"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, സെപ്റ്റംബർ 6, ഞായറാഴ്‌ച

കാക്കപ്പൊന്ന് - എം. എ.വിജയന്‍ കവിയൂര്‍

എം. എ.വിജയന്‍
ടന്ന ഒരു കഥയുടെ നേര്‍ക്കാഴ്ചയാണ് ഇതിലെ ഇതിവൃത്തം. ഈ കഥയിലെ കഥാപാത്രങ്ങളും സംഭവ പ്രദേശങ്ങളും തികച്ചും സാങ്കല്പികം. കൂട്ടുകുടുംബത്തില്‍ നിന്നും അണു കുടുംബത്തി ലേക്കുള്ള വേഷപ്പകര്‍ച്ച. തങ്ങള്‍ക്ക് ജന്മം നല്‍കി വളര്‍ത്തി വലുതാക്കിയ മാതാപിതാക്കള്‍ വയസ്സാകു ന്നതോടെ മക്കളുടെ കണ്ണില്‍ വെറും കറിവേപ്പില മാത്രം. തങ്ങള്‍ക്കുള്ളതെല്ലാം മക്കള്‍ക്കായി ചെലവ ഴിച്ച് ജീവിതസായാഹ്നത്തില്‍ ഒന്നും ശേഷിക്കാതെ മക്കളുടെ ആട്ടും തുപ്പുമേറ്റ് കഴിയുന്ന എത്രയോ വൃദ്ധജന്മങ്ങള്‍. മേല്‍പ്പറഞ്ഞ തരം ഒരു കൂട്ടുകുടും ബത്തിലായിരുന്നു ചിന്നന്റെ ജനനം. അച്ഛന്റെ പേരുചേര്‍ത്ത് എല്ലാവരും ചിന്നന്‍കുട്ടി എന്നു വിളിച്ചു. ഭാര്യ അന്ന. മക്കള്‍ ഏഴുപേര്‍. ഏഴിനേയും അയച്ചവന്‍ തിരിച്ചു വിളിച്ചു. നേര്‍ച്ചയും വഴിപാടും കഴിച്ച് ഒരു കുട്ടി കൂടിയുണ്ടായി. വിദ്വാന്‍. (മറ്റാരും ഇടാത്ത ഒരു പേര് തന്റെ കുട്ടിക്ക് ഇടണം എന്നതിനാലാകാം വിദ്വാന്‍ എന്ന് മകന് പേരിട്ടത്.) ഇവര്‍ പണ്ട് ചക്കുവേലിക്കുന്നിലായിരുന്നു താമസിച്ചിരുന്നത്. മൂത്തേടത്ത് പോറ്റിയുടെ പണിക്കാരായിരുന്നു ചിന്നന്റെ മുന്‍ തലമുറ. ഭൂനയബില്ലും കാര്‍ഷിക ബില്ലും നടപ്പായപ്പോള്‍ കുട്ടിക്കു കിട്ടിയതാണ് പത്തുസെന്റു സ്ഥലം, ചക്കുവേലിക്കുന്ന്. കുട്ടിയുടെ കാലശേഷം അത് ചിന്നനു സിദ്ധിച്ചു. കുന്നിനു ചുറ്റും നോക്കെത്താ ദൂരത്തോളം പാടശേഖരം. ഇരുപ്പൂകൃഷി യാണ് ഇവിടെ വ്യാപകമായിട്ടുള്ളത്. കൊളപ്പാലയും, ചെന്നെല്ലും ആര്യനും കൊച്ചുവിത്തും ചേറാടിയും യഥേഷ്ടം കൃഷി ചെയ്തിരുന്ന പാടങ്ങള്‍. ചിന്നനും അന്നയും എല്ലുമുറിയെ പണി ചെയ്തു. മിച്ചം വച്ച് കുറച്ചു കാശ് സ്വരൂപിച്ചു. കാക്കത്തുരുത്തില്‍ വന്ന് അന്‍പത്തിയാറു സെന്റ് സ്ഥലം വിലയ്ക്കു വാങ്ങി. കാക്കത്തുരുത്തില്‍ അന്ന് ആള്‍ത്താ മസമില്ല. ഒരു ചെറുകുന്നോളം വരുന്ന പ്രദേശം. സന്ധ്യയായാല്‍ പക്ഷികള്‍ ചേക്കേറുന്നതവിടെയായിരുന്നു. നിബിഡ വനത്തിന്റെ പ്രതീതി. ആഞ്ഞിലി, തേക്ക്, മരുതി മുതലായ വിലപിടിപ്പുള്ള മരങ്ങള്‍, വേപ്പ്, കറിവേപ്പ് എന്നിവയും ധാരാളം. ഇതെല്ലാം കാക്കകളുടെ സംഭാവന ആയിരുന്നു. അതുകൊണ്ടു തന്നെ ചിന്നന്‍ ഈ സ്ഥലത്തിനു പേരിട്ടു, ''കാക്കപ്പൊന്ന്''. കാക്കത്തുരുത്തിന്റെ നിറുകയില്‍ ഒരു ഇരുനില മാളിക. പ്രവേശനകവാടത്തില്‍ വീട്ടുപേര് സ്വര്‍ണ്ണലിപികളില്‍ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു,''വിദ്വാന്‍സ് കോട്ടേജ്.''

