"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, സെപ്റ്റംബർ 24, വ്യാഴാഴ്‌ച

തലമുറകള്‍ 3 : ടി എച്ച് പി ചെന്താരശ്ശേരി

തെക്കു പടിഞ്ഞാറേ ചക്രവാളസീമയില്‍ വെള്ളപ്പുക തുപ്പിക്കൊണ്ട് ഒരു പുകക്കുഴല്‍ ഉത്തരദിശയിലേക്കു നീങ്ങിക്കൊണ്ടിരുന്നു. അതിനു ചുറ്റും വെള്ളിമലരുകള്‍ തെറിച്ചുയര്‍ന്നു പൊലിഞ്ഞു. ഇരമ്പിപ്പാഞ്ഞുപോയ ഒരു ആകാശയാനം തലകുത്തനേ താണിറങ്ങുന്നതു വെള്ളിമേഘങ്ങളുടെ പുള്ളികള്‍ക്കിടയിലൂടെ കാണാം. ആകാശ നീലിമയെ ആ ഛാദനം ചെയ്യുന്ന ഘടകങ്ങളധികമില്ല. നോക്കെത്താത്ത ദൂരം നീലപ്പുകയില്‍ തലയൊളിച്ചിരിക്കുന്നു. പ്രകൃതിദൃശ്യങ്ങളുടെ ലഹരി തന്റെ ആത്മാവിലേക്കു അരിച്ചിറങ്ങുന്ന പ്രതീതി.
പകലന്തിയോളം വികസന പരിപാടികളില്‍ മുഴുകിയിരുന്നിട്ട് അല്പം മനഃശാന്തിതേടുന്ന അനര്‍ഘനിമിഷങ്ങളാണ് സായംസന്ധ്യകള്‍. സന്ധ്യദേവിയുടെ കുങ്കുമത്തൊട്ടുകുറി പോലെ പശ്ചിമാംബരത്തില്‍ അര്‍ക്കബിബം തൂങ്ങിനിന്നു. കുൡ് കുങ്കുമചാര്‍ത്തണിഞ്ഞ മാധുരി മട്ടുപ്പാവിലേക്കു കയറി ചെന്നു. അവര്‍ അല്പം നേരം മൗനമായി നിന്നു. ആകര്‍ഷണ ബലത്താല്‍ ജയദേവന്റെ നയനങ്ങള്‍ അവരില്‍ പതിച്ചു. അദ്ദേഹം സന്ധ്യാദേവിയേയും തന്റെ സഹധര്‍മ്മിണിയേയും മാറിമാറി നോക്കി രണ്ടുദൃശ്യങ്ങള്‍ക്കും എന്തു സാദൃശ്യം.
തന്റെ ഭാര്യ സുന്ദരിയാണ്. പതിന്നാലു വയസ്സുള്ള ഒരു കുട്ടിയുടെ അമ്മ. ഇന്നും ഒതുങ്ങി വടിവൊത്ത കോമളകളേമ്പരം ഒരു മധുരപ്പതിനേഴുകാരിയുടേതുപോലെ തോന്നിക്കും.... അതേ അവള്‍ യുവതി തന്നെയാണ്.
എന്താ ശ്രീമതി. പൂര്‍വ്വാധികം സുന്ദരിയായിട്ടാണല്ലോ. എന്താ ത്രിസന്ധ്യയുമായി മത്സരത്തിനോ മറ്റോ...
ഓ... കളിയാക്കാനൊരുവിരുത്.
സ്‌നേഹത്തില്‍ പൊതിഞ്ഞ പരിഭവം അവളുടെ വദനകാന്തിക്കു മാറ്റുകൂട്ടി.
ഇതാണോ കളിയാക്കല്‍. ഉള്ളതല്ലേ പറഞ്ഞത്. ആകട്ടെ.... ഇന്നെന്താഭവതിയുടെ നിവേദനം?
ഓ.... ഓര്‍ത്തില്ല... കളക്ടറേമാനേ.... പ്രജകള്‍ നിവേദനവുമായിക്യൂനില്ക്കുന്ന ഓര്‍മ്മയായിരിക്കും.
അതുകേട്ട് ജയദേവന്‍ ഒന്നുറിച്ചിരിച്ചു.
ഓര്‍മ്മിക്കാതെന്തുചെയ്യും. ഓര്‍മ്മകളും ആഗ്രഹങ്ങളുമാണ് ജീവിതത്തെ വരിച്ചുനീട്ടുന്നത്. മനസ്സിനെ വിദൂരതയിലെങ്ങോ പറഞ്ഞുവിട്ടുകൊണ്ട് പുറപ്പെടുവിച്ചശബ്ദം.
