"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, സെപ്റ്റംബർ 30, ബുധനാഴ്‌ച

തലമുറകള്‍ 4: - ടി.എച്ച്.പി. ചെന്താരശ്ശേരി

സായാഹ്ന സവാരികഴിഞ്ഞ് ബാലകൃഷ്ണന്‍ ഉമമറത്തേക്കു കയറിച്ചെന്നു. മുന്‍വശത്തെ സെറ്റിയില്‍ സരിതയും അച്ചനും അമ്മയും സംസാരിച്ചു കൊണ്ടിരിക്കുന്നതുകണ്ടു. അവരെ ആലോസരപ്പെടുത്തേണ്ട എന്നു കരുതി അയാള്‍ ഒഴിഞ്ഞു മാറിപ്പോകാനൊരുങ്ങി.
''എന്താ ബാലാ..... ഒഴിഞ്ഞുമാറിപ്പോകുന്നത്? ഇതിലേ വരു. ഒരു കാര്യം പറയട്ടെ.'' ബാലകൃഷ്ണന്‍ അവരുടെ അടുത്തേക്കു അല്പം നീങ്ങിനിന്നു. എന്താണു പറയാനുള്ളതെന്നറിയട്ടെ.''ഇരിക്കൂ.'' ജയദേവന്‍ ക്ഷണിച്ചു.
ബാലകൃഷ്ണന്‍ സങ്കോചത്തോടുകൂടി ഒന്നറച്ചു നിന്നു അദ്ദേഹത്തിന്റെ മുമ്പില്‍ ഇരിക്കുന്നതെങ്ങനെ?
''ഇരിക്കൂ... ലക്ചററെ അനുസരണവും പഠിപ്പിക്കണോ.''
മാധുരിയുടെ കമന്റു കേട്ട് എല്ലാവരും പൊട്ടിച്ചിരിച്ചു.
ബാലന്‍ അല്പം അകന്ന് ഒരു സെറ്റിയില്‍ ഇരുന്നെന്നു വരുത്തി.
താന്‍ ഇപ്പോള്‍ ഒരു ഉദ്യോഗസ്ഥനാണ്. ഒരു സ്വതന്ത്ര ജീവിതം ആഗ്രഹിക്കുന്നുണ്ടാകും. അതിനെപ്പറ്റി എനിക്കുള്ള അഭിപ്രായം പറയാം. ബാലന്‍ ചെവികൂര്‍പ്പിച്ചിരുന്നു - അദ്ദേഹം തുടര്‍ന്നു പറയാന്‍ പോകുന്നതെന്തെന്ന് കേള്‍ക്കാന്‍. എന്തായിരിക്കാം അദ്ദേഹം പതിവില്ലാതെ പറയാന്‍ തുടങ്ങുന്നത്. സ്വതന്ത്രജീവിതമോ? അതിനു പല അര്‍ത്ഥവുമുണ്ടല്ലോ. ബാലനു അഹിതമൊന്നും തോന്നുന്നില്ലെങ്കില്‍.... അദ്ദേഹം അര്‍ദ്ധോക്തിയില്‍ വിരമിച്ചു. ബാലന്റെ ഹൃദയസ്പന്ദനം വര്‍ദ്ധിച്ചതുപോലെ. നെഞ്ചിനകത്തു, പണ്ടത്തെ നെല്ലുകുത്തു യന്ത്രത്തിന്റെ ശബ്ദം. തന്റെ ഉള്ളിലുള്ള ചിരാഭിലാഷത്തിന്റെ കിളി ചിറകിട്ടടിക്കുന്നതായിരിക്കണം ആ ശബ്ദം. അദ്ദേഹം അതു തന്നെയായിരിക്കണം പറയാന്‍ പോകുന്നത്. അയാളുടെ ഉള്ളു പ്രാര്‍ത്ഥിച്ചു.
ബാലന്‍ ഞങ്ങളോടു പറയാന്‍ മടിക്കുന്ന അതേ കാര്യം തന്നെയാണ് ഞാന്‍ പറയാന്‍ തുടങ്ങുന്നത്...... കോളേജിന്റെ മുമ്പിലുള്ള അശോകാലോഡ്ജ് സാമാന്യം തരക്കേടില്ലാത്തതാണ്. വലിയ ശല്യങ്ങളുമില്ല. അവിടെ ഒരു മുറികിട്ടിയാല്‍ അതു ബാലനു കൂടുതല്‍ സൗകര്യപ്രദമായിരിക്കും. ഇല്ലേ? ഇതാണോ ഇദ്ദേഹം പറയുവാനൊരുങ്ങിയത്. താന്‍ വിചാരിച്ചു സരിതയുടെ കാര്യമായിരിക്കുമെന്ന്. ബാലന്‍ ആണ്ടു ആത്മഗതംചെയ്തു. അയാള്‍ക്കു അല്പം നിരാശ തോന്നി. അതുപുറമേ കാണിക്കാമോ. ആത്മസംയമനം ചെയ്തുകൊണ്ട് മറുപടി പറഞ്ഞു.
എനിക്കു ഇവിടം വിട്ടുപോകുന്നതില്‍ അത്ര താല്പര്യമില്ല. എന്റെ വീടുപോലെയാണ് ഞാനിവിടെ കഴിഞ്ഞിരുന്നത്. അങ്ങും ചൊച്ചമ്മയും എനിക്കു മാതാപിതാക്കളാണ്.
അതിനെന്താ... ആ സ്‌നേഹ ബന്ധം ഇനിയും തുടരാമല്ലോ. ബാലന്റെ സൗകര്യം കരുതി പറഞ്ഞുവെന്നേയുള്ളൂ. തന്റെ ഭാവിക്കും അതുനല്ലതാണ്. തെറ്റിദ്ധാരണയില്ലെങ്കില്‍...
അങ്ങുപറയുന്നതും ശരിയാണ്. ഞാന്‍ ഒന്നു ഫോണ്‍ ചെയ്തുനോക്കട്ടെ... അവിടെ മുറി ഒഴിവുണ്ടോയെന്ന്.
ബാലകൃഷ്ണന്‍ ഫോണിന്റെ അടുത്തേക്കു നടന്നു മനസ്സില്ലാമനസ്സോടെ.
ഹലോ. അശോകാലോഡ്ജല്ലേ.... ആ യൂണിവേഴ്‌സിറ്റി കോളേജിലെ ലക്ചറര്‍ ബാലകൃഷ്ണന്‍ നായര്‍.... ആ.... എനിക്കവിടെ ഒരു റൂം കിട്ടിയാല്‍ കൊള്ളാം.... അതേ.... സൗകര്യമുള്ളതായിരിക്കണം. മുകളിലത്തെ നിലയില്‍... ഓ.... ഉണ്ടെന്നോ.... ഓകെ... ഞാന്‍ വരാം.
ബാലകൃഷ്ണന്‍ നായര്‍ ലോഡ്ജിലേക്കു മാറിയ ആയിടയ്ക്കു ഒരു സംഭവമുണ്ടായി. രാവിലെ കോളേജിലേക്കു പുറപ്പെടാനുള്ള ഒരുക്കമായിരുന്നു. ഫസ്റ്റുബെല്‍ കേള്‍ക്കുമ്പോള്‍ ലോഡ്ജില്‍ നിന്നിറങ്ങിയാല്‍ മതി.

അന്നു ആകസ്മികമായി അല്പം വൈകിപ്പോയി. അക്കൗണ്ടാഫീസിലെ ചില ആഡിറ്ററന്മാര്‍ അടുത്ത മുറികളില്‍ താമസമുണ്ട്. ഏതു നേരത്തും അക്കൗണ്ട് കോഡും എസ്സേയെസ്സും പ്രമോഷനുമാണ് അവരുടെ സംസാരവിഷയം. അവരുടെ സംസാരം കേട്ടാല്‍ തോന്നും അവര്‍ക്കു ഫൈനാന്‍ഷ്യല്‍ അക്കൗണ്ടു കോഡിനും സര്‍വ്വീസ് റൂള്‍സിനുമപ്പുറത്തു മറ്റു മാനുഷിക പ്രശ്‌നങ്ങളൊന്നുമില്ലെന്ന്. അവരുടെ സൗകര്യം കാത്തു നിന്നു. തന്റെ ചാര്‍ജ്ജ് റിപ്പോര്‍ട്ടിനെപ്പറ്റി അവരുമായി അല്പം സംസാരിക്കാനുണ്ടായിരുന്നു. പകല്‍ സമയത്തു അവരെ കിട്ടുകയില്ല. താനുറങ്ങിക്കഴിയുമ്പോഴായിരിക്കും അവര്‍ ആഫീസില്‍ നിന്നെത്തുക. അതുകൊണ്ട് അന്നു അല്പം വൈകി. ധൃതിയില്‍ നടന്നു റോഡ് ക്രോസു ചെയ്യുകയായിരുന്നു.
സ്‌പെന്‍സര്‍ ജംങ്ഷന്‍ റോഡ് അപകടത്തിനു പേരുകേട്ട സ്ഥലമാണ്. ശരാശരി ഒരപകടമെങ്കിലും ദിനം പ്രതി ഉണ്ടാകാതിരിക്കയില്ല. കാരണവുമുണ്ട്. ആ കവല വിസ്തൃതമാണെങ്കിലും അവിടത്തെ ആള്‍ത്തിരക്കിനെ ഉള്‍ക്കൊള്ളാന്‍ അതിനുപലപ്പോഴും കഴിയാതെവരുന്നു. കോളേജിന്റെ തെക്കുകിഴക്കേ ഗേറ്റ് അവിടേക്കു വിദ്യാര്‍ത്ഥികളെ ഒഴുക്കിവിടുന്നു. പാതിരിപ്പള്ളിയിലെ ഭക്തജനങ്ങളുടെ വികാര തീവ്രതയോടെയുള്ള മടക്കവും ആ ജംങ്ഷനിലൂടെ ത്തന്നെ. അക്കൗണ്ടാഫീസില്‍ നിന്നും ലേഡീസ് ഹോസ്റ്റലില്‍ നിന്നുമുള്ള ജനപ്രവാഹം ചില്ലറയല്ല. നാനാഭാഗങ്ങളില്‍ നിന്നുമെത്തുന്ന വാഹനങ്ങള്‍ അവിടെ ഒരു സന്ദിഗ്ധാവസ്ഥ സൃഷ്ടിക്കാറുണ്ട്. ഓട്ടോറിക്ഷയുടെ ശല്യം അക്കാലത്തില്ലായിരുന്നതൊരു ഭാഗ്യം. വടക്കുനിന്നും പടിഞ്ഞാറുനിന്നും വരുന്ന വാഹനങ്ങള്‍ കിഴക്കോട്ടു തിരിഞ്ഞു പോകുന്നത് അതുവഴിയാണ്. പലപ്പോഴും ട്രാഫിക്ക് കോണ്‍സ്റ്റബിളിന്റെ കണ്ണുതള്ളിപ്പോകാറുണ്ട്. ട്രാഫിക്ക് ഐലന്റിനു പോലും ചിലപ്പോള്‍ സ്ഥാനഭ്രംശം വന്നെന്നിരിക്കും. ആരെ കുറ്റം പറയാന്‍. മിനിസ്‌കോര്‍ട്ടും ലൂസ് ബോര്‍ഡീസും ധരിച്ച കൊഴുത്തു തടിച്ച കോളേജുബ്യൂട്ടികള്‍ ആകാര സൗഷ്ഠുവം വ്യക്തമാക്കും വിധം തേരാപ്പോരാ നിരങ്ങുന്ന നിരത്താണത്. അക്കൗണ്ടാഫീസില്‍ നിന്നുള്ള സൗന്ദര്യ ഘോഷയാത്ര ആരംഭിക്കുമ്പോളായിരിക്കും സെലക്ഷനെ ഉന്നംവച്ചുകൊണ്ട് തരുണന്മാരുടെ വരവ്. അംഗനകളെപ്രോത്സാഹിപ്പിക്കുന്ന നിരവധി ആര്‍ത്തിപൂണ്ട നയങ്ങള്‍ ലോഡ്ജിന്റെ വരാന്തകളില്‍ ഉഴറുന്നുണ്ടാകും. പൂവാലന്മാരും റോമിയോമാരും അപൂര്‍വ്വം ചില സര്‍ക്കാര്‍ ജീവനക്കാരും ട്രാഫിക്ക് നിയമങ്ങള്‍ ശ്രദ്ധിക്കാതെ വായ് നോക്കികളായി ഒറ്റക്കാലില്‍ നിലകൊള്ളുന്നുണ്ടാകും. ഡ്രൈവറന്മാരും കുഴപ്പത്തിലാണ്. അവര്‍ ബാറിലാണെങ്കില്‍ പറയാനുമില്ല. കൊതി പിടിച്ച കണ്ണുകള്‍ ഇറുക്ക വേഷങ്ങളില്‍ തത്തിക്കളിക്കുന്നതു കാരണം വാഹനങ്ങള്‍ വഴിയാത്രക്കാരന്റെ പുറത്തുതട്ടിയാകും ബ്രേക്കിടുക.
