"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഓഗസ്റ്റ് 11, ചൊവ്വാഴ്ച

അയ്യന്‍കാളിയും കേരള ചരിത്രവും - നിസാര്‍ വി കെ

19 ആം നൂറ്റാണ്ടിലെ അവസാന ദശകങ്ങളിലെ ഇളകി മറിഞ്ഞ മതരാഷ്ട്രീയ ചുറ്റുപാടുകളാണ് പില്ക്കാല ഇന്ത്യന്‍ നോവത്ഥാന ത്തെ ചിട്ടപ്പെടുത്തിയത് എന്നാണ് സാമ്പ്രദായിക ചരിത്ര രചന മുന്നോട്ടു വെക്കുന്ന പാഠം. വൈദേശിക ആധിപത്യത്തി നെതിരായ ചെറുത്തു നില്പുകള്‍ക്കും മത പരിഷ്‌കരണ ശ്രമങ്ങള്‍ക്കുമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ രൂപപ്പെട്ട, കൊളോണിയല്‍ ആധുനികതയുടെ കാറ്റും വെളിച്ചവും ആവോളം അനുഭവിച്ച മേല്ജാതി പ്രസ്ഥാനങ്ങളാണ് ഇത്തരം ചലനങ്ങള്‍ക്കു നേതൃത്വം നല്കിയതെന്നും ചരിത്രത്തിന്റെ ബൃഹത് ആഖ്യാനങ്ങളില്‍ നിറഞ്ഞു നില്ക്കുന്നുണ്ട്. എന്നാല്‍ ആധുനിക ഇന്ത്യ കെട്ടിപ്പടുക്കുന്നതില്‍ ഇത്തരം മേല്ജാതി സംഘടനകളുടെ സംഭാവനകളെ ക്കുറിച്ചുള്ള പ്രതിവീക്ഷണങ്ങളും ഇന്ന് ശക്തമായിട്ടുണ്ട്. മേല്ജാതി സംഘടനകള്‍ രാജ്യത്തിന്റെ ബഹുത്വത്തി നകത്തു സൃഷ്ടിച്ച സാംസ്‌കാരി കവും രാഷ്ട്രീയവുമായ വൈരുധ്യങ്ങള്‍ തന്നെയാണു യഥാര്‍ഥത്തില്‍ പ്രതിവീക്ഷണങ്ങള്‍ക്കു ഹേതു.

സ്വാതന്ത്ര്യ സമരകാല ഇന്ത്യയുടെ രാഷ്ട്രീയ - സാംസ്‌കാരിക ഇടവകകള്‍ ആയിരുന്ന ബംഗാളും മറാത്തയും തന്നെ ഈ വൈരുധ്യം വലിയൊര ളവില്‍ ഇന്നും പ്രകാശിപ്പി ക്കുന്നുണ്ട്. ബംഗാളില്‍ ബ്രാഹ്മണ പോരാളി സംഘടനകളിലും മത നവീകരണ പ്രസ്ഥാനങ്ങളിലും ആരംഭിക്കുകയും ഒടുവില്‍ ഇന്ത്യന്‍ മാര്‍ക്‌സിസത്തിന്റെ കേന്ദ്രമായിത്തീരുകയും ചെയ്തു മേല്ജാതി ആവിഷ്‌കാരങ്ങള്‍. മറാത്തയിലാവട്ടെ തുടക്കം മുതലേ അത് ഉത്പാദിപ്പിച്ചുകൊണ്ടിരുന്ന പ്രതിലോമ കാഴ്ചപ്പാടുകള്‍ക്ക് ഇനിയും അറുതി ആയിട്ടില്ല. സ്വതന്ത്ര ഭാരതത്തിന്റെ അജണ്ടയും മതേതരത്വവും അപകടപ്പെടുത്തുന്ന ആവേഗങ്ങള്‍ക്കു മറാത്തയുടെ സാമൂഹിക മനസില്‍ വിത്തു പാകുന്നതില്‍ കൊളോണിയല്‍ കാലത്തെ മറാത്ത 'നവോത്ഥാന' നായകര്‍ക്കുണ്ടായിരുന്ന പങ്ക് ചെറുതായിരുന്നില്ലല്ലോ.

