"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, സെപ്റ്റംബർ 4, വെള്ളിയാഴ്‌ച

ചരിത്രം ചുരുളു വിടര്‍ത്തുമ്പോള്‍ - മൂന്തൂര്‍ കൃഷ്ണന്‍

മലയ്ക്കും ആളത്തിനും മദ്ധ്യേ
മണ്ണു കണ്ടെത്തിയോരെന്റെഅപ്പനപ്പൂപ്പമ്മാര്
മണ്ണിന്റെ മണമുള്ള മണ്ണിന്റെ മനസ്സുള്ള
കുന്നോളം നന്മയുള്ളൊരപ്പനപ്പൂപ്പമ്മാര്
കലപ്പയെറിഞ്ഞു മണ്ണിനെകനകം വിളയുന്നിടമാക്കി
നിലത്തു നാനംമോനം എഴുതാനും വശമാക്കി
സദാചാരം സര്‍വ്വത്തിന്നും പരിഹാരമായ് കണ്ടവര്‍
സാഹോദര്യത്തിലാണാത്മീയ സത്യമെന്നതറിഞ്ഞവര്‍
പള്ളിക്കുപകരം പള്ളിക്കൂടങ്ങള്‍ പണിയിച്ചവര്‍
പാട്ടും പരുന്തക്കെട്ടും പൈതൃകമായ്കാത്തവര്‍
സ്വയം ശിക്ഷണത്തിന്റെ സ്വാതന്ത്ര്യമറിഞ്ഞവര്‍
സ്വയംബോധത്തിലെത്തുവാന്‍ ധ്യാനം പരിശീലിച്ചവര്‍
അതിഥികളോടേറെ ആദരവുകാട്ടിയോര്‍
അതിനാലെ ചതിയില്‍ വീണെല്ലാം നഷ്ടമായവര്‍
മൂന്നടി മണ്ണുചോദിച്ചു വിനയം വിനയാക്കി
വന്നു കോണകധാരി തന്ത്രവിദ്യാവിചക്ഷണന്‍
തൂണുംചാരി നിന്നവന്‍ മണ്ണിന്നുടമയായ് മാറി
മണ്ണിന്നുടമകളവന്നടിയാളരുമായി 
ചരിത്രം കെട്ടിത്താഴ്ത്തി നുണക്കഥകള്‍ പാട്ടായി
മഴുവെറിഞ്ഞു മണ്ണുണ്ടായകഥ പാടാന്‍ വിധിയായി
കലപ്പയെറിഞ്ഞു മണ്ണിനെ പൊന്നാക്കിച്ചമച്ചവര്‍
ചരിത്രം നഷ്ടപ്പെട്ട നരകീടങ്ങളായി
രാമകഥ കേട്ടുനാടിന്റെ സമാധാനം നഷ്ടമായി
രാമപാദുകം നാടിന്‍ ശിരസ്സില്‍ ഭാരവുമായി
ജാതിചിന്ത കൊടികുത്തി സംഘബോധം നഷ്ടമായി
നീതിയുടെ വിഹാരങ്ങള്‍ ദുഷ്ടദേവാലയമായി
കാവുതീണ്ടിത്തീണ്ടി ജന്മം പാഴാക്കിക്കളവോരേ
അന്യദൈവാരാധനയില്‍ ആത്മവീര്യം നശിച്ചോരെ
ആരുടെയോ സുഖത്തിന്നായ് ആരുടെയോ ഹിതംപേറി
ആരുമല്ലാതായിത്തീര്‍ന്ന ആദിയര്‍തന്‍ പരമ്പരേ
ചരിത്രം നിങ്ങള്‍ക്കായി ചുരുളുവിടര്‍ത്തുന്നു
ചരിത്രം സൃഷ്ടിക്കുവാന്‍ തിടുക്കമുണരുക
ചരിത്രമറിയാത്തവന്‍ ദരിദ്രനാണറിയുക
ചരിത്രം തിരുത്തുവാന്‍ ധൈര്യം സംഭരിക്കുക. 
ചരിത്രം നാളെയുടെ നടുവാതില്‍പ്പടിയല്ലൊ
ചരിത്രം മുന്നേറ്റത്തിന്നിന്ധന പുരയല്ലൊ.

മൂന്തൂര്‍ കൃഷ്ണന്‍
9947668740