"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, സെപ്റ്റംബർ 30, ബുധനാഴ്‌ച

വാലാകലേശം - ദളിത്‌ ബന്ധു എന്‍ കെ ജോസ്

സര്‍,
ഈ കത്ത് ഇപ്പോള്‍ത്തന്നെ വളരെ നീണ്ടുപോയി. രണ്ടു കാര്യങ്ങള്‍കൂടി പറഞ്ഞുകൊണ്ട് ഞാനിത് അവസാനിപ്പിച്ചു കൊള്ളാം. കെ .രാമകൃഷ്ണ പിള്ളയുടെ രാജ്യദ്രോഹത്തെപ്പറ്റി എത്രപറഞ്ഞാലും തീരുകയില്ല. മുക്കുവസമുദായത്തില്‍പ്പെട്ട ഒരു ധിഷണാശാലി വളര്‍ന്നുവന്നതില്‍ അദ്ദേഹം പ്രകടിപ്പിച്ച അമര്‍ഷമാണ് അതിലൊന്ന്. മറ്റേത് അദ്ദേഹത്തിന്റെ തന്നെ സമുദായത്തില്‍പ്പെട്ട ഒരാള്‍ വളര്‍ന്നു കണ്ടതി ലുള്ള അസൂയയും. ഞാന്‍ അത് ചുരുക്കിപ്പറയാം.

2 സരസകവി മൂലൂര്‍ പത്മനാഭപ്പണിക്കരുടെ ജീവചരിത്രം എഴുതിയ സി. വാസവപ്പണിക്കര്‍, അതില്‍ രാമകൃഷ്ണപിള്ളയെപ്പറ്റി പറഞ്ഞിരിക്കു ന്നത് അതേപടി ഇവിടെ ഉദ്ധരിക്കുന്നത് സംഗതമായി തോന്നുന്നു. അദ്ദേഹം കാര്യങ്ങള്‍ വളരെ ചുരുക്കി നമ്മെ ബോധ്യപ്പെടുത്തുന്നു.

' ...സ്ഥാനത്യാഗം ചെയ്ത കൊച്ചി വലിയകോയിത്തമ്പുരാന്‍ തിരു മനസ്സിന്റെ ഷഷ് ഠ്യബ്ദപൂര്‍ത്തി പ്രമാണിച്ച് കൊച്ചിയിലെ ഒരു പ്രമുഖവ്യക്തിയായ റാവുബഹദുര്‍ തമ്പെരുമാള്‍ ചെട്ടി ഒരു പരസ്യം പ്രസിദ്ധപ്പെടുത്തി. ഷഷ്ഠ്യബ്ദപൂര്‍ത്തി സ്മാരകമായി മൂന്ന് അങ്കത്തിലുള്ള ഒരു നാടകം രചിച്ചു സി.പി. അച്ചുതമേ നോന്റെ പരിശോധന യില്‍ പ്രഥമസ്ഥാനത്തിനര്‍ഹമായ നാടകത്തിന് 50 രൂപാ സമ്മാനം കൊടുക്കു മെന്നായിരുന്നു പരസ്യം.1 മി.കെ.പി.കറുപ്പനും ബാലാകലേശം എന്ന ഒരു നാടകം രചിച്ച് ആ മത്‌സരത്തിന് അയച്ചു. നാടകം അച്യുതമേനോനെ ഏല്പിക്കാനായി കൊണ്ടുപോകുന്ന മധ്യേ വഴിയില്‍ വച്ചു യാദൃശ്ചിക മായി സ്വദേശാഭിമാനി രാമകൃഷ്ണപിള്ള പ്രസ്തുത പുസ്തകം വായിച്ചു നന്നായിരിക്കുന്നെന്നും സമ്മാനം കറുപ്പന് ലഭിക്കുമെന്നും അഭിപ്രായപ്പെട്ടു. പരിശോധനയില്‍ കറുപ്പന്റെപുസ്തകം സമ്മാനത്തി നര്‍ഹമായി. എന്നാല്‍ അതു വളരെ ഒച്ചപ്പാടിന് ഇടയാക്കി. വാലന്‍ കറുപ്പനാണോ സാഹിത്യ ത്തിനു സമ്മാനം എന്നായി ഒരു വിഭാഗം ആളുകള്‍. സമ്മാനം നല്‍കുന്നതിനെപ്പറ്റി രൂക്ഷമായ വിമര്‍ശനങ്ങള്‍ വന്നു. സാമുദായിക വൈരാഗ്യങ്ങള്‍ ഇളക്കിവിടുന്ന വിമര്‍ശനങ്ങള്‍. വാലന്‍ നാടകം എഴുതാന്‍ തുടങ്ങിയതില്‍ അമര്‍ഷം പൂണ്ട് പ്രതിഷേധങ്ങളും വിമര്‍ശന ങ്ങളും ഉണ്ടായി. അങ്ങനെ വന്നതില്‍ ശക്തിയായ വിമര്‍ശനം സ്വദേശാഭി മാനി രാമകൃഷ്ണപിള്ളയുടേത് തന്നെയായിരുന്നു. അതാണ് രാമകൃഷ്ണ പിള്ളയുടെ യഥാര്‍ത്ഥ ചിത്രം.'2