അങ്ങ് ഈയിടെയായി തത്ത്വചിന്താപരമായാണ് സംസാരിക്കുന്നത്.
അവര്‍ അല്പം കാര്യമായിത്തന്നെ പറഞ്ഞു.
അങ്ങനെയല്ല. കടന്നുപോന്ന വഴികളും മുമ്പോട്ടുള്ള വഴികളും പലതും ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നു... അത്രേയുള്ളൂ... ആ ബാലന്റെ കാര്യം തന്നെ യെടുക്കാം....
എന്താ അവന്റെ കാര്യം?
അവര്‍ ജിജ്ഞാസയോടെ ചോദിച്ചു.
അവന്‍ ഇവിടെ വന്നിട്ടു നാളുകള്‍ അധികമായിട്ടില്ല. അതിനിടയില്‍ അവന്റെ പെരുമാറ്റങ്ങള്‍ താന്‍ ശ്രദ്ധിച്ചോ?
മാധുരിയുടെ കണ്ണുകളില്‍ തന്റെ മിഴികളൂന്നിക്കൊണ്ട് ചോദിച്ചു.
പെരുമാറ്റമൊന്നും ശ്രദ്ധിച്ചില്ല. അതിനു എപ്പോഴാണ് സമയം. ഉദാസീനമായ മറുപടി.
അവന്‍ ജോലിയെല്ലം കഴിഞ്ഞ് രാത്രികാലങ്ങളിലെന്താ ചെയ്യുന്നതെന്നറിയാമോ?
ഉറങ്ങുകയായിരിക്കും.
അല്ലാ.... അതല്ലേരസം... അവന്‍ ഭാവിയെ കരുപ്പിടിപ്പിക്കയാണ്.
എന്നുവച്ചാല്‍?
അവന്റെ ഓരോ ചലനങ്ങളും ഞാന് ശ്രദ്ധിക്കാറുണ്ട്.... അവന്‍ ഒരു സാധാരണക്കാരനല്ല.... പരിശ്രമശാലിയാണ്.
ഇത്രമാത്രം പുകഴ്ത്താനെന്താണുണ്ടായത്?
അവര്‍ അല്പം അസൂയകലര്‍ന്ന സ്വരത്തില്‍ ചോദിച്ചു.
ജോലികഴിഞ്ഞുള്ള ഒരു നിമിഷം പോലും അവന്‍ പാഴാക്കുന്നില്ല. പബ്ലിക് ലൈബ്രറിയില്‍ ചേര്‍ന്നിട്ടുണ്ട്. നല്ലനല്ല ഇംഗ്ലീഷുഗ്രന്ഥങ്ങള്‍ അവന്റെ മുറിയില്‍ ഞാന്‍ കണ്ടു. എല്ലാം നല്ല സ്റ്റാന്‍ഡാര്‍ഡു ഉള്ളവ.
അതിനു അവനു ഇംഗ്ലീഷറിയാമോ?
അറിയാമായിരിക്കണമല്ലോ. അതുകൊണ്ടല്ലേ ഇംഗ്ലീഷു ഗ്രന്ഥങ്ങള്‍ എടുക്കുന്നത്.... അവന്‍ ഏതു ക്ലാസുവരെ പഠിച്ചിട്ടുണ്ടെന്നു വ്യക്തമായി പറഞ്ഞിരുന്നില്ല. എഴുതാനും വായിക്കാനും അറിയാമെന്നു മാത്രമാണ് ആദ്യമായികണ്ടപ്പോള്‍ പറഞ്ഞത്. ഇംഗ്ലീഷിന്റെ കാര്യമായിക്കൂടെന്നില്ലല്ലോ.
ഇതു നല്ല നേരമ്പോക്ക്. അവനെ കണ്ടാല്‍ എന്തുവിനയവും വണക്കവും.
മാധുരി അത്ഭുതപ്പെട്ടു.
രാത്രികാലങ്ങളില്‍ മോട്ടോര്‍ ഡ്രൈവിംഗും പഠിക്കുന്നുണ്ട്. അതുകഴിഞ്ഞാണ് ഗ്രന്ഥപാരായണം.
വല്ല പരീക്ഷയ്ക്കും പഠിക്കയാണോ?
ഇന്നു അവന്‍ ഒരു നിവേദനവുമായി എന്റെ അടുത്തുവന്നു. രാത്രികാലങ്ങളില്‍ ഡ്രൈവിംഗ് പഠിക്കുന്നുണ്ടെന്നും ഒരു ലൈസന്‍സ് എടുത്തു കൊടുക്കണമെന്നും.
ഓ..... അങ്ങനെയാണെങ്കില്‍ അതു നമുക്കും പ്രയോജനമാണല്ലോ...
സ്ത്രീയുടെ സ്ഥാര്‍ത്ഥതയുടെ പ്രകടനം.
