"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, സെപ്റ്റംബർ 3, വ്യാഴാഴ്‌ച

തത്തു അണ്ണന്‍ ഒരു സൂര്യ തേജസ്സ്- ഡോ. സാഗര്‍

തത്തു അണ്ണന്‍ 
കാലത്തില്‍ പൊലിഞ്ഞുവെങ്കിലും ചരിത്രത്തില്‍ തന്റേതായ പ്രഭാപൂരം പരത്തിയ ഒരു വിപ്ല സൂര്യനായി മാത്രമേ തത്തു അണ്ണനെ വിശേഷിപ്പിക്കു വാന്‍ കഴിയൂ.

എനിക്കും ഞങ്ങളുടെ സമകാലീനരായ വിദ്യാര്‍ത്ഥി സുഹൃത്തു ക്കള്‍ക്കും പ്രിയപ്പെട്ട തത്തുവായിരുന്നു ശ്രീ.അനില്‍ കുമാര്‍. ഫോണിലൂടെ ഞാന്‍ തത്തുവാ... എന്ന ശബ്ദം എനിക്ക് ചിരപരിചിതമായ ഓര്‍മ്മയാ ണിന്ന്. എന്തൊക്കെയായിരുന്നുതത്തുവിന്റെ സവിശേഷതകള്‍ ? ഓര്‍മ്മകള്‍ മൂന്നു പതിറ്റാണ്ടോളം പുറകില്‍ നിന്നും തുടങ്ങുന്നു. എണ്‍പതുകളിലെ ക്ഷോഭിക്കുന്ന യൗവന ങ്ങള്‍ക്ക് പ്രതിഷേധി ക്കുവാന്‍ പ്രതികരിക്കുവാന്‍ തക്ക പ്രശ്‌നങ്ങള്‍ക്ക് ഒരു പഞ്ഞവുമുണ്ടായിരുന്നില്ല.

പൊതുവായ വിദ്യാര്‍ത്ഥികളുടെ വിവിധ പ്രശ്‌നങ്ങളില്‍ നിന്നും വ്യത്യസ്തമായ പ്രശ്‌നങ്ങള്‍ ആണ് എപ്പോഴും പട്ടികജാതി-വര്‍ഗ്ഗ സ്റ്റെപ്പന്റ് ഗുണഭോക്താക്കളായ വിദ്യാര്‍ത്ഥികള്‍ക്കുണ്ടായിരുന്നത്. ഈ പ്രശ്‌നങ്ങളുടെ പരിഹാരത്തിന് തത്തു മുന്‍നിരയില്‍ തന്നെയുണ്ടായിരുന്നു. തിരുവനന്തപുരം വെള്ളയമ്പലം കോസ്‌മോ പൊളിറ്റന്‍ ഹോസ്റ്റല്‍ തത്തുവിന്റെ ഒരു താവളമായിരുന്നു. സഹ വിദ്യാര്‍ത്ഥി കളോടെല്ലാം സീനിയര്‍ ജൂനിയര്‍ വ്യത്യാസമില്ലാതെ നിരന്തരം സംവദിക്കുകയും കലഹിക്കുകയും തന്റേതായ വാദമുഖങ്ങള്‍ക്കനുകൂലമായി ശക്തമായ നിലപാടെടുക്കുകയും സത്യത്തിന്റെയും, ശരിയുടെയും നീതിയുടെയും പക്ഷത്ത് നിലയുറപ്പിക്കുകയും ചെയ്തിട്ടുള്ളതായി അവിടം സന്ദര്‍ശിച്ചി ട്ടുള്ള പല സന്ദര്‍ഭങ്ങളിലും എനിക്ക് ബോദ്ധ്യപ്പെട്ടിട്ടുണ്ട്.

അന്വേഷണ തൃഷ്ണ നിഴലിക്കുന്ന കണ്ണുകളും,ഒരു നിഷേധിയുടേതായ ചലനങ്ങളും തത്തുവിനെവ്യത്യസ്തനാക്കി. പരന്ന വായനയും വാഗ്വാദങ്ങളും പതിവായിരുന്നു.

ഇടതു പക്ഷ പ്രസ്ഥാനങ്ങള്‍ നേതൃത്വം നല്‍കുന്ന വിദ്യാര്‍ത്ഥി സംഘടന കളുടെയും മുഖ്യധാരാ ഇടതുപക്ഷ പാര്‍ട്ടികളും എത്രത്തോളം ദലിത് ജനവിഭാഗങ്ങള്‍ക്ക് പ്രയോജനകരമായിത്തീര്‍ന്നിട്ടുണ്ട് എന്നത് അദ്ദേഹം വിമര്‍ശനാബുദ്ധ്യാ പരിശോധി ക്കുന്നതായി ശ്രദ്ധിച്ചിട്ടുണ്ട്.