ബാലകൃഷ്ണന്‍ നായര്‍ ഈ വക ചാപല്യങ്ങളിലൊന്നും അപ്പോഴും കുട്ടങ്ങിയിരുന്നില്ല. എന്നിട്ടും വടക്കു നിന്നും പാഞ്ഞുവന്ന ഒരു ടാക്‌സിക്കാര്‍ അയാളെ തട്ടിത്തെറിപ്പിച്ചു. ആ പുതിയ അധ്യാപകനെ ചില വിദ്യാര്‍ത്ഥികള്‍ തിരിച്ചറിഞ്ഞു. വലിയ ആള്‍ക്കൂട്ടമായി. ടാക്‌സിക്കാരോടു പൊതുവേ അമര്‍ഷമുള്ളവരാണ് യാത്രക്കാര്‍. ഇതര നഗരങ്ങളെ അപേക്ഷിച്ച് അനന്തപുരിക്കു തന്നെ മാനക്കേടുണ്ടാക്കുന്ന തരത്തിലാണ് അവര്‍ ടാക്‌സിക്കൂലി ഈടാക്കുന്നത്. ഏതായാലും കരഗതമായ സന്ദര്‍ഭം ചില വിദ്യാര്‍ത്ഥികള്‍ പാഴാക്കിയില്ല. പാവം ഡൈവര്‍ കിട്ടിയതിരക്കട്ടെ എന്നു കരുതി ഒന്നും അറിയാത്ത ഭാവത്തില്‍ അധ്യാപകനെ ജനറലാശുപത്രിയിലാക്കി.
അധ്യാപകനു പരിക്കുകളധികം ഏറ്റിരുന്നില്ല. എങ്കിലും ഷോക്കുകാര്യമായുണ്ടായിരുന്നു. വിവരമന്വേഷിച്ചു വിദ്യാര്‍ത്ഥികളെത്തി. അവരില്‍ ഒരു വിദ്യാര്‍ത്ഥിനി തികച്ചും തകര്‍ന്ന നിലയില്‍ കട്ടിലിന്നരുകില്‍ നില്ക്കുന്നതു ബാലകൃഷ്ണന്റെ ശ്രദ്ധയില്‍പെട്ടു. ഒരു യുവസുന്ദരി. ചന്ദനത്തടിയില്‍ കടഞ്ഞെടുത്തതുപോലെയുള്ള ശരീര ഘടന. വെള്ളയും കറുപ്പും വര്‍ണ്ണ ഭംഗിയേകുന്ന നയന ദ്വയങ്ങളിലൂടെയുള്ള ശാലീനമായ നോട്ടം.
അദ്ദേഹം അതിനു മുമ്പും അവളെകണ്ടിട്ടുണ്ട്. യുഗങ്ങള്‍ക്കു മുമ്പു മുതല്‍ തന്നെയോ. അദ്ദേഹം ഓര്‍മ്മകളുടെ ഇതളുകള്‍ ഇളക്കിനോക്കി..... ചില സമീപ കാലസംഭവങ്ങള്‍... സ്വിമ്മിംഗ് പൂളിലെ കായിക വിനോദപ്രകടനങ്ങളില്‍ അത്ഭുതം സൃഷ്ടിക്കുന്ന ജലകന്യക... മിന്നലോട്ടക്കാരി ജലജ.
ജലജയുമായി തനിക്കു പരിചയമൊന്നുമില്ല. ചിലപ്പോഴെല്ലാം ലൈബ്രറിയിലെ ഗ്രനഥങ്ങളുടെ വിടവിലൂടെ കണ്ടിട്ടുണ്ടെന്നു മാത്രം. കാണുകമാത്രമായിരുന്നോ. നോക്കിയിരുന്നില്ലേ... കൗതുകത്തോടു കൂടി അവര്‍ നിന്നിമേഷനായി നോക്കി നിന്നിട്ടില്ലേ....
അതെല്ലാം വെറും തമാശയായി അദ്ദേഹം കരുതി. അവള്‍ യൂണിവേഴ്‌സിറ്റി കോള്ജിലെ വിദ്യാര്‍ത്ഥിനിയാണെന്നല്ലാതെ മറ്റൊന്നും അറിഞ്ഞിരുന്നില്ല. അറിയാന്‍ ശ്രമിച്ചിട്ടുമില്ല. ആ സ്‌പോര്‍ട്ട് താരമാണ്. തന്റെ കട്ടിലിനു സമീപം സജലനയനയായി നില്ക്കുന്ന ജലജ. അവളോടു മാത്രമായി ആ ചുറ്റുപാടില്‍ സംസാരിക്കുന്നത് ഉചിതമല്ലല്ലോ. എനിക്കു കുഴപ്പം വലുതായികട്ടൊന്നുമില്ല. അല്പം ഷോക്കുണ്ടായി. അത്രേയുള്ളൂ. ഒരു ദിവസത്തെ വിശ്രമത്തിനുശേഷം പോകാമെന്നാണ് ഡോക്ടര്‍ പറഞ്ഞത്. എല്ലാവരോടുമെന്നപോലെ, എന്നാല്‍ ജലജയെ സമാധാനിപ്പിക്കാനായി അവളെ നോക്കിക്കൊണ്ടു പറഞ്ഞു. തന്റെ നയങ്ങള്‍ അപ്പോഴവളെ തഴുകിയില്ലേ. അവള്‍ക്കു സമാധാനമായോ... എന്തോ. കുറച്ചു കഴിഞ്ഞ് അവളും നടന്നു പുറത്തുകടന്നു.
ബാലകൃഷ്ണന്‍ ആലോചിക്കുകയായിരുന്നു. അവള്‍ക്കും തനിക്കുമായിട്ടെന്താണു ബന്ധം. തമ്മില്‍ സംസാരിച്ചിട്ടില്ല. കണ്ടപ്പോള്‍ നോക്കിയിട്ടുണ്ടെന്നുമാത്രം. കാണാന്‍ ചന്തമുള്ള പെണ്ണ്. ബാലകൃഷ്ണനിലും ഏതെങ്കിലും ആകര്‍ഷണീയത അവള്‍ ദര്‍ശിച്ചിരിക്കും. അതോ പത്രമാസികളില്‍ പ്രത്യക്ഷപ്പെടാറുള്ള തന്റെ കവിതാശകലങ്ങളാണോ അവളെ ആകര്‍ഷിച്ചത്. പ്രേമത്തിന്റെ മധുരം കിനിയുന്ന ആ കവിതകള്‍ അവളെ ദുര്‍ബലപ്പെടുത്തിയിരിക്കാം.
തന്റെ ഹൃദയശലഭം ചാപല്യത്തില്‍പ്പെട്ട് സരിതാ പുഷ്പത്തെ ചുറ്റിപ്പറ്റി പറക്കുകയായിരുന്നു. ഇക്കാലമത്രയും. അവളെ ഒരു സഹോദരിയെപ്പോലെ കരുതിയിരുന്നു. മനസ്സു പിടിയില്‍ നിന്നും വഴുതിപ്പോകുന്ന അനുഭവമാണ് പിന്നീടുണ്ടായത്. തന്റെ ലക്ഷ്യ പ്രാപ്തിക്കു മാനസിക ദൗര്‍ബല്യം അപകടമാണെന്നു ധരിച്ച് മനസ്സിനെ കടിഞ്ഞാണിട്ടു നിയന്ത്രിച്ചു. ഉദ്യോഗം കിട്ടിക്കഴിഞ്ഞപ്പോള്‍ മാനസവാനരന്‍ പിന്നെയും ചപലത കാട്ടുകയായി.
ജയദേവന്റം ചിലവാക്കുകള്‍ ബാലനു ആശാലത നീട്ടിക്കൊടുത്തിരുന്നു. താന്‍ ഒരു പക്ഷേ തെറ്റിദ്ധരിച്ചതാകാം. സരിത തന്നെസ്റ്റേഹിക്കുന്നുണ്ടോ. വിശ്വസംവരുന്നില്ല. വിശ്വസിക്കാന്‍ യാതൊന്നും അവളില്‍ നിന്നുണ്ടായിട്ടുമില്ല. നോക്കിലും വാക്കിലും. എങ്കിലും പെണ്ണിന്റെ ഉള്ളിലിരുപ്പ് എന്തെന്നെങ്ങനെ അറിയും.
ബാലകൃഷ്ണന്‍ ജയദേവനെയോര്‍ത്തു. ഒരു മകനെയെന്നപോലെ സ്‌നേഹിക്കുകയും സഹായങ്ങള്‍ കൊണ്ടനുഗ്രഹിക്കുകയും ചെയ്ത ആ കരുണാമയനെ ഒരു വിധത്തിലും വേദനിപ്പിക്കുവാന്‍ പാടില്ല. അദ്ദേഹം പറയുന്നതുപോലെ പെരുമാറാനും തയ്യാറാണ്. ഇപ്പോഴിതാ മറ്റൊരു കിനാവിന്റെ മുകുളം വിടരുന്നു.
സേന്ഹമെന്നു പറയുന്നതെന്താണ്. മരീചികയാണോ. അതു അസ്ഥിരമോ. അതിന്റെ ആഴവും പരപ്പുമെങ്ങനെ. സുഖമുള്ള ചിന്തകള്‍. ചിന്തിക്കുന്തോറും തേന്‍ പുരട്ടിയ പദങ്ങള്‍ കുട്ടിക്കരണം മറിഞ്ഞെത്തുന്നു. കണ്ണെത്തുന്നിടമെല്ലാം സൗന്ദര്യമയം. ആരെയും സ്‌നേഹത്തോടെയല്ലാതെ കാണാന്‍ കഴിയുന്നില്ല. എന്തത്ഭുതകരമായ മാനസിക സവിശേഷതകള്‍.
അടുത്തദിവസം കോളേജിലെത്തിയപ്പോള്‍ ബാലകൃഷ്ണനെ സ്വീകരിക്കാന്‍ ആദ്യമെത്തിയത് ജലജ. അവളുടെ കണ്ണുകളില്‍ വികാരത്തിന്റെ പൂത്തിരികത്തിനിന്നിരുന്നു. കുങ്കുമക്കാറ്റ് അവളുടെ കവിളത്തു തലോടിയ പ്രതീതി. മുഖത്തു ഒരു പ്രത്യേക ചൈതന്യം കൂടുതലായി കാണുന്നില്ലേ. ഒരു പ്രകാശ വലയം അവളുടെ വദനത്തെ പ്രകാശമാനമാക്കുന്നില്ലേ. മാരിവില്ലിന്റെ നിറപ്പകര്‍ച്ച ആപൂങ്കവിളുകളില്‍ ആകര്‍ഷകമായ എന്തെന്തു നിറങ്ങള്‍ മിന്നിമറയുന്നില്ല. ആ കണ്ണകള്‍ക്കെന്തു പ്രകാശം. ചെറുതായി ചലിച്ചിരുന്ന അധരങ്ങളില്‍ മുന്തിരിച്ചാറു പുരണ്ടിരുന്നോ.
അവള്‍ അദ്ദേഹത്തെ തൊഴുതില്ല. മറന്നു പോയിരിക്കും. സായ്പിനെ കാണുമ്പോള്‍ കവാത്തു മറക്കുമ്പോലെ. അവള്‍ ഇമവെട്ടാതെ നോക്കിനിന്നു. എന്നിട്ട് തിരിഞ്ഞു നടന്നു. നിശ്ശബ്ദമായ വാചാലത. അവളുടെ ഹൃദയം തുടികൊട്ടുന്നതുപോലെ ഒരു തോന്നല്‍.
ആ കുട്ടി ഏതാണ്? അതറിയുവാനുള്ള താല്പര്യം നുരകുത്തിവന്നു. ആരോടു ചോദിക്കും. അല്ലെങ്കില്‍ എന്തിനു ചോദിക്കണം..... ചോദിക്കാതിരിക്കാനും പറ്റുന്നില്ല. അങ്ങനെ മനസ്സിനുള്ളിലെ വടംവലി കുറേനാള്‍ കൊണ്ടു നടന്നു.
ബാലന്‍ സാറേ! ആ കുട്ടിയുടെ ചേഷ്ടകള്‍ സാര്‍ ശ്രദ്ധിക്കാറുണ്ടോ?
ഒരിക്കല്‍ തന്റെ സഹപ്രവര്‍ത്തകന്‍ കൗതുകത്തിനു വേണ്ടി ചോദിച്ചു.
ഏതു കുട്ടിയുടെ കാര്യമാണു സാര്‍?
ബി.എ. ഹിസ്റ്ററിയിലെ ഈ.എം. ജലജ.
എന്താകാര്യം?
