"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, സെപ്റ്റംബർ 2, ബുധനാഴ്‌ച

അയ്യന്‍കാളി മാഹാത്മ്യം; ഒരു വായനാനുഭവം - രേഷ്മ ആര്‍. എന്‍.രേഷ്മ ആര്‍. എന്‍.
കേരളത്തിലെ സ്വതന്ത്ര സാമൂഹിക സമര പശ്ചാത്തലം പരിശോധി ക്കുമ്പോള്‍ നേതൃസ്ഥാന ങ്ങളില്‍ അടിവരയിട്ട് എഴുതപ്പെട്ടിട്ടുള്ള, നവോത്ഥാന ജ്ഞാന സംവാദത്തില്‍ നിര്‍ണ്ണായക ചരിത്രം സൃഷ്ടിച്ച വ്യക്തിത്വമാണ് ശ്രീ അയ്യന്‍കാളി (1863-1941). സവര്‍ണ്ണ അധീന ശക്തികള്‍ ക്കെതിരെ സമത്വത്തിനുവേണ്ടി പ്രവര്‍ത്തിച്ച വിപ്ലവ കാരിയുടെ ജീവിത ദര്‍ശനങ്ങളെ വ്യത്യസ്തമായ ചിന്താധാരയിലൂടെ ശ്രീ. മാന്നാര്‍ വിജയന്‍ രചിച്ച 'ചേര രാജ കുലപതി ശ്രീ അയ്യന്‍കാളി മാഹാത്മ്യം മഹാകാവ്യം' എന്ന കൃതിയെ ആസ്പദമാക്കി ഒരു വിശകലനം.

ശീ അയ്യന്‍കാളി മാഹാത്മ്യം മഹാകാവ്യം അയ്യങ്കാളീ ജീവചരിത്രം വിപുലമായ രീതിയില്‍ ഇരുപത് അദ്ധ്യായ ങ്ങളിലായി അവതരിപ്പി ക്കുന്നു. കേരളത്തില്‍ നിലനിന്നിരുന്ന സാമൂഹിക അസമത്വത്തി നെതിരെയുള്ള ഒരു വ്യക്തിയുടെ ബോധപൂര്‍വ്വമായ ഇടപെടലിനെ ക്കുറിച്ച് ഈ കൃതി വിശകലനത്തിന് വിധേയമാക്കുമ്പോള്‍ സ്വാതന്ത്ര്യ ത്തിനു വേണ്ടിയുള്ള പോരാട്ടത്തിലെ ആവേശതീഷ്ണമായ ശ്രീ അയ്യങ്കാളി യുടെ ദര്‍ശനത്തെപ്പോലെ വായനക്കാരനും മാറേണ്ടിയിരിക്കുന്നു. എങ്കില്‍ മാത്രമേ കാവ്യത്തിന്റെ ഘടനയില്‍ സാമൂഹിക പരിസര്‍വ്വ വിപ്ലവ പശ്ചാത്തലവും ഉള്‍ച്ചേര്‍ന്നിരിക്കുന്നതിന്റെ അര്‍ത്ഥപ്പൊലിമ തിരിച്ചറി യാന്‍ സാധ്യമാവും. സമകാലീന എഴുത്തുകാര്‍ പ്രകൃതിപഠനങ്ങള്‍, നവലിബറല്‍ ആശയങ്ങള്‍, നൂതന സാങ്കേതിക വിദ്യാപഠനങ്ങള്‍ എന്നിവ യുടെ ജ്ഞാനകേന്ദ്രങ്ങള്‍ നിരീക്ഷിക്കുമ്പോള്‍ ഈ കൃതി കേരളത്തിലെ അധ:സ്ഥിത വര്‍ഗ്ഗത്തിന്റെ വിപ്ലവകാരിയുടെ 'ജീവിതദര്‍ശനം' വിശദമാക്കുന്നു.

സാഹിത്യലോകത്തില്‍ കാലഘട്ടങ്ങളെ മറ്റ് അലങ്കാരങ്ങളും ചേര്‍ത്ത് രൂപപ്പെടുത്തിയ മഹാകാവ്യങ്ങള്‍ ശ്രദ്ധേയമാണ്. മലയാളഭാഷയുടെ പിതാവായ എഴുത്തച്ഛന്‍ ഭഭാഷ'യെ പഞ്ചവര്‍ണ്ണക്കിളിയെക്കൊണ്ട് പാടിതിട്ടപ്പെടുത്തിയ ഭാഷാപൈതൃകവും ഇന്നും ഓര്‍മ്മപ്പെടുത്തലുകളാണ്. സാഹിത്യലോകത്തിലേക്ക് എഴുപത്തിനാല് പുറങ്ങളില്‍, ഇരുപത് അദ്ധ്യായങ്ങളിലായി ശ്രീ മാന്നാര്‍ വിജയന്‍ തിട്ടപ്പെടുത്തി കൃതി ശ്രദ്ധേയമാണ്. ഒരു സമാഹാരത്തിലുപരി കേരളത്തിലെ ആദ്യത്തെ ഭകീഴാള മഹാകാവ്യം' എന്നുതന്നെ ഇതിനെ പറയാം.

