"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, സെപ്റ്റംബർ 3, വ്യാഴാഴ്‌ച

കറുത്ത യുദ്ധം - അരുണ്‍ എസ്. പുരം

ചുടലപ്പറമ്പിലെ വെണ്ണീറകറ്റി നീ
തുളവീണൊരസ്ഥിക്ക് വിലപറഞ്ഞു.
ചാട്ടവാറടിയേറ്റു കീറിച്ചുളിഞ്ഞൊരാ
മാംസപിണ്ഡത്തിനും വിലപറഞ്ഞു
പിന്നെ നീ ഉഴറിയാ ചുടലപ്പറമ്പിലെ
മുനപോയ കുരുതിവാളേറ്റെടുത്തു.
ചുടല മാടന്‍ തന്ന എള്ളിന്‍ കരിന്തിരി
കനലായ് ഇരുള്‍ മായ്ച് നീ നടന്നു
കല്ലുമാല ചില്ല് കാലില്‍ തറയ്ക്കാതെ
മുന്നാഴി പതിരുകള്‍ കാറ്റില്‍ പറത്താതെ
കതിരിനെ നോവിച്ച് നീ നടന്നു
നീന്‍ വഴിത്താരിയില്‍ മഞ്ഞേറ്റ പുല്‍കൊടി
പൂവിടര്‍ത്താതെ പകച്ചുനിന്നു.
ദൂരെ മാളത്തില്‍ കരിയലച്ചപ്പിന്റെ 
കരിമ്പുക കാര്‍മേഘ ചിത്രമായി
രൂപമില്ലാത്ത നിഴല്‍ ചലിച്ചു
ചേറ്റില്‍ പുളിപ്പും ഉഷ്ണ ദുര്‍ഗന്ധവും
തീണ്ടാവഴിയില്‍ വിളക്കു കാട്ടി
ഊഴിയ വേലയ്ക്കിന്നന്തിചുവന്നപ്പോള്‍
ഉപ്പിന്‍ രസത്തില്‍ കാറ്റുരഞ്ഞു.
ഇറ്റിറ്റു വീഴുന്ന മജ്ജയും മാംസവും
മാറോടണക്കി നീ നിലവിളിച്ചു
നിന്‍ നിറകണ്ണുകള്‍
വിതുമ്പുന്ന ചുണ്ടുകള്‍
നീയാണു സത്യമെന്നോര്‍ത്തെന്റെ ദ്രാവിഡര്‍
നിന്നെയാ ഗോത്രത്തില്‍ ചേര്‍ത്തുവച്ചു
ഊഴിതിടമ്പേറ്റി ഉറയുന്ന മലയന്റെ
ഉമിനീരില്‍ വിര്യ''തെളി'' നിറഞ്ഞു
വന്യതാളത്തിന്റെ മാറ്റൊലിയിലാ-
സുര കന്യകളിഴയുന്ന സര്‍പ്പമായ്
നീ നൃത്തമാടി
കാടായ കാടെല്ലാമേറ്റുപാടി
വന്യമാമഴകിന്റെ വടിവൊത്തമാതളം
കാരുണ്യമായവര്‍ നീട്ടി തന്നു
വെയില്‍ പാതിമാഞ്ഞു
കനലെരിഞ്ഞെപ്പോഴോ വാടിത്തളര്‍ന്നൊരാ
തഴുതാമ പൂത്തു
ഗോത്രസംസ്‌കൃതി പുനഃസൃഷ്ടി സ്വപ്നമായ്
നെടും ചേര സന്തതി ചായുറങ്ങി
എന്നിട്ടുമെന്തേ
നീ മാത്രമുറങ്ങിയില്ലാ?