3 കെ.പി. കറുപ്പനെ സാഹിത്യം പ്രത്യേകം പഠിപ്പിക്കാന്‍ വേണ്ടിയാണോ രാമകൃഷ്ണപിള്ള ആ നാടക രചയിതാവിന്റെ സമുദായത്തെ ചൂണ്ടിക്കാണിക്കുന്ന വാലാകലേശം എന്ന പേരുകൂടി കൊടുത്തത്? എത്ര ഹീനമായ വര്‍ഗ്ഗീയത. ആ മനുഷ്യനെയാണ് ഇന്ന് സര്‍ക്കാര്‍ സ്മാരകം കൊണ്ടു ബഹുമാനിക്കുന്നത്. പണ്ഡിറ്റ് കറുപ്പന്റെ നാടകത്തെ രാമകൃഷ്ണ പിള്ള 'വാലാകലേശം' എന്ന് വിളിച്ചില്ല എന്ന് വാദിക്കുന്ന വര്‍ക്ക് ശ്രീ ചെറായി രാമദാസ് അയ്യന്‍കാളിക്ക് ആദരത്തോടെ എന്ന തന്‍െ കൃതിയില്‍ ഉചിതമായ മറുപടി 200 -ാം പേജില്‍ കൊടുത്തിട്ടുണ്ട്.3 കേരളോദയം വാരികയില്‍ രാമകൃഷ്ണപിള്ള എഴുതിയ ലേഖനത്തിന്റെ ഒരു ഭാഗം ശ്രീ. രാമദാസ് അവിടെ ഉദ്ധരിച്ചിട്ടുണ്ട്. 1915 മാര്‍ച്ച് 9,16,23 തീയതികളില്‍ രമകൃഷ്ണപിള്ള എഴുതിയ ലേഖനത്തില്‍ അവസാന ഭാഗത്ത് പറയുന്നു:

'...മിസ്റ്റര്‍ കറുപ്പനെ ഉള്ളില്‍വച്ചുകൊണ്ടും സാഹിത്യസമാ ജാര്‍ണ്ണവ ത്തിലിറക്കിവിട്ട തോന്ന്യാസത്തോണിയെയല്ലേ, സമാജകല്ലോ ലങ്ങള്‍ ക്ഷോഭിച്ച് തിരിച്ചടിച്ചു കരയ്ക്ക്കയറ്റിയത്? മി. കറുപ്പന്റെ തണ്ട് ചാണ്ടിയിട്ടും ഈ കല്ലോലമാലകള്‍ സ്വാധീനപ്പെടുന്നില്ലെന്ന് ബോധ്യ പ്പെട്ടപ്പോള്‍ കല്ലോലങ്ങളെ കല്ലെറിയുകയാണ് യുക്തമായ നയമെന്ന് മേനോനവര്‍കള്‍ നിശ്ചയിച്ചു, ഇല്ലേ.'4 വാലന്റെ കലാശം; വാലന്റെ അവസാനം അതാണ് കറുപ്പന്‍ എഴുതിയതുപോലും. വാലന് അവാര്‍ഡ് കൊടുക്കേണ്ടത് മല്‍സ്യബന്ധനത്തിനാണ്. ഒരു വലിയ മകരമല്‍സ്യം പിടിച്ചുകൊണ്ടു വരുന്നതിന് അവാര്‍ഡുകൊടുക്കുകയാണെങ്കില്‍ അതില്‍ യുക്തിയുണ്ടുപോലും. അതാണ് രാമകൃഷ്ണപിള്ളയുടെ വിമര്‍ശനം. കെ.പി.കുറുപ്പന്റെ നാടകത്തിലെ ഒരു കഥാപാത്രം ഒരു നമ്പൂതിരിയാണ്. കഥയിലെ ആ നമ്പൂതിരിയെ വധശിക്ഷയ്ക്കു വിധിക്കുന്ന ഒരു രംഗമുണ്ട്. അത് ഒരു വലിയ സാമൂഹ്യ തിന്മയായിരാമകൃഷ്ണപിള്ള ചൂണ്ടിക്കാ ണിച്ചു. എന്തു തെറ്റു ചെയ്താലും ഒരു ബ്രാഹ്മണനെ വധശിക്ഷയ്ക്ക് വിധിച്ചുകൂടാ എന്നാണ് മനുസ്മൃതി അനുശാസിക്കുന്നത്. ബ്രാഹ്മണന് കൊടുക്കാവുന്ന ഏറ്റവും വലിയ ശിക്ഷ നാടുകടത്തലാണ്. ഒരു രാജാവിന്റെ രാജ്യത്ത് നിന്ന് അയാളെ മറ്റൊരു രാജാവിന്റെ രാജ്യത്തേക്ക് അയയ്ക്കുക. രാമകൃഷ്ണപിള്ളയെ നാടുകടത്തിയത് തിരുനെല്‍വേലിയിലേക്കാണ്. ഒരു ബ്രാഹ്മണനെ സല്‍ക്കരിക്കാനുള്ള അവസരം ലഭിക്കുക എന്നത് ഒരു രാജാവിന് ലഭിക്കാവുന്ന ഏറ്റവും വലിയ അനുഗ്രഹമായി കരുതിയിരുന്ന കാലത്ത് ഒരു ബ്രാഹ്മണന്‍ തെറ്റു ചെയ്താല്‍ അയാളെ ഒരു പുതിയ രാജാവിന്റെ സല്‍ക്കാരത്തിന് പറഞ്ഞു വിടുക എന്നത് ഒരു ശിക്ഷയാണോ സമ്മാന മാണോ? 

സ്വസ്തിപ്രജാഭ്യ പരിപാലയന്ത ന്യായേണ മാര്‍ഗ്ഗേണ മഹി-- മഹിശാഃ
ഗോബ്രാഹ്മണേഭ്യ ശുഭമസ്തു നിത്യം 
ലോകാ സമസ്താ സുഖിനോ ഭവന്തു
ഓം ശാന്തി ശാന്തി ശാന്തി

