"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഓഗസ്റ്റ് 25, ചൊവ്വാഴ്ച

ശബരിമല അയ്യപ്പന്‍ പി എ സെയ്ത് മുഹമ്മദിന്റെ 'ചരിത്രസഞ്ചാര'ത്തില്‍

പള്ളിബാണ പെരുമാള്‍ 
1969 ല്‍ പ്രസിദ്ധീകരിച്ച പി എ സെയ്തുമുഹമ്മദിന്റെ സഞ്ചാരസാഹിത്യ കൃതിയാണ് 'ചരിത്രസഞ്ചാരം'. അതില്‍ സഹയാത്രികരായ മോഹന്റെയും വര്‍മയു ടെയും വിവരണമാണ് ഇത്.

'അയ്യപ്പന്‍ പന്തളം രാജാവിന്റെ വിശ്വസ്തനായിരു ന്നെങ്കില്‍ ശബരിമല പ്രതിഷ്ഠക്ക് 1000 വര്‍ഷത്തെ പഴക്കം കാണുകയില്ല. ഭാരതീയ പുരാണങ്ങലിലൊന്നും അയ്യപ്പനെപ്പറ്റി പറഞ്ഞുകാണുന്നില്ല. വാവര്‍ അയ്യപ്പന്റെ ശക്തിവിശേഷം ഗ്രഹിച്ചു ഭക്തിപരവശനായി ശിഷ്യനായി ത്തീര്‍ന്നെന്നാണ് അയ്യപ്പ ഭക്തന്മാരുടെ അഭിപ്രായം. 'അയ്യപ്പന്‍' ഒരു ഇതിഹാസ പുരുഷനാണെന്നു വിശ്വസിക്ക പ്പെടുന്നു. അയ്യപ്പ സംസ്‌കാര ത്തിന്റെ ആത്മാവ് ബൗദ്ധ സംസ്‌കാര ത്തിന്റെ താണെന്ന് അഭിപ്രായ മുണ്ട്. ബുദ്ധമത തത്വങ്ങളിലെ എല്ലാ വശങ്ങളും ഏറെക്കുറേ അയ്യപ്പന്റെ ഇതിഹാസങ്ങളില്‍ കണ്ടെത്താന്‍ കഴിയും. ബുദ്ധമത പ്രതാപം ശങ്കരാചാര്യരുടെ കാലഘട്ടത്തോടുകൂടി കേരളത്തില്‍ അധപതിച്ചു. ബൗദ്ധ പ്രതാപത്തെ കീഴടക്കി ബ്രാഹ്മണ്യം കേരളത്തില്‍ സ്വാധീനം ചെലുത്തിയ കാലഘട്ടത്തില്‍ അവസാനത്തെ ബുദ്ധമത വിശ്വാസിയായ രാജാവ് കേരളം വിട്ട് പലായനം ചെയ്‌തെന്നു അനുമാനിക്കേണ്ടി യിരിക്കുന്നു. പരദേശി ബ്രാഹ്മണരായ ഭട്ടബാണന്‍, ഭട്ടാചാര്യന്‍, ഭട്ടഗോപാലന്‍ തുടങ്ങിയവര്‍ അവസാനത്തെ ബുദ്ധമത രാജാവായ പള്ളിബാണനെ തോല്പിച്ചതായി കേരളോത്പത്തിയും പറയുന്നുണ്ട്. ബ്രാഹ്മണ്യം വ്യക്തമായ സ്വാധീനം കേരളത്തില്‍ ചെലുത്തിയത് എ ഡി 4 ആം നൂറ്റാണ്ടിനും 8 ആം നൂറ്റാണ്ടിനും ഇടക്കാണ്. പള്ളിബാണ രാജാവ് തിരുവഞ്ചിക്കുളത്തു നിന്ന് നീലമ്പേരൂര്‍ക്കും അവിടെ നിന്ന് തിരുവല്ല ഭാഗത്തേക്കും മാറിയതായി പറയുന്നു. ഈ പലായനത്തില്‍ പന്തളത്തു ഭൂപന്‍ അഭയം നല്കിയിട്ടു ണ്ടാകണം. പുലിപ്പാലിനു പോയെന്ന ഭാഗം ഒഴിച്ചു നിര്‍ത്തിയാല്‍ അക്കാലത്ത്, ഇന്ത്യയിലെിന്നെത്തിയിരിക്കുന്ന ദലായ്‌ലാമയെ പോലെ, ബുദ്ധമത രാജാവ് പന്തളത്ത് അഭയം തേടിയെന്നു ഗ്രഹിക്കാം. അയ്യപ്പന്‍ അവിടെനിന്ന് കിഴക്കന്‍ ഭാഗത്തേക്ക് പോയതായിരിക്കണം. 10 ആം നൂറ്റാണ്ടിലാണ് ഈ പലായനം നടന്നതെങ്കില്‍ ബാവ എന്ന ഒരു മുസ്ലീം പ്രാമാണികന്റെ സഹായം ഈ രാജാവിന് ലഭിച്ചിരിക്കാനിടയുണ്ട്. പിന്നീട് 'ബാവ' ബഹുമാന സൂചകമായി 'വാവര്' എന്നായിത്തീര്‍ന്നു. 'വാവര്‌സ്വാമി' നേതാവായ യജമാനനായി 'ഔരു മുസ്ലീം സിദ്ധന്‍' എന്നാണ് അയ്യപ്പ ചരിത്ര കര്‍ത്താക്കള്‍ വാവരെ വിശേഷിപ്പിക്കുന്നത്.'

