"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഓഗസ്റ്റ് 15, ശനിയാഴ്‌ച

അടിമക്കച്ചവടം - ഭവാനി പ്രേംനാഥ്

ഭവാനി പ്രേംനാഥ്
നൂറ്റാണ്ടുകളായി അടിമനുകം പേറി അയിത്ത ത്തിന്റെ കൊടും യാതനകള്‍ അനുഭവിച്ചു, ക്രൂരമായ നരവേട്ടകള്‍ക്കി രയായി, തീരാത്ത യാതനകളും വേദനകളും സഹിച്ചു. പട്ടിണിയും പരിവട്ടവുമായി മറ്റുള്ളവര്‍ക്കായി പണിയെടുത്തു, ഈ മണ്ണില്‍ കൃമിതുല്യരായി ജീവിച്ച ഒരു ജനതതി, മണ്ണിന്റെ മക്കള്‍.

തിരുവാക്ക് മറുവായില്ല, എടുത്ത കയ്യും പുറത്ത്, വാളെടുത്തവരെല്ലാം വെളിച്ചപ്പാടുകള്‍! സഹിക്കാ നല്ലാതെ എതിര്‍ക്കാനാവുമായിരുന്നില്ല. പട്ടിയും പൂച്ചയും മാടും നടക്കുന്ന പെരുവഴിയിലൂടെ മനുഷ്യരായി ജനിച്ച ഇവര്‍ക്ക് വഴിനടക്കാന്‍ അനുവാദമില്ലായിരുന്നു. ഭൂമിയിലൂറും ദാഹജലം കോരിക്കുടിക്കരുത്. വെറിക്കുന്ന വെയിലും - പൊഴിയുന്ന മഞ്ഞും - പെയ്യുന്ന മഴയും അതിജീവിക്കാന്‍ വസ്ത്രങ്ങളില്ല. ആണ്ടിലൊരിക്കല്‍ തമ്പുരാന്‍ - ജന്മി നല്കുന്ന കോറത്തുണി, അത് മുട്ടിനു മേലോളം ഇറക്കം വരത്തക്കവണ്ണം ഉടുക്കണം. സ്ത്രീകള്‍ മാറ് മറയ്ക്കരുത്. മുഷിഞ്ഞ വസ്ത്രം പോലെ മുഷിഞ്ഞ ജീവിതം.

ജന്മിത്വ വ്യവസ്ഥിതിയിലെ കൊടും ക്രൂരത. പച്ച മനുഷ്യനെ കന്നിനോടും കാളയോടും ഇണച്ചു കെട്ടി നിലം ഉഴുതിരുന്നു. അയിത്തമെന്ന ആയുധം കാട്ടി സമൂഹത്തില്‍ നിന്നും ഇവരെ ഒറ്റപ്പെടുത്തിയിരുന്നു. പാറയൊടും പര്‍വതത്തോടും, മണ്ണിലും മരത്തിലും കടലിലും കായലിലും ഒരു നേരത്തെ ആഹാരത്തിനു വേണ്ടി പാടുപെട്ട് പണിയെടു ത്തവര്‍ അടിയാളര്‍.

ഗ്രാമത്തിന്റെ പ്രാന്ത പ്രദേശങ്ങളില്‍, വയലേലകള്‍ക്കരികില്‍, അനാരോഗ്യ പ്രദമായ സ്ഥലത്ത്, ആകാശം കാണുന്ന കൊട്ടിലുകളില്‍ ഇവര്‍ ജീവിച്ചു. റാണിമാരും ധര്‍മരാജാക്കന്മാരും മുഹമ്മദീയരും ക്രിസ്ത്യാനികളും ഈ നാട് വാണിരുന്നു. അവരാരും തന്നെ ഈ അവശ ജനകോടികളെ കണ്ടിരു ന്നില്ല. ആദിദ്രാവിഡ സംസ്‌കാരത്തിന്റെ പൈതൃകം ഉള്‍ക്കൊള്ളുന്ന ഒരു ജനത ഇവിടെ നരകിച്ചു.

