"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, സെപ്റ്റംബർ 21, തിങ്കളാഴ്‌ച

നോവല്‍ : തലമുറകള്‍ - ടി എച്ച് പി ചെന്താരശ്ശേരി

ഒന്നാം അദ്ധ്യായം

സായംസന്ധ്യാ. 
ഓടിത്തളര്‍ന്നെത്തിയ പകലോന്‍ പടിയാനിടം തേടുന്ന യാമം. പ്രാകൃതനായ ആ ചെറുപ്പക്കാരന്‍ ജയദേവന്റെ മാളിക മുന്നിലെത്തി. കത്തിക്കാളുന്ന വയറുമായി എത്രനാള്‍ ഈ ജീവിതം തള്ളിനീക്കാ നാകും! കനലെരിയുന്ന കുടല്‍ കരിഞ്ഞു തുടങ്ങി യിരുന്നു. ശോഷിച്ചു കരചരണങ്ങള്‍ ചലനം തുടരുന്നുവെന്നു മാത്രം.
അവനെത്തിയത് ഏന്തിവലിഞ്ഞ്. തളരാത്ത പ്രതീക്ഷയുടെ ഊന്നു വടിമാത്രമാണ് അവനാലംബം.
അവന്‍ ആണ്ട് മണിമന്ദിരത്തിന്റെ പ്രവേശന കവാടത്തിങ്കലറച്ചു നിന്നു.
വെണ്‍മണല്‍ വിരിച്ച വിശാലമായ മുറ്റത്തു ഒരരികുചേര്‍ന്നു വിലസുന്ന പൂത്തുലഞ്ഞ പനിനീര്‍ ചെടികള്‍. പളുങ്കുമണികളുതിര്‍ക്കുന്ന മുല്ലക്കൂട്ടം. ഇവയെല്ലാം അവനെ നോക്കി പുഞ്ചിരി തൂകി. മതിലില്‍ ചാഞ്ഞു കിടക്കുന്ന ചെമ്പരത്തികള്‍ ആഭവനത്തിനൊരലങ്കാരം തന്നെ.
ഭവന വളപ്പിനകത്തു പ്രവേശിക്കുന്നതിനു തടസ്സമൊന്നും കണ്ടില്ല. അവനു അത്ഭുതം തോന്നി. പാറാവുകാരോ അല്‍സേഷ്യനോ മാര്‍ഗ്ഗ തടസ്സത്തിന് മുന്‍വശത്തുകാണേണ്ടതാണ്. എന്നാല്‍ ആണ്ടു വിനകളൊന്നും അവിടെയില്ല.
ഏറെ താമസിയാതെ ആണ്ടു ഗതന്‍ അകത്തേക്കു ക്ഷണിക്കപ്പെട്ടു. വിസിറ്റിംഗ് കാര്‍ഡു വേണ്ടി വന്നില്ല. ഊഴം കാത്തു നിന്നില്ല. അവജ്ഞാസ്വരത്തിലൊതുങ്ങുന്ന ചോദ്യശരങ്ങളെ നേരിടേണ്ടതായും വന്നില്ല.
മുഷിഞ്ഞ കോറമുണ്ട് കീറലേറ്റ അരക്കയ്യന്‍ ഷര്‍ട്ട് പാറിപ്പറന്ന മൂടി പട്ടിണിവരച്ച നേരിയ വരകള്‍ അവന്റെ നെറ്റിയില്‍ ചാലുകീറിയിരുന്നു.
വൃത്തിയുള്ള വരാന്തയില്‍ പൊടിയണിഞ്ഞതന്റെ പാദങ്ങള്‍ അടയാളങ്ങള്‍ വല്ലതും അവശേഷിപ്പിച്ചുവോ! അവന്‍ തിരിഞ്ഞൊന്നു നോക്കി. മൊസേക്കു തറ കണ്ണാടിപോലെതിളങ്ങുന്നു.
അവന്‍ കോണിപ്പടികയറി മുകളിലത്തെ നിലയിലെത്തി.
''കുട്ടി എവിടെ നിന്നാണ്?''
വെറും സാധാരണ വേഷം തികഞ്ഞ കായപുഷ്ടിയുള്ള ഒരു സാധാരണ മനുഷ്യന്‍.
അദ്ദേഹത്തെ കണ്ടപ്പോള്‍ അവന്‍ നടാടെ ഒന്നു പതറി.
അദ്ദേഹത്തോടു സംസാരിക്കുമ്പോള്‍ പാലിക്കേണ്ടതായ എളിമയും വിനയവും തന്നിലുണ്ടോ! കാര്യം കാണാന്‍ കാക്കക്കാലും പിടിക്കണമെന്ന നാട്ടുമ്പുറം ധാരണ അവന്റെ സ്മരണയിലോടിയെത്തി.
യാന്ത്രികമായി ഇരു കരങ്ങളും കൂപ്പി വണങ്ങിക്കൊണ്ട് അവന്‍ മറുപടി പറഞ്ഞു.
''തിരുക്കൊടിയില്‍ നിന്നു.''
സംസാരിച്ചു തുടങ്ങിയപ്പോള്‍ ഒരു ആത്മ ധൈര്യം കൈവന്നു.
''എന്താവിശേഷം?''
''ഒന്നുമില്ലെജമാനേ....''
അവന്‍ വിക്കി വിക്കി പറഞ്ഞു.
''എന്റെ ഒരു സങ്കടം പറയാന്‍ വന്നതാ.....''
ഇരുപതുകാരന്റെ വിനയമല്ല അവനില്‍ പ്രകടിതമായത്.
ഈ സമയമെല്ലാം അവനെ മനസ്സിലാക്കുവാന്‍ അദ്ദേഹം ശ്രമിക്കുകയായിരുന്നു.
''ഉം. പറയൂ കേള്‍ക്കട്ടെ...''
അവന്‍ ദയനീയമായി അദ്ദേഹത്തിന്റെ കണ്ണുകളിലേക്കു നോക്കി. ആകര്‍ഷകമായ മുഖം. അധികാര ഗര്‍വ്വിന്റെ ലേശം പോലുമില്ല. തന്റെ സങ്കടമുണര്‍ത്തിച്ചാല്‍ പരിഹാരം ലഭിക്കുമെന്നു അവനുറപ്പായി.
''ഞാന്‍ ആഹാരം കഴിച്ചിട്ടു രണ്ടു ദിവസമായി. പച്ച വെള്ളം കൊണ്ടു കഴിഞ്ഞു. തൊഴിലൊന്നുമില്ല. ഒരു ചേട്ടനുണ്ടായിരുന്നു. തൊഴിലൊന്നുമില്ലാതായപ്പോള്‍ പുറപ്പെട്ടു പോയി. ഇപ്പോള്‍ എളയ പെങ്ങളും അമ്മയുമാ വീട്ടിലുള്ളത്. തൊഴിലന്വേഷിച്ചു ഞാന്‍ മടുത്തു. വീട്ടിലിരുന്നാലും പട്ടിണി....''
അദ്ദേഹത്തിന്റെ അടുത്ത ചോദ്യമെന്തായിരിക്കുമെന്നു അവന്‍ ഊഹിച്ചു. എല്ലാവിവരങ്ങളും തല്ക്കാലം പുറത്തു വിടേണ്ട. അവന്‍ മനസ്സില്‍ കരുതി.
''താന്‍ എത്രവരെ പഠിച്ചിട്ടുണ്ട്?''
അവനെ കണ്ടപ്പോള്‍ മുതല്‍ അദ്ദേഹത്തിനു അവനില്‍ ഒരു പ്രത്യേക താല്പര്യം തോന്നിത്തുടങ്ങിയിരുന്നു. അനിര്‍വചനീയമായ ഒരു പ്രത്യേകത. ബുദ്ധികൂര്‍മ്മതയുടെ ചൈതന്യം അവന്റെ മുഖത്തു നിഴലാട്ടം
നടത്തുന്നുണ്ട്.
''എഴുതാനും വായിക്കാനുമറിയാം.''
ഒരു കുറ്റബോധത്തോടെയാണ് അത്രയും പറഞ്ഞൊപ്പിച്ചത്. വസ്തുതകളുടെ ഒരംശംമാത്രം. ഇതര വിവരങ്ങള്‍ സന്ദര്‍ഭാനുസരണം പറയാമെന്നു അവന്‍ കരുതി.
''തിരുക്കൊടിയില്‍ എവിടെയാണ് വീട്?''
''അമ്പലത്തിനടുത്ത്''
''എന്താ തന്റെ പേര്?''
''ബാലകൃഷ്ണന്‍''
പേരുപറഞ്ഞപ്പോഴും ചിലതെല്ലാം അവന്‍ മറച്ചുപിടിച്ചു. ഒരു ജോലിക്കുവേണ്ടി അവന്‍ ചെലവാക്കിയ കടലാസും മഷിയും ചില്ലറയൊന്നുമില്ല. എഴുതാത്ത ടെസ്റ്റുകളില്ല. ട്രഷറികളില്‍ അവന്റെ പേരില്‍ മരവിച്ചുകിടക്കുന്ന ചെലാന്‍ രസീതുകള്‍ നിരവധി.
അവന്റെ നിസ്സഹായതയില്‍ ആ വലിയമനുഷ്യനു സഹതാപം തോന്നി. അകാരണമായ ഒരു വിശ്വാസവും.
''വിശ്വസ്തതയോടെ നില്ക്കുമെങ്കില്‍ തല്ക്കാലം ഒരു ചെറിയ പണിതരാം. ഇവിടത്തെ തോട്ടക്കാരനായിട്ട്. എന്താ സമ്മതമാണോ?''
''ആന്നേയ്.''
കൃതജ്ഞതയുടെ കനത്ത ഭാരംകൊണ്ട് അവന്റെ ശിരസ്സു താനേ നമിച്ചുപോയി.