അടിസ്ഥാനദലിത് ജനതയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതിനുള്ള മനസ്സ് അദ്ദേഹത്തെ വിവിധ പ്രസ്ഥാനങ്ങളുമായി അടുപ്പിച്ചു. സ്വന്തമായി അഭിപ്രായം ഉള്ളതുകൊണ്ടു തന്നെ അഭിപ്രായ വ്യത്യാസങ്ങള്‍ പതിവാ യിരുന്നു. എങ്കിലും അദ്ദേഹത്തിന്റേതായ സ്‌നേഹപൂര്‍വ്വമായ പെരുമാറ്റം അങ്ങേയറ്റം ഹൃദ്യമായിരുന്നു. എണ്‍പതുകള്‍ക്കു ശേഷം ശക്തി പ്രാപിച്ച ദലിത് ശാക്തീകരണ നവോത്ഥാനപ്രസ്ഥാനങ്ങളൊക്കെ തന്നെ വിവിധ കാലഘട്ടങ്ങളില്‍ വ്യത്യസ്തരായ നേതാക്കളുടെ സാന്നിദ്ധ്യം കൊണ്ട് മുന്നേറ്റം നടത്തിയെങ്കിലും അവയില്‍ പലതും ക്രമേണ പ്രഭാവം നഷ്ടപ്പെടുന്ന അവസ്ഥയിലേക്കെത്തിക്കൊണ്ടിരുന്നു.

വിവിധ ജാതികളും, ഉപജാതികളും സൃഷ്ടിക്കുന്ന മതിലുകള്‍ക്കു പുറമേ, മതവും കക്ഷിരാഷ്ട്രീയവും ദലിത് ജനതയെ, സഹോദരങ്ങളെപോലും ഭിന്നിപ്പിച്ച് നശിപ്പിച്ചു കൊണ്ടിരിക്കുന്ന ഭയാനകമായ സാഹചര്യം തത്തുവിനെതൊല്ലൊന്നുമല്ല അസ്വസ്ഥനാക്കിയിട്ടുള്ളത്.

മതത്തിന്റെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും ചൂഷണം എത്രത്തോളം വലുതാണെന്ന സത്യം തത്തു തിരിച്ചറിഞ്ഞു. ബോധി സത്വ ബാബാ സാഹേബ് ഡോ.ബി.ആര്‍. അംബേദ്കര്‍ നേതൃത്വം നല്‍കി രചിച്ച ഇന്ത്യന്‍ ഭരണ ഘടന ഉറപ്പു നല്‍കുന്ന പൗരാവകാശങ്ങളും, മനുഷ്യാവകാശങ്ങള്‍ പോലും നമ്മുടെ ജനതയ്ക്ക് പലപ്പോഴും ലഭിക്കുന്നില്ലയെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. ഇത് തത്തുവിനെ അസ്വസ്ഥനാക്കി. സാമൂഹിക സമത്വത്തിലും മാനവികമൂല്യങ്ങളിലും വിശ്വസിക്കുന്ന സ്വതന്ത്രചിന്ത കൈമുലയായുള്ള ശ്രീബുദ്ധ ദര്‍ശനങ്ങളിലടിയുറച്ച ഒരു പ്രബുദ്ധ സമൂഹ ത്തിന്റെ സൃഷ്ടി തത്തുവിന്റെ ഒരു സ്വപ്നമായിരുന്നു.

ആ സ്വപ്നം അദ്ദേഹം യാഥാര്‍ത്ഥ്യമാക്കിയെന്ന് നിസ്സംശയം പറയാം. താന്‍ രൂപീകരിച്ച മനുഷ്യാവകാശ സംഘടന യഥാര്‍ത്ഥത്തില്‍ ചെയ്തത് വിദ്യാഭ്യാസം നല്‍കലാണ്. വിവിധ മത, രാഷ്ട്രീയ വിശ്വാസങ്ങള്‍ ഉള്ള വിവിധ ജാതികളിലുള്ള ദലിത് ജനതയെ ഒരു പളുങ്കുമാല കോര്‍ക്കുന്നതു പോലെ അതീവ സൂക്ഷ്മമായി, അവധാ നതയോടെ തത്തു കോര്‍ത്തെ ടുത്തു. 

