"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, സെപ്റ്റംബർ 20, ഞായറാഴ്‌ച

പുലയക്കുട്ടികളുടെ വിദ്യാഭ്യാസം - ദളിത്‌ ബന്ധു എന്‍ കെ ജോസ്

സര്‍,
അങ്ങും അങ്ങയുടെ സര്‍ക്കാരും ഇന്ന് ആദരിക്കുന്ന നാടുകട ത്തലിന്റെ ശതാബ്ദിയാ ഘോഷിക്കുന്ന രാമകൃഷ്ണ പിള്ളയെപ്പറ്റി ഞാന്‍ കഴിഞ്ഞ പേജുകളില്‍ ചിലതെല്ലാം കുറിച്ചു. എന്നാല്‍ ആ മനുഷ്യന്റെ യഥാര്‍ത്ഥ വര്‍ഗ്ഗീയമുഖം ഇനി ചിത്രീകരിക്കുവാന്‍ പോകുന്നതേയുള്ളൂ. ഒരുപക്ഷേ അങ്ങു വിചാരിക്കുന്നുണ്ടാകും പ്രതിപക്ഷവും ഇക്കാര്യത്തില്‍ അങ്ങയുടെ കൂടെയാണല്ലോയെന്ന്. അവര്‍ ഇവിടുത്തെ എല്ലാ വര്‍ഗ്ഗീയ പിന്തിരിപ്പന്‍മാ രുടെയും ചുമടുതാങ്ങികളാണല്ലോ. ഇക്കാര്യത്തില്‍ അത് കുമ്പളത്തു ശങ്കുപ്പിള്ള മുതല്‍ തുടരുന്നതാണ്. പുരോഗമന ചിന്താഗതിക്കാരെന്ന വകാശപ്പെടുന്ന അങ്ങയുടെ പാര്‍ട്ടിയും അങ്ങയുടെ സര്‍ക്കാരും ഇക്കാര്യത്തില്‍ ആ പിന്തിരിപ്പന്‍ വര്‍ഗ്ഗീയ കോമരങ്ങളുടെ പിന്നാലെ പോയതിലാണ് എനിക്ക് വിഷമവും അമര്‍ഷവും ക്രോധവുമുള്ളത്. 1945-46 കാലഘട്ടത്തില്‍ വയലാറിലും പൂത്തോട്ടയിലും ചേര്‍ത്തല പട്ടണ ത്തിന്റെ പലഭാഗങ്ങളിലും വച്ചു നടത്തപ്പെട്ടിരുന്ന സ്റ്റഡിക്ലാസ്സുകളില്‍ ഞാനും പങ്കെടുത്തതാണ്. ഞാനന്ന് ചേര്‍ത്തല ഗവണ്‍മെന്റ് ഹൈസ്‌ക്കൂ ളില്‍ പഠിക്കുക യായിരുന്നു. താമസം ചേര്‍ത്തല പൂത്തോട്ട ബോട്ടു ജെട്ടിക്കും റസ്‌ററ്ഹൗ സിനും തൊട്ടു കിഴക്കുവശത്തെ ഒരു വീട്ടിലാ യിരുന്നു. ഒരു ഇടതുപക്ഷ ചിന്താഗതി എന്നിലങ്കുരിച്ചത് അക്കാലത്താ യിരുന്നു. രാമകൃഷ്ണപിള്ളയുടെ നാടുകടത്തലിന്റെ ശതാബ്ദി അങ്ങു കൂടിച്ചേര്‍ന്ന് ആഘോഷിക്കുന്നതു കാണുമ്പോള്‍ എനിക്ക് അമര്‍ഷം തോന്നുന്നത് അതിന്റെകൂടി ഫലമായിട്ടാണ്.

രാമകൃഷ്ണപിളള സ്വദേശാഭിമാനി പത്രത്തിന്റെ പത്രാധിപരായിരുന്ന കാലത്ത് തിരുവിതാംകൂറിലെ അയിത്ത ജാതി കുട്ടികള്‍ക്ക് സര്‍ക്കാര്‍ സ്‌കൂളില്‍ പ്രവേശന മുണ്ടായിരുന്നില്ല. പ്രത്യേകിച്ചും അയിത്ത ജാതിക്കാരിലെ പുലയ, പറയ, കുറവ, പല്ലവ ആദിയായ വിഭാഗങ്ങള്‍ക്ക് അക്ഷരം വശമാക്കാനുളള യാതൊരു സൗകര്യവും അന്നുണ്ടായിരുന്നില്ല. 1806 ല്‍ എല്‍. എം. എസുകാര്‍ (ഘീിറീി ങശശൈീി ടീരശല്യേ) റിംഗിള്‍ടോബിയുടെ നേതൃത്വത്തില്‍ മൈലാടിയില്‍ വന്നു സ്‌കൂള്‍ സ്ഥാപിച്ചപ്പോഴാണ് അവരില്‍ ചിലര്‍ക്കെങ്കിലും പഠിക്കാന്‍ കുറച്ച് സൗകര്യം ലഭിച്ചത്. അവരുടെ സ്‌കൂളുകളില്‍ പ്രസ്തുത ജാതിക്കാരുടെ കുട്ടികള്‍ക്ക് പ്രവേശനം അനുവദിച്ചു. അതിനാല്‍ നായര്‍ ഈഴവര്‍ തുടങ്ങിയ വിഭാഗങ്ങളില്‍പ്പെട്ട കുട്ടികള്‍ അവിടെ ചേര്‍ന്നില്ല. ചേര്‍ന്ന കുട്ടികളില്‍ ഭൂരിഭാഗവും പുലയക്കുട്ടികളായിരുന്നു അതിനാല്‍ ആ പളളിക്കൂടങ്ങള്‍ക്ക് പുലയ പളളിക്കൂടം (പെലപ്പള്ളിക്കൂടം) എന്ന പേരും വന്നു. അവിടെപ്പോലും തങ്ങളുടെ കുട്ടികളെ അയച്ചു പ0ിപ്പിക്കാന്‍ പുലയര്‍ക്കു താല്‍പര്യമില്ലായിരുന്നു. നൂറ്റാണ്ടുകളായി അക്ഷരവുമായി അവര്‍ക്ക് ഒരു ബന്ധവും ഉണ്ടായിരുന്നില്ല പിന്നെ, ക്രിസ്തുമതത്തില്‍ ചേര്‍ന്നവരുടെ കുട്ടികളാണ് എല്‍.എം.എസുകാരുടെ നിര്‍ബന്ധം മൂലം സ്‌കൂളുകളില്‍ പൊയ്‌ക്കൊണ്ടിരുന്നത്. അതിനാല്‍ അത് മറ്റുളളവരുടെ ദൃഷ്ടിയില്‍ ക്രിസ്തുമതത്തിലേയ്ക്കുളള റിക്രൂട്ട് ശാലകളായിരുന്നു. ആ വിധത്തിലുളള പ്രചരണവും നടന്നിരുന്നു.1

ഈ ഘട്ടത്തിലാണ് അയ്യന്‍കാളിക്ക് സാധുജനപരിപാലനസംഘം എന്ന തന്റെ സംഘടനയില്‍പ്പെട്ട സമുദായങ്ങളിലെ കുട്ടികളെ വിദ്യാഭ്യാസം ചെയ്യിക്കണമെന്ന ആഗ്രഹം ഉദിച്ചത്. അയ്യന്‍കാളിക്ക് അക്ഷരം അറിഞ്ഞുകൂടായിരുന്നു. എല്‍.എം.എസ്സില്‍ ചേര്‍ന്ന് അക്ഷരാഭ്യാസം നേടിയവരിലുണ്ടായ മാറ്റം അദ്ദേഹം ശ്രദ്ധിച്ചു. അദ്ദേഹത്തിന്റെ തന്നെ അടുത്ത ബന്ധുക്കളായ തോമസ് വാദ്ധ്യാരും ഹാരീസ് വാദ്ധ്യാരും അവരുടെ സ്‌കൂളുകളില്‍ ചേര്‍ന്ന് പഠിച്ചു. അവിടെത്തന്നെ വാദ്ധ്യാരു ദ്യോഗം ലഭിച്ച് ജീവിതം മെച്ചപ്പെടുത്തിയത് അയ്യന്‍കാളി ശ്രദ്ധിച്ചു. അതിനാല്‍ സാധുജന പരിപാലന സംഘത്തിലെ എല്ലാ കുട്ടികളെയും വിദ്യാഭ്യാസം ചെയ്യിക്കണമെന്ന് അയ്യന്‍കാളി തീരുമാനിച്ചു. എല്ലാ അധികാര ങ്ങളുടെയും താക്കോല്‍ അക്ഷരമാണ് എന്ന് അയ്യന്‍കാളിക്ക് മനസ്സിലായി. അതാണ് തനിക്കില്ലാതെ പോയത്. അതില്‍ അദ്ദേഹം അതീവ ഖിന്നനായിരുന്നു. ബ്രാഹ്മണര്‍ ശൂദ്രര്‍ക്കു പോലും അക്ഷരം നിഷേധിച്ച തിന്റെ രഹസ്യം അതാണ്. 

ശൂദ്രനക്ഷര സംയുക്തഃ ദൂരത പരിവര്‍ജയേല്‍

3 അതിന് എല്‍.എം.എസുകാരുടെ പുലപ്പളളിക്കൂടങ്ങള്‍ മതിയാവുകയില്ല. അത് അവരുടെ ചില കേന്ദ്രങ്ങളില്‍ മാത്രമേയുളളൂ. പിന്നെയുളളത് സര്‍ക്കാര്‍ സ്‌കൂളുകളാണ്. അതും വളരെ അപൂര്‍വ്വമാണ്. ഉളളവയില്‍ പോലും ദലിത് വിദ്യാര്‍ത്ഥികളെ ചേര്‍ക്കുകയില്ല. അതിനാല്‍ അദ്ദേഹം സര്‍ക്കാര്‍ സ്‌കൂളുകളില്‍ ദലിത് വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കാന്‍ ശ്രമിക്കണം, പിന്നെ അത്തരം പളളിക്കൂടങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കണം അങ്ങനെ ഒരു പ്ലാന്‍ മനസ്സില്‍ കണ്ടുകൊണ്ടാണ് അയ്യന്‍കാളി സര്‍ക്കാരിനെ സമീപിച്ചത്. നിലവിലുളള സര്‍ക്കാര്‍ സ്‌കൂളുകളില്‍ ദലിത് വിദ്യാര്‍ത്ഥികളെ ചേര്‍ക്കാന്‍ അനുവദിക്കണം എന്ന അഭ്യര്‍ത്ഥന അദ്ദേഹം സര്‍ക്കാരിന്റെ മുമ്പാകെ സമര്‍പ്പിച്ചു.2 അപ്പോഴാണ് അയ്യന്‍കാളിക്ക് മനസ്സിലായത് അതൊരു ബാലികേറാമലയാണ് എന്ന്. ദലിത് വിദ്യാര്‍ത്ഥികളെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ പ്രവേശിപ്പിക്കുക എന്നതിന് അര്‍ത്ഥം നാട്ടിലുളള സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ എല്ലാം അയിത്തമാക്കുക എന്നാണ്. പിന്നെ സവര്‍ണ്ണക്കുട്ടികള്‍ എങ്ങനെ വിദ്യാഭ്യാസം നടത്തും. അതിനാല്‍ അയിത്തക്കുട്ടികളുടെ സ്‌കൂള്‍ പ്രവേശനം അസാധ്യമാണ്. പക്ഷെ, അയ്യന്‍കാളിക്ക് അതൊന്നും പ്രശ്‌നമായിരുന്നില്ല. അദ്ദേഹം സര്‍ക്കാരിലേയ്ക്ക് നിവേദനങ്ങള്‍ നല്‍കി. ദിവാന്മാരെ നേരില്‍ കണ്ട് അപേക്ഷിച്ചു. വിദ്യാഭ്യാസത്തിന്റെ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥന്മാരെ കണ്ടു കാര്യം പറഞ്ഞു. അയ്യന്‍കാളി അതിനു വേണ്ടി മുട്ടാത്ത വാതിലുകളില്ല. ഒന്നു പോലും തുറന്നില്ല. അയ്യന്‍കാളി അങ്ങനെ നിരാശനായിരിക്കുമ്പോ ഴാണ് പി. രാജഗോപാലാചാരി 1907 ല്‍ ദിവാനായി ചാര്‍ജ്ജ് എടുത്തത്.