ആദ്യമായി ഒരാളിന്റെ മുമ്പില്‍ അവന്റെ ശിരസ്സു കുനിയുകയാണ്. ഒരു ചാണ്‍വയറിനു വേണ്ടി അല്ല. മൂന്നു വയറുകളെയോര്‍ത്ത്... ആശ്വാസത്തിന്റെ പ്രഭാകിരണങ്ങളുമായി തന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ട ദേവനെ അവന്‍ കൃതജ്ഞതയുടെ നനവാര്‍ന്ന നയങ്ങളോടെ നോക്കിനിന്നു. നയങ്ങള്‍ ഈറനണിഞ്ഞിരുന്നുവോ! ബാലകൃഷ്ണന്‍ സംശയിച്ചു.
''ശരി. എന്നാല്‍ അങ്ങനെയാകട്ടെ. ഇന്നു എവിടെ കഴിച്ചുകൂട്ടും?''
ആ അന്വേഷണത്തിനു മറുപടിയുണ്ടായില്ല. നിസ്സഹായതാവസ്ഥ നിഴലിക്കുന്ന നയങ്ങള്‍ അവന്റെ കദന കഥ പറയുന്നുണ്ടായിരുന്നു. അദ്ദേഹം അകത്തേക്കു നോക്കി വിളിച്ചു...
''രവീ....''
മാനിറക്കാരനായ ഒരു യുവാവ് പെട്ടെന്നു രംഗത്തെത്തി. കുറ്റിരോമം നിറഞ്ഞ മുഖം. അഞ്ചരയടിപൊക്കം വരും. സാധാരണ വേഷം. സൗമ്യ പ്രകൃതി. അവന്‍ ആദരവോടെ ജയദേവന്റെ മുമ്പില്‍ മറുപടി പ്രതീക്ഷിച്ചു നിലകൊണ്ടു.
''ഇതാ ഇയാള്‍ക്കു ഇന്നു നിന്റെ കൂടി താമസിക്കാന്‍ സൗകര്യം കൊടുക്കൂ... നാളെമുതല്‍ നമ്മുടെ തോട്ടത്തിന്റെ കാര്യം ഇയാള്‍ നോക്കിക്കൊള്ളും.''
ബാലന്‍ സാവധാനം കോണിപ്പടിയിറങ്ങി പോകുന്നത് അദ്ദേഹം നോക്കിക്കൊണ്ടിരുന്നു. താന്‍ ആസ്വദിച്ചുകൊണ്ടിരുന്ന പ്രകൃതി ദൃശ്യം മാഞ്ഞുവോ! ഇല്ല... അങ്ങ് മീന്തുറയ്ക്കുന്ന പടിഞ്ഞാറ് അലമാലകള്‍ക്കു മീതേ ആകാശം വിശാലമായ തൊപ്പിക്കുട പോലെ കമഴ്ന്നു ചരിഞ്ഞു കിടക്കുന്നു. വര്‍ണ്ണപ്പകിട്ടുള്ള എന്തെന്നു ചിത്രങ്ങള്‍ ഞൊടിയിടയില്‍ രൂപമെടുത്തുമാഞ്ഞു കഴിഞ്ഞു. ആപ്പിള്‍ പഴത്തിന്റെ രൂപത്തില്‍ പരമനഗ്നനായ അന്തിക്കതിരോന്‍ കുളിരുപാട്ടം പിടിച്ച ജലഗര്‍ത്തത്തിലേക്കു അറച്ചറച്ചു താണിറങ്ങുകയാണ്. അന്തിനീരാട്ടത്തിന്. അതോടൊപ്പം ജയദേവന്റെ ചിന്താശലഭങ്ങളും അങ്ങകലെ എവിടെയെല്ലാമോ ചുറ്റിപ്പറക്കുകയായി.
ഇന്നേക്കുനാളുകളെത്ര കഴിഞ്ഞു ആ സംഭവം നടന്നിട്ട്! അകലെ ഒരു ഓണം കേറാ മൂലയില്‍ കഴിഞ്ഞിരുന്ന താന്‍ ഇന്ന് ഈ പൗരാ4ണിക നഗരത്തിന്റെ ഹൃദയഭാഗത്തു കുരവക്കുന്നതിന്റെ നെറുകയിലുള്ള വിശാലമായ ബംഗ്ലാവില്‍ ഐശ്വര്യ സമ്പൂര്‍ണ്ണനായി വസിക്കുവാന്‍ കാലമൊരുക്കിയ സാഹചര്യം!
തൊട്ടടുത്തുള്ള ചെങ്കുളം ഏലായ്ക്കു മിക്കരെ വടക്കു പടിഞ്ഞാറു ഭാഗത്തു മറ്റൊരു വിശാലമായ കുന്നില്‍ തലപ്പില്‍ സ്ഥിതിചെയ്യുന്ന മനോഹരമായ സരസ്വതീ മന്ദിരം അതിന്റെ അതുല്യ പ്രൗഡി! ഗാംഭീര്യം എടുത്തു കാണിക്കുവാന്‍ തലയുയര്‍ത്തിപ്പിടിച്ചു നില്ക്കുന്ന ഘടികാര സ്തൂപികയുമായി മേഘശകലങ്ങള്‍ കുശലം പറയുന്ന ശാലീന സുന്ദരമായ ദൃശ്യം. എതിര്‍വശത്തു നീലക്കമ്പളം പുതച്ചു തെക്കുവടക്കു നീളത്തില്‍ മലര്‍ന്നടിച്ചു കിടന്നു കുംഭകര്‍ണ്ണസേവ നടത്തുന്ന സഹ്യന്റെ മേല്‍ സാഗര കന്യക തെറിപ്പിച്ചു വിട്ട പഞ്ഞിക്കെട്ടുകള്‍ ആഞ്ഞു പതിച്ചു തെറിച്ചുയരുന്നു. സഹ്യന്റെ പ്രാക്തന കഥകളുരുവിടുന്ന ആഗസ്ത്യ മുടിയും പൊതിയില്‍ മലയും പൊന്‍മുടിയും ചിന്തകളെ തലോടിയുണര്‍ത്തുന്നു.
ഭൂതകാല സ്മരണകളുണര്‍ത്തുന്ന ദൃശ്യങ്ങളാണെല്ലാം. ഏറെക്കാലം മുമ്പു വരെ ആ വിസ്തൃതമായ കുരവക്കുന്നു കാടനും കാട്ടുമുയലും കയ്യേറിയിരുന്നു. ആള്‍ത്താമസം അടുത്തെങ്ങുമില്ല. കുടുസ്സായനിരത്തിന്നരുകില്‍ അങ്ങിങ്ങു ചില ഭവനങ്ങളുണ്ട്. ചെളിമണ്ണില്‍ സ്വര്‍ണ്ണമണികള്‍ വിളയിക്കുന്ന ചെറുമരുടെ ചാളകള്‍ ചലനമറ്റ കരടികളെ അനുസ്മരിപ്പിക്കുന്നു.
ആ ചുറ്റുപാടിന്റെ നടുവില്‍ താന്‍ എങ്ങനെ വന്നുപെട്ടു! അതു ഇന്നൊരു കടങ്കഥ!
ഓര്‍മ്മകളുടെ ചുരുളുകള്‍ ഒന്നൊന്നായി അഴിയുകയായി. ബാലകൃഷ്ണനേപ്പോലെ ഒരു ആശ്രിതനാണ് രവിയും. അവന്‍ തന്റെ കൂടെ കൂടിയ ശേഷം നാളുകളുടെ താളുകള്‍ പലതുമറിഞ്ഞുപോയി. അവനെങ്ങനെ തന്നോടൊപ്പം ഇവിടെയെത്തി! അതാലോചിക്കുമ്പോള്‍ തന്റെ ജീവിതത്തിന്റെ പിന്നിലുള്ള രഹസ്യങ്ങളുടെ അപാരതയിലേക്കു ചിന്താശൂകം പക്ഷം വിടുര്‍ത്തി പറന്നു പോവുകയായി.
തന്റെ കുഗ്രാമത്തില്‍ മാതാപിതാക്കന്മാരുമൊത്തു കഴിഞ്ഞിരുന്ന, അറയും നിരയുമുള്ള പഴയ ഭവനത്തിന്റെ രൂപം മനോമുകുരത്തില്‍ തെളിഞ്ഞു വരുന്നു.
പമ്പയാറിന്റെ വലതുകൈ വഴിയുടെ വടക്കേ തീരത്തു പാറക്കു മീതേ തലയുയര്‍ത്തി നില്ക്കുന്ന പശുപതീയമ്പലത്തിന്റെ പിന്നിലായി സ്ഥിതിചെയ്യുന്ന പ്രകൃതി രമണീയമായ കുഗ്രാം. നദിയുടെ പള്ളിയില്‍ വിള്ളല്‍ തീര്‍ത്തുകൊണ്ട് ഒരു കൈത്തോട്ട് വിശാലമായ പാടത്തു വിശ്രമം തേടുന്നു. പാടത്തിന്റെ പടിഞ്ഞാറേ കരയിലുള്ള കുന്നിന്‍ നെറുകയില്‍ വെള്ളിക്കുരിശും പേറി നില്ക്കുന്ന പരുത്താമല പള്ളി. അവിടെനിന്നും വടക്കോട്ടു വലിഞ്ഞു നീളുന്ന വയലിന്റെ വടക്കേ വിളുമ്പില്‍ നടുഭാഗത്തായി പരന്നു കിടക്കുന്ന ഒരു കരിമ്പാറ. താന്‍ ഒഴിവുകാലത്തു സമയം പോക്കുന്ന വിശ്രമ സങ്കേതം. വെള്ളത്തിന്‍മീതേ പൊങ്ങിക്കിടക്കുന്ന പ്രതീതി ജനിപ്പിക്കുന്ന ആ പാറയ്ക്കു പല പ്രാക്തന കഥകളും ഉരുവിടാനുണ്ട്. അതിന്റെ മാറിടത്തില്‍ പാതിരാവിന്റെ നിശബ്ദതയില്‍ പല തീപ്പന്തങ്ങളും കത്തിനിന്നിരുന്നു. അന്ധവിശ്വാസങ്ങളുടെ പലഗോഷ്ടികളും അവിടെ അരങ്ങേറി. പട്ടിണിയും അരിഷ്ടതയം അതിനെല്ലാം പ്രേരണ നല്കി. ക്ഷാമവും കോളറയും നാടുമുടിച്ചപ്പോള്‍ തന്റെ മാതാപിതാക്കള്‍ക്കു ആ ദുര്‍ഭൂതങ്ങളുടെ കരാള വലയങ്ങളില്‍ നിന്നു തെറ്റിയൊഴിയാനായില്ല.
