"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, സെപ്റ്റംബർ 22, ചൊവ്വാഴ്ച

തലമുറകള്‍: 2 - ടി എച്ച് പി ചെന്താരശ്ശേരി

ഓര്‍മ്മകളുടെ തേരിലേറി ഭൂതകാലത്തിലെ ജീവിത സമര ഭൂവിലൂടെ തന്റെ അനുഭവങ്ങളുടെ പടക്കുതിരയെ പായ്ച്ചുകൊണ്ടിരുന്ന ജയദേവന്‍ ലേശമൊന്നു ഞെട്ടി. മാധുരിയുടെ ശീതളപാണികള്‍ അദ്ദേഹത്തിന്റെ ഭുജങ്ങളിലൊന്നമര്‍ന്നു. കുറ്റബോധത്തോടെ അവള്‍ ഒന്നു പുഞ്ചിരിക്കാന്‍ ശ്രമിച്ചു. അന്നത്തെ തിരക്കേറിയ ജോലികള്‍ കഴിഞ്ഞ് ക്ഷീണിതനായാണ് അദ്ദേഹം വീട്ടിലെത്തിയത്. തന്റെ വരവും കാത്തു ഉമ്മറത്തെ സെറ്റിയില്‍ പത്രം വായിച്ചുകൊണ്ടിരിക്കുക ആ സ്‌നേഹ സമ്പന്നമായ ഭാര്യയുടെ പതിവാണ്. ആ പതിവ് തെറ്റിക്കാറില്ല. കാറില്‍ നിന്നിറങ്ങുമ്പോള്‍ അധരങ്ങളില്‍ പുഞ്ചിരിയുടെ പിച്ചിമൊട്ടുകളുമായി അവള്‍ സവിധത്തിലെത്തും. എന്തെങ്കിലും കൊണ്ടു ചെന്നിട്ടുണ്ടങ്കില്‍ അവ കൈകളിലൊതുക്കിക്കൊണ്ട് അദ്ദേഹത്തെ അനുഗമിക്കും.

ആഫീസ് ഫയലുകളൊന്നും ആ ഭവനത്തിന്റെ പടികടക്കാറില്ല. അതു ഇതര ഉദ്ദ്യോഗസ്ഥരുടെ പതിവിനു വിപരീതമാണ്. ചിലര്‍ ആഫീസുകളില്‍ വച്ച് ഫയലുകള്‍ കൃത്യമായി നോക്കാറില്ല. ആഫീസില്‍ ചെല്ലുന്നതു തന്നെ അപൂര്‍വ്വം. കുടിശ്ശിക വരുന്ന ഫയലുകള്‍ കെട്ടിവാരി വീട്ടില്‍ കൊണ്ടു പോകും. അവ പിന്നീട് വെളിച്ചം കാണുന്നത് വെള്ളിപ്പുഴുകള്‍ അരിച്ചു തുടങ്ങുമ്പോഴാണ്.

ജയദേവന്‍ ഇതിനെല്ലാം ഒരപവാദം തന്നെ. അദ്ദേഹം കൃത്യസമയത്തു ഓഫീസില്‍ പോകും. ആലസ്യമെന്യേതന്റെ ജോലികള്‍ ചെയ്തുതീര്‍ക്കും. വീടിന്റെ സമാധാനപരമായ അന്തരീക്ഷത്തില്‍ സര്‍ക്കാര്‍ കാര്യങ്ങള്‍ക്കിടമില്ല.

അദ്ദേഹം കൊണ്ടു ചെല്ലുന്ന സാധനങ്ങള്‍ എന്തെന്നു പരിശോധിക്കുന്നതിനു മുമ്പായി നല്ല സ്വാദുള്ള ചായ അദ്ദേഹത്തിനു സമ്മാനിക്കും. ആ സമയത്തു പരാതികളൊന്നും അവിടെ ശബ്ദമുയര്‍ത്താറില്ല. വെറും നര്‍മ്മ ഭാഷണങ്ങള്‍മാത്രം. അതുകഴിഞ്ഞ് ഏകനായി അല്പസമയം വിശ്രമിക്കുവാന്‍ രണ്ടാം നിലയുടെ മട്ടുപ്പാവിലേക്കു ജയദേവന്‍ പോകും. അതിനു ശേഷമായിരിക്കും മാധുരി ഭര്‍ത്താവിന്റെ സവിധത്തില്‍ കാര്യമായി സംസാരിക്കുവാനെത്തുക.