4 അന്ന് മനുവിന്റെ നിയമമാണ് നാട്ടില്‍ നിലനിന്നിരുന്നത്. ഓരോരു ത്തര്‍ക്കും അവരുടെ ജാതി അനുസരിച്ചുളള ജോലികളും ജീവിത രീതികളും മനുസ്മൃതിയില്‍ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ട്. അതില്‍ നിന്നും വ്യതിചലിക്കുന്നത് സാമൂഹ്യ സംഘടനയെ ത്തന്നെ താറുമാറാക്കുന്ന കുറ്റകൃത്യമാണ്. അതനുസരിച്ച് പുലയരുടെ ജോലി പാടത്ത് പണിചെയ്യുക എന്നതാണ്. അതിന് അക്ഷരാഭ്യാസത്തിന്റെ ആവശ്യമില്ല എന്നു മാത്രമല്ല, അക്ഷരം പഠിച്ചവര്‍ പിന്നെ പാടത്തേക്ക് എത്തിനോക്കുക പോലുമില്ല. അതിനാല്‍ അക്ഷരം പഠിക്കുക എന്നത് കുല ധര്‍മ്മത്തിന് വിരുദ്ധമാണ്. പുലയര്‍ അക്ഷരം പ0ിച്ചാല്‍ പാടത്ത് പണി ചെയ്യാന്‍ ആരുമില്ലാതെ വരും, കൃഷി നശിക്കും, നായരും നമ്പൂതിരിയും പട്ടിണിയാകും, ബ്രാഹ്മണ കോപം ഉണ്ടാകും, പുലയരുടെ കുലം നശിക്കും.. അതിനാല്‍ പുലയര്‍ അക്ഷരം പഠിക്കുന്നത് രാജ്യദ്രോഹപരമായ പ്രവൃത്തിയാണ് എന്നു മാത്രമല്ല കുലദ്രോഹപ രവും സമുദായ ദ്രോഹപരവുമായ പ്രവൃത്തിയും കൂടിയാണ്.

5 ഗാന്ധി തന്നെ ഒരിക്കല്‍ പറഞ്ഞത്, എല്ലാവരും അവരവരുടെ കുലധര്‍മ്മവും ജാതിധര്‍മ്മവും അനുസരിച്ച് ജീവിക്കണം എന്നാണ്. ജാതിപരമായ തൊഴില്‍ കൊണ്ട് നിത്യവൃത്തി കഴിക്കണം. അതില്‍ നിന്നും വ്യത്യസ്തമായ അറിവ് ലഭിച്ചിട്ടുണ്ടെങ്കിലും ജീവിതവൃത്തിക്ക് അതുപയോഗിക്കരുത്. 1925 മാര്‍ച്ച് 13 ാം തീയതി ഗാന്ധി ശിവഗിരിയില്‍ ചെയ്ത പ്രസംഗത്തില്‍ പറഞ്ഞു ' ഓരോ തോട്ടിയോടും എനിക്ക് അപേക്ഷിക്കാനുളളത് തന്റെ തൊഴിലിനെക്കുറിച്ച് അയാള്‍ ലജ്ജിച്ചുകൂടാ എന്നാണ്. ആത്മാര്‍ത്ഥമായി സ്വകൃത്യം അനുഷ്ഠിക്കുന്ന തോട്ടി ശുചീകരണ കര്‍മ്മം ചെയ്യുന്നവനാണ്'.'3 എന്തിനാണ് ഗാന്ധി അത് ശിവഗിരിയില്‍ തന്നെ വന്നു പറഞ്ഞത്? ഇവിടുത്തെ തോട്ടികള്‍ ഈഴവരല്ല. അങ്ങനെ ഒരു തെറ്റിദ്ധാരണയും ഗാന്ധിക്കില്ലാ യിരുന്നു. തിരുനെല്‍വേലിയില്‍ വച്ചു ടി.കെ മാധവന്‍ 1922 ല്‍ (വെറും മൂന്നു കൊല്ലം മുമ്പ്) ഈഴവരെപ്പറ്റി വിശദമായി ഗാന്ധിയെ ധരിപ്പിച്ചിട്ടുളള താണ്. ഈഴവര്‍ അന്ന് പുരോഗമന വാഞ്ചയുളള ജനവിഭാഗമായി മാറിയിരുന്നു എന്ന് ഗാന്ധിക്ക് ബോധ്യമായി.4 അതിന്റെ തെളിവു കൂടിയാണ് വൈക്കം സത്യാഗ്രഹം. സത്യാഗ്രഹ ക്യാമ്പില്‍ വച്ച് ഈഴവര്‍ അന്യസമുദായവുമായി സമ്പര്‍ക്കത്തിലേര്‍പ്പെ ടുന്നതിനെ ഗാന്ധി തടഞ്ഞത് വളരെ ബോധപൂര്‍വ്വമാണ്. സത്യാഗ്രഹക്യാമ്പില്‍ നിന്നും അദ്ദേഹം സിക്കുകാരുടെ മടക്കി അയച്ചു. ബാരിസ്റ്റര്‍ ജോര്‍ജ് ജോസഫ് സത്യാഗ്രഹം അനുഷ്0ിച്ചതിന് പരസ്യമായി ക്ഷമാപണം ചെയ്യുവാന്‍ ഗാന്ധി ആവശ്യപ്പെട്ടു.5 ഈഴവര്‍ തങ്ങളുടെ കുലധര്‍മ്മം ഉപേക്ഷിക്കുമോ എന്നായിരുന്നു ഗാന്ധിയുടെ ഭയം. അങ്ങനെ ചെയ്താല്‍ അത് ഇവിടുത്തെ സവര്‍ണ്ണ ശൂദ്രര്‍ക്ക് ദോഷകരമാണ്. കേരളത്തില്‍ ബ്രാഹ്മണരേക്കാള്‍ ഏറെ ബ്രാഹ്മണിസ്റ്റുകാരായ സവര്‍ണ്ണ ശൂദ്രരാണുളളത്. തോട്ടികള്‍ അവരുടെ കുലധര്‍മ്മം ഉപേക്ഷിക്കാന്‍ പാടില്ലെങ്കില്‍ പിന്നെ ചെത്തുകാരുടെയും നെയ്ത്തുകാരുടെയും കാര്യം ചോദിക്കാനുണ്ടോ? 

അതുതന്നെയാണ് തിരുവിതാംകൂര്‍ രാജാവ് ഡോ: പല്‍പ്പുവിന് കൊടുത്ത ഉപദേശവും. പല്‍പു ഡോക്ടര്‍ പരീക്ഷ (വൈദ്യരംഗത്ത്) സമര്‍ത്ഥമായി പാസ്സായിട്ടുണ്ടെങ്കിലും ചാതുര്‍വര്‍ണ്ണ്യം അനുശാസിക്കു ന്നത് കുലധര്‍മ്മം അനുഷ്ഠിക്കുക എന്നതാണ്, കളളു ചെത്തുക എന്നതാണ് ഈഴവനായ ഡോ. പല്‍പ്പുവിന്റെ കുലധര്‍മ്മം, അതുചെ യ്യുക, സര്‍ക്കാര്‍ ഉദ്യോഗം മോഹിക്കരുത്. ജീവിതസന്ധാരണം നടത്തേണ്ടത് കളളുചെത്തി തന്നെയായിരിക്കണം. ഗാന്ധിയേക്കാള്‍ മുമ്പേ ഗാന്ധിസം പ0ിച്ചവരാ യിരുന്നു തിരുവിതാംകൂറിലെ രാജാക്കന്‍മാര്‍. അവര്‍ക്കും ഗാന്ധിക്കു മെല്ലാം ഈ ആശയം ലഭിച്ചത് ചാതുര്‍വര്‍ണ്ണ്യ ത്തില്‍ നിന്നാണ്, മനുസ്മൃതിയില്‍ നിന്നാണ് എന്ന് വ്യക്തമാണ്. ഗാന്ധി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയെങ്കിലും ഭക്ഷണം കഴിച്ചിരുന്നത് ചര്‍ക്ക ഉപയോഗിച്ച് നൂല്‍ നൂറ്റ് ആ നൂല്‍ വിറ്റാണുപോലും. ഗാന്ധിയുടെ കുലധര്‍മ്മം ഒരു ബനിയ എന്നനിലയില്‍ വ്യാപാരമായിരുന്നു. ഗാന്ധി വ്യാപാരത്തിനുള്ള വസ്തു സ്വയം നിര്‍മ്മിക്കുകയും ചെയ്തിരുന്നു. വ്യാപാരവും വ്യവസായവും ഒരുമിച്ചു പോകുന്നതാണല്ലോ. പലപ്പോഴും രാഷ്ട്രീയ പ്രവര്‍ത്തനം മൂലം അതു സാധിച്ചിരുന്നില്ല. എങ്കിലും, ലഭിക്കുന്ന എല്ലാ സന്ദര്‍ഭങ്ങളിലും അദ്ദേഹം ചര്‍ക്കയുടെ മുന്നില്‍ ഇരിക്കു മായിരുന്നു.

6 ഇന്ത്യയുടെ അവസാനത്തെ ഗവര്‍ണ്ണര്‍ ജനറലായിരുന്ന സി. രാജഗോപാ ലാചാരി മദ്രാസ് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ആ വിധത്തില്‍ ഒരു വിദ്യാഭ്യാസ പദ്ധതി ആസൂത്രണം ചെയ്തു നടപ്പാക്കി. ഉച്ചയ്ക്ക് ശേഷം വിദ്യാര്‍ത്ഥികള്‍ അവരുടെ കുലത്തൊഴില്‍ സ്‌കൂളില്‍ അഭ്യസിക്കുക. കുശവന്റെ മക്കള്‍ കലം മെനഞ്ഞു പരിചയിക്കുക. നെയ്ത്തുകാരുടെ മക്കള്‍ ഉച്ചകഴിഞ്ഞ് നെയ്ത്ത് അഭ്യസിക്കുക. അപ്പോള്‍ തോട്ടിയുടെ മക്കള്‍ ഉച്ചകഴിഞ്ഞു മലം ചുമന്ന് പഠിക്കണമല്ലോ. ആ സമയത്ത് ആവശ്യമുളള മലം കിട്ടാന്‍ ബുദ്ധിമുട്ടായിരിക്കും. ഏതായാലും ദ്രാവിഡ മുന്നേറ്റക്കഴകത്തിന്റെ ശക്തമായ പ്രതിഷേധം മൂലം രാജാജിക്ക് അത് പിന്‍വലിക്കേണ്ടി വന്നു. അത് അയ്യന്‍കാളി പുലയക്കുട്ടികള്‍ക്ക് വിദ്യാഭ്യാസം ലഭിക്കുവാന്‍ കാര്‍ഷിക പണിമുടക്കു നടത്തി വിജയിച്ചതിനു ശേഷമാണ് എന്നുകൂടി സ്മരിക്കണം.

7 എല്‍. എം. എസ്സിലെ റവ. മീഡ് എന്ന മിഷനറി തങ്ങളുടെ സ്‌കൂളുകളില്‍ പ0ിക്കുന്ന പുലയക്കുട്ടികളുടെ എണ്ണം നോക്കി അധ്യാപകര്‍ക്ക് അധിക ശമ്പളം കൊടുത്തു കൊണ്ടിരുന്നു. ഒരു പുലയ വിദ്യാര്‍ത്ഥിനിയെ പ0ിപ്പിക്കുന്നതിന് ഒരു പണവും ഒരു പുലയ വിദ്യാര്‍ത്ഥിയെ പ0ിപ്പിക്കുന്നതിന് അര പണവും വീതം അധികം കൊടുത്തു. അങ്ങനെ അധ്യാപകരുടെ നിര്‍ബന്ധം മൂലം അന്നു കുറച്ചു പുലയക്കുട്ടി കള്‍ക്ക് വിദ്യാഭ്യാസം ലഭിച്ചിരുന്നു.