അന്നു എന്തെന്നു വിഭ്രമജനകമായ അന്തരീക്ഷമായിരുന്നു നാട്ടില്‍ തളം കെട്ടിനിന്നിരുന്നത്. പുതുക്കുളങ്ങരയമ്പലത്തില്‍ ഒരിക്കലും മുടങ്ങാതെ ഇരുപത്തെട്ടു ദിവസവും അരങ്ങേറിയിരുന്ന തിരുവാതിരപ്പടയണി അക്കൊല്ലം ആദ്യമായി മുടങ്ങി.
ജോലികിട്ടാതെ അച്ഛന്‍ വലഞ്ഞു. വീട്ടിനുള്ളില്‍ പട്ടിണിയുടെ ആവാസമായി. അടുപ്പില്‍ ചേരയിഴയുന്ന ചുറ്റുപാട്. പകല്‍ നേരത്തു പള്ളയില്‍ കാറ്റ്. അന്തിക്കു വയറിന്റെ ഒഴിവു നികത്താനെന്തെങ്കിലുമുണ്ടായെങ്കിലായി. പാതിരാവാകുമ്പോള്‍ അയല്‍ പക്കത്തു ഛര്‍ദ്ദിയും അതിസാരവും. രാവേറെ ചെല്ലുന്നതിനു മുമ്പു കേള്‍ക്കാം കൂട്ട നിലവിളി. കൂടിലുകളിലെ അംഗസംഖ്യ പ്രതിദിനം ശോഷിച്ചുവന്നു. ഭീതിയും മ്ലാനതയും. ജീവനും മരണവും തമ്മിലുള്ള മല്‍പ്പിടുത്തത്തിന്റെ കരാളരംഗങ്ങള്‍.
കരമൂപ്പന്മാര്‍ പാടിയിലെത്തിമൂക്കറ്റം മോന്തിയിട്ട് മണ്ണത്തു വിളക്കുവച്ചു. സര്‍പ്പക്കാവുകള്‍ വെട്ടിത്തെളിച്ച് കുരുത്തോലരുക്കി. കുത്തുവിളക്കില്‍ തിരികത്തിനിന്നു. മരനീരും നെന്മലരും നിരന്നു. കുക്കുടനിത്തം ശൂശനിലയില്‍ തളം കെട്ടി. തുള്ളിയുറഞ്ഞ കരമൂപ്പന്‍ വെളിപാടുകൊണ്ടു.
''നാടുമുടിയും പുതുക്കുളങ്ങര പവ്വോതിം നന്നൂത്തേവരും എടങ്കേടിലാണു പുന്നാട്ടക്കുന്നു മലേം കുന്നേകാട്ടുമലേം കടപ്പമലേം വെള്ളിയാമ്പിള്ളിമലേം മുള്ളിപ്പാറ മലേം പൊറം തിരിഞ്ഞു... അപ്പനപ്പൂപ്പന്മാരും കരിങ്കാളിമുത്തീം നെഞ്ചത്തിടിക്കുന്നു ചാവുതോഴം... പ്രായചിത്തമ്മേണം. പെഴമൂളണം... കരയെളകണം. പയപക്തി ബഹുമാനമ്മേണം മൊടങ്ങിയ തെല്ലാം ഇനീം തൊടങ്ങണം.''
മേലോട്ടു നോക്കിയിട്ടു മാനവും കീഴോട്ടു നോക്കിയിട്ടു ഭൂമിയും. നില്ക്കാന്‍ നിലയില്ല. പോകാനിടമില്ല. നേരില്ലാത്തീച്ചരനെ നോക്കി കണ്ണനും കണ്ടങ്കാളിയും നെഞ്ചത്തടിച്ചു. കുരുതിക്കു പാങ്ങോന്നുമില്ല. കരമൂപ്പന്റെ നീരാളിപ്പിടുത്തം. കെടുതിയിലും വറുതിയിലും ഏഴകള്‍ക്കു മോചനമില്ല. കര പ്രമാണികളും പൂജാരികളും ഒത്തുകൂടി. ഇല്ലായ്മയുമായിമല്ലിടുന്ന പാവങ്ങളെ ഒന്നുകുടിത്തെക്കിപ്പിഴിഞ്ഞ് പിരിവെടുത്തു.
ഗ്രാമത്തിന്റെ നാനാകോണുകളിലും തീപ്പന്തം എരിഞ്ഞുയര്‍ന്നു. കാളകെട്ടും കോലമെഴുത്തും തകൃതിയായി നടന്നു. വാണിയക്കോലങ്ങള്‍ ചുവടുവച്ചു തുള്ളി. ചെണ്ടമേളങ്ങളും പൂങ്കോഴികളും മദ്യകുംഭങ്ങളുമായി വെളിച്ചപ്പാടന്മാര്‍ ഒരുങ്ങിനിന്നു.
പൊരുളറിയാത്ത പാവങ്ങള്‍ പഞ്ച പുശ്ചമടക്കിതൊഴുതു. കല്ലുംമണ്ണും തൊട്ടുനറുകയില്‍ വച്ചു. വാളും പാശവുമേന്തി ചെമ്പട്ടും അരക്കച്ചയും മണികളുംകെട്ടി മേലാകെ ചന്ദനക്കോലമെഴുതി ഭീകര രൂപംപൂണ്ട കോമരങ്ങള്‍ കലിതുള്ളിയുറഞ്ഞു. ആര്‍ത്തട്ടഹസിച്ചു. കര്‍ണ്ണം തുളയ്ക്കുന്ന വാദ്യമേളങ്ങള്‍.
ഭൂമിയുടെ മാര്‍ത്താട്ടു കുലുങ്ങി. നാടുവിറച്ചു ഭരദൈവങ്ങള്‍ക്കു മനസ്സുകളിര്‍ത്തു. ആര്‍പ്പും കുരുവയും ചെണ്ടകൊട്ടും കെട്ടുകാളകളുമായി നാടിന്റെ നാനാമൂലകളില്‍ നിന്നും കരിങ്കാളിമൂര്‍ത്തിയുടെ പുറപ്പാടയി. ഗ്രാമസന്ധികള്‍ തോറും തീപ്പന്തങ്ങള്‍ വീണ്ടും അടിച്ചുതാഴ്ത്തി. അവിടെയെല്ലാം പൂങ്കോഴിച്ചോര ചെമ്മണ്ണില്‍ കട്ടപിടിച്ചു ചുവന്നു കിടന്നു.
അന്തിക്കു പഴയകാവില്‍ പൊട്ടക്കിണറിനു ചുറ്റും നാട്ടുകാരൊത്തുകൂടി. പൂത്തു നറുമണം വിതറുന്ന ഏഴിലം പാലയുടെ കമ്പുകള്‍ വെട്ടിനാട്ടികോമരങ്ങള്‍ കോപ്രായംകാട്ടി. നോക്കിനിന്ന പച്ചപ്പാവങ്ങള്‍ കണ്ണടച്ചു വിശ്വസിച്ചു. എങ്ങനെ വിശ്വസിക്കാതിരിക്കും! അര്‍പ്പിച്ചതെല്ലാംകരിങ്കാളിമൂര്‍ത്തി കൈക്കൊണ്ടിരിക്കുന്നു.
മഞ്ഞളും ചുണ്ണാമ്പും കലക്കി ച്ചുവപ്പിച്ച നിറച്ചുവച്ച കരുതിവെള്ളത്തില്‍ നാട്ടിയ തീപ്പന്തം വായ് ചുരുങ്ങിയ കുടംകൊണ്ട് മൂടിയപ്പോള്‍ രക്തകാളി ആര്‍ത്തിയോടെ കരുതി വലിച്ചൂറ്റിക്കുടിച്ചു! കുടിക്കുന്ന ഗുളുഗളു ശബ്ദം നാട്ടുകാര്‍ സ്വന്തം ചെവികൊണ്ട് കേട്ടതാണ്. കുടത്തിന്റെ വായ്ക്കു വെള്ളിയില്‍ ഒരു തുള്ളിയും ബാക്കിയില്ല. വിളിച്ചാല്‍ വിളികേള്‍ക്കുന്ന പവ്വോതി. അവള്‍ വിളിപ്പുറത്തുണ്ട്.
തിളച്ചവെള്ളിച്ചെണ്ണയില്‍ മന്ത്രം ജപിച്ച പച്ചവെള്ളം തെറിപ്പിച്ചപ്പോള്‍ നീ നാളും മാനത്തോളമുയര്‍ന്നു. ഉയര്‍ന്നുപൊങ്ങിയ തീനാക്കില്‍ നിന്നും കോളറയുടെ ഉഗ്രമൂര്‍ത്തിയെ തോര്‍ത്തു വീശി പിടിച്ചു കെട്ടി. നാലു നിലകളില്‍ കുരുത്തോലച്ചമയം ചെയ്ത വാഴത്തണ്ടിന്‍ ചട്ടത്തില്‍ അരിവാളുകൊണ്ട് നാലിടത്തു നാലുവെട്ടുവെട്ടി. പൂര്‍ണ്ണമായിമുറിച്ചിട്ടും കഷണങ്ങള്‍ നിലത്തുവീഴുന്നില്ല. മുറിപ്പാടും കാണാനില്ല. അച്ചട്ട്!