ഞാന്‍ കുറേ നാളായി ശ്രദ്ധിക്കുന്നു... സാറിനെ കാണുമ്പോഴെല്ലാം ആ കുട്ടി എന്തെന്നില്ലാതെ അസ്വസ്ഥയാകുന്നു. എന്തോ ഒരു പന്തികേട്. ആകെ ഒരു പതറിച്ച്. ആ കുട്ടിക്കു അനുരാഗ രോഗം വല്ലതു പിടിപെട്ടിരിക്കുമോ അതാണെന്റെ സംശയം.
സഹപ്രവര്‍ത്തകന്‍ ചിരിച്ചു.
ആ കുട്ടി ഏതാണു സാര്‍? സാറിനറിയാമോ?
അറിയാം... അതല്ലേ ഞാന്‍ ശ്രദ്ധിച്ചത്.
അവള്‍ എന്റെ ഒരു സുഹൃത്തിന്റെ സഹോദരിയാണ്. പ്രസിദ്ധ ശാസ്ത്രജ്ഞനായ ഡോ. ജയിംസിനെപ്പറ്റി കേട്ടിട്ടില്ലേ... പിതാവാണെങ്കില്‍ ഒരു ലക്ഷം പ്രഭൂ.
ഏതാണ് അവരുടെ സ്വദേശം?
കോട്ടയൂര്‍
കോട്ടയൂരോ? അപ്പോള്‍ ഞങ്ങള്‍ അയല്‍ക്കാരാണല്ലോ. ഏതായാലും കേള്‍ക്കട്ടെ അവളെ പ്പറ്റിയുള്ള വിവരങ്ങള്‍.
ബാലകൃഷ്ണന്‍ നായര്‍ ജി.ജ്ഞാസ പ്രകടിപ്പിച്ചു. അദ്ദേഹം സഹാധ്യാപകന്‍ പറയുന്നതു കേള്‍ക്കാല്‍ ചെവിതുറന്നിരുന്നു.
കോട്ടയൂരില്‍ മായാലോകം എന്നൊരുഗ്രാമമുണ്ട്. ഒരുയര്‍ന്ന പ്രദേശം. ഫലപുഷ്ടിയുള്ള മണ്ണും ആരോഗ്യകരമായ അന്തരീക്ഷവും. അധികം ആള്‍ താമസമില്ലാത്ത ഒരോഴിഞ്ഞ സ്ഥലം. അവിടെ നിന്നു നോക്കിയാല്‍ അങ്ങ് പടിഞ്ഞാറ് വേമ്പാനാടിനുമപ്പുറം ആര്‍ത്താലയ്ക്കുന്ന അലയാഴി. അലകടലിന്നരുകില്‍ പൊങ്ങുകയും താഴുകയും ചെയ്യുന്ന ചക്രവാളസീമകള്‍. നോക്കെത്താത്ത ദൂരത്തു പച്ചച്ച പുഞ്ചപ്പാടങ്ങള്‍ക്കു നടുവില്‍ നീണ്ടുകിടക്കുന്ന നിലഞരമ്പുകള്‍ പോലെ തോന്നിക്കുന്ന തോടുകളിലൂടെ നീങ്ങിയകലുന്ന തോണികള്‍. പൂര്‍വാംബരത്തിനു കീഴില്‍ നീലക്കോട്ട ചമയ്ക്കുന്ന മേഘത്തൊപ്പിയണിഞ്ഞ ഗിരിതലങ്ങള്‍.
മനോഹരമായ ആ പ്രദേശം ഒരു മായാലോകം തന്നെ. ആ കുന്നിന്റെ പടിഞ്ഞാറരുകില്‍ ഒരു വലിയ ഇരുനില മാളിക തലയുയര്‍ത്തി നില്‍ക്കുന്നുണ്ട്. തൊട്ടടുത്തുതന്നെ ഒരു പഴയ തടിക്കെട്ടിടം ആള്‍ താമസമില്ലാതെയും അവയുടെയെല്ലാം ഉടമസ്ഥന്‍ എണ്ണിക്കാട്ടു ബംഗ്ലാവില്‍ ഉതുപ്പുമാത്തച്ചന്‍ എന്ന പണക്കാരന്‍.
''എണ്ണിക്കാട്ടു ബംഗ്ലാവോ!''
ബാലകൃഷ്ണന്‍ നായര്‍ അത്ഭുതത്തോടെ ചോദിച്ചു.
''അതെ.... നരിപ്പാറ എസ്റ്റേറ്റും ആടിമല ആയിരപ്പറയും അദ്ദേഹത്തിന്റേതാണ്. ഏതാണ്ട അഞ്ഞൂറില്‍പ്പരം വര്‍ഷങ്ങളായി നിലനിന്നുവരുന്ന ഒരു ആഢ്യകുടുംബം.''
''അത്ര പഴക്കമുള്ള കുടുംബമോ!''
''അതേ.... കഥ ഞാന്‍ വിസ്തരിച്ചു പറയാം...''
ആ കുടുംബം വളരെ പ്രശസ്തമാണ്. ബിഷപ്പുമാരും ഭരണാധിപന്മാരും ആ കുടുംബത്തെ തേജോമയമാക്കിയിട്ടുണ്ട്... ഇതെല്ലാമുണ്ടെങ്കിലും ഒരു മറുവശം കൂടിയുണ്ടെന്നു ഓര്‍ക്കണം.
അതെന്താണ് മറുവശം.
മാത്തച്ചന്റെ എസ്റ്റേറ്റില്‍ ഒരിക്കലൊരു തൊഴിലാളി സമരമുണ്ടായി. ബോണസ്സിനുവേണ്ടി തൊഴിലാളികള്‍ രോഷത്തോടെ മുഴക്കിയ മുദ്രാവാക്യങ്ങളുടെ കൂട്ടത്തില്‍ ആ കുടുംബത്തിലെ ചില കൊള്ളരുതായ്മകളുടെ വിവരങ്ങളും ഉള്‍പ്പെട്ടിരുന്നു. മാത്തച്ചന്‍ നായാട്ടു കഴിഞ്ഞ് വിശന്നു ക്ഷീണിച്ച് ചെന്നെത്തിയ നേരത്താണ് ആ മുദ്രാവാക്യം കേട്ടത്!. മാത്തച്ചനെല്ലാം മറന്നു. ആ കാട്ടു രാജാവിന്റെ തനിനിറം പുറത്തുചാടി. മുദ്രാവാക്യം വിളിച്ചു കൊടുത്തവന്റെ നേരെ നിറയൊഴിച്ചു കൊള്ളാന്‍ കല്പനയായി. തൊഴിലാളികള്‍ ജീവനും കൊണ്ടോടി. വെടിയേറ്റു എത്രപേര്‍ മരിച്ചുവെന്നറിഞ്ഞുകൂടാ.
അന്വേഷണത്തില്‍ തെളിവുകളൊന്നും അവശേഷിച്ചതായി കണ്ടില്ല. കേസ്സുതേഞ്ഞുമാഞ്ഞുപോയി.
ആയിടയ്ക്കു മാത്തച്ചന്‍ ഭാര്യയുമായി കലഹിക്കാന്‍ ഒരു സന്ദര്‍ഭമുണ്ടായി. അദ്ദേഹത്തിനു വെറെയും ഭാര്യമാരുണ്ടത്രേ! എങ്കിലും ഡോ. ജയിംസിന്റെ അമ്മയ്ക്കു അതില്‍ പരാതിയില്ല. കുടിച്ചു ലക്കുകെട്ടു കാട്ടുന്ന കോപ്രായങ്ങള്‍ നിയന്ത്രിക്കുന്നതിലും ആ സാധ്വി പരാജയപ്പെട്ടു. അവര്‍ക്കു ഒരു പരാതിമാത്രമാണുണ്ടായിരുന്നത്. തന്റെ ഭര്‍ത്താവു ചെയ്യുന്ന തെറ്റുകള്‍ രഹസ്യമായിരിക്കുന്നില്ലെങ്കില്‍ തന്റെ കുഞ്ഞുങ്ങള്‍ക്കാണ് മാനക്കേട്. ആ മാനക്കേട് പ്രയോഗം തൊട്ടാണ് കലഹം ആരംഭിച്ചത്.
മാത്തച്ചനു മക്കളെ സ്‌നേഹമാണ്. അതുപോലെതന്നെ ഭാര്യയെയും. എന്നാല്‍ കലഹമാരംഭിച്ചപ്പോള്‍ മാത്തച്ചന്റെ തലയ്ക്കു മദ്യത്തിന്റെ മത്തുപിടിച്ചിരുന്നു. ഒന്നു പറഞ്ഞു-രണ്ടു പറഞ്ഞു. റിവോള്‍വറിലെ ഒരുണ്ട മോചനം നേടി. അവിടെയും അദ്ദേഹം തോറ്റില്ല. പണം മുന്നിലെത്തി. ജയിംസും പിതാവും തമ്മിലുള്ള അകല്‍ച്ചയുടെ ആരംഭം മാതാവിന്റെ ദുരന്തത്തില്‍ നിന്നു തുടങ്ങി. അയാള്‍ തന്റെ സഹോദരി ജലജയെ വൈഡബ്‌ളിയൂസിഎ ഹോസ്റ്റലില്‍ സ്ഥരതാമക്കാരിയുമാക്കി.
''ഓ... ഒരു വല്ലാത്ത കുടുംബമാണല്ലോ അത്.''
ഒരു ദീര്‍ഘ നിശ്വാസത്തിനുശേഷം ബാലകൃഷ്ണന്‍ നായര്‍ മൊഴിഞ്ഞു.
''അതേ. ബാലന്‍ സാറേ.... എന്നാല്‍ ജയിംസും ജലജയും വളരെ നല്ല കൂട്ടത്തിലാണ്.''
ബാലകൃഷ്ണന്‍ നായര്‍ അധികം ചോദ്യങ്ങള്‍ ഉന്നയിച്ചില്ല. പണത്തിന്റെ പിന്നിലെ സ്‌നേഹബന്ധത്തിന്റെ ആഴം അദ്ദേഹം അളന്നുനോക്കുകയാകാം. ഏതുനേരത്തും പൊട്ടിച്ചിതറാവുന്ന ബന്ധങ്ങള്‍. അല്ലെങ്കില്‍ തന്നെ മനുഷ്യബന്ധങ്ങള്‍ക്കു എന്തു സ്ഥിരത! എന്തു വില!
അന്നു രാത്രിയില്‍ ബാലകൃഷ്ണന്‍ നായര്‍ക്കു ഒരു പോള കണ്ണടയ്ക്കാന്‍ കഴിഞ്ഞില്ല. എങ്ങനെ ഉറങ്ങാന്‍ കഴിയും.! മനസ്സിനെ കശക്കുന്ന അനുഭവങ്ങള്‍! അടങ്ങാത്ത അലകടല്‍ പോലെ മനസ്സിലകിമറിഞ്ഞു. സ്‌നേഹത്തിന്റെ മാസ്മരശക്തി ഒരു വശത്തു. മനസ്സു ചാഞ്ചാടുകയാണ്.
സ്‌നേഹം സ്ഥിരമാണോ! സ്‌നേഹം അനശ്വരമാണെന്നു കവികള്‍ പാടിയിട്ടുണ്ട്. അതു സ്‌നേഹത്തിന്റെ വിശാലമായ അടിസ്ഥാനത്തില്‍ സ്‌നേഹമെന്ന ഗുണവിശേഷം അലൗകികമായിരിക്കാം.
വ്യക്തിഗതമായ സ്‌നേഹത്തിന്റെ നിലനില്‍പു ചില ഉപാധികള്‍ക്കു വിധേയമാണ്. ധനപരമായ കഴിവ് അതിലൊന്നാണ് പണമില്ലാത്തവന്‍ പിണമെന്നു പറയാറുണ്ട്. പണക്കാരന്‍ നിര്‍ധനനായാല്‍ പ്രേമം അതിന്റെ പാട്ടിനു പോകും. വീണ്ടും പണക്കാരനായാല്‍ അതു വീണ്ടും വലിഞ്ഞെത്തും. പണമില്ലാത്തവര്‍ക്കും പ്രേമമില്ലേ! ഉണ്ട്. അവിടെയും പട്ടിണിയും പ്രേമവും പ്രതിധ്വന്ദികളായാല്‍ പട്ടിണി ജയിക്കും. പ്രതികൂലമായ ചുറ്റുപാടുകളില്‍ പ്രേമത്തിന്റെ സ്ഫടികപാത്രം തകര്‍ന്നുപോകും. അപൂര്‍വ്വം ചിലതു രക്ഷപ്പെട്ടെന്നും വരാം. അതു പൊതുനിയമത്തിന്റെ പരിധിക്കു പുറത്തുള്ളതാണ്. അവിരാമമായ ചിന്തകള്‍ ബാലകൃഷ്ണനെ വരിഞ്ഞു മുറുക്കാന്‍ തുടങ്ങി. കണ്ണുകള്‍ ഇറുക്കിയടച്ചു കിടന്നു. ഇല്ല. നിദ്രപ്പെണ്ണു പിണങ്ങിക്കഴിഞ്ഞു. അവള്‍ അടുക്കാന്‍ കൂട്ടാക്കുന്നില്ല. വേണ്ട. ചിന്തയുടെ രഥത്തിലേറി കുറേക്കൂടി സഞ്ചരിക്കാം.
