"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഓഗസ്റ്റ് 10, തിങ്കളാഴ്‌ച

എന്താണ് ജാതി - വി വി കെ വാലത്ത്

പല പുരാതന രാജ്യങ്ങളിലും ജാതിസമ്പ്രദായം നിലനിന്നിരുന്നു. ഈജിപ്ത്, ലിഡിയ, പേര്‍ഷ്യ - ഉദാഹരണങ്ങള്‍. ഇന്ത്യയിലേതിന് തുല്യമായ ജാതിവ്യവസ്ഥ ലോകത്തിലൊരിടത്തും തന്നെ ഉണ്ടായിരുന്നിട്ടില്ല. അത്രക്ക് സങ്കീര്‍ണവും രൂക്ഷവുമായിരുന്നു അത്. ഇന്ത്യയില്‍ത്തന്നെ കേരളത്തിലായിരുന്നു അതിന്റെ ഭീകരരൂപം ഏറ്റവുമധികം കൊടുമ്പിരിക്കൊണ്ടിരുന്നത്.

'എത്ര പെരുമാക്കന്മാര്‍, ശങ്കരാചാര്യന്മാര്‍,
എത്രയോ തുഞ്ചന്മാര്‍, കുഞ്ചന്മാരും
ക്രൂരമാം ജാതിയാല്‍ നൂനമലസിപ്പോയ്
കേരളമാതാവേ, നിന്‍ വയറ്റില്‍'

എന്നു കവി കേണതും അതുകൊണ്ടാണ്.

ബ്രാഹ്മണര്‍ എന്നതു ജാതിനാമമോ?

ഇന്ത്യയില്‍ ഏതാണ്ട് 3000 ജാതികളും വര്‍ഗങ്ങളുമുണ്ട്. ഋഗ്വേദ കാലംതൊട്ടേ സാമൂഹ്യ വിഭജനം നിലവില്‍ വന്നിരുന്നു. ബ്രാഹ്മണ, ക്ഷത്രിയ, വൈശ്യ എന്നിങ്ങനെ. നാലാമത്തെ ഏറ്റവും താണ ജാതിയായ ശൂദ്രരെപ്പറ്റി 'പുരുഷസൂക്ത'ത്തിലാണ് പ്രസ്താവമുള്ളത്. ഋഗ്വേദകാലത്തെ ജനവിഭാഗരീതിക്കു പില്ക്കാലത്തെ ജാതിവ്യത്യാസത്തോടു സാമ്യമില്ല. അടിമസ്ത്രീകളെ (ദാസികളെ) പ്പറ്റി ഋഗ്വേദത്തില്‍ സൂചനകാണാം. ശൂദ്രവര്‍ഗത്തെ അടിമ വര്‍ഗമെന്നാണ് വിളിച്ചിരുന്നത്. എന്നാല്‍, ഈ അടിമ വര്‍ഗവുമായി വിവാഹബന്ധം സ്ഥാപിക്കുന്നതിനു വിരോധ മുണ്ടായിരുന്നില്ല. ബ്രാഹ്മണര്‍ക്കു ചില പ്രത്യേകാവകാശ ങ്ങള്‍ സിദ്ധിച്ചിരുന്നു. എങ്കില്‍ക്കൂടി ജാതിയുടെ പേരില്‍ അപകര്‍ഷതാ ഭിത്തികള്‍ ഉണ്ടായിരുന്നില്ല.

ബ്രാഹ്മണ നാമം ജാതിയുടെ പേരായല്ല ഉത്ഭവിച്ചത്. ഈ ശ്ലോകം നോക്കുക:

'നിര്‍മമോ, നിരഹങ്കാരോ
നിസംഗോ, നിഷ്പരിഗ്രഹഃ
രാഗദ്വേഷവിനിര്‍മുക്തോ
ബ്രാഹ്മണോ വേദസമ്മതഃ'

വൃത്തിവിശേഷത്തിന്റെ അടിസ്ഥാനത്തില്‍ ജാതിമേന്മകള്‍ പിന്നീട് കല്പിക്കപ്പെട്ടു. യാജ്ഞവല്ക്യന്‍ വര്‍ണ സങ്കരത്തോടു കൂടിയ 13 തരക്കാരെപ്പറ്റി പറഞ്ഞിട്ടുണ്ട്. എന്നാല്‍ തട്ടാന്മാര്‍, കൊല്ലന്മാര്‍ തുടങ്ങിയ കൈവേലക്കാര്‍ പരാശരന്റെ കാലത്ത് ഓരോ വ്യത്യസ്ത ജാതികളായി വേര്‍തിരിഞ്ഞിരുന്നില്ല. സ്മൃതികര്‍ത്താക്കന്മാരുടെ പണിയാണ് ദേഹാധ്വാനം കൊണ്ടു കഴിയുന്നവര്‍ക്കു പതിത്വം കല്പിച്ചതും.

