"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, സെപ്റ്റംബർ 23, ബുധനാഴ്‌ച

പുലയന്‍ തൊണ്ണൂറടി മാറണം ഈഴവനു അറുപതും നായര്‍ക്ക് പത്തും

ധനു എളങ്കുന്നപ്പുഴ
അദ്ധ്യായം രണ്ട്

പുലയന്‍ തൊണ്ണൂറടി മാറണം ഈഴവനു അറുപതും നായര്‍ക്ക് പത്തും
വല്ലപ്പോഴും മഴയും കാറ്റുമുണ്ടായിക്കൊണ്ടിരുന്നു. ചിലപ്പോഴൊക്കെ ശീതക്കാറ്റും അടിച്ചു കൊണ്ടിരുന്ന കാലഘട്ടം. വിത്തു പാകിയ പാടത്തെ ഞാറു വളര്‍ന്നു പൊങ്ങി. എങ്ങും പച്ച വിരിച്ചു നില്‍ക്കുന്ന ഞാറിന്‍ തലപ്പുകള്‍. സായാഹ്ന വെയിലില്‍ പാടത്തു പച്ചപ്പട്ടാര്‍ന്നു കാറ്റില്‍ ഉയര്‍ന്നു താണു തലയാട്ടിയാടുന്നതു, കണ്ണിന്നു കുളിര്‍മയേകുന്നു. ചേതോഹരമായ ദൃശ്യം. മധുര നിഷ്യന്ദിയായ കുളിര്‍ തെന്നലില്‍, നിരവധി പേര്‍ കണ്ണിമയ്ക്കാതെ നോക്കി നിന്നിരുന്നു. ചിറപ്പുറത്തും പറമ്പടിയിലും നിന്നു കുടികിടപ്പുകാരും, വഴിപോക്കരും ശ്രദ്ധിച്ചിരുന്നു. അവിടവിടെ തെങ്ങിന്‍ തുരുത്തും, പച്ചിലക്കാടുകളും മനോഹാരിത തളിര്‍ത്തു നിന്നു.
ജന്മിയുടെ കാര്യസ്ഥന്‍ പല സ്ഥലത്തും നടന്നു പുലയ സ്ത്രീകളേയും, ക്രിസ്ത്യാനി പെണ്ണുങ്ങളേയും, കൂടാതെ വേട്ടുവ, വേല സ്ത്രീകളേയും വിളിച്ചു കൊണ്ടു വന്നു.
കളപറിക്കാന്‍ (മുട്ടിപ്പുല്ലുപറിക്കാന്‍). ഞാറു പറിച്ചു നടല്‍ കഴിഞ്ഞ് സാമാന്യം വളര്‍ച്ചയെ കളപറി നടത്തുന്നു. പുലയ പെണ്ണുങ്ങള്‍ക്ക് പാടത്തു പണിയാണല്ലോ സ്ഥിരമായ കുലത്തൊഴില്‍. മഴയത്തും വെയിലത്തും ഒരുപോലെ ചൂടാനുപയോഗിക്കുന്ന പുട്ടിയവര്‍ക്കുണ്ട്. തഴകൊണ്ടു നെയ്തുണ്ടാക്കുന്ന ഒരു ചൂടലാണ് പുട്ടി. പുലയന്മാര്‍ തൊപ്പിക്കുടയും ചൂടുന്നു. ചിലര്‍ തൊപ്പിപ്പാളയും ഉപയോഗിക്കുന്നു.
ഉള്ളവെള്ളം കൊണ്ട് കള തഴച്ചു വളരാതെ, നെല്ലിനു തന്നെ ലഭിക്കുന്നതിനു വേണ്ടിയാണ് കള പറിച്ചു കളയുന്നത്. കൂടാതെ പായലുണ്ടാകും, വെണ്ണപ്പായല്‍ എന്നു പറയും, അവയും ഞാറുകള്‍ക്കിടയില്‍ നിന്നു തന്നെ വാരിക്കളയണം. സ്ത്രീകള്‍ പറിച്ചു കളയും, പായലും പലയിടത്തായി കൂട്ടിയിടുന്നു. അവ പുലയകിടാത്തന്മാര്‍ വാരിക്കുട്ടയിലാക്കി പറമ്പടിയിലോ ചിറപ്പുറത്തോ കൊണ്ടു വന്നു കളയും. വെയിലത്തവ ഉണങ്ങിപ്പൊയ്‌ക്കൊള്ളും.