തന്റെ ചുറ്റുപാടുകളും ധനസ്ഥിതിയും പുനരവലോകനം ചെയ്തുനോക്കി. ഒന്നും തനിക്കനുകൂലമല്ല. നസ്രാണിപ്പെണ്ണിനെ ഹിന്ദുവിന്റെ കൂടെ താമസിപ്പിച്ചാല്‍ മതങ്ങള്‍ പൊറുക്കുമോ! ഹിന്ദുമതം അക്കാര്യത്തില്‍ ചില വിട്ടുവീഴ്ചകള്‍ക്കു തയ്യാറാകും. എന്നാല്‍ ക്രിസ്തുമതത്തിലാകട്ടെ സ്വീകരിക്കുവാനല്ലാതെ കൊടുക്കുവാന്‍ പറഞ്ഞിട്ടില്ല. ഒരു അവിശ്വാസിയുമായുള്ള വിവാഹബന്ധം ആലോചനപോലും അര്‍ഹിക്കുന്നില്ല. പണക്കാരന്റെ ബന്ധുത്വം തനിക്കു പറ്റുമോ! ഒരു അപകര്‍ഷത.
ബാലകൃഷ്ണന്‍ വിയര്‍പ്പില്‍ കുളിച്ചു. പാതിരാവിലെ കുളിര്‍ക്കാറ്റ് അദ്ദേഹത്തെ തഴുകികടന്നുപോയി. ഉറങ്ങാത്ത രാവുകളും പലതു ചിറകടിച്ചകന്നു.
പോസ്റ്റുമാന്‍ ഒരു കത്തുമായെത്തി. അമ്മയുടെ കത്ത്. തന്റെ ഗ്രാമത്തില്‍, എണ്ണിക്കാട്ടു തറവാടിന്റെ നഷ്ടശിഷ്ടത്തിന്റെ കോണില്‍ തലയൊളിക്കുന്ന എളിയ കുടുംബം പണികിട്ടിയ നാള്‍തൊട്ടു ആ കൂരയില്‍ എന്നും തീപ്പുക പൊങ്ങുന്നുണ്ട്. മകന്റെ ഉയര്‍ച്ചയ്‌ക്കൊത്തു അവിടെ ഐശ്വര്യവസന്തം നൃത്തംവച്ചു.
ആ കൊച്ചുപെണ്ണു വളര്‍ന്നു യുവതിയായി. തന്റെ കൊച്ചേട്ടന്‍ മാത്രമാണ് അവള്‍ക്കൊരു തുണ. വല്യേട്ടന്‍ നാടുവിട്ടതിനുശേഷം ഒരു വിവരവുമില്ല. ആവശ്യങ്ങളുടെ പട്ടിക നീളുകയാണ്. ബാലനും അവളെപ്പറ്റിവിചാരമുണ്ട്. എന്താണുപോംവഴി! ശമ്പള ബാക്കികൊണ്ട് അമ്മയും മകളും അല്ലലില്ലാതെ കഴിഞ്ഞുപോകുന്നു. എന്നെന്നും സഹോദരിയെ വീട്ടില്‍ നിറുത്താന്‍ പറ്റുമോ. ഒരാണ്‍ തുണ അവള്‍ക്കാവശ്യമുണ്ട്. ഒരു പരിധിവരെ മാത്രമേ സഹോദരനും പിതാവും ആ പെണ്ണിനാവശ്യമുള്ളൂ.
കോളേജ് ലക്ചററുടെ സഹോദരി. വലിയ വിദ്യാഭ്യാസമില്ല. ധനമില്ല. കുടുംബ പാരമ്പര്യം പറഞ്ഞിട്ടെന്തു ഫലം. പണമാണ് വലുത്. പണമുണ്ടെങ്കില്‍ കള്ളനും കൊലപാതകിയും കരിഞ്ചന്തക്കാരനും കള്ളക്കടത്തുകാരനും പണക്കാരനാകുമ്പോള്‍ എത്ര പെട്ടെന്നാണ്''കുലീന'' കുടുംബക്കാരനാകുന്നത്! കണ്‍മുമ്പില്‍ നടക്കുന്ന കാഴ്ചകളാണ് ഇതെല്ലാം.
ബാലകൃഷ്ണന്‍ നായര്‍ തലപുകഞ്ഞാലോചിച്ചു തന്റെ കാര്യം; തന്റെ സഹോദരിയുടെ കാര്യം. കണ്ടും പണത്തിന്റെ കരിമ്പാറയില്‍ത്തട്ടിത്തകരുമോ?
സരിതയെ താന്‍ സ്‌നേഹിച്ചു. പക്ഷേ, അതു ഏകപക്ഷീയമായിപ്പോയി. അതൊരു ആകാശപുഷ്പം പോലെ തോന്നുന്നു. പോകട്ടെ. ജലജയോ! അതും തഥൈവ. ഇനിയും തന്റെ സഹോദരിയുടെ കാര്യമെങ്കിലും നിറവേറിയിരുന്നെങ്കില്‍. അതിനെന്താണൊരു പോംവഴി!
തന്റെ രക്ഷിതാവായിരുന്ന ജയദേവന്‍ സാറിനെ കാണുവാന്‍ തന്നെ ബാലകൃഷ്ണന്‍ നായര്‍ തീരുമാനിച്ചു. ഇന്ന് അദ്ദേഹം തനിക്കു ജയമാനനല്ല. താന്‍ കോളേജ് വിദ്യാര്‍ത്ഥിയായിക്കഴിഞ്ഞപ്പോള്‍ തന്നെ'യജമാനന്‍' സംബോധനയെ അദ്ദേഹം വിലക്കി.
ജയദേവനെ കാണുവാന്‍ അടുത്തകാലത്തെങ്ങും ബാലകൃഷ്ണന്‍ പോയിട്ടില്ല. എന്തുകൊണ്ടു പോയില്ല എന്ന ചോദ്യത്തിനുത്തരമില്ല. അപകര്‍ഷതാബോധമാണോ കാരണം? തന്‍കാര്യം കഴിഞ്ഞപ്പോള്‍ ആശ്രയം ആവര്‍ത്തിക്കേണ്ടതില്ലെന്നും കരുതിയോ?
സുന്ദരനായ ആ ചെറുപ്പക്കാരന്റെ വേഷം പാന്റ്‌സും ഷൂസുമാണ്. ആ വേഷത്തില്‍ നടാടെയാണ് അവിടെ കയറിച്ചെല്ലന്നത്. ജയദേവന്‍ അപ്പോഴവിടെയില്ലായിരുന്നു. മാധുരി'വനിത'യും വായിച്ചു കൊണ്ട് വരാന്തയില്‍ ഇരിക്കുന്നു. ജയമാന-ആശ്രിതഭാവങ്ങള്‍ക്കു അപ്പോഴവിടെ സ്ഥാനമില്ലായിരുന്നു.
''ഹലോ.. ബാലാ... ആള് അകെ മാറിപ്പോയല്ലോ... ഈയിടെയെങ്ങും ഇങ്ങോട്ടു കണ്ടില്ലല്ലോ. എന്തുപറ്റി?
മാധുരി സുകുതം ചോദിച്ചു.
''കൊച്ചമ്മ പരിഭവിക്കരുത്... മനസ്സിനു നല്ല സുഖം തോന്നിയിരുന്നില്ല. എന്തെല്ലാം വിഷമതകള്‍! തന്റെ ദൈന്യത മറച്ചുപിടിക്കണമെന്ന് ബാലന്‍ ആഗ്രഹിച്ചതാണ്. സാധിച്ചില്ല. ആ'മാതൃ' സന്നിധിയില്‍.... ആ ദുര്‍ബല നിമിഷത്തില്‍ മനസ്സിലുള്ളതെല്ലാം അബോധം പറഞ്ഞു പോയി. 
''എന്താണ് ഇപ്പോഴും വിഷമതകള്‍?''
''ഇവിടുന്നു യാതൊന്നും അറിഞ്ഞിരിക്കയില്ല. ഞാന്‍ പറഞ്ഞിട്ടുമില്ല. എന്റെ കുടുംബം വളരെ പ്രസിദ്ധമാണ്. എണ്ണിക്കാട്ടു തറവാട്''.
''ങ്‌ഹേ.... എണ്ണിക്കാട്ടു തറവാടോ! അതു സരിതയുടെ അച്ചന്റെ കുടുംബമല്ലേ....?''
മാധുരി ആശ്ചര്യപ്പെട്ടു.
''എന്റെ കുടുംബം തിരുക്കൊടിയിലാണ്. അതു ഞങ്ങളുടെ നാട്ടിലെ ഏറ്റവും പുരാതനമായ കുടുംബവുമായി ഇന്നും അറിയപ്പെടുന്നു.''
''അദ്ദേഹത്തിന്റെ കുടുംബവും അവിടെ നിന്നും എട്ടു പത്തുമൈല്‍ തെക്കാണല്ലോ. വീട്ടുപേരിലെ ഈ സാദൃശ്യമെങ്ങനെയുണ്ടായി!''
''ഞാനും അത്ഭുതപ്പെടുകയാണ്. എന്തോ... എനിക്കൊന്നുണറിഞ്ഞൂ കൂടാ.... കാലത്തിന്റെ നിഗൂഢതകള്‍ വരുത്തിയ ഏതെങ്കിലും മറിമായം.''
''ഏതായാലും അദ്ദേഹം വരട്ടെ. വിവമറിയാമല്ലോ.''
ഗേറ്റില്‍ ഒരു ഹോണ്‍ കേട്ടു. ശബ്ദം തിരിച്ചറിഞ്ഞു. അദ്ദേഹമാണെന്നറിയാവുന്നതുകൊണ്ട് ബാലന്‍ എഴുന്നേറ്റു. ജയദേവന്‍ ഒരുപുഞ്ചിരിയുമായി കടന്നുവന്നു. തന്റെ മകനെ കാണുന്ന താല്പര്യത്തോടെ നയനങ്ങള്‍ കൊണ്ട് തഴുകി. 
''എന്താ ബാലാ... ഇങ്ങോട്ടുള്ള വഴി മറന്നുപോയോ! കാണാറില്ലല്ലോ''.
''അതല്ല സാര്‍..... മറക്കാനൊക്കുമോ!''
ബാലന്‍ തുടര്‍ന്നു പറഞ്ഞില്ല. വാക്കുകള്‍ തൊണ്ടയില്‍ അമര്‍ന്നു ഞെരിഞ്ഞു.
''ഇരിക്കൂ.... ഇതാ ഞാന്‍ വന്നു കഴിഞ്ഞു.''
അദ്ദേഹം അകത്തെ മുറിയിലേക്കു കയറിപ്പോയി.
പുറകേ മാധുരിയും. അല്പം കഴിഞ്ഞു രവി ഉമ്മറത്തേക്കു വന്നു. തന്റെ പഴയ ചങ്ങാതിയെ കണ്ടതില്‍ അവന്‍ ആഹ്ലാദഭരിതനായി. ബാലന്‍ അകത്തേക്കു ക്ഷണിക്കപ്പെട്ടു. കളക്ടറും ബാലനും ഒന്നിച്ചിരുന്നു ചായകുടിച്ചു.
''ക്ഷമിക്കണം..... എനിക്കു അത്യാവശ്യമായ ചില കാര്യങ്ങള്‍ അങ്ങയോടു പറയാനുണ്ട്.''
പൊയ്മുഖം കാണിക്കാന്‍ ബാലന്‍ ഇഷ്ടപ്പട്ടില്ല. മുഖവുര കൂടാതെ സാസംരം തുടര്‍ന്നു.
''അങ്ങേയ്ക്കു ജോലിത്തിരക്കില്ലെങ്കില്‍...''
''ജോലിത്തിരക്കുണ്ടായാലെന്ത്.... ബാലനു പറയാനുള്ളതു പറയാമല്ലോ.... പറയൂ.... എന്താണ് രഹസ്യമൊന്നുമല്ലല്ലോ... മാധുരിക്കും കേള്‍ക്കാമോ?''
ചായ ഊതികുടിച്ചുകൊണ്ടിരുന്നതിനിടയില്‍ അദ്ദേഹം ആരാഞ്ഞു. 
''രണ്ടു പേരും കേള്‍ക്കേണ്ടകാര്യമാണ്''.