ആദ്യ അദ്ധ്യായത്തില്‍ ഗ്രന്ഥകര്‍ത്താവ് കുലഗുരുനമസ്‌ക്കാരം (ജ:1)ത്തില്‍ ആരംഭിക്കുന്നു. 1863 ആഗസ്റ്റ് 28 (1030 ചിങ്ങം 14 അവിട്ടം നാള്‍) ന് ശ്രീ അയ്യന്‍കാളിയുടെ ജനനം ഭഅവതാരമായി' കാണുന്ന എഴുത്തുകാരന്‍ പിന്നീടുള്ള അദ്ധ്യായങ്ങളില്‍? കാവ്യാത്മകമായി കൂട്ടിച്ചേര്‍ക്കുന്നു. ഇന്ത്യന്‍ സംസ്‌കാര ചാതുര്‍വര്‍ണ്ണ്യ വ്യവസ്ഥയില്‍ അധിഷ്ഠിതമായ സാമൂഹിക ഘടനയില്‍ നിലനിന്നിരുന്നത്. വേദോപനിഷത്തുകളെ ആധാരമാക്കി അധീശത്വ ജ്ഞാനമണ്ഡലത്തെ കൃത്യമായി ചൂണ്ടിക്കാട്ടുന്ന ഭമനുസ്മൃതി'യില്‍ നിര്‍മ്മിക്കപ്പെട്ട ചാതുര്‍വര്‍ണ്ണ്യ വ്യവസ്ഥ സമൂഹത്തി ന്റെ സാമൂഹിക-സാംസ്‌കാരിക അടിത്തറയുടെ തുല്യതാസങ്കല്‍പത്തെ കാര്യമായി സ്വാധീനിച്ചിട്ടുണ്ട്. ബ്രാഹ്മണര്‍, ക്ഷത്രിയര്‍, വൈശ്യര്‍, ശൂദ്രന്‍ എന്നിങ്ങനെയുള്ള വേര്‍തിരിക്കപ്പെട്ടിരുന്ന അസമത്വപൂര്‍ണ്ണമായ ഘടനയില്‍ നിലനില്‍ക്കാന്‍ തുടങ്ങിയതും വിഖ്യാതമായ കൃതികളിലൂടെ യാണ്. എന്നാല്‍ അയ്യന്‍കാളി മാഹാത്മ്യം 'ബ്രാഹ്മണാധികാരം' പിന്തുടര്‍ന്ന വര്‍ണാശ്രമധര്‍മ്മികളുടെ അധികാരത്തെ കീഴാളപക്ഷത്തു നിന്നുള്ള വെല്ലുവിളിയോടുകൂടിയ രേഖപ്പെടുത്തലുകളാണ്.

മഹാകാവ്യത്തിലെ ആദ്യ അഞ്ച് അദ്ധ്യായങ്ങളില്‍ ശ്രീ അയ്യന്‍കാളി വിപ്ലവകാരിയായി മാറിയ ചരിത്രം വിശദീകരിക്കുന്നു. കവി വിപ്ലവാചാര്യനെ പുകഴ്ത്തുന്ന വരികല്‍ ഏറെ ശ്രദ്ധേയമാണ്.


'കേരളമണ്ണില്‍ പിറന്നു.
അയ്യന്‍കാളി അജയ്യന്‍, വീരന്‍, വീരകേരളന്‍
വിനയന്‍ പിന്നെ ധര്‍മ്മിഷ്ഠന്‍ സര്‍വ്വജ്ഞാനിയും
സ്വവര്‍ഗ്ഗപാലകനായി ശ്രീമൂലം പ്രജാസഭയിലും വിളങ്ങി
പോരാടി ജയിച്ച അധ:സ്ഥിത വര്‍ഗ്ഗത്തിന്‍
സ്വാതന്ത്ര്യ സമരം നയിച്ച മഹാപൂജിതന്‍.'