''പിന്നേയ്. ... മനോരാജ്യമൊക്കെ കഴിഞ്ഞോ?''
അവള്‍ സ്‌നേഹ മസൃണം മൊഴിയുകയായി.
തന്റെ കൈകള്‍ എന്നെ വീണ്ടും ഭൂതലത്തിലെത്തിച്ചു. അദ്ദേഹം സോല്ലാസം അവളെ അരുകിലഞ്ഞച്ചു. അരക്കെട്ടില്‍ കൈചുറ്റിപ്പിടിച്ചു.
''ഓ..... രസച്ചരടുപൊട്ടിക്കാണും.''
അവള്‍ കുടുകുടാചിരിച്ചു.
''എന്താ മാധുരീ... രസ ച്ചരടോ.... ഈ രസമെന്നു പറയുന്നതെന്താ..... എല്ലാം മനസ്സിന്റെ ഒരു താല്കാലിക വിഭ്രമം....''
എന്റെ പൊന്നേ... ഒരു വേദന്തംപറച്ചില്...
ആകട്ടെ... അങ്ങയുടെ മനോരാജ്യത്തില്‍ എനിക്കെവിടെയെങ്കിലും സ്ഥാനമുണ്ടായിരുന്നോ?
ഉണ്ടായിരുന്നോ.... എന്തോ.... ആലോചിച്ചു നോക്കട്ടെ.... ഉണ്ടായിരുന്നല്ലോ.... ലോകം ചുറ്റിപ്പറക്കുന്ന ചിന്താശലഭങ്ങളെല്ലാം ഒരേക ബിന്ദുവില്‍ കേന്ദ്രീകരിക്കുന്നു.
ഏതു ബിന്ദുവില്‍?
ഒരു മാധുരം നിറഞ്ഞ ബിന്ദുവില്‍.
അവള്‍ മണിക്കിലുക്കം പോലെ പൊട്ടിച്ചിരിച്ചു.
അതുക്രിസ്ത്യാനികള്‍ പറയുന്നതുപോലെയാണ്
എങ്ങനെ?
എല്ലാം കര്‍ത്താവില്‍ കേന്ദ്രീകരിക്കുന്നുവെന്ന്.
ഓ... താങ്കളും ഒരു ക്രിസ്ത്യാനിയായിരുന്നുവല്ലോ. ഞാനതുമറന്നുപോയി.
അങ്ങേയ്ക്കതെറ്റിപ്പോയി.... ഞാന്‍ ക്രിസ്ത്യാനിയായിരുന്നില്ല.
പിന്നെ?
അതിന്റെ പിന്നില്‍ ഒരു നീണ്ട ചരിത്രമുണ്ട്. രസം തോന്നുന്നെങ്കില്‍ പറയാം.
കേള്‍ക്കട്ടെ.... മാധുരി പറയുന്നതില്‍ മധുര രസമല്ലേയുള്ളൂ.
കുട്ടി ശ്രദ്ധിച്ചു കേള്‍ക്കണം. കഥപറയാന്‍ പോകുന്നു.... എന്റെ അപ്പൂപ്പന്റെ പിടലിക്കു പിന്നില്‍ തടിച്ച ഒരു തഴമ്പുണ്ടായിരുന്നു... അതു ഞാന്‍ കണ്ടിട്ടുണ്ട്. വളച്ചുകെട്ടുകൂടാതെ മാധുരി കാര്യത്തിലേക്കു പ്രവേശിച്ചു.
തഴമ്പോ! എന്തിന്റെ?
അദ്ദേഹത്തിനു ആശ്ചര്യമാണു തോന്നിയത്. അവള്‍ കാര്യമായാണോ പറയുന്നത്.

അതേ... ഞങ്ങളുടെ ജന്മസ്ഥലം വെള്ളിയാമ്പിള്ളി മലയാണ്. അതൊന്നും അവിടേയ്ക്കു അറിയില്ല. അടിമയെന്നോ അടിയാളനെന്നോ വിശേഷിപ്പിക്കാവുന്ന രീതിയില്‍ ഒരു ദാസ്യസമ്പ്രദായം പണ്ടു നിലവിലിരുന്നില്ലേ. ഞങ്ങളുടെ കുടുംബത്തിന്റെ മേലാളുടെ തറവാട്ടിലെ ഒരു പെണ്ണിനെ താനയില്‍ സംബന്ധം ചെയ്തുകൊണ്ടു പോയി. സ്ത്രീധനമായി ലഭിച്ച വസ്തുവകകളുടെ കൈകാര്യക്കാരായ അടിയാളരേയും സ്ത്രീധനത്തോടൊപ്പം കൈമാറ്റം ചെയ്യുന്നതായി ഒരു ഓലക്കരണവുമുണ്ടാക്കി. ആ താളിയോലയിലൂടെ എന്റെ ഒരമ്മൂമ്മ താനയിലെത്തി. എന്നിട്ടും ഞങ്ങളുടെ വേരറ്റില്ല. ഇന്നും ഞങ്ങള്‍ വെള്ളിയമ്പിളി ജന്മക്കാനാണ്. അവിടത്തെ മേലാളന്റെ അനുവാദത്തോടുകൂടി മറ്റൊരടിയാളനെ ആ അടിയാട്ടി ആണാളായി സ്വീകരിച്ചു. അതിനെല്ലാം പ്രത്യേക ചടങ്ങുകളുമുണ്ടായിരുന്നു.

ആ.... കഥ കേള്‍ക്കട്ടെ.
അദ്ദേഹം ജിജ്ഞാസുവായി.