'ബുദ്ധമതപ്രതാപം നിറംമങ്ങിയ കാലഘട്ടത്തിലാണ് ബ്രാഹ്മണരോടൊപ്പം ക്രിസ്ത്യാനികളും മുസ്ലീങ്ങളും സജീവമായി രംഗത്തു വന്നത്. ബുദ്ധമത ത്തിന്റെ നേതൃത്വത്തില്‍ നിന്നു വിട്ടു പിരിഞ്ഞ ജനതയെ വര്‍ണ പ്രശ്‌നങ്ങള്‍ക്ക് പ്രാധന്യം നല്കിയ ബ്രാഹ്മണ്യത്തിനു വേണ്ട വിധത്തില്‍ ആശ്വസിപ്പിക്കാന്‍ കഴിഞ്ഞില്ല. അതുകൊണ്ട് ബുദ്ധമത വിശ്വാസികളായ പലരും ക്രൈസ്തവരായും മുസ്ലീങ്ങളായും രൂപാന്തരപ്പെട്ടു. അക്കാലത്ത് നിരവധി ബുദ്ധമത ദേവാലയങ്ങള്‍ (പഗോഡകള്‍) ക്രൈസ്തവരുടേയും മുസ്ലീങ്ങളുടേയും പള്ളികളായി മാറി. 'പള്ളി' എന്ന പേരിലാണ് ബുദ്ധക്ഷേത്രങ്ങളും കേരളത്തില്‍ അറിയപ്പെട്ടിരുന്നത്. പള്ളി പാലി ഭാഷയാണ്. കുളത്തൂപ്പുഴ, മാമ്പഴത്തറ, ആര്യങ്കാവ്, അച്ചന്‍കോവില്‍, കുടമാളൂര്‍, ചേര്‍ത്തല, പാണ്ഡവം, കൊടുങ്ങല്ലൂര്‍, ചേപ്പാട് തുടങ്ങിയ സ്ഥലങ്ങളിലുണ്ടായിരുന്ന ബുദ്ധമത കേന്ദ്രങ്ങള്‍ ക്രമേണ നാമാവശേഷ മായി. അക്കാലത്തെ ബുദ്ധ ദേവാലയങ്ങളുടെ കല്ത്തറകളില്‍ ഹൈന്ദവ ക്രൈസ്തവ മുസ്ലീം ആരാധനാ കേന്ദ്രങ്ങള്‍ ഉയര്‍ന്നുവന്നു. തിരുവല്ലാ താലൂക്കിലെ തൃക്കാകുടി ക്ഷേത്രത്തിന്റെ രൂപം, ചേറ്റുവാ മണപ്പുറത്ത് സാഹിബിന്റെ പള്ളിക്ക് വടക്കുവശം കാണുന്ന രൂപങ്ങള്‍, നിരണം പ്രദേശത്തേയും നിലക്കലേയും പുതുതായി കണ്ടുപിടിക്കപ്പെട്ട ക്രൈസ്തവ ദേവാലയങ്ങള്‍ ഇവയെല്ലാം ബുദ്ധമതകാലത്തെ സ്മാരകങ്ങളാണ്. അക്കാലത്തോ അതിനടുത്തോ കേരളത്തില്‍ നിന്നു സ്ഥലം മാറിയ ബൗദ്ധ നേതാവായിരിക്കണം ഇന്നത്തെ ശബരിമല ശാസ്താവ്'

