"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, സെപ്റ്റംബർ 19, ശനിയാഴ്‌ച

പുസ്തകം : 'പുലയര്‍ നൂറ്റാണ്ടുകളില്‍' - കുന്നുകുഴി എസ് മണി

ഇരുപത്തിയഞ്ചു വര്‍ഷത്തെ അന്വേഷണത്തിന്റെയും നിരന്തരപഠനത്തിന്റെയും ഫലമായിട്ടായിരുന്നു 'പുലയര്‍ നൂറ്റാണ്ടുകളില്‍' എന്ന ചരിത്ര പഠന ഗ്രന്ഥത്തിന്റെ ഒന്നാം പതിപ്പ് 1989 ല്‍ പ്രസിദ്ധീക രിച്ചത്. അതു കഴിഞ്ഞ് ഇരുപത്തിയഞ്ച് വര്‍ഷം വീണ്ടും പഠനനിരീക്ഷണങ്ങള്‍ക്കു ശേഷമാണ് 'പുലയര്‍ നൂറ്റാണ്ടുകളില്‍ എന്ന ഗ്രന്ഥത്തിന്റെ പരിഷ്‌ക്കരിച്ച രണ്ടാം പതിപ്പ് ഇപ്പോള്‍ പ്രസിദ്ധിക്കുന്നത്. രണ്ടാം പതിപ്പോടെ പുലയര്‍ നൂറ്റാണ്ടുകളില്‍ വന്‍ ചിലവായി രിക്കുമെന്ന് ഒന്നാം പതിപ്പ് വാങ്ങിയ എന്റെ സുഹൃത്തും ജ്യോത്സ്യനുമായ ധനുവച്ചപുരം സ്വദേശി അപ്പുക്കുട്ടന്‍ പ്രവചനം നടത്തിയ കാര്യം ഓര്‍മ്മയിലെത്തുകയാണ്. എന്തായാലും അതു സംഭവിക്കട്ടെ. ആദ്യപതിപ്പില്‍ ഞാനുപയോഗിച്ചിരുന്ന 'പൊലയര്‍' എന്ന പദം മാറ്റി രണ്ടാം പതിപ്പില്‍ പുലയര്‍ എന്നാക്കിയത് ഭാഷാപര മായ തെറ്റ് തിരിച്ചറിഞ്ഞതു കൊണ്ടാണെന്ന് ഒരു പുലയ ക്രൈസ്തവനായ പ്രൊഫസര്‍ 2013 ജൂലൈ ലക്കം പച്ചക്കുതിരയില്‍ എനിക്കെതിരെ കത്തെഴുതുകയുണ്ടായി. ഞാനെഴുതിയത് ഭാഷാപരമായ തെറ്റല്ല. പരിശോധിച്ചാല്‍ വ്യക്തമാകും. പൊല - ഭാഷാപരമായി ശരിയും, പുല - ബ്രാഹ്മണര്‍, ക്ഷത്രിയര്‍, വൈശ്യര്‍, ശൂദ്രര്‍ തുടങ്ങിയവര്‍ ആചരിക്കുന്ന ഒരു അശുദ്ധിയുമാണ്. (പുലവാലയ്മ) എന്നാല്‍ പുല ആചരിക്കുന്നതു കൊണ്ടാണ് പുലയരായതെന്ന് ചേരമര്‍ വാദികള്‍ പരിഹസിക്കുമ്പോള്‍ പുല ആചരിക്കുന്ന ബ്രാഹ്മണനും, ക്ഷത്രിയനും, വൈശ്യനും, ശൂദ്രനു മൊന്നും എന്തുകൊണ്ട് പുലയരാകുന്നില്ല? എന്നാല്‍ ചില സുഹൃത്തു ക്കളുടെ അഭ്യര്‍ത്ഥനയെമാനിച്ചും, സര്‍വ്വ സാധാരണ ഉപയോഗിക്കുന്ന പദമായതിനാലും പുല - തന്നെ ഞാനിഗ്രന്ഥത്തില്‍ ഉപയോഗിക്കുന്നു.

