"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, സെപ്റ്റംബർ 16, ബുധനാഴ്‌ച

നൂറിന്റെ വായന: പണ്ഡിറ്റ് കറുപ്പനും ജാതിക്കുമ്മിയും - രാജേഷ് കെ എരുമേലി

ഒരു സാഹിത്യകൃതി ചരിത്രത്തിലിടം നേടിയതും ചരിത്ര പരമായി വായിക്ക പ്പെടുകയും ചെയ്യുന്നത് അത് എന്ത് ദൗത്യം നിര്‍വ ഹിച്ചുവെന്നതിന്റെ അടിസ്ഥാനത്തില്‍ ത്തന്നെയാണ്. ജാതിവ്യവ സ്ഥയുടെ മൂര്‍ത്തമായ അവസ്ഥയെ തുറന്നുകാട്ടുന്ന നിരവധി കൃതികള്‍ മലയാള സാഹിത്യത്തില്‍ ഉണ്ടായിട്ടുണ്ട്. ചര്‍ച്ചകള്‍ക്കും വിശകലനങ്ങള്‍ക്കും അപനിര്‍മ്മി തികള്‍ക്കും പുതിയ കൃതികള്‍ രചിക്കാന്‍ പ്രേരിപ്പിക്കുന്നതിനും ഇടം നല്‍കിയ കുമാരനാശാന്റെ 'ദുരവസ്ഥ' 1922 ലാണ് പ്രസിദ്ധീകരിച്ച തെങ്കില്‍ അതിന് വര്‍ഷ ങ്ങള്‍ക്ക് മുമ്പ് കെ.പി. കറുപ്പന്‍ (പണ്ഡിറ്റ് കറുപ്പന്‍) എഴുതിയ കൃതിയാണ് ജാതിക്കുമ്മി. (1912) ഈ കൃതിക്ക് പാഠവും പാഠാന്തരവും വളരെകുറച്ചു മാത്രമാണുണ്ടായത്. കൃതി പുറത്തിറങ്ങി യതിന്റെ നൂറാം വാര്‍ഷികമാണിപ്പോള്‍. നവോത്ഥാന ചരിത്ര നിര്‍മ്മിതിയില്‍ അയ്യങ്കാളിക്കും പൊയ്കയില്‍ അപ്പച്ചനും ലഭിക്കാതെ പോയ ഇടം പോലെയാണ്, കേരളത്തിന്റെ ജാതിവിരുദ്ധ സാഹിത്യ ചരിത്ര പഠനത്തില്‍ കറുപ്പനും സഹോദരന്‍ അയ്യപ്പനും പുറത്ത് നില്‍ ക്കേണ്ടി വന്നത്. കുമാരനാശാന് പ്രാധാന്യം നല്‍കിയ നവോത്ഥാന പഠനം കറുപ്പനെ എന്തിന് പിന്തള്ളി എന്ന ചോദ്യമിവിടെ അവശേഷിക്കുന്നുണ്ട്. ശൈലി കൊണ്ടും സാമൂഹിക വിമര്‍ശ നത്തിന്റെ രാഷ്ട്രീയം ഉയര്‍ത്തുന്നു വെന്നതിനാലും ജാതിക്കുമ്മി പ്രാധാന്യ മര്‍ഹിക്കുന്ന കൃതിയാണ്. ജാതിവ്യവസ്ഥ രൂക്ഷമായി നില നിന്നിരുന്ന കാലഘട്ടത്തില്‍ എഴുതിയ കൃതി, നവോത്ഥാനം തുറന്നിട്ട പ്രവര്‍ത്തന ങ്ങള്‍ക്ക് തിരിച്ചടി നേരിടുന്ന സമകാലി കാവസ്ഥയില്‍ പഠന വിധേയ മാക്കുന്നത് എന്തിന് എന്ന ചോദ്യം പ്രസക്തമാണ്.

ശങ്കരാചാര്യരുടെ മനീഷാപഞ്ചകത്തോട് ബന്ധപ്പെടുത്തി ജാതിക്കുമ്മി കൂടാതെ മറ്റ് ചില കൃതികള്‍കൂടി ഉണ്ടായിട്ടുണ്ട്. ഇതില്‍ ഒന്നാമത്തേ തായി കണക്കാക്കുന്നത് വിവേകോദയം മാസികയിലൂടെ പുറത്തുവന്ന കുമാരനാശാന്റെ 'ഭാഷാമനീഷാ പഞ്ചക'വും രണ്ടാമത്തേത് കറുപ്പന്റെ 'ജാതിക്കുമ്മി'യും മൂന്നാമ ത്തേത് കുമാരനാശാന്റെ തന്നെ 'ദുരവസ്ഥ'യും നാലാമത്തേത് ഉള്ളൂരിന്റെ 'മാറ്' എന്ന കവിതയുമാണ്. ആശയ ആവിഷ്‌കാരങ്ങളുടെ കാര്യത്തില്‍ കൃതികളെല്ലാം വ്യത്യസ്ത നിലപാടു കളിലാണ് നില്‍ക്കുന്നതെ ങ്കിലും വിഷയം ഏകീകൃത അവസ്ഥയില്‍ സമന്വയിക്കുന്നുവെ ന്നതാണ് പ്രത്യേകത.

