"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഓഗസ്റ്റ് 2, ഞായറാഴ്‌ച

തപാലിന്റെ കഥ - വള്ളംകുളം കെ ജി കെ നായര്‍

(അധ്യാപക കലാവേദി നടത്തിയ മത്സരത്തില്‍ സമ്മാനാര്‍ഹമായ രചന)

മനുഷ്യന്‍ ഒരു സാമൂഹ്യ ജീവിയാണ്. സ്വന്തം കാര്യങ്ങള്‍ അന്യരെ അറിയിക്കാനും അവരുടെ കാര്യങ്ങള്‍ അറിയാനും അവന്‍ ആഗ്രഹിക്കുന്നു. അങ്ങനെ ആശയ വിനിമയം അവന് അനിവാര്യമായി വരുന്നു. ഈ ഉദ്ദേശ്യ സാധ്യത്തിന് മനുഷ്യന്‍ ഭാഷ പടിപടിയായി രൂപപ്പെടുത്തി എടുത്തു. ഈ ഭാഷ അവന്റെ നാനാവിധ പുരോഗതികള്‍ക്ക് വഴിതെളിക്കുകയും ചെയ്തു.

മനുഷ്യര്‍ എണ്ണത്തിലേറിയപ്പോള്‍ അവന്റെ കുടിയേറ്റം തുടങ്ങി. കൂടുതല്‍ വിസ്തൃതമായ പ്രദേശങ്ങളിലേക്ക് മാറിത്താമസിക്കുവാന്‍ അവന്‍ നിര്‍ബന്ധിതനായി ഇങ്ങനെ അകന്നു പാര്‍ക്കുന്നവര്‍ക്കു പരസ്പരം ബന്ധം പുലര്‍ത്തേണ്ട ആവശ്യം ചിലപ്പോഴൊക്കെ ഉണ്ടായിക്കൊണ്ടിരുന്നു. അതിന് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് മനുഷ്യന്‍ സ്വീകരിച്ച മാര്‍ഗം എന്താണ്? നളചരിതത്തില്‍ ദമയന്തി അരയന്നത്തെ ദൂതനാക്കിയ കഥയുണ്ട്. രുഗ്മിണി ശ്രീകൃഷ്ണന്റെ അടുക്കലേക്ക് ബ്രാഹ്മണനെ അയച്ചതും കുചേലന്‍ സ്വയം കൃഷ്ണനെ കാണാന്‍ പുറപ്പെട്ടതും നമുക്ക് അറിയാം.

ദൂതനെ അയക്കുക എന്നതായിരുന്നു മുഖ്യമായ മാര്‍ഗം. ഇന്നും ഈ രീതി പ്രായോഗികമായി നിലവിലുണ്ടല്ലോ. വിവരം പറഞ്ഞയക്കുക അല്ലെങ്കില്‍ രേഖപ്പെടുത്തി കൊടുത്തയക്കുക - അതായിരുന്നു രീതി.

എന്നാല്‍ വിസ്തൃതമായ ഭൂപ്രദേശത്തിന്റെ ആധിപത്യം കിട്ടിയ രാജാക്കന്മാര്‍ക്ക് വിവിധ ഭാഗങ്ങളില്‍ നിന്ന് വിവരങ്ങള്‍ അറിയാനും അവിടവിടെ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ എത്തിക്കാനും വേണ്ട ഏര്‍പ്പാടുകള്‍ ഉണ്ടാക്കേണ്ടതായി വന്നു.

അതിന് അവര്‍ ദൂതന്മാരെ നിയോഗിച്ചു. പക്ഷെ ഗതാഗതത്തിനു വേണ്ട സൗകര്യങ്ങള്‍ കുറവായിരുന്ന അക്കാലത്ത് ദീര്‍ഘ ദൂര യാത്രകള്‍ നടത്തി കൃത്യം നിര്‍വഹിക്കാന്‍ ഒരാള്‍ മാത്രം വിചാരിച്ചാല്‍ പ്രയാസമായിരുന്നു. അപ്പോള്‍ സന്ദേശം കൈമാറി കൊണ്ടുപോകാന്‍ കൂടുതല്‍ ആളുകളെ നിയോഗിച്ചു.

