"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഓഗസ്റ്റ് 2, ഞായറാഴ്‌ച

ഡോ. എം പെരുമാള്‍ നായിഡു നടത്തിയ നവോത്ഥാന ശ്രമങ്ങള്‍

ഡോ. എം പെരുമാള്‍ നായിഡു
ഡോക്ടര്‍ എം ഇ നായിഡു (1880 - 1958)

ഗാനഗന്ധര്‍വനും കലാപ്രേമിയുമായിരുന്ന ശ്രീ സ്വാതിതിരുനാള്‍ മഹാരാജാവിന്റെ കാലത്ത് ഇന്ത്യയിലൊട്ടാകെയുള്ള വിദ്വാന്മാരേയും കലാകാരന്മാരേയും ഇങ്ങോട്ടാകര്‍ഷിച്ച കൂട്ടത്തില്‍ മധുരയില്‍ നിന്നും സുപ്രസിദ്ധ ചിത്രമെഴുത്തു കാരനായിരുന്ന അളഗിരി നായിഡുവും തിരുവന ന്തപുരത്ത് മണക്കാട്ടുവന്ന് കുടിയേറി പ്പാര്‍ത്തു. ആ സഹൃദയ സമ്പന്നന്റെ വംശം 1880 ആഗസ്റ്റ് 29 ആം തിയതി എം പെരുമാള്‍ നായിഡുവിന്റെ ജനനംകൊണ്ട് ധന്യമാക്കപ്പെട്ടു.

ഡോക്ടര്‍ നായിഡുവിന്റെ ഹൈസ്‌കൂള്‍ വിദ്യാഭ്യാസം നാഗര്‍കോവി ലിലും മെഡിക്കല്‍ കോളേജിലെ അഭ്യസനം മദ്രാസിലുമായിരുന്നു. മെഡിക്കല്‍ പരീക്ഷയില്‍ ഉന്നത ശിക്ഷണം നേടുന്നതിന് അദ്ദേഹം ഇംഗ്ലണ്ടില്‍ പോയി. അവിടെ നിന്നും എല്‍ആര്‍സിപി ആന്റ് എസ് (എഡിന്‍), എല്‍എഫ്പി ആന്റ് എസ് (ഗ്ലാസ്‌ഗോ), എല്‍എം (ഡബ്ലിന്‍) തുടങ്ങിയ ബിരുദങ്ങള്‍ നേടി.

ഇംഗ്ലണ്ടില്‍ നിന്നും മടങ്ങിയെത്തിയ നായിഡു സിലോണ്‍ ഗവണ്‍മെ ന്റിന്റെ അഭ്യര്‍ത്ഥനയനുസരിച്ച് രണ്ടുകൊല്ലം അവിടത്തെ മെഡിക്കല്‍ വകുപ്പില്‍ സേവനം അനുഷ്ഠിച്ചു. എന്നാല്‍ ഈ അടിമത്തം അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നില്ല.

സ്വന്തമായിട്ടുതന്നെ ഒരു ചികിത്സാകേന്ദ്രം പ്രഗത്ഭമാംവിധം നടത്തുവാനും ഗവണ്‍മെന്റില്‍ നിന്നും ലഭിച്ചിരുന്നതിനേക്കാള്‍ കൂടുതല്‍ ആദായമുണ്ടാ ക്കുവാനും തനിക്ക് കഴിയുമെന്നുള്ള ബോധം അദ്ദേഹത്തിന് ഉണ്ടായിരു ന്നതുകൊണ്ട് സിലോണ്‍ ഗവണ്‍മെന്റുമായുള്ള ബന്ധം അവസാനിപ്പിച്ചിട്ട് അദ്ദേഹം മടങ്ങിവന്ന് സ്വദേശമായ നാഗര്‍കോവിലില്‍ ഒരു ആതുര ശുശ്രൂഷാലയം ആരംഭിച്ചു.