ജാതിക്കുമ്മിയും ജാതിവിരുദ്ധ സാഹിത്യവും 

ജാതിയില്‍ പിന്നാക്കക്കാരെന്ന് ബ്രാഹ്മണ്യം മുദ്രകുത്തിയ വരുടെ സാമൂഹിക പുരോഗതി ലക്ഷ്യം വെച്ചായിരുന്നു പണ്ഡിറ്റ് കെ.പി. കറുപ്പന്റെ പ്രവര്‍ത്തനങ്ങള്‍. കേരളത്തിന്റെ തീരപ്രദേശത്ത് മത്സ്യ ബന്ധനം തൊഴിലായി സ്വീകരിച്ചിരുന്ന അരയ (ധീവര) സമുദായ ത്തിന്റെ സാമൂഹികപരിഷ്‌ക്കരണത്തിന് പ്രാധാന്യം നല്‍കിയാണ് കറുപ്പന്‍ തന്റെ സാമൂഹിക പ്രവര്‍ത്തനം തുടങ്ങിയ തെങ്കിലും, ദലിത്, പ്രത്യേകിച്ച് പുലയവിഭാഗങ്ങളുടെ ഉയര്‍ച്ചയെ ലക്ഷ്യം വെച്ചും കറുപ്പന്‍ സാമൂഹിക പ്രവര്‍ത്തനം നടത്തി. ജാതി വ്യവസ്ഥ അതിന്റെ ഏറ്റവും ക്രൂരമായ ദംഷ്ട്രയോടെ അവര്‍ ണരുടെമേല്‍ ആക്രമണം നടത്തുന്ന കാലഘട്ടത്തിലാണ് ജാതിമര്‍ ദനത്തിനെതിരായി കറുപ്പന്‍ രംഗത്തു വന്നത്. ഫ്യൂഡലിസ ത്തിന്റെ വരവ് സാമൂഹികഘടനയില്‍ മാറ്റിപ്പണിയലുകള്‍ക്ക് വിധേയ മാകുകയും അയിത്ത ജാതിക്കുനേരെ ക്രൂരമായ ആക്രമണം അഴിച്ചു വിടുകയും ചെയ്തു. എഴുത്തിലൂടെ സമൂഹത്തെ ബോധവത്ക്കരിക്കു വാനാണ് കറുപ്പന്‍ സാഹിത്യ രചനകള്‍ നടത്തിയത്.

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തെ മൂന്നു ദശകങ്ങളിലാണ് (1900-1930) സാമൂഹിക പരിവര്‍ത്തനങ്ങളുടെ തീഷ്ണമായ അലയൊലികള്‍ കേരള ത്തിലുയര്‍ന്നത്. ഈ പരിവര്‍ത്തനങ്ങള്‍ക്ക് സാമൂഹിക നവോത്ഥാന പ്രവര്‍ ത്തനങ്ങളോടൊപ്പം സാഹിത്യരചനകളും വലിയ പങ്ക് വഹിച്ചിട്ടുണ്ട്. പ്രധാനമായും കവിതയായിരുന്നു ഈ രംഗത്ത് വലിയ പരിവര്‍ത്തനങ്ങള്‍ക്ക് മുഖ്യപ്രേരണ നല്‍കിയത്. സാമൂഹിക വ്യവസ്ഥയെ നിയന്ത്രിച്ചിരുന്ന ജാതിയെന്ന അധികാര കേന്ദ്രത്തെ വെല്ലുവിളിക്കുകയും ശക്തമായ പ്രതിരോധം സൃഷ്ടിക്കുകയു മായിരുന്നു ഇക്കാലത്തെ ഒട്ടുമിക്ക സോദ്ദേശ കൃതികളും. മുലൂര്‍ എസ്. പത്മനാഭപ്പണിക്കര്‍, കെ.പി. കറുപ്പന്‍, സഹോദരന്‍ അയ്യപ്പന്‍, പള്ളത്തു രാമന്‍ എന്നിവര്‍ കാലഘട്ടത്തെ സമരോത്സുകമാക്കി മാറ്റി. മലയാള സവര്‍ണ സാഹിത്യ നിരൂപക ഇടം ഇവരുടെ രചനകള്‍ പഠിക്കുന്നതിനും വിലയിരുത്തു ന്നതിനും നിരൂപണം ചെയ്യുന്നതിനും എക്കാലവും വിമുഖത കാട്ടുകയാണു ചെയ്തത്. കൃതിയുടെ പഠനത്തിനപ്പുറം ജാതിയുടെ ഭാവുകത്വത്തെയാണ് അവര്‍ ഉള്ളില്‍ കൊണ്ടുനടക്കുന്നത് എന്നതിന്റെ ഉദാഹരണമാണിത്. അവര്‍ണപക്ഷത്തുനിന്ന് ഉയര്‍ന്നുവന്ന എഴുത്തുകാ രനാണ് ജാതിവിരുദ്ധ നിലപാട് സ്വീകരിച്ചത് എന്നതും സവര്‍ണപ ക്ഷ എഴുത്തുകാര്‍ക്ക് സഹിക്കാന്‍ കഴിയാത്ത വസ്തുതയായിരുന്നു. കവിതയും സാമൂഹിക പരിവര്‍ത്തനവും ചര്‍ച്ചക്കെടുക്കുമ്പോള്‍ നവോത്ഥാ നത്തിനു ശേഷമുള്ള കേരളീയ സമൂഹത്തില്‍ ജാതിയും ജാതിഘടനയും എങ്ങനെ സ്വാധീനം ചെലുത്തുന്നുവെന്നത് പരിശോധി ക്കേണ്ടതുണ്ട്. പ്രത്യക്ഷ ത്തില്‍ ജാതിയെ മാറ്റിനിര്‍ത്തുകയും ജീവിത ത്തിന്റെ എല്ലാ ഘട്ടത്തിലും അസുഖകരമായി ജാതിയെ തലോടുകയും ചെയ്യുന്ന കപടമതേതര മുഖമാണ് കേരളത്തിന്റെ സമകാലികത അടയാളപ്പെടുത്തുന്നത്.