ഇന്നും നാം പ്രയോജനപ്പെടുത്തുന്ന തപാല്‍ സര്‍വീസിന്റെ ആദ്യരൂപം അതായിരുന്നു.

രാജ്യത്തിനു വേണ്ടി ഇങ്ങനെ സന്ദേശം കൊണ്ടുപോകുന്ന ആളുകള്‍ക്ക് രാജാവിന്റെ സംരക്ഷണം ലഭിച്ചിരുന്നു. ഇവര്‍ക്ക് വഴിമാറിക്കൊടുക്കാന്‍ മറ്റുള്ള ജനങ്ങള്‍ ബാധ്യസ്ഥരായിരുന്നു. ഇവരെ ഉപദ്രവിക്കുന്നവര്‍ കഠിന ശിക്ഷക്ക് വിധേയരാക്ക പ്പെട്ടിരുന്നു.

ക്രിസ്തുവിന് മുമ്പ് 2300 ആം ആണ്ട് നിര്‍മിച്ച ഒരു കളിമണ്‍കട്ട ഈജിപ്തില്‍ നിന്നു കണ്ടു കിട്ടുകയുണ്ടായി. ഇതില്‍ ഫറോ ഒരു ദൂതനെ അയക്കുന്നത് ചിത്രീകരിച്ചിട്ടുണ്ട്. അക്കാലത്ത് ദൂതന്‍ യാത്ര പുറപ്പെടു ന്നതിനു മുമ്പ് തന്റെ സ്വത്തുക്കള്‍ മക്കളെ ഏല്പിച്ചിരുന്നു. കാരണം യാത്ര കഴിഞ്ഞ് മടങ്ങി എത്തുന്ന കാര്യം അന്ന് സംശയമായിരുന്നു.

ക്രിസ്തുവിന് മുമ്പ് 540 ല്‍ പേര്‍ഷ്യയിലെ സൈറസ് ഒരു തരം തപാല്‍ സമ്പ്രദായം ഏര്‍പ്പെടുത്തി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുകയും അങ്ങോട്ട് നിര്‍ദ്ദേശങ്ങള്‍ എത്തിക്കുകയും ചെയ്തിരുന്നതായി ഹെറെഡോട്ടസ് എന്ന ചരിത്രകാരന്‍ പ്രസ്താവിച്ചിട്ടുണ്ട്.

ക്രിസ്തുവിന് മുമ്പ് 490 ല്‍ പേര്‍ഷ്യന്‍ പട മാരത്തോണില്‍ ഇറങ്ങിയ പ്പോള്‍ ഫെയ്ഡിപ്പെഡസ് ആതന്‍സില്‍ നിന്ന് സ്പാര്‍ട്ടായിലേക്കുള്ള 150 മൈല്‍ ദൂരം രണ്ട് ദിവസം കൊണ്ട് ഓടിയെത്തി സഹായം അഭ്യര്‍ത്ഥിച്ചി രുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്.

ക്രി. മു 480 ല്‍ സേര്‍ക്‌സസ് സലാമിസ് യുദ്ധ വാര്‍ത്ത പേര്‍ഷ്യയില്‍ എത്തിക്കാന്‍ കുതിരകളേയും സവാരിക്കാരേയും നിശ്ചിത സ്ഥാനങ്ങളില്‍ നിയോഗിച്ചിരുന്നു. അവര്‍ കൈവഴി സന്ദേശം പകര്‍ന്ന് ആവുന്നത്ര വേഗത്തില്‍ പേര്‍ഷ്യയില്‍ എത്തിച്ചിരുന്നു.