ഈ വരികളില്‍ സ്വവര്‍ഗ്ഗം എന്ന പ്രയോഗരീതി സാധു എന്ന കീഴാളവര്‍ഗ്ഗം ആ കാലത്ത് നിലനില്‍ക്കുന്നു എന്നതിനുള്ള അറിവാണ്.

കഴിഞ്ഞ രണ്ടുമൂന്നു ദശകങ്ങളായി ദളിതരുടെ സാമൂഹികമായ ചലനാത്മകതയില്‍ മാറ്റങ്ങള്‍ കൈവന്നതില്‍ അയ്യന്‍കാളിയെപോലുള്ള സാമൂഹിക നേതാക്കന്മാരുടെ പ്രേരണയാണ് പ്രാധാന്യം. കവി കൃതിയിലുടനീളം തീവ്രമായി സഞ്ചരിക്കുന്ന വിപ്ലവസ്വത്വത്തെ ഗംഭീരമായ ദാര്‍ശനികബോധത്തോടെ അവതരിപ്പിച്ചിരിക്കുന്നു. 

കേരളസമൂഹത്തിന്റെ ശ്രേണീവ്യവസ്ഥ (Social Hierarchy) അടിമത്ത വ്യവസ്ഥയിലൂട കടന്നുവന്ന അയിത്താചരണത്തിന്റെ ഭാഗമായിരുന്നു. അയിത്തം, തൊട്ടുകൂടായ്മ എന്നിവയെ വ്യക്തമാക്കുന്ന വരികള്‍ ഭഅവതാരം' അദ്ധ്യായത്തില്‍ കവി വ്യക്തമാക്കുന്നു.

'കളിച്ച നേരമാം തമ്പുരാന്റെ മുറ്റത്തു
ചവുട്ടിയതു കൂടാതെ നാടുവാഴിയില്‍ 
തീണ്ടിയത് കുറ്റവും പിന്നെ കിണറ്റില്‍
തൊട്ടതുമെല്ലാം അയിത്തമായി
തമ്പുരാന്റെ ശകാരവുമതിന്റെ മേല്‍
അച്ഛന്റെ അയിത്തനിയമവും കേട്ടു' (അവതാരം :12)

മേല്‍പറഞ്ഞിരിക്കുന്ന വരികളില്‍ അറിവ് നല്‍കുന്നതില്‍ പിതാവിന്റെ സ്വാധീനത്തെ ക്കുറിച്ച് രേഖപ്പെടുത്തുന്നു. 'അച്ഛന്റെ അയിത്തനിയമവും' എന്ന പ്രയോഗം കുടുംബത്തില്‍പോലും അധികാര-നിയമനിര്‍മ്മാണ വ്യവഹാരങ്ങള്‍ നിലനിന്നിരുന്നു എന്നതിന്റെ തെളിവുകളാണ്.

കീഴ്ജാതിക്കാര്‍ അനുഭവിച്ച ചൂഷണത്തിന്റെ നേരറിവ് ഈ വരികളി ലൂടെ വ്യക്തമാവുന്നു. 'അടിമത്തം' സാമൂഹികസാഹചര്യത്തില്‍ ചെലുത്തിയ തിരിച്ചറിവിന്റെ ചരിത്രാനുഭവം (fragment) തന്നെയാണ് ഈ വരികളില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 

സാമ്പത്തികനിയന്ത്രണത്തിലുള്ള അധികാരമേല്‍ക്കോയ്മ നിലനിന്നിരുന്ന, അവകാശ ങ്ങള്‍ക്ക് ചലനമില്ലാതിരുന്ന കാലത്ത് ശ്രീ അയ്യന്‍കാളി കീഴാളസമൂഹത്തിന് ആശ്വാസമാവുകയാണ്.

കവി അയ്യന്‍കാളിയുടെ സമരങ്ങളെക്കുറിച്ച് കാവ്യശൈലിയില്‍ വിവരിക്കുമ്പോഴാണ് 'മഹാകാവ്യത്തിന്റെ ഭാഷ' കൂടുതല്‍ ശക്തമാവു ന്നത് എന്ന് ആറാം അദ്ധ്യായമായ ആദിസമരം വ്യക്തമാക്കുന്നു.

