"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, സെപ്റ്റംബർ 2, ബുധനാഴ്‌ച

കണ്ടു പഠിക്കട്ടെ... ഈ കൂട്ടായ്മയെ! - സജന്‍ സി. മാധവന്‍

ജനാധിപത്യ കേരളത്തിന്റെ അക്ഷരനഗരം എന്നറിയ പ്പെടുന്ന കോട്ടയം പട്ടണത്തെ അക്ഷരാര്‍ത്ഥത്തില്‍ നിശ്ചലമാക്കിയ ഒരു സുദിനമായിരുന്ന 2015 ജനുവരി 31-ന്, ആത്മ നൊമ്പരങ്ങളുടെ നിര്‍വൃതി പൂക്കള്‍ ആകാശത്ത് വിടര്‍ന്നതുപോലെ കാരിരുമ്പിന്റെ കരുത്തുമായി കറുത്ത ജനത. വിമോചനത്തിന്റെ വര്‍ഗ്ഗപാതയില്‍ സാഹോദര്യ ബന്ധം ഊട്ടിയുറപ്പിച്ച ആ മഹാസമ്മേളനവും കുടുംബകൂട്ടായ്മയും (ചേരമ സാംബവ ഡെവലപ്‌മെന്റെ സൊസൈറ്റിയുടെ മഹാസമ്മേളനം) ജാതി സംഘടനകളുടെ തെറ്റായ നയ സമീപനങ്ങളില്‍ മനംമടുത്തവരും രാഷ്ട്രീയ മത പ്രസ്ഥാനങ്ങളില്‍നിന്നും സാമൂഹ്യനീതി നിഷേധിച്ച ഒരു ജനതയുടെ പ്രതികാരത്തിന്റെയും പ്രതിഷേധത്തിന്റെയും ഒത്തുചേരലുകള്‍ ആയിരുന്നു കോട്ടയം പട്ടണം 2015 ജനുവരി 31-ന് സാക്ഷ്യം വഹിച്ചത്. ഇതില്‍നിന്ന് നമുക്കൊരുപാഠം പഠിക്കാനുള്ളത് ജാതി ഉപജാതി ചിന്തകള്‍ക്കതീതമായി വര്‍ഗ്ഗപാതയില്‍ അണി നിരക്കുവാന്‍ ഈ ജനത തയ്യാറാണ്. പക്ഷേ ഇവിടെ ഈ ജനതയെ വര്‍ഗ്ഗപരമായ പാതയില്‍ അണിനിരത്തുവാനുള്ള സ്വന്തം ബാദ്ധ്യതയില്‍ നിന്നും വളരെ ബോധപൂര്‍വ്വം മാറ്റിനിര്‍ത്തുന്നതിന്റെ ഉത്തരവാദി ആര്? സവര്‍ണ്ണ, ജാതി, രാഷ്ട്രീയ മതങ്ങളോ അതോ സ്വന്തം ജാതി സംഘടന കളോ. അതിന് ഉത്തരം കണ്ടെത്തേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു. ചുരുങ്ങിയ നാളുകളില്‍ ഉണ്ടായ ഒരു വലിയ വളര്‍ച്ചയാണ് സി. എസ്. ഡി. എസ്. എന്ന് വര്‍ഗ്ഗ ബോധമുള്ള ഏതൊരാള്‍ക്കും സമ്മതിക്കാ തിരിക്കാന്‍ കഴിയില്ല. നേതൃത്വപാടവം അവകാശപ്പെടാനില്ലാത്ത ഒരു കൂട്ടം യുവതലമുറയും സത്യസന്ധരായ ആത്മാഭിമാനത്തിന്റെ ഉടമകളായ മുതിര്‍ന്നവരും സ്ത്രീകളും അടങ്ങിയ നേതൃനിര അര്‍പ്പണ മനോഭാവ ത്തോടെ പ്രവര്‍ത്തിച്ചതിന്റെ ഫലമായിരുന്നു ആ മഹാസമ്മേളനവും വര്‍ഗ്ഗപരമായ ഒത്തുചേരവും, കുടുംബകൂട്ടായ്മയും ജാതിക്കും ഉപജാതിക്കും മതത്തിനും രാഷ്ട്രീയത്തിനും അതീതമായി ചിന്തിക്കുകയും സംഘടിക്കുകയും ചെയ്‌തെങ്കില്‍ മാത്രമേ ഒരു ജനതയുടെ സാമൂഹിക നീതി നിഷേധങ്ങളെ പ്രതിരോധിക്കുവാന്‍ കഴിയുകയുള്ളൂ. അതുവഴി ഈ ജനതയുടെ രാഷ്ട്രീയധികാരം ഊട്ടി ഉറപ്പിക്കുവാനുള്ള സമ്മര്‍ദ്ദരാഷ്ട്രീയ തന്ത്രങ്ങള്‍ക്ക് രൂപാന്തരം പ്രാപിക്കുകയുള്ളൂ. വര്‍ഗ്ഗ പരമായ ബോധം വളര്‍ത്തിയെടുക്കുന്നതുവഴി ഇവരുടെ സമകാലീന ജീവിത പ്രശ്‌നങ്ങളില്‍ ഇടപെടുവാനും അറിയുവാനും നമുക്ക് കഴുയുമ്പോള്‍ ഈ ജനതയുടെ ജീവിത നൊമ്പങ്ങളുടെ സാമൂഹിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണു വാന്‍ ഇത്തരം കുടുംബ കൂട്ടായ്മകള്‍ക്ക് കഴിയും. ഈ കൂട്ടായ്മയുടെ പ്രതിഷേധങ്ങള്‍ വരും നാളുകളില്‍ കേരളത്തില്‍ ഒരു വലിയ പ്രതിഷേധ കൊടുങ്കാറ്റായി മാറുമ്പോള്‍ കറുത്തവന്റെ അവകാശ, അധികാര വിമോചന സമരത്തിന്റെ തുടക്കം ഇത്തരം കൂട്ടായ്മയിലൂടെ യാകട്ടെ യെന്ന് നമുക്ക് പ്രതീക്ഷിക്കാം. ഇതിലൂടെ കേരളത്തിന്റെ ജാതി സംഘട നകളില്‍ ജാതി സര്‍ട്ടിഫിക്കറ്റുകളുടെ പിന്‍ബലത്തില്‍ തളയ്ക്കപ്പെട്ടു കഴിഞ്ഞിരുന്ന നിരാശാബോധമുള്ള കറുച്ചു ജനത ജാതിസംഘങ്ങളുടെ വേലിക്കെട്ടുകള്‍ തകര്‍ത്ത് നിന്നുകൊണ്ട് മഹാത്മാ അയ്യന്‍കാളിയും ഡോ. ബാബാസാഹിബ് അംബേദ്ക്കറും ഉയര്‍ത്തിയ ജാതി രഹിത, മതരഹിത സമൂഹത്തിനായി രാഷ്ട്രീയ അധികാര പാതയില്‍ മാറ്റത്തിന്റെ ശംഖൊലി നാദം മുഴക്കുവാന്‍ സ്വയം അണിനിരക്കട്ടെ. സ്വന്തമായി കയറിക്കിടക്കു വാന്‍ ഒരു തുണ്ട് ഭൂമി യില്ലാത്ത തെരുവുകളില്‍ കഴിയുന്ന കറുത്ത വന്റെ ദയനീയ ജീവിത സാഹചര്യം ഈ ജനാധിപത്യ ഇന്‍ഡ്യയുടെ തീരാശാപമായിരിക്കുന്നു. മഹാന്മാരുടെ പേരുകള്‍ ഇട്ട കോളനികളില്‍ ദൈനംദിനം ചര്യകള്‍ നടത്തുവാന്‍ പോലും ഭൂമിയില്ലാതെ മൃഗതുല്യ രായി കഴിയുന്ന ദയനീയ കാഴ്ച കണ്ടിട്ടും കണ്ണുതുറക്കുവാന്‍ കഴിയാത്ത ഭരണാധികാരി വര്‍ഗ്ഗവും അവര്‍ വിശ്വസിക്കുന്ന ഒട്ടനവധി ദൈവങ്ങളും നമ്മുടെ നാട്ടില്‍ സുഖലോലുപരായി ഇരിക്കുമ്പോള്‍ ദൈവങ്ങളുടെ പേരുകള്‍ നല്‍കിയ ട്രസ്റ്റുകള്‍ക്കുവേണ്ടി ഭൂമി പേരിലാ ക്കാന്‍ നീതി പീഠങ്ങളില്‍ കള്ളസാക്ഷി പറയിക്കുവാന്‍ പഠിച്ചകള്ളനെ നിയോഗിക്കുന്ന ഭരണാധികാരികള്‍ ഉള്ള ജനാധിപത്യകേരളത്തില്‍ കറുത്തവന്റെ കൃഷിഭൂമിയെന്ന ജീവിത സ്വപ്നം സാക്ഷാത്ക്കരിക്കുവാന്‍ ഒരു പുത്തന്‍ വര്‍ഗ്ഗസമരപാതയില്‍ അണിനിരത്തുവാന്‍ ഈ കുടുംബ കൂട്ടായ്മകള്‍ക്ക് കഴിയട്ടെ.