അതെങ്ങനെ
അവന്‍ വിശ്വസ്തനും വിനയനുമാണ്. അവനെ നമ്മുടെ ഡ്രൈവറാക്കിയാലെന്താ? അവിടുന്നു തന്നെ എന്നും ഡ്രൈവറു ചെയ്യുന്നതു അസൗകര്യമാണല്ലോ. സ്ത്രീയുടെ പ്രായോഗിക ബുദ്ധി.
ഒരു ഡ്രൈവറെ നിയോഗിക്കുന്ന കാര്യം ഞാനും ആലോചിച്ചിരുന്നു ഇങ്ങനെ ഒരു സൗകര്യം ഒത്തു വന്നാല്‍ അതു അവനും കൂടി പ്രയോജനപ്പെടും.
കൃത്യനിഷ്ടയുള്ള ഡ്രൈവര്‍ എന്ന പേര് കരസ്ഥമാക്കാന്‍ ബാലകൃഷ്ണനു അധികനാള്‍ വേണ്ടിവന്നില്ല. ജയദേവന്റെ സ്‌നേഹം കൈപ്പറ്റുവാന്‍ അവനു കഴിഞ്ഞു. അതോടൊപ്പം അവന്റെ ജീവിതം പുതുനാമ്പിട്ടു തഴയ്ക്കുവാനും തുടങ്ങി. ജീവിതത്തിനു ഒരു ലക്ഷ്യമുണ്ടായി. ഉയരണം.
എല്ലാ കഴിവുകളും തന്റെ ഉയര്‍ച്ചയ്ക്കുവേണ്ടി ഉഴിഞ്ഞു വയ്ക്കണം.
അതൊരു വാശിപോലെയായി. ബാലകൃഷ്ണന്‍ രാപകല്‍ പണിയെടുത്തു. ലൈബ്രറിയിലെ ഓരോ ഷെല്‍ഷുമായും അവന്‍ പരിചയപ്പെട്ടു. അവനിലെ മനുഷ്യന്‍ വളരുകയായി. ഉള്ളിലൊതൂങ്ങിയിരുന്ന തമശ്ശിഷ്ടവും അകന്നുപോയി.

ഒരുപ്രധാന കാര്യം അറിയിക്കാനെന്നോണം അവന്‍ യജമാനനെ സമീപിച്ചു. വളരെ സങ്കോചയമുണ്ടെന്നു തോന്നും അവന്റെ ഭാവം കണ്ടാല്‍. ഒരു കുറ്റബോധം മനസ്സിനെ അലോസരപ്പെടുത്തുന്നില്ലേ. രഹസ്യങ്ങള്‍ അധികകാലം ഒളിച്ചുവയ്ക്കാന്‍ സാധിക്കുമോ. ഇനിയും അതുവെളിപ്പെടുത്താതിരിക്കാന്‍ വയ്യെന്നായി. അവന്‍ മുണ്ടു മടക്കിയടുത്തിരുന്നു. അതിന്റെ കുത്തഴിച്ചു നേരെയാക്കി. വിനയപുരസ്സരം ജയദേവന്റെ അടുത്തുചെന്ന് അല്പം ഒതുങ്ങിനിന്നു. വലതുകൈ ചെവിയുടെ പിന്നില്‍ ചൊറിഞ്ഞു നില്‍ക്കുന്നതുകണ്ട് അദ്ദേഹം ചോദ്യരൂപത്തില്‍ ഒന്നു നോക്കി.
യജമാനന്‍ എന്നോടു ക്ഷമിക്കണം. മുഖവുര കൂടാതെ കാര്യത്തിലേക്കു പ്രവേശിക്കുകയായി. എന്താകാര്യം?''
ക്ഷമാപണത്തിന്റെ തലച്ചുമടുമായി ഡ്രൈവര്‍ നില്ക്കുന്നതു കണ്ടപ്പോള്‍ ജയദേവന്‍ ആരാഞ്ഞു. അവന്‍ എന്തു തെറ്റാണ് ചെയ്തത്. അവനില്‍ തെറ്റുകള്‍ പ്രതീക്ഷിക്കാവുന്നതല്ല. അത്രമാത്രം കരുതലോടെയാണ് അവന്റെ ഓരോ ചെയ്തികളും.
