പ്രസ്താവിച്ചിരിക്കുന്നു. പലതരം ആഭരണങ്ങള്‍ സ്ത്രീകളും പുരുഷന്മാരും ധരിച്ചിരിക്കുന്നു. 

സമൂഹഭിന്നതകളെ അകറ്റുന്ന സാഹോദര്യ ബോധത്തോടു കൂടിയ മൈത്രി രാജാക്കന്മാര്‍ക്കും അവരുടെ ഭടജനങ്ങള്‍ക്കും തമ്മിലുണ്ടായിരുന്നുവെന്നു 'അകപ്പാട്ടുകള്‍' തെളിയിക്കുന്നു.

പണ്ഡിതന്മാരെ രാജാക്കന്മാരും പ്രഭുക്കന്മാരും പ്രോത്സാഹിപ്പിച്ചുവന്നു. അവരുടെ ഹിതോപദേശങ്ങള്‍ക്കു മതിപ്പ് നല്കിയിരുന്നു. സ്ത്രീകള്‍ക്കും കാലോചിതമായ വിദ്യാഭ്യാസമുണ്ടായിരുന്നു. ഔവയാര്‍ മുതലായ കവയിത്രികള്‍ അക്കാലത്ത് സാഹിത്യ പോഷണം നിര്‍വഹിച്ചിരുന്നു. ചാതുര്‍വര്‍ണ്യത്തിന്റെ ബാധ അന്നുണ്ടായിരുന്നില്ല. സമുദായത്തില്‍ ഉയര്‍ച്ച താഴ്ചകള്‍ ഒരിടത്തും ഇല്ലായിരുന്നു. വൃക്ഷത്തണലുകളില്‍ ഗ്രാമസഭകള്‍ കൂടിയിരുന്നു. അവയെ 'മന്റം' എന്നാണ് പറഞ്ഞിരുന്നത്.

പ്രേമ വിവാഹങ്ങള്‍ ധാരാളം നടന്നിരുന്നു. ഗാന്ധര്‍വ വിവാഹം നിഷിദ്ധമായിരുന്നില്ല. പ്രണയത്തിനുവേണ്ടി നിരാഹാര സത്യാഗ്രഹം നടന്നിരുന്നുവെന്നും കാണുന്നില്ല. സ്ത്രീകള്‍ക്ക് പരിപൂര്‍ണ സ്വാതന്ത്ര്യമു ണ്ടായിരുന്നു അന്ന്. സംഗീതം, കവിത, നൃത്തം മുതലായവയില്‍ സ്ത്രീകളും പുരുഷന്മാരും പങ്കുകൊള്ളുക സാധാരണമായിരുന്നു. യാഴ് മുതലായ അനേകം ഗാനയന്ത്രങ്ങള്‍ നടപ്പിലിരുന്നു. പ്രത്യേകിച്ചൊരു മതമൊന്നും അന്നുണ്ടായിരുന്നില്ല. പൂര്‍വികന്മാരെ ആരാധിച്ചിരുന്നു. കൊറ്റവൈ എന്ന സമരദേവതയെ ആരാധിക്ക പതിവുണ്ടായിരുന്നു. പില്ക്കാലത്ത് ബഹുദേവാരാധനം നടപ്പായി. 

വിജ്ഞാനം, ധനം, പൗരുഷം എന്നിവ മൂലം ഉയര്‍ന്നവര്‍ രാജാക്കന്മാര്‍ എന്ന നിലയില്‍ ആദരിക്കപ്പെട്ടു. അറിവുമാത്രം കൈമുതലായുള്ളവര്‍ അന്തണരായിത്തീര്‍ന്നു. പൗരുഷവും പൊരുളുമുള്ളവര്‍ വണിക്കുകളായി. കൃഷിപ്പണിയിലേര്‍പ്പെട്ടവര്‍ വെള്ളാളരായി അറിയപ്പെട്ടു. കുറവര്‍, ഇടയര്‍, മറവര്‍, പരതവര്‍, അരയര്‍, പണികര്‍, പുലവര്‍, പാണര്‍, വിറലിയര്‍, കൂത്തര്‍, കൊല്ലര്‍, കുശവര്‍, വണ്ണാര്‍ എന്നിങ്ങനെ വിഭിന്ന നാമങ്ങളാല്‍ അറിയപ്പെട്ട അനേകം വര്‍ഗക്കാര്‍ അന്നുണ്ടായിരുന്നു വെങ്കിലും അവര്‍ തമ്മില്‍ യാതൊരു ഭേദബുദ്ധിയും ഉണ്ടായിരുന്നില്ല. പരിഷ്‌കൃത ജീവിതത്തിന് അനുരൂപമായ തൊഴിലുകളില്‍ ഏര്‍പ്പെട്ടു ജനങ്ങള്‍ സമാധാനമായി കഴിഞ്ഞിരുന്നു. കൃഷിത്തൊഴിലിന് പ്രത്യേകം പ്രാധാന്യം കല്പിച്ചിരുന്നു. അതിഥി സല്ക്കാര പ്രിയരായിരുന്നു എല്ലാവരും.