ഈ പണിയൊക്കെ നോക്കി നടത്തുന്നത് തമ്പുരാന്റെ പ്രധാന കാര്യസ്ഥനാണ്. കൂടാതെ കാര്യസ്ഥനെ സഹായിക്കാന്‍ പല സഹായികളുമുണ്ടാകും. ചില വേലകള്‍ ചെയ്യുവാന്‍ ക്രിസ്ത്യാനികളായആളുകളും, ഈഴവരും പിന്നെ മുക്കുവരും ഉണ്ടാകും. എന്നിരുന്നാലും മൂപ്പന്‍ പണിക്കാരനൊന്നുണ്ട്. അതാണ് കണ്ടായന്‍. മൂപ്പിലാന്‍ സ്ത്രീകളയൊക്കെ ശാസിക്കും, നിരത്തി നിര്‍ത്തും, പറഞ്ഞാലനുസരിച്ചില്ലെങ്കില്‍ കുനിഞ്ഞു നില്‍ക്കുന്ന ചെറുമിയുടെ പിന്‍ഭാഗത്തിട്ടു കൈവലിച്ചൊന്നു കൊടുക്കും. അടി കിട്ടുന്ന പെണ്ണിന്നു കോപമല്ല നാണമാണ് ഉണ്ടാകുക. അപ്പോള്‍ നിരതെറ്റി നിന്നിരുന്ന പെണ്ണാള്‍ ശരിക്കും നിന്നു കള പറിക്കും. അതിനു വേണ്ടി നിരന്നു നില്‍ക്കുന്ന സ്ത്രീകളുടെ മുന്‍ഭാഗത്തു മുഖത്തോടു തിരിഞ്ഞു നിന്നു വേണ്ട നിര്‍ദ്ദേശം കൊടുക്കും. കൂടാതെ കയ്യിലൊരു നീണ്ട വടിയുണ്ടാകും. അതു പറിക്കൂ, ഇതു പറിക്കൂ, ആ ഞാറു പറിക്കരുത്, ആ കള മാത്രമേ പറിക്കാവൂ, കൂടുതല്‍ കൂട്ടമായി നില്‍ക്കുന്ന ഞാറും പറിക്കുവാന്‍ ഈ വടി കൊണ്ടു ചൂണ്ടി പറയും. ഞാറാണു പറിക്കുന്നതെങ്കില്‍, വേറെ തരത്തില്‍ കെട്ടി മാറ്റിയിടും. പ്രസ്തുത ഞാറുകള്‍ കുറവുള്ള സ്ഥലത്തു കൊണ്ടു പോയി നടാനുള്ളതാണ്. ആ ഞാറ് പുലയക്കിടാത്തന്മാര്‍ വെള്ളത്തിലൂടെ വലിച്ച് നടേണ്ട സ്ഥലത്തു കൊണ്ടു പോയിടും. കളപറി ഏകദേശമാകുമ്പോള്‍ അന്നു തന്നെ ആ ഞാറുകള്‍ പുലയികളെ കൊണ്ടു നിരന്നു നിന്നു നടീക്കും.
മാടനും ചക്കിയും പാടത്തു പണിക്ക് ആത്മാര്‍ത്ഥമായി തന്നെയാണ് പങ്കെടുത്തിരുന്നത്.
മാടനിലും പ്രത്യേകതയുണ്ട്. അടിമപ്പണിക്കാരില്‍ പ്രധാന സ്ഥാനമാണ് മാടനില്‍ കല്‍പ്പിക്കപ്പെട്ടിരുന്നത്. കാരണം പണ്ട് ഈ നാട്ടില്‍ എങ്ങു നിന്നോ നാടുവിട്ടു വന്നപ്പോള്‍ അഭയം കൊടുത്തത് ഇവിടുത്തെ തമ്പുരാനാണ്. കൂടാതെ ചിറപ്പുറത്ത് കുടിലു കെട്ടിക്കൊടുത്തു. കല്ല്യാണം കഴിക്കുവാനുള്ള സഹായവും ചെയ്തു. ചക്കിയെ തമ്പുരാന്‍ വേണ്ട രീതിയില്‍ നോക്കുന്നുമുണ്ട്. കണ്ടായന്‍ കഴിഞ്ഞാല്‍ പിന്നത്തെ മൂപ്പന്‍ സ്ഥാനം മാടനിലാക്കുവാനാണ് തമ്പുരാന്റെ ഉദ്ദേശ്യം. മാടന്‍ ഇഷ്ടമുള്ള പണികള്‍ ചെയ്താല്‍ മതി. അത്തരത്തിലൊരു സമീപനം കാര്യസ്ഥനും മാടനില്‍ കാണിക്കുന്നുണ്ട്.