8 1908 ല്‍ അയ്യന്‍കാളിയുടെ ജന്മസ്ഥലമായ വെങ്ങാന്നൂരില്‍ ഒരു പ്രൈമറി സ്‌കൂള്‍ സ്ഥാപിക്കുന്നതിനുളള അനുവാദം സര്‍ക്കാരില്‍ നിന്നും ലഭിച്ചു. അന്ന് അങ്ങനെ അയ്യന്‍കാളി സ്ഥാപിച്ച സ്‌കൂളാണ് ഇന്നു കാണുന്ന പുതുവല്‍ വിളാകം സ്‌കൂള്‍. അയ്യന്‍കാളിപ്പളളിക്കൂടം എന്നാണ് അത് അക്കാലത്ത് അറിയപ്പെട്ടിരുന്നത്. സത്യത്തില്‍ അത് ഇതിനകം ഒരു അയ്യന്‍കാളി സര്‍വ്വകലാശാലയായി വളരേണ്ടതായിരുന്നു. അലിഗര്‍ മുസ്ലീം യൂണിവേഴ്‌സിറ്റി, ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി തുടങ്ങിയവപോലെ. അതിന് അങ്ങയെപ്പോലുള്ളവര്‍ കനിയണം. ഒരു രാജ്യം വിദ്യാസമ്പന്ന മാകുന്നത് അവിടത്തെ ഏറ്റവും താഴേത്തട്ടിലുള്ളവര്‍ക്ക് വിദ്യാഭ്യാസം ലഭിക്കുമ്പോഴാണ്. അതിന് ഈ രാജ്യത്ത് ഏറ്റവുമധികം ശ്രമിച്ചത് അയ്യന്‍കാളിയാണ് എന്നത് തര്‍ക്കമറ്റ സംഗതിയാണ്. അതിനാല്‍ അടിസ്ഥാനജനവിഭാഗങ്ങളുടെ വിദ്യാഭ്യാസം എന്ന ആവശ്യംമുന്‍നിര്‍ത്തി ഒരു സര്‍വ്വകലാശാല അയ്യന്‍കാളിയുടെ നാമധേയത്തില്‍ ഉണ്ടാവുക യെന്നത് അഭിലഷണീയമെന്നു മാത്രമല്ല, അനുപേക്ഷണീയമായ കാര്യവുമാണ്. ഇപ്പോള്‍ പലരും നിര്‍ദ്ദേശിക്കുന്ന മലയാളം സര്‍വ്വ കലാശാല അത് അയ്യന്‍കാളിയുടെ നാമധേയത്തിലാകട്ടെ. അയ്യന്‍കാളി മലയാളം സര്‍വ്വകലാശാല, നാളെ ഈ രാജ്യത്ത് മലയാളം സംസാരി ക്കുന്നവര്‍ ഒരുപക്ഷേ അയ്യന്‍കാളിയുടെ ആള്‍ക്കാര്‍ മാത്രമായിരിക്കും. അയ്യന്‍കാളിയുടെ നാമധേയത്തില്‍ സര്‍വ്വകലാശാല സൃഷ്ടിക്കാന്‍ ശ്രമിക്കേണ്ട മുഖ്യമന്ത്രി ആ രംഗത്ത് അയ്യന്‍കാളിയുടെ പ്രതിയോഗിയായ കെ. രാമകൃഷ്ണപിള്ളയുടെ നാടുകടത്തലിന്റെ ശതാബ്ദിയാ ഘോഷിക്കുവാന്‍ തയ്യാറായത് അനുചിതം മാത്രമല്ല, ഗുരുതരമായ വീഴ്ചയുമാണ്.

9 അക്കാലത്ത് സ്‌കൂള്‍ അധ്യാപകരെല്ലാപേരും തന്നെ സവര്‍ണ്ണരായിരുന്നു. അധ്യാപക ജോലി നിര്‍വ്വഹിക്കത്തക്ക വിധത്തില്‍ വിദ്യാഭ്യാസം ലഭിച്ച പുലയരാരും തന്നെ അന്നുണ്ടായിരുന്നില്ല. അന്ന് അക്ഷരം അറിയാവുന്ന ഒരു പുലയന്‍ പോലും തെക്കന്‍ തിരുവിതാം കൂറില്‍ ഉണ്ടായിരുന്നില്ല. ആരെങ്കിലും ഉണ്ടായിരുന്നുവെങ്കില്‍ അവര്‍ എല്‍. എം. എസ്സില്‍ ചേര്‍ന്ന് അവരുടെ പളളിക്കൂടത്തില്‍ പ0ിച്ചവരാണ്. അങ്ങനെയാണ് തോമസ് വാദ്ധ്യാരും ഹാരിസ് വാദ്ധ്യാരും മറ്റുമുണ്ടായത്. അവര്‍ക്ക് എല്‍.എം. എസ്സുകാരുടെ സ്‌കൂളുകളില്‍ ജോലിയുമുണ്ടായി രുന്നു. പുലയര്‍ക്കു മാത്രമായുളള പുലയ പളളിക്കൂടത്തില്‍ ജോലി ചെയ്യാന്‍ സവര്‍ണ്ണരാരും തയ്യാറാവുകയുമില്ല. പുലയനെ അക്ഷരം പഠിപ്പിക്കുക എന്നത് ധര്‍മ്മശാസ്ത്രത്തിന് വിരുദ്ധമായിട്ടാണുളളത്. അയിത്തത്തിന്റെ നിഷേധം കൂടിയാണത്. അയിത്തക്കുട്ടികളുടെ നടുവില്‍ കുത്തിയിരുന്ന് പകല്‍ മുഴുവനും അവരെക്കൊണ്ട് നിലത്ത് അക്ഷരം വരപ്പിക്കുക, അവരുടെ കൈയ്ക്ക് പിടിച്ച് അക്ഷരം എഴുതി കാണിക്കുക, അതിനേക്കാള്‍ ഹീനമായ ഒരു പണിയുണ്ടോ? അയ്യന്‍കാളി ഒരു അധ്യാപകനെ അന്വേഷിച്ച് നാടു മുഴുവനും നടന്നു. ഒരു ശതാബ്ദത്തിന് മുമ്പ് 19 ാം നൂറ്റാണ്ടിന്റെ ആദ്യ ശതകങ്ങളില്‍ എല്‍. എം. എസ്സുകാരും ഈ പ്രശ്‌നത്തെ അഭിമുഖീകരിച്ചതാണ്. അവര്‍ സ്‌കൂള്‍ തുടങ്ങിയപ്പോള്‍ അധ്യാപകരെ വേണം. എല്‍. എം. എസ്സിലേക്ക് പരിവര്‍ത്തനം ചെയ്ത അക്ഷരജ്ഞാനികളെ കൊണ്ടാണ് അന്നവര്‍ കാര്യം സാധിച്ചത്. അയ്യന്‍കാളിക്ക് ആ മാര്‍ഗ്ഗവുമില്ല. അവസാനം തിരുവനന്തപുരത്തിന് സമീപം കൈതമുക്കില്‍ നിന്നും ഒരു പരമേശ്വരന്‍ പിളള അതിന് തയ്യാറായി. അപ്പോള്‍ അതില്‍ നിന്നും അയാളെ പിന്തിരിപ്പിക്കുവാന്‍ തദ്ദേശവാസികളായ നായന്‍മാര്‍ ഒരു ശ്രമം നടത്തി. അവര്‍ ഭീഷണി വരെ ഉയര്‍ത്തി. അതിനാല്‍ ദിവസവും രാവിലെയും വൈകുന്നേരവും അയ്യന്‍കാളി അയച്ചു കൊടുത്ത അംഗരക്ഷകരോടുകൂടിയാണ് അധ്യാപകന്‍ സഞ്ചരിച്ചത്. അതിന് പരമേശ്വരന്‍ പിളള തയ്യാറായതിനാല്‍ അയ്യന്‍കാളിപ്പളളിക്കൂടം നില നിന്നു.

10 വെങ്ങാനൂരിലെ ഒരു പളളിക്കൂടം കൊണ്ട് തെക്കന്‍ തിരുവിതാം കൂറിലെ പുലയരുടെയും പറയരുടെയും മറ്റ് അയിത്തജാതി ക്കുട്ടികളുടെയും വിദ്യാഭ്യാസപ്രശ്‌നം പരിഹരിക്കപ്പെടുമോ? അതിന് നിലവിലുളള സര്‍ക്കാര്‍ സ്‌കൂളുകളില്‍ ദലിത് വിദ്യാര്‍ത്ഥികള്‍ക്കുകൂടി പ്രവേശനം നല്‍കണമെന്ന് അയ്യന്‍കാളി വീണ്ടും അപേക്ഷ സമര്‍പ്പി ക്കാന്‍ തുടങ്ങി. അങ്ങനെയാണ് 1909 ല്‍ പുലയക്കുട്ടികളെ പ്രവേശിപ്പി ക്കാന്‍ അനുവദിച്ചുകൊണ്ട് പി. രാജഗോപാലാചാരി ഒരു ഉത്തരവ് പുറപ്പെടുവിച്ചത്. അദ്ദേഹം ഇംഗ്ലീഷ് വിദ്യാഭ്യാസം ലഭിച്ച ഒരു തമിഴ് ബ്രാഹ്മണനായിരുന്നു. അന്ന് വിദ്യാഭ്യാസ ഡയറക്ടറായിരുന്ന ഡോ. മിച്ചലും അതിന്റെ പിന്നിലുണ്ടായിരുന്നു. പക്ഷെ പ്രസ്തുത കല്‍പന ഉദ്യോഗസ്ഥന്‍മാര്‍ പൂഴ്ത്തിവച്ചു. താഴെത്തട്ടിലെത്തിയില്ല. സ്‌കൂളുകളില്‍ അധ്യാപകര്‍ അറിഞ്ഞില്ല. അതിനാല്‍ അയ്യന്‍കാളി പിന്നെയും അപേക്ഷയും മെമ്മോറാണ്ടവും തുടര്‍ന്നുകൊണ്ടിരുന്നു.6

ആ പരിതസ്ഥിതിയിലാണ് 1910 ല്‍ പുലയക്കുട്ടികളെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ പ്രവേശിപ്പിക്കാന്‍ അനുവദിച്ചുകൊണ്ടുളള സര്‍ക്കാരിന്റെ രണ്ടാമത്തെ ഉത്തരവ് പ്രസിദ്ധീകരിക്കപ്പെട്ടത്. അത് പൂഴ്ത്തിവയ്ക്കാന്‍ കഴിഞ്ഞില്ല. ജനങ്ങള്‍ അറിഞ്ഞു, പുലയരും നായന്‍മാരും അറിഞ്ഞു, അപ്പോഴാണ് അതിനെതിരേ രാമകൃഷ്ണപിളളയുടെ രോഷം പൊട്ടി പുറപ്പെട്ടത്. 