ലോകത്തില്‍ ശാന്തിയും സമാധാനവും പുലരണമെങ്കില്‍ബ്രാഹ്മണനേയും പശുക്കളേയും പൂജിക്കണമെന്ന ധര്‍മ്മം നിലനിന്ന കാലമാണത്. അതിന് വിപരീതമായി കറുപ്പന്‍ തെറ്റുചെയ്തു; ബ്രാഹ്മണന് തന്റെ കഥയില്‍ വധശിക്ഷ നല്‍കി. കാരണം ഒരു പുലയന്‍ അയിത്തം ലംഘിച്ചതിന്റെ പേരില്‍ ആ ബ്രാഹ്മണന്‍ അയിത്തക്കാരനെ ക്രൂരമായ മര്‍ദ്ദനത്തിന് വിധേയമാക്കി. അതാണ് ബാലാകലേശം നാടകത്തില്‍ രാമകൃഷ്ണപിള്ള കണ്ടുപിടിച്ച ഒരു വലിയ തെറ്റ്. പിന്നെ അദ്ദേഹം അതിനെ രൂക്ഷമായി വിമര്‍ശിച്ചു. സി.വി.രാമന്‍പിള്ളയുടെ മാര്‍ത്താണ്ഡവര്‍മ്മ, ധര്‍മ്മരാജാ തുടങ്ങിയ കൃതികളെ വിമര്‍ശിച്ചതു പോലെതന്നെ അദ്ദേഹം ബാലാകലേശത്തോടു ചെയ്തു.

4 ഏതായാലും ഒരു കാര്യം ശ്രദ്ധിക്കണം. ബാലകലേശം നാടകം രാമകൃഷ്ണപിള്ളയുടെ ദൃഷ്ടിയില്‍ എത്ര ഹീനമായിരുന്നാലും സി.അച്യുതമേനോന്റെ ദൃഷ്ടിയില്‍ അതു ഒന്നാം സ്ഥാനത്തിനര്‍ഹമായ താണ്. 'എറണാകുളത്ത് സര്‍ക്കാര്‍ ബാലികാപാഠശാലയിലെ സംസ്‌കൃത മുന്‍ഷിയായ ഒരു കെ.പി.കറുപ്പനാണ് അതിന്റെ രചയിതാവ്' എന്നാണ് രാമകൃഷ്ണപിള്ള കെ.പി.കറുപ്പനെ അവതരി പ്പിക്കുന്നത്. അതിന് ഒരു ഇതിവൃത്തമില്ലാ എന്നതാണ് അദ്ദേഹത്തിന്റെ മുഖ്യ പരാതി. ആ പുസ്തകം പ്രസിദ്ധീകരിച്ചത് കൊച്ചി സാഹിത്യ സമാജമാണ്. അതിന്റെ പേരിലും രാമകൃഷ്ണപിള്ള ഏറെ ഒച്ചപ്പാടുണ്ടാക്കി. സാഹിത്യസമാജം വകയായി പ്രസിദ്ധീകരിക്കാനുള്ള അര്‍ഹത പ്രസ്തുത ഗ്രന്ഥത്തിനില്ലാ എന്ന നിഗമനത്തിലാണ് രാമകൃഷ്ണപിള്ള ചെന്നെത്തിയത്. അന്നു സാഹിത്യസമാജത്തി ന്റെയും മംഗളോദയത്തിന്റെയും ചുമതലക്കാരനായ ടി.കെ. കൃഷ്ണമേനോനുമായി അതു സംബന്ധിച്ചു വാഗ്‌വാദം ഉണ്ടായി.