കളപറിയും, ഞാറുപറിയും നിരത്തലുമൊക്കെ നടക്കുന്ന കാലത്തൊരിക്കല്‍, തമ്പുരാന്റെ എഴുന്നെള്ളത്തുണ്ടായി.
തമ്പുരാനും കാര്യസ്ഥനും കൂടി എഴുന്നള്ളി വരുമ്പോള്‍ വഴിയില്‍ ആരും നില്‍ക്കുവാന്‍ പാടില്ല. കുറ്റിക്കാടുകളുടെ സമീപത്തു കൂടിയായിരുന്നു യാത്ര. ഒരു സ്ത്രീ അകലെ നില്‍ക്കുന്നതു കണ്ടു. ഉടനെ കാര്യസ്ഥന്‍ നീട്ടി വിളിച്ചു.

ഏ...ഏ...ഹേയ് മാറിപ്പോ... മാറിപ്പോ എന്ന നിര്‍ദ്ദേശമായിരുന്നത്.
എതിര്‍ഭാഗത്തു നിന്നും ഒരു സ്ത്രീശബ്ദമുയര്‍ന്നു. ഓ...ഓ....ഹോ... ഞാന്‍ മാറിയേ എന്ന ശബ്ദം കേട്ടു. പക്ഷേ വഴി വക്കില്‍ നിന്നും ഏകദേശം അറുപതടി മാറിയാണ് ആ സ്ത്രീ നില്‍പ്പുറപ്പിച്ചത്. മാടമ്പി കടന്നു പോകുന്നതിനു മുമ്പ് അദ്ദേഹത്തിന്റെ ദര്‍ശനമേല്‍ക്കുന്ന രീതിയില്‍, ആ സൗന്ദര്യധാമം മാറിടം മറച്ചിരുന്ന തോര്‍ത്തു തുണി മാറ്റിക്കാണിച്ചു. അതു കണ്ട ജന്മി മന്ദസ്മിതനായി കൈകൊണ്ടാംഗ്യം കാണിച്ചു.
''പോയിട്ടുവരാം'' എന്ന്.
അറുപതടി മാറി നില്‍ക്കുവാനവകാശം ഈഴവര്‍ക്കാണ്. പാടത്തേയ്ക്കു പോകുന്ന പറമ്പടിയുടെ ഒരു ഭാഗത്തു ഓടമേഞ്ഞ പുരയില്‍ താമസിക്കുന്ന കൊച്ചിറ്റാമച്ചോന്റെ മൂത്തമകളാണത്. പേര് കുറുമ്പ. പത്തു മുപ്പതു വയസ്സായിട്ടും കല്ല്യാണമായിട്ടില്ല. ഇരുനിറം, സൗന്ദര്യവതി. ചെത്തുകാരന്‍ കൊച്ചിറ്റാമച്ചോന്‍ മാടമ്പടിയുടെ ചില പണിക്കാരുമൊക്കെ അറിയുന്ന വ്യക്തിയാണ്. നാലു പെണ്‍മക്കളും, ഒരാണ്‍ മകനുമായണയാള്‍ക്കുള്ളത്. കാലത്തേ കള്ളെടുക്കാന്‍ പുറപ്പെട്ടാല്‍ പിന്നെ ഉച്ചയ്ക്കാകും തിരിച്ചു വരുന്നത്. കുറുമ്പയ്ക്കു വേറൊരു പണിയുമില്ല. ഈ അഴകുള്ള പെണ്ണിനു കല്ല്യാണാലോചന പലതും വന്നെങ്കിലും സ്ത്രീധനമില്ലാത്തതിനാല്‍ ആരും കല്ല്യാണം കഴിക്കാന്‍ മുതിര്‍ന്നില്ല.