എങ്കിലും അവനും മനുഷ്യനാണല്ലോ. തെറ്റുകള്‍ മനുഷ്യസഹജവും. തന്നെയുമല്ല അവന്‍ യാവാവാണ്. യുവസഹജമായ വല്ല കൈപ്പിഴകളും... ഛേയ്.... അങ്ങനെ ചിന്തിക്കാമോ. അദ്ദേഹം തന്റെ മകളെയോര്‍ത്തു. അവള്‍ യുവതിയായിക്കഴിഞ്ഞിരിക്കുന്നു... ഇവന്‍ അവളോടെന്തെങ്കിലും.... ഇല്ല.... അതു അസംഭവ്യമാണ്. ഇവന്‍ അത്തരക്കാരനല്ല. ഒരു നിമിഷത്തിന്റെ അര്‍ദ്ധാംശത്തില്‍ അദ്ദേഹത്തിന്റെ ചിന്തകാടുകയറി.
ബാലകൃഷ്ണന്‍ പൂര്‍വ്വാധികം വിനയാന്വിതം മൊഴിഞ്ഞു. ഏതു ക്ലാസ്സുവരെ പഠിച്ചിട്ടുണ്ടെന്ന് അവിടുന്നു ചോദിച്ചപ്പോള്‍ ഞാന്‍ ഉള്ളതു തുറന്നു പറഞ്ഞില്ല. അതിനു എന്നോടു ക്ഷമിക്കണം. ഞാന്‍ എസ്.എസ്.എല്‍.സി. പാസ്സായിരുന്നു.
ആ വിവരം അന്നുപറയാതിരുന്നതെന്താണ്?
എന്റെ മുഴുവന്‍ പേര് ബാലകൃഷ്ണന്‍ നായര്‍ എന്നാണ്. പല ഉദ്യോഗത്തിനും അപേക്ഷിച്ചു. എന്റെ പേരിന്റെ പിന്നിലെ നായര്‍ പദം എന്നെ തൊഴിലില്ലാത്തവനാക്കി. ഇവിടെവന്ന് എസ്.എസ്.എല്‍.സി വരെ പഠിച്ചവനാണെന്നു പറഞ്ഞാല്‍ അതിനു തക്ക ജോലി തരാനില്ലെന്നു വന്നാലോ എന്ന ആശങ്കയുണ്ടായി. ജീവിക്കാനെന്തെങ്കിലും ഒരു തൊഴില്‍ മാത്രമേ അന്നു ഞാന്‍ ആശിച്ചുള്ളു. അത്രമാത്രം പട്ടിണി ഞാനന്നു അനുഭവിച്ചു.
വ്യാകുലപ്പെടാതിരിക്കൂ.... താന്‍ ഒരു തെറ്റും ചെയ്തില്ലല്ലോ... എന്നെക്കൊണ്ട് കഴിവുള്ള സഹായമെല്ലാം ഇനിയും ഞാന്‍ ചെയ്യാം.
ഈ വലിയ മനുഷ്യന്റെ സ്വഭാവത്തെപ്പറ്റി താന്‍ കേട്ടിരുന്നതു അക്ഷരം പ്രതി ശരിയാണല്ലോ എന്നു അവന്റെ അന്തരം മന്ത്രിച്ചു. എനിക്കു ഒരു കാര്യം കൂടി അറിയിക്കാനുണ്ട്.
പറയൂ, കേള്‍ക്കട്ടെ
ഞാന്‍ പ്രീഡിഗ്രീ പാസ്സായി
എപ്പോള്‍?
ഇക്കഴിഞ്ഞ മാര്‍ച്ചില്‍. പ്രൈവറ്റായി ഫസ്റ്റ് ക്ലാസ്സുണ്ട്.
അതൊരു നല്ല വാര്‍ത്തയാണല്ലോ... ഈ വിവരമെന്താ പറയാതിരുന്നത്? ഞാന്‍ കൂടുതല്‍ സൗകര്യങ്ങള്‍ ചെയ്തു തരുമായിരുന്നല്ലോ.
അതെത്രയോ നേരാണെന്നു അവനു ബോധ്യമുണ്ട്. അദ്ദേഹത്തിന്റെ ശമ്പളത്തിന്റെ നല്ലൊരു ഭാഗം സാമ്പത്തിക ക്ലേശം അനുഭവിക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസത്തിനു ചെലവഴിക്കുന്നുണ്ടെന്ന കാര്യം ഒരു രഹസ്യമല്ല.
ജയദേവന്‍ തുടര്‍ന്നു.
ആകട്ടെ.... ഒരു കാര്യം ചെയ്യൂ... തുടര്‍ന്ന് പഠിക്കണം.
ഈവനിംഗ് ക്ലാസ്സില്‍ ചേര്‍ന്നു കൊള്ളൂ. തന്റെ ശമ്പളം കൂടാതെ വിദ്യാഭ്യാസത്തിനുള്ള ചെലവും ഞാന്‍ തരാം.
