"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, സെപ്റ്റംബർ 2, ബുധനാഴ്‌ച

സാമൂഹ്യനീതി പോരാട്ടവും അടിസ്ഥാന വര്‍ഗ്ഗ - ബഹുജന രാഷ്ട്രീയവും - തോമസ് മാത്യു ഐ.എ.എസ്.

തോമസ് മാത്യു
ഇന്ന് സാമൂഹ്യനീതി സംവരണവുമായി ബന്ധപ്പെട്ടാണ് മനസ്സില്‍ പതിയുന്നത്. മനുഷ്യ സമൂഹത്തിന്റെ നീതിബോധവും ഭരണകൂടം അനുവദിക്കുന്ന നീതിന്യായ വ്യവസ്ഥയും എപ്പോഴും വ്യത്യസ്തമാണല്ലോ.

സാമൂഹ്യനീതിബോധം കാലദേശ വ്യത്യാസ മനുസരിച്ച് വികസിച്ചുവെങ്കിലും അധികാര വ്യവസ്ഥകള്‍ എപ്പോഴും Status quo oriented ആയിരിക്കും. അതുകൊണ്ടാണ് ''ഏറ്റവും കുറച്ച് ഭരിക്കപ്പെടുന്ന രാജ്യമാണ് ഏറ്റവും മെച്ചപ്പെട്ട ജനാധിപത്യം'' എന്ന് ഗാന്ധിജി പറഞ്ഞത്. ''കമ്മ്യൂണിസത്തില്‍ ഭരണകൂടം കൊഴിഞ്ഞ് പോകും'' എന്ന് മാര്‍ക്‌സ് പറഞ്ഞപ്പോള്‍ ഡോ. അംബേദ്കര്‍ പറഞ്ഞത് ''സോഷ്യലിസം സ്ഥാപിക്കാന്‍ തൊഴിലാളി വര്‍ഗ സര്‍വാധിപത്യം അനിവാര്യമാണെങ്കിലും അത് ദീര്‍ഘകാലം തുടരാന്‍ പാടില്ല'' എന്നാണ്. ബുദ്ധ പൈതൃകമായ സാര്‍വ്വലൗകിക മൈത്രിയും ജനാധിപത്യത്തിലെ സാഹോദര്യവും സമത്വവും, സ്വാതന്ത്ര്യവുമായി കൂടിച്ചേരുമ്പോള്‍ ജനാധിപത്യ സാമൂഹ്യനീതി പ്രാപ്യമാകുമെന്നും അംബേദ്കര്‍ വിഭാവനം ചെയ്യുന്നു.

ബ്രാഹ്മിണിക്കല്‍ അധികാര വ്യവസ്ഥയെ തകര്‍ത്തെറിഞ്ഞ് ബഹുജന സമാജ് അധികാരം കയ്യാളിയാല്‍ മാത്രമേ സാമൂഹ്യനീതി പ്രാപ്യമാവൂ എന്ന് ബഹുജന രാഷ്ട്രീയം ഊന്നിപ്പറയുന്നു. സാമ്രാജ്യത്വ കുത്തക മുതലാളികളുടെ ശക്തികളില്‍നിന്ന് തൊഴിലാളി വര്‍ഗ്ഗം അധികാരം പിടിച്ചാല്‍ മാത്രമേ സാമൂഹ്യ നീതിയും ജനാധിപത്യവും സാധ്യമാവൂ എന്ന് കമ്മ്യൂണിസ്റ്റുകാര്‍ തറപ്പിച്ചു പറയുന്നു.

യഥാര്‍ത്ഥത്തില്‍ സാമൂഹ്യനീതി പോരാട്ടവും ജനാധിപത്യ പ്രസ്ഥാനവും വ്യത്യസ്ഥമായി കാണുന്നത് തന്നെ തെറ്റാണ്. അതിനാല്‍ ബഹുജന രാഷ്ട്രീയവും തൊഴിലാളി വര്‍ഗ രാഷ്ട്രീയവും നമ്മുടെ രാജ്യത്തെ അടിസ്ഥാന വര്‍ഗ്ഗ രാഷ്ട്രീയത്തിന്റെ രണ്ടു മുഖ്യധാരകളാണ്. സാമ്രാജ്യത്വ അഥവാ ആഗോളവല്‍കൃത കുത്തക മുതലാളിത്ത, ഭരണാധികാര തന്ത്രങ്ങളും, അടവുകളും നയപരിപാടികളും ഭരണ-മര്‍ദ്ദന-യുദ്ധ സംവിധാനങ്ങളും അതിസൂക്ഷ്മമായി കണക്കിലെടുത്തു മാത്രമേ, മനുഷ്യ സമൂഹത്തിന്റെ വിമോചന പോരാട്ടം രൂപകല്‍പ്പന ചെയ്യാന്‍ സാധിക്കൂ.