എന്തെല്ലാമായിട്ടും ബാധയൊഴിഞ്ഞില്ല. ഗതികെട്ടവരെയെല്ലാം ആ മഹാമാരി മാറിലമര്‍ത്തി ഞെരിച്ചു തകര്‍ത്തു.
ജയദേവന്‍ ആ കെട്ടതികളുടെ പിടിയില്‍ പെട്ടില്ല. അവന്റെ അസാന്നിദ്ധ്യം കൊണ്ട് രക്ഷപ്പെട്ടു. അവന്റെ വിദ്യാഭ്യാസമേഖലയുടെ പരിധി നഗരം വരെ വ്യാപിച്ചിരുന്നു.
ജയദേവന്‍ ഒഴിവുകാലത്തു നാട്ടിലെത്തിയപ്പോള്‍ കണ്ട കാഴ്ച കണ്ണില്‍ ചുടു നിണം നിറച്ചു. പ്രാചീനതയുടെ പുകലാരംകറ പൂശീയ എണ്ണിക്കാട്ടു തറ അനാഥമായി. ജയദേവന്‍ മാത്രം തലമുറകളുടെ ഇങ്ങേത്തുമ്പത്തു ഞാന്നു കിടന്നു.
ഗതകാല കഥകള്‍ നുണഞ്ഞിറക്കുന്ന അയല്‍പക്കത്തെ മുത്തശ്ശി ആശ്വസ വചനങ്ങളുമായി അവനെ തലോടി. വെറും പേക്കോല രൂപമായിത്തീര്‍ന്ന വയസ്സിത്തള്ള. മഹാമാരിയും പട്ടിണിയും ചവച്ചു തുപ്പിയ എലുമ്പിന്‍കൂട്. കഴുത്തു നിറയെ കല്ലയും മാലയും വാരിച്ചുറ്റിയിരിക്കുന്നു. കാതുകളില്‍ ഭാരം തൂങ്ങുന്ന കാരിരുമ്പിന്‍ കുണുക്കുകളും. കൈകളില്‍ ചിപ്പിവളകള്‍. രണ്ടടിവീതിയുള്ള ഒരു തുണിക്കീറില്‍ നഗ്നത തലയോളിച്ചിരിക്കുന്നു. അതും അരയില്‍ മാത്രം.
മുത്തശ്ശിയുടെ ചുക്കിച്ചുളുങ്ങിയ മുഖം സ്‌നേഹനിര്‍ഭരമാണ്. ജയദേവനെ കണ്ടപ്പോള്‍ അവര്‍ പുഞ്ചിരിക്കുവാനൊരു വൃഥാ ശ്രമം നടത്തി. ചിരി എവിടെയോ മറഞ്ഞു. സന്തോഷമോ സന്താപമോ എന്തോ! ഏതോ ഒരു വികാരം അവരിലൊരു ദീര്‍ഘ നിശ്വാസമുതിര്‍ത്തു.
''മോനേ! ഏനെന്താ പറയാനാ....''
അവര്‍ അവരുടെ പ്രാകൃതഭാഷയില്‍ മൊഴിഞ്ഞു.
''അന്റമോന്‍ ഇനീം മെളമിച്ചിട്ടെന്നാകിട്ടാനാ...''
അമ്മൂമ്മേ! എന്റെ അച്ഛനും അമ്മയും എന്നെ തനിച്ചാക്കിയിട്ടുപോയല്ലോ....
ജയനു കരച്ചിലടക്കാന്‍ കഴിഞ്ഞില്ല.
''മോനേ! എല്ലാം വിതിയെന്നു കരുതിയാമതി...
ഏനും അവ്‌ര്‌ടെ കൂടെ പോവേണ്ടവളായിരുന്നു...''
''മന്നേന്റെ ചേളം നോക്കാം. മോന്‍ മെളമിച്ചിട്ട് ഒരു കൊണോമില്ല. ഏനൊരുകൂട്ടം പറയാം. എന്റമ്മീടമ്മി... കൂനന്തറകുഞ്ഞാളീന്നാ പേര് - ഇക്കൂടുമ്മത്തിന്റെ കത പറേണത് ഏങ്കേട്ടിട്ടൊണ്ട്. പത്തഞ്ഞൂറാണ്ടു മുമ്പുള്ള കാരിയമാ... ഏമ്പയാം... ഇപ്പേരേടെ കന്നിമ്മേക്കോണില് ഒരു നിതിയിരിപ്പൊണ്ടെന്നാ പണ്ടുപണ്ടേ പറച്ചീല്.''
''നിധിയോ. ആരുപറഞ്ഞമ്മുമ്മേ?''
''മോങ്കേട്ടിരുന്നില്ലേ... എന്നാകാട്ടാനക്കൊണ്ടാ.... അതുപറയാനക്കൊണ്ട് അന്റെമ്മനും അമ്മീം കമാന്നുമിണ്ടാണ്ടല്ലേ പൊയ്ക്കളഞ്ഞേ... ഒടേതമ്പ്‌രാനും തമ്മതിച്ചില്ലാന്നുകണ്ടോ... ഒട്ടക്കത്തെക്കാലത്തു ഏനക്കേട് അങ്‌നാരുന്നു. ഒന്നു കമ്മട്ടി - ഒന്നെളകി... മുന്നോട്ടും പൊറകോട്ടു മെടുത്തു. അത്രതന്നെ മുതുക്കിത്തള്ള ദുഃഖാര്‍ത്തയായി. ചുക്കിച്ചുളുങ്ങിയ കരങ്ങള്‍ നയന ജലത്തിനു തടയിട്ടു. എന്നിട്ടു തുടര്‍ന്നു.
ഉം - പൊയ്ക്കളത്തോരെ പറേണതു തോളമാ...
അവര്‍ സ്വയം ആശ്വാസം കണ്ടെത്തി.
''പെട്ടെന്നു പറയൂ അമ്മൂമ്മേ.... നിധിയുടെ കാര്യം കേള്‍ക്കട്ടെ... ഞാനൊന്നും അറിഞ്ഞിരുന്നില്ലല്ലോ.''
ജയദേവന്‍ ജിജ്ഞാസുവായി.
''തറേടെ കന്നിമ്മേക്കോണിലൊള്ള തലത്തു ഒരു പൂതരും കേറണ പതിവില്ല. കേറിയാ തറ മാത്‌റമല്ല കേറണോരും മുടിഞ്ഞു പോമെന്നാ പണ്ടോള്ളോര് വിച്ചോതിച്ചേ... ഇനിം മുടിയാനക്കൊണ്ട് മാക്കിയില്ലാന്നും കണ്ടോ... മോനൊരു കാര്യം ചെയ്യ്... മല്ലോരും എടുക്കാണ്ട് നേരത്തേ കാലത്തേ തൂക്ഷിച്ചാ തൂക്കിക്കണ്ടാ.... ആ കന്നിമ്മേക്കോണില് ഒരു കുളിനെതത്തീട്ടൊണ്ട്. അതിനകത്തു പണ്ടുകാലം തൊട്ടേ മെളക്കുമെപ്പും പൂശേം പതിവാ... അതോണ്ട് ഒരു പുതരും അമ്‌ടെ തെരക്കീട്ടില്ല. അമ്‌ടെ അന്യക്കാരു കേറിയാതോളമാന്നാ പറച്ചില്.''''അങ്ങനെയാണല്ലേ... ഞാനവിടമൊന്നു പരിശോധിച്ചു നോക്കട്ടെ അമ്മൂമ്മേ...'' ജയദേവന്‍ കൂന്താലിയെടുത്തു ആണ്ടു പുല്ലുമേഞ്ഞ പുരയുടെ തെക്കുപടിഞ്ഞാറേ മൂലയില്‍ മണ്ണിളകിക്കിടന്നിടം കരുതലോടെ കിളച്ചുമാറ്റി. കുറേയധികം അടിയിലേക്കു തുരന്നപ്പോള്‍ ചെണ്ടയില്‍ തട്ടുന്നതുപോലൊരു ശബ്ദം പ്രതിധ്വനിച്ചു. അവന്‍ കൈ കൊണ്ടു മണ്ണുമാന്തിനോക്കി. ഉണങ്ങിയ പൊടിമണ്ണ്. അതിനിടയില്‍ നിന്നും ഒരു ചെറിയപെട്ടി തലയുയര്‍ത്തി. അവന്റെ ഹൃദയം ധൃതഗതിയില്‍ തുടിച്ചു തുടങ്ങി. നൂറുനൂറു വികാരങ്ങള്‍ ഒന്നിച്ചു തള്ളിക്കയറുന്ന അനുഭവം.
നൂറ്റാണ്ടുകളുടെ പട്ടടയില്‍ നിന്നുയിര്‍ പൂണ്ട ഒരമൂല്യത! വലിയ കേടുപാടില്ലാത്ത ഒരു തേക്കിന്‍ ചെല്ലം. പൊടിതട്ടിക്കളഞ്ഞിട്ട് സശ്രദ്ധം അതിന്റെ മൂടി തുറന്നു. അതിനുള്ളിലെ കാഴ്ചകള്‍ കണ്ട് അവന്‍ അക്ഷരാര്‍ത്ഥത്തില്‍ പകച്ചുപോയി. പകയ്ക്കാതിരിക്കുന്നതെങ്ങനെ! അവിശ്വസനീയമായ കാഴ്ച. കണ്ണുകള്‍ അവനെ വഞ്ചിക്കുകയാണോ? അവന്‍ ബോധക്ഷയത്തിന്റെ വാക്കുവരെയെക്തി.