രാജേഷ് കെ എരുമേലി
ദേശീയതയെ ഉയര്‍ത്തിപ്പിടിച്ച് കറുപ്പന്റെ സമകാലികരായി പല കവികളും ആ കാലത്ത് രംഗത്ത് വരുന്നുണ്ട്. എന്നാല്‍ ഇവരൊന്നും ജാതിവിരുദ്ധരായിരുന്നില്ല. ബോധപൂര്‍വ്വം കവിതയെ സാമൂഹിക ചലനങ്ങളു മായി ബന്ധിപ്പിക്കാന്‍ ശ്രമിച്ചത് കറുപ്പനെപ്പോലെയുള്ള എഴുത്തുകാരായിരുന്നു. ധീവര സമുദായത്തിന്റെ സാമൂഹിക പ്രശ്‌നങ്ങളെ ആവിഷ്‌ക്കരിക്കുന്ന തിനൊപ്പം സവര്‍ണ ആക്രമ ണങ്ങള്‍ക്ക് എപ്പോഴും ഇരയായിരുന്ന പുലയരുടെ സാമൂഹികാവ സ്ഥയെക്കു റിച്ചും കറുപ്പന്‍ എഴുതി. ജാതിയുടെ സൂക്ഷ്മമായ ഇടപെടല്‍ സാമൂഹിക ജീവിതത്തില്‍ ആക്രമണം നടത്തുകയും സവര്‍ണാധി പത്യപ്രത്യയശാസ്ത്രം ധീവര, പുലയവിഭാഗങ്ങളുടെ മേല്‍ അധികാരം/മേല്‍ക്കോയ്മ സ്ഥാപിക്കുകയും ചെയ്യുമെന്ന് മനസ്സിലാക്കിയ കറുപ്പന്‍ അക്ഷരംകൊണ്ട് പ്രതിരോധം തീര്‍ക്കുക എന്ന മാര്‍ഗമാണ് സ്വീകരിച്ചത്. ജാതി വ്യവസ്ഥിതിയുടെ തടവറയില്‍ കഴിഞ്ഞിരുന്ന ജനതയെ അതില്‍നിന്നു വിമോചിപ്പിക്കു കയെന്നതായിരുന്ന കറുപ്പന്റെ ലക്ഷ്യം. നാരായണഗുരുവും അയ്യങ്കാളിയും സഹോദരന്‍ അയ്യപ്പനുമൊക്കെ നടന്നുപോയ വഴിതന്നെ യാണ് കറുപ്പനും തിരഞ്ഞെടുത്തത്. തന്റെ സമുദായത്തിന്റെ അഭിവൃദ്ധിക്കായി 1910-ല്‍ തേവരയില്‍ ''വാല സമുദായ പരിഷ്‌കാരിണി സഭ'' സ്ഥാപിച്ച് പ്രവര്‍ത്തനം നടത്താന്‍ കറുപ്പന്‍ തയ്യാറായി.ജാതിയെ ചോദ്യം ചെയ്ത മലയാളത്തിലെ ആദ്യ കവിതയാണ് ജാതിക്കുമ്മി. ശങ്കരാചാര്യരുടെ മനീഷാപഞ്ചകം എന്ന സംസ്‌കൃത കൃതിയുടെ ചുവടുപിടിച്ചെഴുതിയ ജാതിക്കുമ്മി ജാതി വ്യവസ്ഥയുടെ വഴികളെയെല്ലാം ചോദ്യം ചെയ്യുന്നവയാണ്. 

മനീഷാപഞ്ചകത്തിന്റെ ഉല്‍ഭവത്തെപ്പറ്റി അറിഞ്ഞിരുന്നാല്‍ മാത്രമേ ജാതിക്കുമ്മിയുള്‍പ്പെടെ കൃതികളുടെ വായന പൂര്‍ണമാകൂ. ഒരു ദിവസം നേരം വെളുത്ത സമയത്ത് ശങ്കരാചാര്യര്‍ ഗംഗാദിയില്‍ കുളികഴിഞ്ഞ് കാശിവി ശ്വനാഥക്ഷേത്രത്തിലേക്ക് പോകുന്നു. വഴിക്കുവെച്ച് അദ്ദേഹം ഒരു പറയനെ കാണുന്നു. (ശിവനാണ് വേഷപ്രച്ഛന്നനായി എത്തിയത് എന്നു കഥ) ശങ്കരാചാര്യര്‍, തീണ്ടലുണ്ടാകാതെ മാറിപ്പോകാന്‍ ആവശ്യ പ്പെടുമ്പോള്‍ ഒരു ചോദ്യം തിരിച്ചു വന്നു. ''എന്റെ ദേഹമാണോ ദേഹിയാണോ മാറിപ്പോകേണ്ടത്? ദേഹമാണ് മാറണമെങ്കില്‍ ഒരു കാര്യം മനസിലാക്കേണ്ടതുണ്ട്. അങ്ങയുടെ ദേഹം പഞ്ചഭൂത നിര്‍മ്മിതമാണ്. എന്റെ ദേഹവും അങ്ങനെ തന്നെയാണ്. ഈ അവസ്ഥയില്‍ മാറിപ്പോ കാന്‍ പറയുന്നതില്‍ എന്ത് അര്‍ത്ഥമാണുള്ളത്.'' ഇത് കേട്ടപ്പോഴാണ് ശങ്കരാചാര്യര്‍ക്ക് ബോധം (മനീഷ) ഉദിച്ചത്. ഇതില്‍നിന്നുമാണ് ശങ്കരാചാര്യന്‍ അഞ്ചു ശ്ലോകങ്ങളടങ്ങിയ 'മനീഷപഞ്ചകം' നിര്‍മ്മിച്ചതെന്ന് കരുതുന്നു.