ബാലകൃഷ്ണന്‍ നായര്‍ ആനന്ദ ചിത്തനായി. ആ ദിവസം മുതല്‍ അവനു ആ വീട്ടില്‍ അല്പം സ്വാതന്ത്ര്യം ലഭിച്ചില്ലേ... അവനൊരു തോന്നല്‍. തന്റെ കൊച്ചു സഹോദരിയെപ്പോലെ കരുതിപ്പോന്ന സരിത ഇന്ന് വളര്‍ന്നു ഒരു പെണ്ണായിക്കഴിഞ്ഞു. അവനോടു ഒരു സഹോദരനോടെന്നപോലെ സ്‌നേഹം അവള്‍ക്കുണ്ട്. അവള്‍ പലസഹായങ്ങളും അവനുവേണ്ടി ചെയ്തിരുന്നു. അവനും തന്റെ നിലയനുസരിച്ചു മാത്രമേ അവളോടു പെരുമാറിയിരുന്നുള്ളൂ.
ഒരു സന്ധ്യാവേള കാര്‍ സ്പീഡുകുറച്ചു ഓടുകയായിരുന്നു. ലൈബ്രറിയില്‍ നിന്നും കുറേ പുസ്തകങ്ങളും തെരഞ്ഞെടുത്തുകാറിന്റെ പിന്‍ സീറ്റില്‍ വച്ചിട്ടുണ്ട്. അവള്‍ അവയിലോരോന്നുമെടുത്തു മറിച്ചും നോക്കിക്കൊണ്ടിരുന്നു.
ഒരു പ്രത്യേക തരത്തിലുള്ള പുസ്തകങ്ങളാണ് തെരഞ്ഞെടുത്തിരിക്കുന്നത്. എല്ലാം പ്രമേകഥകള്‍. ഈ പെണ്‍കുട്ടി എന്താണ് ഇങ്ങനെയുള്ള പുസ്തകങ്ങള്‍ മാത്രം വായിക്കുന്നത്. അവന്‍ സ്വയം ചോദിക്കുകയായി. താനാണെങ്കില്‍ വളരെ ഗഹനമായവയാണ് തെരഞ്ഞെടുക്കുന്നത്.
എന്താ സരിതക്കുഞ്ഞേ..... ഇങ്ങനെയുള്ള പുസ്തകങ്ങള്‍മാത്രം വായിക്കുന്നത്?
അതോ.... പറയാം... മറ്റു പുസ്തകങ്ങള്‍ ക്ലാസ്സില്‍ പഠിപ്പിക്കുന്നുണ്ടല്ലോ. പുസ്തകങ്ങള്‍ ഏതെല്ലാം തരത്തിലുണ്ടെന്നു അറിയണ്ടേ ചേട്ടാ....
പുസ്തകത്തിന്റെ താളുകള്‍ മറിച്ചുകൊണ്ടു തന്നെ സാധാരണ മട്ടിലാണ് അവളുടെ മറുപടി. ക്രമേണ സരിതയുടെ നയനങ്ങള്‍ പുസ്തകങ്ങള്‍ വിട്ട് കാറിന്റെ വെളിയിലെവിടെയോ സഞ്ചരിക്കുകയായി. അങ്ങകലെ മാനത്തിന്റെ അതിരിലെവിടെയോ അവ ഉടക്കിക്കിടന്നു.
ബാലകൃഷ്ണനു എന്തോ ഒരു സംശയം. ആ കുട്ടിയോടു തനിക്കുള്ള മനോഭാവമെന്ത്? താനവളെ ഒരു അനുജത്തിയെപ്പോലെ കരുതുന്നു. തനിക്കും ഒരു അനുജത്തിയുണ്ടല്ലോ. എന്നാല്‍ ഈയിടെയായി... അതും തനിക്കു ആ വീട്ടില്‍ കുറച്ചുകൂടി സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ തന്റെ മനസ്സു ചഞ്ചലപ്പെടാന്‍ തുടങ്ങിയോ..... മനസ്സിനെന്തോ ഒരു താളപ്പിഴ.... സരിതയെ അടുത്തുകാണുമ്പോള്‍.
അവന്റെ സംശയം ബലപ്പെടും വിധമായിരുന്നു അവള്‍ വായിക്കുന്ന ഗ്രന്ഥങ്ങള്‍. അവളില്‍ അടുപ്പത്തിന്റെ യാതൊരു അടയാളവും കണ്ടിട്ടില്ല. തന്നോടു ഒരു പ്രത്യേകതയും അവള്‍ കാട്ടിയിരുന്നില്ല. അവന്‍ ആകെ പതര്‍ച്ചയിലായി. കഴിവതും നിയന്ത്രിച്ചു. തന്നോട്ടു തന്നെ ഒരു വാക് സമരം നടത്തി മനസ്സിനെ കശക്കിയടക്കി നിറുത്തി. സരിതയുമായി അധികം സംസാരിക്കാനുള്ള അവസരങ്ങള്‍ അവന്‍ മനഃപൂര്‍വ്വം ഒഴിവാക്കി.