പക്വമതിയും ശാന്തശീലനും ആതുരസേവാ തത്പരനുമായിരുന്ന ഡോ. നായിഡുവിന്റെ ആശുപത്രി സമ്പന്നര്‍ക്കും സാധുക്കള്‍ക്കും ഒരുപോലെ ഒരു ആശ്വാസകേന്ദ്രമായിരുന്നു. സാധുക്കളെ പുത്രനിര്‍വിശേഷമായ വാത്സല്യത്തോടും ധനാഢ്യന്മാരെ ഉറ്റ സൗഹൃദത്തോടും കരുതി ഇരു കൂട്ടരേയും അദ്ദേഹം തുല്യ നിലയില്‍ പരിചരിച്ചു പോന്നു. സാധുക്കളെ സംബന്ധിച്ചിടത്തോളം അതൊരു 'ധര്‍മ' സ്ഥാപനമായിരുന്നു.

ഡോക്ടര്‍ നായിഡുവിന്റെ പ്രശസ്ത സേവനം ദൂരദിക്കുകളില്‍ നിന്നു പോലും ധാരാളം രോഗികളെ ആകര്‍ഷിച്ചിരുന്നു. ഇതിന്റെ ഫലമായി ഒരു ഡോക്ടറെന്ന നിലയില്‍ സുസമ്മതനും വലിയ വരുമാനത്തിന്റെ ഉടമയുമായിരുന്നു അദ്ദേഹം. രോഗവിമുക്തി നേടാമെന്നുള്ള ആശ കൈവെടിഞ്ഞ് അവസാനത്തെ ആശാകേന്ദ്രമായി ഡോ. നായിഡുവിനെ സമീപിക്കുന്ന ഒരു രോഗിക്ക് ആശ്വാസം പ്രദാനം ചെയ്യുന്ന പുഞ്ചിരി യുമായി ആ ഭിഷഗ്വരന്‍ സമീപിക്കുന്നതു കാണുമ്പോള്‍ തന്നെ പകുതി രോഗം വിട്ടകന്നതായി ഒരനുഭൂതിയാണുളവാകുക എന്ന് അദ്ദേഹത്തിന്റെ പരിചരണം ലഭിച്ചിട്ടുള്ള പഴമക്കാര്‍ പറയുന്നുണ്ട്. തന്റെ പാണ്ഡിത്യം മാതൃഭൂമിയുടെ - തന്റെ സഹോദരങ്ങളുടെ സേവനത്തിനു വേണ്ടിയുള്ള താണെന്ന് ആ മഹാന്‍ വിശ്വസിച്ചു പോന്നിരുന്നു. അവസാനനിമിഷം വരേയും അദ്ദേഹം ചിന്തിച്ചിരുന്നതും പ്രവര്‍ത്തി ച്ചിരുന്നതും അതിനനു സരണമായി ത്തന്നെയായിരുന്നു. ഡോ. നായിഡുവിന്റെ നാമം ഭക്തിബഹുമാനാദി കളോടുകൂടിയല്ലാതെ ആ സ്ഥലവാസികള്‍ ഇന്നും വിസ്മരി ക്കാറില്ല.

കീര്‍ത്തിയുടേയും സമ്പത്തിന്റേയും ഉത്തുംഗസൃംഗത്തി ലിരിക്കുമ്പോഴാണ് മഹാത്മാഗാന്ധിയുടെ നിസ്സഹകരണത്തിനുള്ള ആഹ്വാനം ഡോ. നായിഡു വിന്റെ കര്‍ണങ്ങളില്‍ മുഴുങ്ങിയത്. പിന്നീട് ആ ധീരദേശാഭിമാനിക്ക് ഒന്നും ചിന്തിക്കുവാനു ണ്ടായിരുന്നില്ല. തന്റെ സേവനവും സമ്പത്തും മാതൃഭൂമിക്ക് അര്‍പ്പണം ചെയ്തുകൊണ്ട് നിസ്സഹകരണ പ്രസ്ഥാനത്തി ലേക്ക് കുതിച്ചു ചാടി. ഈ പരിവര്‍ത്തനം ആ ധീരോദാത്തന്റെ തൊഴിലിലും വരവിലും ആഘാത മേല്പിച്ചുവെങ്കിലും തന്റെ മതൃഭൂമിയോടുള്ള കര്‍ത്തവ്യത്തില്‍ അടിയുറച്ചുതന്നെ നിന്നു. അടുത്ത കാലങ്ങളില്‍ രാഷ്ട്രീയ രംഗത്തുവന്ന് തഴച്ചു വളര്‍ന്ന നേതാക്കന്മാര്‍ സ്വാതന്ത്ര്യം സ്വപ്‌നം കാണാന്‍ പോലും പ്രാപ്തരല്ലായിരുന്ന കാലത്താണ് ഡോ. നായിഡു സര്‍വവും ത്യജിച്ച് മഹാത്മാഗാന്ധിയെ അനുഗമിച്ച തെന്നുള്ള വസ്തുത വായനക്കാര്‍ പ്രത്യേകം ഓര്‍ത്തിരിക്കേണ്ടതാണ്.