പോസ്റ്റ് എന്ന പേര്

റോമാ സാമ്രാജ്യത്തില്‍ പൊതു നിരത്തുകള്‍ ധാരളമായി നിര്‍മിച്ചിരുന്നതു കൊണ്ട് കൂടുതല്‍ സൗകര്യം ഉണ്ടായിരുന്നു. അവരുടെ പ്രാദേശിക സൈന്യാധിപന്മാര്‍ തലസ്ഥാനമായ റോമിലേക്ക് വിവരങ്ങള്‍ അയക്കാന്‍ കുതിരകളേയും സവാരിക്കാരേയും നിശ്ചിത സ്ഥാനങ്ങളില്‍ ഏര്‍പ്പെടു ത്തിയിരുന്നു. അവരുടെ സ്ഥാനത്തിന് പോസിറ്റസ് (Positus) എന്നായിരുന്നു പേര്. ഈ വാക്കില്‍ നിന്നാണ് ഇന്നത്തെ പോസ്റ്റ് ഉണ്ടായതെന്ന് പറയപ്പെടുന്നു.

തപാല്‍

നമ്മുടെ മലയാളത്തില്‍ തപാല്‍ എന്ന വാക്ക് പ്രചരിച്ചിരിക്കുന്നു. ഇതിന്റെ വരവ് ഹിന്ദുസ്ഥാനിയില്‍ നിന്നാണെന്ന് ചില നിഘണ്ടുക്കളില്‍ കാണുന്നുണ്ട്.

അഞ്ചല്‍

സ്വാതന്ത്ര്യ പ്രാപ്തിക്ക് മുമ്പുണ്ടായിരുന്ന നാട്ടു രാജ്യങ്ങളായിരുന്ന തിരുവിതാംകൂറിലും കൊച്ചിയിലും നിലവിലുണ്ടായിരുന്ന തപാല്‍ സമ്പ്രദായത്തിന് അഞ്ചല്‍ എന്നാണ് പറഞ്ഞിരുന്നത്. ഈ അഞ്ചല്‍ എന്ന വാക്ക് എങ്ങിനെ വന്നു? ഇതിനുള്ള വ്യാഖ്യാനവും പലതാണ്.

ഇംഗ്ലീഷില്‍ ഏഞ്ജല്‍ എന്ന വാക്കിന്റെ മൂലം ലാറ്റിന്‍ ഭാഷയിലെ ഏഞ്ജലസ് ആണ്. ഇതിന് ദൈവദൂതന്‍, സന്ദേശം കൊണ്ടു പോകുന്നവന്‍ എന്നിങ്ങനെ അര്‍ത്ഥമുള്ളതു കൊണ്ട് അതില്‍ നിന്നാണ് അഞ്ചല്‍ വന്നതെന്ന് ഒരു പക്ഷം. എന്നാല്‍ തമിഴില്‍ അഞ്ചല്‍ എന്നു പറയുന്നതു ഒരാള്‍ കൊണ്ടുപോകുന്ന വസ്തു കൈമാറി മറ്റൊരുവന്‍ ഏറ്റുവാങ്ങി നിശ്ചിത സ്ഥാനത്തെത്തിക്കുന്നതിനാണ് - ഈ പദമായിരിക്കാം മലയാള ത്തില്‍ അഞ്ചല്‍ ആയത്. കാരണം, ഉരുപ്പടികള്‍ കൊണ്ടുപോകുന്നതിന് ഉപയോഗിക്കുന്ന സഞ്ചിക്ക് 'പൈ' എന്നാണു പറയുന്നത്. ഈ പൈ തമിഴിലുള്ളതാണ് അഞ്ചലിന് വിശ്രമത്താവളമെന്നും ദ്രാവിഡ ഭാഷകളില്‍ അര്‍ത്ഥമുണ്ടത്രേ.

സന്ദേശങ്ങള്‍ എത്തിക്കാന്‍ മനുഷ്യന്റെ വേഗതയും ശക്തിയും പോരാതെ വന്നപ്പോള്‍ മറ്റു മാര്‍ഗങ്ങള്‍ തേടി. അതിന് മനുഷ്യര്‍ മെരുക്കി എടുത്തിരിക്കുന്ന കുതിരകളെ തന്നെ ആദ്യം പ്രയോജനപ്പെടുത്തി. പാശ്ചാത്യര്‍ കുതിരകളെ ഉപയോഗിച്ചിരുന്നതു പോലെ ഇന്ത്യയിലും കുതിരപ്പടയാളികളെ ഇതിന് ഏര്‍പ്പെടുത്തിയിരുന്നു. എ ഡി 1296 ല്‍ അലാവുദീന്‍ ഖില്‍ജി സൈന്യങ്ങളില്‍ നിന്നും സന്ദേശം കൊണ്ടുവരാന്‍ കാലാളിനേയും കുതിരപ്പടയാളികളേയും നിയേഗിച്ചിരുന്നു. എ ഡി 1541 - 1545 വരെ ഭരിച്ചിരുന്ന ഷേര്‍ഷാസൂരി സാമ്രാജ്യമൊട്ടുക്കും കുതിരകളെ ഉപയോഗിച്ചുള്ള സന്ദേശ വിനിമയം നടപ്പാക്കിയിരുന്നു.