ബന്ധങ്ങള്‍ക്ക് പ്രാധാന്യം നല്‍കി. സംഘടനാംഗങ്ങള്‍ക്ക് ഒരു ചിട്ടയും അച്ചടക്കവും നിഷ്‌കര്‍ഷിച്ചു. സാമൂഹ്യസേവനം അവര്‍ക്ക് സ്വന്തം ജീവിതം തന്നെയായിരുന്നു. സ്വയം സഹായിക്കുന്നതിനുള്ള വലിയ മനസ്സ് ഏവരിലും സൃഷ്ടിച്ചു. ഡോ.ബി.ആര്‍.അംബേദ്കര്‍, ശ്രീബുദ്ധന്‍, മഹാത്മാ അയ്യന്‍കാളി എന്നിവരുടെ പ്രാധാന്യം സമൂഹത്തെ ബോധ്യപ്പെടുത്തി. 

ഡി. എച്ച്. ആര്‍. എം. പ്രസ്ഥാനത്തിന്റെ ഉദയത്തോടെ ദലിത് ജനതയ്ക്ക് കൈവന്ന നവോന്മേഷം ആര്‍ക്കും മറക്കാന്‍ കഴിയില്ല. പലപ്രദേശങ്ങ ളിലും ദലിത് ജനതയില്‍ വലിയ ആവേശം സൃഷ്ടിക്കുവാനും അത് നിലനിര്‍ത്തുവാനും കടുത്ത എതിര്‍പ്പു കളെയും പരീക്ഷണങ്ങളെയും അതിജീവിക്കുവാനും സംഘടനയെ പ്രാപ്ത മാക്കുവാനും തത്തുവിനു കഴിഞ്ഞു. 

അദ്ദേഹത്തിന് ഒരു കാര്‍ക്കശ്യം ഉണ്ടായിരുന്നു. ആ ഉറച്ച നിലപാടാണ് സംഘടനക്ക് കരുത്ത് പകര്‍ന്നത്. സമാനമനസ്‌ക്കരായ സഹോദരങ്ങളെ തന്നോടൊപ്പം ചേര്‍ത്തു നിര്‍ത്തിക്കൊണ്ട് ഈ സമുഹത്തെ സ്വയം പര്യാപ്തതയിലേയ്ക്കും വികസനത്തി ലേയ്ക്കും നയിക്കുന്നതിനുള്ള നേതൃത്വം സ്തുത്യര്‍ഹമായിത്തന്നെ നിര്‍വ്വഹിച്ചുവെന്നത് എക്കാലത്തും ഓര്‍ക്കേണ്ട ഒരുസത്യമാണ്. അനേകം അദ്ദേഹ ത്തിന്റെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിന് കരുത്തുള്ള നേതാക്കളെ സൃഷ്ടിച്ചിട്ടാണ് തത്തു കാലയവനികയ്ക്കുള്ളില്‍ മറഞ്ഞത്. തന്റെ ജനതയ്ക്കു വേണ്ടി അനുനിമിഷം സ്പന്ദിച്ച തത്തുവിന്റെ ഹൃദയം അകാലത്തില്‍ സംഭവിച്ച ഹൃദയാഘാതത്തെ തുടര്‍ന്ന് എന്നേക്കുമായി നിശ്ചലമായെങ്കിലും ആയിരക്കണക്കിന് ഹൃദയങ്ങള്‍ അദ്ദേഹം പ്രഘോഷിച്ച ആശയങ്ങള്‍ക്കും ആദര്‍ശങ്ങള്‍ക്കും വേണ്ടി മിടിച്ചുകൊണ്ടേയിരിക്കും. ഈ പ്രകൃതിയില്‍ അനന്തതയുടെ തീരങ്ങളിലേയ്ക്ക് ആ പ്രഭ ഇപ്പോള്‍ വ്യാപിച്ചിരിക്കയാണ്. സൂര്യന്‍ എപ്രകാരം ഊര്‍ജ്ജം പ്രസരിപ്പിക്കുന്നുവോ അതുപോലെ സൂര്യതേജസ്സായി എന്നും പ്രിയ സഹോദരന്‍ തത്തു നിലനില്‍ക്കും. അനുനിമിഷം ജ്വലിക്കുന്ന ചരിത്രം സൃഷ്ടിച്ച ഒരു ചരിത്ര പുരപുഷനാണ് തത്തു. ആ ധന്യ ജീവിതത്തെ അളവറ്റ സ്‌നേഹാദരങ്ങളോടെ സ്മരിക്കുന്നു. ശരണവന്ദനം അര്‍പ്പിക്കുന്നു.