ജീവസന്ധാരണത്തിനു വേണ്ടി അടിയാളസ്ത്രീ പുരുഷനോടൊപ്പം പണി യെടുക്കേണ്ടി യിരുന്നു. സൂര്യന്റെ വരവു പോക്കിനെ ആശ്രയിച്ചാണ് അടിയാളരുടെ ജീവിതം നിലനില്ക്കുന്നത്. കിഴക്കുദിക്കുന്ന സൂര്യന്‍ പടിഞ്ഞാറേ ചക്രവാള സീമയില്‍ ആഴ്ന്നിറങ്ങുന്നതുവരെ പണിയെടു ക്കണം.

കാട്ടീ ചെലന്തി വലന്തത്തതില്ലേ
നെയ്യനുറുമ്പ് വഴിവെച്ചതില്ലേ
പൂക്കാത്ത തെറ്റി നിവര്‍ന്നതൊട്ടില്ലേ
ഇത്തറ കാലത്തേ പോകയെല്ലാണോ

പ്രയത്‌നശാലിയായ ചിലന്തി വല നൂല്ക്കുന്നതിന് മുമ്പേ, നെയ്യുറുമ്പ് തീറ്റ തെരക്കി പുറപ്പെടും മുമ്പേ, രാത്രിയില്‍ കൂനിപ്പിടിച്ചു നില്ക്കുന്ന പൂക്കാത്ത തെറ്റി വിടരുന്നതിന് മുമ്പേ, മുലകുടി മാറാത്ത ചോരക്കു ഞ്ഞിനെ മാറത്തടുക്കിപ്പിടിച്ച് കീറപ്പായയും കയ്യിലെടുത്ത് 'ഹോയ്.. ഹോയ് തീണ്ടല്‍ ജാതി വരുന്നേ' എന്ന് ഉറക്കെ വിളിച്ചു പറഞ്ഞുകൊണ്ട് പുരുഷനോടൊപ്പം സ്ത്രീയും പണിസ്ഥലത്തെത്തും. 'അടിയെടാ പൊറം നോക്കി' ക്രൂരനായ ജന്മി കല്പിക്കും. കൃഷിക്കാരന്‍ അജ്ഞത നടപ്പാക്കും.

കണ്ടവരൊക്കെയും ആട്ടി
കണ്ട കാട്ടില്‍ക്കൂടി ഞങ്ങള്‍
കണ്ടവനാം തമ്പുരാന്റെ 
കണ്ടത്തിലെത്തും.
അടിയെടാ താമസിച്ചൊ
രടിയാരെയെന്നുടയോന്‍
അടിയങ്ങളടിമല-
രണഞ്ഞുകൂപ്പും.

രാപ്പകല്‍ പണിയെടുക്കുന്ന പണിയാളര്‍ക്ക് പട്ടിണിയാണ് മിച്ചം. എല്ലു മുറിയെ പണിയെടുത്താല്‍ പല്ലു മുറിയെ തിന്നാം. പഴഞ്ചൊല്ലില്‍ പതിരില്ല. ഇവിടത്തെ താരിപ്പ് നയം മുട്ടം വെട്ടുന്നവന് മുന്നാഴിയും സ്ത്രീയുടെ ഇരുനാഴിയും. അഞ്ഞാഴി നെല്ല് കുത്തിപ്പൊളിച്ചാല്‍, പതിര് കലര്‍ന്ന നെല്ലായതിനാല്‍ രണ്ട് നാഴി അരി കിട്ടുകയില്ല. ഒരു കുടുംബ ത്തിന് കഴിയാന്‍ ഇത് മതിയാകുന്നില്ല.

വിളവെടുപ്പ് കാലമാണ് മീനമാസം. പൊന്നും ചിങ്ങത്തേക്കാള്‍ നടുതലകള്‍ വിളഞ്ഞ്, കിളച്ചെടുക്കുന്നു.

മീനമാസം കാലമാകുന്നു
തീറ്റികള്‍ തോനേച്ചുയോണ്ടല്ലേ
എനക്ക് തിന്നാ - മാന്തല്‍
ച്ചാവോനല്ലാതൊന്നുമേയില്ല

ചേനയും കാച്ചിലും കിഴങ്ങും കിളച്ച് ജന്മിയുടെ തിരുമുറ്റത്ത് ചെല്ലുമ്പോള്‍, പണിയാളര്‍ ഒരു നേരത്തെ പശിയടക്കാന്‍ മാന്തലും, ചാവോനും മാന്തിപ്പറിച്ച് വേവിച്ച് തിന്ന് പശിയടക്കുന്നു.