ഇതേ കാലയളവില്‍ത്തന്നെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉടലെടുത്ത ദലിത് മുന്നേറ്റങ്ങള്‍ ദേശീയതയെക്കുറിച്ചും ബഹുത്വത്തേയും കുറിച്ചും എന്ത് ഉത്പാദിപ്പി ച്ചുവെന്നതു ദീര്‍ഘകാലം ചരിത്രത്തിന്റെ 'തിരസ്‌കരണ' രീതിക്കു വിധേയമായി അടഞ്ഞു കിടന്നു. അറുപതുകളില്‍ പടിഞ്ഞാറ് പ്രോത്ഘാടനം ചെയ്ത ഉത്തരാധുനിക ചിന്താപദ്ധതികളുടെ ഫലമായി ഉടലെടുത്ത പുതിയ ചരിത്ര രചനാ രീതികള്‍ക്കു ദേശീയ തലത്തില്‍ പ്രതിഫലനങ്ങള്‍ ഉണ്ടായതോടെയാണു തിരസ്‌കൃതരുടെ സംഭരണിയില്‍ നിന്നും ചിലരെയെല്ലാം മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്. ചരിത്രവത്കരണ പ്രക്രിയക്കതുവരെ വിഷയമാവാതിരുന്ന ഒരു വലിയ സമൂഹത്തിന്റെ ജീവിത രീതികള്‍ക്കും ആവിഷ്‌കാര ങ്ങള്‍ക്കുമൊക്കെ അതോടെ പ്രാധാന്യം ലഭിച്ചുതുടങ്ങി എന്നും പറയാം.

കേരളത്തിലാകട്ടെ ചരിത്രാന്വേഷണങ്ങളിലും മറ്റും ഇത്തരം കീഴാള പക്ഷ രചനാ സങ്കേതങ്ങള്‍ വേണ്ടത്ര വേരൂന്നിയിട്ടില്ല എന്നതാണു വാസ്തവം. അതുകൊണ്ടു രാജ്യത്തെ തന്നെ ആദ്യത്തെ ദലിത് മുന്നേറ്റങ്ങള്‍ സംഘടി പ്പിച്ച സമര നേതൃത്വങ്ങളേയും സമരങ്ങളേയും കുറിച്ചുള്ള രേഖപ്പെടു ത്തലുകള്‍ അപ്രധാനപ്പെട്ടവയായി ഇന്നും അവശേഷിക്കുന്നു.

ചരിത്രം ഇന്നലെകളെക്കുറിച്ചുള്ള അന്വേഷണമാണെങ്കിലും അതിന്മേല്‍ ഭരണവര്‍ഗ ത്തിനൊരു കണ്ണുണ്ട്. ചരിത്രാഖ്യാനങ്ങളുടെ വിശുദ്ധിക്കു മേല്‍ അതു കളങ്കം ചാര്‍ത്തുകയും ചരിത്രാന്വേഷകന്റെ വിഷയ നിര്‍ധാരണ ത്തെ അത് ദോഷകരമായി സ്വാധീനിക്കുകയും ചെയ്യുന്നു. വേലുത്തമ്പി ദളവയും പഴശ്ശി രാജായും നവീന സാങ്കേതിക ഭാഷകളിലേക്കു പോലും രേഖപ്പെടുത്തുമ്പോഴും അയ്യന്‍കാളിയെ പോലുള്ളവര്‍ തമസ്‌കരിക്ക പ്പെടുന്നത് അതുകൊണ്ടുകൂടിയാണ്. ഭൂമി അന്യാധീനപ്പെട്ട വന്റേയും കടക്കെണി യിലകപ്പെട്ട വന്റെയുമൊക്കെ അതിജീവന ത്തിനായുള്ള സമരങ്ങളില്‍ അയ്യന്‍കാളിയും അദ്ദേഹം ഉത്പാദിപ്പിച്ച ചിഹ്നങ്ങളും സംജ്ഞകളും ആവര്‍ത്തിക്കപ്പെടുകയും അയ്യന്‍കാളിയുടെ സ്മരണ നവ സാമൂഹിക പ്രസ്ഥാനങ്ങള്‍ക്കു പ്രചോദനമാവുകയും ചെയ്യുന്ന ഒരു സാഹചര്യം ഇവിടെയുണ്ട്. കോഴിക്കോടു സര്‍വകലാശാലയിലെ ഗവേഷണ വിദ്യാര്‍ത്ഥിയായിരുന്ന എം നിസാറും പ്രശസ്ത തമിഴ് എഴുത്തുകാരി മീന കന്തസാമിയും ചേര്‍ന്ന് എഴുതിയ 'Ayyankali ADalith Leader of Organic Protest' എന്ന കൃതി ഈ സാഹചര്യങ്ങളിലാണ് പ്രസക്തമാകുന്നത്.