അന്നത്തെ ജന്മിമാര്‍ യഥാര്‍ത്ഥത്തില്‍ യമകിങ്കരന്മാരുടെ പതിപ്പുകള്‍ തന്നെ. ദയവോ സ്‌നേഹമോ തൊട്ടുതെറിച്ചിട്ടില്ലാത്തവര്‍. ജോലിക്കാരെക്കൊണ്ടു രാവുംപകലും അധ്വാനിപ്പിക്കണമെന്നല്ലാതെ അവരെ വേണ്ടതുപോലെ സംരക്ഷിക്കണമെന്ന ചിന്തയില്ലാത്തവര്‍ഗ്ഗം. അതും സഹിക്കാം. ഉഴവുകാളകളോടൊപ്പം അടിയാളനേയും കെട്ടി വയല്‍ ഉഴുതിരുന്നു. വയലിലെ മണ്ണില്‍ ചാലുകീറുന്നതോടൊപ്പം അടിയാളന്റെ ചങ്കില്‍ വേദനയുടെ ചാലുകള്‍. താങ്ങാനാവാത്ത ഭാരം. ചിലപ്പോള്‍ കാളകള്‍ക്കു പകരം രണ്ടു അടിയാളരായിരിക്കും ഹലായുധം വലിക്കുക. അങ്ങനെ എന്റെ ഒരപ്പൂപ്പനും നുകം ചുമന്നു. അതിന്റെ തഴമ്പിന്റെ കാര്യമാ ഞാന്‍ സൂചിപ്പിച്ചത്.

ജയദേവന്‍ മിണ്ടിയില്ല. എന്തോ ചിന്തിച്ചു കൊണ്ടിരുന്നു. കല്ലോല ലേശമേശ്യത്ത നീര്‍ക്കയത്തില്‍ വെണ്‍മേഘശകലങ്ങള്‍ പൂക്കള്‍ വിരിയിച്ചനീലാകാശം പ്രതിബിംബിക്കുന്നതുതുറിച്ചു നോക്കുന്നതുപോലെ അദ്ദേഹം ഇരുന്നു.

കഥ മുഴുവനും കേള്‍ക്കണ്ടേ.... പിന്നെയും ധ്യാനത്തിലായോ?
അദ്ദേഹം കൂടെക്കൂടെ ചിന്താധീനനാകുന്നതിനാല്‍ പരാതിയുള്ളതുപോലെ അവള്‍ ചൊടിച്ചു.
കഥ കേള്‍ക്കുക മാത്രമല്ല... കഥയിലൂടെയായിരുന്നു എന്റെ സഞ്ചാരം.... ഇതെല്ലാം ചരിത്രത്തില്‍ പഠിച്ചിട്ടേയുള്ളൂ. ഇങ്ങനെഒരനുഭവം കേള്‍ക്കുക കുടിചെയ്യുമ്പോള്‍... ബാക്കി കുടി പറയൂ....
അക്കാലത്തു ചിലക്രിസ്ത്യന്‍ മിഷനറിമാര്‍ ഞങ്ങളുടെ സ്ഥലം സന്ദര്‍ശിക്കുക പതിവായി. വെള്ളുവെള്ളുത്ത സായ്പന്മാര്‍. ചിലയാണ്ടുകളില്‍ ഞങ്ങളുടെ വെണ്‍മണല്‍ത്തിട്ടയില്‍ സുവിശേഷ യോഗം കൂടാറുണ്ടായിരുന്നു. ഒരിക്കല്‍ യോഗാനന്തരം ഒരു കൂട്ടര്‍ അവിടെയെത്തി.

അവര്‍ യഥാര്‍ത്ഥ സായ്പന്മാരായിരുന്നോ
അല്ല... നാട്ടുകാരായ ചിലക്രിസ്ത്യാനികള്‍. സാമൂഹ്യമായ പതിത്തമുള്ള ചിലഹിന്ദുവിഭാഗക്കാര്‍ സാമൂഹ്യ വിലക്കുകള്‍ സഹിക്കാനാകാതെ പണ്ടേ മതം മാറി ക്രിസ്ത്യനികളായവര്‍. അവര്‍ സുറിയാനികള്‍ എന്നു സ്വയം വിളിച്ചിരുന്നു. പള്ളിക്കാര്യങ്ങള്‍ക്കായി വിദേശത്തുനിന്നും സാമ്പത്തിക സഹായം ലഭിക്കുന്നവര്‍. വിദേശനാണയത്തിന്റെ ഒരു ഭാഗം ചെലവാക്കി തങ്ങളുടെ സംഘത്തില്‍ ആളുകുട്ടുയായിരുന്നു അവരുടെ പണി. അംഗങ്ങളുടെ തലയെക്കിയാണ് പണം വാങ്ങിയിരുന്നത്. അപൂര്‍വ്വം ചിലര്‍ വിശ്വാസത്തിന്റെ പേരിലും മതത്തില്‍ ചേര്‍ന്നിരുന്നു - ചില നമ്പൂതിരിമാരും ഈഴവരും. എന്നാല്‍ വിശ്വാസം കൊണ്ടല്ല താണവര്‍ഗ്ഗക്കാരില്‍ ഭൂരിഭാഗവും മാര്‍ഗ്ഗം കൂടിയത്. മിഷനറിമാരുടെ അക്കാലത്തെ മനുഷ്യോചിതമായ പെരുമാറ്റവും സാമ്പത്തിക സഹായവും അവരെ ആകര്‍ഷിച്ചു. ബന്തിങ്ങ ഇട്ടാല്‍ അയിത്തം മാറുമെന്ന ഒരുധാരണയും നിലനിന്നിരുന്നു. അടിയാളുമായിരുന്ന എന്റെ കുടുംബക്കാരെ മിഷനറിമാര്‍, ജന്മിക്കു പ്രതിഫലം കൊടുത്തുമോചിപ്പിച്ച് പള്ളിയില്‍ ചേര്‍ത്തു. അക്കാലത്തു ഞങ്ങള്‍ക്കു പറയാത്തക്ക സ്വത്തൊന്നുമില്ലായിരുന്നു. വസ്തുവകകള്‍ സമ്പാദിക്കുവാന്‍ താണവര്‍ഗ്ഗക്കാരെ നിയമം അനുവദിച്ചിരുന്നതുമില്ലെന്നു അറിയാമല്ലോ. സുവിശേഷ വേലയില്‍കിട്ടുന്ന ആദായത്തെ മാത്രം ആശ്രയിച്ചു ജീവിച്ചു. മാര്‍ഗ്ഗം കുടിയിട്ടും നിര്‍ധനരായ ഞങ്ങളുടെ ജാതിമാറിയില്ല. അതേയവസരത്തില്‍ പണക്കാരായ നമ്മുടെ കൂട്ടര്‍ മതം മാറിയ പ്പോള്‍ അവരുടെ ജാതിയും ഒഴിഞ്ഞുപോയി. അവര്‍ അസ്സല്‍ സുറിയാനികളുമായി.