നിധിയെന്നു സാധാരണ പറഞ്ഞുവന്നിരുന്നത് സ്വര്‍ണ്ണമോ മാണിക്യമോ എന്നല്ലാമുള്ള അര്‍ത്ഥത്തിലാണ്. എന്നാല്‍ ജയദേവന്റെ കുടുംബനിധി കനകം മാത്രമല്ല, മറ്റെന്തെല്ലാമോ അതില്‍ അടങ്ങിയിരിക്കുന്നു.
എന്താണ് അതിനുള്ളിലെ രഹസ്യങ്ങള്‍. അവതിട്ടപ്പെടുത്താന്‍ അവനു കഴിയുന്നില്ല. അവന്റെ കൈവിറച്ചു തുടങ്ങി. അവന്‍ കൈകുത്തിയിരുന്നു. ആശ്വാസത്തിനു വേണ്ടി തിണ്ണയില്‍ ചാരിയിരുന്ന് ശുദ്ധവായു ആവോളം വലിച്ചുകയറ്റി. ഹൃദയം പൂര്‍വ്വസ്ഥിതിയിലേക്കു മടങ്ങുന്നു.
കലാശാലാവിദ്യാര്‍ത്ഥിയായ ജയദേവന്റെ ജിജ്ഞാസ പക്ഷം വിടുര്‍ത്തി. ആ അമൂല്യ സമ്പത്ത് തന്റെ ശ്രദ്ധയില്‍പെടാതിരുന്നിരുന്നുവെങ്കില്‍ അതൊരു നിസ്സീമമായ നഷ്ടമാകുമായിരുന്നു. ചരിത്രം തിരുത്തിയെഴുതുവാന്‍ കെല്പുള്ളുരഹസ്യങ്ങള്‍.
വയസ്സിത്തള്ളയും കൃതാര്‍ത്ഥയായി. താന്‍ സൂക്ഷിച്ചിരുന്ന രഹസ്യം ഫലവത്തായല്ലോ.
കാലത്തിന്റെ ചവിട്ടേറ്റ് അനാഥമായിത്തീര്‍ന്ന എണ്ണിക്കാട്ടു തറയുടെ അസ്ഥിവാരത്തിലെ പഴമയില്‍ നിന്നും കൊളുത്തിയദീപശിഖ കുരവക്കുന്നതിന്റെ തിരുനെറ്റിയില്‍ മാണിക്യവിളക്കായി വിളങ്ങി.
ആ ജീവത വ്യതിയാനത്തിന്റെ പിന്നിലെ യാതനകളുടെ കഥകള്‍ ഒരു ചലച്ചിത്രത്തിലെന്നപോലെ ജയദേവന്റെ സ്മരണ മണ്ഡലത്തിലൂടെ കടന്നുപോയി. താന്‍ റാങ്കോടുകൂടി ഇന്റര്‍മീഡിയറ്റു പാസായതു മനഃശ്ശാന്തി എന്തെന്നറിയാതിരുന്ന ഒരു ഘട്ടത്തിലാണ്.
തനിക്കെന്താണ് സ്വന്തമെന്നു പറയുവാനുണ്ടായിരുന്നത്. കാര്യമായിട്ടൊന്നുമില്ലായിരുന്നു. ഉണ്ടായിരുന്നതെല്ലാം കാലത്തിന്റെ ചിറകടിയേറു തകര്‍ന്നു പോയി. കാലം ചവച്ചു തുപ്പിയിട്ട അഞ്ചുസെന്റ് മണ്ണിലേക്കു എല്ലാം വെന്തുരുകിവീണു - ആ വെണ്ണീറിന്റെ അടിയില്‍ ഉരുകിക്കുടിയിരുന്നത് അവന്‍ കിളച്ചെടുത്തു കഴിഞ്ഞു.
ആ നാട്ടിലെ വായു അവനെ ശ്വാസം മുട്ടിക്കുന്നു. എങ്ങും ഇരുള്. ആശ്വാസത്തിന്റെ ഒരു സ്വരം കേള്‍ക്കുവാന്‍ കാതുകള്‍ കൊതിച്ചു. സ്‌നേഹത്തിന്റെ തെളിനീര്‍ വറ്റിയതുപോലെ.
തറവാടു തകര്‍ന്നടിഞ്ഞപ്പോള്‍ ഉറ്റവരും ഉടയവരും അവനെ തഴഞ്ഞു. എന്നാല്‍ അങ്ങ് അകലെ ചക്രവാള സീമയില്‍ ജാജ്വല്യമാനമായ ഒരു ജ്യോതിസ്സ് അവനെ മാടി വിളിക്കുന്നുണ്ടെന്നു അവനു തോന്നി.
ഉന്നത വിദ്യാഭ്യാസത്തിനു പട്ടണത്തിലേക്കു പോയേ പറ്റൂ. അവനെ ഒന്നു താങ്ങാന്‍ ആരുമില്ല. ആരു സഹായ ഹസ്തം നീട്ടും. അല്ലെങ്കില്‍ എന്തിനു സഹായിക്കണം. അന്യരറികെ തനിക്കു യാതൊരു ധനവുമില്ല. പണമില്ലാത്ത വനോടിണങ്ങാന്‍ ആരുമുതിരും. പണമുണ്ടെന്നറിഞ്ഞിരുന്നുവെങ്കില്‍ ബന്ധം പറഞ്ഞു എത്രയെത്രപേര്‍ ഓടിയെത്തുമായിരുന്നു.
നായയുടെ വായിലെത്തിയ പൊതിയാത്തേങ്ങപോലെ നിധി അവനെ വ്യാകുല ചിത്തനാക്കി. ധനമില്ലെങ്കിലും ദുഃഖം. ഉണ്ടായാലും ദുഖം. നിധിതന്റെ ഭാവിക്കെങ്ങനെ ഉപയുക്തമാകും. ആരുണ്ടു ഉപദേശം നല്കുവാന്‍. ആരെ വിശ്വസിക്കും. മോഷ്ടിച്ച തല്ലെങ്കിലും വെളിച്ചത്തായാല്‍ കുഴപ്പമുണ്ട്. സ്വന്തമെന്നു തെളിയിക്കുന്നതുവരെ അതുകുന്തമായി സ്ഥിതിചെയ്യും.
തന്റെ സഹപാഠിയുടെ ജ്യേഷ്ഠനായ ഒരു സ്വര്‍ണ്ണപ്പണിക്കാരന്‍ നന്തനാര്‍കോട്ടയുടെ കിഴക്കുവശത്തു താമസിക്കുന്നുണ്ടെന്നു ജയദേവനു അറിയാമായിരുന്നു. സ്ഥലപരിചയമില്ല. അതുകൊണ്ട് കോളേജില്‍ ചേരുന്നതിനു മുമ്പുതന്റെ സഹപാഠിയെ സന്ധിച്ചു. തന്റെ ഭാവി പരിപാടിയുടെ ഒരു ഏകദേശ രൂപവും വരച്ചുകാട്ടി.
''രാമു! എനിക്കു അനന്തപുരി വരെ ഒന്നു പോകണം. അവിടെ കോളേജില്‍ ചേരണമെന്നാണാഗ്രഹം. ഞാന്‍ ഇവിടെ വന്നതു തന്നെ കാല്‍നടയിലാണ്. തല്ക്കാലം കയ്യില്‍ കാശില്ല. കുറേ രൂപ കടം തന്നേ പറ്റൂ. അവിടെ ഒരു താമസ സൗകര്യം ഇടപാടു ചെയ്തുതരാന്‍ തന്റെ ചേട്ടനു ഒരു കത്തുതരുകയും വേണം.''
ജയദേവന്‍ കത്തും കൊണ്ട് നന്തനാര്‍ കോട്ടയിലേക്കു തിരിച്ചു. കരിഗ്യാസിലോടുന്ന ബസ്സ് ദീര്‍ഘചതുര രൂപത്തിലുള്ള ആ വാഹനത്തിന്റെ ബോഡി തുറന്നതാണ്. കര്‍ട്ടനിട്ടു മറച്ചിട്ടുണ്ടെങ്കിലും റോഡിലെ പൊടിയെമ്പാടും ബസ്സിനുള്ളില്‍ അടിച്ചു കയറും. തുള്ളിക്കുലുങ്ങിയുള്ള യാത്ര ആയാസകരമായിരുന്നു.
ബസ്സിറങ്ങി അല്പം നടന്നു. കാന്തള്ളൂര്‍ കവലയില്‍ ചെന്ന് പടിഞ്ഞാട്ടു ഒരു മൈലോളം നടക്കണമെന്നാണ് രാമന്‍ പറഞ്ഞിരുന്നത്. വഴിതിട്ടമില്ല. സാരമില്ല. ചങ്കൂറ്റമുണ്ട്. സാഹസികതയാണ് തന്റെ ജീവിത വിജയത്തിന്റെ രഹസ്യം. മനഃ ചാഞ്ചല്യം അപകടമാണ്. ജീവിതത്തെ തന്റേടത്തോടെ നേരിടുക.
ജയന്‍ ഇടംവലം നോക്കാതെ തലയുയര്‍ത്തിപ്പിടിച്ചു നടന്നു. അകലെ വച്ചു തന്നെ ഒരു ഉയര്‍ന്ന കുന്ന് ദൃഷ്ടിഗോചരമായി. ഭീകരമായ ഒരു വനപ്രദേശമായിരിക്കുമോ അതെന്നു ആദ്യം സംശയിച്ചു. അതായിരിക്കണം ചരിത്ര പ്രസിദ്ധമായ നന്തനാര്‍കോട്ട.
പണിക്കത്തുവീട്ടില്‍ വേലു ആശാരിയുടെ വീടു കണ്ടുപിടിക്കാന്‍ അധികം പണിപ്പെടേണ്ടിവന്നില്ല. ആ ആറടിപ്പാതയുടെ അരുകില്‍ തന്നെയായിരുന്നു അയാളുടെ വസതിയും പണിശാലയും.
