"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, സെപ്റ്റംബർ 3, വ്യാഴാഴ്‌ച

അംബേദ്കര്‍ റിസേര്‍ച്ച് മിഷന്‍ ചാരിറ്റബിള്‍ സൊസൈറ്റി പാലാ (ആംസ്) - ജോസഫ് കുന്നത്താനി

ഭാരതരത്‌നം ഡോ. അംബേദ്കറുടെ ദര്‍ശനങ്ങള്‍ ജനങ്ങളിലെത്തിക്കുവാനും അംബേദ്കറെ സമൂഹമധ്യത്തില്‍ ഒരു പൊതുമൂല്യമായി ഉയര്‍ത്തുവാനും ലക്ഷ്യം വച്ചുളള പ്രവര്‍ത്തന മാണ് അംബേദ്കര്‍ റിസേര്‍ച്ച് മിഷന്‍ ചാരിറ്റ ബിള്‍ സൊസൈറ്റി നടത്തുന്നത്. പ്രാഥമികമായ സംഘടനാ പ്രവര്‍ത്തനത്തിനപ്പുറം സവര്‍ണ്ണാ നുകൂലമായ ബൗദ്ധിക മണ്ഡലത്തെ ഭേദിക്കാനും അറിവധികാരം കൊണ്ട് ദലിത് ബോധമണ്ഡലത്തെ ഇന്നത്തെ മത്സരാധിഷ്ഠിത സമൂഹത്തില്‍ ഒപ്പം നിര്‍ത്തുവാനുളള ശ്രമങ്ങള്‍ക്കു ഊന്നല്‍ കൊടുത്താണ് ആംസിന്റെ പ്രവര്‍ത്തകര്‍ മുന്നോട്ടു പോകുന്നത്. ആംസിനെ മറ്റു സംഘടനകളില്‍ നിന്നും വ്യത്യസ്തമാകുന്നതും ഈ നിലപാടാണ്. ദലിത് വിരുദ്ധവും അപകടകരവും അലിഖിതവുമായ സാമൂഹിക വ്യവസ്ഥകളെ ആധുനിക ജീവിതക്രമത്തില്‍ അഭംഗുരം തുടരാനുളള ശ്രമങ്ങളെ പ്രതിരോധത്തി ന്റെയും ആത്മാഭിമാനബോധത്തിന്റെയും ജ്ഞാന മണ്ഡലം രൂപീകരിച്ച് നവസമൂഹ സൃഷ്ടിക്കായുളള നിരന്തരശ്രമങ്ങളില്‍ ആംസ് വ്യാപൃതമാണ്.

ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥിതിയില്‍ സാമൂഹിക നീതി ഉറപ്പു വരുത്തുന്നത് അംബേദ്കര്‍ ദര്‍ശനങ്ങളുടെ പൂര്‍ത്തീകരണത്തിലൂടെയാണ്. എന്നാല്‍ അംബേദ്കര്‍ ദര്‍ശനങ്ങളെ പാര്‍ശ്വവത്ക്കരിക്കാനും സാമൂഹിക നീതി സ്ഥാപിച്ചെടുക്കാനുളള അദ്ദേഹത്തിന്റെ ശ്രമങ്ങളെയും പ്രവര്‍ത്തന ങ്ങളെയും ലഘൂകരിക്കാനും ചില ശ്രമങ്ങള്‍ നടക്കുന്നതിനെ ആംസ് ആശങ്കയോടെയാണ് കാണുന്നത്. ഇന്ത്യന്‍ സാമൂഹിക നവോത്ഥാന  ത്തിന്റെ മുഖ്യധാരയില്‍ നിലകൊളളുന്ന ശ്രേഷ്ഠവ്യക്തിത്വമായിരുന്നു ഡോ. അംബേദ്കര്‍ എന്ന് സാധാരണ ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ഈ സൊസൈറ്റി നടത്തുന്ന പ്രബോധനപരമായ ക്ലാസ്സുകള്‍ സഹായകമാകും. സവര്‍ണ്ണ അവര്‍ണ്ണ ധ്രുവീകരണത്തി ന്റെയും അസഹിഷ്ണതയുടെയും പാതയിലല്ല ആംസിന്റെ യാത്ര; മറിച്ച് സവര്‍ണ്ണ അവര്‍ണ്ണ സമന്വയ ത്തിന്റെയും സഹവര്‍ത്തിത്വത്തി ന്റെയും കൂട്ടുത്തരവാദിത്വത്തിന്റെയും സാമൂഹിക ജീവിതക്ര മമാണ് ആംസ് മുന്നോട്ടു വയ്ക്കുന്നത്.