ജനിച്ച മണ്ണില്‍ ജീവിക്കുവാനുള്ള സാമൂഹിക സാഹചര്യം ഇല്ലാതാകു മ്പോള്‍ ജീവിക്കുവാനുള്ള അവകാശപോരാട്ടത്തിന്റെ തീക്ഷ്ണമായ സമരമുറയാണ് ഭൂസമരം. പക്ഷെ ഇവിടെ ചിലകൂട്ടര്‍ ഭൂസമരത്തെ ജീവിതോപാധിയാക്കി (പിരിവ് കൃഷിയാക്കി മാറ്റി) കേരളത്തിലെ കറുത്ത ജനതയുടെ ആത്മാഭിമാനബോധത്തെ ചോദ്യം ചെയ്യപ്പെടുന്നു. ഭൂസമരം നടത്തണമെങ്കില്‍ ഭൂമിയില്‍ പ്രവേശിക്കുമ്പോള്‍ വിശ്വസ്തരായ അണികളും അവകാശബോധമുള്ള നേതാവും ഉണ്ടാവണം, സത്യസന്ധത, അര്‍പ്പണമനോഭാവം, സാഹോദര്യം ധീരമായ നേതൃത്വം ഇത്തരത്തിലുള്ള ഒരു ജനതയ്‌ക്കേ ഭരണകൂടശക്തികളുടെ തോക്കിനു മുന്നില്‍ സധൈര്യം പിടിച്ചു നില്‍ക്കുവാന്‍ കഴിയുകയുള്ളൂ എന്ന് കാലം തെളിയിച്ചത് ഈ കൂട്ടര്‍ കണ്ടിട്ടില്ലായിരിക്കും. ഭൂസമരമെന്ന ജീവിത സമരത്തിന് തുടക്കം കുറിച്ച മഹാത്മ അയ്യന്‍കാളിയുടെ ജീവിത പോരാട്ട സമരചരിത്ര ങ്ങളില്‍നിന്നും ഉയരുന്ന പോരാട്ട വീര്യം ഉള്‍ക്കൊള്ളുന്ന ഒരു നേതാവിന് മാത്രമേ സമര സേനാനികളെ വാര്‍ത്തെടുക്കുവാന്‍ കഴിയുകയുള്ളൂ. ഒരു പക്ഷെ ഇതുപോലെയുള്ള ഒരു വര്‍ഗ്ഗപാതയില്‍ അണിനിരന്ന ഈ കൂട്ടായ്മയ്ക്ക് കഴിഞ്ഞെന്നു വരാം. നാളുകളില്‍ കഴിയട്ടെയന്ന് നമുക്കു ചിന്തിക്കാം. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഇന്‍ഡ്യയിലെ കറുത്ത വര്‍ഗ്ഗങ്ങളുടെ കുട്ടികള്‍ അനുദിനം ജാതിയുടെ പേരില്‍ അനുഭവിക്കുന്ന പീഢനങ്ങള്‍ കേരളത്തിലും നമ്മള്‍ കണ്ടു കഴിഞ്ഞതാണ്. ഗാന്ധിജി യൂണിവേഴ്‌സിറ്റിയില്‍ നടന്ന ജാതി പീഢനങ്ങളുടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ കഴിഞ്ഞ ലക്കം സൈന്ധവമൊഴിയിലൂടെ പ്രവീണ്‍ കെ. മോഹന്‍ എഴുതിയത് നമ്മള്‍ വായിച്ചു കാണും. എങ്കിലും മറ്റൊരു ജാതി വിവേചനത്തെക്കുറിച്ച്, കേരളത്തിലെ പ്രമുഖ പത്രമായ മംഗളം ദിനപത്രത്തില്‍ 2015 ജൂണ്‍ മാസം 26-ാം തീയതി എഴുതിയ പ്രമുഖ പ്രസംഗം ചുവടെ ചേര്‍ക്കുന്നു.