ഭാര്യയും ഭര്‍ത്താവും അന്യോന്യം നോക്കി. ഇരുവര്‍ക്കും ഒരേ കാര്യത്തെപ്പറ്റിയാണ് സംശയമുണ്ടായത്. ബാലന്‍ ഏറെനാള്‍ അവിടത്തെ ഒരംഗമായിരുന്നു. സരിതയുമായി അടുത്തു പരിചയിച്ചിട്ടുമുണ്ട്. അവള്‍ ഇന്നൊരു വളര്‍ന്ന പെണ്ണാണ് ബാലന്റെ കാര്യമാണെങ്കില്‍ അന്തസ്സുള്ള ഒരു തൊഴിലും സുന്ദരനായ യുവാവ്. നല്ല സ്വഭാവം. 
ആ കുട്ടികള്‍ തമ്മില്‍ ആകര്‍ഷിക്കപ്പെട്ടിരിക്കുമോ!
സ്ത്രീയും പുരുഷനുമല്ലേ... പരിതസ്ഥിതിയാണ് പലതിന്റെയും സൂത്രധാരന്‍. മനസ്സിന്റെ ഗതി എങ്ങോട്ടെന്നു ഇതരര്‍ക്കു ഗണിച്ചറിയാന്‍ പറ്റുകയില്ല. ബാലന്‍ പറയാന്‍ തുടങ്ങുന്നത് എന്താണെന്ന് ആദ്യം കേള്‍ക്കട്ടെ. അവര്‍ കേള്‍ക്കാന്‍ കാതുകൂര്‍പ്പിച്ചിരുന്നു.
''പറയൂ.. കേള്‍ക്കട്ടെ.... എന്താണു കാര്യം?
എന്തായാലും പറയാന്‍ മടിക്കേണ്ട.
''എന്റെ കുടുംബസ്ഥിതിയും മറ്റു വിവരങ്ങളും അങ്ങയെ അറിയിച്ചിട്ടില്ല...''
''ഇപ്പോഴാണ് ഞാനൊരു കാര്യമോര്‍ത്തത്.. ബാലന്‍ പറഞ്ഞറിഞ്ഞതാണ്..... ബാലന്റെ വീട്ടുപേര്'എണ്ണിക്കാട്' എന്നാണത്രേ!''
മാധുരി ഇടയ്‌ക്കോര്‍മ്മിച്ചു.
''എന്ത്! എണ്ണിക്കാടെന്നോ... അതു എന്റെ കുടുംബപ്പേരാണല്ലോ.... നിങ്ങളുടെ വീട്ടുപേരും അതുതന്നെയോ?''
ജയദേവന്‍ സുകൂതം ആരാഞ്ഞു.
''അതേ സാര്‍.... ഇതു യാദൃശ്ചികമായിരിക്കാം. എങ്കിലും സത്യമതാണ്. യാദൃശ്ചിക സംഭവങ്ങള്‍ എന്തെല്ലാം നടന്നിരിക്കുന്നു.!''
അയാളുടെ ഹൃദയം വികാരവിജൃംഭിതമായി. സന്തോഷമോടെ അത്ഭുതമോ ബാലനെ നിരുക്ത കണ്ഠനാക്കി.
''എനിക്കു ആകെ ഉത്കണ്ഠയായിരിക്കുന്നു. എന്തോ ഒരു മൂടല്‍ മഞ്ഞ്! ഒരു അവ്യക്തത!''
ജയദേവന്‍ ഏറെനേരം ആലോചിച്ചിരുന്നു. ഒരു ഗവേഷകന്റെ ബുദ്ധി പ്രവര്‍ത്തിച്ചു തുടങ്ങുന്നതുപോലെ.
ബാലന്‍ തുടര്‍ന്നു-
''തിരുക്കൊടിയിലാണ് എന്റെ വീടെന്നു പറഞ്ഞിരുന്നു. ഇപ്പോള്‍ വീട്ടുപേരും വെളിപ്പെടുത്തി. അതൊരു പഴയ തറവാട്. ഒരു പഴയ കോട്ടയ്ക്കുള്ളിലാണ്- അതിന്റെ സ്ഥാനം. ഇന്നും ആ കോട്ടയുടെ അവശിഷ്ടങ്ങള്‍ അവിടെ ദൃശ്യമാണ്. എന്റെ അച്ഛനെക്കുറിച്ച് എനിക്കു നല്ല ഓര്‍മ്മയില്ല. ആ നായര്‍ തറവാട്ടില്‍ ഒടുവില്‍ സംബന്ധമായി വന്നത് ഒരു നമ്പൂതിരി. അന്നു കൂട്ടുകുടുംബമായിരുന്നു. ആ കുടുംബത്തില്‍ ആഭ്യന്തര കലഹങ്ങളുണ്ടായി. ഭാഗം മേടിച്ച് ഓരോരുത്തര്‍ പിരിഞ്ഞുപോയി. ആ ഘട്ടത്തിലാണ് നമ്പൂതിരി എന്റെ പിതാവായത്. പക്ഷേ, അദ്ദേഹം എന്റെ അച്ഛന്‍ ആയിരുന്നുവെന്ന് എനിക്കഭിമാനമില്ല. ഞാന്‍ അദ്ദേഹത്തെ'അച്ഛന്‍' എന്നു വിളിച്ചിട്ടുള്ളതായി ഓര്‍ക്കുന്നില്ല. ഞങ്ങള്‍'തിരുമേനി' എന്നാണ് സംബോധന ചെയ്യാറ്. അമ്മയും അങ്ങനെ തന്നെ. അതൊരു ഭാര്യാഭര്‍ത്തൃബന്ധമായിരുന്നുവോ-ആവോ! എന്റെ പിതാവിന്റെ മടിയില്‍ ഞാന്‍ ഒരിക്കല്‍ പോലും ഇരുന്നിട്ടില്ല. എന്റെ ഇളയ സഹോദരിക്കും ആ ഭാഗ്യമുണ്ടായിട്ടില്ല. ദുരിതങ്ങള്‍ ഞെരുക്കിക്കൊണ്ടിരുന്ന ഒരു അവസ്ഥ. മൂന്നു സന്താനങ്ങളെ എന്റെ അമ്മയ്ക്ക് നല്‍കിയിട്ട്, പട്ടിണി കാര്‍ന്നു തുടങ്ങിയ ആ കുടുംബം ഉപേക്ഷിച്ച് അദ്ദേഹം കടന്നുകളഞ്ഞു വേറെ താവളം തേടി. അന്നു എനിക്കു ആറേഴു വയസ്സുണ്ട്.''
കൂടുതല്‍ വിവരിക്കാന്‍ ബാലന്‍ വിമ്മിഷ്ടപ്പെടുന്നതായി തോന്നി.
''എന്റെ സഹോദരന്‍ നാടുവിട്ടുപോയ കാര്യം ഞാന്‍ പറഞ്ഞു കഴിഞ്ഞതാണ്. നിരാശനായി ഈ ലോകത്തോടു അങ്ങേയറ്റം വെറുപ്പോടും പകയോടും കൂടിയാണ് ചേട്ടന്‍ കഴിച്ചുകൂട്ടിയിരുന്നത്. പഠിച്ചിട്ടും തൊഴിലന്വേഷിച്ച് നരകിക്കേണ്ടിവന്ന അനുഭവം... ചേട്ടന്‍ പോകുന്നതിനു മുമ്പു അമ്പലത്തിലെ പൂജാരിയുമായി ചില രഹസ്യാലോചനകള്‍ നടത്തിയിരുന്നതായി അറിഞ്ഞു. ഈ വിവരമൊന്നും ചേട്ടന്‍ എന്നെ അറിയിച്ചിരുന്നില്ല. ഞാന്‍ പൂജാരിയോടന്വേഷിച്ചു. ചേട്ടന്‍ ഒരിക്കല്‍ നല്ലനിലയില്‍ തിരിച്ചു വരുമെന്നു മാത്രം അയാള്‍ പറഞ്ഞു. ചേട്ടന്‍ ഇപ്പോള്‍ ജീവിച്ചിരിപ്പുണ്ടോ എന്നു നിശ്ചയമില്ല. വീട്ടില്‍ പ്രായപൂര്‍ത്തിയായ ഒരു അനുജത്തിയും അമ്മയും മാത്രമേയുള്ളൂ. പഴയ നാലുകെട്ടും അറയും നിരയും കാവും കോവിലുമടങ്ങിയ ഒരു ചെറിയ പുരയിടമാണ് അവശേഷിച്ചിട്ടുള്ളത്.. ..... ഇനിയും.....''
അയാള്‍ എന്തോ ഓര്‍മ്മിപ്പിച്ചിട്ടെന്നപോലെ നിറുത്തി. അടുത്തതായി പറയാന്‍ പോകുന്നതെന്തെന്നറിയാന്‍ മറ്റുള്ളവര്‍ ജിജ്ഞാസുക്കളായി.
''അങ്ങയോടും കൊച്ചമ്മയോടും എനിക്കു ഒരപേക്ഷയുണ്ട്...''
''അപേക്ഷയോ...! ബാലന്‍ അപേക്ഷിക്കുന്നതെന്തിനാണ്.. ഒരു മകന്റെ സ്വാതന്ത്ര്യത്തോടെ പറയാമല്ലോ....''
''എന്റെ അനുജത്തി വിവാഹപ്രായമായി നില്‍ക്കുന്നു. ഞാന്‍ പട്ടണത്തിലും. വീടും പുരയിടവും കളഞ്ഞിട്ടു അവര്‍ ഇവിടെവന്നു താമസിച്ചാല്‍ തിരികെ ചെല്ലുമ്പോള്‍ ആരെങ്കിലും കയ്യേറിയെന്നിരിക്കും. അതുകൊണ്ട് അതു വില്‍ക്കാന്‍ ഒരു ശ്രമം നടത്തി. വാങ്ങിക്കാന്‍ ആരുമില്ല. കാവും കളരിയുമുള്ള തറവാടാണ് എന്ന തടസ്സത്തിലണ് ആരും വാങ്ങാത്തത്. എല്ലാവര്‍ക്കും അന്ധവിശ്വാസം.''
''വീടും വഴിയരുകിലാണോ...?'' എത്ര സെന്റുണ്ട്.''
മാധുരിയാമ് ചോദിച്ചത്.
''വാഹനങ്ങള്‍ അടുത്തുവരെ ചെല്ലും. നല്ല റോഡുണ്ട്. എല്ലാ സൗകര്യങ്ങളും... ഒഴിവുകാല വിശ്രമത്തിനു യോജിച്ചതായ ഒരുയര്‍ന്ന സ്ഥലമാണ്. ഒരേക്കറുണ്ടായിരുന്നു. പലരും അപരഹിച്ചെടുത്തു. അതിന്റെ ബാക്കി ഇരുപത്തിയഞ്ചു സെന്റുണ്ട്. ആ സ്ഥലം അങ്ങ് വിലയ്‌ക്കെടുത്തു എന്നെ ഒരിക്കല്‍ കൂടി സഹായിക്കണം. എന്നിട്ടുവേണം എന്റെ സഹോദരിയുടെ വിവാഹം നടത്താന്‍....''
ജയദേവന്‍ കുറേനേരം ആലോചിച്ചിരുന്നു.
''ഇരിക്കൂ ബാലാ.... ഞങ്ങളിതാ വരുന്നു. അല്പമൊന്ന് അലോചിക്കട്ടെ... ഇപ്പോള്‍ തന്നെ പറയാം.''
ജയദേവന്‍ തന്റെ ഭാര്യയുമായി അടുത്ത മുറിയിലേക്കു നടന്നു.
ഉത്കണ്ഠയില്‍ നീറ്റിയെടുത്ത നിമിഷങ്ങളില്‍ ചിലതുപൊടിഞ്ഞു വീണു. അദ്ദേഹം പറയാന്‍ പോകുന്ന മറുപടി എന്തായിരിക്കും! തന്റെ അനുജത്തിയുടെ ഭാവി അതിനെ ആശ്രയിച്ചിരിക്കും. കാര്യ നടക്കാതെ വന്നാല്‍ അവള്‍ എത്രകാലം മധുര സ്വപ്നങ്ങളുടെ തേന്‍കനികള്‍ നുണഞ്ഞിറക്കിക്കഴിയേണ്ടി വരും! അവള്‍ക്കും ചോരയും മജ്ജയുമുണ്ടെന്ന വസ്തുത വിസ്മരിക്കാവുന്നതല്ലല്ലോ.