''നിങ്ങള്‍ സുറിയാനികളായില്ല അല്ലേ... അവരുടെ ഇടയില്‍ കറിവേപ്പിലപോലെ തള്ളപ്പെട്ടിരിക്കും. ജയദേവന്റെ കമന്റടി ചങ്കിനേറ്റ ഒരു കുത്തുപോലെ മധുരിക്കു അനുഭവപ്പെട്ടു. എങ്കിലും സത്യമതായിരുന്നല്ലോ.''

കറിവേപ്പില എന്നു മാത്രം പറഞ്ഞാല്‍ പോരാ... അവരുടെ ഇടയില്‍ എണ്ണയും വെള്ളവും പോലെ വേര്‍തിരിക്കപ്പെട്ടു കിടന്നു. ഞങ്ങള്‍ക്കു അയിത്തം കല്പിക്കപ്പെട്ടിരുന്നില്ലെന്ന്ത് വാസ്തവമാണ്. എന്നാല്‍ അസ്സല്‍ ക്രിസ്ത്യാനികള്‍ ഞങ്ങളോടു വിവേചനം വച്ചു പുലര്‍ത്തിയിരുന്നു. പള്ളിയില്‍ പിന്‍ നിരയിലായിരുന്ന ഞങ്ങള്‍ക്കു സ്ഥാനം. അവരുടെ കുടുംബങ്ങളില്‍ നിന്നും ഞങ്ങള്‍ക്കു വിവാഹ ബന്ധം അസാധ്യം. എവിടെയും വിവേചനം. ഞങ്ങളുടെ മനസ്സു മട്ടുത്തുചിലര്‍ സ്വന്തമായി സഭ സ്ഥാപിച്ചു. ചിലര്‍ പ്രത്യേകം പള്ളികളും നിര്‍മ്മിച്ചു. എല്ലാ മാര്‍ഗ്ഗങ്ങളും ധനസമ്പാദനത്തിലേക്കാണെന്നു മനസ്സിലായപ്പോള്‍ എന്റെ അപ്പച്ചന്‍ ആ സഭകളില്‍ നിന്നെല്ലാം വിട്ടുപോന്നു. അദ്ദേഹം അതിനു ശേഷം ഹിന്ദുവോക്രിസ്ത്യാനോ ആയില്ല. അദ്ദേഹം മതേതരനായിത്തന്നെ ജീവിച്ചു.
മാധുരി പറഞ്ഞു നിറുത്തി.

'അങ്ങനെയാണല്ലേ.'
ജയദേവന്‍ ഒന്നു നെടുവീര്‍പ്പിട്ടു.

ആ.... അതില്‍ അതിശയിക്കാനില്ല. ദുരാചാരം വച്ചു പുലര്‍ത്തിയിരുന്ന ഹിന്ദുക്കള്‍ ക്രിസ്‌ക്യാനിയായിത്തീര്‍ന്നാലും ആ പഴയ പാരമ്പര്യം അവരില്‍ നിന്നും മാഞ്ഞു പോവുകയില്ല. അതു ഗംഗയില്‍ കാഞ്ഞിരക്കമ്പുമുക്കിയെടുക്കുന്നതു പോലെയാണ്.

അതേ. ഞങ്ങളുടെ അനുഭവം അതുതന്നെയാണ്. പിന്നെ മറച്ചുവയ്ക്കാനാകാത്ത ഒരു വസ്തുതയുണ്ട്. ഞങ്ങള്‍ ഹിന്ദുക്കളെ അപേക്ഷിച്ചു വിദ്യാഭ്യാസരംഗത്തു കുറെയേറെ പുരോഗതികൈവരിച്ചിട്ടുണ്ട്. ചില സായ്പന്മാര്‍ ആത്മാര്‍ത്ഥമായി ഞങ്ങളെ സഹായിച്ചിരുന്നു.

ഓ.... അതുമിതും പറഞ്ഞിരുന്നു സമയം പോയതറിഞ്ഞില്ല. ഇന്നു നടക്കാന്‍ പോകണ്ടേ? സരിതയും വരുന്നുണ്ടെന്നു പറഞ്ഞു.