ഇന്‍ഡ്യയെ നാണം കെടുത്തുന്ന ജാതി വിവേചനം

ഇന്ത്യയുടെ മനസ്സാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു ഇക്കഴിഞ്ഞ ഞായറാഴ്ച ഉത്തര്‍പ്രദേശിലെ പ്രതാപ്ഗഢ് ജില്ലയില്‍ ഐ. ഐ. ടി. പ്രവേശനം നടത്തിയ ദളിത് സഹോദരന്മാര്‍ക്കെതിരെ ഉണ്ടായ ആക്രമണം. ഒരു ഫാക്ടറിയിലെ ദിവസ വേതനക്കാരായ ധര്‍മ്രാജ് സരോജിന്റെ മക്കളായ രാജു സരോജിന്റെയും ബ്രിജേഷ് സരോജിന്റെയും വീടിനു നേരെയാണ് ആക്രമണം ഉണ്ടായത്. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളായ ഐ. ഐ. ടി.കളിലേക്കുള്ള പ്രവേശന പരീക്ഷയില്‍ ഉന്നത മാര്‍ക്ക് നേടി എന്നതായിരുന്നു അവരുടെ കുറ്റം ജാതിവിവേചനം ഇന്നും ഇന്ത്യയില്‍ കൊടികുത്തി വാഴുന്നു എന്നു തെളിയിക്കുന്ന സംഭവമായി ഇത്.

റെഹുവ ലാല്‍ഗഞ്ച് ഗ്രാമത്തില്‍ ഈ സഹോദരന്മാരുടെ നേട്ടത്തില്‍ അസ്വസ്ഥരായ അനേകം പേരുണ്ടായിരുന്നു. എല്ലാവരും ഉയര്‍ന്ന ജാതിയില്‍ വളരെ കഷ്ടപ്പെട്ട് കുട്ടികളെ പഠി ക്കാന്‍ വിടുന്നതിന് അവര്‍ ധര്‍മ്മരാജിനെ എന്നും കുറ്റപ്പെടു ത്തിയിരുന്നു. അയാളോടൊപ്പം തൊഴിലെടുക്കാന്‍ മക്കളെ കൊണ്ടുപോയിക്കൂടെ എന്ന് അവര്‍ മിക്കപ്പോഴും ചോദിക്കുമായിരുന്നു. ധര്‍മ്മരാജ് അതെല്ലാം പുച്ഛിച്ചു തള്ളി. മക്കള്‍ ഉന്നത വിജയം നേടിയപ്പോള്‍ ധര്‍മ്മരാജ് ആഹ്ലാദിച്ചു എങ്കിലും ഉന്നത ജാതിക്കാര്‍ അതിനെ അസഹിഷ്ണുതയോടെയാണു കണ്ടതെന്നതാണ് ഈ ആക്രമണത്തില്‍നിന്നും വ്യക്തമാകുന്നത്.

സ്വാതന്ത്ര്യം ലഭിച്ച് ഏഴു പതിറ്റാണ്ടുകള്‍ തികയുമ്പോഴും ദളിത് വിഭാഗങ്ങള്‍ സാമൂഹിക വ്യവസ്ഥിതിതയുടെ ഓരത്തു കഴിയേണ്ടിവരുന്ന അവസ്ഥയ്ക്ക് മാറ്റമുണ്ടായിട്ടില്ല. ദളിത് വിഭാഗങ്ങളില്‍നിന്ന് രാഷ്ട്രപതി യും സുപ്രീം കോടതി ചീഫ് ജസ്റ്റീസും വരെ ഉണ്ടായെങ്കിലും ആ സമൂഹത്തിന്റെ മൊത്തത്തിലുള്ളഉയര്‍ച്ച ഇനിയും യാഥാര്‍ത്ഥ്യമായിട്ടില്ല. അതിനിടയിലാണ് രാജുവിനെയും ബ്രിജേഷിനെയും പോലെയുള്ളവര്‍ വിദ്യാഭ്യാസരംഗത്തും തൊഴില്‍ മേഖലയിലും ഉന്നതവിജയം കൊയ്യുന്നത്. വ്യവസ്ഥതിയോടും എതിര്‍പ്പിനോടും പ്രതികൂലാവസ്ഥകളോടുമെല്ലാം പടവെട്ടിയുള്ള ഇത്തരം ഒറ്റപ്പെട്ട മുന്നേറ്റങ്ങള്‍ക്ക് രാജ്യത്തിന്റെ മൊത്തം പിന്തുണയാണ് ആവശ്യം. പ്രത്യേകിച്ചും പതിനായിരങ്ങള്‍ ശ്രമം നടത്തുന്ന ഐ. ഐ. ടി. പ്രവേശന പരീക്ഷയില്‍ ഉന്നത വിജയം നേടുമ്പോള്‍ രാജു 167ഉം ബ്രിജേഷ് 410ഉം റാങ്കാണ് കരസ്ഥമാക്കിയത്.