ഒരു സമഗ്രപരിഷ്‌ക്കരണമാണ് ഉദ്ദേശിച്ചതെങ്കിലും അതിന് ഇനിയും വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടതായി വരുമെന്നതിനാല്‍ തല്‍ക്കാലം അതിന് ശ്രമിച്ചില്ല. പരിഷ്‌ക്കരിച്ച രണ്ടാം പതിപ്പില്‍ പുലയരോടൊപ്പം രണ്ടാം സ്ഥാനത്തു നില്‍ക്കുന്ന ഗോത്രം കൊണ്ട് ഒന്നായപറയന്‍ (സാംബവര്‍) ചരിത്രത്തില്‍, പുലയരും നെല്‍ക്ക്യഷിയുടെ ഇന്നലെ കളെയും, പുലയര്‍ മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിതരാകുന്നു കേരളീയരുടെ പ്രപിതാമഹന്‍ പുലയര്‍ എന്നീ നാല് പുതിയ അദ്ധ്യായ ങ്ങള്‍ കൂട്ടി ചേര്‍ത്തിട്ടുണ്ട്. ക്യഷിയെ സംബന്ധിക്കുന്ന അദ്ധ്യായം എഴുതാന്‍ ഇരുപത്തിനാല് വര്‍ഷങ്ങള്‍ തന്നെ എടുക്കേണ്ടതായി വന്നുവെന്നതാണ് സത്യം. അതോ ടൊപ്പം ഓട്ടുമുക്കാല്‍ അദ്ധ്യായ ങ്ങളിലും പുതിയ കൂട്ടിച്ചേര്‍ക്ക ലുകള്‍ നടത്തുകയും ചിലവ ഒഴിവാക്കേണ്ട തായും വന്നു. അതോടൊപ്പം കഴിയുന്നത്ര തെളിവുകള്‍ രേഖപ്പെടുത്തു ന്നതിനും ശ്രമിച്ചിട്ടുണ്ട്. എന്നിട്ടും പുലയരുടെ സമ്പൂര്‍ണചരിത്രമാണ് ഇതെന്ന് പറയാന്‍ എനിക്ക് ധൈര്യം വരുന്നില്ല. ഇനിയും എന്തെക്കയോ കുറവുകള്‍ അവശേഷിക്കുന്നതായ ഒരു തോന്നല്‍ എന്നെ അലട്ടുന്നുണ്ട്.

പുലയര്‍ നൂറ്റാണ്ടുകളില്‍ എന്ന ഗ്രന്ഥ പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട് ഒന്നാം പതിപ്പിന്റെ പ്രസിദ്ധീകരണശേഷമുണ്ടായ ചില നൊമ്പരങ്ങളും അനുഭവങ്ങളും ഇവിടെ രേഖപ്പെടുത്താതെ വയ്യ. 

കേരള സംസ്ഥാന സാംസ്‌ക്കാരിക വകുപ്പിന്റെ സാമ്പത്തിക സഹായത്തോ ടെയാണ് ഇതിന്റെ ഒന്നാം പതിപ്പ് പ്രസിദ്ധീകരിക്കാനായത്. അതിന് നിമിത്തമായത് അന്ന് സാംസ്‌കാരിക വകുപ്പിന്റെ ഡയറക്ടറായിരുന്ന ഡോ. മഹേശ്വരന്‍ നായര്‍ സാറാണ്. മുടങ്ങിക്കിടന്ന 'സംസ്‌ക്കാരകേരളം' പ്രസിദ്ധീകരിക്കുന്നതിന് നവോത്ഥാനനായകനായ അയ്യന്‍കാളിയെ ക്കുറിച്ചൊരു ലേഖനം എഴുതി കൊടുക്കാനാണ് മഹേശ്വരന്‍ നായര്‍ സാര്‍ എന്നോട് ആവശ്യപ്പെട്ടത്. ആ ലേഖനവുമായിട്ടെത്തുമ്പോഴാണ് സാര്‍ മറ്റൊരു കാര്യം എന്നോട് പറഞ്ഞത്. പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ സാംസ്‌കാരികവകുപ്പ് സാമ്പത്തിസഹായം നല്‍കുന്നുണ്ടെന്നും മണി പ്രസിദ്ധീകരിച്ച 