അവള്‍ കുടുംബകാര്യത്തിലേക്കു ശ്രദ്ധതിരിച്ചു.
നമ്മുടെ തോട്ടം സൂക്ഷിപ്പുകാരനായി ഒരാളെ നിയോഗിച്ചവിവരം അറിഞ്ഞുകാണുമല്ലോ... അതു പറയാന്‍ വിട്ടുപോയി.
ജയദേവന്‍ ഓര്‍മ്മിപ്പിച്ചു.
അതിനു ഒരാളിന്റെ ആവശ്യമുണ്ടായിരുന്നോ. എനിക്കും മോള്‍ക്കും ചെയ്യാവുന്ന ജോലിയല്ലേയുള്ളൂ.
അതറിയാം.
''ഒരു നിറിലംബനെ സഹായിക്കാന്‍ ഒരു പുതിയ തസ്തിക സൃഷ്ടിക്കേണ്ടതായി വന്നു. മാധുരിയോടാലോചിക്കാതിരുന്നതില്‍ പരിഭവിക്കരുത്. ഒരു വേള താന്‍ എന്തെങ്കിലും തടസ്സം പറഞ്ഞാലോ.....'' അതേ... വേണ്ടെന്നേ ഞാന്‍ പറയുമായിരുന്നുള്ളൂ. ആഫീസിലെ കണ്ടിജന്‍സിയില്‍ എടുത്താല്‍ പോരായിരുന്നോ?
പാടില്ല മാധുരീ... ചിലര്‍ അങ്ങനെ ചെയ്യുന്നുണ്ടായിരിക്കാം. അതു നിയമവിരുദ്ധമാണ്. അതെല്ലാം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ലിസ്റ്റിന്‍ പ്രകാരമാണ് നടത്തേണ്ടത്.
അന്യായമായി എന്തെങ്കിലും ചെയ്യണമെന്നല്ല ഞാനുദ്ദേശിച്ചത്. ആഫീസില്‍ ശംമ്പളം പറ്റുകയും ഉദ്യോഗസ്ഥന്റെ സ്വകാര്യജോലി ചെയ്യുകയും ചെയ്യുന്ന എത്രയോ ജീവനക്കാരെ നമുക്കറിയാം. അങ്ങനെയൊന്നും വേണമെന്നല്ല ഞാന്‍ പറഞ്ഞുവന്നത്.
അതെനിക്കു മനസ്സിലായി. അനര്‍ഹമായി ഒന്നും ചെയ്യാന്‍ പാടില്ല. വേലിതുന്നെ വിളവുതിന്നു തുടങ്ങിയാല്‍....
ശരി....ശരി... ഞാന്‍ ഒരഭിപ്രായം പറഞ്ഞെന്നേയുള്ളൂ... സമയമേറെയായി.... നമുക്കു പോകാം....
ഇന്നു എങ്ങോട്ടാണ് യാത്ര?
പൊന്‍കുന്നു പാര്‍ക്കില്‍ പോകാം. ചുറ്റിനടന്നിട്ടു പോരാമല്ലോ.
അദ്ദേഹം സമ്മതംമൂളി
യാത്രയ്‌ക്കൊരുമ്പെട്ടപ്പോള്‍ അദ്ദേഹം ഒന്നുമടിച്ചു നിന്നു.
വാച്ചെടുക്കാന്‍ മറന്നു. തിരികെ ചെന്നു വാച്ചെടുത്തു കൊണ്ട് പടിയിറങ്ങുമ്പോള്‍ മനസ്സു മന്ത്രിക്കുന്നതുപോലെ തോന്നി... യാത്ര ശുഭമല്ല. എങ്കിലും മനസ്സിന്റെ താക്കീത് വകവയ്ക്കാതെ യാത്രയ്‌ക്കൊരുമ്പെട്ടു.
കാറിന്റെ പിന്‍ സീറ്റില്‍ അമ്മയുടെ മകളും ഇരുന്നു. കാര്‍സാവധാനം മുന്നോട്ടു നീങ്ങി. ഗേറ്റു കടന്നു തെക്കോട്ടു തിരിഞ്ഞ് കുന്നില്‍ മുകളിലൂടെ ഓടിക്കൊണ്ടിരുന്ന കാര്‍ വളവുതിരിഞ്ഞു നേരേ കിഴക്കോട്ടു കുരവക്കുന്നു കവലയും കടന്നു വേഗത്തില്‍ പാഞ്ഞുപോയി. കുറച്ചകലെയായി മറ്റൊരു കുന്നിന്‍ മുകളില്‍ സ്ഥിതിചെയ്യുന്ന രാജസൗഝത്തിന്റെ മുന്നീലൂടെ തിരിഞ്ഞു വിശാലമായ രാജവീഥിയിലൂടെ മുമ്പോട്ടു നീങ്ങി.