അദ്ദേഹം എഴുതി ''ഗവര്‍മെന്റിന്റെ ഇപ്പോഴത്തെ നയം സാമുദായികമായ മനഃശാസ്ത്രത്തിനും സദാചാരശാസ്ത്രത്തിനും വിരുദ്ധമാണെന്ന് ഞങ്ങള്‍ വിചാരിക്കുന്നു. ഈ നയം പുലയക്കുട്ടി കള്‍ക്കും പറയക്കുട്ടികള്‍ക്കും ജ്ഞാനവിഷയത്തില്‍ താണവരായ മറ്റുജാതിക്കാര്‍ക്കും ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് ഞങ്ങള്‍ പറഞ്ഞുകൊള്ളട്ടെ. മനുഷ്യവര്‍ഗ്ഗത്തില്‍ ഒരാളും മറ്റൊരാളും തമ്മിലുള്ള ശാരീരികമായ വ്യത്യാസത്തെ ഞങ്ങള്‍ അറിയുന്നില്ല. എന്നാല്‍, അനേക ശതാബ്ദക്കാലമായി പാരമ്പര്യ സിദ്ധമായിട്ടുളള ബുദ്ധി സംബന്ധമായ വ്യത്യാസത്തെ വിസ്മരിക്കാന്‍ സാധിക്കുന്നതല്ല. എത്രയോ തലമുറക ളായി ബുദ്ധി കൃഷിചെയ്തു വന്നിട്ടുളള ജാതിക്കാരേയും അതിനേക്കാള്‍ എത്രയോ ഏറെ തലമുറകളായി നിലം കൃഷിചെയ്തു വന്നിരിക്കുന്ന ജാതിക്കാരേയും തമ്മില്‍ ബുദ്ധിക്കാര്യത്തില്‍ ഒന്നായി ചേര്‍ക്കുന്നത് കുതിരയേയും പോത്തിനേയും ഒരേ നുകത്തില്‍ കെട്ടുകയായിരുന്നു. ഈനയം പുലയക്കുട്ടികള്‍ക്കും പറയക്കുട്ടികള്‍ക്കും ജ്ഞാനവിഷയത്തില്‍ താണവരായ മറ്റു ജാതിക്കാര്‍ക്കും എന്തെങ്കിലും ഗുണം ചെയ്യുന്നതാ ണെങ്കില്‍ അതിനേക്കാളേറെ ദോഷം അവര്‍ക്കുണ്ടാകുന്നതാ ണെന്നും ഇതര ജാതിക്കുട്ടികള്‍ക്ക് തീരെ ദോഷത്തിന് മാത്രമാണ് കാരണമായിട്ടുളളതെന്നും ഞങ്ങള്‍ പറഞ്ഞുകൊളളട്ടെ.'7

നീണ്ട ആ മുഖപ്രസംഗത്തിന്റെ പ്രസക്ത ഭാഗം മാത്രമാണിത്. ഈ മുഖപ്രസംഗം വളരെക്കുറച്ചു മാത്രമേ ഉദ്ധരിച്ചു കണ്ടിട്ടുളളൂ.. രാമകൃഷ്ണപിളളയെ സ്തുതിക്കുന്ന സവര്‍ണ്ണരുടെ ഗ്രന്ഥങ്ങളില്‍ ഇതു കാണാനില്ല. രാമകൃഷ്ണപിളളയുടെ തന്നെ എന്റെ നാടുകടത്തല്‍ എന്ന ഗ്രന്ഥത്തിന്റെ ഡി.സി.. ബുക്ക്‌സ് പതിപ്പില്‍ 8 മുഖ പ്രസംഗങ്ങള്‍ രാമകൃഷ്ണപിളളയുടേതായി ചേര്‍ത്തിട്ടുണ്ട്. അതിലെങ്ങും ഈ മുഖ പ്രസംഗമില്ല. അതിന്റെ ഭാഗമോ അതേപ്പറ്റിയുളള പരാമര്‍ശനമോ ഇല്ല. 7. 3.1906, 10.4.1902, 30. 9.1902, 2.2.1902, 20.3.1907, 31.12. 1909, 24.8.1910,29.9.1910, 23.9.1910 എന്നീ തീയതികളിലെ മുഖപ്രസംഗങ്ങളും ലേഖനങ്ങളുമാണ് അതില്‍ ചേര്‍ത്തിരിക്കുന്നത്.8 1906 ലാണ് സ്വദേശാഭിമാനി പത്രത്തിന്റെ ചുമതല രാമകൃഷ്ണപിള്ള ഏറ്റെടുത്തത്.

2.3.1910 ലെ ലേഖനത്തെ തുടര്‍ന്ന് നാലു ലക്കങ്ങളില്‍ രാമകൃഷ്ണപിളള യുടെ ലേഖന വിഷയം ഇതു തന്നെയായിരുന്നു. പാടത്ത് പണി ചെയ്യാനുളള പുലയരുടെ അനുകൂല കാലാവസ്ഥയാണ് പ്രസ്തുത വിദ്യാഭ്യാസ നയം കൊണ്ട് നഷ്ടപ്പെടുന്നത് എന്നായിരുന്നു രാമകൃഷ്ണ പിളളയുടെ വാദം. അടിമത്തം നിറുത്തലാക്കിയാല്‍ കൃഷി നശിക്കും എന്ന പഴയ വാദത്തിന്റെ പുതിയ പതിപ്പ്. പി.ഭാസ്‌ക്കരനുണ്ണി എഴുതിയ കേരളം ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ എന്ന പുസ്തകത്തിന്റെ ആരംഭത്തില്‍ ഈ മുഖപ്രസംഗം ഉദ്ധരിച്ചിട്ടുണ്ട്. അതിന് അദ്ദേഹം കൊടുത്തിരിക്കുന്ന ശീര്‍ഷകം'സ്വദേശാഭിമാനിയുടെ ഉല്‍പതിഷ്ണുത്വം' എന്നാണ്.9 ഇത് ഉല്‍പതിഷ്ണുത്വമാണെന്നു പറയണമെങ്കില്‍ അതിനും വേണം ഒരു ചങ്കൂറ്റം.

12 1906 നവംബര്‍ 15 ന് വിവേകോദയത്തില്‍ കുമാരനാശാന്‍ എഴുതിയ ഒരു ലേഖനത്തിലെ ഒരു ഭാഗം ഇവിടെ ഉദ്ധരിക്കാം. 'ഈഴവ സഹോദരങ്ങളെ! നിങ്ങള്‍ പ്രത്യേക സ്‌കൂളുകളിലല്ല, പുലയന്റെ സ്‌കൂളുകളില്‍ ഇരുന്നു പഠിക്കുകയാണെ ങ്കില്‍കൂടിയും തരക്കേടില്ല, വിദ്വാന്‍മാരും വിദൂഷികളുമായി ത്തീരുവിന്‍.'10

എല്‍. എം. എസ്സിന്റെയും സി.എം. എസ്സിന്റെയും സ്‌കുളുകളില്‍ പുലയക്കുട്ടികളെയും പറയക്കുട്ടികളെയും ചേര്‍ത്തു എന്ന പേരില്‍ അവിടെ പ0ിച്ചുകൊണ്ടിരുന്ന ഈഴവ കുട്ടികള്‍ വിദ്യാഭ്യാസം നിര്‍ത്തിപോന്നപ്പോഴാണ് കുമാരനാശാന്‍ ആ ലേഖനം എഴുതിയത്. ചിറയിന്‍കീഴി നടുത്ത് ഒരു സ്‌കൂളില്‍ ഏതാനും ഈഴവക്കുട്ടികളെ ചേര്‍ത്തപ്പോള്‍ അവിടെ പഠിച്ചുകൊണ്ടിരുന്ന നായര്‍ കുട്ടികള്‍ ഒന്നോടെ പ0ിത്തം നിറുത്തി സ്‌കൂള്‍ വിട്ടൊഴിഞ്ഞു പോയി. പിന്നെ അവിടെ ഏതാനും പുലയക്കുട്ടികളെ ചേര്‍ത്തപ്പോള്‍ ഈഴവക്കുട്ടികള്‍ ക്ലാസ് വിട്ടു പോയി. അവസാനം ഏതാനും പുലയക്കുട്ടികള്‍ക്ക് വേണ്ടി മാത്രമായിരുന്ന ആ സ്‌കൂള്‍ നിര്‍ത്തലാക്കേണ്ടി വന്നു. ദിവാന്‍ ശങ്കര സുബ്ബയ്യര്‍ ഡോ. പല്‍പുവിനോട് പറഞ്ഞതാണീ കാര്യം.11

13 കുമാരനാശാന്റെ ലേഖനം കഴിഞ്ഞ് നാലു വര്‍ഷം കഴിഞ്ഞാണ് ഇവിടുത്തെ സംസ്‌കാര സമ്പന്നരെന്ന് അവകാശപ്പെടുന്ന നായന്‍മാരുടെ ഇടയിലെ ഏറ്റവും വലിയ പുരോഗമന വാദി എന്ന് ആരോപിക്കപ്പെടുന്ന (കാറല്‍ മാര്‍ക്‌സിന്റെ ജീവിത ചരിത്രം ആദ്യമായി മലയാളത്തില്‍ രചിച്ച പുരോഗമന ചിന്താഗതിക്കാരന്‍) രാമകൃഷ്ണ പിളളയുടെ തൂലികയില്‍ നിന്നും ചാതുര്‍വര്‍ണ്ണ്യത്തിന്റെ കാളകൂടവിഷം ഒഴുകിയത്. 

14 നായര്‍ക്കുട്ടികള്‍ക്കൊപ്പം പുലയക്കുട്ടികളും പറയക്കുട്ടികളും സ്‌കൂളുകളില്‍ ഒരുമിച്ചിരിക്കുന്നത് സഹിഷ്ണുതയോടെ വീക്ഷിക്കുവാന്‍ തയ്യാറില്ലായിരുന്നവരുടെ ജിഹ്വയാണ് സ്വദേശാഭിമാനി പത്രം എന്ന് വ്യക്തമാക്കുകയാണ് ആമുഖ പ്രസംഗത്തിലൂടെ രാമകൃഷ്ണപിളള ചെയ്തത്. പോത്ത് കാലന്റെ വാഹനമാണ്. പോത്തിനെ കാണുന്നത്‌ സവര്‍ണ്ണര്‍ക്ക് ദുഃഖകരമാണ്. ക്ലാസ്സില്‍ പുലയക്കുട്ടികളെ കാണുന്നത് പോത്തിനെ കാണുന്നതിന് സമമാണ്. മരണത്തെയാണ് അവര്‍ അഭിമുഖമായി കാണുന്നത് എന്നുമാത്രമല്ല, പുലയര്‍ക്ക് വിദ്യാഭ്യാസം ലഭിച്ചാല്‍ ഫലം നായര്‍ മേധാവിത്തത്തിന്റെ മരണമായിരിക്കും എന്നുകൂടി അദ്ദേഹം അനുയായികള്‍ക്ക് ആ ഉപമയിലൂടെ ചൂണ്ടിക്കാണിച്ചു. കൃഷിനടന്നില്ലെങ്കില്‍ പട്ടിണികൊണ്ടു മരിക്കും. അതിനുശേഷം പല ലേഖനങ്ങളും ദിവാനെതിരായി സ്വദേശാഭിമാനിയില്‍ പ്രത്യക്ഷപ്പെട്ടു. അങ്ങനെയാണ് അക്കൊല്ലം സെപ്റ്റംബര്‍ 26-ാം തീയതി അദ്ദേഹത്തെ നാടുകടത്തി പ്രസ്സ് കണ്ടുകെട്ടിയത്.