ഈ യാമമന്ത്യത്തില്‍ നിന്‍ ആവനാഴിയില്‍
ചാണക്യസൂത്രം ചമയ്ക്കുന്നുവോ നിന-
ക്കിനിയുമുണ്ടിനിയേഴു ചുടലപറമ്പുകളില്‍
മനുവിന്റെ സ്മൃതിദൂതമേറ്റു ചെല്ലാന്‍
നീ എന്റെ കാവ് പിടിച്ചടക്കി
മൂലമറയ്ക്കാതെന്റെ അമ്മയെ ശ്രീകോവില്‍
നടയുടെ പടിയില്‍ കാവലാക്കി
നീ വഴിക്കൊപ്പം നടക്കുവാന്‍ കടലിന്റെ
കരയിലേക്കന്നു നീ പാതതീര്‍ത്തു
ആയുധമകമ്പടിയോടവരിങ്ങുവന്നു
ചെറിയമ്മ നമ്മെ പിരിഞ്ഞു
കരിമ്പന കോലങ്ങള്‍ ചോടോടെ ഛേദിച്ച്
കളരിക്കു ചുറ്റും കളമൊരുങ്ങി
ചൊട്ടക്കതിരുകള്‍ വിടരാതെ നുരയുവാന്‍
മുറിവേറ്റ വക്കില്‍ ചെളിനിറച്ചു
തിരുക്കുറല്‍ മൊഴിമാറി
ത്വത്‌കോപിയം മറയാക്കി
നാരയ മുനയൊടിച്ചശ്രു നീട്ടി പിന്നെ
അവനുമൊരാള്‍ ദൈവമായി
വര്‍ണ്ണാശ്രമത്തിന്റെ പടിവാതിലില്‍ അവന്‍

തോഴി തന്‍ വിരിമാറില്‍ മുലമറച്ചു
അവനരുളി
നീയാണ് ദൈവം
നിന്‍ പ്രതിബിംബമാണു ദൈവം
കടല്‍ കടന്നെത്തിയ മൊഴിമാറ്റമാറ്റൊലി
മനുവിന്റെ കോട്ട തകര്‍ത്തെറിഞ്ഞു
നിന്‍ ശ്വാസ ചങ്ങല കെട്ടഴിഞ്ഞു
നിന്‍ നാണം മറഞ്ഞു. എന്നിട്ടുമെന്തേ
നിന്‍വഴി തോരണങ്ങളിലെല്ലാം
മുപ്പത്തിമുക്കോടി ദേവന്മാരും
അഹം ഇതാജ്യം. ജൂഹോമി
വെള്ളിടിവെട്ടി
കടലിന്റെ നെറുകയില്‍ റാകി പറക്കുവാന്‍
ചെമ്പോത്തു വെമ്പി
കുരിശിന്റെ വഴിയേ ദിശയൊട്ടും മാറാതെ
പായ്തടികപ്പലാ കാപ്പാടണഞ്ഞു
കാതില്‍ കഴുത്തിലും ശൂന്യമായി കരിന്തോളില്‍
കുരിശേന്തി കടല്‍ മുതല്‍ നീ നടന്നു
ചില്ലിട്ട കാനയില്‍ സ്വര്‍ണ്ണക്കുരിശുകള്‍
വെളുത്തവാവേറ്റു
അള്‍ത്താര മിന്നി
എന്നിട്ടും നീയെന്തേ പിന്നിലായി
നിന്‍ കണ്ഠമെന്തേ ശൂന്യമായി
കമ്പോട് കമ്പൊടിച്ചോതിയിട്ടും പിന്നെ
എന്തേ നിന്‍ ചിത്രമീ താളില്‍ മാഞ്ഞു
അര്‍ദ്ധ നഗ്നന്‍ പണ്ട് പമ്പരം പോലെയാ
ചര്‍ക്കിയില്‍ ചതുരംഗ നൂല്‍കൊരുത്തു
പരദേശി നായ്ക്കള്‍ പടിയിറങ്ങി
എന്റെ പിതൃക്കള്‍ക്ക് തര്‍പ്പണം ചെയ്യുവാന്‍
യാര്‍വാദാതടവില്‍ നീ ദര്‍ഭസ്ഥനായ്
മൃതമാം വരെയ്‌ക്കൊരു സന്ധിയില്ലന്നോതി
ഭരണത്തെ പൂണൂലില്‍ സ്വസ്ഥമാക്കി
ദ്രാവിഡമക്കളെ കുരുതിക്കുനല്‍കാതെന്റച്ഛനാ-
ബോധിത്തറയില്‍ വിതുമ്പി...