'മനു'വിനു മുമ്പേതന്നെ പരമാധികാരം ബ്രാഹ്മണര്‍ കയ്യടക്കിയിരുന്നു. വൈശ്യര്‍ അധമരായി. സാമൂഹ്യാചാരങ്ങള്‍ ഒന്നിനൊന്നു വളരാന്‍ തുടങ്ങി. ഒപ്പം അവയെ താങ്ങി നിര്‍ത്തുന്ന നിയമങ്ങളും ബ്രാഹ്മണര്‍ കച്ചവടം ചെയ്തു കൂടാ. അത് വൈശ്യര്‍ക്കു വിധിക്കപ്പെട്ടതാണ്. ആയുധപ്രയോഗമരുത്. അത് ക്ഷത്രിയര്‍ക്ക് വിധിക്കപ്പെട്ടതാണ്. രമേശ്ചന്ദ്രദത്ത് പറയുന്നു: വൈദിക കാലാന്ത്യത്തില്‍ ജാതിയുടെ കാര്‍മേഘം ഉരുണ്ടുകൂടി. ഇതിഹാസകാലത്ത് അത് കൂടുതല്‍ ഭീകരമായി. പുരാണങ്ങളുടെ കാലമായപ്പോള്‍ അത് അതിന്റെ ആപത്കരമായ അന്ധകാരംകൊണ്ടു ഹതഭാഗ്യയായ നാടിനെ ആകമാനം ആവരണം ചെയ്യുകയും ചെയ്തു. (Ancient India) 

ബി സി 1500 ഓടുകൂടി ആര്യന്മാരുടെ ശാഖ ഇന്ത്യയിലേക്കു വന്നു. അവരുടെ ക്രമാനുഗതമായ സാമൂഹ്യ വിഭജനത്തിന്റെ ഫലമായിരുന്നു ജാതി. ഇന്ത്യക്കാരും പേര്‍ഷ്യക്കാരും ആര്യശാഖകളായിരുന്നു. ഇന്ത്യയിലെ ചാതുര്‍വര്‍ണ്യത്തിനു സമാന്തരമായ ജാതിവ്യവസ്ഥക്ക് പേര്‍ഷ്യയില്‍ സാമ്യമുണ്ടായിരുന്നു. അധവര്‍, രതിസ്തര്‍, വാസ്തിയര്‍, ശൂയന്‍ദ്രര്‍! ജാതിസമ്പ്രദായത്തെപ്പറ്റി 'അവേസ്ത'യില്‍ പ്രസ്താവമുണ്ട്.

ഉത്ഭവത്തിന്റെ ഊടുവഴികള്‍

തൊലിയുടെ നിറത്തില്‍ കയറിപ്പറ്റിയാണ് ജാതി ഉത്ഭവിച്ചതെന്ന് ഡബ്ലിയു ജെ തോമസ് വാദിച്ചു. റൈമ്പിലി ഇറാനിയന്‍ ജാതിസമ്പ്രദായത്തെ ചൂണ്ടി വര്‍ഗഘടകങ്ങള്‍ ജാതിക്ക് ജന്മമേകിയ സാഹചര്യം വിവരിച്ചു. തൊഴിലിന്റെ സ്വഭാവത്തില്‍ നിന്നാണ് ജാതിയുടെ ഉത്ഭവമെന്നും വേറെ അഭിപ്രായമുണ്ടായി. പരിണാമ വാദത്തിന്റെ പശ്ചാത്തലമാണ് ജാതിയുടെ ഉത്ഭവത്തെ കുറിക്കുന്നതെന്ന് ഇബിറ്റ്‌സണ്‍ ഡെന്‍സില്‍ വാദിച്ചു. വ്യത്യസ്ത സാഹചര്യത്തില്‍ ഒരു വര്‍ഗം അതിന്റെ പൂര്‍വവും അപരിഷ്‌കൃതവുമായ സ്വഭാവത്തില്‍ നിന്ന് അല്പാല്പം വിട്ടുമാറുന്നു. സാമ്പത്തിക കാരണങ്ങള്‍ ഈ മാറ്റത്തിനു വേഗതകൂട്ടുകയും ചെയ്യുന്നു.