മനീഷാപഞ്ചകത്തെ അടിസ്ഥാനമാക്കിയാണ് ജാതിക്കുമ്മി എഴുതിയ തെങ്കിലും കേരളത്തിലെ അക്കാലത്തെ സാമൂഹിക സാഹചര്യങ്ങള്‍കൂടി മുന്‍നിര്‍ത്തിയാണ് കറുപ്പന്‍ ഈ കൃതി എഴുതിയിരിക്കുന്നത്. ശങ്കരാചാര്യരും പറയനും തമ്മിലുള്ള സംവാദത്തില്‍നിന്നും ആരംഭിക്കുന്ന ജാതിക്കുമ്മി ജാതിയുടെ തീഷ്ണതയേയും അത്‌നിര്‍മ്മിച്ച അനാചാരങ്ങ ളേയും ചോദ്യം ചെയ്യുന്നുണ്ട്. അനാചാ രങ്ങള്‍ അമര്‍ച്ച ചെയ്യണമെന്ന് ആഹ്വാനം ചെയ്യുന്ന കറുപ്പന്‍ ജാതി ഊട്ടിയുറപ്പിക്കാന്‍ ശ്രമിച്ചവരെ രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്. ജാതിക്കു മ്മിയിലുള്ള പല ആശയ ങ്ങള്‍ക്കും ദുരവസ്ഥയിലെ ആശയങ്ങളുമായി സാമ്യം കണ്ടെത്താന്‍ കഴിയുന്നുണ്ട്. കേരളത്തിന്റെ കീഴാള സമൂഹങ്ങളിലെ പ്രബലരായ രണ്ട് വിഭാഗങ്ങളായ പറയരും പുലയരും ജാതിക്കുമ്മിയിലും ദുരവസ്ഥയിലും അടയാളപ്പെടുന്നു എന്നതു തന്നെ ഈ കൃതിയുടെ ചരിത്രപരമായ പ്രത്യേ കതയാണ്. ആധുനിക സാഹിത്യത്തില്‍ ജാതിവ്യവസ്ഥയെ എതിര്‍ത്ത് എഴുതപ്പെട്ട ആദ്യത്തെ കാവ്യം ജാതിക്കുമ്മി തന്നെയാണ്. മലയാള സാഹിത്യ ചരിത്രമെഴുതിയ പല എഴുത്തുകാരും കറുപ്പന്റെ ജാതിക്കുമ്മിക്ക് വലിയ പ്രാധാന്യം എന്തുകൊണ്ട് നല്‍കിയില്ല എന്ന ചോദ്യം പ്രസക്തമാണ്. മലയാള ത്തിലിറങ്ങിയ സാഹിത്യചരിത്രങ്ങള്‍ പരിശോധിച്ചാല്‍ ഈ വിടവ് കണ്ടെത്താന്‍ കഴിയും. കേരളത്തിന്റെ സാമൂഹിക സാംസ്‌ക്കാരിക മണ്ഡലത്തില്‍ സവര്‍ണ്ണത കെട്ടിപ്പൊക്കിയ നിരൂപണത്തില്‍ ജാതിക്കുമ്മി ഒഴിവാക്കപ്പെട്ടുപോയി എന്നത് ബോധ പൂര്‍വ്വം തന്നെയാണ്. മലയാളത്തിലെ ജനകീയ കാവ്യം എന്നുപോലും വിളിക്കാവുന്ന കൃതിയാണ് ജാതിക്കുമ്മി.

ശങ്കരാചാര്യരെപ്പോലുള്ളവര്‍ നിര്‍മ്മിച്ച സവര്‍ണമൂല്യങ്ങളുടെ മേല്‍ പറയന്‍ എന്ന കീഴാളബിംബങ്ങളെ ഉപയോഗിച്ച് ആക്രമിക്കുന്നുവെന്ന കാരണത്താല്‍ തന്നെയാണ് ജാതിക്കുമ്മി' മലയാള സാഹിത്യചരിത്രം പരിഗണിക്കാതെ പോയത്. ശങ്കരാചാര്യരുടെ സവര്‍ണയുക്തിയെ കടന്നാക്രമി ക്കുന്നതിനൊപ്പം കീഴാള സ്വത്വത്തെ പ്രതിഷ്ഠിക്കുകയും ചെയ്യുന്നുവെന്നതാണ് ജാതിക്കുമ്മിയുടെ പ്രത്യേകതയും അതിന് ഇടം ലഭിക്കാതെ പോയതിന്റെ മറ്റൊരു കാരണവും. 

ഇക്കാണും ലോകങ്ങളീശ്വരന്റെ
മക്കളാണെല്ലാമൊരു ജാതി
നീക്കിനിര്‍ത്താമോ സമസൃഷ്ടിയെ? ദൈവം
നോക്കിയിരിപ്പില്ലേ, യോഗപ്പെണ്ണേ? -തീണ്ടല്‍
ധിക്കാരമല്ലയോ ജ്ഞാനപ്പെണ്ണേ?

എന്ന വരിയില്‍ സവര്‍ണത സൃഷ്ടിച്ച ജാതിയുടെ യുക്തിയെയാണ് കറുപ്പന്‍ അവതരിപ്പിക്കുന്നത്. മനുഷ്യരെയെല്ലാം ഒന്നായി കാണാന്‍ ജാതിവ്യവസ്ഥയ്ക്ക് കഴിയില്ലെന്നാണ് കറുപ്പന്‍ ചൂണ്ടിക്കാട്ടുന്നത്. ജാതിക്കു മ്മിയുടെ വരികള്‍ ഏറ്റുചൊല്ലിയത് വര്യേണ പണ്ഡിത സദസ്സായിരുന്നില്ല. വള്ളം തുഴയുന്നവരും മീന്‍പിടിക്കുന്നവരും ചുമടെടുക്കുന്നവരുഉള്‍പ്പെടെയുള്ളവരായി രുന്നു.

മനീഷാപഞ്ചകത്തിലെ ആശയങ്ങളെ വിപുലനം ചെയ്താണ് ജാതിക്കുമ്മി യില്‍ കറുപ്പന്‍ അവതരിപ്പിച്ചിരിക്കുന്നത്.

വ്യത്യാസം ഗംഗയാട്ടേ, പറയനുടെ പഴം
ചോലയാട്ടേ വരുന്നോ-
മിത്രച്ഛായയ്ക്കു? മണ്‍പൊന്‍കുടമിവയിലെഴും 
വിണ്ണിനുണ്ടോ വികല്‍പം? 

ഇത് മനീഷാപഞ്ചകത്തിലെ വരികളാണ്. ഇത്തരത്തില്‍ ആശയങ്ങളെ വിപുലനം ചെയ്തിരി ക്കുകയാണ് കറുപ്പന്‍.

പൊന്‍കുടത്തണ്ണിയിലപ്രകാരം
മണ്‍കുടവാരിയുദരത്തിലും
പങ്കജബാന്ധവ ബിംബമുദിക്കുന്നു
തിങ്കളും കാണുന്നു യോഗപ്പെണ്ണേ-ഭേദ
മങ്കുരിക്കുന്നില്ല ജ്ഞാനപ്പെണ്ണേ (ജാതിക്കുമ്മി)

മനീഷാപഞ്ചകത്തില്‍ ഉള്‍പ്പെടാത്ത പല ആശയങ്ങളും ജാതിക്കുമ്മിയില്‍ കറുപ്പന്‍ അവതരിപ്പിക്കുന്നുണ്ട്. അക്കാലത്ത് ജാതിയുടെ അനുബന്ധമായി നിലനിന്നിരുന്ന തീണ്ടലിനെയും തൊടീലിനെയും കുറിച്ച് കറുപ്പന്‍ എഴുതുന്നുണ്ട്.