ഡോ. നായിഡുവിന്റെ ആദര്‍ശ സമ്പന്നത അദ്ദേഹത്തിന്റെ പ്രവര്‍ത്തന മണ്ഡലങ്ങളില്‍ പ്രതിഫലിച്ചിരുന്നു. തെക്കന്‍ തിരുവിതാംകൂറില്‍ ഉടനീളം പൊതുയോഗങ്ങളും ഘോഷയാത്രകളും സംഘടിപ്പിച്ച് അവിടത്തെ ജനങ്ങളില്‍ സ്വാതന്ത്ര്യ ദാഹവും അതിനുവേണ്ടി പ്രവര്‍ത്തികാനുള്ള പ്രേരണയും രൂഢമൂലമാക്കിത്തീര്‍ത്തത് ഡോ. നായിഡുവായിരുന്നു എന്നുള്ള വസ്തുത അനിഷേധ്യമാണ്. സുബ്രഹ്മണ്യഭാരതിയുടെ ആവേശം പകരുന്ന സ്വാതന്ത്ര്യ ഗാനങ്ങള്‍ പാടിക്കൊണ്ട് സഞ്ചരിച്ചിരുന്ന സ്വാതന്ത്ര്യ ഭടന്മാരുടെ നീണ്ടനീണ്ട ഘോഷയാത്രകളില്‍ ഡോ. നായിഡുവിനെ അഗ്രിമസ്ഥാനത്ത് കാണാമായിരുന്നു. 

'തെക്കന്‍ തിരുവിതാംകൂറില്‍ തീണ്ടല്‍ ജാതിയായി പരിഗണിക്കപ്പെട്ടിരുന്ന സാംബവ (പറയ) വിഭാഗത്തെ സംഘടിപ്പിച്ച് ആ അവശരുടെ ഉന്നമനത്തിനു വേണ്ടി അദ്ദേഹം അഹോരാത്രം പ്രവര്‍ത്തിച്ചിരുന്നു. പില്ക്കാലത്ത് മഹാത്മജിയുടെ ഹരിജന്‍സേവക് സംഘവുമായി അതിനെ സംയോജിപ്പിച്ച് അതിന്റെ മുഴുവന്‍ ചുമതലയും ഡോ. നായിഡു സ്വയം ഏറ്റെടുത്തു.'

മഹാത്മജിയെ അറസ്റ്റ് ചെയ്ത് ഒരു വര്‍ഷം കഴിഞ്ഞ ദിവസം ഡോക്ടര്‍ നായിഡു സംഘടിപ്പിച്ച ഒരു ഹര്‍ത്താല്‍ നാഗര്‍കോവിലിനെ സംബന്ധി ച്ചിടത്തോളം നൂറുശതമാനം വിജയം അതിന്റെ അക്ഷരാര്‍ത്ഥത്തില്‍ തന്നെ അനുഭവപ്പെട്ടു. അദ്ദേഹത്തിന് ജനസാമാന്യ ത്തിനിടയിലുണ്ടായിരുന്ന അനിര്‍വചനീയമായ ആ സ്വാധീനശക്തി അന്നത്തെ ഗവണ്‍മെന്റിനെ കിടിലം കൊള്ളിച്ചു. അദ്ദേഹത്തിന്റെ പ്രസംഗ സ്വാതന്ത്ര്യം തടഞ്ഞു കൊണ്ട് ഗവണ്‍മെന്റ് ഉത്തരവ് പുറപ്പെടുവിച്ചു. അതുകണ്ട് അല്പം പോലും ഭീതനാകാതെ അദ്ദേഹത്തിന്റെ പ്രസംഗങ്ങളും ഘോഷയാത്രകളും തുടര്‍ന്നുകൊണ്ടേ യിരുന്നു. ഒടുവില്‍ ഗവണ്‍മെന്റിനു തന്നെ അവരുടെ ഉത്തരവുകള്‍ പിന്‍വലിക്കേണ്ടി വന്നു.