അപരിഷ്‌കൃതാ വസ്ഥയിലായിരുന്ന ചില ഗോത്ര സമുദായങ്ങള്‍ ആന്തരികവും, ബാഹ്യവുമായ പരിതസ്ഥിതികള്‍ സൃഷ്ടിച്ച പ്രത്യേകത കളുടെ ഫലമായി ഇടക്കാലത്തു പലപല പുതിയ ജാതികളായി മാറിക്കൊണ്ടിരുന്നു. സാമ്പത്തിക സ്വാധീനം ലഭിച്ച ജാതിക്കാര്‍ക്ക് ഉയര്‍ച്ച കൈവന്നു. കായികാധ്വാനവും അടിമത്വവും മാത്രം കൈമുതലായ വര്‍ഗക്കാര്‍ക്ക് വിശ്രമവും വിനോദവും സൊന്ദര്യബോധവും ലഭിച്ചില്ല. തുല്യമായ ജീവിതാനുഭവങ്ങളും താത്പര്യങ്ങളും ജാതി തിരിവിനു കാരണമായിരുന്നിട്ടുണ്ട്. ജാതിവിഭജനം ഒരു സങ്കീര്‍ണ പ്രക്രിയയാ യിരുന്നു. താണജാതിക്കാരന്‍ ഉയര്‍ന്ന ജാതിക്കാരനായി മാറാനും തടസമുണ്ടായിരുന്നില്ല.

കേരളത്തിലും ഇന്ത്യയുടെ മറ്റു ചില ഭാഗങ്ങളിലും ഇതിനു ദാഹരണ ങ്ങളുണ്ട്.

ഒറീസയിലെ 'ലാസ'ന്മാര്‍ എന്ന താണ വര്‍ഗക്കാര്‍ ഉയര്‍ന്ന ജാതിക്കാരായ 'കാര'ന്മാരായി മാറിയതിനെപ്പറ്റി റോസ് പ്രസ്താവിക്കുന്നുണ്ട് (Tribes and Casts in Central India) മണിപ്പൂര്‍ സ്റ്റേറ്റിലെ 'വോയി'ജാതിക്കാര്‍ രാജാ വിന്റെ അനുമതിയോടുകൂടി പൂണൂല്‍ ധരിച്ച് ക്ഷത്രിയ പദവിയിലുള്ള മണിപ്പൂരി ജാതിക്കാരായി ഉയര്‍ത്തപ്പെട്ട കഥ ഹട്ടന്‍ വിവരിക്കുന്നു (Cast in India)

നായന്മാരും ഈഴവരും

കേരളത്തിലും ഉദാഹരണങ്ങള്‍ വിരളമല്ല. രാജാക്കന്മാരും നമ്പൂതിരിമാരും തങ്ങളെ സേവിച്ചവരുടെ കുടുംബങ്ങളെ നായകന്മാരാക്കിയിരുന്നു. കാലക്രമേണ പഴയ കഥ വിസ്മരിക്കപ്പെടുകയും അവര്‍ ശുദ്ധ നായന്മാരായി പരിഗണിക്കപ്പെടുകയും ചെയ്തുവന്നിരുന്നു എന്ന് പത്മനാഭമേനോന്‍ രേഖപ്പെടുത്തുന്നു. (കൊച്ചി രാജ്യചരിത്രം, Vol.I,p 319) കമ്മാളര്‍, പുലയര്‍ തുടങ്ങിയ പലരും നായന്മാരില്‍ ലയിച്ചിട്ടുണ്ട്. വടക്കന്‍പാട്ടുകളില്‍ നിന്ന് നായന്മാര്‍ക്കും ഈഴവര്‍ക്കും (ചേകോന്‍, ചോകന്‍, തീയന്‍) തമ്മില്‍ വ്യത്യാസമുള്ളതായി കാണുന്നില്ല. ഈഴവര്‍ക്കിടയില്‍ നിന്ന് പലരും നായന്മാരായി ഉയര്‍ത്തപ്പെട്ടിരുന്നു. 'കരപ്പുറം' ദേശത്ത് ഈഴവ പ്രഭു കുടുംബങ്ങളും നായര്‍ പ്രഭു കുടുംബങ്ങളും പരസ്പരം പുല ആചരിച്ചു വരുന്നതായി 'ഈഴവര്‍ അന്നും ഇന്നും' എന്ന ഗ്രന്ഥത്തില്‍ നിന്നു ഗ്രഹിക്കാം. ഈഴവര്‍ ഈഴത്തു നാട്ടില്‍ (സിലോണ്‍) നിന്നു തേങ്ങയുമായെത്തി. നായന്മാര്‍ വടക്കേ ഇന്ത്യയില്‍ നിന്നെത്തിയ നാഗന്മാരുമാണ്. (ഈ അഭിപ്രായത്തിന് എതിര്‍പ്പുകളുണ്ട്). പക്ഷെ ഇതിനുള്ള ചരിത്രപരമായ അടിസ്ഥാനം ദുര്‍ബലമാണ്. നായര്‍, ഈഴവര്‍ എന്നീ ജാതികള്‍ കേരളത്തിലെ അന്തരാള ഗതിയില്‍ ഇടക്കാലത്ത് - നമ്പൂതിരിമാര്‍ ഫ്യൂഡലിസ്റ്റു കളാകുന്നതോടു കൂടി - ഉത്ഭവിച്ചതാകണം. ഇരു ജാതികള്‍ക്കും സമമായ ഒരു പൂര്‍വ കുടുംബം ഉണ്ടായിരുന്നിരിക്കണം. സംഘകൃതികളില്‍ ഈഴവരെപ്പറ്റിയോ നായന്മാരെപ്പറ്റിയോ പറഞ്ഞുകാണുന്നില്ല. പോര്‍ട്ടുഗീസുകാരുടെ വരവിനു തൊട്ടുമുമ്പാകണം ഈ ജാതികള്‍ രൂപംകൊണ്ടു വളര്‍ന്നതും. ജാതിപ്പിശാ ചിന്റെ ശക്തി അതിന്റെ പാരമ്യത്തിലെത്തിയത് രാജവാഴ്ചയും ജന്മിത്വവും ഉറച്ചതിന് ശേഷമാണ്. 