പാശ്ചാത്യ രാജ്യങ്ങളില്‍ തപാല്‍ക്കാരന്‍ ഹോണ്‍ മുഴക്കി വരവ് അറിയിച്ചിരുന്നു. ഇന്ത്യയില്‍ മണിമുഴക്കിക്കൊണ്ട് തപാല്‍ ഓട്ടക്കാരന്‍ യാത്ര ചെയ്തിരുന്നു. പ്രധാന വഴികള്‍ വിട്ടുള്ള സ്ഥലങ്ങളിലേക്ക് കാല്‌നടക്കാരന്‍ തന്നെ ഉരുപ്പിടികള്‍ കൊണ്ടുപോയിരുന്നു.

ആദ്യകാലത്തുണ്ടായിരുന്ന തപാല്‍ ഏര്‍പ്പാടുകള്‍ രാജ്യകാര്യങ്ങള്‍ക്കും രാജാക്കന്മാര്‍ക്കും വേണ്ടി മാത്രമായിരുന്നു.

എ ഡി 1516 ല്‍ ഹെന്‍ന്റി എട്ടാമന്‍ ബ്രിട്ടണില്‍ ബ്രെയന്‍ റ്റിയൂക്കിനെ മാസ്റ്റര്‍ ഓഫ് ദ പോസ്റ്റസ് ആയി നിയമിച്ചു. ഇദ്ദേഹം 10 ഉം 20 ഉം മൈല്‍ അകലെയായി പോസ്റ്റ് മാസ്റ്റര്‍ മാരേയും നിയമിച്ചു. ഈ മാസ്റ്റര്‍ നിയമനം കിട്ടിയവരില്‍ മിക്കവാറും സത്രം സൂക്ഷിപ്പുകാരായിരുന്നു. ഇതായിരുന്നു ആദ്യത്തെ ദേശീയ തപാല്‍ സര്‍വീസ്.

എ ഡി 1566 ല്‍ ഔദ്യോഗിക മെയില്‍ സഞ്ചിയില്‍ രാജ്യത്തിന്റെ കത്തുകള്‍ വിതരണം ചെയ്തശേഷം സ്വകാര്യ കത്തുകള്‍ സ്വീകരിക്കാ മെന്ന് ഗ്രേറ്റ് ബ്രിട്ടനില്‍ വ്യവസ്ഥചെയ്തു. 1625 - 49 വരെ ഭരിച്ചിരുന്ന ചാള്‍സ് ഒന്നാമന്‍ രാജകീയ ദൂതന്‍ മുഖേന സാധാരണ പൗരന്മാര്‍ക്കും സന്ദേശങ്ങള്‍ അയക്കാന്‍ അനുമതി നല്കി.

കടലാസ്‌ന്റെ എണ്ണവും ദൂരവും അനുസരിച്ചായിരുന്നു കൂലി.

പോസ്റ്റാഫീസ് നിയമം

1600 ല്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് പോസ്റ്റാഫീസ് നിയമം പാസ്സാക്കി. ഇതോടെ പ്രതിവര്‍ഷം 21,500 പവന്‍ ഗവണ്‍മെന്റിനു നല്കാന്‍ ബാധ്യതയുള്ള പോസ്റ്റ്മാസ്റ്റര്‍ ജനറലിനെ നിയമിച്ചു. കൂടുതലായി കിട്ടുന്ന തുക അദ്ദേഹത്തിനു സ്വന്തമാക്കാമായിരുന്നു.