ചെറുപ്പത്തില്‍ മഹാ വികൃതിയായിരുന്നു വിദ്വാന്‍. മാവിന്റെ ഇല്ലിക്കൊമ്പില്‍ കാണുന്ന മാങ്ങ, അതു തന്നെ വേണമെന്നവന്‍ ശഠിക്കും. മുറ്റത്ത് ഉണക്കാനിട്ടിരിക്കുന്ന നെല്ല് കാക്ക തിന്നാതിരിക്കാനായി കെട്ടിത്തൂക്കുന്ന കാക്കച്ചിറകിന് വാശി പിടിക്കും. തെറ്റാല്‍ കൊണ്ട് എറിഞ്ഞു പിടിക്കുന്ന കാക്കകളുടെ ചിറകു മുറിയ്ക്കുമ്പോള്‍ ഉയരുന്ന കാക്കകളുടെ കരച്ചില്‍ അവനൊരു ഹരമായിരുന്നു. രണ്ടുകയ്യിലും മുറിച്ച കാകച്ചിറകുകള്‍ പിടിച്ച് ഓടുന്നതായിരുന്നു അവന്റെ വിനോദം. പറയുന്നതെല്ലാം ചിന്നന്‍ സാധിച്ചു കൊടുക്കും. അവന്റെ കൈ വളരുന്നതും കാല്‍ വളരുന്നതും അവര്‍ നോക്കിക്കണ്ടു. പഠിത്തത്തില്‍ കേമനായിരുന്നു വിദ്വാന്‍. ഡിഗ്രി കഴിഞ്ഞു, അടുത്ത വര്‍ഷം തന്നെ ഫോറസ്റ്റില്‍ ഡി.എഫ്.ഒ. ആയിട്ടു ജോലി കിട്ടി. ഒരു നാള്‍ ജോലി കഴിഞ്ഞു വന്ന മകനോടായി ചിന്നന്‍ പറഞ്ഞു. ''മോനെ, നിന്നെ ഞങ്ങള്‍ക്ക് യൂണിഫോമില്‍ ഒന്നു കാണണം. യൂണിഫോം അണിഞ്ഞ മകനെകണ്ട് ഇരുവരുടെയും ഉള്ളം കോരിത്തരിച്ചു. ''നമ്മുടെ മോന്‍ പോലീസാണെടീ..... പോലീസേമാന്‍''. ഇരുവരുടെയും നിഷ്‌ക്കളങ്കത കണ്ട് വിദ്വാനുംചിരിച്ചു.