10 ലേഖനങ്ങള്‍ കൊണ്ടു വന്നാല്‍ പുസ്തകമായി പ്രസിദ്ധീകരിക്കാന്‍ സാമ്പത്തിക സഹായം നല്‍കാമെന്നും പറഞ്ഞു. അങ്ങിനെയാണ് ഞാന്‍ ലേഖനങ്ങള്‍ ഒഴിവാക്കി എന്റെ മനസ്സില്‍ എന്നുമുണ്ടായിരുന്ന പുലരുടെ ചരിത്രമെഴുതാന്‍ ഞാന്‍ തയ്യാറായത്. വെറും രണ്ടു മാസത്തെ കാലാവധി മാത്രം. അങ്ങിനെ രണ്ടു മാസം കൊണ്ട് ഞാന്‍ ശേഖരിച്ചവയും അന്വേഷിച്ചവയുമായ വിവരങ്ങള്‍ വച്ചു കൊണ്ടു തന്നെ എഴുതി തീര്‍ത്തതാണ് പുലയര്‍ നൂറ്റാണ്ടുകളില്‍ എന്ന ഗ്രന്ഥത്തിന്റെ ഒന്നാം പതിപ്പ് എഴുതി തീര്‍ത്ത അവസാന ദിവസങ്ങളില്‍ എന്റെ വിരലുകള്‍ മടങ്ങുമായിരുന്നില്ല. ചൂടുവെള്ളത്തില്‍ കൈമുക്കി യാണ് ഞാന്‍ എഴുതി അവസാനിപ്പിച്ചത്. അതുകൊണ്ടുതന്നെ പുലയര്‍ നൂറ്റാണ്ടുകളുടെ മുഴുവന്‍ ഖ്യാദിയും ഡോ. മഹേശ്വരന്‍ നായര്‍ സാറിനുള്ളതാണ്. അതുമാത്രമല്ല ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തെ ക്കുറിച്ച് ഗവേഷണം നടത്താന്‍ ഭാര്യയോടൊപ്പം കാനഡയിലെ ക്യൂയിന്‍സ് യൂണിവേഴ്സ്റ്റി യില്‍ നിന്നെത്തിയ ചരിത്രവിഭാഗം തലവനും പ്രസിദ്ധചരിത്രകാരനുമായ ക്ലീഫോര്‍ഡ് ഹോസ്പിറ്റലിനെ എന്നെ പരിചയപ്പെടു ത്തുകയും മഹേശ്വരന്‍ നായര്‍ സാറിന്റെ നിര്‍ദ്ദേശ പ്രകാരം തിരുവനന്തപുരം വൈ. എം. സി എ ഗസ്റ്റ് ഹൗസില്‍ വച്ച് 1990 ജനുവരി 21 ന് കാണുകയും ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തെ ക്കുറിച്ച് എഴുതിയിട്ടുള്ള 'പുലയര്‍ നൂറ്റാണ്ടുകളില്‍' എന്ന ഗ്രന്ഥത്തിന്റെ കവറിടാത്ത പ്രതി ആദ്യമായി ക്ലീഫോര്‍ഡ് ഹോസ്പിറ്റല്‍ എന്നില്‍ നിന്നും സന്തോഷപൂര്‍വ്വം സ്വീകരിക്കുകയും ചെയ്തു. പുലയര്‍ നൂറ്റാണ്ടു കളില്‍ എന്ന പുസ്തകം ക്യാനഡയിലെ ക്യൂയിന്‍സ് യൂണിവേഴ്‌സിറ്റി ചരിത്ര വിഭാഗത്തില്‍ സൂക്ഷിക്കുകയും ചെയ്യുന്നുവെന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്.

ഒന്നാം പതിപ്പിന്റെ പ്രകാശനം 1990 ഫെബ്രുവരി 2 ന് തിരുവനന്തപുരം ഗസ്റ്റ് ഹൗസില്‍ വച്ച് കേന്ദ്ര തൊഴില്‍ സാമൂഹ്യക്ഷേമ വകുപ്പുമന്ത്രി രാംവിലാസ്പസ്വാന്‍ ഒരു കോപ്പി റിട്ടേ. മുന്‍സിപ്പ് ടി. ജെ. കുഞ്ഞു കുഞ്ഞിന് നല്‍കി കൊണ്ടാണ് പ്രകാശനം നിര്‍വഹിച്ചത്. തളിയല്‍ വനജന്‍, തമ്പാന്‍തോമസ് എന്നിവര്‍ പ്രകാശന കര്‍മ്മത്തിനു ണ്ടായിരുന്നു. പ്രകാശനനന്തരം പുസ്തക വില്പന ഗ്രന്ഥകാരനായ ഞാന്‍ തന്നെ നടത്തുകയായിരുന്നു. ഈ സന്ദര്‍ഭത്തിലാണ് കെ. പി. എം. എസിന്റെ സംസ്ഥാന സമ്മേളനം എസ്. എം. വി സ്‌കൂളില്‍ നടക്കുന്ന വിവരം അറിഞ്ഞത്. ഈ സമ്മേളനത്തില്‍ ഞാന്‍ കുറെ പുസ്തകങ്ങളുമായിട്ടെത്തി. എസ്. എം. വി സ്‌കൂളിന്റെ ഗേറ്റിനു സമീപം നിരത്തി വച്ചു. അപ്പോഴേയ്ക്കും വിവരം അറിഞ്ഞ് പ്രസിഡന്റും മുന്‍മന്ത്രിയുമായി പി. കെ രാഘവനും അയാളുടെ അളിയനും ജനറല്‍ സെക്രട്ടറി യുമായ ശശാങ്കനും ഓടിക്കിതച്ച് എന്റെ അടുത്തുവന്ന് എന്നോടു പറഞ്ഞു ''ഇവിടെ പുലയര്‍ നൂറ്റാണ്ടുകളില്‍ വില്ക്കാന്‍ പാടില്ല. എടുത്തോണ്ടു പൊയ്‌ക്കോളു '' രാഘവന്‍ തറപ്പിച്ചു തന്നെ പറഞ്ഞു. ഞാന്‍ പുസ്തകം വില്‍ക്കാതെ തന്നെ തിരിച്ചു പോന്നു. ഈ സംഭവമെന്നെ ഏറെ വേദനിപ്പിച്ച ഒന്നാണ്. ഇത്രയും സ്വാര്‍ത്ഥത നിറഞ്ഞ വ്യത്തികെട്ട ഒരു മനുഷ്യ പിശാചിനെ ഞാനെന്റെ ജീവിതത്തില്‍ ഒരിക്കലും കണ്ടിട്ടേയില്ല. ഞാന്‍ സമാധാനിച്ചു. കാരണം ആള്‍ട്രാവന്‍കൂര്‍ പുലയര്‍ മഹാസഭ കുന്നുകുഴി ശാഖയുടെ ഒരു ഭൂമി പ്രശ്‌നവുമായി ജനറല്‍ സെക്രട്ടറി കൂടിയായ ഞാനും ശാഖ ഖജാന്‍ജിയുമൊത്ത് അന്ന് എം. എല്‍. എ. ആയി വന്ന് സ്റ്റാച്യൂവിലെ ഹാപ്പിടൂറിസ്റ്റ് ഹോമില്‍ താമസിച്ചിരുന്ന പി. കെ. രാഘവനെ കണ്ട് അപേക്ഷ കൊടുത്തപ്പോള്‍ ആ മാന്യന്‍ എന്നോട് ചോദിച്ചത് ''ഏതോടെ ഈ പുലയര്‍ മഹാസഭ'' യെന്നാണ്. ആ മാന്യനാണ് അന്തസ്സും അഭിമാനവും നാണവുമില്ലാതെ പില്‍ക്കാലത്ത് കെ. പി. എം. എസിന്റെ തലപ്പത്ത് കയറി ഇരുന്നതും പുലയരെയെല്ലാം ഇടതുപക്ഷ രാഷ്ട്രീയവല്‍ക്കരണം നടത്തിയതും പുലയരെക്കുറിച്ചെഴുതിയ എന്റെ പുസ്തക വില്പനയെ തടഞ്ഞതും. പിന്നീട്ഞാ നറിഞ്ഞു പുലയര്‍ നൂറ്റാ ണ്ടുകളുടെ പ്രകാശനം രാഘവനെക്കൊണ്ട് നടത്തിക്കാത്തതിന്റെ കെറുവാണ് അയാള്‍ എന്നോടു കാട്ടിയതെന്ന്. ഡിപ്പാര്‍ട്ടുമെന്റില്‍ പുസ്തകമെടുക്കാനും മന്ത്രിയായപ്പോഴും അയാള്‍ തയ്യാറായില്ല. ഒടുവില്‍ പന്തളം സുധാകരന്‍ മന്ത്രിയായപ്പോള്‍ 100 പുസ്തകത്തിന് ഓര്‍ഡര്‍ നല്‍കിയെങ്കിലും പുസ്തകം മുഴുവന്‍ പി. എച്ച്. ഡിക്കാര്‍ വാങ്ങി ക്കൊണ്ടു പോയതിനാല്‍ കൊടുക്കാനുമായില്ല. 