(മാന്തല്‍ - കാട്ടുകിഴങ്ങ്, ചാവോന്‍ - ചേറൊള, ചേറില്‍ വളരുന്ന താമര പോലുള്ള സസ്യം)

തലമുറയായി യാതന അനുഭവിക്കുന്ന ജനത ഉരുവിടുന്ന ഗായത്രി 'ന്റെ നേരില്ലാത്തീച്ചരാ'

കന്നുകാലികളെ പോലെ ആളടിയാരെ കഴുത്തില്‍ കയറിട്ട് കൊണ്ടുപോയി അടിമക്ക മ്പോളത്തില്‍ വില്ക്കുന്നു. ശംഖുമുഖം, കണിയാപുരം, ചിറയിന്‍ കീഴ് എന്നീ ചന്തകള്‍ പ്രധാനപ്പെട്ട അടിമച്ചന്തകളായിരുന്നു. കോട്ടയം തിരുനക്കര മൈതാനം (അന്നത്തെ തിരുനക്കര കീടി എന്നറിയപ്പെട്ടിരുന്നു) മധ്യതിരുവിതാംകൂറിലെ പ്രധാനപ്പെട്ട അടിമച്ചന്തയായിരുന്നു. വയനാട്ടിലെ വള്ളൂര്‍ക്കാവ് 'വള്ളുവര്‍ക്കാവ്, മലയടിവാരത്തെ പ്രധാനപ്പെട്ട അടിമച്ച ന്തയായിരുന്നു.'

'മാനം പറക്ക്ണ ചക്കിപ്പരുന്തേ,
എങ്ങടമ്മേനേം അപ്പനേം നീയെങ്ങാം കണ്ടോ
അപ്പനെ വിറ്റ വടക്കോട്ടു പോയേ
അമ്മന വിറ്റങ്ങാ തെക്കോട്ടും പോയേ
തേരാറ്റ് മണപ്പറത്ത് തേരാട്ടം പോയേ
അവരിന്നും വരവില്ലേ അവര് നാളേം വരവില്ലേ
എങ്ങക്കാരോരുമില്ലേന്റെ ചക്കിപ്പരുന്തേ
എങ്ങക്കാരോരുമില്ലെന്റെ വനതേവതമാരേ
കുഞ്ഞു കൂവാതെ വിളിക്കാതെ കരയാതിരിയോ
കുഞ്ഞു വാവം വാവാവം വാവോ'പട്ടിണിയിലും ഇല്ലായ്മകളിലും ഒത്തൊരുമിച്ച് പരിഭവങ്ങളില്ലാതെ ജീവിച്ച ഒരു കുടുംബം ഇവിടെ വേര്‍ പിരിയുന്നു. പൊന്നാമനക്കുഞ്ഞു ങ്ങളെ വിധിയുടെ വിളയാട്ടത്തിന് വിട്ടുകൊണ്ട് മാതാപിതാക്കള്‍ ഇരുവഴിയേ പിരിഞ്ഞു പോകുന്നു.

അടിമക്കച്ചവട നിരോധനം

1811 ല്‍ റാണി ലക്ഷിഭായിത്തമ്പുരാട്ടി തുല്യം ചാര്‍ത്തിയ വിളംബരം

ഇത് അനുസരിച്ച് 136000 ഈഴവരെ അടിമക്കച്ചവടത്തില്‍ നിന്നും മോചിപ്പിച്ചു.

ഏഴജാതികള്‍ പിന്നേയും നീണ്ട വര്‍ഷങ്ങള്‍ അടിമക്കച്ചവടത്തിനിരയായി.

1853 - 1855 ഉത്രം തിരുനാള്‍

ഉത്രം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ മഹാരാജാവ് തുല്യം ചാര്‍ത്തിയ വിളംബരം അനുസരിച്ച് - കുറവര, പറയര, പുലയര, പുള്ളര, മലയര, വേടര ആദിയായവരെ അടിമക്കച്ചവടത്തില്‍ നിന്നും മോചിപ്പിച്ചു.

അടിമക്കച്ചവടത്തിന്റെ രേഖ

1019 മാണ്ട് തുലാം 5 ആം തിയതി ഞായറാഴ്ച എഴുതിയ ആള്‍ക്കാരാഴ്മ. ഓലക്കരണമാവിത്.