ഒരു സന്ധ്യാ നേരം വിദ്വാന്‍ അപ്പന്റേയും അമ്മയുടേയും അടുത്തു വന്നിരുന്നു. ''അപ്പാ, നമുക്ക് ഒരു വീട് വയ്‌ക്കേണ്ടേ? ബാങ്കുകാര് ലോണ്‍ തരാമെന്നു സമ്മതിച്ചിട്ടുണ്ട്. പക്ഷേ ഒരു കുഴപ്പം, സ്ഥലം എന്റെ പേരില്‍ എഴുതിത്തരണം.'' ''അതിനെന്താ, നാളെത്തന്നെ എഴുതിത്തരാം. ഒരു നിലനിര്‍ത്തു വേണം. ഞങ്ങളുടെ രണ്ടിന്റേം കാലശേഷം എനിക്കുള്ള തെല്ലാം നിനക്ക്.'' ''അയ്യോ, അത് പറ്റില്ല. ലോണ്‍ എടുക്കുന്ന വസ്തുവില്‍ മറ്റൊരു നിലനിര്‍ത്തും പാടില്ല.'' ''ഞാനൊന്ന് ആലോചിക്കട്ടെ.'' ''ഇതിനെ ന്തോന്നാ ഇത്രമാത്രം ആലോചിക്കാന്‍. അവന് നമ്മളും നമ്മക്ക് അവനു മല്ലേയുള്ളൂ. വസ്തുവും കെട്ടിപ്പിടിച്ചോണ്ടിരുന്നാല്‍ കൊച്ചന്‍ വല്ല വഴിക്കും പോകും.'' അന്ന ഇടയ്ക്കു കയറിപ്പറഞ്ഞു. അങ്ങനെതന്റെ സമ്പാദ്യം മകന്റെ പേരിലെഴുതിക്കൊടുത്തു. കാലം പിന്നിട്ടു... ''അപ്പാ, എനിക്ക് കല്യാണം കഴിക്കണമെന്നുണ്ട്.'' ''ഇതെന്നാ പുതുമയുള്ള കാര്യമാണോ? നീയെന്തിനാ നാണിക്കുന്നേ? നീ വല്ലതിനേം കണ്ടു വച്ചിട്ടുണ്ടോടാ മോനേ? '' അതിനവന്‍ മറുപടി പറഞ്ഞില്ല. വര്‍ഷം ഒന്നു കഴിഞ്ഞു. ചിന്നന്‍ ചോദിച്ചു. ''മോനേ, കല്യാണം ആലോചിക്കട്ടേ?'' മറുപടിക്കു പകരം ഒരു മുണ്ടും ഷര്‍ട്ടും തോര്‍ത്തും അമ്മയ്ക്ക് ഒരു കച്ചമുറീം, ബ്ലൗസ് തൂണീം ബാഗില്‍ നിന്നെടുത്തു കൊടുത്തു. ഇരുവര്‍ക്കും സന്തോഷമായി. ''അന്നേ, നീ ഈ തുണിയൊന്നെടുത്തു വച്ചേ. ചെളി പിടിപ്പിക്കുകേം ചുളുക്കുകേം ചെയ്യരുത്. ഇതുടുത്തോണ്ടുവേണം മോന്റെ കല്യാണത്തിന് പോകാന്‍.''

പിറ്റേന്ന് വീടിന്റെ ഉമ്മറത്ത് ഒരു കാര്‍ വന്നു നിന്നു. കാറില്‍നിന്നും വിദ്വാന്‍ ആദ്യമിറങ്ങി. കൂടെ കല്യാണവേഷത്തില്‍ ഒരു പെണ്ണും. തിടുക്കത്തില്‍ അപ്പനെമാറ്റി നിര്‍ത്തി വിദ്വാന്‍ പറഞ്ഞു, ''അപ്പാ, ഒന്നും തോന്നരുത്. അപ്പനുമമ്മേം കല്യാണത്തിനു വരുന്നത് എനിക്ക് നാണക്കേടാ. ഇവള്‍ പേരുകേട്ട തറവാടിലെ നായര്‍ കുട്ടിയാ. പേര് തങ്കച്ചി. തങ്കമെ ന്നാണ് എല്ലാവരും വിളിക്കുന്നത്. ബി.എ. പാസ്സായതാ. ജോലിയൊന്നും ആയിട്ടില്ല.'' ചിന്നന്‍ കരച്ചിലടക്കാന്‍ പാടുപെട്ടു. ആരും കാണാതെ കണ്ണീര്‍ തുടച്ചു. ഇടനെഞ്ച് പൊട്ടും പോലെ അന്നയും. അപ്പന്റേം അമ്മയുടെയും കാല്‍ തൊട്ടു തൊഴാന്‍ വിദ്വാന്‍ ആംഗ്യം കാണിച്ചു. തങ്കച്ചി പിന്നോക്കം മാറി. പെറ്റു വളര്‍ത്തിയ മകന്റെ മുന്നില്‍ തങ്ങളൊരധികപ്പറ്റ് ആണെന്ന് ഇരുവര്‍ക്കും തോന്നി. വെറും തോന്നലായിരുന്നില്ല. അത് സംഭവിക്കുക തന്നെ ചെയ്തു. 