ജയദേവനെ കണ്ടപ്പോള്‍ തട്ടാനൊരു സംശയം. അവന്റെ നിറമാണ് അതിനു കാരണം. തന്റെ അനുജന്റെ കത്തുകണ്ടപ്പോള്‍ അയാള്‍ മറ്റൊന്നും ചിന്തിക്കാന്‍ മെനക്കെട്ടില്ല. അവനു താമസിക്കാനുള്ള സൗകര്യം അവിടെ ഒരുക്കപ്പെട്ടു. തന്റെ തകരപ്പെട്ടി ആ എളിയ സൗകര്യത്തിന്റെ മൂലയില്‍ ഒതുങ്ങിക്കൂടി.
കോട്ടയിലെ ഉന്നതമായ മരച്ചില്ലകളിലിരുന്നു കിളികളുടെ കളകുജനം. കാക്ക കരഞ്ഞു. കാറ്റിലാടും കാറ്റാടിമരങ്ങള്‍ സംഗീതം പൊഴിച്ചു. തരുവരരുടെ തളിരിളം മേനിയില്‍ അന്തിക്കതിരോന്റെ കരതലം പതിച്ചു.
''ങാ.... വന്ന വിവരം പറഞ്ഞില്ലല്ലോ. ജയാ....''
വേലു ആശാരി കുശലമാരംഭിച്ചു.
ജയന്‍ തന്റെ ആഗമനോദ്ദേശ്യം ചുരുക്കം ചില വാക്കുകളിലൊതുക്കി.
''എനിക്കു കോളേജില്‍ ചേരണം. ബി.എ ക്കാണ് രണ്ടുവര്‍ഷത്തെ പഠിത്തം. കയ്യില്‍ കാശില്ല. അമ്മയുടെ ചില ആഭരണങ്ങള്‍ മാത്രം കയ്യിലുണ്ട്. അതൊന്നു വിറ്റ് കാശാക്കിത്തരണം.''
ചിമിഴിലൊതുക്കിയ ആവശ്യങ്ങള്‍.
പൊന്നെന്നു കേട്ടാല്‍ പിണവും വായ് തുറക്കുമല്ലോ. തട്ടാനും പൊന്നും തമ്മില്‍ അത്ര ബന്ധമുണ്ട്. അയാളുടെ നയനങ്ങള്‍ വിടര്‍ന്നു.
എവിടെ കാണട്ടെ... കൂട്ടതലുണ്ടോ?
ഇല്ല, കുറച്ചേയുള്ളൂ.
ജയദേവന്‍ പെട്ടിയില്‍ നിന്നും ഒരു ചെറിയ പൊതിക്കെട്ട് തട്ടാന്റെ മുന്നില്‍ വച്ചു. തട്ടാന്റെ കണ്ണുകള്‍ മഞ്ഞളിച്ചുവെന്നുതന്നെ പറയാം. പകച്ചിരുന്നപോയ തട്ടാന്റെ അകക്കാമ്പിലൊരു കിരുകിരുപ്പ്.
ആ ആഭരണങ്ങള്‍ അക്കാലത്തു പ്രാബല്യത്തിലുണ്ടായിരുന്നവയല്ല. തനിത്തങ്കം. പണിത്തറങ്ങളും വളരെ പഴയത്. ഉരുപ്പടിയും കനത്തില്‍തന്നെ. ദിനാരം എന്നൊരു സ്വര്‍ണ്ണനാണയവും അതില്‍ തുളച്ചിട്ടിരുന്നു.
പണിക്കന്‍ പൊന്നില്‍ തൊട്ടാല്‍ പാതിയും കൊണ്ടേ പിന്‍വാങ്ങൂ എന്നൊരു പറച്ചിലുണ്ട്. അയാള്‍ ആഭരണങ്ങള്‍ തൂക്കിനോക്കിയിട്ട് നല്ലൊരു തുക വില പറഞ്ഞു. ആ തനിത്തങ്കത്തിനു എന്തു വില വരുമെന്നു ജയദേവനറിയാമോ. അവന്റെ പ്രതീക്ഷയുടെ പതിമ്പടങ്ങു വലിയ തുക. അവന്‍ മറ്റൊന്നും ചിന്തിച്ചില്ല. സമ്മതം മൂളി. അടുത്ത ദിവസം തുക ലഭിക്കുകയും ചെയ്തു.
എനിക്കു ഒരു ഉപകാരം കൂടി ചെയ്തുതരണം. ഒരു ചെറിയ വീടും പറമ്പും വാങ്ങിയാല്‍ കൊള്ളാമെന്നുണ്ട്. ഒരെണ്ണം കണ്ടു പിടിച്ചു തന്നാല്‍ ഉപകാരമായി.
തട്ടാന്റെ മനസ്സു കുറേ നേരം ആലോചനയുടെ നീര്‍ക്കയത്തില്‍ ഊളിയിട്ടു. അതിനിടയില്‍ ചില കണക്കുകൂട്ടലും കിഴിക്കലും നടത്താതിരുന്നില്ല.
''ജയദേവനു പറ്റിയ ഒരു സ്ഥലമുണ്ട്. കോളേജില്‍ പോകാന്‍ സൗകര്യമുള്ളിടത്താ..''
ആ ഇനത്തിലും ഒന്നു ആമുക്കാം എന്നൊരു ചിന്തയും അയാളെ പിടികൂടി. അയാള്‍ പൂര്‍വ്വാധികം സ്‌നേഹം പ്രകടിപ്പിച്ചു തുടങ്ങി.
''സ്ഥലം എവിടെയാണെന്നു കേള്‍ക്കട്ടെ...''
''അല്പം കിഴക്കാ. .. കുരവക്കുന്നില്.''
അതൊരു ഒഴിഞ്ഞ കോണായിരുന്നു പ്രകൃതിതൊട്ടനുഗ്രഹിച്ച ആ കുന്നിന്‍പ്രദേശം ജയദേവനു നന്നേ പിടിച്ചു. ഒരു ചെറിയ വീടും അതിലുണ്ട്. ജയദേവന്‍ മണ്ണിനുടമയായി.
അവന്‍ തനിച്ചാണ് കുറേനാള്‍ അവിടെ പാര്‍ത്തത്. തന്റെ സഹായിയായ വേലു ആശാ ചിലപ്പോഴെല്ലാം സുഖാന്വേഷകനായി എത്താറുണ്ട്. അവര്‍ ഉറ്റ ബന്ധുക്കളേപ്പോലെ കഴിഞ്ഞു വന്നു.
ആയിടയ്ക്ക് ജയദേവനു തന്റെ കുഗ്രാമത്തിലേക്കു പോകേണ്ടതായി വന്നു.
അവര്‍ തമ്മിലുള്ള പരിചയം തുടങ്ങിയ നാള്‍ മുതലേ വേലു ആശാരിയുടെ ഇടുങ്ങിയ മനസ്സില്‍ സംശയത്തിന്റെ കരിംപുക നിറയാന്‍ തുടങ്ങിയിരുന്നു. അമ്മയുടെ ആഭരണങ്ങള്‍ എന്ന പേരില്‍ ജയദേവന്‍ കൈമാറിയ പണ്ടങ്ങള്‍ അയാളെ ആകെ ഉലച്ചിരുന്നു. തലപെരുപ്പിക്കുന്ന വിചാരങ്ങള്‍ക്കു പണിക്കന്‍ അടിമയായി.
ആ ആഭരണങ്ങള്‍ ഏതോ നിധിയില്‍ പെട്ടതായിരിക്കാമെന്നാണ് തട്ടാന്റെ സംശയം. പണ്ടങ്ങളുടെ ബാക്കി ഉണ്ടാകാതിരിക്കയില്ല എന്ന്അയാളുടെ മനസ്സുമന്ത്രിച്ചുകൊണ്ടിരുന്നു.
ജയദേവനുമായുള്ള ആദ്യ സമ്പര്‍ക്കം തൊട്ടുതട്ടാന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടാന്‍ തുടങ്ങി. അയാള്‍ പുതിയ വീടുവച്ചു. പൊന്‍ പണി അഭിവൃദ്ധിപ്പെടുത്തി. അതുകൊണ്ടു മായില്ല. ജയദേവനെ അനുധാവനം ചെയ്യാന്‍ ദുരാശ അയാളെ പ്രേരിപ്പിച്ചു.
ഒരാഴ്ച കഴിഞ്ഞു. ജയദേവന്‍ നാട്ടില്‍ നിന്നും തിരികെയെത്തി. അവന്‍ നേരേ പോയത് നന്തനാര്‍ കോട്ടയിലേക്കാണ്.
ജയന്റെ പുനരാഗമനം പണിക്കനെ ചിന്താവിവശനാക്കി. അയാളുടെ മുഖത്തു ബീഭത്സതയുടെ കൂത്തരങ്ങ്.
''ജയന്‍ നാട്ടില്‍ പ്രായിരുന്നോ....?''
അയാള്‍ കുശലം ചോദിച്ചെന്നു വരുത്തി. അക്ഷരങ്ങള്‍ പതറിത്തെറിക്കുന്നതുപോലെ
''പോയിരുന്നു. രാമനെയും കണ്ടു''
എന്തൊണ്ടുവിശേഷം?
അയാളുടെ ശബ്ദം ചിലമ്പിച്ചുപോകുന്നു. വീറയാര്‍ന്ന സ്വരം. എന്തോ ഒരു പന്തികേട്! ശ്രദ്ധിച്ചാല്‍ ആര്‍ക്കും അതു മനസ്സിലാകും.''പ്രത്യേകിച്ച് ഒന്നുമില്ല. എന്റെ ഒരമ്മൂമ്മയുണ്ട് നാട്ടില്‍. കുറേദിവസം അവിടെ താമസിച്ച്. ചില കാര്യങ്ങളെല്ലാം ഒതുക്കാനുണ്ടായിരുന്നു.''