മാകോതേവര്‍ പട്ടണം മുതല്‍ കാരയ്ക്കല്‍ ദേശത്ത് വടക്കെടുത്ത് വീട്ടില്‍ കുടിയിരിക്കും രാമന്‍ കൊച്ചുകുഞ്ഞ് തനിക്കു മുമ്പ് 980 മാണ്ട് ചിങ്ങം 17 ആംതിയതി ഞായറാഴ്ച ടി ദേശത്ത് ചെറുകോട് മങ്ങാട്ട് ഇരവി കൃഷ്ണനോട് എഴുതി കാരാഴ്മ വാങ്ങിച്ച പുലയാള്‍ വകയില്‍ ചിരുതയെന്ന പുലക്കള്ളിയേയും അവളുടെ മകന്‍ ചോതി എന്ന ക്ടാത്തനേയും കൂടെ

പള്ളക്കരയില്‍ വടക്കേ കണ്ണംപുറത്ത് വര്‍ക്കി ചാക്കോയിക്ക് നാല് പേര് പണ്ട് പറഞ്ഞ മഞ്ഞമൊഴിയൊത്ത ആള്‍ക്കാരാഴ്മ. പൊന്നും വാങ്ങിക്കൊ ണ്ട് ആള്‍ക്കാരാഴ്മയാകെ എഴുതിക്കൊടുത്ത രാമന്‍ കൊച്ചുകുഞ്ഞ്

തനിക്കുള്ള പുലയാള്‍ വകയില്‍ ചിരുതയെന്ന പുലക്കള്ളിയെയും അവളുടെ മകന്‍ ചോതി എന്ന ക്ടാത്തനേയും കൂടെ നാല് പേര് കണ്ട് പറഞ്ഞ മഞ്ഞമൊഴിയാത്ത ആള്‍ക്കാരാഴ്മ എഴുതിക്കൊടുത്താന്‍. വര്‍ക്കി ചാക്കോ രാമന്‍ കൊച്ചുകുഞ്ഞിനെക്കൊണ്ട്.

അമ്മാര്‍ഗവേ ഈ അള്‍ വില്‍ക്കുകില്‍ വിലക്കുമാറും കൊല്ലുകില്‍ കൊലക്കുമാറും കെട്ടും പൂട്ടും അടക്കി ആള്‍ക്കാരാഴ്മയാകട്ടെ എഴുതി ക്കൊടുത്താല്‍ രാമന്‍ കൊച്ചുകുഞ്ഞ് വര്‍ക്കി ചാക്കോക്ക്, ഇമ്മാര്‍ഗമേ ഇയാള്‍ വില്‍ക്കുകില്‍ വിലക്കുമാറും കൊല്ലുകില്‍ കൊലക്കുമാറും - കെട്ടും പൂട്ടും അടക്കി, ആള്‍ക്കാരാഴ്മയാകെ എഴുതിക്കൊടുത്താല്‍ വര്‍ക്കി ചാക്കോ രാമന്‍ കൊച്ചുകുഞ്ഞിനെക്കൊണ്ട് അമ്മാര്‍ഗമേ ഈ കാരാഴ്മ ഓലക്കൈയ്യെഴുതുന്നതിന് - നടുവെഴുത്തില്‍ തെരക്കിയാലേ - ഓല വന്നിട്ടില്ലാത്തതിനാല്‍ വരുമ്പോള്‍ അയ്യടി ഓലയില്‍ മാറി - എഴുതിക്കൊള്ളുമാറ് സമ്മതിച്ചു. ഈ ആള്‍ക്കാരാഴ്മ - ഓലക്കൈ യ്യെഴുതുന്നതിന് സമ്മതിച്ചു. 

സാക്ഷി - കാരയ്ക്കല്‍ മുറിയില്‍ പൂമെറ്റത്ത് ഇട്ടി. ഐക്കര തടത്തില്‍ ഇട്ടി ചെറിയ

ശരിപ്പകര്‍പ്പ്: അടിമക്കച്ചവടത്തിന്റെ രേഖ
Travancore, State Manual

--------------------------------------------------------
കടപ്പാട്: പടവുകള്‍ മാസിക 2004 ജൂണ്‍ ലക്കം