രണ്ടുനാള്‍ കഴിഞ്ഞു. തങ്കച്ചി വിദ്വാനോടായി പറഞ്ഞു. ''നിങ്ങടപ്പനേം അമ്മേം ഡാഡീ മമ്മീ എന്നൊന്നും വിളിക്കാന്‍ എന്നെക്കൊണ്ടൊക്കത്തില്ല. ആകെ ഒരു വൃത്തികെട്ട വേഷം. കുഴമ്പിന്റെ നാറ്റം. ടൈല്‍സിട്ട മുറിയാകെ മണ്ണും ചെളീം ചവുട്ടിക്കേറ്റും. എന്നെക്കൊണ്ടിതൊന്നും കഴുകാനും തുടയ്ക്കാനും പറ്റുകേല. ഒന്നുകില്‍ അവരെയിവിടുന്നു മാറ്റണം. അല്ലെങ്കില്‍ വേലക്കാരെ വയ്ക്കണം. അതിനും ഒരുക്കമല്ലെങ്കില്‍ ഞാന്‍ കുറച്ചു ദിവസം എന്റെ വീട്ടില്‍ പോയി നില്‍ക്കാന്‍ പോവ്വാ.'' തലയിണമന്ത്രം ശരിക്കും ഏറ്റു. അങ്ങനെകാര്‍ഷെഡിന്റെ പുറകിലെ വിറകുപുരയിലേക്ക് അവരുടെ പായും തലയിണയും ചാക്ക്കട്ടിലും രണ്ടുമൂന്നു അലൂമിനിയം പാത്രങ്ങളും കുറച്ച് പലവ്യഞ്ജനസാധനങ്ങളും വച്ച് വീടു പൂട്ടി പോയി. അപ്പനുമമ്മേം വന്നപ്പോള്‍ വീട് പൂട്ടിക്കിട ക്കുന്നു. ഇവരിതെവിടെപ്പോയി? അടഞ്ഞുകിടന്നിരുന്ന വാതിലും ജന്നലും തള്ളിനോക്കി. എല്ലാം അകത്തുനിന്നും കുറ്റിയിട്ടിരിക്കുന്നു. വീടിനു ചുറ്റും നടന്നു. വിറകുപുരയ്ക്കു മുന്നിലെത്തിയപ്പോള്‍ അവര്‍ ആ കാഴ്ച കണ്ടു. തങ്ങള്‍ ഉപയോഗിച്ചിരുന്ന സാധനങ്ങള്‍ വൃത്തിയായി അടുക്കിവച്ചി രിക്കുന്നു. കൂടെ കുറെ പലവ്യഞ്ജനസാധനങ്ങളും. ഒറ്റപ്പെടലിന്റെ വേദന അവര്‍ ഒരിയ്ക്കല്‍ക്കൂടി അറിഞ്ഞു. ''കരയാതെടീ, അവനിതൊന്നും മനഃപൂര്‍വ്വം ചെയ്തതായിരിക്കില്ല. അവന്‍ നമ്മുടെ മോനല്ലേടീ.'' അന്നയെ ആവതും സമാധാനിപ്പിക്കാന്‍ ശ്രമിച്ചു. 