രാവിലെ കാര്‍വെള്ളമുക്കു വഴി കടന്നു വനിതാ ക്കോളേജിലേക്കു വളവു തിരിയുന്നതുവരെ അവന്‍ ഒന്നും സംസാരിക്കാറില്ല. അവളാകട്ടെ പുസ്തകത്തിന്റെ താളുകള്‍ മറിച്ചു നോക്കിക്കൊണ്ടിരിക്കുകയാവും. ആണ്ടു കുട്ടിക്കു അങ്ങനെയൊരു പ്രത്യേകതയുണ്ട്. പഠിക്കുന്ന സമയത്തു പഠിത്തക്കാര്യത്തില്‍ മാത്രം ശ്രദ്ധിക്കുക. അപ്പോള്‍ അവളുടെ മനസ്സു കെമിസ്റ്റ്രിയും ബയോളജിയും പഠിപ്പിക്കുന്ന ക്ലാസ്സുകളിലിയിരിക്കും തത്തിക്കളിക്കുക. ഓരോ വിഷയവും ഓര്‍മ്മിക്കാന്‍ ശ്രമിക്കും. അവ വീണ്ടും ഉരുവിട്ടു മനസ്സിലുറപ്പിക്കും. അടുത്ത സുവോളജി ക്ലാസ്സില്‍ ഹാജരാക്കാനുള്ള തവളയും പാറ്റയും എവിടെ കിട്ടുമെന്നു തെരയുകയായിരിക്കും.
അവള്‍ കാറില്‍ നിന്നിറങ്ങി കോളേജിലേക്കു കയറാന്‍ തുടങ്ങുമ്പോള്‍-
കുഞ്ഞേ വൈകിട്ടു എത്രമണിക്കു കാറുകൊണ്ടുവരണം?
എന്നു മാത്രമേ അവന്‍ അന്വേഷിക്കാറുള്ളൂ.
അവളെ വീട്ടില്‍ കൊണ്ടു ചെന്നാക്കിയിട്ടുവേണം അവനു അഞ്ചരയ്ക്കു ഈവന്നിംഗ് ക്ലാസ്സില്‍ പോകാന്‍. ഒരു കാര്യത്തില്‍ അവന്‍ കളക്ടറദ്ദേഹത്തെ ഏറെ ബഹുമാനിച്ചിരുന്നു. ഒരിക്കല്‍ പോലും സര്‍ക്കാര്‍ വാഹനം വീട്ടാവശ്യങ്ങള്‍ക്കു ഉപയോഗിച്ചു കണ്ടിട്ടില്ല. സ്റ്റേറ്റു കാറിന്റെഡ്രൈവര്‍ കാര്‍ തിരികെ കൊണ്ടു പൊയ്‌ക്കൊളളും. അദ്ദേഹത്തിനു ആഫീസില്‍ പോകാന്‍ ഫോണ്‍ ചെയ്യുമ്പോള്‍ മാത്രമേ സ്റ്റേറ്റുകാര്‍ കൊണ്ടുവരൂ. ജയദേവന്റെ സ്റ്റേറ്റുകാര്‍ സിനിമാ തിയേറ്ററിന്റെയോ റസ്റ്റാറന്റിന്റെയോ മുറ്റത്തു കിടക്കുന്നതു ആരും കണ്ടിട്ടില്ല. മകളെ കോളേജില്‍ കൊണ്ടു പോകാനും അതുപയോഗപ്പെടുത്തിയിട്ടില്ല.
ബാലകൃഷ്ണനു പഠിക്കുവാന്‍ സമയവും സൗകര്യവും കളക്ടറദ്ദേഹം മനഃപൂര്‍വ്വം നല്കിയിരുന്നു. തന്റെ മുന്നില്‍ ശോഭനമായ ഒരു ഭാവി അവന്‍ ദര്‍ശിച്ചു.
കഠിനാധ്വാനമാണ് അവന്റെ ഭാവിയെ കരുപ്പിടിപ്പിക്കേണ്ടത്. പാഠപുസ്തകങ്ങളില്‍ നിന്നുമാത്രമല്ല, പ്രകൃതിയില്‍ നിന്നു പോലും പഠിക്കുവാന്‍ അവന്‍ ശ്രമിച്ചു. ഗ്രന്ഥശാലകളുടെ ഉള്ളറകളിലെ വിജ്ഞാനത്തിന്റെ തെളിനീര്‍ ഉറിഞ്ചിക്കുടിച്ചു. അവന്റെ ഹൃദയം വികാസം കൊണ്ടു. മനുഷ്യന്‍ എന്ന മഹോന്നത പദവി അന്വര്‍ത്ഥമാക്കുവാന്‍ അവന്‍ ആവുന്നത്രശ്രമിച്ചു. കര്‍ത്തവ്യത്തിന്റെ പ്രേരണ, ആലസ്യത്തിന്റെ തുഷാര ധൂമങ്ങളില്‍ നിന്നും പുറത്തുകടക്കാന്‍ സഹായകമായി.