5 ബാലാകലേശത്തെപ്പറ്റി മാത്രമല്ല, അദ്ദേഹം എഴുതിയ ഒന്നു രണ്ടു ഏകാങ്കനാടകങ്ങള്‍ കവിതകള്‍ തുടങ്ങിയവയെപ്പറ്റി എല്ലാം പിള്ള ഇതേ അഭിപ്രായക്കാരനായിരുന്നു. മലയാളത്തിലെ അന്നത്തെ അവര്‍ണ്ണരായ മറ്റ് എഴുത്തുകാരോടും രാമകൃഷ്ണപിള്ള സ്വീകരിച്ച മനോഭാവം അതു തന്നെയാണ്. കൊച്ചീപ്പന്‍ തരകന്‍ അക്കാലത്ത് എഴുതിയ മറിയാമ്മ നാടകത്തെപ്പറ്റി മാത്രമല്ല, അതിന്റെ അവതാരിക എഴുതിയ സി. അന്തപ്പായി യെപ്പറ്റിയും അദ്ദേഹം നടത്തിയ വിമര്‍ശനം കഠോര മായിരുന്നു. അദ്ദേഹം എഴുതുകയാണ്. 'കോട്ടയം മലയാള മനോരമ ഓഫീസ്സിലെ ക്ലര്‍ക്കായ കൊച്ചീപ്പന്‍ തരകന്‍ എന്ന ഒരുവന്‍ സാഹിത്യ വിഷയങ്ങളെ പ്രതിപാദിക്കുന്ന ഒരു പത്രികയുടെ ബന്ധമു ണ്ടെന്ന് വച്ച് ഒരു നാടകമെഴുതി കീര്‍ത്തിനേടാമെന്ന് കരുതി ഇറങ്ങിയ സാഹസത്തെ പ്പറ്റിയാണ് നാം അത്ഭുതപ്പെടുന്നത്. ഈ സാഹിത്യവഞ്ചിക്കാരന്റെ ദല്ലാളായി കൊച്ചി ഹജൂര്‍ സ്റ്റാമ്പ് സ്‌റ്റേഷനറി സൂപ്രണ്ട് മിസ്റ്റര്‍ ചിറയത്ത് അന്തപ്പായി ബി.ഏ. ആ നാടകത്തിന് ഒരു അവതാരിക എഴുതാന്‍ ധൃഷ്ടനായി പുറപ്പെട്ടതാണ് അത്ഭുതാത്ഭുതമായി കാണുന്നത്. മലയാള ഭാഷയില്‍ അനേകം വിലക്ഷണങ്ങളായ നാടകങ്ങള്‍ പുറപ്പെട്ടിട്ടുണ്ടെങ്കിലും ഈ മറിയാമ്മയോളം വഷളായ, ആഭാസമായിട്ടുള്ള ഒരു നാടകമുണ്ടാ യിട്ടുണ്ടോ എന്നു നാം സംശയിക്കുന്നു--' എന്നാല്‍ രാമകൃഷ്ണപിള്ള തന്നെ രചിച്ച കൈപ്പല്ലീ നാടകത്തിന് ഈ ദോഷങ്ങളൊന്നുമില്ലപോലും. പുറകേ കളവാണീ നാടകവും അദ്ദേഹം രചിച്ചു. അവയെപ്പറ്റി അദ്ദേഹത്തിന്റെ ജീവചരിത്രകാരന്‍ കെ.ഭാസ്‌കരപിള്ളപോലും പറയുന്നത് 'സാഹിത്യ ഭംഗിയോ അലങ്കാരകല്പനയോ ഈ നാടകങ്ങള്‍ക്കില്ല' എന്നാണ്. 5 തന്‍േറതല്ലാത്തതെല്ലാം ചവറ് എന്ന മനോഭാവമാണ് രാമകൃഷ്ണപിള്ള എന്നും എവിടെയും പ്രദര്‍ശിപ്പിച്ചുപോന്നിട്ടുള്ളത്. സാഹിത്യം എന്നത് സവര്‍ണ്ണരുടെ കുത്തകയാണ് എന്നു മാത്രമല്ലാ, അതു മറ്റാര്‍ക്കും കൈകാര്യം ചെയ്യാന്‍ അവകാശവുമില്ല. വംശപരമായി മാത്രമല്ലാ സാഹിത്യത്തിലും പത്രപ്രവര്‍ത്തനത്തിലുമെല്ലാം താന്‍ ഒരു ആഢ്യനാണ് എന്ന ചിന്തയാണ് അദ്ദേഹത്തിന് ഉണ്ടായിരുന്നത് എന്ന് തോന്നുന്നു. ഒരു പോറ്റിയുടെ മകനും അഡ്വ: കേശവപിള്ളയുടെ അനന്തിരവനും ഒരു സവര്‍ണ്ണനും എന്ന സ്ഥാനം ജനനാല്‍ തന്നെ അദ്ദേഹത്തിന് ലഭിച്ചു. തന്റെ ഇംഗിതംപോലെ എന്തും എഴുതാവുന്ന ഒരു പത്രത്തിന്റെ അധിപസ്ഥാനം വക്കം അബ്ദുള്‍ഖാദര്‍ മൗലവിയുടെ ദയാദാക്ഷണ്യം കൊണ്ടു ലഭിക്കുകയും ചെയ്തു. പിന്നെ ആരെയും എന്തും പറയാം, ഭത്സിക്കാം. അതാണ് ദിവാന്‍ പി. രാജഗോപാലാ ചാരിയോടും ചെയ്തത്. അതിന് അദ്ദേഹത്തിന് സമ്മാനം ലഭിക്കുകയും ചെയ്തു.