1680 ല്‍ ലണ്ടനിലെ ഒരു വ്യാപാരി സ്വന്തം നിലയില്‍ നഗരത്തിനുള്ളില്‍ കത്തുകള്‍ ശേഖരിച്ചു വിതരണം ചെയ്യാന്‍ ശ്രമിച്ചു. ഒരു പെനി നിരക്കിലുണ്ടായിരുന്ന ഇന്‍സര്‍വീസ് ഗവണ്‍മെന്റ് നിരോധിച്ചു.

അക്കാലത്ത് കത്തുകള്‍ കിട്ടുന്ന മേല്‍വിലാസക്കാരനായിരുന്നു കൂലി കൊടുത്തിരുന്നത്. മേല്‍വിലാസക്കാര്‍ പലരും കത്തുകള്‍ വാങ്ങാന്‍ വിസമ്മതിച്ചു. അത് ധനനഷ്ടത്തിന് കാരണമായി. ഇതിനൊരു പരിഹാരം ആവശ്യമായി വന്നു. അതുപോലെ കുറഞ്ഞ കൂലിക്ക് ഈ സൗകര്യം എല്ലാവര്‍ക്കും ലഭ്യമാക്കേണ്ടതും രാജ്യത്തിന്റെ ബാധ്യതയായി.

തപാല്‍സ്റ്റാമ്പ് ജനിക്കുന്നു

1837 ല്‍ റോളന്‍ഡ് ഹില്‍ എന്ന ദേഹം പോസ്റ്റാഫീസ് പരിഷ്‌കരണത്തിന് ആഹ്വാനം നല്കി. ഒരു പെനി നിരക്കില്‍ കത്തുകള്‍ അയക്കണമെന്നും കൂലി അയക്കുന്ന ആള്‍തന്നെ അടക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. ഓരോ വീട്ടിലും ഓരോ എഴുത്തുപെട്ടി വെക്കണമെന്നും ഓരോ എഴുത്തിന്റേയും പിന്‍ഭാഗത്ത് ഒരു കഷണം കടലാസ് ഓട്ടിക്കണമെന്നും സൗജന്യ തപാല്‍ സേവനം അവസാനിപ്പിക്കണം എന്നുംകൂടി അദ്ദേഹം പ്രസ്താവിച്ചു.

റോളന്‍സ് ഹില്‍ ഒട്ടിക്കണമെന്നു നിര്‍ദ്ദേശിച്ച കടലാസു കഷണം തന്നെ സ്റ്റാമ്പിന്റെ ആദിരൂപം. ഇത് പശ പിടിപ്പിച്ചതായിരിക്കണമെന്ന് ഡണ്‍ഡിയിലെ ജയിംസ് ചാമേഴ്‌സ് നിര്‍ദ്ദേശിക്കുകയും ചെയ്തു.

1839 ല്‍ സ്റ്റാമ്പിന്റെ (ഡിസൈന്‍) ആവശ്യപ്പെട്ടുകൊണ്ട് ബ്രിട്ടീഷ് ട്രെഷറി ഒരു മത്സരം ര്‍േപ്പെടുത്തി 100 പവന്റെ 4 സമ്മാനങ്ങള്‍ പ്രഖ്യാപിക്ക പ്പെട്ടു. 2600 മാതൃകകള്‍ കിട്ടിയെങ്കിലും ഒന്നും സ്വീകാര്യമായിരുന്നില്ല. അവസാനം വിക്ടോറിയ രാജ്ഞിയുടെ ഒരു വലിയ മെഡലിന്റെ മാതൃക ആസ്ഥാനമാക്കി ഹെന്റി കൊബോള്‍ഡ് വരച്ചു തയാറാക്കിയ രൂപം ചാള്‍സ് ഹീത്ത് കൊത്തിയെടുത്തു. ബോക്കന്‍ ആന്‍ഡ് കമ്പനിയിലെ അമേരിക്കന്‍ അച്ചടിപ്പണിക്കാരനായ ജേക്കബ് പേര്‍ക്കിന്‍സ് അത് അച്ചടിച്ച് എടുത്തു. അങ്ങിനെ ലോകത്ത് ആദ്യമായി തപാല്‍സ്റ്റാമ്പ് തയാറായി.