സാധാരണ ജനങ്ങള്‍ ഈ ലോകത്തിലെ സുഖാനുഭവങ്ങളെ മാത്രമേ കാര്യമായി ചിന്തിച്ചിരുന്നുള്ളൂ. പരലോക ചിന്ത അവരെ അലട്ടിയിരു ന്നില്ല. പല്‍യാനൈചേല്‍ കെഴുകുട്ടുവന്റെ ആസ്ഥാനകവിയായ പാരലെഗൗതമനാര്‍, ബ്രാഹ്മണരുടെ ഹോമകുണ്ഠത്തില്‍ നിന്നു പൊങ്ങുന്ന ആഹൂതിയുടെ മണത്തേയും മാംസവണിക്കുകള്‍ മരക്കുറ്റിയില്‍ വെച്ചു കൊത്തിയരിഞ്ഞ ഇറച്ചി അതിഥികള്‍ക്കു തൃപ്തിയാകുവോളം നല്കി ഉപചരിക്കുന്നതിനായി പാചകശാലയില്‍ താളിച്ചു പാകം ചെയ്യുമ്പോള്‍ ഉയരുന്ന നെയ്മണത്തേയും ഓരേ രീതിയില്‍ വര്‍ണിക്കുന്നു. (പത്തുപ്പാട്ട്. മൂന്നാം പാട്ട്. പാട്ട് 1) എന്നു തന്നെയുമല്ല ഈ രണ്ട് മണങ്ങളുമാസ്വദിച്ച് ഭൂമിയിലെ അതിഥികളും സ്വര്‍ഗത്തെ ദേവന്മാരും ഒരു പോലെ തൃപ്തി പ്പെട്ടിരുന്നുവെന്നും പറഞ്ഞിരിക്കുന്നു. അക്കാലത്ത് ഉയര്‍ന്നവരും അല്ലാത്തവരും മദ്യപാനം ചെയ്തിരുന്നു. മാംസച്ചോറ് (ബിരിയാണി) സല്ക്കാരവേളകളില്‍ സര്‍വസാധാരണമത്രേ.

കൃഷി, കച്ചവടം, വ്യവസായം മുതലായവയില്‍ ഏര്‍പ്പെട്ടിരുന്ന അന്നത്തെ ജനങ്ങള്‍ നെല്കൃഷിക്കു തന്നെയാണ് പ്രഥമ സ്ഥാനം നല്കിയിരുന്നത്. കരിമ്പ്, വാഴ, മാവ്, പ്ലാവ്, കുരുമുളക് എന്നിവയും കൃഷിചെയ്തി രുന്നു. തെങ്ങിനെപ്പറ്റി പറഞ്ഞു കാണുന്നില്ല. ഉപ്പുണ്ടാക്കുകയും മീന്‍പിടിക്കുകയും ചെയ്തിരുന്നു, ഉമണരും പരതവരും. അവരുടെ സ്ത്രീകള്‍ ഉപ്പും മീനും വിതരണം ചെയ്തുവന്നു. വിലയായി നെല്ലാണ് കൊടുത്തിരുന്നത്. സ്വര്‍ണപ്പണി, ഇരുമ്പുവേല, ശംഖുമാലയുണ്ടാക്കുക, മുത്തു ശേഖരിക്കുക, കൃഷിക്കുള്ള ഉപകരണങ്ങളും യുദ്ധത്തിനുള്ള ആയുധങ്ങളുമുണ്ടാക്കുക, തോലുകൊണ്ടുള്ള ചെരിപ്പ്, കുതിരക്കോപ്പുകള്‍, പരിചകള്‍ മുതലായവ ഉണ്ടാക്കുക, നൂല്‍നൂല്‍പ്പും നെയ്ത്തും പലര്‍ക്കും തൊഴില്‍ നല്കി. കപ്പല്‍ വ്യാപാരത്തിലും അന്നത്തെ കേരളീയര്‍ വ്യാപൃതരായിരുന്നു. ചങ്ങാടം കെട്ടുവള്ളം പത്തേമാരി എന്നിവ ആയിരുന്നു അവര്‍ ജലയാന പാത്രങ്ങളായി ഉപയോഗിച്ചിരുന്നത്.
-------------------------------------------------------
* സംഘകാലത്തെ കേരളം എന്ന പുസ്തകത്തില്‍ നിന്നും.