അയ്യന്‍കാളിയുടെ സമരജീവിതത്തെ ആദ്യാവസാനം പരിശോധിക്കുന്ന ഈ പുസ്തകം, അയ്യന്‍കാളി രൂപം നല്കിയ സാധുജന പരിപാലന സംഘത്തേയും അദ്ദേഹം സംഘടിപ്പിച്ച കര്‍ഷകത്തൊഴിലാളി സമരങ്ങള്‍, പുലയക്കുട്ടികള്‍ക്കായി നടത്തിയ സ്‌കൂള്‍ പ്രവേശന സമരം തുടങ്ങി കേരള ചരിത്രത്തില്‍ ഫ്യൂഡലിസം അതിന്റെ അടിമകളില്‍ നിന്നു വെല്ലുവിളി നേരിട്ട മുഹൂര്‍ത്തങ്ങളെ കുറിച്ചു വസ്തുനിഷ്ഠമായി പ്രതിപാദിക്കുന്നുണ്ട്. കേരളീയ സമൂഹം ജാതീയതക്കു കീഴ്‌പ്പെടുന്നതിന്റെ രേഖപ്പെടു ത്തലുകളും കൊളോണിയല്‍ കാലഘട്ടത്തില്‍ ജാതിവ്യവസ്ഥക്കു സംബന്ധിച്ച മാറ്റങ്ങളും പ്രതിപാദിക്കുന്ന 2 അധ്യായങ്ങള്‍ കൂടി ഉള്‍ക്കൊള്ളുന്നതാണ് ഈ കൃതി.

7 ആം നൂറ്റാണ്ടില്‍ ബ്രാഹ്മണരുടെ ആഗമനത്തോടെ ആരംഭിച്ച ആര്യവത്കരണമാണു കേരളത്തെ ജാതിവ്യവസ്ഥക്ക് അടിപ്പെടുത്തിയത് എന്ന വീക്ഷണം ചരിത്രപരമായി നിസ്തര്‍ക്കമാണ്. വൈദിക ആചാരങ്ങളുടേയും നാട്ടു നടപ്പുകളുടേയും മാസ്മരിക തയില്‍ ശക്തമാക്കിത്തീര്‍ത്ത ജാതിവ്യവസ്ഥ നൂറ്റാണ്ടുകളോളം സാരമായ വെല്ലുവിളികളൊന്നും നേരിട്ടില്ല. തിരുവിതാംകൂറും കൊച്ചിയും മലബാറും കൊളോണിയല്‍ ഭരണത്തിനു കീഴിലായിരുന്നപ്പോള്‍ പോലും ജാതിവ്യവസ്ഥയെ ഉന്മൂലനം ചെയ്യുന്ന, നടപടികളൊന്നും ഉണ്ടായില്ല. എങ്കിലും ഈ കാലയളവില്‍ സംഭവിച്ച സാമൂഹിക മാറ്റങ്ങളുടെ ഫലമായി വിവിധ ജാതികളില്‍ നിന്നും മതങ്ങളില്‍ നിന്നും ഉരുത്തിരിഞ്ഞ മധ്യവര്‍ഗം അധികാരത്തിനും മറ്റു ഭൗതിക നേട്ടങ്ങള്‍ക്കും വേണ്ടി സംഘടിച്ച കാലത്താണ് സമൂഹത്തിന്റെ താഴെക്കിടയില്‍ നിന്ന് സ്വസമുദാ യത്തിന് എന്നതിലുപരി കഷ്ടതയനുഭവിക്കുന്നവരുടെ മൊത്തം വിമോചന ത്തിനായി അയ്യന്‍കാളിയെ പോലുള്ളവര്‍ രംഗപ്രവേശനം ചെയ്യുന്നതെന്നു പുസ്തകം പ്രസ്താവിക്കുന്നു.