ബാലകൃഷ്ണന്‍ നായര്‍ സെറ്റിയില്‍ നിന്നെഴുന്നേറ്റു. ഇരിക്കാന്‍ തോന്നുന്നില്ല. ഒരസ്വസ്ഥത സിരാപടലങ്ങളില്‍ വ്യാപിക്കുന്നതുപോലെ. അങ്ങകലെ വെണ്‍മുകിലുകളുടെ അപ്പൂപ്പന്‍ താടികള്‍ പറന്നു പറ്റി നില്‍ക്കുന്ന നീലമലകള്‍ ജന്നലിലൂടെ കാണാം. അയാളുടെ നയനങ്ങള്‍ കുന്നിന്‍തെറുകയിലൂടെ ഒഴുകിനടന്നു. കണ്ണെങ്ങും ഉറയ്ക്കുന്നില്ല. വീണ്ടും സെറ്റിയില്‍ ചെന്നിരുന്നു. ഷര്‍ട്ടിന്റെ തോള്‍ഭാഗം നനവിലൊട്ടിപ്പിടിച്ചു. തലയ്ക്കു മീതേ ഫാന്‍ കറങ്ങുന്നുണ്ട്. എന്നിട്ടും ഉഷ്ണിച്ചതുപോലെ ഷര്‍ട്ടിന്റെ മുന്‍ ബട്ടണ്‍ അഴിച്ചിട്ടു. നെഞ്ചിലേക്കു കാറ്റൂതിവിട്ട് ആശ്വാസം കണ്ടെത്താന്‍ ശ്രമിക്കുകയാണ്.
''എന്താ ബാലാ ഇരുന്നു മുഷിഞ്ഞോ?''
ഒരു ചെറു ചിരിയോടെ ജയദേവന്‍ ഉള്‍മുറിയില്‍ നിന്നിറങ്ങിവന്നു. കൂടെ മാധുരിയും.
''ഇല്ല സാര്‍... ഞാന്‍ ചിലതെല്ലാം ആലോചിച്ചിരുന്നു പോയി.''
''ഞങ്ങളുടെ തീരുമാനമറിയാന്‍ തിടുക്കമുണ്ടാകുമല്ലോ.''
''ഇല്ലാ.... എന്നാലും.''
''പറയാം. ഞങ്ങള്‍ക്കു അവിടെ ഒരു സ്ഥലം കിട്ടിയതുകൊണ്ട് പ്രയോജനമൊന്നുമില്ലെന്നു ബാലനറിയാമല്ലോ....''
''അപ്പോള്‍....?''
ബാലന്റെ ശ്വാസഗതി തടഞ്ഞതുപോലെ ഒരനുഭവം. ഫലം വിപരീതമാകുമോ!
''ധൃതിപ്പെടേണ്ട... ബാലനെ സഹായിക്കേണ്ടത് എന്റെ കടമയാണെന്നു ഞാന്‍ കരുതുന്നു. വെറുതേ സഹായിച്ചാല്‍ അതില്‍ ബാധ്യതയുടെ ചുവയുണ്ടാകും. അതുകൊണ്ട് ഞങ്ങള്‍ ഒന്നു തീരുമാനിച്ചു.''
''എന്താണു സാര്‍?''
അയാളുടെ കണ്ണുകള്‍ തിളങ്ങി ആശയുടെ നിഴലാട്ടം.
''ആ സ്ഥലം ഞങ്ങള്‍ വിലയ്‌ക്കെടുക്കാം എന്നതുതന്നെ. അമ്പലത്തിനടുത്തല്ലേ... അവിടെ ഒരു കെട്ടിടവും പണിതിട്ടേക്കാം. എന്നെങ്കിലും അതു പ്രയോജനപ്പെട്ടേക്കും.''
''വളരെ ഉപകാരം സാര്‍....''
കൃതജ്ഞതയുടെ സമ്മര്‍ദ്ദം കൊണ്ട് കരളിതളുകള്‍ കൂമ്പിപ്പോയതുപോലെ. നന്ദി പ്രകടിപ്പിക്കാന്‍ ബാലനു മടിയുണ്ട്. നന്ദിക്കുവേണ്ടിയല്ല ജയജേവന്‍ ഇതഃപര്യന്തം സഹായിച്ചിട്ടുള്ളതെല്ലാം. നന്ദി പ്രകടം അദ്ദേഹത്തിനു ഇഷ്ടമല്ലെന്നാണ് അനുഭവവും വ്യക്തമാക്കിയിട്ടുള്ളത്.
''എന്താണ് ബാലന്റെ പ്ലാന്‍?''
''അമ്മയും അനിയത്തിയും അനന്തപുരയില്‍ വന്ന് എന്റെ കൂടെ താമസിക്കണമെന്നാണ് ആഗ്രഹം. ഇവിടെയടുത്തു ഒരു വീടു വാടകയ്‌ക്കെടുക്കണമെന്നുണ്ട്. അതിനുശേഷം അനിയത്തിയുടെ വിവാഹം...''
''ആ ഐഡിയ കൊള്ളാം. നമുക്കൊരു കാര്യം ചെയ്യാം. പ്രമാണം പിന്നീടു നടത്താം. എത്രരൂപയാണ് ആവശ്യമെന്നു വച്ചാല്‍ വാങ്ങാന്‍ മടിക്കേണ്ട. മറ്റു കാര്യങ്ങളെല്ലാം ആലോചിച്ചു കൊള്ളൂ. അനുജത്തിക്കു വേണ്ട വരനെ അന്വേഷിച്ചുവോ?''
''ഒരാലോചനയുണ്ട്. അമ്മാവന്റെ മകന്‍. ഇതിനെപ്പറ്റി കൂടുതലായി ആലോചിക്കാന്‍ വീട്ടിലേക്കു ചെല്ലണമെന്ന് അമ്മയുടെ കത്തുണ്ടായിരുന്നു.''
''അങ്ങനെയോ? എന്നാല്‍ നാട്ടിലേക്കു പോകാന്‍ വൈകേണ്ട. എല്ലാം ഉറപ്പിച്ചിട്ടു പോന്നാല്‍ മതി.. .... എന്താ?''
''ഞാന്‍ നാളെത്തന്നെ പോകാം''
''ശരി.... അങ്ങനെയാകട്ടെ''
ബാലന്‍ സംതൃപാതി സ്ഫിരിക്കുന്ന ഒരു മന്ദഹാസത്തോടെ എഴുന്നേറ്റു. കരങ്ങളുടെ താമര മൊട്ടു കൂമ്പിനിന്നു. ഒരു ദീര്‍ഘനിശ്വാസം മോചനം നേടി..... ആശ്വാസത്തിന്റെ പ്രതീകം പോലെ. ബാലന്‍ നടന്നകന്നു.
ബാലന്‍ തന്റെ കണ്‍മുമ്പില്‍ നിന്നും മറയുന്നത് എന്തുകൊണ്ടോ അദ്ദേഹത്തിനു സഹിക്കാനാകുന്നില്ല. നടന്നു മറയുന്ന ബാലകൃഷ്ണനെ ത്തന്നെ. നോക്കി നില്‍ക്കുന്നതു അദ്ദേഹത്തിന്റെ പതിവാണ്. അവന്‍ തന്റെ ഒരംശമാണോ! കണ്‍മുന്നില്‍ നിന്നും മറഞ്ഞാലും ആ രൂപം മനോദര്‍പ്പണത്തില്‍ തെളിഞ്ഞുനില്‍ക്കും. രണ്ടു ജീവിതങ്ങളുടെ സാദൃശ്യമാണോ ബാലനിലേക്കുള്ള അടുപ്പത്തിന്റെ കണ്ണി. അതെന്തായിരുന്നാലും അദ്ദേഹത്തിന്റെ ചിന്ത ബാലനെപ്പറ്റിയായിരിക്കും.
സ്വന്തം പെങ്ങളെ വിവാഹം ചെയ്തയയ്ക്കാന്‍ പാടുപെടുന്നസഹോദരന്‍. സാമൂഹ്യാചാരമനുസരിച്ച് സ്വജാതിയില്‍ നിന്നു വേണമല്ലോ വരനെ തെരഞ്ഞെടുക്കേണ്ടത്. സ്വന്തം അമ്മാവന്റെ മകനാണെങ്കിലും അവനും കൊടുക്കണം സ്ത്രീധനം. ആദര്‍ശവും നിയമവും ഒരിടത്തു കിടക്കും. പണമില്ലെങ്കില്‍ പെണ്ണു വീട്ടിലിരിക്കും.
ജയദേവന്റെ ചിന്ത മറ്റൊരു വഴിക്കു തിരിഞ്ഞു. തന്നെ സംബന്ധിച്ചിടത്തോളം ജാതി ഒരു പ്രശ്‌നമായിരുന്നില്ല. സ്ത്രീധനവും അതുപോലെ തന്നെ. അന്നൊരിക്കല്‍ മാധുരിയെ താന്‍ ആദ്യമായി കണ്ട നിമിഷം ഇന്നും മനസ്സില്‍ പച്ചപിടിച്ചു നില്‍ക്കുന്നു. മനഃസ്വസ്ഥത എന്തെന്നറിയാത്ത ഒരു ഘട്ടമായിരുന്നു അത്.
മത്സര പരീക്ഷയെ ഒരു ജീവന്മരണ സമരം പോലെയാണ് ജയദേവന്‍ കരുതിയത്. ബുദ്ധിശക്തി അതിനുവേണ്ടി പരമാവധി ഉഴിഞ്ഞുവച്ചു. അലസതയും സുഖഭോഗങ്ങളുമായി സഹപാഠികള്‍ സമയംപോക്കിയപ്പോള്‍, വിശ്രമെന്തെന്നു താന്‍ അറിഞ്ഞില്ല. ഒരു കാലത്തു പ്രതാപത്തില്‍ കഴിഞ്ഞിരുന്ന പാരമ്പര്യമുള്ള തന്റെ തറവാടിന്റെ പുനഃപ്രതിഷ്ഠാ കര്‍മ്മം ഒരു ഉഗ്രലക്ഷ്യമായി താന്‍ കരുതി. കൈവന്ന സുവര്‍ണ്ണാവസരങ്ങള്‍ പാഴാക്കിയില്ല. അന്തസ്സായിത്തന്നെ ഐ.എ.എസ് പരീക്ഷ പാസ്സായി.
ജയദേവന്‍ നെടുതായൊന്നു നിശ്വസിച്ചു.
തന്റെ ജീവിതത്തെ കാര്‍ന്നിരുന്ന ദുരിതങ്ങള്‍ നീങ്ങിയിരുന്നില്ല. എങ്ങും വിലങ്ങുതടികള്‍! അസൂയയും ജാതിഭ്രാന്തും അകാരംപൂണ്ട രൂപങ്ങള്‍ അദ്ദേഹത്തെ തുറിച്ചുനോക്കി. തീയില്‍ കുരുത്തതു വെയിലത്തു വാടിയില്ല.
ജീവിതാനുഭവങ്ങളുടെ കയ്പുനീരുകുടിക്കുമ്പോഴും സമൂഹത്തില്‍ ഒരു പ്രത്യേകത അദ്ദേഹത്തിനു കാണാന്‍ കഴിഞ്ഞിരുന്നു. ചാതുര്‍വര്‍ണ്യം മയാ സൃഷ്ടമെന്നു ഭഗവാനെക്കൊണ്ടു ആണയിടീപ്പിച്ചാലും അവിവാഹിത യുവതികളുടെ ദൃഷ്ടിയില്‍ രണ്ടു ജാതികളേയുള്ളൂ മനുഷ്യര്‍ക്കിടയില്‍- ആണും പെണ്ണും. സമൂഹത്തിന്റെ സൃഷ്ടിയായ ജാതി അവര്‍ക്കൊരു പ്രശ്‌നമായിരുന്നില്ല. നിലയും വിലയും വിദ്യാഭ്യാസ യോഗ്യതയുമുള്ള വിജാതീയ യുവതികള്‍ സ്‌നേഹത്തിന്റെ മലരമ്പുകള്‍ അദ്ദേഹത്തിന്റെ നേരേ തൊടുത്തുവിട്ടിരുന്നു. അപ്പോഴെല്ലാം തന്റെ സ്മൃതി പഥത്തിലുണ്ടായിരുന്നതു തന്റെ കളിത്തോഴിയായിരുന്ന പങ്കിയാണ്. അവള്‍ സ്‌നേഹത്തിന്റെ പര്യായമായിരുന്നു. ആ സ്‌നേഹത്തിന്റെ നറുമലരുകള്‍ തന്റെമേല്‍ അര്‍പ്പിച്ചിട്ടു അവള്‍ കാലയവനികയ്ക്കുള്ളില്‍ തലയൊളിച്ചു. അവളുടെ സ്മരണയ്ക്കു മുന്നില്‍ രണ്ടു തുള്ളി കണ്ണീര്‍പ്പൂക്കള്‍ അര്‍പ്പിക്കുവാനേ തനിക്കിന്നു ആകുന്നുള്ളൂ.