ഇന്ത്യന്‍ സാഹചര്യത്തില്‍ സോഷ്യലിസത്തിന്റെയും കമ്മ്യൂണിസ ത്തിന്റെയും അംബേദ്കര്‍ ചിന്തയുടെയും സമന്വയത്തിലൂടെയാണ് ജനാധിപത്യ വിപ്ലവത്തിന്റെ രീതി ശാസ്ത്രം ഉരു ത്തിരിയുന്നത്. നമ്മുടെ ഭരണഘടന വിഭാവനം ചെയ്യുന്ന പരിമിത ജനാധിപത്യം പോലും നിഷേധിക്കപ്പെടുക മാത്രമല്ല ആഗോള ഫാസിസവും ഇന്ത്യയിലെ പ്രാഗ് മുതലാളിത്ത വര്‍ണ്ണ-ജാതി ഫാസിസവും ചേര്‍ന്നുള്ള ഏറ്റവും ഭീകരവും മനുഷ്യ വിരുദ്ധവുമായ ഭരണ 'വികസന' വ്യവഹാരമാണിവിടെ അരങ്ങേറുന്നത്.

ഭൂമിയുടെയും അടിസ്ഥാന വ്യവസായങ്ങളുടെയും സാമൂഹ്യ ഉടമസ്ഥത എല്ലാ ജനാധിപത്യ പ്രസ്ഥാനങ്ങളും മുന്‍പോട്ട് വെയ്ക്കുന്നു. ആദിവാസികളുടെ ഭൂമി തട്ടിപ്പറിക്കുകയും ഭൂരഹിതര്‍ക്ക് ഭൂമി നിഷേധിക്കുകയും ചെയ്യുമ്പോള്‍ റ്റാറ്റായും ഗോയങ്കയും ഉള്‍പ്പെടെയുള്ള വന്‍ കുത്തകക്കാരും ഭൂമാഫിയകളും വന്‍തോതില്‍ കൃഷിഭൂമി കയ്യടക്കിയിരുന്നു. നെല്‍വയലുകളും തണ്ണീര്‍തടങ്ങളും നികത്തിയും സ്റ്റോണ്‍ ക്വാറിംഗും മരം മുറിക്കലും പരിസ്ഥിതി നശിപ്പിക്കുകയും പൊതുസ്വത്ത് കൊള്ളയടിക്കുകയും ചെയ്യുന്നത് ഭരണക്കാരുടെ ഒത്താശയിലാണ്.

വിദ്യാഭ്യാസവും ആരോഗ്യരക്ഷയും കച്ചവട വ്യവസായ മാക്കിയെന്നു മാത്രമല്ല ഭക്ഷണ പാനീയങ്ങളിലും പഴങ്ങളിലും പച്ചക്കറിയിലും മാത്രമല്ല മരുന്നുകള്‍ പോലും കൂടുതല്‍ വിഷലിപ്തമാവുകയാണ്. WTO-ASEAN കരാറുകള്‍ ഉള്‍പ്പെടെ കുത്തകകള്‍ക്ക് ചില്ലറ വ്യാപാരം തുറന്നു കൊടുക്കുന്നതുവരെയുള്ള കുത്തകവത്കരണ നയങ്ങള്‍ കര്‍ഷകരെയും ചെറു കച്ചവടക്കാരെയും തകര്‍ക്കുകയാണ്. വളമുള്‍പ്പെടെയുള്ള കാര്‍ഷിക സബ്‌സിഡി വെട്ടി കുറയ്ക്കുകയും കാര്‍ഷികോത്പ്പന്നങ്ങളുടെ പൊതു സംവരണ വ്യവസ്ഥ താറുമാറാവുകയും ചെയ്യുന്നു.

അസംഘടിത മേഘലയിലെ തൊഴിലാളികള്‍ മാത്രമല്ല, ഐ. ടി. പാര്‍ക്കുകളിലും സ്മാര്‍ട്ട് സിറ്റികളിലുമുള്ള പ്രൊഫഷണലുകള്‍പോലും സേവന-വേതന വ്യവസ്ഥകളില്ലാതെ വന്‍ചൂഷണത്തിന് വിധേയരാകുന്നു. സ്വകാര്യ സ്‌കൂളുകളിലെ അദ്ധ്യാപകര്‍, ആശുപത്രി ജീവനക്കാര്‍, കച്ചവടരംഗത്തെ തൊഴിലാളികള്‍ ഉള്‍പ്പെടെ വന്‍ വിഭാഗം മിനിമം വേതനമുള്‍പ്പെടെ തൊഴിലവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നവരാണ്. അന്യസംസ്ഥാന തൊഴിലാളികളുടെ കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ. സംഘടിത മേഖലയില്‍ നിലവിലിരുന്ന തൊഴിലവകാശങ്ങളും നിഷേധിക്ക പ്പെടുകയാണ്. ഇതിനെല്ലാം ഉപരിയായി തൊഴിലാളികള്‍ സാമൂഹ്യ വിരുദ്ധരുടെയും പോലീസിന്റെയും മര്‍ദ്ദനത്തില്‍ കൊല്ലപ്പെടുന്നത് ഭരണ സാമൂഹ്യ ഫാസിസ ത്തിന്റെ ജനങ്ങള്‍ക്കെതിരായ കടന്നാക്രമണമായേ കാണാന്‍ കഴിയൂ.