15 സ്‌കൂളുകളില്‍ പുലയക്കുട്ടികളെ നായര്‍ കുട്ടികള്‍ക്ക് ഒപ്പം ഇരുത്താന്‍ തയ്യാറാകാത്ത നായന്‍മാരോട് അസംബ്ലിയില്‍ പുലയരോട് ഒപ്പം ഇരിക്കാന്‍ രാജഗോപാലാചാരി പിന്നെ കല്പിച്ചു. 1911 ഡിസംബറില്‍ അയ്യന്‍കാളിയെ ശ്രീമൂലം പ്രജാസഭാ മെമ്പറായി നോമിനേറ്റ് ചെയ്തു. 1912 ഫെബ്രുവരി മുതല്‍ പ്രജാസഭയില്‍ അയ്യന്‍കാളി എന്ന പുലയനോ ടൊപ്പം നായരും നമ്പൂതിരിയും പോറ്റിയും പട്ടരുമെല്ലാം ഒരുമിച്ചിരി ക്കേണ്ടി വന്നു. അത് രാമകൃഷ്ണപിളള എഴുതിയ മുഖ പ്രസംഗത്തിന് രാജഗോപാലാചാരി കൊടുത്ത ചുട്ട മറുപടിയാണ്. നിലം കൃഷിക്കാര്‍ക്ക് പ്രജാസഭയില്‍ ഇരിക്കാമെങ്കില്‍ പിന്നെ സര്‍ക്കാര്‍ പളളിക്കൂടങ്ങളില്‍ ഇരിക്കാനാണോ വിഷമം. അയ്യന്‍കാളിയോടൊപ്പം ഇരിക്കാന്‍ പറ്റുകയില്ല എന്നു പറഞ്ഞ് ഒരു നായരും പ്രജാസഭയില്‍ നിന്നും ഇറങ്ങിപ്പോയില്ല. രാമകൃഷ്ണപിളളയെ നാടുകടത്തുന്നതിന് മുമ്പ് അയ്യന്‍കാളിയെ പ്രജാസഭയിലേക്ക് നോമിനേറ്റ് ചെയ്തിരുന്നുവെങ്കില്‍ കൂടുതല്‍ മലീമസമായ ഒരു മുഖ പ്രസംഗം കൂടി സ്വദേശാഭിമാനിയില്‍ വായിക്കാമാ യിരുന്നു. കവി തിലകന്‍ പണ്ഡിറ്റ് കെ. പി. കറുപ്പന് നാടകത്തിന് ഒന്നാം സമ്മാനം ലഭിച്ചപ്പോള്‍ വാലനാണോ സാഹിത്യത്തിന് സമ്മാനം നല്‍കേണ്ടത് എന്നു ചോദിച്ച രാമകൃഷ്ണപിളള, പുലയനാണോ പ്രജാസഭയില്‍ മെമ്പറാകേണ്ടത് എന്ന് ചോദിക്കുമായിരുന്നു എന്നതില്‍ സംശയം വേണ്ടാ. രാജ്യഭരണം ക്ഷത്രിയര്‍ക്കും ക്ഷത്രിയരുടെ അന്തപ്പുരങ്ങളില്‍ കയറി ഇറങ്ങി നടക്കുന്നവര്‍ക്കുമുളളതാണ്. നിലം കൃഷി ചെയ്യുന്നവര്‍ക്കുളളതല്ല. അത് ബുദ്ധി കൃഷി ചെയ്യുന്നവരുടെ കുത്തകയാണ്. രാമകൃഷ്ണപിള്ളയുടെ ഈ തിയറി അനുസരിച്ച് അങ്ങേയ്ക്ക് മുഖ്യമന്ത്രിയാകാന്‍ യോഗ്യതയില്ല. അങ്ങ് ഡോ. പല്‍പ്പുവിന്റെ ജാതിയില്‍പ്പെട്ടവനല്ലേ? ഈ രാമകൃഷ്ണപിള്ള യെയാണ് അങ്ങും അങ്ങയുടെ സര്‍ക്കാരും കൂടി ഇക്കഴിഞ്ഞ 2009 സെപ്റ്റംബര്‍ 26-ാം തീയതി ബഹുമാനിച്ചത്. ഇനി 2010 സെപ്റ്റംബറില്‍ കൂടുതല്‍ ബഹുമാനിക്കാന്‍ പോകുന്നത്. ഒന്നു ചെയ്യാന്‍ തുനിയുന്നതിനുമുമ്പ് സ്വല്‍പ്പം ആലോചിക്കേണ്ടതല്ലേ? നായര്‍ക്ക് വോട്ടുണ്ടെങ്കില്‍ ദലിതര്‍ക്കും വോട്ടുണ്ട്. അത് ഞങ്ങള്‍ക്ക് ഡോ. അംബേദ്ക്കര്‍ നല്‍കിയതാണ്. നായരുടെ വോട്ടിനെക്കാള്‍ മൂല്യത്തിന് അല്‍പ്പംപോലും കുറവ് പുലയരുടെ വോട്ടിനില്ല എന്ന്കൂടി അങ്ങു മനസ്സിലാക്കണം. അല്ലെങ്കില്‍ പുലയന്റെ വോട്ടിനെക്കാള്‍ കൂടുതല്‍ പവിത്രമല്ല നായരുടെ വോട്ട്. ഇവിടെ നമ്പൂതിരി നിയമസഭാ സ്ഥാനാര്‍ത്ഥിയാകുമ്പോള്‍ പുലയന്റെ വോട്ട് ചാണക വെള്ളത്തില്‍ ശുദ്ധീകരിച്ചല്ല സ്വീകരിക്കാറുള്ളത്.

16 ഇന്ന് രാമകൃഷ്ണപിളളയുടെ ആ ലേഖനത്തിന് പുതിയ വ്യാഖ്യാനങ്ങള്‍ ഓരോരുത്തരും നല്‍കുന്നുണ്ട്. തിരുവിതാംകൂര്‍ സര്‍ക്കാര്‍ തന്നെ ദലിത് കുട്ടികളെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ പ്രവേശിപ്പിക്കണമെന്ന് നിര്‍ദ്ദേശിച്ചു കൊണ്ട് പുറപ്പെടുവിച്ച രണ്ടാമത്തെ കല്പനയ്ക്കാണ് രാമകൃഷ്ണപിളള തടയിടാന്‍ ശ്രമിച്ചത്. അതേ തുടര്‍ന്ന് ശക്തമായ ഏറ്റുമുട്ടല്‍ നാടിന്റെ നാനാ ഭാഗങ്ങളിലും നടന്നു. സമൂഹത്തില്‍ ശക്തമായ സ്വാധീനതയും എന്തും എഴുതിപ്പിടിപ്പിക്കു വാന്‍ പറ്റിയ ഒരു പത്രവുമുളള രാമകൃഷ്ണ പിളളയുടെ പിന്‍ബലത്തില്‍ നാട്ടിലെ നായന്‍മാര്‍ ഒത്തുചേര്‍ന്നു. സര്‍ക്കാര്‍ ഉത്തരവും ദിവാന്റെയും വിദ്യാഭ്യാസ ഡയറക്ടറുടെ പിന്‍ബലവും ദലിതരെ ഉത്തേജിപ്പിച്ചു. പല സ്‌കൂളുകളിലും കുട്ടികളെ ചേര്‍ക്കാന്‍ ദലിതര്‍ കൊണ്ടുചെന്നു. അവരെ സ്‌കൂളിന്റെ പരിസരത്തുപോലും പ്രവേശിപ്പിക്കാതിരിക്കാന്‍ അധ്യാപ കരും നായന്‍മാരും കാവല്‍നിന്നു. അയ്യന്‍കാളി തന്നെ ചില കുട്ടികളു മായി സ്‌കൂളില്‍ ചെന്നു. അയ്യന്‍കാളിയും പുലയക്കുട്ടിയും സ്‌കൂള്‍ വരാന്തയില്‍ കയറി സ്‌കൂള്‍ അശുദ്ധമാക്കിയതിന്റെ പേരില്‍ രാത്രി സ്‌കൂളിന് തീവച്ചു. ദലിതര്‍ സ്‌കൂള്‍ കത്തിച്ചു എന്ന് പിറ്റെ ദിവസം പരാതിയും കൊടുത്തു. അതിനെല്ലാം സവര്‍ണ്ണരായ നാട്ടുകാര്‍ക്കും അധ്യാപകര്‍ക്കും പ്രചോദനം ലഭിച്ചത് രാമകൃഷ്ണപിളളയുടെ ശക്തമായ തൂലികയില്‍ നിന്ന് നിര്‍ഗ്ഗളം പ്രവഹിച്ച കാളകൂടം ആവോളം പാനം ചെയ്തതുമൂലമാണ് എന്ന് വ്യക്തമാണല്ലോ. സര്‍ക്കാര്‍ പുറപ്പെടുവിച്ച കല്പനയ്‌ക്കെതിരായി പ്രവര്‍ത്തിക്കാന്‍ രാജ്യത്തെ ഉദ്യോഗസ്ഥന്‍മാര്‍ തയ്യാറാകണമെങ്കില്‍ അതിന് തക്ക പിന്തുണ അവര്‍ക്ക് ലഭിക്കണം. അന്ന് ഉദ്യോഗസ്ഥന്‍മാര്‍ എല്ലാവരും തന്നെ സവര്‍ണ്ണരായിരുന്നു. അവരെ ഏറെ സ്വാധീനിച്ച ലേഖനമായിരുന്നു രാമകൃഷ്ണപിളളയുടേത്. മറിച്ചു പറയാന്‍ ഒരു സവര്‍ണ്ണനേയും അന്നു കണ്ടില്ല. ചട്ടമ്പി സ്വാമികളുടെയും, ചങ്ങനാശ്ശേരി പരമേശ്വരന്‍ പിളളയുടേയും, ആരുടെയും സ്വരം പുറത്തു വന്നില്ല. അതിനാല്‍തിരുവിതാംകൂറിലെ സവര്‍ണ്ണ സമുദായങ്ങള്‍ മൊത്തത്തില്‍ എടുത്ത തീരുമാനമാണ് ദലിത് വിദ്യാര്‍ത്ഥികളെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ചേര്‍ത്തു പഠിപ്പിക്കാന്‍ പാടില്ല എന്നത് എന്ന് ന്യായമായി ഊഹിക്കാം.

ഒരിക്കല്‍ അന്നത്തെ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ:മിച്ചല്‍ തന്നെ ദലിത് വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ പഠിപ്പിക്കുന്നതിനെ പറ്റി ചര്‍ച്ചചെയ്യാന്‍ ഒരു സ്‌കൂളില്‍ ചെന്നു. അദ്ദേഹം സ്‌കൂളിനുള്ളിലായിരുന്നപ്പോള്‍ അദ്ദേഹം വന്ന ജീപ്പ് പുറത്ത് സവര്‍ണ്ണര്‍ കത്തിച്ചു. അത്ര രൂക്ഷമായ പശ്ചാത്തല ത്തിലാണ് രാമകൃഷ്ണപിള്ള തന്റെ കുപ്രസിദ്ധമായ ലേഖനം 1910 മാര്‍ച്ച് 2-ാം തീയതി പുറത്തിറക്കിയത് എന്നുകൂടി സ്മരിക്കണം. എരിതീയില്‍ അദ്ദേഹം എണ്ണ ഒഴിക്കുകയായിരുന്നു എന്നിട്ട് ഇന്നു പറയുന്നു, എണ്ണ തളിച്ചത് തീയ് കെടുത്താനാണ് എന്ന്. കത്തിക്കൊണ്ടി രിക്കുന്ന തീ കെടുത്താനായി രാമകൃഷ്ണപിള്ള ആവുന്നിടത്തോളം മണ്ണെണ്ണ കോരിയൊഴിച്ചു. പക്ഷെ 1912 മുതല്‍ 25 കൊല്ലം ശ്രീമൂലം പ്രജാസഭയുടെ എല്ലാ സമ്മേളനങ്ങളിലും അയ്യന്‍കാളിയെന്ന അടിസ്ഥാന വര്‍ഗ്ഗക്കാരന്‍ പങ്കെടുത്തു. അന്ന് പ്രജാസഭായോഗം ചേര്‍ന്നത് വി.ജെ.ടി (വിക്‌ടോറിയ ജൂബിലി ടൗണ്‍) ഹാളിലായിരുന്നു. ആ ഹാള്‍ പൂര്‍ണ്ണമായും അയിത്തമായിരുന്നു. അയ്യന്‍കാളിയെ കൂടാതെ മറ്റുപല അയിത്തക്കാരും പല അവസരങ്ങളിലും അവിടെ പങ്കെടുത്തു. ഒരവസരത്തില്‍ ഒരേസമയം അഞ്ച് അയിത്തക്കാര്‍ അവിടെയുണ്ടാ യിരുന്നു. എന്നിട്ട് ആരും അതിന് തീവച്ചില്ല. ഇപ്പോഴും വി.ജെ.ടി ഹാള്‍ അവിടെയുണ്ട്. അപ്പോഴും ഈ അയിത്തമെല്ലാം ചെലവാകുന്നിട ത്തുമാത്രം ചെലവാക്കാനുള്ളതായിരുന്നു. അയ്യന്‍കാളി പ്രജാസഭയില്‍ ഉള്ളതിനാല്‍ ഞാന്‍ വരുന്നില്ല എന്ന് ഒരു നായരും നമ്പൂതിരിയും പട്ടരും പറഞ്ഞില്ല, വരാതിരുന്നുമില്ല.