1840 മെയ് 6 ന് ഈ സ്റ്റാമ്പ് വില്പനക്ക് വിവിധ പോസ്റ്റാഫീസുകളില്‍ എത്തിച്ചു. പെനി ബ്ലാക്ക് എന്നാണ് ഈ സ്റ്റാമ്പുകള്‍ അറിയപ്പെട്ടത്. ഈ നിശ്ചിത തിയതിക്ക് മുമ്പ്, 1840 മെയ് 2 ന് ബാത്തില്‍ വില്ക്കപ്പെട്ട 3 സ്റ്റാമ്പുകള്‍ പിന്നീട് കണ്ടുകിട്ടി. ക്രമേണ സ്റ്റാമ്പ് നിര്‍മാണം മറ്റു രാജ്യങ്ങളിലേക്കും വ്യാപിച്ചു. ഏഷ്യയില്‍ ആദ്യമായി 1852 ലാണ് (സിന്‍ഡില്‍) സ്റ്റാമ്പ് അച്ചടിച്ചിറക്കിയത്.

തപാല്‍കൂലി തീര്‍ത്ത ലക്കോട്ടുകളും (കവര്‍) സ്റ്റാമ്പ് ഇറക്കിയ അന്നുതന്നെ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കിയിരുന്നു. ഇതിന്റെ മാതൃക തയാറാക്കിയത് വില്യം മല്‌റെഡി എന്ന ദേഹമായിരുന്നു. ഇതിന്റെ നിര്‍മാണം വ്യയകരമെന്നു പറഞ്ഞ് ഈ പരിപാടി ഉപേക്ഷിക്കപ്പെടുക യാണുണ്ടായത്.

പാല്‍പ്പെട്ടി

കത്തുകള്‍ നിക്ഷേപിക്കുന്നതിനുള്ള സൗകര്യം ഇനിയും ഉണ്ടായിരുന്നില്ല. തപാല്ക്കാരന്‍ വരുമ്പോള്‍ അയാളെ ഏല്പിക്കുന്ന രീതിയാണ് ഉണ്ടായി രുന്നത്. ഫ്രാന്‍സില്‍ കത്തുകള്‍ നിക്ഷേപിക്കാന്‍ ഇരുമ്പു പെട്ടികള്‍ സ്ഥാപിച്ചിരുന്നു. 1852 ല്‍ ബ്രിട്ടണില്‍ 4 പെട്ടികള്‍ പരീക്ഷണാര്‍ത്ഥം സ്ഥാപിച്ചു. തറനിരപ്പില്‍ നിന്ന് 5 അടിവരെ ഉയര്‍ന്നു നിന്ന പെട്ടികളാണ് ഉറപ്പിച്ചിരുന്നത്. പിന്നീട് ഇവക്ക് ആകൃതിയില്‍ മാറ്റം വരുത്തുകയുണ്ടായി.

തപാല്‍കാര്‍ഡ്

ചെലവുകുറച്ച് തപാല്‍ സേവനം പ്രയോജനപ്പെടുത്താന്‍ ചിലര്‍ ആലോചിച്ചു. തല്ഫലമായി 1869 ഒക്ടോബര്‍ 1 ന് തപാല്‍കാര്‍ഡ് ആസ്ത്രിയയില്‍ വില്പനക്ക് വന്നു. 1870 ല്‍ ബ്രിട്ടനില്‍ തപാല്‍കാര്‍ഡ് ഇറക്കിയ ദിവസം ആവശ്യക്കാരുടെ തിരക്കുമൂലം നിയന്ത്രണത്തിന് പൊലീസ് സേനയെ വിളിക്കേണ്ടതായി വന്നു. 1879 ല്‍ ഈ കാര്‍ഡ് ഇന്ത്യയിലും നടപ്പിലായി.
--------------------------------------
കടപ്പാട്: 'വിദ്യാരംഗം' മാസികയുടെ 1975 ഡിസംബര്‍ ലക്കം.