കാഷ്ഠം ഭുജിച്ചു നടന്നിടുന്ന
പട്ടിക്ക് ചാരേ നടന്നുകൊള്ളാം
കഷ്ടം! മനുഷ്യര്‍ക്ക് പാടില്ല എന്നുള്ള
ചട്ടം നിറുത്തേണ്ടേ, യോഗപ്പെണ്ണേ - നിങ്ങള്‍
ശിഷ്ടന്മാരല്ലയോ ജ്ഞാനപ്പെണ്ണേ!

ഇത്തരത്തിലുള്ള വരികള്‍ ജാതീയതയുടെ ക്രൂരത മനുഷ്യന്‍ കാട്ടിയിരുന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ്. ജാതിക്കുമ്മിക്കും ദുരവസ്ഥയ്ക്കും ചില സമാനതകളും കണ്ടെത്താന്‍ കഴിയുന്നുണ്ട്.

അന്ത്യജനായ പറയന്‍പോലും
വെന്തീഞ്ഞയിട്ടു വരുന്ന നേരം
എന്തേ വിലക്കാത്തു വെന്തീങ്ങ മാഹാത്മ്യം
ചിന്തിച്ചിട്ടാകയോ യോഗപ്പെണ്ണേ-എന്തൊ-
രന്ധവിശ്വാസങ്ങള്‍ ജ്ഞാനപ്പെണ്ണേ (ജാതിക്കുമ്മി)

ശങ്കരാചാര്യരെയും പറയദമ്പതികളേയും അവതരിപ്പിച്ചു കൊണ്ട് ആരംഭിക്കുന്ന ജാതിക്കുമ്മി ജാതിക്കെതിരായ ശക്തമായ നിലപാട് സ്വീകരിച്ചു എന്ന കാരണംകൊണ്ട് തന്നെ നിരൂപകര്‍ ചര്‍ച്ച ചെയ്യാന്‍ ഭയപ്പെട്ടു എന്നു പറയാം. അമ്മാനക്കുമ്മി എന്ന നാടോടി വൃത്തത്തില്‍ എഴുതിയ ജാതിക്കുമ്മി അഭിസംബോധന ചെയ്തത് കീഴാള സ്ത്രീകളെത്തന്നെയാണ്. കുമ്മിപ്പാട്ട് എന്ന രീതിയില്‍ ഈ കൃതി കര്‍തൃത്വപരമായി നിലപാട് സ്വീകരിക്കുന്നത് സ്ത്രീപക്ഷത്തോടാണ്. പുരുഷനിര്‍മ്മിതമായ വരേണ്യഭാഷയെ അട്ടിമറിക്കുന്നു എന്നതും ഈ കൃതിയുടെ സവിശേഷതയാണ്.

ജാതിവിരുദ്ധസാഹിത്യം മലയാളത്തില്‍

നവോത്ഥാന മൂല്യങ്ങള്‍ വെല്ലുവിളികളെ നേരിട്ടുകൊണ്ടിരിക്കുന്ന സമകാലിക അവസ്ഥയില്‍ ജാതിവിരുദ്ധതയേയും ജാതി ഉന്മൂലനത്തെയും തുറന്നു കാട്ടിയ കൃതികളുടെ പാഠ്യവും പഠനവും പ്രാധാന്യമര്‍ഹി ക്കുന്നുണ്ട്. ജാതി ഒരു യാഥാര്‍ത്ഥ്യമാണെന്നും അതിനെ ഉന്മൂലനം ചെയ്യുന്നത് വലിയൊരു സാമൂഹ്യവിപ്ലവമാണെ ന്നുമാണ് ജാതിവിരുദ്ധ സാഹിത്യം രചിച്ച നവോത്ഥാ നകാല എഴുത്തുകാരുടെ കാഴ്ചപ്പാട്. മലയാളത്തില്‍ വിരലിലെണ്ണാവുന്ന കൃതികള്‍ മാത്രമാണ് ജാതിവിരു ദ്ധതയും ജാതി ഉന്മൂലനവും മുന്നോട്ട് വെച്ചത്. നവോത്ഥാന നായകരെ ജാതിയുടെ വക്താക്ക ളാക്കുന്ന നവജാതിവാദികള്‍ക്ക് അവരുടെ കൃതികളെയും ജാതിയുടെ വലയത്തിനുള്ളില്‍ പൊതിഞ്ഞു വെക്കാനാണ് താല്‍പര്യം. പേരിന്റെ പുറകിലെ ജാതിവാലുകള്‍ മുറിച്ച നവോത്ഥാന കേരളത്തില്‍ പുതുതലമുറയില്‍ അവരറിയാതെ വാലുകള്‍ നിര്‍മ്മിച്ചു നല്‍കുന്ന മുതിര്‍ന്ന വിജ്ഞാനികള്‍ക്കും അവര്‍ നിര്‍മ്മിച്ച വാലില്‍ ജീവിതം അവസാനിപ്പിക്കുന്ന യുവതലമുറയ്ക്കും മുന്നില്‍ കേരളത്തില്‍ ജാതിവിരുദ്ധസാഹിത്യം എന്തെന്ന് ചോദിച്ചാല്‍ കണ്ടെത്താന്‍ കഴിയില്ല. ജാതി വിരുദ്ധത പറയുന്നതും ജാതിവിരുദ്ധ ഉന്മൂലന സമരത്തെക്കുറി ച്ചൊക്കെ പറയുന്നതും വലിയ പാതകമാണെന്നു കരുതുന്ന സാമൂഹിക വ്യവസ്ഥയില്‍ നവോത്ഥാ നകാല എഴുത്തുകാരുടെ ഇടം എവിടെയെന്നത് പരിശോധി ക്കേണ്ടതാണ്.