ചാതുര്‍വര്‍ണ്യത്തിനു മുമ്പും പിമ്പും

ദക്ഷിണേന്ത്യയില്‍ ചാതുര്‍വര്‍ണ്യത്തിന്റെ അടിസ്ഥാനത്തിലല്ല തൊഴില്‍ വിഭജനവും വര്‍ഗവ്യത്യാസവും ഉത്ഭവിച്ചത്. ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ ക്കായിരുന്നു സ്ഥാനം. പ്രാചീന തമിഴകത്തിലെ ജനങ്ങളുടെ തൊഴില്‍ വിഭജനത്തെ ചാതുര്‍വര്‍ണ്യമല്ല നിയന്ത്രിച്ചിരുന്നത്. കുറിഞ്ഞി, പാല, മുല്ല, മരുതം നെയ്തല്‍ തുടങ്ങിയ രാഷ്ട്രീയ വിഭജനങ്ങള്‍ ക്കായിരുന്നു സ്വാധീനം ഓരോ വിഭാഗത്തിനും പ്രത്യേകം പ്രത്യേകം തൊഴിലുകള്‍ നിലവിലിരുന്നു. കുറവനോ വേടനോ മുല്ലനിലത്തുപോയി ഇടയന്റെ തൊഴിലെടുത്താല്‍ അവനും ഇടയ ജാതിക്കാരനായി മാറുക പതിവായിരുന്നു.

അന്തണര്‍, അരചര്‍, വെള്ളാളര്‍, പണിയര്‍ തുടങ്ങിയ മേല്‍വിഭാഗ ത്തെപ്പറ്റി 'തൊല്ക്കാപ്പിയ'ത്തില്‍ പരാമര്‍ശമുണ്ട്. ഇടയന്‍, പാണ്ടന്‍, പറയന്‍, കദമ്പന്‍ എന്നീ 4 ജാതികളെപ്പറ്റി 'പുറനാനൂറി'ല്‍ കാണാം. വര്‍ണത്തെ അടിസ്ഥാന പ്പെടുത്തിയുള്ള ആര്യന്മാരുടെ വിഭജനക്രമം കേരളത്തിലേക്ക് കൊണ്ടുവന്നത് നമ്പൂതിരിമാരാണ്. അതോടെ ശൂദ്രന്മാര്‍ക്കിടയില്‍ അവാന്തരജാതികളുടെ എണ്ണം ഒന്നിനൊന്നു വര്‍ധിച്ചു വ്ന്നു. എ ഡി 3 ആം ശതകത്തില്‍ തെക്കേ ഇന്ത്യയില്‍ തുടിയന്‍ (തുടികൊട്ടുന്നവന്‍), പറയന്‍ (പറകൊട്ടുന്നവന്‍), പാണന്‍ (പാട്ടു തൊഴിലാക്കിയവന്‍ - മുന്നൊരിടത്തു പറഞ്ഞിട്ടുണ്ട്), കദമ്പന്‍ (കൃഷിക്കാരന്‍) എന്ന 4 ജാതിക്കാരേ ഉണ്ടായിരുന്നുള്ളൂ എന്ന് സംഘകവിയായ 'മാങ്കുടി മരുതനാറി'ന്റെ പാട്ടില്‍ നിന്നു ഗ്രഹിക്കാം.