അതി മനോഹരമായ രാജവീഥിയുടെ ഇരുവശങ്ങളിലുമുള്ള ഫുട്പാത്തുകളില്‍ രാജമല്ലിയും വാകയുമെല്ലാം പൂത്തുലഞ്ഞു നിന്നിരുന്നു. വീഥിയുടെ ഇരുവശങ്ങളിലും പൂവുകൊണ്ട് കോട്ട കെട്ടിയ മട്ടുണ്ട്.
വെള്ളസ്‌ക്വയറില്‍ ചെന്നിട്ട് കാര്‍ വലത്തോട്ടു വെട്ടിത്തിരിഞ്ഞതും പടിഞ്ഞാറു നിന്നും ചീറിപ്പാഞ്ഞു വന്ന ഒരു ജീപ്പില്‍ കുട്ടിയിടിച്ചതും ഒന്നിച്ചായിരുന്നു.
മനസ്സാന്നിധ്യം കൈവിടാതെ ജയദേവന്‍ കാര്‍ നിയന്ത്രിച്ചു നിറുത്തി. ജീപ്പു നിറുത്താതെ തന്നെ പാണ്ടുപോയി. അദ്ദേഹം ജീപ്പിന്റെ നമ്പര്‍ ശ്രദ്ധിച്ചു. അതില്‍ ഒരു സംശയം തോന്നി. ജീപ്പിനെ അനധാഖാനം ചെയ്യാന്‍ പറ്റിയ സാഹചര്യമല്ല. ഭാര്യയും മകളും കൂടെയുണ്ട്. അവര്‍ക്കു എന്തെങ്കിലും പിണഞ്ഞോ. രണ്ടു പേരുടേയും തല ഡോറില്‍ അടഞ്ഞിടിച്ചതായി തോന്നി. അല്പം അസ്വസ്ഥതയുണ്ട്. അവര്‍ ഉച്ചത്തില്‍ നിലവിളിച്ചതായും കേട്ടു.
മനസ്സു രണ്ടു വഴിക്കു ഒരേ സമയം തിരിയുന്ന അനുഭവം. സ്വാഭാവികമായും മനസ്സു മകളിലേക്കും ഭാര്യയിലേക്കും തിരിഞ്ഞു.
മാധുരീ. സരിതേ. നിങ്ങള്‍ക്കു വല്ലതും പറ്റിയോ? നെഞ്ചിടിപ്പിന്റെ ചിതറിയ ശബ്ദം.
ഓ.... ഇല്ല. എനിക്കൊന്നും പറ്റിയില്ല... മോളെ ഇനി നിനക്കെന്തെങ്കിലും?
അമ്മ മകളെതലോടി.
ഇല്ലമ്മേ.... തലയ്ക്കു ഒരു ചെറിയ പെരുപ്പ്... സാരമില്ല.
സരിത ഒന്നു നിറുത്തി. അല്പം കഴിഞ്ഞു പറഞ്ഞു.
നമുക്കു ഇന്നിനീം പാര്‍ക്കില്‍ പോകണ്ട... തിരികെ വീട്ടില്‍ പോകാം. എനിക്കൊന്നു കിടക്കണം.
തികച്ചും പരിഭ്രമിച്ച മട്ടുണ്ട് അവളെ കണ്ടാല്‍ ആകസ്മികമായ ഷോക്ക്.
എന്നാല്‍ വേഗം പോകാം. ഡോക്ടര്‍ക്കു ഫോണ്‍ ചെയ്യുകയുമാകാം.
ജയദേവന്‍ കാറിന്റെ പൊതുസ്ഥിതി പരിശോധിച്ചു. വലിയ തകരാറു സംഭവിച്ചില്ല. കാറിന്റെ ഒരു സൈഡ് അല്പം ചളുങ്ങിയിട്ടുണ്ട്.
വന്ന വഴിയേ തന്നെ കുരവക്കുന്നിലുള്ള സുവര്‍ണ്ണ ഗിരി ബംഗ്ലാവിലേക്കു ജയദേവന്‍ കാര്‍ തിരിച്ചുവിട്ടു. സ്റ്റിയറിംഗ് പിടിച്ചുകൊണ്ടിരുന്നുവെങ്കിലും തന്റെ ചിന്ത ആ വിസ്മയകരമായ അപകടത്തെപ്പറ്റിയായിരുന്നു.
അപകടം യാദൃശ്ചികമായിരുന്നുവോ! താന്‍ വളരെ ശ്രദ്ധിച്ചു ഇടതുവശം ചേര്‍ത്താണല്ലോ കാര്‍ തിരിച്ചത്. വിശാലമായ ആ സ്‌ക്വയറില്‍ പെട്ടെന്നൊരു അപകടത്തിനു സാധ്യതയില്ല. സൈഡുതെറ്റിയാണ് ജീപ്പുവന്നത്. അതിന്റെ ചീറിപാഞ്ഞുള്ള പോക്കു കണ്ടാല്‍, സംഭവം മനഃപൂര്‍വ്വം സൃഷ്ടിച്ചതാണെന്നു തോന്നും. ജീപ്പിലുണ്ടായിരുന്ന ഒരാളിനെ താന്‍ എവിടെയോ കണ്ടിട്ടുള്ളതുപോലെ. മനസ്സില്‍ നിന്നും മായാത്ത മുഖം. അയാള്‍ ആരായിരിക്കാം. ശരിക്കോര്‍മ്മ വരുന്നില്ല.