ജാതിയുടെ തിക്തവും ഏറ്റവും ബീഭത്സവുമായ അനുഭ വങ്ങള്‍ പലപ്പോഴും കൃത്യമായി അടയാളപ്പെടുത്തിരിയിക്കുന്നത് ദലിത്/കീഴാള എഴുത്തുകളിലാണ്. പ്രതിരോധത്തിന്റെയും ഭാഷയുടെയും കാര്യത്തില്‍ ഇത് വ്യത്യസ്തത പുലര്‍ത്തുന്നുണ്ട്. കവിതയുടെ കാര്യത്തില്‍ ജാതി വിരുദ്ധമായ എഴുത്തുകള്‍ കൂടുതല്‍ കടന്നു വരുന്നത് കണ്ടെത്താന്‍ കഴിയുന്നുണ്ട്. കവിതയും സാമൂ ഹിക പരിവര്‍ത്തനവും തമ്മിലുള്ള ബന്ധം സംബന്ധിച്ച് നിരവധി ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. ജാതിക്കെതിരായി മലയാള സാഹിത്യം പ്രത്യേകിച്ചും മലയാളകവിത സംസാരിച്ചു തുടങ്ങിയത് കറുപ്പന്റെയും മറ്റും കാലഘട്ടത്തോടെയാണ്. ഇതിനുമുമ്പ് വയല്‍പാട്ടുകളിലൂടെയും നാടന്‍പാട്ടുകളിലൂടെയും ജാതിവ്യ വസ്ഥയുടെ ക്രൂരതകള്‍ വിവരിക്കപ്പെട്ടിട്ടുണ്ട്. ഇവയെല്ലാം ജാതിവ്യവസ്ഥയ്ക്ക് പ്രതിരോധം സൃഷ്ടിച്ചിരിക്കുന്നത് പ്രധാനമായും പാട്ടിലൂടെയായിരുന്നു. നവോത്ഥാന നായകരില്‍ പലരും ജാതിക്കെതിരായി എഴുതിയിട്ടുണ്ടെ ങ്കിലും ജാതിയുടെ തീഷ്ണത സാധാരണ മനുഷ്യര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ബോധ്യപ്പെട്ടത് കറുപ്പനിലൂടെയും കുമാരനാശാനിലൂടെയുമായിരുന്നു.

കൊളോണിയല്‍ ആധുനികതയുടെ ഫലമായി കേരളത്തിലെത്തിയ മിഷിനറിമാര്‍ മത പരിവര്‍ത്തനത്തിലൂടെ ജാതിമേല്‍ക്കോയ്മയെ പ്രതിരോധിക്കാന്‍ ശ്രമിച്ച അതേ സമയത്ത് തന്നെ അയ്യങ്കാളിയും പൊയ്കയില്‍ കുമാരഗുരുവും (പൊയ്കയില്‍ അപ്പച്ചന്‍) ജാതിക്കെതി രായി പുരോഗമന നിലപാടുകള്‍ സ്വീകരിക്കുന്നുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടില്‍ പാശ്ചാത്യ വിദ്യാഭ്യാസം കേരളത്തില്‍ പ്രചരിച്ചെങ്കിലും 20-ാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളി ലാണ് ജാതിയുടെ ആക്രമണങ്ങള്‍ക്കെതിരെ സവര്‍ണ/അവര്‍ണ വിഭാഗത്തിലെ ചിന്തിക്കുന്നവര്‍ രംഗത്തു വന്നത്. മൂലൂര്‍, കറുപ്പന്‍, സഹോദരന്‍ അയ്യപ്പന്‍, പള്ളത്തു രാമന്‍ എന്നിവരാണ് ജാതിക്കെതിരെ തീഷ്ണമായ എഴുത്തുകള്‍ നടത്തിയത്. ജാതിവ്യവസ്ഥ ക്രൂരമായ അവസ്ഥയിലെത്തുമ്പോള്‍ നാരായണഗുരുവും ചട്ടമ്പി സ്വാമികള്‍ ഉള്‍പ്പെടെയുള്ളവരും ഇതിനെതിരെ രംഗത്തുവന്നു. 20-ാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍ ജാതിക്കെതിരെ സാമൂഹിക പ്രതിബദ്ധതയിലൂന്നിയ രചനയാണ് എഴുത്തുകാര്‍ നിര്‍വഹിച്ചത്. ആധുനിക കവിത്രയങ്ങളില്‍ ജാതിക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചത് കുമാരനാശാനാണ്. വിവേകോദയത്തിന്റെ പത്രാധിപത്യം വഹിച്ചുകൊണ്ട് ജാതിമേധാ വിത്വത്തിനും ജാത്യാചാ രങ്ങള്‍ക്കുമെതിരെ ശക്തമായ എഴുത്താണ് കുമാരനാശാന്‍ നടത്തിയത്. നവോത്ഥാന ആശയങ്ങള്‍ ഉള്‍ക്കൊള്ളാനും പ്രചരിപ്പിക്കാനും ആശാന്‍ കവിതയിലൂടെ ശ്രമിക്കുന്നുണ്ട്. ദുരവസ്ഥ, ചണ്ഡാലഭിക്ഷുകി എന്നീ ഖണ്ഡകാവ്യങ്ങളും, ശ്രീബുദ്ധചരിതം എന്ന വിവര്‍ത്തന കൃതിയും ഒരു തീയക്കുട്ടിയുടെ വിചാരം, അഹിംസ, ഭാഷാമനീഷ പഞ്ചകം (വിവര്‍ത്തനം) ഗുരു തുടങ്ങിയ കൃതികളും ജാതിക്കെതി രായ രചനകള്‍ തന്നെയായിരുന്നു.