4 ജാതികള്‍ മാത്രമല്ല കേരളത്തില്‍ വളര്‍ന്നത്. ശൂദ്രരിലും വൈശ്യരിലും നിന്ന് ജാതികളും ഉപജാതികളും ഉത്ഭവിച്ചുകൊണ്ടിരുന്നു. ക്ഷത്രിയര്‍ ക്കടുത്തായി അമ്പലവാസികളും സാമന്തരുമെന്ന അന്തരാള ജാതികളു മുണ്ടായി. അവരില്‍ താഴെ നായര്‍, ഈഴവര്‍, കമ്മാളര്‍, കണിയാന്‍, വേലന്‍, അരയന്‍ മുതലായവ. പിന്നേയും താഴേക്കു പോയാല്‍ പുലയന്‍, പറയന്‍, നായാടി തുടങ്ങിയവയും.

ജാതി നിര്‍ണയപ്രകാരം കേരളത്തില്‍ 72 മുഖ്യജാതികളുണ്ട്. ബ്രാഹ്മണ രില്‍ 8 വിഭാഗം. ശൂദ്രരില്‍ 18, വൈശ്യരില്‍ 6, പതിതജാതിയില്‍ 10, നീചജാതിയില്‍ 8, അങ്ങനെ പോകുന്നു ജാതിനിയമക്രമം. ഗിരിവര്‍ഗ ങ്ങളില്‍ മലമ്പണ്ടാരം, മുതുവാന്‍, ഊരാളി, മലവേടന്‍ മുതലായി അങ്ങനേയും.

ഉയര്‍ന്ന ജാതിക്കാരന് താണ ജാതിക്കാരന്‍ വഴിമാറിക്കൊടു ക്കണമായി രുന്നു. ഓരോ അവര്‍ണ ജാതിക്കും പ്രത്യേകം പ്രത്യേകം 'താണ്ടാപ്പാടകലം' വ്യവസ്ഥപ്പെടുത്തിയിരുന്നു. ജാതി വ്യത്യാസത്തിനെതിരേ കേരളത്തില്‍ ആഞ്ഞടിച്ച സാമൂഹ്യ സമരത്തിന്റെ പര്യവസാനം കൊല്ലവര്‍ഷം 1112 ലെ തിരുവിതാംകൂര്‍ ക്ഷേത്രപ്രവേശന വിളംബരത്തിനു വഴിവെച്ചു.

തീണ്ടലെന്ന ശാപവും സവര്‍ണ മേധാവിത്വവും കേരളത്തില്‍ നിന്നു മാഞ്ഞുപോയിരിക്കുന്നു. എന്നാല്‍ പണ്ടത്തെ സവര്‍ണ - അവര്‍ണ മേധാവിത്വം മറ്റൊരു രൂപത്തില്‍ കൂടി രൂപമെടുത്തു വരികയാണെന്ന സംഗതിയും ഓര്‍ക്കണം. സമ്പന്നനും ദരിദ്രനുമെന്ന വ്യത്യാസം! മുതലാളിയും തൊഴിലാളിയുമെന്ന വ്യത്യാസം! ഉള്ളവന് ഉത്കൃഷ്ടനെന്ന ആത്മബോധവും, ഇല്ലാത്തവന് അപകര്‍ഷതാബോധവും ഉണ്ട്. ഈ സ്ഥിതിവിശേഷം ആപത്തിലേക്ക് വിരല്‍ ചൂണ്ടുന്നു. സമ്പത്താണ് ലോകത്തിലിന്നോളം ഇച്ചനീചത്വത്തിന് അടിസ്ഥാനമായി നിന്ന മാനദണ്ഡം. നമ്പൂതിരിമാര്‍ ഫ്യൂഡലിസ്റ്റായതോടു കൂടിയാണ്, സ്വത്തുടമകളായതോടു കൂടിയാണ് സവര്‍ണമേധാവിത്വം വളരാന്‍ ഇടവന്നത്. അവര്‍ യജമാനന്മാരും മറ്റുള്ളവര്‍ അടിമകളുമായി.
----------------------------------------------
കടപ്പാട്: വി വി കെ വാലത്തിന്റെ 'ചരിത്രകവാടങ്ങള്‍' എന്ന പുസ്തകം.