അതുകൊണ്ടുതന്നെ അധികാരത്തിനു വേണ്ടി സംഘടിച്ചവര്‍ സങ്കുചിത മധ്യവര്‍ഗ ത്തിന്റെ സൃഷ്ടിയല്ലെന്നും വൈകുണ്ഠസ്വാമി, ആറാട്ടുപുഴ വേലായുധ പ്പണിക്കര്‍, നാരായണഗുരു, അയ്യന്‍കാളി തുടങ്ങിയവരുടെ ത്യാഗോജ്വല ജീവിതങ്ങളാണ് കേരളീയ നവോത്ഥാനത്തിന് അസ്തിവാര മിട്ടതെന്നും ഗ്രന്ഥകര്‍ത്താക്കള്‍ നിരീക്ഷിക്കുന്നു. Ayyankali and His Movement എന്ന മൂന്നാമത്തെ അധ്യായം അയ്യന്‍ കാളിയുടേയും സാധുജന പരിപാലന സംഘത്തിന്റേയും പങ്കാളിത്തം തിരുവിതാം കൂറിലെ താഴ്ന്ന ജാതിക്കാ രിലുണ്ടായ പരിവര്‍ത്തനത്തെ വ്യക്തമാക്കു ന്നുണ്ട്. അയ്യന്‍ കാളിയുടെ സമകാലികരോ പിന്നീട് രംഗപ്രവേശം ചെയ്തവരോ ആയ സാമൂഹിക പരിഷ്‌കര്‍ത്താക്കളൊക്കെ വലിയൊരളവില്‍ സ്വജാതീയ പരിഷ്‌കര്‍ത്താ ക്കള്‍ മാത്രമായിരുന്ന സാഹചര്യംകൂടി പരിഗണിക്കു മ്പോഴേ അയ്യന്‍കാ ളിയും അദ്ദേഹത്തിന്റെ പോരാളി സംഘടനയും നിര്‍വഹിച്ച ചരിത്രപര മായ ദൗത്യം ബോധ്യമാവൂ.

കീഴ്ജാതിക്കാരുടെ കുട്ടികളെ സ്‌കൂളില്‍ പ്രവേശിപ്പിക്കുന്നതിനെ മേല്ജാതി സമുദാ യങ്ങള്‍ എതിര്‍ത്തപ്പോള്‍ മേല്ജാതിക്കാരുടെ കൃഷിയിടങ്ങള്‍ ബഹിഷ്‌കരിക്കാന്‍ കര്‍ഷകരോട് ആഹ്വാനം ചെയ്തതു പോലുള്ള അയ്യന്‍കാളിയുടെ സമരങ്ങളുടെ തീവ്രത കെട്ടു പോയതു ശ്രീമൂലം പ്രജാസഭയില്‍ അദ്ദേഹം മെമ്പറായതിനു ശേഷമാണെന്ന നിരീക്ഷണമുണ്ട്. എന്നാല്‍, ശ്രീമൂലം പ്രജാസഭയില്‍ പ്രതിനിധിയായി നീണ്ടകാലം തന്റെ പദവി ഉപയോഗിച്ചു ഭൂമി, പാര്‍പ്പിടം, വിദ്യാഭ്യാസം തുടങ്ങിയ ദലിതരുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാന്‍ ശ്രമിച്ച തിന്റെ നിരവധി ഉദാഹരണം പുസ്തകത്തിലുണ്ട്. 1912 ഓടെ ദലിതരില്‍ നിന്നു മറ്റു പ്രതിനിധികളും പ്രജാസഭയില്‍ എത്തിയതോടെയാണ് ദലിത് സമൂഹത്തില്‍ അതുവരെ യുണ്ടായരുന്ന ഐക്യത്തിനു വിള്ളല്‍ വീണതും സാധുജന പരിപാലന സംഘത്തിന്റെ സ്വീകാര്യത തകരുന്നതും.

അതോടെ ചെറുമര്‍ മഹാസഭയെന്നും പറയ മഹാസഭയെന്നും കുറവ മഹാസഭയെന്നും അയ്യനാര്‍ മഹാസഭയെന്നു മൊക്കെയായി സാധുജന പരിപാലന സംഘം വിഘടിക്ക പ്പെട്ടു.

കാഞ്ച ഐലയ്യയുടെ അവതാരികയും രാഘവന്‍ അത്തോളിയുടെ ചിത്രങ്ങളുമാണ് പുസ്തകത്തിന്റെ മറ്റ് ആകര്‍ഷക ഘടകങ്ങള്‍. എങ്കിലും മധ്യകാലത്തേയും കൊളോണി യല്‍ കാലത്തേയും വിവരണങ്ങളുടെ ആധിക്യത്തില്‍ അയ്യന്‍കാളി എന്ന കേന്ദ്ര വിഷയം മൂന്നിലൊന്നായി സംഗ്രഹിക്കപ്പെട്ടത് പുസ്തകത്തിന്റെ വലിയൊരു പോരായ്മയാണ്.

അദര്‍ ബുക്‌സ് കോഴിക്കോടാണ് പുസ്തകത്തിന്റെ പ്രസാധകര്‍.
--------------------------------------
കടപ്പാട്: 'തേജസ്' വാരിക. 2009 ഏപ്രില്‍ ലക്കം.