ഈ സാഹചര്യത്തിലാണ് സാമൂഹ്യ നീതിപ്പോരാട്ടം തൊഴിലാളികളുടെയും ഭൂരഹിത-ദരിദ്ര കര്‍ഷക വിഭാഗങ്ങളുടെയും മറ്റ് ബഹുജന വിഭാഗങ്ങ ളുടെയും മനുഷ്യാവകാശ-ജനാധിപത്യാവകാശ സമരങ്ങളുമായി സമരസ പ്പെടുത്തി വികസിപ്പിക്കേണ്ടത്. അടിസ്ഥാന വര്‍ഗ്ഗ ബഹുജന ശക്തികളുടെ ഐക്യം കൂട്ടായ സമര പോരാട്ടങ്ങളിലൂടെ വളര്‍ത്തിയെടുക്കേണ്ടതുണ്ട്.

താത്വികമായി പറഞ്ഞാല്‍ ഇത്തിക്കണ്ണി വര്‍ഗ്ഗങ്ങളല്ലാത്ത എല്ലാ അദ്ധ്വാന വര്‍ഗ്ഗ ബഹുദന വിഭാഗങ്ങളും ഉള്‍ക്കൊള്ളുന്ന രാഷ്ട്രീയ മുന്നണി കെട്ടിപ്പടുത്ത് കേരളത്തില്‍ രാഷ്ട്രീയാധികാരത്തിലേക്ക് വളരുകയാണ് നമ്മുടെ ലക്ഷ്യം.

അപ്രോച്ച്

രാഷ്ട്രീയാധികാരം എങ്ങനെ പിടിച്ചെടുക്കണം എന്ന കാര്യത്തില്‍ ബി.എസ്.പി. യു. പി.യില്‍ ചെയ്തതുപോലെ കേരളത്തില്‍ പ്രയോഗി ക്കാന്‍ ശ്രമിച്ചാല്‍ ഇടതുപക്ഷം സാധാരണമാണെന്ന് കാണാം. പക്ഷേ ഇടതുപക്ഷം വലതുപക്ഷം വ്യതിയാ നത്തിന്റെ ചെളിക്കുണ്ടില്‍ വീണിരിക്കുകയാണ്.

മുതലാളിത്ത ജീര്‍ണ്ണതയാണിന്ന് ഇടതുപക്ഷത്തെ നാശത്തിലേക്ക് നയിക്കുന്നത്. ഇന്ത്യയിലെ രാഷ്ട്രീയ-സാമ്പത്തിക വ്യവസ്ഥ ജാതിബോധ വ്യവസ്ഥയുമായി കെട്ടിപ്പിണഞ്ഞ് സാമ്രാജ്യത്വ ന്യൂ ഫാസിസവുമായി അണിചേര്‍ന്ന് സാമൂഹ്യ ഫാസിസമായിരിക്കുന്നു. ഇടതിനുള്ളിലെ ജനകീയ ശക്തികള്‍ വലതുപക്ഷത്തോട് കണക്കു തീര്‍ത്ത് ബഹുജന രാഷ്ട്രീയം മുന്നോട്ട് കൊണ്ടുപോകും എന്ന് പ്രതീക്ഷിക്കാന്‍ പ്രയാസമാണ്.

ഈ സാഹചര്യത്തില്‍ ഭരണ മുന്നണികള്‍ക്ക് പുറത്തുള്ള എല്ലാ ജനാധിപത്യ ശക്തികളെയും ഭിന്നിപ്പിക്കുകയെന്നതാണ്.

ഇത്തരം കൂടിച്ചേരലും ഐക്യവും കൂട്ടായ രാഷ്ട്രീയ ഇടപെടലും സാധിക്കണമെങ്കില്‍ ജനാധിപത്യ സോഷ്യലിസ്റ്റ് നിര്‍മ്മാണ പരിപാടിയും രാഷ്ട്രീയപ്രസ്ഥാനവും വളര്‍ത്തിയെടുക്കണം. അതിനുള്ള ഊര്‍ജ്ജവും ശക്തിയും ആശയവും വീക്ഷണവും ചിന്താരീതിയും വിപ്ലവ പരിവര്‍ത്ത നത്തിന്റെ രീതി ശാസ്ത്രവും അനുഭവസമ്പത്തും നമുക്കുണ്ട്.

നമുക്കൊന്നിച്ചു കൂടാം, ആലോചിക്കാം. ആത്യന്തിക ലക്ഷ്യം മുന്നില്‍വച്ചു കൊണ്ട് ഓരോ ചുവടും കൂട്ടായ്മയായി സമചിത്തതയോടുകൂടി മുന്നോട്ടുവയ്ക്കാം.

തോമസ് മാത്യു ഐ.എ.എസ്.
8547417923