ഈഴവരെ പുലയര്‍ തണ്ണാനെന്നാണ് ബഹുമാനപുരസ്സരം വിളിച്ചിരുന്നത്. അവരുടെ സ്ത്രീകളെ തണ്ണാത്തിയെന്നുമാണ് അഭിസംബോധന ചെയ്തിരുന്നത്. ചെറുപ്പക്കാരായ ഈഴവരെ കൊച്ചണ്ണാനെന്നും, ചെറുപ്പക്കാരികളായ ചോത്തിപ്പെണ്ണുങ്ങളെ കൊച്ചണ്ണാത്തിയെന്നുമാണ് പുലയര്‍ വിളിച്ചിരുന്നത്. തിരിച്ച് എടാ എടി എന്നൊക്കെ പുലയരേയും, കണക്കന്മാരേയും വിളിച്ചിരുന്നു. അവരുടെ മക്കളും, എന്തിനേറെ കൊച്ചു കുട്ടികള്‍ പോലും പ്രായമായവരേയും ഈ തരത്തിലാണ് നികൃഷ്ടതയോടെ വിളിച്ചിരുന്നത്.

തമ്പുരാന്‍ ഓലക്കുടയും ചൂടി ചിറപ്പുറത്തു കൂടി നടന്നു ചില ഭാഗങ്ങളൊക്കെ നോക്കി. കാര്യസ്ഥനു വേണ്ട നിര്‍ദ്ദേശങ്ങള്‍ കൊടുത്തു. കൈചൂണ്ടി.
ദാ... അവിടെയുണ്ടല്ലോ ഞാറു കുറവാണ്. ആ ഭാഗത്തും പറിച്ചെടുത്ത കുറച്ചു ഞാറു നടണം.
റാന്‍ ഉത്തരവുപോലെ കാര്യസ്ഥന്‍ മൊഴിഞ്ഞു. 
അതിനുശേഷം ഒരു പറമ്പടിയില്‍ കയറി തെങ്ങിന്‍ ചോട്ടിലല്‍പ്പനേരം നിന്നു. പാടത്ത പണികളൊക്കെ നോക്കി വേണ്ട കാര്യങ്ങളൊക്കെ നിര്‍ദ്ദേശിച്ചു.
കാര്യസ്ഥന്‍ അകലെ നോക്കി തെങ്ങു കയറ്റക്കാരനായ കണക്കനോട് - എടാ കുട്ടായി ഇവിടെ വരൂ - അയാള്‍ വാക്കത്തിയും തളപ്പുമായി വന്നു.
ആ തെങ്ങില്‍ കയറി രണ്ടു കരിക്കിടൂ.
അയാള്‍ കരിക്കു പറിച്ചിട്ടു നല്ലപോലെ മുഖം ചെത്തി കാര്യസ്ഥന്റെ മുന്‍പില്‍ വച്ചു മാറി നിന്നു. കാര്യസ്ഥനതെടുത്തു തമ്പുരാനു നല്‍കി. കരിക്കു കുടിച്ചു കഴിഞ്ഞപ്പോള്‍ തമ്പുരാനു നല്ല ഉന്മേഷം തോന്നി. പിന്നെ പറമ്പടികളില്‍ പല സ്ഥലത്തായി നടന്നു നോക്കി.
തെങ്ങുകയറ്റ തൊഴിലാളികളില്‍ മൂപ്പനാണ് ഇങ്കരക്കണക്കന്‍ അയാള്‍ തമ്പുരാനെ അകമ്പടി സേവിച്ചത് പുറകോട്ടു കിഴിഞ്ഞാണ്. പറമ്പിന്‍േറയും തെങ്ങുകളുടെയും അറ്റകുറ്റ പണി നോക്കുന്നത് ഇങ്കരക്കണക്കനാണ്. തെങ്ങിന്റെ കേടുപാടുകള്‍ നോക്കി ചില തെങ്ങുകള്‍ക്കു കൂമ്പില്‍ ചെല്ലി ബാധിച്ചിട്ടുണ്ട് എന്നുള്ള വസ്തുത ഇങ്കരക്കണക്കന്‍ പറഞ്ഞു കൊടുത്തു.
അടുത്ത തെങ്ങു കയറ്റം വരുമ്പോള്‍ വേണ്ട ശുശ്രൂഷകള്‍ നല്‍കണം - തമ്പുരാന്‍ കല്‍പ്പിച്ചു.