വൈക്കം സത്യാഗ്രഹം, ശുചീന്ദ്രം സത്യാഗ്രഹം തുടങ്ങി പല സ്വാതന്ത്ര്യ പ്രസ്ഥാനങ്ങളുടേയും മുന്‍പന്തിയില്‍ ഡോ. നായിഡുവിനെ കാണാമാ യിരുന്നു.

അനിവാര്യമായിത്തീര്‍ന്ന ക്ഷേത്രപ്രവേശന വിളംബരം ത്വരിതപ്പെടുത്തു ന്നതിനും ഡോ. നായിഡുവിന്റെ അക്ഷീണ പരിശ്രമം ഒരു ഹേതുവായി രുന്നു. തെക്കന്‍ തിരുവിതാം കൂറില്‍ അതിന് കളമൊരുക്കിയത് അവിതര്‍ക്കിതമായും ഡോ. നായിഡു തന്നെയായിരുന്നു. വര്‍ഷത്തിലൊരു ദിവസം ജാതിമതഭേദമന്യേ കുചേലകുബേര ഭേദം കൂടാതെ അദ്ദേഹത്തി ന്റെ സഹപ്രവര്‍ത്തകരേയും അനുയായികളേയും ബന്ധുമിത്രാദികളേയും ക്ഷണിച്ചു വരുത്തി ഒരു 'മിശ്രഭോജനം' നടത്തുക പതിവായിരുന്നു. 

ആത്മാനന്ദഭാരതി കൊട്ടാരക്കരയില്‍ സവര്‍ണര്‍ക്കായി ഗുരുകുലം ആരംഭിക്കുന്നതിന് ധനശേഖരണം തുടങ്ങിയപ്പോള്‍ അവിടെ അവര്‍ണര്‍ക്കും പ്രവേശനം നല്കണമെന്ന് ഡോ. നായിഡു നിശ്ചയിച്ചു. ആ നിര്‍ദ്ദേശം സവര്‍ണരായ അദ്ദേഹത്തിന്റെ മിത്രങ്ങള്‍ക്ക് രസിച്ചില്ല. എങ്കിലും ഡോ. നായിഡു തന്റെ ആദര്‍ശത്തിലും അഭിപ്രായത്തിലും ഉറച്ചുതന്നെ നിന്നു.

മഹാത്മാഗാന്ധി, ദേശബന്ധു സി ആര്‍ ദാസ്, സരോജിനി നായിഡു, സി രാജഗോപാ ലാചാരി, ശ്രീനിവാസ അയ്യങ്കാര്‍, പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു തുടങ്ങിയ ഉന്നത നേതാക്കന്മാര്‍ തെക്കന്‍ തിരുവിതാംകൂര്‍ സന്ദര്‍ശിച്ചിരുന്ന അവസരങ്ങളില്‍ യഥോചിതം അവരെ സ്വീകരിച്ചതും അവരുടെ യോഗങ്ങളില്‍ ജനലക്ഷങ്ങളെ നയിച്ചതും ആ ജനനേതാവു തന്നെയായിരുന്നു.

ആദര്‍ശ നിഷ്ഠയോടെ നിസ്വാര്‍ത്ഥ സേവനം മാതൃഭൂമിക്കുവേണ്ടി അര്‍പ്പിച്ചിട്ടുള്ള അപൂര്‍വം ചില മഹാത്മാക്കളില്‍ ഒരാളായിരുന്നു ഡോ. നായിഡു.

വേദാരണ്യം ഉപ്പു സത്യാഗ്രഹത്തില്‍ പങ്കു കൊണ്ടതുകാരണം അദ്ദേഹ ത്തിന് കായിക ക്ലേശങ്ങളും ജയില്‍ വാസവും അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. അദ്ദേഹം തികഞ്ഞ ഒരു സാമൂഹ്യ പരിഷ്‌കര്‍ത്താവും മതകാര്യങ്ങളില്‍ ഒന്നാംകിട ഉത്പതിഷ്ണുവും ആയിരുന്നു.