പ്രശസ്ത വിജയത്തിന്റെ മീതേ റാങ്കിന്റെ കിരീടവുമായാണ് ബി.എ പരീക്ഷയുടെ റിസല്‍ ടൂ ബാലകൃഷ്ണനെ തേടിയെത്തിയത്. കളക്ടറുടെ ഡ്രൈവര്‍ ബി.എ. ബിരുദധാരിയായി.
ബാലകൃഷ്ണനെ ഉടനേ വിമുക്തമാക്കണമെന്നു ജയദേവനു ഉദ്ദേശ്യമില്ല. സ്വാര്‍ത്ഥതയല്ല അതിന്റെ പിന്നിലെ ചേതോ വികാരം. അദ്ദേഹത്തെ പിരിഞ്ഞുപോകാന്‍ അവനും താല്പര്യമില്ല. മാസ്റ്റേഴ്‌സ് ഡിഗ്രിയില്‍ അവന്‍ നോട്ടമിട്ടിരുന്നു.
ബാലകൃഷ്ണന്‍ പ്രൈവറ്റായി എം.എ. യ്ക്കു പഠിച്ചു തുടങ്ങി. അവനു വേണ്ടി ഒരു പ്രത്യേക ട്യൂഷനും ജയദേവന്‍ ഏര്‍പ്പാടു ചെയ്തു.
തന്റെ മകള്‍ എം.ബി.ബി. എസ്സിനാണ് പഠിക്കുന്നതെങ്കിലും അദ്ദേഹം ഇത്രയധികം ശ്രുഷ്‌ക്കാന്തി പ്രകടിച്ചുകണ്ടിട്ടില്ല. അവള്‍ക്കു രക്ഷിതാവുണ്ട്. വളര്‍ന്നു വികസിക്കാനുള്ള ചുറ്റുപാടും സുലഭം. ബാലകൃഷ്ണന്റെ കാര്യം അതല്ല. അവനു ആരുണ്ട്. ഒരുതാങ്ങിനും തണലിനും വേണ്ടി ഉറ്റുനോക്കുന്ന ഒന്നു രണ്ടു നിരാലംബ ജീവിതങ്ങള്‍ വേറെയും.
ഒരാളിനു നല്ല കാലമാണെങ്കില്‍ ജാതി മേന്മയുടെയും മതത്തിന്റെയും പേരും പറഞ്ഞു മിത്രങ്ങള്‍ ഇയാംപാറ്റകളെപ്പോലെ പാെഞ്ഞത്തും. സ്‌നേഹത്തിന്റെ മായാജാലത്താല്‍ അയാളെ വിഭ്രമിപ്പിക്കുകയും ചെയ്യും. പടുകാലത്തു ജാതിക്കാര്‍ എത്തിനോക്കുക പോലുമില്ല. മതത്തിന്റെ സന്ദേശവുമായി ഒരു പ്രവാചകനും അയാളുടെ അടുത്തു ചെല്ലുകയുമില്ല. അയാള്‍ അങ്ങനെ തഴയപ്പെടും.
സരസ്വതി ദേവിയുടെ തൃക്കൈകള്‍ അവന്റെ മേലുണ്ട്. എം.എ. പരീക്ഷയുടെ റിസല്‍ടു വന്നപ്പോള്‍ ജയദേവന്‍ ആഹ്ലാദ ചിത്തനായി. തന്റെ ഡ്രൈവര്‍ എം.എ.ക്കാരനായതു കൊണ്ടല്ല, തന്റെ അഭിലാഷം തളിരണിഞ്ഞത് അദ്ദേഹത്തെ കോള്‍മയിര്‍ കൊള്ളിച്ചു. ബാലകൃഷ്ണനും അഭിമാന പുളകിതനായി.
ബാലനെ സഹര്‍ഷം ഹസ്തദാനം ചെയ്തു കൊണ്ടു ജയദേവന്‍ അഭിന്ദിച്ചു.
ബാലാ. .... തന്റെ തോണി ഒരു കരയടുത്തു. അതു നടക്കടലിലായിരുന്നപ്പോള്‍ മാത്രമേ എനിക്കു ഉത്കണ്ഠയുണ്ടായിരുന്നള്ളൂ. ഇനിയും തന്റെ ഭാവിയില്‍ ആശങ്കപ്പെടേണ്ട കാര്യമില്ല. എന്റെ അഭിനന്ദനങ്ങള്‍.