സ്വദേശാഭിമാനിയുടെ ഗ്രന്ഥനിരൂപണങ്ങള്‍:സാഹിത്യലേഖനങ്ങള്‍ എന്ന ഒരു ഗ്രന്ഥം 1991 ല്‍ കേരള സാഹിത്യ അക്കാഡമി പ്രസിദ്ധീകരിച്ചിട്ടുണ്ട്. *പ്രശസ്ത പത്രപ്രവര്‍ത്തകനായ ശ്രീ.ടി.വേണുഗോപാലന്‍ സ്വദേശാഭിമാനി യുടെ ലേഖനങ്ങള്‍ പരിശോധിച്ച് എഡിറ്റു ചെയ്തു തന്നു.* എന്നാണ് പ്രസാധകക്കുറിപ്പില്‍ പറയുന്നത്. പക്ഷെ അതില്‍ രാമകൃഷ്ണപിള്ള ബാലാകലേശം എന്ന നാടകത്തെ നിരൂപണം ചെയ്തതു മാത്രമില്ല. എന്തുകൊണ്ട് അതു ചേര്‍ക്കാതെ പോയി? അദ്ദേഹം നടത്തിയ ഗ്രന്ഥനിരൂപണങ്ങളില്‍ ഏറ്റവും വിവാദമായത് അതാണ്. അതില്‍ അദ്ദേഹം പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ ഇന്ന് പുറത്തുകാണിക്കാന്‍ കൊള്ളാത്തതാണ് എന്ന് വേണുഗോപാലനും രാമകൃഷ്ണപിള്ളയുടെ മകള്‍ കെ.ഗോമതിയമ്മയ്ക്കും ബോധ്യമായി എന്നാണല്ലോ അത്‌വ്യക്തമാക്കുന്നത്. (ഗോമതിയമ്മയാണ് അതിന്റെ സമ്പാദകയെന്ന് ഗ്രന്ഥത്തില്‍ കാണിച്ചി ട്ടുണ്ട്) മിസ്റ്റര്‍ വേണുഗോപാല്‍ നീണ്ട ഒരവതാരികയും എഴുതിയിട്ടുണ്ട്.(18 പേജ്) തികച്ചും ഏകപക്ഷീയമായ ഒരു വീക്ഷണം.

കുറിപ്പുകള്‍ 

1. അന്നത്തെ 50 രൂപായുടെ വിലയെപ്പറ്റി ചിന്തിക്കുക 
2. വാസവപ്പണിക്കര്‍, സി, സരസകവി മൂലൂര്‍ പത്മനാഭപ്പണിക്കര്‍. 
3. രാമദാസ് ചെറായി, അയ്യന്‍കാളിക്ക് ആദരത്തോടെ, പേജ് 200-1
4. മലയാളി 1903 സെപ്റ്റംബര്‍ 19, കെ ഭാസ്‌കരപിള്ളയുടെ സ്വദേശാഭിമാനി എന്ന ഗ്രന്ഥത്തില്‍ നിന്നും എടുത്തത്.
5. അതേ ഗ്രന്ഥം, പേജ് 111.