കര്‍ത്തവ്യ കവചത്തിന്റെ നീതേ മദനന്റെ മലരമ്പുകള്‍ ഏശിയില്ല. സമൂഹത്തോടു തനിക്കൊരു കടമയുണ്ട്. തനിക്കു വിവാഹം ആവശ്യമാണ്. ആരോഗ്യമുണ്ട്. ആരോഗ്യമാണ് പുരുഷന്റെ സൗന്ദര്യം. നിലയുണ്ട് വിലയുണ്ട്. പ്രേമവിവാഹത്തിനു പറ്റിയ സാഹചര്യങ്ങളുമുണ്ട്. അന്തണപ്പെണ്‍കൊടികള്‍ പോലും തന്നെ മാരനായി വരിക്കാന്‍ തയ്യാറാണ്. എന്നാല്‍.... തന്റെ ചില സുഹൃത്തുക്കളുടെ കാലിടര്‍ച്ചമൂലം അവരെ അപഥസഞ്ചാരത്തിലേക്കു നയിച്ച അനുഭവങ്ങള്‍ തന്നെ അലോസരപ്പെടുത്തിയിരുന്നു. തന്റെ വര്‍ഗ്ഗത്തില്‍ നിന്നും ഉയര്‍ന്നുവന്ന അഭ്യസ്തവിദ്യരായ ചില യുവാക്കള്‍ ഉപരിവിഭാഗങ്ങളിലെ പെണ്‍കുട്ടികളുമായി പ്രേമത്തിന്റെ മായാവലയത്തില്‍ കുരുങ്ങിക്കിടന്നു കണ്ണുനീര്‍ കൂടിക്കുന്ന അനുഭവങ്ങള്‍ അസ്വസ്ഥതയുളവാക്കുന്നവയാണ്. ആ ദാമ്പത്യബന്ധങ്ങള്‍ പലതും ദുര്‍ബലമല്ലേ! ഭര്‍ത്താവിന്റെ ആള്‍ക്കാരെ അംഗീകരിക്കാന്‍ കഴിയാത്ത അംഗനമാര്‍! ഭര്‍ത്താവിന്റെ ദ്രവ്യം മാത്രം മോഹിക്കുന്ന മോഹനാംഗികള്‍! ഭര്‍ത്താവു മരിച്ചാല്‍ അയാളുടെ മൃതദേഹം പോലും ഏറ്റുവാങ്ങാന്‍ സന്മനസ്സു കാണിക്കാത്ത'അലൗകിക' പ്രേമബന്ധങ്ങള്‍!
ജയദേവനു ജാതിയുടെ അതിര്‍വരമ്പുകളില്ലായിരുന്നു. സങ്കരവിവാഹം പ്രോത്സാഹനമര്‍ഹിക്കുന്നതുമാണ്. അങ്ങനെയും ജാതിയുടെ നാരായവേരുകള്‍ക്കു കേടുവരുത്താം. എന്നാല്‍ കണ്ണടച്ചുള്ള മിശ്രവിവാഹം അപകടം സൃഷ്ടിക്കും. പെണ്ണിനുള്ളതുപോലെയോ അതിലുപരിയോ സാമ്പത്തിക സൗകര്യം, വിദ്യാഭ്യാസം, ഇതര ചുറ്റുപാടുകള്‍ എല്ലാമുള്ള പുരുഷന്മാര്‍ മിശ്രവിവാഹത്തിനു തയ്യാറായാല്‍ തകരാറില്ല. നേരേമറിച്ചുള്ളവ ഉന്നതശ്രേണിയിലെ പെണ്ണിന്റെ അടിമയെ സൃഷ്ടിക്കുവാനേ ഉതകൂ. മറിച്ചായാല്‍ അവളുടെ ബന്ധുക്കളുടെ പരിഹാസത്തിനു പാത്രമാകാതിരിക്കയില്ല. ഉപരിവര്‍ഗ്ഗ പുരുഷനും കീഴ്‌വര്‍ഗ്ഗ സ്ത്രീയും തമ്മിലുള്ള വിവാഹമാണ് അഭികാമ്യം.
ജയദേവന്റെ ചുറ്റുപാടുകളോ! തനിക്കു രക്തബന്ധമുള്ളവര്‍ ഇല്ലെന്നു തന്നെ പറയാം. ജില്ലാ ജഡ്ജി മാധവന്‍ നായരുടെ മകള്‍ സുനന്ദ കോളേജു വിദ്യാഭ്യാസ കാലത്തു ജയദേവനോടു അടുപ്പം കാണിച്ചിരുന്നു. അദ്ദേഹം അതില്‍നിന്നെല്ലാം ഒഴിഞ്ഞുമാറി. പക്ഷേ, അവള്‍ ഉറച്ചുതന്നെ നിന്നു. വരുംവരായ്മകള്‍ ബോധ്യപ്പെടുത്തി അവളെ പിന്‍തിരിപ്പിക്കാന്‍ കഴിവതു ശ്രമിച്ചു. എന്നിട്ടും അവള്‍ കാത്തിരുന്നു. അന്തമില്ലാത്ത കാത്തിരുപ്പ്!
സബ് കളക്ടറായി കഴിഞ്ഞിരുന്ന ജയദേവനെ സുനന്ദ വീണ്ടും കണ്ടുമുട്ടി. അവര്‍ അന്നു കോളേജ് ലക്ചററാണ്. എന്നിട്ടും പഴയ കോളേജ് വിദ്യാര്‍ത്ഥിനിയെപ്പോലെ തന്നെ സംസാരിച്ചുതുടങ്ങി.''കാലമെത്ര കഴിഞ്ഞു ജയാ.... എന്റെ മനോഗതി ഇനിയും മനസ്സിലായില്ലെന്നുണ്ടോ....''
''സുനന്ദേ... എനിക്കു സുനന്ദയെ ഇഷ്ടമാണ്. സ്‌നേഹമാണ്. ഒരു സഹോദരനായി അഭ്യുദയകാംക്ഷിയായി എന്നെ കരുതുക.... എന്തുകൊണ്ടാണെന്നു ഞാന്‍ പറഞ്ഞു കഴിഞ്ഞിട്ടുള്ളതാണ്. ഇനിയും അതാവര്‍ത്തിക്കണമോ.... പറയൂ.''
''അപ്പോള്‍ അങ്ങ് ഇന്നും കര്‍ത്തവ്യത്തില്‍ ഉറച്ചുനില്‍ക്കുന്നു!''
' 'അതെ.... കടമകളെ മാറ്റിവയ്ക്കാന്‍ പറ്റില്ലല്ലോ. പലതും തൃജിക്കേണ്ടതായി വന്നേക്കാം. ഇങ്ങനെയെല്ലാമാണെങ്കിലും ഒരു പെണ്ണിന്റെ ഹൃദയവ്യാപാരം അറിയാത്തവനല്ല ഞാന്‍..... പക്ഷേ......''
''അങ്ങയെ ഞാന്‍ കുറ്റപ്പെടുത്തുന്നില്ല. ഇന്നത്തെ സാമൂഹ്യനീതിയേ മാത്രമേ പഴിക്കുന്നുള്ളൂ.''
പാകത വന്ന ഒരു സ്ത്രീയുടെ സ്വരം.
''ഞാന്‍ സ്‌നേഹക്കുറവു കൊണ്ടു ഒഴിഞ്ഞു മാറുന്നുവെന്ന് ധരിക്കരുത്. എന്റെ സമൂഹത്തിന്റെ ഉത്തമ താല്പര്യത്തെ കരുതി, വ്യക്തിബന്ധങ്ങള്‍ക്കു അമിതപ്രാധാന്യം നല്‍കാതിരിക്കുന്നതില്‍ സുനന്ദ ക്ഷമിക്കണം. എന്റെ സന്തതികള്‍ വിജാതിയില്‍പ്പെട്ടവരുമായി വിവാഹബന്ധത്തില്‍ ഏര്‍പ്പെടുന്നതില്‍ എനിക്കെതിരില്ല. എന്നെപ്പോലെ, സാമൂഹ്യമായ ദുരിതങ്ങളനുഭവിക്കുന്ന ഒരു പെണ്‍കുട്ടിയുടെ കരംപിടിച്ചു കരകയറ്റാനാണ് ഞാന്‍ തീരുമാനിച്ചിരിക്കുന്നത്. നമുക്കു തമ്മില്‍ ശാരീരിക ബന്ധം അസാധ്യമാണെങ്കിലും സുനന്ദയുടെ സ്‌നേഹത്തിന്റെ കൈത്തിരി എന്നെന്നും എന്റെ ഹൃദയത്തിന്റെ ശ്രീകോവിലില്‍ പ്രകാശിച്ചു നില്‍ക്കും. സുനന്ദയുടെയും എന്റെയും കുട്ടികള്‍ തമ്മില്‍ നമ്മുടെ സമ്മതത്തോടു കൂടിത്തന്നെ വിവാഹിതരാകുന്നതില്‍ ഞാന്‍ അനുകൂലിയുമായിരിക്കും.''
സുനന്ദ ഒന്നും മിണ്ടിയില്ല. ജയദേവന്‍ ഹൃദയശൂന്യനാണെന്നു അവര്‍ക്കു തോന്നിയിട്ടില്ല. തന്റെ ആഗ്രഹം സ്വാര്‍ത്ഥതാ പ്രേരിതമായിരിക്കാം. അദ്ദേഹത്തിനു സ്വസുഖത്തേക്കാള്‍ വലുതു സമൂഹത്തിന്റെ താല്പര്യമാണ്. താന്‍ അതിനു എതിരായി നിന്നുകൂടാ. താന്‍ വിവാഹിതയാകണം. ജയന്റെ ആഗ്രഹം സാധിക്കുകയും വേണം. അവര്‍ ജയനെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചതുമില്ല.
ജില്ലാ കളക്ടറായ ജയദേവനെ കാണുവാന്‍ ഒരു യുവതി സ്വപിതാവിനോടൊപ്പം കളക്ടറേറ്റിലെത്തി. വില്ലാ ശിപായി അവരെ തടഞ്ഞു. ആഗതരുടെ നിറം കണ്ടപ്പോള്‍ തന്നെ ശിപായിക്കു പിടിച്ചില്ല. സര്‍ക്കാരിന്റെ ഉന്നത പീഠങ്ങളില്‍ ഇവരെപ്പോലുള്ളവര്‍ക്കെന്തു കാര്യമെന്ന ചിന്തയായിരിക്കണം മീശനരച്ച ആശിപായിയെ പിടികൂടിയത്. അവളുടെആവശ്യം നിസ്സാരമാണെന്നുകണ്ടപ്പോള്‍ പ്രവേശനാനുവാദം നിഷേധിക്കപ്പെട്ടു. അവര്‍ കേണു പറഞ്ഞപ്പോള്‍ ഒരു പിതാവുകൂടിയായ ആ കൊമ്പന്‍ മീശക്കാരനു മനസ്സിലാവുതോന്നി. കളക്ടറുടെ മുറിയിലേക്കു കയറുവാന്‍ ആ സ്ത്രീക്കു മാത്രം അനുവാദമുണ്ടായി. മുറിയുടെ പുറത്തു നടക്കുന്നതൊന്നും ജയദേവന്‍ അറിയുന്നില്ലല്ലോ. അവിടം വില്ലാശിപായിയുടെ സാമ്രാജ്യമാണ്. അവിടം പിന്നിട്ടു അകത്തു കയറിക്കൂടാനാണ് പാട്.
ജയദേവന്‍ ആ പെണ്‍കുട്ടിയെ ശ്രദ്ധിച്ചില്ല ഒരു സ്ത്രീകടന്നു വന്നു വെന്നു മാത്രം മനസ്സിലായി. അവളോടു ഇരിക്കാന്‍ പറഞ്ഞു. അവള്‍ മടിച്ചുനിന്നു. അനുസരണക്കേടാകുമെന്നു കരുതിയില്ല. അദ്ദേഹം തലയുയര്‍ത്തിനോക്കി. നല്ലതുപോലെ ശ്രദ്ധിച്ചു. സുന്ദരിയായ പെണ്‍കുട്ടി. ശാലീനമായ പ്രകൃതം. എണ്ണക്കുറുപ്പിനും മാരിവില്ലു നെയ്യുവാന്‍ കഴിവുണ്ടെന്നു നേരില്‍ കണ്ടപ്പോള്‍ തന്നെ മനസ്സിലായി. ഹൃദയമായ പെരുമാറ്റം. ആകര്‍ഷകമായ നോട്ടം. നീണ്ടകണ്ണുകളില്‍ പരല്‍ മീന്‍ പോലെ ചലിക്കുന്ന കറുത്ത കൃഷ്ണമണികള്‍. അധികം ചുരുളാത്ത കേശം, ഒതുങ്ങിയ ശരീരം. അഞ്ചടിപൊക്കം.
അവള്‍ ഒന്നും ഉരിയാടാതെ ഒരു കടലാസ് അദ്ദേഹത്തിന്റെ മുമ്പാകെ സമര്‍പ്പിച്ചു. ഒന്നോടിച്ചുനോക്കി. എം.എ. പാസ്സായ ഇരുപത്തി നാലുകാരി. ഉദ്യോഗ സമ്പാദനാര്‍ത്ഥം അപേക്ഷ അയയ്ക്കാന്‍ ഒരു സ്വഭാവ സര്‍ട്ടിഫിക്കറ്റ് അപേക്ഷാഫാറത്തില്‍ രേഖപ്പെടുത്തിക്കിട്ടണം. അതിനു കളക്ടറെത്തന്നെ സമീപിക്കണോ. ഏതെങ്കലും ഗസറ്റഡ് ആഫീസര്‍ പോരേ!