നിന്‍ വിരല്‍ത്തുമ്പിലെ മഷിക്കറ മൂല്യത്തെ
അറിയുന്ന നാള്‍വരെ നീയെന്നും അടിമ
കൂരിരുള്‍ പാതകള്‍ നാവുനീട്ടി
പിച്ചളകെട്ടിയ പീരങ്കികള്‍ പിന്നെ
ശബ്ദമുണ്ടാക്കിപ്പിരിഞ്ഞു നങ്കൂരമിട്ട ജാലകന്യകള്‍
ചങ്ങലപ്പൂട്ടുമുറിച്ചു- ഇനി
ജന്മദേശത്തിലേക്ക് മടക്കയാത്ര ഒരു കൊടുങ്കാറ്റ്
ശൂന്യമായ് കടല്‍കടന്നെങ്ങോ മറഞ്ഞു
പുലര്‍ക്കാല മഞ്ഞിന്റെ പുകതട്ടിമാറ്റി
വിപ്ലവ സൂര്യന്‍ വിടര്‍ന്നു
പ്രത്യായ ശാസ്ത്രങ്ങള്‍ ചെറ്റപ്പുരയ്ക്കുള്ളില്‍
ചേമ്പിന്റെ താളില്‍ മറച്ചു
പതിരുകളഞ്ഞൊരാ ചോറിന്‍ പകുതിയും
പശിയടക്കി നിന്നെ ഊട്ടിയില്ലേ
പിഞ്ചിപഴകിയാ പുല്‍പ്പായ മറയാക്കി
നിന്റെ ശാസ്ത്രം ഉണര്‍ത്തിയില്ലേ
അന്നു നീ കണ്ടില്ലേ പുന്നപ്ര വയലാറില്‍
എന്റെ ചോരയ്ക്കും ചുവപ്പാണെന്ന്
എന്നിട്ടുമെന്തേ രാഷ്ട്ര സ്‌നേഹത്തിന്റെ
കാറ്റെന്നിലേക്കൊന്നു വീശിടാഞ്ഞു
എന്റെ മുതുകിന്റെ തോളിന്റെ 
തലയുടെ മേലെല്ലാം
നിന്റെ ചെഞ്ചോര പതിഞ്ഞതല്ലേ.
എന്നിട്ടും നീയി
ഋഗ്വേദ സഞ്ചിയില്‍ പുഴുവരിച്ചാര്‍ക്കുന്ന
പുരുഷ സൂക്തത്തെ പുണര്‍ന്നതെന്തേ?
വറുതി കൊടുങ്കാറ്റ് വീശി
ഉഴവ് നുകത്തിലെ കാളയ്ക്ക് ചേര്‍ച്ചയായ്
കൈപ്പട്ടൂര്‍ ദൈവത്തെ പൂട്ടിയതും
ചാവ് കഴിഞ്ഞാലും ദൃഷ്ടിക്ക് ദോഷമായ്
തെമ്മാടിക്കുഴി തീര്‍ത്തിട്ടതും
പന്തിക്കു പിന്നിലേക്കെത്തും മുന്‍പേയീ
കനാന്‍ വെള്ളത്തെ വറ്റിച്ചതും
പശതേച്ച കൈകളെ 
കൊടിയേറ്റ കൈകളെ
മൂന്നടി മണ്ണില്‍ തളച്ചിട്ടതും
എന്‍ ചാവ് തീര്‍ക്കാന്‍ ചാവേര്‍കിടന്നതും
യാര്‍വദാ ജയിലിലെ മണ്ണില്‍ കിടന്നതും
പാഞ്ചജന്യത്തെ പകുത്തതും
മറക്കില്ല ഞാന്‍- ഇനി
കറുപ്പിനോടാണു നിന്‍ യുദ്ധം
മുറിവേറ്റുനൊന്ത കറുപ്പിനോട്
കലിപൂണ്ട കാളി കറുപ്പിനോട്
ഈ മണ്ണിന്നടിയില്‍ നിന്നുയരുന്ന മുറവിളി
ഈ മണ്ണിതെന്റേത്
നിന്‍ നിഴല്‍ പോലുമീ ഭൂമിയില്‍ മായ്ക്കും
ഇതെന്റെ മൊഴി... കറുപ്പ് വിരിയിച്ച
''സൈന്ധവന്റെ മൊഴി''
അരുണ്‍
എസ്. പുരം
9447762184