പിന്നീട് സ്മാള്‍ ന്യൂസ് പിരിയോഡിക്കല്‍സ് അസോസിയേഷന്‍ തൃശൂര്‍ ജില്ലാക്കമ്മറ്റി ഏര്‍പ്പെടുത്തിയ ആദ്യത്തെ 'സ്വദേശാഭിമാനി രാമകൃഷ്ണ പിള്ള സ്മാരക അവാര്‍ഡ്' 1990 ല്‍ പുലയര്‍ നൂറ്റാണ്ടുകള്‍ക്കു ലഭിച്ചു. അവാര്‍ഡ് ലഭിച്ചതിനെത്തുടര്‍ന്ന് മുന്‍മന്ത്രി എം. എ കുട്ടപ്പന്റെ നേതൃത്വത്തില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ ഗൈഡന്‍ സ്ബ്യൂറോയുടെ ഉത്ഘാടനത്തോട് അനുബന്ധിച്ച് വി. ജെ. റ്റി ഹാളില്‍ നടന്ന മഹാസമ്മേള നത്തില്‍ വച്ച് 1990 സെപ്റ്റംബര്‍ 29 ന് കേരളഗവര്‍ണര്‍ ഡോ. സ്വരൂപ് സിംഗ് എന്നെ പൊന്നാട അണിയിച്ച് ആദരിക്കുകയുണ്ടായി. തുടര്‍ന്ന് നഗര സംരക്ഷണ സമിതിയുടെയും ശ്രീചിത്തിരതിരുനാള്‍ സേവാസമിതി യുടെയും ആഭിമുഖ്യത്തില്‍ കിഴക്കേക്കോട്ട തീര്‍ത്ഥാപാദമണ്ഡപത്തില്‍ ചേര്‍ന്ന ശ്രീചിത്തിരതിരുനാള്‍ മഹാരാജാവിന്റെ 78 ാം ജയന്തിയോടനു ബന്ധിച്ച് നടന്ന യോഗത്തില്‍ വച്ച് 1990 നവംബര്‍ 15 ന് പ്രസിദ്ധ പണ്ഡിതനും മലയാളം ലക്‌സിഗണ്‍ എഡിറ്ററുമായിരുന്ന ഡോ. ശൂരനാട് കുഞ്ഞന്‍പിള്ള സാര്‍ എന്നെ പൊന്നാട അണിയിച്ച് ആദരിക്കുകയുണ്ടായി. മഹാപണ്ഡിതനായ കുഞ്ഞന്‍പിള്ള സാറില്‍ നിന്നും ഒരാദരവ് ലഭിച്ചത് എന്റെ ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമായിരുന്നു.

തുടര്‍ന്ന് ദേശീയ അധ:സ്ഥിത ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ അയ്യന്‍കാളിയുടെ ജന്മദിനം പ്രമാണിച്ച് യൂണിവേഴ്സ്റ്റി സ്റ്റുഡന്‍സ് സെന്ററില്‍ ചേര്‍ന്ന യോഗത്തില്‍ കേരളനിയസഭ സ്പീക്കറായിരുന്ന പി പി തങ്കച്ചന്‍ എന്നെ പൊന്നാട അണിയിക്കുകയും അയ്യന്‍കാളി സ്മാരക അവാര്‍ഡ് സമ്മാനിക്കുകയും ചെയ്തു. അന്നു തന്നെ കേരള കോണ്‍ഗ്രസ്സ് ദലിത് ഫ്രണ്ടിന്റെ ആഭിമുഖ്യത്തില്‍ മുളവന ജംഗ്ഷനില്‍ ചേര്‍ന്ന അയ്യന്‍കാളിയുടെ 130 ാം ജയന്തി ആഘോഷത്തില്‍ വച്ച് സിറ്റി മേയര്‍ എം .പി പത്മനാഭന്‍ എന്നെ പൊന്നാട ചാര്‍ത്തി ആദരിച്ചു. അതു കഴിഞ്ഞ് കോട്ടയം അന്തര്‍ദ്ദേശീയ പുസ്തകമേളയോട് അനുബന്ധിച്ച് 1993 ഫെബ്രുവരി 2 ന് കോട്ടയം തിരുനക്കര മൈതാനിയില്‍ (പഴയ അടിമ ചന്ത) നടന്ന ദലിത് സാഹിത്യസംഗമത്തില്‍ വച്ച് കല്ലറ സുകുമാരന്റെ നേത്യത്വത്തില്‍ എനിക്ക് സ്വീകരണം ലഭിച്ചു. യോഗത്തില്‍ മഹാരാഷ്ട്ര ഗവര്‍ണര്‍ എം. എം. തോമസ് ഉത്ഘാടകനായിരുന്നു. ദലിത് ബന്ധു എന്‍. കെ. ജോസ്, പോള്‍ചിറക്കരോട് തുടങ്ങിയവര്‍ പ്രസംഗിച്ചു. പിന്നെയും പല സംഘാടനകള്‍ എന്നെ പൊന്നാടകള്‍ അണിയിച്ച് ആദരിക്കുകയും സ്വീകരണം നല്‍കുകയും ചെയ്തിരുന്നു. അവയൊന്നും വിസ്താരഭയം കൊണ്ട് ഇവിടെ വിവരിക്കുന്നില്ല.