ഇല്ലായ്മകളുടെയും വല്ലായ്മകളുടെയും വായ്പ്പാട്ടും പരിദേവനങ്ങളു മായി നടക്കുന്നതിനെ ആംസ് അപലപിക്കുന്നു. കര്‍മ്മപഥത്തില്‍ ആത്മാഭിമാന പ്രചോദകമായി നിലകൊ ളളാനും പോസിറ്റീവ് സമീപനരീതിയിലൂടെ സ്വയാര്‍ജ്ജിത വളര്‍ച്ചയ്ക്ക് പ്രേരണ നല്‍കാനും ഇതിന്റെ അംഗങ്ങള്‍ ശ്രദ്ധാലുക്കളാണ്. ക്രിയാത്മക പ്രവര്‍ത്തനങ്ങളിലൂടെ മുഖ്യധാരയിലേക്കു കടന്നുവരാനുളള വഴിയൊരുക്കി കൊടുക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമെന്ന ചിന്തിച്ച ഏതാനും വ്യക്തികളുടെ കൂട്ടായ ശ്രമത്തിന്റെ ഫലമായാണ് ആംസ് രൂപീകൃതമായത്. 2015 ജനുവരിയില്‍ രജിസ്റ്റര്‍ ചെയ്ത പ്രവര്‍ത്തനമാരംഭിച്ച ആംസ് ഇതിനോ ടകം തന്നെ സജീവശ്രദ്ധ പിടിച്ചുപറ്റുന്ന പരിപാടികള്‍ക്ക് വേദിയായി.

പഠനക്ലാസ്സുകളും, ചര്‍ച്ചകളും, സെമിനാറുകളും, ഡിബേറ്റുകളും തുടങ്ങി അക്കാദമിക മികവു പുലര്‍ത്തുന്ന പ്രവര്‍ത്തനശൈലിയാണ് ആംസ് സ്വീകരിച്ചിരിക്കുന്നത്. കേവലമൊരുപിടി ചോറിനുവേണ്ടിയല്ല, വില മതിക്കാനാവാത്ത തലച്ചോറിനു വേണ്ടിയാണ് ആംസിന്റെ അംഗങ്ങള്‍ പ്രവര്‍ത്തിക്കേണ്ടത് എന്ന ബോധ്യം കൊടുക്കാന്‍ ആംസിന്റെ അമരക്കാര്‍ പ്രതിജ്ഞാബദ്ധതയോടെ പ്രവര്‍ത്തിക്കുന്നു. സാംസ്‌കാരികമായ ഇടപെടല്‍ നടത്തുകയും സാംസ്‌കാരിക വളര്‍ച്ചയില്‍ കണ്ണിയാകാന്‍ പ്രചോദിപ്പി ക്കുകയും ചെയ്തുകൊണ്ടാണ് ആംസിന്റെ മുന്നോട്ടുളള പ്രയാണം. ശ്രമകരമായ ഒരു കര്‍മ്മ പരിപാടിയാണ് നവീകരണം എന്നതുകൊണ്ട്, ആ ശ്രമകരമായ ദൗത്യത്തില്‍ സ്വയംകണ്ണി ചേരുകയാണ് ഇതിന്റെ അംഗങ്ങള്‍. നിലവിലുളള സാമൂഹിക സാഹചര്യങ്ങളില്‍ നിന്നും ഒരു പടികൂടി മുന്നോട്ട് കടക്കാനും ആത്മാഭിമാന ബോധമുണര്‍ത്തി വരും തലമുറയെ വിദ്യാഭ്യാസമാര്‍ജിക്കുന്ന തിലൂടെ മുഖ്യധാരയി ലെത്തിക്കാനും അധികാര സിരാകേന്ദ്രങ്ങളിലെത്തിക്കാനും മതിയാകുന്ന ലക്ഷ്യബോധന ക്ലാസ്സുകള്‍ കൊടുക്കാനും ആംസ് പദ്ധതിയിടുന്നുണ്ട്.