നേരം മൂവന്തിയായി. മക്കള്‍ ഇതുവരെ മടങ്ങി വന്നിട്ടില്ല. വീട് പൂട്ടിതന്നെ കിടക്കുന്നു. രാവിലെ വെച്ച കഞ്ഞിയും മുളകരച്ചതും തണുത്ത് വെള്ളമൊലിക്കുന്നു. കുറച്ചുനേരം കൂടി നോക്കാം. ഇരുവരും ഒന്ന് മയങ്ങി. ഉണര്‍ന്നപ്പോള്‍ രാത്രി ഒന്‍പത് മണി. ഇരുവരും കവടിപിഞ്ഞാണത്തിലേക്ക് കഞ്ഞി കോരിയിട്ടു. അടുക്കളയില്‍ നിന്നും ഇറച്ചിക്കറിയുടെ മണം. ''എടീ നിനക്ക് വല്ലതും തോന്നുന്നുണ്ടോ?'' ''എന്നാ തോന്നാന്‍'' ''ഇറച്ചീടെ മണം നീ ശ്രദ്ധിച്ചില്ലേ? ങാ, അതെന്നാ ഇറച്ചിയാ ണെന്ന് നിനക്കൊന്ന് പറയാമോ?'' ''ങാ, പോത്തിറച്ചിയാ.'' അന്ന പറഞ്ഞു. ''നിനക്ക് കുന്തമറിയാം. അത് ആട്ടിറച്ചിയാ. മൂത്ത ആടാണെന്നു തോന്നു ന്നു.'' ''എന്നതാണേലും നിങ്ങക്ക് പല്ലില്ലല്ലോ. നിങ്ങക്ക് തരുന്ന കഷണം കൂടി എനിക്കു തന്നേക്കണം. എനിക്ക് ചാറുവേണ്ട. അത് നിങ്ങളെടു ത്തോ.'' അന്ന പറഞ്ഞു. ''നീയാ കഞ്ഞി കട്ടിലിന്നടിയിലോട്ട് മാറ്റി വച്ചേ. ഇറച്ചി പാകമാകുമ്പോള്‍ നമ്മളെ വിളിക്കും. ഇറച്ചി വേവാന്‍ താമസമാ.'' ഇരുവരും മകന്റെ വിളിയോര്‍ത്തു കിടന്നു. കിടന്ന കിടപ്പില്‍ ഉറങ്ങി പ്പോയി. നേരം പാതിരാ ആയിക്കാണും. കലശലായ വിശപ്പ്. ചിന്നന്‍ അന്നയെ കുലുക്കി വിളിച്ചു. ''നീയാ ചോറും കറീം ഇങ്ങെടുത്തേ. ഇറച്ചിക്കറി തട്ടിക്കളയരുത് പറഞ്ഞേക്കാം.'' പാത്രം തുറന്നു നോക്കി. പാത്രത്തില്‍ മുന്‍പിരുന്ന കഞ്ഞീം മുളകും മാത്രം. ചിന്നന്‍ ജനലിന്റെ വിടവിലൂടെ അകത്തേക്കു നോക്കി. ടീപ്പോയില്‍ കുപ്പിയും ഗ്ലാസ്സുകളും. ഇറച്ചിയുടെ അവശിഷ്ടങ്ങള്‍ ചിതറിക്കിടക്കുന്നു. മക്കള്‍ ലൈറ്റണച്ചു കിടന്നിരുന്നു. ഇരുവരും കഞ്ഞി ആര്‍ത്തിയോടെ വാരിക്കഴിച്ചു. ഇരുവരും ഏങ്ങലടിച്ചു കരഞ്ഞു. പാതിരാക്കോഴി കൂകി. ''എന്റെ ദൈവങ്ങളേ, ങ്ങടെ മോനെകാത്തോളണേ'' ''എടീ, വാ എന്റെ കൂടെ. എടുക്കാനുള്ളതെന്താന്നാ എടുത്തോണം.'' ''എനിക്കെന്താ എടുക്കാന്‍? ഈ ഇട്ടിരിക്കുന്നതും ഉടുത്തിരിക്കുന്നതുമല്ലേയുള്ളൂ. നിങ്ങക്കും അതല്ലേ യുള്ളൂ.'' ''എന്റെ പാക്ക് ഇടിക്കുന്ന കല്ലും ഓലപ്പിച്ചാത്തീം എടുത്തോ ണം, മോന്‍ മേടിച്ചു തന്ന പുത്തന്‍.'' ''വേണ്ട, നിങ്ങളെങ്ങോട്ടാ... അവനോടൊന്നു പറഞ്ഞിട്ട്....?'' ''അവന്‍ ജോലി കഴിഞ്ഞ് ക്ഷീണിച്ചല്ലേ വരുന്നത്. കിടന്നോട്ടെ, നീ വരുന്നെങ്കില്‍ വാ. എന്തായാലും ഞാന്‍ തീരുമാനിച്ചു കഴിഞ്ഞു.'' ഇരുവരും വീടിന് മുന്‍വശത്തെത്തി. ഒരുനിമിഷം പിന്‍ തിരിഞ്ഞു നോക്കി. കണ്ണുകളില്‍ നിന്നും കണ്ണീര്‍ ധാരധാരയായി ഒഴുകി. ഗെയിറ്റ് കടന്ന് ഇരുളിനെകീറിമുറിച്ച് രണ്ട് കോലങ്ങള്‍ നടന്നകന്നു. നടപ്പിന് വേഗത കൂടി. ഇരുവരും ഒന്നും മിണ്ടിയില്ല. അവരെ കണ്ടവരാരും തിരിച്ചറിഞ്ഞതുമില്ല. റോഡ് അവസാനിച്ചു. കാടുംപടലും വകഞ്ഞുമാറ്റി ഇരുവരും ചക്കുവേലിക്കു ന്നിലെത്തി. ചേന്നന്റപ്പന് പണ്ട് കുടികിടപ്പുകിട്ടിയ സ്ഥലത്ത്. പണ്ടുതാ മസിച്ചിരുന്ന കുടിലിന്റെ ചില ഭാഗങ്ങള്‍ ഇപ്പോഴും കാണാം. പൊന്തക്കാടുകള്‍ മുറിച്ചുമാറ്റി കുടിലിന്റെ തറ വൃത്തിയാക്കി. അടുത്ത പുരയിടത്തില്‍ വീണു കിടന്ന ഓലകള്‍ പെറുക്കിക്കൂട്ടി. മടലുകൊണ്ട് ഒരു ഒടിച്ചുകുത്തി മാടം ഉണ്ടാക്കി. ഓലക്കീറുകള്‍ മെടഞ്ഞ് നാലുവശവും മറച്ചു. രണ്ട് ഓലക്കീറുകള്‍ കൂട്ടി മെടഞ്ഞ് പായയ്ക്ക് പകരം ഉപയോഗിച്ചു. പാള പറിച്ചെടുത്ത് ഈര്‍ക്കില്‍ കുത്തി വെള്ളം കോരാന്‍ ഉപയോഗിച്ചു. അരി സാധനങ്ങള്‍ ഒന്നുമില്ല. പാത്രങ്ങളുമില്ല. കൂവക്കി ഴങ്ങ് പറിച്ചെടുത്ത് കൂവയിലയില്‍ പൊതിഞ്ഞ് ചുട്ടെടുത്ത് തിന്നും പച്ചവെള്ളം കുടിച്ചും രണ്ടുനാള്‍ കഴിച്ചു കൂട്ടി. ഇതിനിടയില്‍ പഴയ പരിചയക്കാരില്‍ ചിലരെ കണ്ടുമുട്ടി. അത്യാവശ്യം അരീം സാധനങ്ങളും രണ്ടുമൂന്നു ചട്ടീം കലോം കൊടുത്തവര്‍ സഹായിച്ചു. 

എന്നും പുലര്‍ച്ചെ ഇരുവരും എണീക്കും. സമീപ പുരയിടത്തില്‍ വീണുകിടക്കുന്ന ഓലമടല്‍ പെറുക്കിക്കൂട്ടി കുതിര്‍ത്ത് മെടയും. അന്ന ഈര്‍ക്കില്‍ ചീകി ചൂലുണ്ടാക്കും. ഈര്‍ക്കില്‍ ചൂലും തുഞ്ചാണി ചൂലുമുണ്ടാക്കും. അങ്ങനെഓല വിറ്റ്, ചൂലുവിറ്റ് അന്നന്നത്തെ അഷ്ടിക്കു വക കണ്ടെത്തും. രാത്രിയില്‍ ഇരുവര്‍ക്കും ഉറക്കമില്ല. പതം പറഞ്ഞു കരയും. ''എന്റെ മോനേ, ഞങ്ങളിതിന് പാടുപെട്ടവരല്ലല്ലോടാ... ഞങ്ങള്‍ക്ക് ദൈവം തന്ന മക്കളില്‍ ഒന്നു കൂടിയുണ്ടായിരുന്നെങ്കില്‍ ഒന്ന് തല ഒളിക്കാമായിരുന്നു. എന്റെ ദൈവങ്ങളേ, ഞങ്ങളെയധികം കഷ്ടപ്പെടുത്താതങ്ങ് എടുത്തോണേ.'' വൃദ്ധദമ്പതികളുടെ പതംപറച്ചിലും കരച്ചിലും കേള്‍ക്കുന്നവരും കരയും. ''എല്ലാം വിധിയെന്ന് കരുതി സമാധാനിക്ക് ചിന്നാ.'' ചിലര്‍ ആശ്വസിപ്പിക്കും. ഒരിക്കലും അവര്‍ മകനെശപിച്ചിട്ടില്ല. 