''കുരുവക്കുന്നില്‍ പോയില്ലേ?. . പെട്ടിയുമായി വന്നതു കൊണ്ടു ചോദിച്ചതാ...''
''പോയില്ല... നേരേ ഇങ്ങോട്ടു പോന്നു. ഇവിടെ വന്നിട്ട് ഒരു കാര്യം സാധിക്കാനുണ്ടായിരുന്നു. രാവിലെ പറയാം.''
അവന്‍ കോട്ടുവായിട്ടു. യാത്രാക്ഷീണം വേണ്ടു വോളം. ഒന്നു മയങ്ങിയാല്‍ കൊള്ളാമെന്നുണ്ട്. അങ്ങനെ ആ സംഭാഷണം ഇടമുറിഞ്ഞു.
തട്ടാന്റെ മുഖത്തേക്കു രക്തം ഇരച്ചു കയറി. മയമില്ലാത്തഭാവം. അയാളുടെ സംശയമേറുകയാണ്. ജയന്‍ വന്നിരിക്കുന്നത് എന്തോ കാര്യം സാധിക്കാനുണ്ടെന്നല്ലേ പറഞ്ഞത്. അതെന്തായിരിക്കും. ബാക്കിയുള്ള പൊന്നും കൊണ്ടായിരിക്കും വന്നിരിക്കുന്നത്. നിധിയുടെ ബാക്കി. മാണിക്യവും കാണും.
സ്വസ്ഥത അയാളോടു പിണങ്ങി. അവിരാമമായ ആലോചന. ഒരു തീരുമാനത്തിലെത്താന്‍ കഴിയുന്നില്ല.
ജയദേവന്‍ അവിടെ ചെന്ന വിവരം മറ്റാരും അറിഞ്ഞിട്ടുമില്ല. എന്തും സംഭവിക്കാം.
നിമിഷങ്ങള്‍ക്കു യുഗങ്ങളുടെ ദൈര്‍ഘ്യം! പ്രഭാതരശ്പികള്‍എന്തെന്തു വാര്‍ത്തകളായിരിക്കും വിതരണം ചെയ്യാന്‍ പോകുന്നത്.
അത്താഴമൂണും കഴിഞ്ഞ്, ഒരു വീശുവലയുമായി വേലുത്തട്ടാല്‍ കായല്‍തീരത്തേക്കുതിരിച്ചു. അടുത്ത ദിവസത്തെ കൂട്ടാന്‍ വയ്പിനു വകതേടാന്‍. ഇത്തിരി പച്ച പൊരിച്ചതുചെന്നാലേ മരനീരുമായി ചേരുകയുള്ളൂ. അതു തട്ടാന്റെ നിര്‍ബന്ധമാണ്.
കോട്ടയുടെ പശ്ചമ ഭാഗത്തുകായല്‍. അതു വിശാലമായി പരന്നു കിടക്കുന്നു. തൂളിയും വാളയും ഏട്ടയും പരലും പാര്‍ക്കുന്ന കാക്കുളം കായല്‍. തട്ടാന്‍ ഒറ്റയ്ക്കല്ല പോയത്. സഹായത്തിനു ഏക മകനും കൂടെയുണ്ട്.
ജയദേവന്‍ ഉറങ്ങാന്‍ കിടന്നു. കഴിഞ്ഞ പ്രാവശ്യം തനിക്കു കിടക്കവിരിച്ച മുറിയില്‍.
പാതിരാവിന്റെ നിശ്ശബ്ദത. മണിപതിനൊന്നായി കാണും. അങ്ങകലെ നന്തനാര്‍കോട്ടയുടെ നെറുകയില്‍ കുമന്റെ അമര്‍ന്നമൂളല്‍. ആ ജീവക്കു എന്തോ മനസ്സിലായതുപോലെ. അതു ദുസ്സൂചനയുടെ സ്വരമല്ലേ. കാലന്‍ കോഴിയുടെ അലമുറയും അകലെ കേള്‍ക്കാം.
മീന്‍കുടയും തൂക്കിപ്പിടിച്ചു മകന്‍ നേരത്തേയെത്തി. ഒരു ബീഡിയും കത്തിച്ചു വലിച്ചു കൊണ്ട് അവന്‍ പറമ്പിലേക്കു പോയി.
അല്പസമയം കഴിഞ്ഞു.
''ജയേണ്ണാ. ... ജയേണ്ണാ....''
ആ ശബ്ദം ജയന്റെ ഉപബോധമനസ്സിനെ തൊട്ടുണര്‍ത്തി. വേദനിപ്പിക്കുമാറ് അവന്റെ ശരീരം ആരോകുലുക്കി ഉലയ്ക്കുന്നുണ്ട്.
അവന്‍ തട്ടിക്കുടത്തെണീറ്റു. കണ്ണു തുറന്നു നോക്കിയത് കല്യാണിയുടെ മുഖത്തേക്കാണ്. മങ്ങിയ വെളിച്ചത്തില്‍ ഒരു നിഴലുപോലെ അവളെ കണ്ടു. തട്ടാന്റെ ഏകപുത്രി. തലയും മുലയും വളര്‍ന്ന പെണ്ണ്. സുന്ദരിയാണോ... അവന്‍ ശ്രദ്ധിച്ചിട്ടില്ല. അവളുടെ സാന്നിധ്യം എന്തോ പന്തികേടു വിളിച്ചോതുന്നതുപോലെ. അവളുടെ സ്വരം പരിഭ്രമത്തിന്റേതാണ്. മുഖം വ്യക്തമായി കാണാന്‍ പറ്റുന്നില്ല. അവളുടെ വിറയാര്‍ന്ന കരങ്ങള്‍ ചുട്ടു പൊള്ളുന്നു. മുഖവും ബീഭത്സമായിരിക്കുമെന്നു അവന്‍ ഊഹിച്ചു.
അണ്ണാ. .... പെട്ടെന്നെണീര്.... ഒരു ഒരു കാര്യം പറയട്ടെ....
അവള്‍ കിതയ്ക്കുന്നുണ്ട്. കാര്യമറിയാതെ അവന്‍ അന്ധാളിച്ചു. പെണ്ണിനു ദുരുദ്ദേശ്യം വല്ലതുമുണ്ടോ. പെണ്ണിന്റെ തൊട്ടാല്‍ പൊട്ടുന്ന പ്രായം അവന്റെ ഞരമ്പും കളെവലിച്ചു മുറുക്കി തലയ്‌ക്കൊരു പെരുപ്പുപോലെ.
എന്താ.... എന്താ... കാര്യം പറയൂ...
അവന്റെ നാവു വരണ്ടിരുന്നു. ഉമിനീരിനു വേണ്ടി നാവു പരതി.
അതെല്ലാം പിന്നെ പറയാം.... അണ്ണന്‍ ഈ മുറിയില്‍ നിന്നും ഉടന്‍ പ്രാകണം. പെട്ടെന്നുകട്ടെ.... പെട്ടിയും കയ്യിലെടുത്തോ... സമയംകളയണ്ടാ.... അല്ലങ്കില്‍ ആപത്താ.....
എന്തോ ഒരു സംശയം ജയദേവനിലും വേരൂന്നിയിരുന്നു. തട്ടിന്റെ പെരുമാറ്റവും മയമില്ലാത്ത ഭാവവും അവന്‍ ശ്രദ്ധിക്കാതിരുന്നില്ല.
എങ്കിലും അതു അവനെബാധിക്കുന്നതായിരിക്കുമെന്നു തോന്നിയില്ലേ. എന്തോ ആകട്ടെ. ഉടന്‍ സ്ഥലം വിടുക.
അവന്‍ ഇരുട്ടില്‍ തപ്പിത്തടഞ്ഞുപെട്ടി കയ്യിലെടുത്തു. നിശ്ശബ്ദം കിഴക്കോട്ടാങ്ങു നടന്നു. അല്ല ഓട്ടംതന്നെ. അവന്‍ ഇടയ്‌ക്കൊന്നും തിരിഞ്ഞുനോക്കി. ഒരു രക്തകങ്കാളം തന്നെ പിന്തുടരുന്നില്ലേ. അവന്റെ തോന്നലായിരിക്കാം. ഇരുളിനെ കീറിമുറിച്ചു കൊണ്ട് അവന്‍ ഓടി.
കുരവക്കുന്നിന്റെ നെറുകയില്‍ ചെന്നിട്ടേ ആ ഓട്ടം നിലച്ചുള്ളൂ. കിതപ്പോടെ അവന്‍ പടിഞ്ഞാറേ കുന്നിലേക്കു തിരിഞ്ഞു നോക്കി. അങ്ങു പടിഞ്ഞാറു അതേ ഉയരത്തില്‍ ആകാശ നീലിമയ്ക്കു താഴെ ആകോട്ടക്കുന്നു ഒരു ഭീകര സത്വം പോലെ തോന്നിച്ചു. പശ്ചാത്തലത്തില്‍ ആര്‍ത്തലയ്ക്കുന്ന കേരളക്കടല്‍.
ആ പെണ്ണ് എന്തിനാണ് എന്നെ ഹതിരാക്കിയില്‍ പറഞ്ഞയച്ചത്. അതിന്റെ പിന്നിലെരഹസ്യ മറയില്‍ അവന്‍ എടുക്കപ്പെട്ടു. എങ്ങനെ അറിയാന്‍ പറ്റും. ആരോടു ചോദിക്കും. ഏതോ അപകടം പതിയിരിക്കുന്ന ആപ്രദേശത്തേക്കു കണ്ണയയ്ക്കുവാന്‍ പോലും അവന്‍ അധൈര്യപ്പെട്ടു. വഞ്ചനയ്ക്കും കൊടും ചതികള്‍ക്കും പേരെടുത്ത മണ്ണാണഅ അവിടത്തേത്. ചതിനിറഞ്ഞ ചരിത്രം അവിടത്തെ ഓരോ മണല്‍ത്തരികളും പറഞ്ഞുതരും. ആ കഥകളെയ്ക്ക് അവന്റെ സ്ഥിതി പഥത്തിലൂടെ മിന്നിമറഞ്ഞു.