17 നായര്‍ കുട്ടികളോടൊപ്പം പുലക്കുട്ടികളും പറക്കുട്ടികളും സ്‌കൂളില്‍ ഇരിക്കുന്നത് രാമകൃഷ്ണപിള്ളയുടെ അഭിപ്രായത്തില്‍ 'സദാചാര ശാസ്ത്രത്തിന് വിരുദ്ധമാണ്' എന്നാണല്ലോ മുമ്പ് ഉദ്ധരിച്ച ലേഖന ഭാഗത്ത് പറയുന്നത്. ' ഗവണ്‍മെന്റിന്റെ ഇപ്പോഴത്തെ നയം സാമൂുദായിക മനശ്ശാസ്ത്രത്തിനും സദാചാര ശാസ്ത്രത്തിനും വിരുദ്ധമാണെന്ന് ഞങ്ങള്‍ വിചാരിക്കുന്നു...' എന്താണ് ഈ സദാചാരം? നായരും പുലയനും ഒരുമിച്ചു നിയമസഭയില്‍ ഇരിക്കുന്നതുകൊണ്ട് സദാചാരത്തിന് ഭംഗം വരില്ല. കൊച്ചുകുട്ടികള്‍ ഒരുമിച്ചിരുന്നാല്‍ മാത്രമേ സദാചാരം നശിക്കുകയുള്ളൂ. രാമകൃഷ്ണപിള്ള സദാചാരമന്ത്രം ഓതുന്ന സമയത്ത് കുമാരനാശാന്‍ എന്ന അയിത്തക്കാരന്‍ നിയമസഭയില്‍ ഉണ്ടായിരുന്നു. അതേ സമയം നായര്‍ സ്ത്രീകളുടെ കൊട്ടാരബന്ധവും നമ്പൂതിരി ബാന്ധവവും ഒന്നും സദാചാരത്തിന് വിരുദ്ധമല്ല. ആറാട്ടിന് കോട്ടയ്ക്കകക്ക് മാറു മറയ്ക്കാതെ നടക്കുന്ന നായര്‍ സ്ത്രീകള്‍ കോട്ടയ്ക്കും കൊട്ടാരത്തിനും ക്ഷേത്രമതിലിനും പുറത്ത് മാറുമറച്ചു നടക്കണം എന്ന് ഉത്തരവ് പുറപ്പെടുവിക്കണമെന്ന് സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്ന 12 ലേഖനം എഴുതിയ രാമകൃഷ്ണപിള്ള നമ്പൂതിരി അഫ്ന്മാരുടെ നായര്‍ സ്ത്രീ സംബന്ധം അവസാനിപ്പിച്ചു വിവാഹം നടത്തണമെന്ന് ഉത്തരവു പുറപ്പെടുവിക്കാന്‍ സര്‍ക്കാരിനോടഭ്യര്‍ത്ഥി ക്കുന്ന ഒരു ലേഖനവും എഴുതിക്കണ്ടില്ല. ഒന്നേകാല്‍ നൂറ്റാണ്ടു മുമ്പ് ടിപ്പുസുല്‍ത്താന്റെ സദാചാരബോധത്തിന്റെ ഒരംശം പോലുമില്ലാത്ത രാമകൃഷ്ണപിള്ളയുടെ ഗീര്‍വാണ ലേഖനങ്ങളുടെ പേരിലാണ് ഇന്ന് ചിലര്‍ അദ്ദേഹത്തെ പത്രപ്രവര്‍ത്തനത്തിന്റെ പിതാവാക്കുന്നത്. അങ്ങും അതിനെ അനുകൂലിക്കുന്നത് യാഥാര്‍ത്ഥ്യം അറിഞ്ഞുകൊണ്ടാണോ?

18 പുലയക്കുട്ടികള്‍ക്ക് അക്ഷരം പഠിക്കാന്‍ അനുവാദവും അവകാശവും ഇല്ലാതിരുന്ന കാലത്ത് അവര്‍ക്ക് അക്ഷരം പഠിക്കാന്‍ പ്രത്യേകം വിദ്യാലയങ്ങള്‍ സ്ഥാപിക്കണമെന്ന് നിര്‍ദ്ദേശിക്കാന്‍ രാമകൃഷ്ണപിള്ള തന്റെ പത്രസ്ഥലം വിനിയോഗിച്ചിട്ടില്ല. 1903 മുതല്‍അദ്ദേഹം 'മലയാളി' പത്രത്തിന്റെ പത്രാധിപരായിരുന്നു. 1905 ഏപ്രില്‍ മുതല്‍ 'കേരള' ത്തിന്റെ പത്രാധിപരായിരുന്നു. 1906 മുതല്‍ 'സ്വദേശാഭിമാനി' പത്രാധിപരായി. 13 ദലിതരുടെ കുട്ടികളെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ചേര്‍ത്തു പഠിപ്പിക്കാം എന്ന് സര്‍ക്കാര്‍ അനുവദിച്ചപ്പോള്‍ അതിനെ എതിര്‍ക്കാന്‍ മാത്രം അദ്ദേഹം സ്വന്തം പത്രം ഉപയോഗിച്ചു. പകരം ഒരു നിര്‍ദ്ദേശം വയ്ക്കാന്‍പോലും അദ്ദേഹം തയ്യാറായില്ല. ദലിത് കുട്ടികള്‍ പഠിക്കുകയോ പഠിക്കാതിരിക്കുകയോ ചെയ്യട്ടെ. അവിടെ അദ്ദേഹത്തിന് അഭിപ്രായം ഒന്നുമില്ല. അവര്‍ നായര്‍ കുട്ടികളെ അയിത്ത മാക്കരുത് എന്ന കാര്യത്തില്‍ മാത്രമേ അദ്ദേഹത്തിന് നിര്‍ബന്ധമുള്ളൂ. അതാണ് അദ്ദേഹത്തിന്റെ ദലിത് പ്രേമവും പത്രാധിപധര്‍മ്മവും. അങ്ങനെയാണ് അദ്ദേഹം ഇന്ന് മലയാള പത്രപ്രവര്‍ത്തനത്തിന്റെ പിതാവായി നില്‍ക്കുന്നത്.

19 ദലിതരുടെ കുട്ടികളെ സവര്‍ണ്ണ കുട്ടികള്‍ക്കൊപ്പം സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഇരുന്നു പഠിക്കാന്‍ സവര്‍ണ്ണര്‍ അനുവദിക്കാതിരുന്നത് ദലിത് കുട്ടികള്‍ സവര്‍ണ കുട്ടികളെ പോലെ പഠിക്കാന്‍ മിടുക്കന്മാരല്ലാ ത്തതുകൊണ്ടോ ബുദ്ധിയില്‍ അവര്‍ പിന്നോക്ക മായതുകൊണ്ടോ അല്ല എന്ന് പകല്‍ പോലെ വ്യക്തമാണ്. അയ്യന്‍കാളി, പൊയ്കയില്‍ യോഹന്നാന്‍, പാമ്പാടി ജോണ്‍ജോസഫ് തുടങ്ങി നിരവധി ദലിതര്‍ ബുദ്ധിയിലും കഴിവിലും മികച്ചവരായി അന്നുണ്ടായിരുന്നു. മറ്റുള്ളവര്‍ക്ക് അതിനുള്ള സാഹചര്യം ലഭിച്ചില്ല. അതിനാല്‍ തങ്ങളുടെ കഴിവുകള്‍ കാണിക്കാന്‍ കഴിഞ്ഞില്ല എന്നുമാത്രം. രാമകൃഷ്ണപിള്ളയുടെ ജാതിയില്‍ മന്ദബുദ്ധികളാരും ഉണ്ടായിട്ടില്ലേ? എല്ലാവരും രാമകൃഷ്ണ പിള്ളയെപ്പോലെ കുബുദ്ധികളായിരുന്നുവോ? സ്‌കൂളിലെ ദലിത് സാന്നിദ്ധ്യം സ്‌കൂളിനെ അയിത്തമാക്കും എന്നതാണ് രാമകൃഷ്ണ പിള്ളയുടെ പ്രതിഷേധത്തി ന്റെയും അമര്‍ഷത്തിന്റെയും അടിസ്ഥാന കാരണം എന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്? അവിടെയാണ് രാമകൃഷ്ണപിള്ളയുടെ ദലിത് പ്രേമത്തിന്റെ പിന്നിലെ വന്‍ ചതി ഒളിഞ്ഞു കിടക്കുന്നത്. പഞ്ചമി എന്ന ദലിത് ബാലിക അയ്യന്‍കാളി യോടൊപ്പം സ്‌കൂള്‍ വരാന്തയില്‍ കയറിയതിന്റെ പേരില്‍ അയിത്തമായ ആ സ്‌കൂള്‍ കത്തിച്ച പാരമ്പര്യമാണ് അന്ന് തെക്കന്‍ തിരുവിതാംകൂറിലെ സവര്‍ണ്ണരുടേത്.

20 അംബേദ്ക്കര്‍ 20-ാം നൂറ്റാണ്ടിന്റെ ആദ്യദശകത്തില്‍ ബോംബെയിലെ എല്‍ഫിന്‍സ്റ്റണ്‍ സ്‌കൂളില്‍ പഠിച്ചുകൊണ്ടിരുന്നപ്പോള്‍ അവിടത്തെ അധ്യാപകര്‍ അംബേദ്ക്കറോട് ഉപദേശിച്ചത് പഠിത്തം അവസാനിപ്പി ക്കാനാണ്. അന്ന് ആ സ്‌കൂളില്‍ ആകെ ഉണ്ടായിരുന്ന അയിത്തക്കാരന്‍ അംബേദ്ക്കര്‍ മാത്രമായിരുന്നു. അദ്ദേഹവും ഒഴിഞ്ഞുകിട്ടിയാല്‍ സവര്‍ണ കുട്ടികള്‍ക്ക് യഥേഷ്ടം അവിടെ വിഹരിക്കാ മായിരുന്നു. ഒരിക്കല്‍ ഒരു കണക്ക് ബോര്‍ഡില്‍ ചെയ്തു കാണിക്കാന്‍ അധ്യാപകന്‍ അംബേദ്ക്കറെ ക്ഷണിച്ചപ്പോള്‍ സവര്‍ണ കുട്ടികള്‍ എല്ലാവരും കൂടി ചാടിയെഴുന്നേറ്റ് അതു പാടില്ലാ എന്ന് ആക്രോശിച്ചു. കാരണം ആ കുട്ടികളുടെ ഉച്ച ഭക്ഷണം ആ ബോര്‍ഡിനു താഴെയാണ് അവര്‍ വച്ചിരുന്നത്.14 അങ്ങനെ അനേകം സംഭവങ്ങള്‍ അംബേദ്ക്കറുടെ സാന്നിധ്യം മൂലം അവിടെ നടന്നിരുന്നു. അത് ഒഴിവാക്കാന്‍ അംബേദ്ക്കറുടെ പഠനം അവസാനിപ്പി ക്കുന്നതാണ് എളുപ്പവഴി. അന്ന് ബോംബെ സര്‍ക്കാരിനെ നിയന്ത്രിച്ചു കൊണ്ടിരുന്നത് ഇംഗ്ലീഷുകാരായിരു ന്നതിനാല്‍ അയിത്തക്കുട്ടികളെ സ്‌കൂളില്‍ പ്രവേശിപ്പിക്കാതിരിക്കാന്‍ പാടില്ലായിരുന്നു. പിന്നെ ഒരു മാര്‍ഗ്ഗമേ അവശേഷിച്ചിരു ന്നുള്ളൂ. പഠിക്കാന്‍ വരുന്ന അവര്‍ണ കുട്ടികളെ അധ്യാപകര്‍ തന്നെ പ്രലോഭിപ്പിച്ചു മടക്കി അയയ്ക്കുക. അതാണ് അന്ന് സ്‌കൂളിലെ അധ്യാപകര്‍ നടത്തിയ ശ്രമം. അതിന് അംബേദ്ക്കര്‍ കൊടുത്ത മറുപടി, 'നിങ്ങളുടെ ജോലി പഠിപ്പിക്കുക എന്നതാണ്. പഠിക്കണമോ വേണ്ടയോ എന്ന് ഞാന്‍ തീരുമാനിച്ചുകൊള്ളും.' അതിനും ദശകങ്ങള്‍ക്കു മുമ്പാണ് എല്‍.എം.എസ്സ് കാരുടെ സ്‌കൂളുകളില്‍ പഠിപ്പിച്ചുകൊണ്ടിരുന്ന അധ്യാപകര്‍ അയിത്തക്കുട്ടികളെ അവരുടെ വീടുകളില്‍ പോയി നിര്‍ബന്ധിച്ചു ക്ഷണിച്ചുകൊണ്ടുവന്നു അക്ഷരം പഠിപ്പിച്ചത്. എന്നാല്‍ അന്നു ബോംബെ സ്‌കൂളില്‍ പഠിപ്പിച്ചിരുന്ന ഒരു അധ്യാപകന്‍ തന്റെ ഉച്ചഭക്ഷണത്തിന്റെ ഒരു ഭാഗം അംബേദ്ക്കര്‍ക്ക് പതിവായി കൊടുക്കാന്‍ തയ്യാറായി. അതും ഒരു ബ്രാഹ്മണ അധ്യാപകനായിരുന്നു. തല്‍സ്ഥാനത്ത് ഇവിടെ അയിത്ത കുട്ടികള്‍ക്കു വേണ്ടി ശബ്ദിക്കാന്‍ പോലും ഒരു സവര്‍ണനുണ്ടായിരു ന്നില്ല. ഇത് തിരുവിതാംകൂറായിരുന്നു. മനുധര്‍മ്മമനു സരിച്ചു തന്നെ ഭരണം നടത്തിക്കൊണ്ടുപോകുന്ന ഇന്ത്യയിലെ ഏക പരിശുദ്ധഹിന്ദു രാജ്യം.