എല്ലാം അങ്ങയുടെ കാരുണ്യം. അതെന്നെ കര്‍ത്തവ്യ നിരതനാക്കി. അങ്ങയോടുള്ള കൃതജ്ഞത എങ്ങനെ പ്രകടിപ്പിക്കണമെന്ന് എനിക്കറിഞ്ഞുകൂടാ.''ഇവിടെ കൃതജ്ഞതയുടെ പ്രശ്‌നമില്ല. ജീവിതം ഒരു സമരമാണ്. അതില്‍ പൊരുതി ജയിക്കുകയാണ് നമ്മുടെ ലക്ഷ്യം. അതിനു പല ഘടകങ്ങളെയും ആശ്രയിക്കേണ്ടതായിവരും. അതില്‍ ഒന്നു മാത്രമാണ് ഞാന്‍ അവരവര്‍ക്കു ഉചിതമെന്നു തോന്നുന്നത് പ്രവര്‍ത്തിക്കുക.''
ജയദേവന്റെ വാക്കുകളില്‍ എന്തെങ്കിലും അന്തരാര്‍ത്ഥം കുടുതലായുണ്ടോ? അദ്ദേഹം തന്നില്‍ നിന്നും എന്തെങ്കിലും പ്രത്യേകമായി പ്രതീക്ഷിക്കുന്നുണ്ടോ? ചില സംശയങ്ങള്‍ അവനില്‍ നാമ്പെടുത്തു. വെറും സംശയങ്ങളാണോ? അതോ തന്റെ മനസ്സിന്റെ പ്രേരണ സംശയത്തിനിടം നല്കുകയാണോ?
അദ്ദേഹം ഇത്രയധികം താല്പര്യവും വാത്സല്യവും തന്റെ മേല്‍ പ്രകടിപ്പിക്കുന്നതെന്തിനാണ്. അയാള്‍ സരിതയെ ഓര്‍ത്തു. തന്റെ റിസല്‍ട്ടറിഞ്ഞപ്പോള്‍ അവള്‍ എന്തിനാണാണ് അത്രയധികം ആഹ്ലാദ പ്രകടനം നടത്തിയത്. ഛേയ്.... എന്തൊരു അവിവേക ചിന്തയാണ് തന്റേത്. അവള്‍ ഒരു സഹോദരിയുടെ രീതിയിലല്ലേ തന്നോടു പെരുമായിട്ടുള്ളത്. അദ്ദേഹം നിസ്വാര്‍ത്ഥമായിത്തന്നെയാണ് സഹായ ഹസ്തങ്ങള്‍ നീട്ടിയിട്ടുള്ളതെന്നു തനിക്കറിയാം.
ബാലകൃഷ്ണന്‍ നായര്‍ ഈ വിധമായ മനോവികാരങ്ങളെ ഉപസംഹരിക്കുവാന്‍ ശ്രമിച്ചു.''യൂണിവേഴ്‌സിറ്റി കോളേജില്‍ ഒരു ലക്ചറുടെ ഒഴിവിലേക്കു അപേക്ഷ ക്ഷണിച്ചിരിക്കുന്നതായി കണ്ടു. ബാലന്‍ ഒരു ആപ്ലിക്കേഷന്‍ കൊടുക്കൂ. ക്ലാസ്സുണ്ടല്ലോ.''
ജയദേവന്റെ നിര്‍ദ്ദേശം.
ശുഭാപ്തിവിശ്വാസം പോരാത്തതുപോലെ ബാലന്‍ നിശ്ശബ്ദത പാലിച്ചു. അയാളുടെ മനോഗതി മനസ്സിലാക്കിയതുപോലെ അദ്ദേഹം തുടര്‍ന്നു''സാരമില്ല. തന്റെ യോഗ്യതയാണ് തികഞ്ഞശുപാര്‍ശ ആശങ്കപ്പെടേണ്ട. ധൈര്യമായപേക്ഷ കൊടുക്കൂ. ജയദേവന്‍ പ്രോത്സാഹിപ്പിച്ചു. അപ്പോഴും ബാലകൃഷ്ണന്‍ നായര്‍ക്കു ഉടനൊരു ഉദ്യോഗം ലഭിക്കുമെന്ന കാര്യത്തില്‍ പ്രതീക്ഷയില്ല.
കാര്യസാധ്യത്തിനു ഒന്നുകില്‍ ശുപാര്‍ശ അല്ലെങ്കില്‍ പണം. ഇവയല്ലാതെ യോഗ്യതയ്‌ക്കെന്തു സ്ഥാനം.

അദ്ധ്യായം 4