ഷാബു എം. കെ മനയത്തുശ്ശേരി പുഴവാത്ത് എന്നയാള്‍ എന്റെ അറിവോ സമ്മതമോ കൂടാതെ 'പുലയര്‍ നൂറ്റാണ്ടുകളില്‍ എന്ന ഗ്രന്ഥത്തിലെ പേജ് 109 മുതല്‍ 116 വരെയുള്ള ഭാഗം ചേരമാന്‍ പൊരുമാള്‍ പ്രതികൂട്ടില്‍' എന്ന പേരില്‍ ഒരു ചെറുപുസ്തകം 1996 നവംബര്‍ 30 ന് തിരുവനന്തപുരത്ത് പാളയം രക്ഷസ്സായി മണ്ഡപത്തില്‍ വച്ചു നടന്ന ദലിത് പാന്തര്‍ യോഗത്തില്‍ വ്യാപകമായി വിറ്റിരുന്നു. പിന്നീട് അയാള്‍ എനിക്ക് ക്ഷമാപണം ചെയ്തുകൊണ്ട് കത്തയയ്ക്കുക യുണ്ടായി. അതുകഴിഞ്ഞപ്പോള്‍ മലയാള മനോരമ പത്രത്തിന്റെ ആസ്ഥാനമായ കോട്ടയത്തു നിന്നും അസോസിയേറ്റസ് എഡിറ്റര്‍ തോമസിന്റെ നിര്‍ദ്ദേശപ്രകാരം തിരുവനന്തപുരം എഡിഷനില്‍ നിന്നും കുന്നുകുഴി മണക്കുന്നില്‍ വീട്ടില്‍ വന്ന് 'പുലയനൂറ്റാണ്ടുകളില്‍' എന്ന ഗ്രന്ഥം വാങ്ങികൊണ്ടുപോയി ഫോട്ടോസ്റ്റാറ്റ് എടുത്തശേഷം തിരിച്ചു കൊണ്ടു വന്നു തന്നു. കേരളത്തിലെ ഏറ്റവും വമ്പനായ പത്രസ്ഥാപന ത്തില്‍ നിന്നും എന്റെ പുസ്തകം തേടി വന്നതു തന്നെ വലിയ അഭിമാനമായി ഞാന്‍ കരുതുന്നു. തുടര്‍ന്ന് പലര്‍ക്കും പുസ്തകങ്ങള്‍ രചിക്കാനും ലേഖനം തയ്യാറാക്കുന്നതിനും എന്റെ പുലയര്‍ നൂറ്റാണ്ടു കളില്‍ എന്ന ഗ്രന്ഥം നിമിത്തമായി. അവരില്‍ 'അക്ഷരസമത്വം' എന്ന ഗ്രന്ഥം രചിച്ച എന്റെ പ്രീയ സുഹ്യത്തും സാഹിത്യകാരനും, മുന്‍ പി ആര്‍ ഡി ഡയറക്ടറുമായ പ്രൊഫ. ജി. എന്‍. പണിക്കര്‍ സാര്‍ 'അയ്യന്‍കാളി വെങ്ങാനൂരിന്റെ അഭിമാനം' എന്ന ലേഖനത്തില്‍ പുലയര്‍ നൂറ്റാണ്ടുകളില്‍ നിന്നുള്ള ചില ഭാഗങ്ങള്‍ എടുത്തു ചേര്‍ത്തു. അതു പോലെ കെ. ഇ. എന്‍, കെ. കെ. കൊച്ച് തുടങ്ങിയ പല പ്രമുഖ എഴുത്തുകാരും എന്റെ പുലയര്‍ നൂറ്റാണ്ടുകളില്‍ എന്ന ഗ്രന്ഥം പ്രയോജനപ്പെടുത്തിയത് എന്നെ സംബന്ധിച്ചിടത്തോളം ചാരിതാര്‍ത്ഥ്യ ജനകമാണ്. ഇനിയുമുണ്ട് വിശേഷങ്ങള്‍ പുലയര്‍ നൂറ്റാണ്ടുകളില്‍ വായിച്ച് പ്രചോദനം ഉള്‍ക്കൊണ്ടവരും നിരവധിയാണ്. ദലിത് പാന്തര്‍ എന്ന സംഘടന രൂപീകരിക്കുവാന്‍ അതിന്റെ സംഘാടകരെ പ്രേരിപ്പിച്ചത് പുലയര്‍ നൂറ്റാണ്ടുകളുടെ വായനയായിരുന്നു. ഇതേ ഗ്രന്ഥം വായിച്ച് പ്രചോദനം ഉള്‍ക്കൊണ്ടതുറുവിക്കല്‍ പ്രദേശത്തെ ചെറുപ്പക്കാരാണ് സെക്രട്ടറിയേറ്റിനു മുന്നില്‍ കുടില്‍ കെട്ടി ഐതിഹാസിക സമരം നടത്തിയ സമരനായിക സി. കെ. ജാനുവിനെ കട്ടിലോടു കൂടി പൊക്കിയെടുത്ത് സെക്രട്ടറിയേറ്റിനുള്ളിലേയ്ക്ക് കടത്താന്‍ ശ്രമിച്ചത്. ആ ചെറുപ്പക്കാര്‍ തന്നെയാണ് ആ വിവരം എന്നെ അറിയിച്ചത്. ഇതെല്ലാം ഇരുപത്തിയഞ്ചു വര്‍ഷം മുന്‍പു ഞാന്‍ രചിച്ച പുലയര്‍ നൂറ്റാണ്ടുകളില്‍ എന്ന ചരിത്ര പഠനഗ്രന്ഥത്തിന്റെ ഒന്നാം പതിപ്പിന്റെ വായന കൊണ്ട് സംഭവ്യമാര്‍ന്ന പ്രോജ്വല പ്രകടനങ്ങളായിരുന്നു. ഈ ഗ്രന്ഥത്തിന്റെ ഒന്നാം പതിപ്പിലെ പ്രസ്താവനയില്‍ തന്നെ ഞാനത് പറഞ്ഞിട്ടുണ്ട് ''എന്നാല്‍ ഇന്നുവരെയു ണ്ടായിരുന്ന അടിസ്ഥാനപരമെന്ന് വിശ്വസിക്കപ്പെട്ടിരുന്ന ചരിത്രാംശങ്ങളില്‍ ചിലപൊളിച്ചെഴുത്തലുകള്‍ നടത്തുവാനുംഈഗ്രന്ഥത്തിലൂടെ കഴിഞ്ഞിട്ടുണ്ട്. അവയുടെ പ്രത്യാഘാതം ഒരു പക്ഷെ ചരിത്രത്തിന്റെ ഒരു വഴിത്തിരി വിനുതന്നെ കളമൊരുക്കാന്‍ പര്യാപ്തമാകും'' ഈ ഗ്രന്ഥം ഒട്ടേറെ മാറ്റങ്ങള്‍ക്കും മാറ്റചിന്തകള്‍ക്കും കാരണമായിട്ടുണ്ടെന്ന കാര്യത്തില്‍ തര്‍ക്കമില്ല. പക്ഷെ ചരിത്രം എന്തെന്ന് പഠിക്കേണ്ടാത്ത ഒരു പുത്തന്‍ തലമുറ പുലയ സമുദായത്തിലെ പ്രത്യേകിച്ചും ക്രിസ്തീയ പരിവര്‍ത്തി തരില്‍ നിന്നും ഉണ്ടാകുന്നത് ഭയാശങ്കകളോടെയാണ് കാണേണ്ടത്. പുലയന്‍ ആരായിരുന്നു എന്തായിരുന്നുവെന്ന് അറിഞ്ഞെങ്കില്‍ മാത്രമേ നമുക്കു മുന്നോട്ടു പോകാനാകു. അല്ലെങ്കില്‍ വഴിയോരത്ത് തപ്പിത്തടഞ്ഞു വീണു പോവും. ജന്മാന്തരങ്ങളായിതന്നെ ആ വീഴ്ച നമ്മെ ദുര്‍ബലപ്പെടുത്തുന്നു ണ്ടാവും. ഈ യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാന്‍ കഴിയാത്ത ഒരു പുതിയ തലമുറ പുലയന്റെ ശാപമാണ്. നമ്മുടെ പൂര്‍വിക ചരിത്രം പഠിക്കാതെ ഒരിഞ്ചു മുന്നോട്ടു പ്രയാണം തുടരാനാവില്ലായെന്ന സത്യത്തെ നാം തിരിച്ചറിയണം. അതാണ് നാളത്തേയും ഇന്നത്തേയും സന്ദേശപരമായ മുദ്രാവാക്യം.