വള്ളത്തോളും ഇക്കാലത്ത് ജാതിക്കെതിരായി എഴുതിയിട്ടുണ്ട്. ജാതിപരമായ ഉച്ചനീചത്വങ്ങള്‍ അവസാനിപ്പിക്കല്‍, സര്‍വമത സാഹോദര്യം തുടങ്ങിയ കാഴ്ചപ്പാടാണ് അദ്ദേഹം മുന്നോട്ട് വെച്ചത്. ശുദ്ധരില്‍ ശുദ്ധന്‍, ജാതിപ്രഭാവം തുടങ്ങിയ കവിതകള്‍ ജാതിക്കെതിരായ നിലപാടെടുത്തതാണ്. കവിത്രയങ്ങളുടെ കൂട്ടത്തില്‍ ഉള്ളൂരും ജാതിയുടെ തീഷ്ണത വരച്ചുകാട്ടിയിട്ടുണ്ട്. വിചാരധാര, പ്രഭാതഗാഥ, എന്റെ സ്വപ്നം എന്നിവ ഇതില്‍ പ്രധാനമാണ്. നിലവിലുണ്ടായിരുന്ന ജാതിവ്യവസ്ഥിതിക്കും ജാത്യാചാരങ്ങള്‍ ക്കുമെതിരെയാണ് ഈ കവികള്‍ എഴുതിയത്. ജാതിക്കെതിരെ നിരവധി എഴുത്തുകാര്‍ രംഗത്ത് വരുന്നുണ്ടെങ്കിലും ശക്തമായ ഭാഷയില്‍ രചനകള്‍ നിര്‍വഹിച്ചത് കറുപ്പനും സഹോദരനും ആശാനുമുള്‍പ്പെടെയുള്ളവരായിരുന്നു. സാമൂഹിക പരിഷ്‌കരണപ്രസ്ഥാനങ്ങളും ദേശീയ പ്രസ്ഥാനവുമൊക്കെ ശക്തിപ്രാപിക്കാന്‍ തുടങ്ങിയതോടെയാണ് സവര്‍ണരായ എഴുത്തുകാര്‍ വരെ ജാതിക്കെതിരെ രംഗത്ത് വന്നത്. തീണ്ടല്‍, തൊടീല്‍ തുടങ്ങിയ അനാചാരങ്ങള്‍ക്കെതിരെ നിരവധി എഴുത്തുകാര്‍ രംഗത്തു വന്നു. സ്ത്രീകള്‍ വലിയ സാമൂഹിക അസമത്വം അനുഭവിച്ചിരുന്നതിനാല്‍ സ്ത്രീവിമോചനത്തിന്റെ പ്രശ്‌നമുന്നയിച്ചും രചനകളുണ്ടായി.

നാരായണഗുരു മുന്നോട്ടു വെച്ച ജാതിവിരുദ്ധചിന്തകളാണ് മൂലൂരിനെ സ്വാധീനിച്ചത്. ഈ ആശയങ്ങള്‍ പ്രചരിപ്പിക്കുവാനും മൂലൂര്‍ തയ്യാറായി. 1885-ല്‍ ജനിച്ച പണ്ഡിറ്റ് കറുപ്പന്‍ സംസ്‌കൃത വിദ്യാഭ്യാസത്തിനു ശേഷമാണ് തുടര്‍ വിദ്യാഭ്യാസത്തിന് കൊടുങ്ങല്ലൂര്‍ കോവിലകത്ത് എത്തിയത്. കോവിലകത്തിനു സമീപം പ്രത്യേകം കെട്ടിയുണ്ടാക്കിയ സ്ഥലത്ത് അയിത്തജാതിക്കാര്‍ക്ക് പഠിക്കുവാനുള്ള സ്ഥലമുണ്ടായിരുന്നു. വളരെ ചെറുപ്പത്തില്‍, ഏതാണ്ട് സ്‌കൂള്‍ പഠനകാലത്ത് തന്നെ ജാതിയുടെ ക്രൂരതകള്‍ കറുപ്പന്‍ അനുഭവിച്ചു. സമുദായത്തിന്റെ ഉയര്‍ച്ചയ്‌ക്കൊപ്പം മറ്റു പിന്നാക്കവിഭാഗങ്ങളുടെ ഉന്നമനത്തിനു വേണ്ടിയും കറുപ്പന്‍ പ്രവര്‍ത്തിച്ചു. എറണാകുളം നഗരത്തിലും നടവഴിയിലും സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട പുലയര്‍ക്കുവേണ്ടി ഒരു സംഘടന രൂപീകരിക്കാന്‍ എറണാകുളം കായലില്‍ കമ്പികുറ്റികളില്‍ വള്ളങ്ങള്‍ കൂട്ടിക്കെട്ടി മുകളില്‍ പലകകള്‍ നിരത്തി തട്ടുകള്‍ ഉണ്ടാക്കി വേദിയൊ രുക്കി. ഇവിടെയാണ് ''സമസ്ത കൊച്ചി പുലയമഹാസഭ'' യുടെ ആദ്യയോഗം കൂടിയത്.

യുക്തിചിന്ത, സ്വാതന്ത്ര്യബോധം, ശാസ്ത്രബോധം, അന്ധവിശ്വാ സങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരായ പോരാട്ടം തുടങ്ങിയ കാഴ്ചപ്പാടുകള്‍ മുന്നോട്ട് വെച്ചാണ് സഹോദരന്‍ അയ്യപ്പന്‍ എഴുത്തുകള്‍ മുന്നോട്ടു കൊണ്ടുപോയത്. പ്രകൃതിസൗന്ദര്യത്തെ വര്‍ണിക്കുന്നതിനൊപ്പം പ്രപഞ്ചര ഹസ്യങ്ങളെക്കുറിച്ച് ഒരു ദാര്‍ശനികന്റെ മനോഭാവത്തോടെ യാണ് പള്ളത്ത് രാമന്‍ സമീപിച്ചത്. ജാതിക്കെതിരായി ശക്തമായി പ്രതികരിച്ച എഴുത്തുകാ രായിരുന്നു ഇവരെല്ലാം.