റാന്‍ - അട്യനതിന്റെ കാര്യങ്ങളൊക്കെ ചെയ്യാമേ. ഇങ്കരക്കണക്കന്‍ ഭവ്യതയോടെ മറുപടി നല്‍കി.
കുറച്ചിട നടന്നു കഴിഞ്ഞപ്പോള്‍ ഇങ്കരക്കണക്കന്‍ കാര്യസ്ഥനോടായി പറഞ്ഞു. 
എലീന്റെ ചല്യോണ്ടേയ് വില്ലും നാഴീം വെച്ചോട്ടെ - തമ്പുരാന്‍ പറഞ്ഞു അതിനെന്താ വില്ലും നാഴീം വെച്ചോളൂ. പക്ഷേ എലിയെ പിടിച്ച് നമ്മുടെ കാര്യസ്ഥനെ കാണിക്കണം.
കുറച്ചു ദൂരം പിന്നിട്ട തമ്പുരാന്‍ കാര്യസ്ഥനോടു പറഞ്ഞു. അവന് ഒരു ദിവസത്തെ കൂലി കൊടുത്തു പറഞ്ഞയച്ചോളൂ.
തമ്പുരാന്‍ നേരേ കൊയ്തു കയറാറുള്ള കളത്തിലേയ്ക്കാണ് പോയത്. അവിടെ വരാന്തയില്‍ ചാരു കസേരയില്‍ മലര്‍ന്നടിച്ചു കിടന്നു വിശ്രമിച്ചു. കൂട്ടത്തില്‍ വെറ്റില ചെല്ലത്തില്‍ നിന്നും മുറുക്കാനും മറ്റുമെടുത്തു ചവച്ചു തുടങ്ങി. അതിനിടയ്ക്ക് എടാ- നായരേ.
ഓ - അടിയനിവിടെയുണ്ടേയ് - കുളത്തിന്റെ മറുവശം മാറി ഒന്നു ഇരുന്ന കാര്യസ്ഥന്‍ വേഗം വന്നു.
നോം കണ്ട ആതിയത്തിയില്ലേ - അവളോടിത്രടം വരേ ഒന്നു വരാന്‍ പറയൂ.
അയാള്‍ പോയി ഏകദേശം കുറേയധികം നേരം കൊണ്ട് കുറുമ്പയുമൊത്തു വന്നു. അവള്‍ കളത്തിന്റെ ബഹിര്‍ഭാഗത്തു പോയി കിണറ്റില്‍ നിന്നും വെള്ളം കോരി കൈകാലുകളും മുഖവും കഴുകി വൃത്തിയാക്കി തമ്പുരാന്റെ വിളിക്കായി കാത്തു നിന്നു.
അവള്‍ വന്നോ തമ്പുരാനാരാഞ്ഞു. അടിയന്‍ വന്നിട്ടുണ്ടേയ് - അവള്‍ നേരേ വന്നു പഞ്ച പുച്ഛമടക്കി മുന്‍ഭാഗത്തെ തുണിയൊതുക്കി മാറു കാട്ടി നിന്നു.
കാര്യസ്ഥനോടായി - ഉം, നായരേ നീ പോയി - ഇങ്കരകണക്കനുമൊത്തു കുറച്ചു കരിക്കുമായി ഉച്ച തിരിഞ്ഞിട്ട് എന്നെ വന്നു കാണൂ.
ഓ ഞാന്‍ പോയി വരാമേ.
കാര്യസ്ഥന്‍ പോയിക്കഴിഞ്ഞപ്പോള്‍ - കുറുമ്പയോടായി നീ ഇങ്ങോട്ടു വരൂ - കളത്തിന്റെ ഒരു വശത്തെ മുറി ചൂണ്ടി കാട്ടി തമ്പുരാന്‍ കല്‍പ്പിച്ചു.
അതിലെ പായതട്ടിക്കുടഞ്ഞു ആ കട്ടിലില്‍ വിരിച്ചോളൂ - കുറുമ്പ അകത്തു കയറി പായയൊക്കെ വിരിച്ചു. തമ്പുരാനും അതിലേയ്ക്കു കയറിച്ചെന്നു. ജനാല തുറന്നു നല്ല കാറ്റും വെളിച്ചവും കടന്നു.