ദളിത് വിഭാഗക്കാര്‍ ഇത്തരം വിജയം നേടുമ്പോള്‍ ജാതിപരമായ വിവേചനം നേടുന്ന അനേകം സംഭവങ്ങള്‍ ഇതിനുമുമ്പും ഇന്ത്യയിലുണ്ടാ യിട്ടുണ്ട്. ഇക്കാര്യം പ്രതിപാദിക്കുന്ന ഡെത്ത് ഓഫ് മെരിറ്റ് എന്ന ഡോക്യുമെന്ററി ഇന്ത്യയുടെ മനസ്സാക്ഷിയെ ഞെട്ടിച്ച് അധികനാളായിട്ടില്ല. 2011-ല്‍ പുറത്തിറങ്ങിയ ഈ ഡോക്യുമെന്ററി അതിനുമുമ്പുള്ള നാലുവര്‍ഷത്തില്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനം നേടിയ 18 വിദ്യാര്‍ത്ഥികള്‍ ജീവനൊടുക്കിയെന്ന ഞെട്ടിക്കുന്ന വിവരമാണ് പുറത്തുവിട്ടത്. വലിയ കഴിവില്ലാത്തവരായിരുന്നു ഇവരെന്നും ഉന്നത നിലവാരത്തിലുള്ള പഠനം നടക്കാതെ വന്നപ്പോള്‍ അതിന്റെ സമ്മര്‍ദ്ദം സഹിക്കവയ്യാതെ അവര്‍ ജീവനൊടുക്കുകയായിരുന്നുവെന്നാണ് വിദ്യാലയ അധികൃതര്‍ പറഞ്ഞത്. എന്നാല്‍ സത്യമതല്ലെന്നും ദളിത് യുവാക്കള്‍ തങ്ങള്‍ക്കൊപ്പം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്നതിന്റെ അസഹിഷ്ണുത പൂണ്ടവര്‍ ചെലുത്തിയ മാനസ്സിക സമ്മര്‍ദ്ദത്തിന്റെ ഫലമായി അവര്‍ ജീവനൊടുക്കുകയാ യിരുന്നെന്നും ഈ ഡോക്യുമെന്ററി നമുക്കു കാണിച്ചു തരുന്നു.

ന്യൂഡല്‍ഹിയിലെ എയിംസ് റൂര്‍ക്കി ഐ. ഐ. ഐ.ടി ചണ്ഡിഗഡ് മെഡിക്കല്‍ കോളജ് കാണ്‍പൂര്‍ ഐ. ഐ. ടി., ഐ. ഐ. ടി. ഡല്‍ഹി, ഐ. ഐ. ടി. ബോംബെ, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇമ്യൂണോളജി എന്നിവയൊക്കെയാണ് ഇത്തരം വിവേചനത്തിന്റെ വേദികളായത്.

ഐ. ടി. വിപ്ലവത്തിന്റെ വേദിയാകുമ്പോഴും പ്രാചീന മാനസീകാവസ്ഥ വിടാന്‍ തയ്യാറാകാത്തവര്‍ ഉണ്ടെന്നതാണ് ഇത്തരം സംഭവങ്ങള്‍ വ്യക്തമാക്കുന്നത്. മൊത്ത ആഭ്യന്തരഉല്‍പ്പാദനം ഉയര്‍ത്തുന്നതുകൊണ്ടോ ജനങ്ങളില്‍ ഭൂരിഭാഗത്തിന്റെയും വരുമാനം ഉയര്‍ന്നതുകൊണ്ടോ മാത്രം ഒരു ജനത സംസ്‌ക്കാരസമ്പന്നമാകില്ല. വരുമാനം വളരുന്നതിനൊപ്പം മനസ്സും വളരണം. എല്ലാ മനുഷ്യരേയും തുല്യമായി കണക്കാക്കുന്നിടത്തെ സമത്വം നടപ്പാകൂ. എങ്കില്‍ മാത്രമേ രാജ്യത്തിനു പുരോഗതി ഉണ്ടായെന്നു പറയനാവൂ. അല്ലാതെ ഉണ്ടാകുന്ന നേട്ടങ്ങളും കൈവരിച്ചെന്ന് അവകാശപ്പെടുന്ന നാഴികക്കല്ലുകളും നമ്മെത്തന്നെ പരിഹസിക്കുകയേ യുള്ളൂ. പ്രതിസന്ധികളോട് പടവെട്ടി വിജയം വരിക്കുന്ന രാജുമാരും ബ്രിജേഷുമാരും ഇനിയും അനേകം ഉണ്ടാകാം. ഉണ്ടായേ പറ്റൂ. എന്നാല്‍, അവരെ ആക്രമിക്കുന്നവരല്ല, ആദരിക്കുന്നവരും അതിനൊപ്പമുണ്ടാകണം.

സജന്‍ സി. മാധവന്‍
9605512702