"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, സെപ്റ്റംബർ 2, ബുധനാഴ്‌ച

ഓ, കേരളമേ ഓ, മുരളിച്ചേട്ടന്‍, രൂപേഷ്, ഷൈന, അനൂപ്, ഇസ്മായില്‍ മറ്റ് സഖാക്കള്‍ - റോയി ചാക്കോ

എന്തു ചൊല്ലേണ്ടു ഞാനെന്തു ചെയ്യേണ്ടൂ
ആത്മാര്‍ത്ഥതയെ സംശയിക്കാതെ
നിങ്ങളുടെ ചെയ്തികളെ ഇങ്ങനെ വായിക്കട്ടെ, ഏറിയാല്‍
ഒന്നുടയ്ക്കാന്‍ ശ്രമിക്കാം ചിലതൊക്കെ പുനഃസൃഷ്ടിക്കാമെന്നുറപ്പില്ലാതെ മതിയായ പിന്തുണയും അംഗീകാരവും ലഭിക്കില്ലെന്നുമുറപ്പിച്ച്.
സമ്പൂര്‍ണ്ണ ഉടയ്ക്കലും പുനഃസൃഷ്ടിക്കലും അസാധ്യമെന്നു കരുതുന്നു
അതു വേണ്ടതില്ലെന്നു ചിന്തിക്കുന്നവരും ഏറെയുണ്ടായിട്ടും;
നക്‌സല്‍ബാരി- മാവോമാര്‍ഗ്ഗ ശൈലിക്കു തിരിച്ചടി സര്‍ക്കാര്‍ മര്‍ദ്ദനം മാത്രമല്ല, ചില സാമൂഹ്യ എതിര്‍പ്പുകളുമെന്നറിഞ്ഞിട്ടും നിങ്ങളുടെ തുനിഞ്ഞിറങ്ങലില്‍ ദാര്‍ശനിക സത്യസന്ധത മാത്രം കാണട്ടെ.
ഘടനയെ കുറേശ്ശെയായി നല്ലതാക്കാന്‍ ലക്ഷ്യമിട്ട്,
ഓരോന്നാരോന്നായി തിരുത്താന്‍ ആവശ്യമുണ്ടായിരിക്കാം.
പക്ഷെ, ഇമ്മട്ടില്‍ പുറത്തുനില്‍ക്കുന്നവര്‍ക്ക് അസാദ്ധ്യം.
അകത്തു കടക്കലും ഹിതകരമായ മാര്‍ഗ്ഗമവലംബിക്കലും വേണം.
വ്യര്‍ത്ഥമായതെന്തിന് കലക്കണം കായം കടലില്‍
സ്വരൂക്കൂട്ടാം കായരസം ലയിപ്പിയ്ക്കാനത്
വ്യക്തി സത്തയില്‍ (അണു) കുടുംബത്തില്‍ ചെറുസമൂഹങ്ങളില്‍
ഒരുനാള്‍ ഇക്കടലാകെ മറ്റൊന്നാകില്ലെന്നാരു കണ്ടു
മുന്‍ഗാമികളെക്കാള്‍ പക്വതയും വിവേകവും കാണിച്ചതിന് നക്‌സലൈറ്റ്- മാവോമാര്‍ഗ്ഗത്തിലെ ഭേദപ്പെട്ട പുത്തന്‍ കേരള മോഡലിന് നന്ദി.
ഓ, കേരളമേ
ഭൂമി മലയാളത്തിന്റെ ഹൃദയമായ് കാണണം സഹ്യനെ
സകല നദികളെയും എണ്ണമറ്റ അരുവികളെയും സിരകളായും
ജീവജലചംക്രമണം തികയുന്നത് ആഴിയിലൂടെ വായുവിലൂടെയും
മഴമേഘങ്ങളുടെ പെയ്ത്തിലൂടെയും.
ക്വാറി- ക്രഷര്‍, മണ്ണെടുപ്പിലൂടെയും കേരളത്തില്‍;
ഖനികളിലൂടെയും കര്‍ണ്ണാടക, ഗോവ, മഹാരാഷ്ട്രയിലും
(പണ്ടേയുള്ള സാര്‍വ്വത്രിക വനനശീകരണം പരിഹരിച്ചിട്ടുമില്ല)
പശ്ചിമഘട്ടം ഇല്ലാതാക്കപ്പെടുന്നത് കാണാതിരിക്കരുത്.
അറിയുക, സഹ്യനില്‍ പലയിടത്തും ശുദ്ധവായുവില്ല ജീവജാലവും.
ക്വാറി വെടി, ക്രഷര്‍ പൊടി, ഖനി ഗര്‍ത്തം.
വനംകൊള്ള (മനുഷ്യനിര്‍മ്മിത) കാട്ടു തീയും....
കൃഷിനാശം, വീട് തകരല്‍, വഴിമുടക്കം, മണ്ണ് നഷ്ടം, വരള്‍ച്ച, ചൂട്, സ്വാസ്ഥ്യം കെടല്‍.
ഇരുദിക്കിലും കുറെ നഗരങ്ങള്‍, അതിലുമേറെ 'നരകങ്ങള്‍ സഹ്യനിലും പരമ്പരാഗത കൃഷി, കൈത്തൊഴിലിന്റെ- ലഘുശാസ്ത്ര സാങ്കേതിക, കുടില്‍ വ്യവസായത്തിന്റേയും ഗ്രാമീണത വിട്ടിറങ്ങിയ നമ്മുടെ മനുഷ്യത്വവും ചോരുന്നു. ആധുനിക ശാസ്ത്ര സാങ്കേതികത ഭവിഷ്യരഹിതമായ്, വിവേകത്തോടെ പ്രയോഗിക്കാന്‍ നമുക്കാവുന്നുമില്ല.
അല്‍പ്പലാഭത്തിനായി പെരുംഛേദം വരുത്തുവോര്‍ നാം
ആധുനിക നാഗരിക മായികയില്‍ ഒടുങ്ങുവോര്‍ നാം
മാനവികതയുടെ മരുപ്പച്ചകള്‍
ആദിവാസികളിലും ദരിദ്രരിലും മറ്റും ബാക്കിയായി.
അതുകൊണ്ടെങ്കിലും അവരൊക്കെ പുലരണം അന്തസസ്സോടെ.
ആവശ്യകാര്യങ്ങളെങ്കിലും നിറവേറ്റപ്പെടുന്നവരായി.
പശ്ചിമഘട്ട പരിസ്ഥിതി, മറ്റിടങ്ങങ്ങളിലൂടെയും; മാരക മലിനീകരണങ്ങള്‍, ആദിവാസികളുടെ ദരിദ്രരുടെയും നിലനില്‍പ്പ്, സാമ്പത്തിക അധിനിവേശം കരാറുകള്‍, അന്താരാഷ്ട്ര- വന്‍കിട- കുത്തക സൗഹൃദ നയങ്ങള്‍, നിയമങ്ങള്‍, തദ്ദേശീയ അഴിമതി ദല്ലാളന്മാര്‍- പാര്‍ട്ടി; മുന്നണി ഭേദമെന്യേ... ഘടനയ്ക്കുള്ളില്‍ നില്‍ക്കുന്ന നമ്മളും പുറത്തു നില്‍ക്കുന്ന മാവോമാര്‍ഗ്ഗികളും ഉന്നയിക്കുന്നു പ്രശ്‌നങ്ങള്‍ ഒരേതരമെന്നറിയുക; എങ്കിലും നമ്മള്‍ നക്‌സല്‍ബാരികളോ മാവോമാര്‍ഗ്ഗികളോ അല്ലെന്നും ആവുകയില്ലെന്നും ആ ശൈലി അംഗീകരിക്കുന്നില്ലെന്നും