'സമരചിന്തയും പതിന്മടങ്ങേറിയ
നേരമതു അജയ്യന്‍ മനുഷ്യാവകാശം
നേടുവാനൊരു പദ്ധതിയും കണ്ടു
ഒരു വിപ്ലവവണ്ടി വിലയ്ക്കു വാങ്ങിയതില്‍
അയ്യന്‍കാളിത്തമ്പുരാന്‍ കരേറി' (ആദിസമരം പേജ് 17)
അസമത്വത്തിനെതിരെ പടവാള്‍
ഉയര്‍ത്തിയ ധര്‍മ്മിഷ്ഠന്‍ (സമത്വാചാരം പേജ് 27)

1891-ല്‍ നടന്ന വില്ലുവണ്ടിസമരം കേരളചരിത്രത്തില്‍ ഏറെ ശ്രദ്ധേയമാണ്. വില്ലുവണ്ടി യിലേറി സഞ്ചാരസ്വാതന്ത്ര്യസമരം, ജാതി, മത, ഭേദമില്ലാതെ വിദ്യാലയ പ്രവേശനം മുന്‍നിര്‍ത്തിയുള്ള കാര്‍ഷികസമരം. ഇങ്ങനെ സമരങ്ങളുടെ നേര്‍രേഖകള്‍ ഈ കാവ്യത്തിന്റെ മറ്റൊരു മേന്മയാണ്. ഈ മഹാകാവ്യത്തിലെ ഓരോ അദ്ധ്യായത്തിന്റെയും അവസാന വരികള്‍ 'വിജയ'ത്തിന്റെ മാറ്റൊലിയാണ്.

'അയ്യന്‍കാളി ജയിക്ക,അയ്യന്‍കാളി
അല്ലാതൊരു ആശ്രയവുമില്ല.' കലുഷിതമായ സാമൂഹിക സാഹചര്യത്തില്‍ എക്കാലത്തും പ്രസക്തമായ 'ധൈര്യം' ഈ വരികള്‍ക്കിടയില്‍ കിടപ്പുണ്ട്., എന്നാല്‍, പതിമൂന്നാ അദ്ധ്യായമായ 'സാധുജന പരിപാലനസംഘം' (142) അയ്യന്‍കാളി നേതൃത്വം നല്‍കുകയും: ജനങ്ങളുടെ നിലനില്‍പ്പിന് അവര്‍ണരെ മുഴുവന്‍ ഐക്യബോധമുണ്ടാക്കി സാധുജന പരിപാലന സംഘത്തിന് തുടക്കം കുറിച്ചതിന്റെ തെളിവുകളും രേഖാചിത്ര ങ്ങള്‍ തന്നെ. സമകാലീനസമൂഹത്തിലും ഭസംഘം' പ്രതിരോധത്തിന്റെയും സാമൂഹിക ഇടപെടലിന്റെയും കൂട്ടായ്മയായി വളര്‍ന്നുകൊണ്ടിരിക്കുന്നു.

സാമൂഹിക വിപ്ലവത്തി (Social Revolution) ന്റെ അതിവിഖ്യാതമായ വിശദീകരണങ്ങള്‍ നല്‍കുന്ന ഈ ഗ്രന്ഥം ഇന്നത്തെ സാമൂഹിക പരിവര്‍ത്തനത്തിനും, വിപ്ലവ പ്രചോദന മാവുകയാണ്. പുസ്തക പുഴുക്കളല്ലാതെ ഭാഷയുടെ നിര്‍വചനത്തെ അറിഞ്ഞ് പ്രതികരിക്കുന്ന തലമുറയെ സ്വാംശീകരിക്കാന്‍ ഈ മഹാകാവ്യത്തിന് സാധ്യമാണ്. അയ്യങ്കാളി ചരിത്രം കൃത്യമായി ഈ കീഴാളമഹാകാവ്യത്തില്‍ രേഖപ്പെടുത്തിയി രിക്കുന്നു. മഹാത്മ ശ്രീ അയ്യങ്കാളി പ്രതിബിംബത്തിന്റെ പിറവിയും, വാഴ്ചയും, പോരാട്ടവും വിശദമാക്കുന്ന സാമൂഹികമായ ജ്ഞാനത്തെ ഉത്പാദിപ്പിക്കാന്‍ ഇങ്ങനെയൊരു മഹാകാവ്യം ഒരു മുതല്‍ക്കൂട്ടാണ്.

രേഷ്മ ആര്‍. എന്‍.
9846817650
-----------------------------------
'ചേരരാജകുലപതി ശ്രീ അയ്യന്‍കാളി മാഹാത്മ്യം മഹാകാവ്യം'
മാന്നാര്‍ വിജയന്‍
പ്രസാധകര്‍;അംബേഡ്കര്‍ സ്റ്റഡി സര്‍ക്കിള്‍, കരിക്കകം, തിരുവനന്തപുരം - 695 021
ഫോണ്‍:8891177662, 9495501052