ഈ ഗ്രന്ഥ രചനയ്ക്കു വേണ്ടി കഴിഞ്ഞ അരനൂറ്റാണ്ടായി ഞാന്‍ സഹിച്ച ത്യാഗങ്ങള്‍ ചില്ലറയല്ല. ഒരു പുസ്തകം കൊണ്ടു നടന്നാല്‍ എന്റെ പിതാവ് എന്നെ ആക്ഷേപിച്ചിരുന്നു. 'അവന്‍ കന്നക്കോലും കൊണ്ടു നടക്കുന്നു'. ആ കന്നക്കോലാണ് എന്നെ പില്‍ക്കാലത്ത് ശ്രദ്ധേയനാക്കിയത്. അതുകൊണ്ടാണ് ആദ്യപതിപ്പിന്റെ സമര്‍പ്പണം എന്റെ പിതാവിന് തന്നെ ഞാന്‍ നല്‍കിയത്. ഒട്ടേറെ അലഞ്ഞു. ഒട്ടേറെപ്പേരെ കണ്ടു. നാലു പതിറ്റാണ്ടുകള്‍ക്കു മുന്‍പ് ആനമല തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. ചില കൂട്ടരുമായി ആശയവിനിമയം നടത്തി. പക്ഷെ ആര്‍ക്കുമറിയില്ല ചരിത്രങ്ങളൊന്നും ആദിവാസി മേഖലകളിലും ഊരുകളിലും നിലമ്പൂരും ഇടുക്കിയിലെ കോവില്‍ക്കടവിലെ മുനിയറകളില്‍ വസിക്കുന്ന മലമ്പുലയരെയും മറ്റും കണ്ടു. പക്ഷെ പ്രയോജനമില്ല. അവരില്‍ നിന്നൊക്കെ ശേഖരിച്ച വിവരങ്ങള്‍ എല്ലാം ക്രോഡീകരിച്ചാണ് പുലയര്‍ നൂറ്റാണ്ടുകളില്‍ എന്ന പരിഷ്‌ക്കരിച്ച രണ്ടാം പതിപ്പ് തയ്യാറാക്കിയത്. പലതും വിട്ടു പോയിട്ടുണ്ടെങ്കില്‍ ക്ഷമിക്കുക. അദ്ധ്യായങ്ങളായി ക്രോഡീകരിക്കുമ്പോള്‍ ചില സുപ്രധാനവിവരങ്ങള്‍ പോയെന്നു വരാം. കഴിയുന്നത്ര എല്ലാം ഉല്‌പെടുത്താന്‍ ശ്രമിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ സെന്റര്‍ ഫോര്‍ ബയോ ടെക്‌നോളജിയില്‍ ഡോ. ബാനര്‍ജിയുടെ മോളിക്യുലാര്‍ ജനിതക പരീക്ഷണങ്ങള്‍ വരെ കൊടുക്കാന്‍ ശ്രമിച്ചു. കേരളീയരുടെ പ്രചിതാമഹന്‍ പുലയനാണെന്നാണ് മഹത്തായ ആ കണ്ടെത്തല്‍. ഞാനതിനു മുന്നേ കണ്ടെത്തിയിരുന്നു. എന്തായാലും എന്റെ നിയോഗം - എന്റെ കര്‍മ്മനിയോഗം - എന്റെ ജന്മനിയോഗം ഇവിടെ പൂര്‍ത്തീകരിക്കുന്നു. ഈ ഗ്രന്ഥരചനയ്ക്ക് എന്നെ സഹായിച്ച എല്ലാ നല്ല മനസ്സുകള്‍ക്കും പ്രത്യേകിച്ചും എന്നെ വധിക്കുമെന്ന് ഒന്നാം പതിപ്പിറങ്ങിയ കാലത്ത് കത്തയച്ച ഇടുക്കിക്കാരനും നന്ദി.

പുലയര്‍ നൂറ്റാണ്ടുകളില്‍ എന്ന ചരിത്രപഠന ഗ്രന്ഥത്തിന്റെ പ്രസിദ്ധീ കരണം സ്വമനസ്സാലെ ഏറ്റെടുത്ത മൈത്രിബുക്‌സിനും അതിലെ എല്ലാമായ ലാല്‍സലാമിനും എന്റെ നന്ദി ഇവിടെ രേഖപ്പെടുത്തുന്നു.

തിരുവനന്തപുരം കുന്നുകുഴി എസ് മണി
05-01-2014
*ചിത്രം ഇന്റര്‍നെറ്റില്‍ നിന്നും.

ഒന്നാം അദ്ധ്യായം വായിക്കുക