21 കയ്യില്‍ കഠാരിയും ചുണ്ടില്‍ പുഞ്ചിരിയുമായി വരുന്നവരേക്കാള്‍ എത്രയോ ഭേദമാണ് തുറന്ന് എതിര്‍ക്കുന്ന ശത്രുക്കള്‍ എന്ന് അംബേദ്ക്കര്‍ ഒരവസരത്തില്‍ പ്രസ്താവിച്ചത് സത്യമാണ്. രാമകൃഷ്ണപിള്ള ഒരു പരിധി വരെ ദലിതരെ തുറന്ന് എതിര്‍ത്തു. അവര്‍ക്കനുകൂലമായി ഒരു വാക്കുപോലും ഒരിടത്തും പറഞ്ഞില്ല. എന്നാല്‍ അദ്ദേഹത്തിന്റെ ഇന്നത്തെ അനുയായികള്‍ അദ്ദേഹത്തെ ഒരു വഞ്ചകനാക്കാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. പുഞ്ചിരിക്കാത്ത അദ്ദേഹത്തെ അവര്‍ പുഞ്ചിരിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അതേ സമയം കയ്യിലെ കഠാരി കളയിപ്പിക്കാനുള്ള യാതൊരു ശ്രമവുംനടത്തുന്നില്ല. അങ്ങും അതില്‍ ഭാഗഭാക്കാവണമോ?

22 ദലിതരുടെ ആവശ്യങ്ങള്‍ അയ്യന്‍കാളിയേക്കാളേറെ രാമകൃഷ്ണ പിള്ളയ്ക്കറിയാ മായിരുന്നു എന്ന് അദ്ദേഹത്തിന്റെ അനുയായികള്‍ ഇന്ന് പരോക്ഷമായിട്ടെങ്കിലും അവകാശപ്പെടുന്നു ണ്ടല്ലോ. പക്ഷെ, അങ്ങനെ യുള്ള മറ്റ് ആവശ്യങ്ങളില്‍ ഒന്നുപോലും അന്നോ അതിന് മുമ്പോ അതിന്‌ശേഷമോ ഉന്നയിക്കാന്‍ അദ്ദേഹ ത്തിന്റെ പത്രസ്ഥലം മിനക്കെടുത്തിയില്ല. ദലിതന് ആകെയുള്ള ആവശ്യം അവരുടെ കുട്ടികളെ പ്രത്യേക സ്‌കൂളുകളില്‍ വിദ്യാഭ്യാസം ചെയ്യിക്കുക എന്നതു മാത്രമായിരുന്നുവോ? അയ്യന്‍കാളി ഉന്നയിച്ചതും സര്‍ക്കാര്‍ അനുവദിച്ചതുമായ ആവശ്യങ്ങള്‍ തെറ്റാണെന്ന് വാദിക്കാന്‍ മാത്രമാണ് അദ്ദേഹം തയ്യാറായത്. ദലിതര്‍ക്ക് പത്തു സെന്റ് സ്ഥലമെങ്കിലും സ്വന്തം പേരില്‍ പതിച്ചുകൊടുക്കണം എന്നുപറയാന്‍ പോലും അദ്ദേഹം തയ്യാറായില്ല. അത് നല്‍കിയാല്‍ ഒരു സവര്‍ണനും അതിലൂടെ അയിത്തപ്പെടുകയില്ലായിരുന്നു. പുലയക്കുട്ടികളെ സര്‍ക്കാര്‍ വിദ്യാലയ ങ്ങളില്‍ ചേര്‍ന്നു പഠിപ്പിക്കുകയല്ലാ വേണ്ടത്, സര്‍ക്കാര്‍ ഓരോ പുലയനും ഒന്നോ രണ്ടോ ഏക്കര്‍ പുതുവല്‍ പതിച്ചു കൊടുക്കട്ടെ, അത് നാടിന്റെ അഭിവൃദ്ധിക്ക് കാരണമാകും എന്ന നിര്‍ദ്ദേശം ഉന്നയിക്കാന്‍ പോലും രാമകൃഷ്ണപിള്ള തയ്യാറായില്ല. അപ്പോള്‍ നായരുടെ പാടത്തെ പണി നടക്കുകയില്ല. അപ്പോള്‍ ദലിത് കുട്ടികള്‍ അക്ഷരം പഠിക്കരുത് എന്നു മാത്രമല്ല, അവര്‍ എന്നും അടിമകളും അടിയാളരുമായി തുടരണം എന്നു കൂടി രാമകൃഷ്ണപിള്ളയ്ക്ക് ആഗ്രഹമുണ്ടായിരുന്നു എന്നുവേണം ഊഹിക്കേണ്ടത്.

23 ഒരു സ്‌കൂളില്‍ ഒരു ക്ലാസ്സില്‍ ഒരു ബഞ്ചിലിരുന്ന് പഠിക്കുന്ന ദലിത് വിദ്യാര്‍ത്ഥി കളും സവര്‍ണ വിദ്യാര്‍ത്ഥികളും പിന്നീട് ജീവിതത്തില്‍ -സമൂഹത്തില്‍ തുല്യത അവകാശപ്പെടും എന്ന ഭയമാണ് രാമകൃഷ്ണ പിള്ളയെ ഭരിച്ചിരുന്നത് എന്നു വ്യക്തമാണ്. 15 തുല്യത അവരുടെ ധര്‍മ്മശാസ്ത്രത്തില്‍ ഇല്ലാത്ത വാക്കാണ്; സവര്‍ണരുടെ ഇടയില്‍ പോലും തുല്യതയും സമത്വവും ഇല്ല. മഹാബലി എന്ന ചക്രവര്‍ത്തിയെ ഈശ്വരന്‍ തന്നെ മനുഷ്യജന്മമെടുത്ത് ചവിട്ടിക്കൊന്നത് ആ ചക്രവര്‍ത്തി ചാതുര്‍വണ്യം പാലിക്കാതിരുന്നതുകൊണ്ടാണ് എന്നാണല്ലോ അവര്‍ രചിച്ച ഐതീഹ്യത്തില്‍ തന്നെ പറയുന്നത്. അതിനാല്‍ ഉച്ചനീചത്വത്തിന് കൊടുത്തിരിക്കുന്ന പ്രാധാന്യം എത്ര വലുതാണ്. സമത്വസുന്ദരമായ ഒരു ഭാവിക്കുവേണ്ടിയാണല്ലോ കമ്യൂണിസ്റ്റ് പാര്‍ട്ടി നിലകൊള്ളുന്നത്. അങ്ങ് അതിന്റെ തലവനും.

24 പക്ഷെ, ഈ ഉച്ചനീചത്വം ബ്രാഹ്മണരും നായരും തമ്മില്‍ പാടില്ലായെന്ന് രാമകൃഷ്ണപിള്ളയെ പോലുള്ളവര്‍ക്ക് നിര്‍ബന്ധമുണ്ടാ യിരുന്നു. അവര്‍ മലയാളി മെമ്മോറിയല്‍ സമര്‍പ്പിച്ചതും അതുകൊണ്ടാണ ല്ലോ. നായര്‍ ബുദ്ധി കൃഷിചെയ്യാന്‍ തുടങ്ങിയിട്ട് അന്ന് കുറച്ചുകാലമേ ആയിട്ടുള്ളു. ഇവിടെ പ്രമാണമായിരുന്നത് 'ശൂദ്രനക്ഷരം സംയുക്തം ......' എന്ന് മുമ്പ് ഉദ്ധരിച്ചത് തന്നെയായിരുന്നു. മദ്രാസ് യൂണിവേഴ്‌സിറ്റിയുടെ എം.ഏ പരീക്ഷ ഒരു നായര്‍ പാസ്സായാല്‍ താന്‍ മീശ എടുത്തുകളയാം ഒന്ന് ഒരു പട്ടര്‍ വെല്ലുവിളിച്ചത് അതുകൊണ്ടാണല്ലോ. ആ നായരാണ് ഇപ്പോള്‍ പുലയനെ പോത്ത് എന്നു വിളിക്കുന്നത്. പഴുത്തില വീഴുമ്പോള്‍ പച്ചില ചിരിക്കും.'ബുദ്ധികൃഷിയില്‍ മികച്ചവരായ പട്ടന്മാര്‍ രാജ്യകാര്യ ങ്ങള്‍ നിര്‍വഹിക്കട്ടെ. തങ്ങള്‍ മറ്റുവല്ല പണികളും ചെയ്യാം എന്ന് രാമകൃഷ്ണപിള്ളമാര്‍ കരുതിയില്ല. 'പട്ടരില്‍ പൊട്ടനില്ല' എന്നാണ് അക്കാലത്ത് ഇവിടെ ഓടിച്ചിരുന്ന പഴഞ്ചൊല്ല്. ബുദ്ധികൃഷിക്ക് നായരേക്കാള്‍ മികച്ച രാജഗോപാലാചാരിക്കും മറ്റു പരദേശ ബ്രാഹ്മണര്‍ക്കും ദിവാന്‍ സ്ഥാനം കൊടുത്തതിലുള്ള അമര്‍ഷമായിരുന്നു വല്ലോ സ്വദേശാഭിമാനിയില്‍ രാമകൃഷ്ണപിള്ള എഴുതിയ ലേഖനങ്ങളുടെയെല്ലാം പ്രചോദനം. അതുപോലെ മികച്ച ഉദ്യോഗങ്ങള്‍ ഡോ: മിച്ചെലിനെ പോലുള്ളവര്‍ക്കും നല്‍കിയിരുന്നു. രാമകൃഷ്ണപിള്ള യുടെ കാലത്ത് അദ്ദേഹം വിദ്യാഭ്യാസ വകുപ്പിന്റെ ചുമതല നിര്‍വഹിക്കുന്ന ഏറ്റവും ഉന്നതനായ ഉദ്യോഗസ്ഥനായിരുന്നു. എന്നാല്‍ രാമകൃഷ്ണപിള്ളയുടെ തൂലിക ഇന്ത്യാക്കാരനല്ലാത്ത, യഥാര്‍ത്ഥ വിദേശിയായ ആ ബ്രിട്ടീഷുകാരന് ഉന്നത ഉദ്യോഗവും ഭാരിച്ച ശമ്പളവും കൊടുക്കുന്നതിനെതിരായി ശബ്ദിച്ചില്ല. അദ്ദേഹത്തിന്റെ സ്വദേശാഭി മാനം അവിടേയ്‌ക്കൊന്നും എത്തിനോക്കി യിട്ടില്ല. വലിയ മീനിനെ കാണുമ്പോള്‍ കൊക്ക് കണ്ണടയ്ക്കും. അദ്ദേഹത്തിന്റെ മാതൃരാജ്യം ഇന്ത്യയല്ലാ, ഇംഗ്ലണ്ടായിരിക്കാം. ആചാരിമാരും അയ്യര്‍മാരും ഇല്ലാത്ത ഇംഗ്ലണ്ട്. 