മുള്ളുവേലിയുള്ള ഉറപ്പാര്‍ന്ന കളമാണ്. ആണ്ടോടാണ്ട് തിന്നാനുള്ള നെല്ലും കൂടാതെ രാജാവിനു കരം കൊടുക്കേണ്ട നെല്ലും കഴിച്ചു ബാക്കി വളരെയധികമുണ്ടാകും, വില്‍ക്കാനും ഉണ്ടാകു. അത്രയ്ക്കു നെല്ലു കൊയ്തു കേറുന്ന കളമാണിത്. അതിനു തക്ക ഉറപ്പും, സുരക്ഷിതത്വവുമുള്ള ഇടം. അതിന്റെ ഉന്നതാധികാരിയാണിത്.
തേങ്ങാ പൊതിച്ച് വെയിലത്തു വച്ചുണക്കി കൊപ്രയാക്കി ആട്ടിച്ച് വെളിച്ചെണ്ണ എടുത്തിരുന്നു. മനയ്ക്കലെ ആവശ്യത്തിനു കഴിച്ച് ബാക്കിയുള്ളത് വലിയ പാട്ടകളിലാക്കി ചന്തയിലെത്തിച്ചു വിറ്റിരുന്നു.
ചിലപ്പോള്‍ നാളികേരം തന്നെ മൊത്തമായി, മാപ്ലമാരോ, മുസ്ലീമുകളോ, ഈഴവരായ കച്ചവടക്കാരോ വാങ്ങിക്കൊണ്ടു വള്ളത്തില്‍ കയറ്റി കൊണ്ടു പോയിരുന്നു. ഇവയുടെയൊക്കെ വരുമാനം ഈ ജന്മിയുടേതാണ്.... ഒരു മുടിചൂടാ മന്നന്‍ തന്നെ.
കൊല്ലും കൊലയ്ക്കും അധികാരമുള്ളവന്‍, നാട്ടുപ്രഭു. അവളെ പിടിച്ചു കട്ടിലിലിരുത്തി. നിന്റെ പേരെന്താടി.... കുറുമ്പ - നാണം കുണുങ്ങി പറഞ്ഞു. ഉം. നമുക്കു തീയരെയൊന്നും ഇഷ്ടമല്ലട്ടൊ. പക്ഷേ നിന്റെ ഇതുണ്ടല്ലോ ''മാറില്‍ തൊട്ടു കൊണ്ട്'' ഇതു നമുക്ക് ശി. ഇഷ്ടപ്പെട്ടുട്ടൊ. ഇനി മേലില്‍ ഇതാരെയും കാണിക്കണ്ട ട്ടൊ. എന്നെ മാത്രം കാണിച്ചാല്‍ മതിട്ടൊ.
നീ ഇനി മേലില്‍ റൗക്ക ധരിച്ചോളൂ. നോം ഉത്തരവിട്ടിരിക്കുന്നു. മനസ്സിലായോ.
അവള്‍ക്കു മാറു മറയ്ക്കുവാനധികാരം നാട്ടു പ്രമാണിയുമൊത്തുള്ള സംസര്‍ഗ്ഗം കൊണ്ടു ലഭ്യമായി.
അവളുടെ മേല്‍ മുണ്ടും കീഴ്മുണ്ടും മാറ്റിച്ചു. കട്ടിലില്‍ ചാഞ്ഞു കിടന്നു കൊണ്ട് - നിന്റെ കനത്ത നിതംമ്പം - ഹായ് ഹായ് മാംസളമായ തുടകള്‍ ഹോ - എല്ലാം നമുക്കിഷ്ടപ്പെട്ടു. നോം നിഗമനം കൊണ്ടു മനസ്സിലാക്കിയിരിക്കുന്നു. നിന്നെ പ്രാപിക്കണമെന്ന് ഒറ്റ നോട്ടത്തില്‍ തന്നെ നോം ആശിച്ചു പോയി.
കുറുമ്പ പറഞ്ഞു - എനിക്കും തമ്പുരാനുമൊത്തു ഇങ്ങനെ കാണണമെന്ന് വളരെ നാളായി ആശിക്കുന്നു.
കുശലവും മറ്റും കൊണ്ടു സന്തോഷവും ആനന്ദവും ചൊരിഞ്ഞു വീര്‍പ്പു മുട്ടിച്ചു പുളകിതരായ അവര്‍ കുറേയധികനേരം ആലിംഗനബദ്ധരായി കിടന്നു.