നവോത്ഥാനത്തിന് തിരിച്ചടിയേല്‍ക്കുന്ന സമകാലികാവസ്ഥയില്‍ സവര്‍ണതയും ജാതീയതയും ശക്തമായിക്കൊണ്ടിരിക്കുകയാണ്. ജാതിയുടെ പ്രത്യക്ഷ ആക്രമണം അതിന്റെ എല്ലാ ദംഷ്ട്രകളോടെയും ദലിതരായ ജനതയ്ക്ക്‌മേല്‍ നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. ഒരു ഭാഗത്ത് ദലിത് സാഹിത്യവും കീഴാള എഴുത്തും ശക്തി പ്രാപിക്കുമ്പോള്‍ മറുഭാഗത്ത് സവര്‍ ണതയുടെ ജാതിഭീകരത ശക്തമാകുകയാണ്. പണ്ഡിറ്റ് കറുപ്പന്‍ പ്രതിനിധാനം ചെയ്ത കാലത്തെ ജാതീയത ഉറപ്പിക്കാനാണ് ഇപ്പോഴും ജാതിവ്യവസ്ഥ സൃഷ്ടിച്ചവര്‍ ശ്രമിക്കുന്നത്. ഈ ചരിത്ര ഘട്ടത്തില്‍ കറുപ്പന്റെ ജാതിക്കുമ്മി വീണ്ടും പാഠവും പഠനവും വായനയും അര്‍ഹിക്കുന്നു.

ജാതിയുടെ പേരില്‍ അവര്‍ണ വിഭാഗങ്ങളെ മൃഗങ്ങളേക്കാള്‍ ഹീനരായി കൈകാര്യം ചെയ്തിരുന്ന കാലഘട്ടത്തില്‍ സാമൂഹിക പരിവര്‍ത്തനത്തി നായി തൂലിക ചലിപ്പിച്ച എഴുത്തുകാരനാണ് കറുപ്പന്‍. സാമൂഹികമായ ഐക്യമില്ലാതെ ജീവിച്ചിരുന്ന വാല സമുദായത്തെ (ധീവര) സംഘടിപ്പിച്ച് ശക്തിപ്പെടുത്താനാണ് കറുപ്പന്‍ ആദ്യം ശ്രമിച്ചത്. പിന്നീട് മറ്റു പിന്നാക്ക വിഭാഗങ്ങളുടെ ഉയര്‍ച്ചയെ ലക്ഷ്യം വെച്ചും പ്രവര്‍ത്തിക്കാന്‍ കറുപ്പന്‍ തയ്യാറായി. ജാതി സമ്പ്രദായത്തിന്റെ അര്‍ത്ഥമില്ലായ്മയും നികൃഷ്ടതയും എടുത്തു കാട്ടിയ, മലയാളത്തിലെ ആദ്യത്തെ കൃതിയാണ് 1905-ല്‍ എഴുതി മരണാനന്തരം പ്രസിദ്ധീകരിച്ച ജാതിക്കുമ്മി. ശങ്കരാചാര്യരുടെ അഞ്ച് ശ്ലോകങ്ങള്‍ മാത്രമുള്ള മനീഷാപഞ്ചക ത്തെ എഴുന്നൂറ്റിയഞ്ച് വരികളില്‍ ''ജാതിക്കുമ്മി''യായി വികസിപ്പിക്കു കയായിരുന്നു കറുപ്പന്‍. നൂറ്റാണ്ടായി അടിച്ചമര്‍ത്തലില്‍ കഴിയുന്ന ഒരു ജനതയെ ഉണര്‍ത്താന്‍ ചെറിയ കൃതികൊണ്ട് സാധ്യമാണെന്ന് കറുപ്പന്‍ ജാതിക്കു മ്മിയിലൂടെ തെളിയിച്ചു. ഈ കൃതി അവര്‍ണ്ണരില്‍ വലിയ അലയൊലികള്‍ ഉയര്‍ത്തിയപ്പോള്‍ സവര്‍ണ്ണരില്‍ പ്രതിഷേധവും പ്രതികാരവുമാണ് ജനിപ്പിച്ചത്. ജാതിക്കെ തിരായ സമരത്തില്‍ കറുപ്പന്‍ സ്വീകരിച്ചത് സവര്‍ണ്ണ വിഭാഗങ്ങളില്‍ എതിര്‍പ്പ് സൃഷ്ടിക്കുക എന്നതായിരുന്നില്ല, മറിച്ച് ആചാരങ്ങളുടെയൊക്കെ അര്‍ത്ഥശൂന്യതയെ യുക്തിയുക്തമായി അവതരിപ്പിച്ച് അവരില്‍ പരിവര്‍ത്തനം സൃഷ്ടിക്കുക എന്നതായിരുന്നു. അതുകൊണ്ടു തന്നെ കേരളീയ നവോത്ഥാന ചരിത്രത്തില്‍ എപ്പോഴും ഉയര്‍ന്നു വരേണ്ട പേരാണ് കറുപ്പന്റേത്. നൂറ് വര്‍ഷം പിന്നിടുമ്പോള്‍ കച്ചവടം ലക്ഷ്യംവെച്ച് ജാതിക്കുമ്മി പുറത്തിറക്കാന്‍ പല പ്രസാദകരും തയാറാകുന്നുണ്ട്.

സഹായകഗ്രന്ഥങ്ങള്‍

പണ്ഡിറ്റ് കറുപ്പന്റെ സമ്പൂര്‍ണ കൃതികള്‍, ഒന്നും രണ്ടും വാല്യം ജ്ഞാനോദയംസഭ, എടക്കൊച്ചി, കൊച്ചി
കവിതയും സാമൂഹിക പരിവര്‍ത്തനവും ഡോ.കെ കെ ഇന്ദിര, കേരള ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ട്
പണ്ഡിറ്റ് കറുപ്പന്‍ ഓര്‍മ്മകളിലൂടെ കെ കെ വേലായുധന്‍, എസ് പി സി എസ് കോട്ടയം
അയ്യന്‍കാളി മുതല്‍ വി ടി വരെ വേലായുധന്‍ പണിക്കശേരി, കറന്റ് ബുക്‌സ് കോട്ടയം 
ജാതിക്കുമ്മി പാഠം പഠനം രാജേഷ് കെ എരുമേലി, സഹോദരന്‍ പബ്‌ളിക്കേഷന്‍സ് വാകത്താനം കോട്ടയം

രാജേഷ് കെ എരുമേലി
കനകപ്പലം തപാല്‍
കോട്ടയം
686509
9947881258