സുവര്‍ണ്ണ ഗിരിയിലെത്തിയ ശേഷം ഡോ. ദാസിനു ഫോണ്‍ ചെയ്ത് അപകട വിവരം അറിയിച്ചു. അടുത്തതായി ജീപ്പ് ആരുടേതാണെന്നു അന്വേഷിച്ചു. ആ അന്വേഷണം വിഫലമായി. ജീപ്പില്‍ കണ്ടതുപോലൊരു നമ്പര്‍ ജീപ്പിന്റേതല്ല. കാറിന്റേതാണ്. അദ്ദേഹം തെല്ലൊന്നമ്പരന്നു. എതിര്‍പ്പുകളുടെയും ദുരനുഭവങ്ങളുടേയും തീച്ചൂളയില്‍ വളര്‍ന്ന തനിക്ക് ആ സംഭവം വലിയത്തെട്ടലുണ്ടാക്കിയില്ല. തന്റെ ഭാര്യയും മകളും അപകടത്തിന്നിരയാകുവാന്‍ സാധ്യതയില്ലായിരുന്നുവോ? തന്റെ സാമര്‍ത്ഥ്യം കൊണ്ടല്ലേ തകരാറൊന്നും കൂടാതെ രക്ഷപ്പെട്ടത്.

ജയദേവന്റെ മനസ്സു ആ ജീപ്പിന്റെ പിന്നാലെ പാഞ്ഞു. തനിക്കു ഇവിടെ എതിര് ആര്? തന്റെ പഴയ ശത്രുക്കളാരെങ്കിലും ഇവിടെയുണ്ടോ? ഇതേ സ്ഥാനത്തുവച്ചുതനിക്കു കുറേ ക്കാലങ്ങള്‍ക്കു മുമ്പു പിണഞ്ഞ ഒരുമളിയുടെ ചിത്രം മനസ്സില്‍ തിരിക്കിട്ടെത്തി.....

..... താന്‍ ബി.എ യ്ക്കു പഠിക്കുന്ന കാലം. അന്നു തനിക്ക് ഇവിടെ അധികം പരിചയക്കാരില്ലായിരുന്നു. ലൈബ്രറികളിലെ ഗ്രന്ഥങ്ങളാണ് തന്റെ ഏറ്റവും വലിയ പരിചയക്കാര്‍. താന്‍ ആരോടും വലിഞ്ഞു കയറി പരിചയപ്പെടാറില്ല. മിതഭാഷണമാണ് തനിക്കു ഭൂഷണം. ഏതെങ്കിലും സന്ദര്‍ഭത്തിന്റെ പ്രേരണ കൊണ്ടിയിരിക്കും തനിക്കു പരിചയക്കാരുണ്ടാവുക.... പരീക്ഷാദിവസം ജയദേവന്‍ ഒരു നോട്ടുബുക്ക് മതിച്ചുനോക്കിക്കൊണ്ട് റോഡരുകിലൂടെ നടക്കുകയായിരുന്നു. കൊട്ടാരക്കവല കഴിഞ്ഞതേയുള്ളൂ. ഒരു കാര്‍ സഡന്‍ബ്രേക്കിട്ടു അവന്റെ അടുത്തുനിന്നു. കാറിലുള്ളവര്‍ ആരും തന്നെ തന്റെ പരിചയക്കാരല്ല. അവരിലൊരാള്‍ സ്‌നേഹ ഭാവത്തില്‍ അഭിവാദ്യം ചെയ്തു.

നമസ്‌ക്കാരം സാര്‍.... ഞങ്ങളും സാറിന്റെ കോളേജു വഴിക്കാണ്. വേണമെങ്കില്‍ ഒരു ലിഫ്റ്റു തരാം.. ... കേറണം സാര്‍.... ഔദാര്യത്തിന്റെ മധുരം പുരട്ടിയ സ്വാഗതം''വേണ്ട.... ഞാന്‍ നടന്നുപൊയ്‌ക്കൊള്ളാം. കുറച്ചു വായിക്കാനുമുണ്ട്.''
മറ്റൊന്നും ആലോചിക്കാതെ അവന്‍ പറഞ്ഞു.
അതിനെന്താ... പെട്ടെന്നു കോളേജിലെത്തും... സ്‌നേഹം കൊണ്ടു പറയുന്നെന്നേയുള്ളൂ.... സാര്‍ കുരവക്കുന്നിലല്ലേ താമസിക്കുന്നത്... സാറിനെ ഞങ്ങള്‍ക്കു പരിചയമുള്ളതുകൊണ്ടാ... മടിക്കേണ്ട. കേറിക്കോള്ളൂ.
ഔദാര്യം നിര്‍ബന്ധത്തിന്റെ കരിഞ്ചട്ട പുതച്ചപ്പോള്‍, സൊല്ലയൊഴിയട്ടെ എന്നു കരുതി പിന്‍സീറ്റില്‍ കയറിയിരുന്നു. അവന്‍ അങ്ങനെ രണ്ടാം തവണ പ്ലഷര്‍കാറില്‍ യാത്ര ചെയ്യുന്നു.
കാര്‍ നേരേ തെക്കോട്ടു പാഞ്ഞുപോയി. കാര്‍ വഴിതിരിഞ്ഞാണല്ലോ പോകുന്നത്. എനിക്ക് പൊന്‍കുന്നുവഴിക്കാണ് പോകേണ്ടത്. ഞാനിവിടെ ഇറങ്ങിക്കൊള്ളാം.
വെള്ള സ്‌ക്വയര്‍ കഴിഞ്ഞപ്പോള്‍ ജയദേവന്‍ പറഞ്ഞു അതു സാരമില്ല... വനിതാക്കോളേജു വഴി വേഗം കോളേജിലെത്താം. എന്നു ഒരു പരുപരുത്ത ശബ്ദം.
ജയദേവനു സംശയമായി.
വേണ്ട. ഞാന്‍ ഇവിടെ ഇറങ്ങിക്കൊള്ളാം. പ്ലീസ് കാര്‍ നിറുത്തണേ.
നിറുത്താനോ... റാസ്‌ക്കല്‍. മിണ്ടാതിരിക്കുന്നതാ നല്ലത്. ഇല്ലെങ്കില്‍ അനുഭവം വേറെയാ....
ഒരുത്തന്‍ ജയദേവന്റെ കഴുത്തില്‍ ഞെക്കിപ്പിടിച്ചു. കണ്ണുകള്‍ രണ്ടും കണ്‍കുഴിവിട്ട് പുറത്തേക്കു കുതിച്ചുയര്‍ന്നു. ജയദേവന്‍ സര്‍വ്വ കഴിവുമുപയോഗിച്ചു ഉച്ചത്തില്‍ വിളിച്ചുകൂവാന്‍ ഒരു പാഴ്ശ്രമം നടത്തി. ഒരു ടവ്വല്‍ അവന്റെ ശബ്ദത്തെ നടഞ്ഞു. തദനന്തരം നടന്നതൊന്നും അവനോര്‍മ്മയില്ല.