പ്രബുദ്ധതയുളള അംഗങ്ങളുടെ സഹകരണ വേദിയായിട്ടാണ് ആംസ് രൂപം കൊണ്ടത്. വിരുദ്ധനിലപാടുളളവര്‍ സ്വയം പുറത്താകുകയോ, പുറത്താക്കപ്പെടുകയോ ചെയ്യപ്പെടാറുണ്ട്. അംഗമാകുമ്പോള്‍ നാം ഇതിന്റെ 'പഠിക്കുക, പഠിപ്പിക്കുക, സജ്ജരാകുക' എന്ന (മോട്ടോയോട്) മുദ്രാവാക്യത്തോട് കടപ്പെട്ടിരിക്കുന്നു. പരിമിതമായ അറിവുളളവര്‍ക്ക് നമ്മള്‍ നേടിയ അറിവ് പകര്‍ന്നു കൊടുക്കുകയും അവരെയും ഒരു നല്ല സാമൂഹിക/സാംസ്‌കാരിക ജീവിതം നയിക്കാന്‍ സജ്ജരാകുകയും ചെയ്യുക എന്നത് ഉത്തരാവാദിത്വമായി കാണുന്നവരായിരിക്കണം ആംസിന്റെ അംഗങ്ങള്‍.

അക്കാദമിക വിദ്യാഭ്യാസത്തിനും സാമൂഹിക വിദ്യാഭ്യാസത്തിനും പ്രാധാന്യം കൊടുക്കുന്ന സമീപനമാണ് ആംസ് തുടരുന്നത്. അതുകൊണ്ട് വ്യക്തിത്വ വികസനം, വിദ്യാഭ്യാസ അവാര്‍ഡുകള്‍, നേതൃത്വക്യാമ്പുകള്‍, മോട്ടിവേഷന്‍ ക്ലാസ്സുകള്‍, കരിയര്‍, ആരോഗ്യബോധവത്കരണ ക്ലാസ്സുകള്‍ തുടങ്ങി സാമുദായിക നവീകരണത്തിനുളള പദ്ധതികള്‍ ആവിഷ്‌ക്കരിച്ചു നടപ്പാക്കാനും ആംസ് ലക്ഷ്യമിടുന്നുണ്ട്. ആംസിന്റേതായി ഒരു പ്രസിദ്ധീകരണ വിഭാഗവും ഷോര്‍ട്ട് ഫിലിം യൂണിറ്റും തുടങ്ങാന്‍ ആഗ്രഹിക്കു ന്നതായി ആംസിന്റെ പ്രവര്‍ത്തകര്‍ പറയുന്നു. വിധ്വംസക പ്രവര്‍ത്തന ങ്ങളെയും ശിഥിലീകരണ പ്രവര്‍ത്തനങ്ങളെയും അങ്ങേയറ്റം എതിര്‍ക്കുകയും വിജ്ഞാന/ബോധവത്ക്കരണ ശ്രമങ്ങളെ ആവുന്നത്ര പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നത് ആംസിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങളില്‍ പ്രാധാന്യമര്‍ഹിക്കുന്നുണ്ട്.