കോളേജില്‍ നിന്നു മടങ്ങി വരും വഴിയാണ് ആരഹസ്യത്തിന്റെ ചുരുളഴിഞ്ഞു കിട്ടിയത്. ക്രിസ്തുജപ്പള്ളിയുടെ എതിര്‍വശത്തു പാതയ്ക്കുങ്കില്‍ വിശാലമായ മൈതാനത്തിന്റെ തെക്കരുകിലായി വളര്‍ന്നു പന്തലിച്ചു നില്ക്കുന്ന വരിക്കപ്ലാവിന്റെ ചോട്ടില്‍ വച്ച് തട്ടിന്റെ ഒരു പരിചയക്കുനെ കണ്ടുമുട്ടി. അയാള്‍ മാര്‍ക്കറ്റില്‍ പോയിട്ട് തിരികെ വന്നപ്പോള്‍ ഒന്നു വിശ്രമിക്കാനിടം തേടിയതാണ് ആപ്ലാംചോട്ടില്‍.
ആ പരിചയക്കാരനില്‍നിന്നാണ് സ്‌നേഹഭാവത്തിന്റെ പിന്നിലെ ചതി പ്രയോഗ കഥകള്‍ ജയദേവന്‍ അറിയുന്നത്.
തട്ടാന്റെ വീട്ടില്‍ ഒരു കൊലപാതകം നടന്നിരിക്കുന്നു!
''എന്ത് കൊലപാതകമോ? ആര്, ആരെ കൊന്നു?''
''പറയൂ.''
ജയദേവനെ ശ്വാസംമുട്ടിക്കുന്ന വാര്‍ത്ത
വിവരിക്കാനാവാത്ത. ഒരു വിവശത അയാളെ ബാധിച്ചു.
തട്ടാന്‍ മകനെ കൊന്നു!
അയാള്‍ പൊയ് പറയുകയായിരിക്കും. സ്വന്തം മകനെ ഒരു പിതാവ് കൊല്ലുകയോ! അതും ലാളിച്ചു വളര്‍ത്തിയ ഓമന പുത്രനെ. തട്ടാനു മക്കള്‍ പത്തും പലതുമില്ല. കുട്ടികള്‍ രണ്ടു മാത്രം. ആ മകനെ...... സംശയിക്കേണ്ട.... തട്ടാന്‍ ഇപ്പോള്‍ ജയിലിലാണ്.
അറവുപുരക്കുന്നിന്റെ നെറുകയിലുള്ള കനത്ത കരിങ്കല്‍ ഭിത്തിക്കുള്ളിലെ കാരിരുമ്പഴികളില്‍ പിടിച്ചുകൊണ്ടുനില്‍ക്കുന്ന ആണ്ടു രൂപം ഭാവനയില്‍ കാണാന്‍ അവന്‍ ശ്രമിച്ചുനോക്കി.
''എന്നാണ് ആ സംഭവം നടന്നത്?''
അയാള്‍ തീയതി പറഞ്ഞു. ജയദേവന്‍ ഓര്‍ത്തുനോക്കി. പെട്ടെന്നു ഒന്നുഞെട്ടി. അവന്‍ അന്തംവിട്ടുനിന്നു. ഒരക്ഷരം ഉരിയാടുവാന്‍ നാവു വഴങ്ങുന്നില്ല.
ആ നരുന്തുപെണ്ണ് അപകടം മണത്തറിഞ്ഞാണ് തന്നെ അവിടെ നിന്നും പറഞ്ഞയച്ചത്. അവനു വസ്തുതകളുടെ ഉള്ളുകള്ളികള്‍ തുറന്നു കിട്ടി. താന്‍ രണ്ടാമതു ചെന്നപ്പോഴും പണ്ടങ്ങള്‍ കൊണ്ടു ചെന്നിരിക്കുമെന്നു തട്ടാല്‍ കണക്കു കൂട്ടിയിരിക്കും. അവതട്ടിയെടുക്കാന്‍ ജയനെ തട്ടുന്നതിനു തന്നെ തട്ടാല്‍ കരുക്കള്‍ നീക്കി. നിര്‍ഭാഗ്യത്തിനു ചക്കിനുവച്ചതു കൊക്കിനുകൊണ്ടു. താന്‍ ശയിച്ചിരുന്ന മുറിയില്‍ അയാളുടെ ഏക മകന്‍ കയറികിടന്നിരിക്കണം. ആ വിവരം തട്ടാന്‍ അറിഞ്ഞിരിക്കയില്ല. ജയദേവനാണെന്നു ധരിച്ചു സ്വന്തം മകന്റെ പ്രാണന്‍ അയാള്‍ അപഹരിച്ചു. കനകത്തിനു വേണ്ടിതനയനെ കാച്ചി.
അവന്‍ ദീര്‍ഘമായി ഒന്നു നിശ്വസിച്ചു.
''ജയദേവന്‍ അയാളെക്കുറിച്ച് അറിയാഞ്ഞിട്ടാ... അയാള് ആളുഭയങ്കരനാ....''
''ആ തട്ടാനോ.!''
ജയന്‍ ജീജ്ഞാസയോടെ തിരക്കി.
''അതേ അയാള്‍ തന്നെ... അയാള്‍ ചെയ്തിട്ടുള്ള കടൂംകൈകള്‍ അറിഞ്ഞിരുന്നെങ്കിലോ.''
ചിന്നാ വെളിയിലും തവളക്കുന്നിലും ചെന്നുപെടുന്ന അപരിചിതരായ യാത്രക്കാര്‍ക്കു അയാളെ മറക്കാന്‍ പറ്റുകേല.
''അയാള്‍ പിടിച്ചുപറിക്കാരനോ?''
''ഉം.... കേട്ടാല്‍ ഞെട്ടിപ്പോകും. അഷിക്കുകേക്കണോ..... ഒരിക്കല് ഒരു പുതുമണവാളനും മണവാട്ടിയും സന്ധ്യാ സമയത്തു കാന്തള്ളൂര്‍മുക്കു കടന്നു തെക്കോട്ടു പോയി. ആ വേലുത്തട്ടാനും അവരുടെ പുറകേതിരിച്ചു. ധാരാളം ആഭരണങ്ങള്‍ ആ പെങ്കൊച്ചുവാരിച്ചുറ്റിയിരുന്നു. ആളൊഴിഞ്ഞ സ്ഥലത്തുചെന്നപ്പോള്‍ മണവാളനെ തവളക്കുന്നിന്റെ കിഴക്കേക്കുഴിയിലേക്കു തള്ളിമറിച്ചിട്ടിട്ട് പെങ്കൊച്ചിന്റെ ഇടതുകയ്യും വെട്ടിയെടുത്തു കൊണ്ട് ഓടിയവനാണ് ആ തട്ടാന്‍.
ഹോ ഇത്ര ഭയങ്കരനോ അയാള്‍.
ജയദേവന്‍ ഒന്നുനടുമൂച്ചുവിട്ടു.
എത്ര ബുദ്ധിപരമായാണ് താന്‍ അന്നുപെരുമാറിയത്. തേക്കിന്‍ ചെല്ലം വയസ്സിത്തള്ളയെ ഏല്പിക്കാതെ കൂടെ കൊണ്ടു പോന്നിരുന്നുവെങ്കില്‍ എന്താകുമായിരുന്നു സ്ഥിതി?
പണ്ടങ്ങളുടെ ഒരംശംമാത്രമാണ് തട്ടാനുവിറ്റത്. വീണ്ടും അയാളെ കാണാന്‍ ചെന്നത് പണ്ടങ്ങളുമായല്ല. ഒരു വീടു വയ്ക്കുന്നതിനെപ്പറ്റി ആലോചിക്കാന്‍ മാത്രം. ഏതായാലും തനിക്കൊന്നും സംഭവിച്ചില്ല. പക്ഷേ തനിക്കു വേണ്ടി ബലിയായത് ഒരു പാവം പയ്യന്‍.
ജയദേവന്‍ ആദ്യമായി അവനെപ്പറ്റി ചിന്തിച്ചുപോയി. എന്റെ ജീവന്‍ വിലപ്പെട്ടതായിരിക്കണം. തനിക്കു പലതും ചെയ്യാനുണ്ട്. തന്റെ ജീവിതത്തിനു ഒരു ഉദ്ദേശ്യമുണ്ടായിരിക്കണം. അതുലോകത്തിനു ആവശ്യവുമായിരിക്കാം. അതുകൊണ്ടായിരിക്കണമല്ലോ തന്റെ ജീവന്‍ അതിശയകരമാം വിധം സുരക്ഷിതമായത്.
ജയദേവന്‍ അടുത്തദിവസം വീണ്ടും നാട്ടിലേക്കു പോയി. ചിന്തിച്ചുറച്ചചില തീരുമാനങ്ങളുമായി. തനിക്കു നേരിട്ടുമായിരുന്നു ആപത്തിനെപ്പറ്റി ആരോടും മിണ്ടിയില്ല. പലതും രഹസ്യമായി വയ്‌ക്കേണ്ടതുണ്ട്.
തന്റെ ശോഭനമായ ഭാവിക്കു വഴിതെളിച്ച മുത്തശ്ശിയും അകന്ന ബന്ധത്തില്‍പ്പെട്ട രവിയും ജയദേവനോടൊപ്പം കുരവക്കുന്നിലേക്കു പറിച്ചു നടപ്പെട്ടു.

രണ്ടാം ഭാഗം