ബഹുമാനപ്പെട്ട സാര്‍, പ്ലീസ്

എല്ലാ സര്‍ക്കാരുകളിലെയും പാര്‍ട്ടി മുന്നണികളിലെയും സ്ഥാനീയ ഉദ്യോഗസ്ഥ- നേതാക്കളെ തെറ്റിദ്ധരിക്കരുതേ, പ്ലീസ്. സാമൂഹ്യബോധവും ജനാധിപത്യ സംസ്‌ക്കാരവും പേറുന്നൊരുവനില്‍ അല്‍പ്പം ഗൃഹാതുരത്വം പടര്‍ന്നപ്പോള്‍

ഇവ്വിധമൊരു എഴുത്തായെന്നേയുള്ളൂ. ദുരുദ്ദേശമേതുമില്ല. മേല്‍ചൊന്ന കാര്യങ്ങളില്‍ നമ്മളേവര്‍ക്കും ഏകമൊഴിയായിടണമെന്നും. ചെയ്യുവാനേറെയുണ്ട് ചെയ്യുവാനേറെയായീടും സര്‍ക്കാരിനെന്നും... തുറന്നൊരു കുറിപ്പു ചമച്ചെന്നേയുള്ളൂ സന്മനസ്സേയുള്ളൂ.

റോയി ചാക്കോ
9896266284
kochuroy@gmail.com