ഇതിനോടകം തന്നെ 'പൂനാര്‍ കരാര്‍ ചരിത്രവും വിശകലനവും' 'ദലിത് ക്രൈസ്തവ സംവരണം', 'ദലിത്-ദലിത് ക്രൈസ്തവ സമുച്ചയം', ഡോ. അംബേദ്കറും ജനാധിപത്യവും' എന്നീ വിഷയങ്ങളില്‍ ശക്തമായ സെമിനാറുകള്‍ സംഘടിപ്പിക്കാന്‍ ആംസിന് കഴിഞ്ഞിട്ടുണ്ട്. പുസ്തക പ്രകാശനവും ചര്‍ച്ചയും ഒരു സാംസ്‌കാരിക പ്രവര്‍ത്തനമായി ആംസ് നിരീക്ഷിക്കുന്നു. ഇവ കൂടാതെ പഠനത്തിനാവശ്യമായ യോഗ്യതയുളള ഫാക്കല്‍റ്റീസിനെ ട്രെയിന്‍ ചെയ്ത് എടുക്കാനും ആംസ് പദ്ധതിയിടുന്നുണ്ട്. വയോധികര്‍ക്കും സ്ത്രീജനങ്ങള്‍ക്കുമായി - ശാക്തീകരണ ക്ലാസ്സുകള്‍, സമ്പാദ്യശീലം വളര്‍ത്തല്‍, തുടങ്ങിയ സ്വാശ്രയസമീപനത്തിനുളള ബോധനക്ലാസ്സുകളും പദ്ധതിയിടുന്നുണ്ട്.

പാലാ മുനിസിപ്പല്‍ ചെയര്‍മാന്‍ കുര്യാക്കോസ് പടവന്‍, സജി കെ. ചേരമന്‍, മുണ്ടക്കയം ദിവാകരന്‍, ഡോ. ഗോപി കൊടുങ്ങല്ലൂര്‍, ഡോ. ജോര്‍ജ്ജ് കെ. അലക്‌സ്, വി.ആര്‍. ജോഷി, ചെല്ലകുമാര്‍ തുടങ്ങിയവര്‍ ആംസിന്റെ പരിപാടികളില്‍ പങ്കെടുത്ത പ്രമുഖരില്‍ ചിലരാണ്. ശ്രീ. ദേവദാസ് പി.ജെ. (പ്രസിഡന്റ്), ജോസഫ് കുന്നത്താനി (സെക്രട്ടറി), എം.കെ. ശോഭന (വൈസ് പ്രസിഡന്റ്), സജിമോള്‍ കെ.ജെ. (ജോയിന്റ് സെക്രട്ടറി), ബേബി പാറയ്ക്കല്‍ (ട്രഷറര്‍) എന്നിവര്‍ക്കു പുറമെ എലിക്കുളം ജയകുമാര്‍ രക്ഷാധികാരിയായും പി.ആര്‍.ഒ. ആയും പ്രവര്‍ത്തിക്കുന്നു. പ്രദീപ് രാജ്, ദേവരാജന്‍, രാജു ചേറാടിക്കുന്നേല്‍, മാത്യൂസ് പിണ്ണാക്കനാട്, ജോണി ജോസഫ്, ജയശ്രീ എസ്., ബീനാ ബിജു എന്നിവര്‍ കമ്മറ്റി അംഗങ്ങളായും പ്രവര്‍ത്തിക്കുന്നു.

ദലിത് -ദലിതേതര ജനതയുടെയിടയില്‍ അംബേദ്കര്‍ ദര്‍ശനങ്ങളുടെ പ്രസക്തിയെന്ത് എന്ന് പഠിപ്പിക്കുകയും സ്വാഭിമാന വളര്‍ച്ചയ്ക്ക് പ്രേരകമാകുകയും സാമുദായിക ഐക്യം വളര്‍ത്തുകയും ചെയ്യുക എന്നതാണ് ഈ സൊസൈറ്റിയുടെ ആത്യന്തിക ലക്ഷ്യം. ഇതില്‍ അംഗത്വമെടുക്കണമെങ്കില്‍ അംഗമായ ഒരാളുടെ പിന്തുണയോടുകൂടി മാത്രമേ സാധിക്കുകയുളളൂ. അംഗങ്ങള്‍ വിദ്യാഭ്യാസ മുന്നേറ്റത്തിനും സാംസ്‌കാരിക വളര്‍ച്ചയ്ക്കും മുന്‍തൂക്കം നല്‍കുന്നവരുമായിരിക്കണം.അംബേദ്കര്‍ റിസേര്‍ച്ച് മിഷന്‍
ചാരിറ്റബിള്‍ സൊസൈറ്റി
പാലാ (ആംസ്) ജോസഫ് കുന്നത്താനി
8891495947