മോഹന്റെ വിവരണം കേട്ടുകൊണ്ടിരുന്ന ഫലിതക്കാരനായ വര്‍മ തന്റേതായ വിശദീകരണം അതിനോട് കൂട്ടിച്ചേര്‍ത്തു; 'അമരകോശത്തില്‍ ശാസ്താവ് ബുദ്ധമുനിയായിരുന്നെന്ന് ഒരു പര്യായ വിവരണം കൊണ്ട് സൂചിപ്പിക്കുന്നു. ഹരിഹര സുതനെപ്പറ്റിയുള്ള കീര്‍ത്തനങ്ങളില്‍ 'ബുദ്ധം ശരണം, ധര്‍മം ശരണം' മുഴങ്ങിക്കേള്‍ക്കാം. ഈ ബൗദ്ധ മുദ്രാവാക്യം ലോപിച്ചെങ്കിലും ശബരിമല കയറുമ്പോള്‍ ഭക്തന്മാര്‍ ഉച്ചത്തില്‍ വിളിക്കാറുണ്ട്. ബുദ്ധമത ഭക്തരായ അനുയായികള്‍ തങ്ങളുടെ ആരാധ്യ പുരുഷനോടുള്ള അമിതമായ സ്‌നേഹം കൊണ്ട് ശാസ്താവിനെ പല വേഷത്തിലും സ്വകാര്യ ക്ഷേത്രങ്ങളുണ്ടാക്കി പ്രതിഷ്ഠിച്ചിട്ടുണ്ട്. അതില്‍ കിരീടധാരിയായ ശാസ്താവും വനാന്തരത്തില്‍ തപസിലേര്‍പ്പെട്ടിരിക്കുന്ന ശാസ്താവും അമ്പും വില്ലുമായി ദുഷ്ടമൃഗ നിഗ്രഹത്തിന് നില്ക്കുന്ന ശാസ്താവും ഉള്‍പ്പെടുന്നു. ജനങ്ങളുടെ സ്‌നേഹ ബഹുമാനങ്ങള്‍ക്കു പാത്രീഭൂതനായിരുന്ന പ്രജാവത്സലനായ രാജാവ് നാടു വിട്ടോടി. അദ്ദേഹം കേരളത്തില്‍ ബ്രാഹ്മണ്യം പടര്‍ന്നുകയറിയപ്പോള്‍ അഭയാര്‍ത്ഥിയായി തിരിച്ചതാണെങ്കിലും സമ്പന്നനായ എരുമേലിയിലെ മുസ്ലീം നേതാവ് അഭയം നല്കി. ഇതാണ് ശബരിമല അയ്യപ്പനെ സംബന്ധിച്ചുള്ള ജനകീയ ഐതിഹ്യമായി പരിഗണിക്കേണ്ടത്. വനപ്രദേശമായതുകൊണ്ട് കാട്ടുപോത്തിനെ ഇവര്‍ ഒരുമിച്ചു വേട്ടയാടിയിട്ടുണ്ടാകും. സംഭവിക്കാ വുന്ന ഇത്തരം കാര്യങ്ങള്‍ക്കു ഭക്തസമൂഹം അത്ഭുതത്തിന്റെ പരിവേഷം അണിയിച്ചു. മഹാന്മാരായ ജനനേതാക്കള്‍ ജനതയുടെ സാമൂഹ്യ ബോധമനുസരിച്ചു വീരാത്മാക്കളും സിദ്ധന്മാരുമാകും. കാലം അതിന് അത്ഭുത സിദ്ധികളുടെ ആവരണം അണിയിക്കാറുണ്ട്. ബുദ്ധമത അനുയായികള്‍ക്കു ണ്ടായിരുന്ന ബാവ എന്ന പേര്‍ ജാതിമത ഭേദമന്യേ ബഹുമാന നാമമായി കേരളത്തില്‍ കേരളീയര്‍ സ്വീകരിച്ചു. ആതിഥ്യ മര്യാദയും ഉയര്‍ന്ന മനുഷ്യ സ്‌നേഹവും പുലര്‍ത്തിയിരുന്ന വാവര് പതറാതെ ഹിന്ദു മുസ്ലീം മൈത്രിയുടെ പ്രതീകമായി ത്തീര്‍ന്നിരിക്കയാണ്.'