മഹാത്മാഗാന്ധിയുടെ സൃഷ്ടിപര പ്രവര്‍ത്തനങ്ങളിലായിരുന്നു ഒടുവില്‍ അദ്ദേഹത്തിന്റെ ശ്രദ്ധ കേന്ദ്രീകരിച്ചത്. അയിത്തോച്ചാടനം ക്ഷേത്ര പ്രവേശനം, ഖാദിനിര്‍മാണവും പ്രചരണവും എല്ലാം അദ്ദേഹത്തിന്റെ പ്രവര്‍ത്തന പരിധിയില്‍ ഉള്‍പ്പെട്ടിരുന്നു. ഹരിജന്‍ ബാലികമാരുടെ ഉദ്ധാരണം ലാക്കാക്കി അദ്ദേഹം ഒരു ഹോസ്റ്റല്‍ ആരംഭിച്ചു. വൈക്കം സത്യാഗ്രഹത്തില്‍ ഡോ. നായിഡു വഹിച്ച അഭിമാനാര്‍ഹമായ ധീരസേവനത്തെ അഭിനന്ദിച്ച് ദക്ഷിണ തിരുവിതാംകൂറിലെ തമിഴ് ജനത അദ്ദേഹത്തെ 'വൈക്കം വീരന്‍' എന്ന് അഭിസംബോധന ചെയ്ത് ബഹുമാനിച്ചിരുന്നു.

ഡോ. നായിഡുവിന് രണ്ട് പുത്രന്മാരാണുള്ളത്. മൂത്ത പുത്രന്‍ കൃഷിയില്‍ വ്യാപൃതനായിരിക്കെ രണ്ടാമത്തെ പുത്രന്‍ ഇ വി നായിഡു പിതാവി ന്റെ സ്മരണയെ നിലനിര്‍ത്തിക്കൊണ്ട് കന്യാകുമാരി ഡിസ്ട്രിക്ടില്‍ കോട്ടാര്‍ എന്ന പ്രമുഖ വാണിജ്യ കേന്ദ്രത്തില്‍ 'ഡോ. എം ഇ നായിഡു നേഴ്‌സിംങ് ഹോം' എന്നൊരാതുര ശുശ്രൂഷാലയം ഏറ്റവും നവീന രീതിയില്‍ അതിപ്രശസ്തമായി ഇപ്പോഴും നടത്തിവരുന്നു. പിതാവിന്റെ സേവന പാരമ്പര്യത്തെ ഒരു ഡോക്ടര്‍ എന്ന നിലയില്‍ പുത്രന്‍ ഡോ. ഈ വി നായിഡുവും അതിപ്രശസ്തമായി നിലനിര്‍ത്തിപ്പോരുന്നു.

വ്യക്തിപരമായി ഡോ. നായിഡുവിനോട് കടപ്പാടുള്ളവര്‍ അസംഖ്യമാണ്. അദ്ദേഹം നല്കിയിട്ടുള്ള കാരുണ്യപൂര്‍വമായ ചികിത്സ ജനസാമാന്യ ത്തിനിടയില്‍ അദ്ദേഹത്തെ ഒരു ദേവസമാനനായി ഉയര്‍ത്തി. മഹാത്മാ ഗാന്ധി തെളിച്ചുകാട്ടിയ മാര്‍ഗത്തില്‍ക്കൂടി മനസു ചലിക്കാതെ അടിപതറാതെ നിശ്ചയദാര്‍ഢ്യത്തോടു കൂടി അദ്ദേഹം മുന്നേറി; ജീവിത സരണിയില്‍ മായാത്ത വ്യക്തിമുദ്ര പതിപ്പിച്ചുകൊണ്ട് ഭാരതാംബയുടെ മാറത്ത് പ്രശോഭിച്ചിരുന്ന ആ മണിമുത്ത് 1958 ഡിസംബര്‍ മാസം 21 ആം തിയതി അടര്‍ന്നുവീണ് അപ്രത്യക്ഷമായി.
------------------------------------------------
കടപ്പാട്: പാറയില്‍ ഷംസുദ്ദീന്‍ എഡിറ്റ് ചെയ്ത് പി എം നായര്‍ പ്രസിദ്ധീകരിച്ച 'സ്വാതന്ത്ര്യ സമര സേനാനികള്‍' എന്ന പുസ്തകത്തില്‍ നിന്നും