അവള്‍ പലഗസറ്റഡ് ആഫീസറന്മാരെയും സമീപിച്ചു. ഒന്നുകില്‍ അവളെ പരിചയമില്ല. അല്ലെങ്കില്‍ മറ്റൊരു ദിവസം ചെല്ലണം. മറ്റൊരു ദിവസം ചെല്ലുന്നതെന്തിന്. കൂടെ മറ്റാരും വേണ്ടമെന്നില്ലത്രേ. സുന്ദരിയായ പെണ്ണിനു സൗന്ദര്യം ആപത്താണ്. പ്രത്യേകിച്ച് ദലിതസ്ത്രീക്ക്.
അവള്‍ വിദ്യാവതിയായതുകൊണ്ട് അവരുടെ ഉന്നം അവള്‍ക്കജ്ഞാതമല്ല ഗവേഷകയുടെ പി.എച്ച്.ഡി. തീസ്സീസ്സില്‍ പതിയേണ്ട ഒപ്പിനു പ്രതിഫലമായി ഗൈഡിന്റെ മുന്നില്‍ ചാരിത്ര്യം സമര്‍പ്പിക്കണമെന്നു വന്നാല്‍. അവള്‍ പത്രങ്ങളില്‍ വായിച്ചിട്ടുള്ള വിവരങ്ങളാണ്.
കീറാമുട്ടികളൊന്നുമില്ലാതെ സര്‍ട്ടിഫിക്കറ്റു ലഭിക്കാന്‍ ജയദേവനെ സമീപിച്ചാല്‍ മതിയെന്നു അവള്‍ എങ്ങനെയോ അറിഞ്ഞു. സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റും കൊണ്ടു ചെല്ലണമെന്നേയുള്ളൂ. അദ്ദേഹം പ്രസിദ്ധനായിക്കഴിഞ്ഞ ഒരുദ്യോഗസ്ഥനാണ്. സാധ്യക്കളോടു കരുണയുള്ളവന്‍. സ്വഭാവശുദ്ധിയിലും കാര്യക്ഷമതയിലും ആരും കുറ്റം പറഞ്ഞു കേട്ടിട്ടില്ല.
ജയദേവന്‍ അവളുടെ എസ്.എസ്.എല്‍.സി ബുക്കു പരിശോധിച്ച ശേഷം സ്വഭാവ സര്‍ട്ടിഫിക്കറ്റ് എഴുതുവാന്‍ ഒരുങ്ങി. അപ്പോള്‍ ഒരു സംശയം അറിഞ്ഞുകൂടാത്ത കാര്യം എങ്ങനെ സര്‍ട്ടിഫൈ ചെയ്യും, എന്താണ് സ്വഭാവ സര്‍ട്ടിഫിക്കറ്റു കൊണ്ട് ഉദ്ദേശിക്കുന്നത്? അസ്സാന്മാര്ഗ്ഗം അട്ടിമറി രാഷ്ട്രീയം, കിമിനല്‍ കുറ്റങ്ങള്‍. ഈ വകകാര്യങ്ങള്‍ സ്വഭാവത്തിന്റെ പരിധിയില്‍ വരുകയില്ലേ? ഗുരുതരമായ കാര്യങ്ങളിലെങ്കില്‍ എല്ലാവരും സര്‍ട്ടിഫൈ ചെയ്യും. തന്റെ മുമ്പിലിരിക്കുന്ന മാധുരിയെന്ന ദലിത യുവതി സ്വഭാവ ശുദ്ധിയുള്ളവളാണെന്ന്, അങ്ങനെ അല്ലാതായാല്‍ മാത്രമേ സര്‍ട്ടിഫിക്കറ്റിനു അര്‍ഹമാകുകയുള്ളൂവെന്നു വന്നാല്‍! അദ്ദേഹം കുറേ നേരം ആലോചിച്ചിരുന്നു. എന്നിട്ട് സര്‍ട്ടിഫിക്കറ്റു രേഖപ്പെടുത്തി.
അവളോടു ഒന്നും മിണ്ടിയില്ലല്ലോ എന്ന ചിന്തയുണ്ടായി.
കുട്ടി ഇതിനു മുമ്പു ഉദ്യോഗത്തിനു അപേക്ഷിച്ചിട്ടില്ലേ.....
അപേക്ഷിച്ചിട്ടുണ്ട് ഒരിക്കല്‍........... അപ്രാവശ്യം കിട്ടിയില്ല. നല്ല ശ്രുതിമധുരമായ ശബ്ദത്തില്‍ അവള്‍ മറുപടി പറഞ്ഞു. അവളുടെ ശബ്ദ ഭംഗി അറിയുന്നതിനാണ് അദ്ദേഹം സംസാരിച്ചത്. അവളുടെ ശബ്ദം സ്വതേ ശ്രുതിമധുരമാണോ. ശബ്ദത്തിനു ഒരു മണിക്കിലുക്കമുണ്ടോ. അതോ അദ്ദേഹത്തിന്റെ തോന്നലാണോ?
അവള്‍ തൊഴുതിറങ്ങി പോകുന്നത് അദ്ദേഹം ശ്രദ്ധിച്ചു. തന്റെ പങ്കിയേപ്പോലൊരു പൈങ്കിളിപ്പെണ്ണ്.
അടുത്ത ദിവസം ഒരാള്‍ ഒരു മുന്നറിയിപ്പും കൂടാതെ മാധുരിയുടെ വീട്ടിലേക്കു കയറി ചെന്നു. ഒരു അപരിചിതന്‍. അവളുടെ പിതാവ് ആദ്യമൊന്നു സംശയിച്ചു. കാരണവുമുണ്ട്. പണക്കാരായ ചില മുഷ്‌ക്കന്മാരുടെ ശല്യം അവരെ വീര്‍പ്പു മുട്ടിച്ചുകൊണ്ടിരുന്നു. ദലിതരുടെ സ്വത്തിനും മാനത്തിനും ജീവനും സുരക്ഷിതത്വമില്ലാത്ത ചുറ്റുപാട്. ആള്‍ സ്വാധീനമുള്ളവര്‍ക്ക് എന്തുമാകാമെന്ന ഒരു അലിഖിത നിയമം.
എന്തുമാകട്ടെയെന്നു കരുതി. വീട്ടില്‍ വന്നു കയറിയ ആളല്ലേ... കുശലം പറയാതിരിക്കുന്നതെങ്ങനെ.
''അല്ലാ... മനസ്സിലായില്ലല്ലോ... ഇരുന്നാട്ടെ.'' മാധുരിയുടെ പിതാവ് ആഗതനു സ്വാഗതമോതി.
''ജില്ലാ കളക്ടര്‍ ജയദേവന്‍ സാറിന്റെ വീട്ടില്‍ നിന്നാ വരുന്നേ..... എന്റെ പേര് രവി.''
''പ്രത്യേകിച്ച്?''
''ഓ ഒന്നുമില്ല... ഒരു കാര്യം അന്വേഷിച്ചറിഞ്ഞു കൊണ്ടുചെല്ലണമന്ന് അദ്ദേഹം പറഞ്ഞയച്ചിരിക്കയാ....''
''എന്താകാര്യം?. ... പറയാമല്ലോ''
മറ്റൊന്നുമല്ല... ഈ കുടുംബത്തെപ്പറ്റിയുള്ള വിശദവിവരങ്ങള്‍.''
എന്തിനായിരിക്കുമോ?''
ജീവിതം കുറേ കണ്ടു കഴിഞ്ഞ ആ പിതാവില്‍ നേരിയ സംശയത്തിന്റെ മുകുളം കുമ്പിവന്നു.
''അതൊന്നും എനിക്കറിഞ്ഞുകൂടാ.... എങ്കിലും... നിങ്ങള്‍ക്കു ദോഷം വരുന്ന കാര്യത്തിനല്ലെന്നാ തോന്നുന്നേ.....''
ഇത്രയുമായപ്പോള്‍ മാധുരി രണ്ടു കപ്പുചായയുയമായി രംഗത്തെത്തി. അവളെകണ്ടപ്പോള്‍ തന്നെ ആഗതന്‍ മിഴിച്ചിരുന്നുപോയി. എന്തു ചന്തമുള്ള പെണ്ണ്. അദ്ദേഹത്തിന്റെ ഉദ്ദേശ്യം അവനു ഏതാണ്ടു പിടികിട്ടി.
അവര്‍ നല്കിയ വിവരങ്ങളുമായി അവന്‍ ജയദേവന്റെ അടുത്തെത്തി. ആശ്രിതനാണെങ്കിലും സ്വന്തക്കാരനെപ്പോലെയാണ്. കഴിയുന്നത്. കുറച്ചു സ്വാതന്ത്ര്യം അനുവദിച്ചിട്ടുണ്ടെന്നു തോന്നുന്നു.
''നീ പോയകാര്യം എന്തായി രവി?''
രവിയെന്ന പേര് ജയദേവനാണ് അവനു നല്കിയത്. അവന്‍ ഇന്നു പഴയ ദൈവത്താല്‍ അല്ല. ആ പേര് ഓതറി മല വിട്ടപ്പോഴേ അവന്‍ മറന്നു കഴിഞ്ഞു.
''എല്ലാം അന്വേഷിച്ചാ.... നല്ലൊരു കുടുംബം. വൃത്തിയും വെടിപ്പുമുള്ള ഓടിട്ട ഒരു ചെറിയ വീട്. അല്ലലില്ലാതെ കഴിയാനൊള്ള വഹയൊണ്ട്. ഒരു മോനും മോളും. മോന് മെഡിക്കക്കോളേജില് ആദ്യവര്‍ഷമാ...''
തുടര്‍ന്നുപറയാതെ അവന്‍ മൗനം അവലംബിച്ചു
''എന്താനിറുത്തിക്കളഞ്ഞത്? അറിഞ്ഞതെല്ലാം പറഞ്ഞു കൊള്ളൂ.''
ജയദേവന്‍ പ്രോത്സാഹിപ്പിച്ചു.
''അതുപറഞ്ഞാല്... അവര് നമ്മടെ ജാതിക്കാരല്ല. പരമ്പുനെയ്ത്തുകാരാ.''
''ഓ.... അതാണോ കാര്യം? അതെല്ലാം അവളുടെ സര്‍ട്ടിഫിക്കേറ്റു നോക്കിയപ്പോള്‍ ഞാന്‍ കണ്ടതാണല്ലോ.''
''അപ്പോ.... പ്പിന്നെ?''
രവി ബാക്കിപറഞ്ഞില്ല.
''അതു സാരമില്ല, നമ്മളും അവരുമെല്ലാം ഒരു ജാതിക്കാര്‍ തന്നെ. പലതാണെന്ന ധാരണയില്‍ ഇത്രയും നാള്‍ അകന്നു ജീവിച്ചിരുന്നതുകൊണ്ടുണ്ടായ വ്യത്യാസമേയുള്ളൂ. പലതാണെന്നു നാം കരുതുന്ന ജാതികളെല്ലാം ഒന്നാന്നെന്ന ചിന്താഗതി മനുഷ്യരുടെ മനസ്സില്‍ വേരൂന്നണം. ഈ വ്യത്യാസമൊന്നും കാര്യമാക്കാനില്ല.
ജയദേവന്‍ പറഞ്ഞതെല്ലാം ശ്രദ്ധിച്ചു കേട്ടതല്ലാതെ രവി ഒന്നും മിണ്ടിയില്ല അതൊന്നും അവനുദഹിക്കുന്നതായിരുന്നില്ല. എങ്കിലും അദ്ദേഹത്തിന്റെ ഇംഗിതം അതാണെങ്കില്‍ ഗുരുവായ്‌ക്കെതിര്‍വായില്ല.
നാനാജാതിമതക്കാരുടെ സാന്നിധ്യത്തില്‍ ജില്ലാകളക്ടര്‍ ജയദേവന്റെ വിവാഹം പൊന്‍കുന്നു ഹാളില്‍ വച്ചുനടന്നു.
അന്നത്തെ ഓരോ രംഗങ്ങളും ജയദേവന്‍ ഓര്‍ക്കുകയായിരുന്നു. തനിക്കു സ്ത്രീധനമോ ആഭരണമോ ഒന്നും പ്രശ്‌നമായിരുന്നില്ല. അതല്ല ബാലകൃഷ്ണന്‍ നായരുടെ സഹോദരിയുടെ പ്രശ്‌നം. അവര്‍ക്കു പാരമ്പര്യത്തിന്റെ കൂടുപൊളിച്ചു പുറത്തുകടക്കാന്‍ അസ്സാരം അഹിതമുണ്ട്.