25 അയ്യന്‍കാളിയുടെ ചെറുപ്പത്തില്‍ അദ്ദേഹത്തിന് ഒരു സ്‌കൂളില്‍ ചേര്‍ന്ന് പഠിക്കാന്‍ കഴിയാതെ പോയതിന്റെ നഷ്ടം അദ്ദേഹത്തിനോ അദ്ദേഹത്തിന്റെ കുടുംബത്തിനോ സമുദായത്തിനോ മാത്രമല്ല, ഈ നാടിനാണ് അതുകൊണ്ട് യഥാര്‍ത്ഥ നഷ്ടമുണ്ടായത്. വിദ്യാഭ്യാസം ലഭിച്ചിരുന്നുവെങ്കില്‍ നേട്ടങ്ങളുടെ ഏതെല്ലാം മേഖലകളില്‍ അദ്ദേഹം ചെന്നെത്തുമായിരുന്നു എന്ന് ഡോ: അംബേദ്ക്കറെ മുന്‍നിറുത്തി ചിന്തിക്കാം. പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രുവിന് ഏതെങ്കിലും കാരണവശാല്‍ ചെറുപ്പത്തില്‍ വിദ്യാഭ്യാസം ലഭിക്കാതെ പോയി ഈ രാജ്യത്തെ അക്ഷരാഭ്യാസമില്ലാത്ത കോടികളില്‍ ഒരാളായി മാറിയിരുന്നുവെങ്കില്‍ ഉണ്ടാകുമായിരുന്ന നഷ്ടം നെഹ്രുവിനോ, നെഹ്രുവിന്റെ കുടുംബത്തിനോ, നെഹ്രുവിന്റെ കുടുംബത്തെ ഉള്‍ക്കൊള്ളുന്ന കാശ്മീരി പണ്ഡിറ്റ്കള്‍ക്കോ മാത്രമാകുമായിരുന്നില്ല. ഇന്ത്യയാണ് അതിന്റെ നഷ്ടം സഹിക്കേണ്ടിവരുന്നത്. ഇവിടുത്തെ നൂറു കോടി ജനങ്ങളുടേതാണ് ആ നഷ്ടം. അത്തരം മറ്റൊരു നഷ്ടം കേരളം സഹിച്ചു കഴിഞ്ഞു. അത് ആവര്‍ത്തിക്കാന്‍ ഇടവരരുത് എന്നതായിരുന്നു അയ്യന്‍കാളിയുടെ ആഗ്രഹം. ബോംബെയിലെ എല്‍ഫിസ്റ്റണ്‍ സ്‌കൂളിലെ അധ്യാപകര്‍ അന്നു പറഞ്ഞതനുസരിച്ച് അംബേദ്ക്കര്‍ പഠിത്തം നിറുത്തി തീവണ്ടി ഓഫീസ്സില്‍ ചുമട് എടുക്കാന്‍ പോയിരുന്നുവെങ്കില്‍ ഇന്ന് ഇന്ത്യയുടെയും, ഇന്ത്യയിലെ ദലിതരുടെയും സ്ഥിതി എന്താകുമായി രുന്നു.16 കഴിഞ്ഞ പത്തുമൂവ്വായിരം വര്‍ഷത്തിനുള്ളില്‍ എത്ര അയ്യന്‍കാളിമാരും അംബേദ്ക്കര്‍മാരും ആരുമറിയാതെ മണ്‍മറഞ്ഞു പോയിട്ടുണ്ടാകും. യാദൃശ്ചികമായ ചില അനുകൂല സാഹചര്യങ്ങള്‍ ഉള്ളതുകൊണ്ടാണ് അവരും അവരെപ്പോലുള്ള അപൂര്‍വ്വം ചിലരും ശോഭിച്ചത്. 

'തേച്ചുമിനുക്കിയാല്‍ കാന്തിയും മൂല്യവും 
വാച്ചിടും കല്ലുകള്‍ ഭാരതാംബേ'

ആ കല്ലുകള്‍ തേച്ചുമിനുക്കാതിരിക്കാന്‍ അങ്ങും അങ്ങയുടെ സര്‍ക്കാരും കൂട്ടുനില്‍ക്കണമോ എന്നുകൂടി ചിന്തിക്കുക.

26 ദലിത് വിദ്യാര്‍ത്ഥികള്‍ പൊതുവേ ബുദ്ധിഹീനരാണ്, അതിനാല്‍ ബുദ്ധി കൂടുതലുള്ള നായര്‍ കുട്ടികള്‍ക്കൊപ്പം അവരെ പഠിക്കാനിരുത്തി യാല്‍ അവര്‍ ഒന്നും പഠിക്കുകയില്ലാ എന്ന ഇന്നത്തെ ന്യായീകരണം അന്നില്ലായിരുന്നു. അതിന് തെളിവ് അയ്യന്‍കാളി പ്രഖ്യാപിച്ച കാര്‍ഷിക പണിമുടക്ക് തന്നെയാണ്. അയ്യന്‍കാളിയെ വഴിനടന്നതില്‍ നിന്നും തടഞ്ഞപ്പോള്‍ അയ്യന്‍കാളി ബലമായി നടന്നു, രണ്ടു കാളകളെ കെട്ടിയ വില്ലുവണ്ടിയില്‍ നടന്നു. പഠിക്കാന്‍ പിന്നോക്കമായതിനാല്‍ പുലയക്കുട്ടി കളെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ചേര്‍ക്കുകയില്ലാ എന്നാണ് അന്ന് ജന്മിമാര്‍ പറഞ്ഞിരുന്ന തെങ്കില്‍ അയ്യന്‍കാളി പുലയക്കുട്ടികളെ ബലമായി സര്‍ക്കാര്‍ സ്‌കൂളുകളില്‍ പിടിച്ചിരുത്തുമായിരുന്നു. നായര്‍കുട്ടികള്‍ പഠിച്ചില്ലെങ്കില്‍ വേണ്ടാ, പുലയകുട്ടികള്‍ ഏതായാലും സ്‌കൂളില്‍ ഉണ്ടാകും എന്ന നയമായിരിക്കും അയ്യന്‍കാളി സ്വീകരിക്കുക. നായര്‍ക്ക് വഴി നടക്കാന്‍ വേണ്ടി അയ്യന്‍കാളി വഴിയില്‍ നിന്നും മാറി നടന്നില്ല.

എന്നാല്‍ ഇവിടെ അതല്ല സംഭവിച്ചത്. അയ്യന്‍കാളിയുടെ ആളുകള്‍ പാടത്ത് പണിക്കിറങ്ങാതിരിക്കുകയാണ് ചെയ്തത്. അപ്പോള്‍ പ്രശ്‌നം സ്‌കൂളുമായി ബന്ധപ്പെട്ടതായിരുന്നു. പുലയക്കുട്ടികളെ സ്‌കൂളിലേയ്ക്ക് കയറ്റാതിരുന്നത് എതാനും ജന്മിമാര്‍ എടുത്തതീരുമാനമാണ്. രാമകൃഷ്ണപിള്ള പത്രത്തില്‍ എന്തെഴുതിയാലും ഗ്രാമങ്ങളില്‍ തിളച്ചുമറിഞ്ഞ വികാരം പാടത്തെ പണിയുടേതായിരുന്നു. പ്രശ്‌നം ഒരു പരിധിവരെ സാമ്പത്തികമായിരുന്നു. അയിത്തത്തിന്റേയോ ബുദ്ധിഹീനതയുടേയോ അല്ല. അതുകൊണ്ടാണ് അയ്യന്‍കാളി അതിന് മറപുടി പാടത്ത് വച്ചുതന്നെ ആകട്ടെ എന്നു തീരുമാനിച്ചത്. പാടത്തെ പണിക്ക് ആളെ കിട്ടാതെ വരുന്നത് പുലയക്കുട്ടികള്‍ സ്‌കൂളില്‍ പോയാല്‍ മാത്രമല്ല, അല്ലാതെയുമാകാം. പുലയക്കുട്ടികളെ സ്‌കൂളുകളില്‍ തടഞ്ഞാല്‍ അവര്‍ പാടത്തേയ്ക്കു പൊയ്‌ക്കൊള്ളും എന്നൊന്നും നിയമമില്ല. അയ്യന്‍കാളി തന്നെ സ്‌കൂളില്‍ പോയിട്ടില്ല. എന്നാല്‍ പാടത്ത് പണിക്കും പോയിട്ടില്ല. സ്‌കൂളില്‍ പോകാതെയും പാടത്ത് പണി ചെയ്യാതിരിക്കാന്‍ അറിയാം എന്ന് അയ്യന്‍കാളി കാണിച്ചുകൊടുത്തു. അതാണ് കാര്‍ഷിക പണിമുടക്ക്.

അതിനാല്‍ പുലയക്കുട്ടിളോടുള്ള രാമകൃഷ്ണപിള്ളയുടെ പ്രത്യേക സ്‌നേഹം നാഞ്ചിനാട്ടിലെ ജന്മിമാരായ നായന്മാരുടെ നെല്‍വയലുകളില്‍ വേലയ്ക്ക് ആളെക്കിട്ടാന്‍ വേണ്ടി മാത്രമായിരുന്നു എന്നു വ്യക്തമാ ണല്ലോ.

കുറിപ്പുകള്‍

1. ദലിത്ബന്ധു, ചാന്നാര്‍ലഹള, കാണുക.
2. ദലിത്ബന്ധു, മഹാനായ അയ്യന്‍കാളി, കാണുക.
3. രാമചന്ദ്രന്‍ നായര്‍, കെ, ഗാന്ധിയും കേരളവും, പേജ് 211.
4. മാധവന്‍ പി.കെ, ടി.കെ മാധവന്‍.
5. ദലിത്ബന്ധു, വൈക്കം സത്യാഗ്രഹം ഒരു പ്രഹേളിക, കാണുക.
6. ദലിത്ബന്ധു, മഹാനായ അയ്യന്‍കാളി, കാണുക.
7. സ്വദേശാഭിമാനി, 2.3.1910. ബുധനാഴ്ച
8. രാമകൃഷ്ണപിള്ള, എന്റെ നാടുകടത്തല്‍.
9. ഭാസ്‌ക്കരനുണ്ണി, പി, കേരളം ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍, പേജ് 380-81.
10. വിവേകോദയം,15.11.1906.
11. വേലായുധന്‍, പി.എസ്, എസ്.എന്‍.ഡി.പി. യോഗം ചരിത്രം. പേജ് തതതകക
12. ലേഖനം അന്യത്ര ഉദ്ധരിച്ചിട്ടുണ്ട്.
13. ഭാസ്‌കരപിള്ള,കെ, സ്വദേശാഭിമാനി.
14. ദലിത്ബന്ധു, അംബേദ്ക്കര്‍, കാണുക.
15. ഈ ഗ്രന്ഥകാരന്‍ 1943-46 കാലത്ത് ചേര്‍ത്തല സര്‍ക്കാര്‍ ഹൈസ്‌കൂളില്‍വയലാര്‍ രാമവര്‍മ്മയും ഒരുമിച്ചു ഒരു ബഞ്ചില്‍ മുട്ടി ഉരുമ്മി ഇരുന്നാണ് പഠിച്ചത്. രാമവര്‍മ്മ ക്ഷത്രിയനും ഗ്രന്ഥകാരന്‍ സുറിയാനി ക്രിസ്ത്യാനിയും. അന്ന് നായര്‍ സുറിയാനി ക്രിസ്ത്യാനിയെ തൊടുമായിരുന്നില്ല. പിന്നെ ക്ഷത്രിയന്റെ കാര്യം ചോദിക്കണമോ? വിദ്യാഭ്യാസശേഷം രാമവര്‍മ്മ എന്റെ വീട്ടില്‍ വന്നു താമസിക്കുകയും ഭക്ഷണം കഴിക്കുകയും ഒരുമിച്ചു ഒരു കട്ടിലില്‍ കിടന്നുറങ്ങുകയും ചെയ്തത് വിദ്യാഭ്യാസ കാലത്ത് ലഭിച്ച സൗഹൃദത്തിന്റെ ഫലമാണ്.
16. അംബേദ്ക്കര്‍ ഇടയ്ക്ക് ചെറുപ്പത്തില്‍ ഏതാനും ദിവസം തീവണ്ടി ഓഫീസില്‍ ചുമട് എടുക്കാന്‍ പോയതാണ്.

5 ആം ഭാഗം വായിക്കുക