കാര്‍ വളരെ നേരം ഓടിയിരിക്കണം. അവസാനം അവന്‍ കണ്ണു തുറന്നു. വിജനമായ ഒരു സ്ഥലത്താണ് അവന്‍ കിടക്കുന്നത്. കൊയ്‌ത്തൊഴിഞ്ഞ പാടത്തിന്നരുകില്‍. ചുറ്റും കണ്ണോടിച്ചു. കുറച്ചകലെ ഒരു കാര്‍ കിടക്കുന്നുണ്ട്. അവന്‍ എഴുന്നേല്ക്കുന്നതുകണ്ടു ആ കാറിലുള്ള ഒരാള്‍ കൈവീശി. .. റ്റാറ്റാ പറഞ്ഞു.

ജയദേവന്‍ കാറിന്റെ നമ്പര്‍ ശ്രദ്ധിച്ചു. സൂര്യന്‍ കിഴക്കോട്ടു നിഴല്‍ വീശിയിരുന്നു. ആ സമയത്തു കോളേജിലെത്തിയിട്ടും ഫലമില്ല. പരീക്ഷയുടെ ആദ്യദിവസമാണ്. അപ്പോള്‍ തന്നെ പരീക്ഷാ സമയം കഴിഞ്ഞിരിക്കുന്നു. കൈവശം കുറേ അണത്തുട്ടുകള്‍ മാത്രമുണ്ട്. വല്ല വിധേനയും വൈകിട്ടു കോളേജിലെത്തി. പ്രിന്‍സിപ്പാളിനെ വിവരം ധരിപ്പിച്ചു. കാറിന്റെ നമ്പരും കൊടുത്തു. അങ്ങനെ നമ്പരുള്ള കാര്‍ അനന്തപുരിയിലില്ലയെന്നാണ് അന്വേഷണത്തില്‍ അറിയാന്‍ കഴിഞ്ഞത്.

ആ അനിഷ്ട സംഭവം കാരണം ജയദേവനു ആ പ്രാവശ്യം ഒരു പേപ്പര്‍ എഴുതാന്‍ കഴിഞ്ഞില്ല. അതിനേ തുടര്‍ന്നു ബാക്കി പരീക്ഷയും എഴുതാമായിരുന്നു. ഇംഗ്ലീഷ് ഫസ്റ്റു പേപ്പറായിരുന്നു ആദ്യദിവസത്തെ വിഷയം. അതിനെഴുതിയില്ലെങ്കിലും അനായാസം പാസ്സാകുമായിരുന്നു. എന്നാല്‍ വെറും പാസ്സു കൊണ്ട് അവന്‍ തൃപ്തനല്ല. റാങ്കു നേടി പാസ്സാകുക. അതായിരുന്നു ലക്ഷ്യം. സെപ്റ്റംബര്‍ പരീക്ഷയ്‌ക്കെഴുതിയാല്‍ മതിയെന്ന് പ്രിന്‍സിപ്പാള്‍ സമാധാനിപ്പിച്ചു.

ആ സംഭവങ്ങളെല്ലാം ജയദേവന്റെ സ്മൃതിപഥത്തിലൂടെ കടന്നുപോയി. ആ പഴയ സംഭവവും ഇന്നത്തെ അപകടവും തമ്മില്‍ ചില സാദൃശ്യമെല്ലാമുണ്ട്. ഇതിന്റെ പിന്നില്‍ ഏതോ നിഗൂഢശക്തികള്‍ പ്രവര്‍ത്തിക്കുന്നില്ലേ!

ഈ സംഭവങ്ങള്‍ വെളിപ്പെടുത്തുന്നതു കൊണ്ടും ഫലമില്ല. ജാഗ്രതയായിരിക്കുക. എതിരാളികള്‍ എന്നെങ്കിലും വലയില്‍ വീഴാതിരിക്കില്ല.

ഭാഗം 3