അതിനുശേഷം എഴുന്നേറ്റു പോയി കുറുമ്പച്ചോത്തി വെള്ളം കോരി മുഖവും കൈകാലുകളും ഒക്കെ കഴുകി വന്നു. തമ്പുരാനും കൈകാലുകള്‍ കഴുകി ചാരുകസേരയില്‍ വന്നിരുന്നു; വെറ്റില മുറുക്കു തുടങ്ങി.
കുറുമ്പ വരാന്തയുടെ ഒരറ്റത്തു താഴെ നിന്നു. എളിമയോടെ തമ്പുരാനെ തന്നെ നോക്കി. എന്തെങ്കിലുമൊന്നു ഒക്കുമെന്ന പ്രതീക്ഷയിലാണാനില്‍പ്പെന്നു മനസ്സിലാക്കിയ തമ്പുരാന്‍, കഴുത്തില്‍ കിടന്ന ഒരു ചെറിയ സ്വര്‍ണ്ണമാല ഊരി അവളെ വിളിച്ചു കയ്യില്‍ വെച്ചു കൊടുത്തു. ദാ ഇതു നിനക്കിരിക്കട്ടെ. നൊമ്മളെ സുഖിപ്പിച്ചതല്ലേ. അവള്‍ തൊഴുകൈകളോടെ പറഞ്ഞു.
എനിക്കെന്തെങ്കിലും ഒരു വേല കിട്ടിയാല്‍, അതു ചെയ്തു ഇഞ്ഞത്ത ജീവിതം തള്ളി നീക്കമായിരുന്നു. തമ്പുരാന്റെ നിര്‍ദ്ദേശം - എന്നാല്‍ പാടത്തെ പണിക്കു കൂടിക്കോളൂ.
കുറുമ്പ : ഈ പുലയരുടെ കൂടെയോ-
ഉം. എന്താ - ക്രിസ്ത്യാനി പെണ്ണുങ്ങളുള്ളതോ.... എന്താ നീ തീയത്തിയല്ലേ.
എന്നാലും ഒരു കൊള്ളാവുന്ന പണി.
നിനക്കറിയാവുന്ന പണി ഇതല്ലേയുള്ളൂ അതുപോലെ നോം കളത്തില്‍ വരുമ്പോഴൊക്കെ നീ വന്നു ഇവിടെയൊക്കെ അടിച്ചു വൃത്തിയാക്കി, വെള്ളമൊക്കെ കോരി വച്ച്, മറ്റു കാര്യങ്ങളൊക്കെ ചെയ്താല്‍ മതി. കൊയ്ത്തു വരുമ്പോള്‍ നെല്ലുതരാം - എന്താ പോരെ.
ഓ മതി (ഒന്നു കയറിക്കൂടിയാല്‍ മതിയായിരുന്നൂന്നോര്‍ത്തു) കുറെ കഴിഞ്ഞപ്പോള്‍ കാര്യസ്ഥന്‍ കണക്കന്‍ ഇങ്കരനൊത്തു കരിക്കുമായി വന്നു. കരിക്കു തമ്പുരാനു നല്‍കി. പിന്നെ അപ്പുറത്തു മാറി കുറുമ്പയ്ക്കും ഒരു കരിക്കു കൊടുത്തു.
ദാഹശമനം വരുത്തിയ തമ്പുരാന്‍ മനയ്ക്കലേയ്ക്കു ഗമിക്കുവാന്‍ തയ്യാറായി. എല്ലാവരും പോയിക്കഴിഞ്ഞാലെ ഇങ്കരക്കണക്കനു പോകുവാന്‍ പാടുള്ളൂ. അതുവരേയ്ക്കും, കളം പൂട്ടലു്, വേലിയുടെ പടി പൂട്ടലും ഒക്കെ അകമ്പടി നായര്‍ ചെയ്യുന്നു. അപ്പോഴൊക്കെ ഇങ്കരന്‍ പടിക്കു പുറത്തിറങ്ങി നില്‍ക്കണം. കുറുമ്പയും മാറി നിന്നു കൊള്ളണ്. തമ്പുരാന്റെയൊപ്പം നടക്കുവാന്‍ പാടില്ല.
കൂടെ ശയിക്കുവാന്‍ തീണ്ടലില്ല, കൂടെ നടക്കുവാന്‍ തീണ്ടലുണ്ട്.
******

ഒന്നാം അദ്ധ്യായം