അങ്ങനെവര്‍ഷം നാലു കഴിഞ്ഞു. മിഥുനം കര്‍ക്കടകമാസത്തെ തോരാത്ത മഴ. കൂരയിലൊന്നുമില്ല. കനത്ത മഴയെ അവഗണിച്ച് ചിന്നന്‍ പുറത്തേക്കിറങ്ങി.''നിങ്ങൡതെങ്ങോട്ടാ, ഈ പെരുമഴയത്ത്?'' അന്ന ചോദിച്ചു. ചിന്നന്‍ കേട്ടതായി ഭാവിച്ചില്ല. രണ്ടുമൂന്നു കൂവക്കിഴങ്ങുകള്‍ കിട്ടി. ഓലിയില്‍ നിന്നും ഒരു പാളവെള്ളവും കോരി. കൂവക്കിഴങ്ങ് മടിക്കുത്തില്‍ വച്ചു. പാളയും കയറും കയ്യില്‍നിന്ന് വഴുതിവീഴുന്നതു പോലെ. ഒരുവിധം ഏന്തിവലിഞ്ഞ് കൂരയ്ക്കകത്തേക്ക് കയറി. അന്ന പഴന്തുണികൊണ്ട് തല തുവര്‍ത്തിക്കൊടുത്തു. തല കറങ്ങുന്നു. കിടക്കണമെന്ന് ആംഗ്യം കാണിച്ചു. ഓലക്കീറിലേക്ക് മറിഞ്ഞു വീണു. ചിറി ഒരു വശത്തേക്ക് കോടി. ഇടംകൈ ഇടതു നെഞ്ചിലമര്‍ന്നു. ഇടതുകാലും ചലനമറ്റു. അടുത്തുവരാന്‍ ആംഗ്യം കാണിച്ചു. ചെവി ചെവിയോടു ചേര്‍ത്തു വെച്ചു. എന്തോ സംസാരിക്കണമെന്നുണ്ട്. ചുണ്ടുകള്‍ വിറയ്ക്കുന്നു . ശബ്ദം പുറത്തു വരുന്നില്ല. മകനെപ്പറ്റിയാണ് പറയാനുള്ളതെന്ന് അന്നയ്ക്കറിയാം. അങ്ങനെആ കിടപ്പ് മൂന്നു മാസം കിടന്നു. 

ഒരു നാള്‍ പകല്‍. ചിന്നന്‍ നിലത്തു കൈ അടിച്ച് അന്നയുടെ ശ്രദ്ധ ആകര്‍ഷിച്ചു. ''എന്താ, എന്തുപറ്റി?'' ശരീരത്ത് തൊട്ടുനോക്കി. വല്ലാതെ തണുത്തിരിക്കുന്നു. കണ്ണുകള്‍ നാലുപാടും പായിക്കുന്നു. ഒരു കൈകൊണ്ട് അന്നയെ വലിച്ചടുപ്പിച്ചു. നെഞ്ചുതിരുമ്മാന്‍ ആംഗ്യം കാണിച്ചു. ''എല്ലാം ദൈവത്തോടു പറ'' അന്ന ഏങ്ങലടിച്ചു കരഞ്ഞു. കടവായില്‍നിന്നും കറുത്ത രക്തം പുറത്തേക്കൊഴുകി. വിറയ്ക്കുന്ന കരങ്ങളാല്‍ പഴന്തുണി കൊണ്ട് അന്ന അത് തുടച്ചു. ആ കണ്ണുകള്‍ എന്നെന്നേക്കുമായി അടഞ്ഞു. അന്ന നിയന്ത്രണം വിട്ട് വാവിട്ടു നിലവിളിച്ചു. ''എന്റെ പൊന്നേ.... നിങ്ങളും എന്നെ കൈവിട്ടു പോയോ.. എനിക്കിനി ആരുണ്ട് ദൈവമേ....'' ഈ ആര്‍ത്തനാദം കേട്ട് ചിലര്‍ ഓടിക്കൂടി. ചിന്നന്റെ ശരീരത്തിലേക്ക് വീണ അന്നയെ ആരൊക്കെയോ ചേര്‍ന്ന് മാറ്റിക്കിടത്തി. പീന്നീടവര്‍ എഴുന്നേറ്റിട്ടില്ല. ''ഇനി അവനെഅറിയിക്കേണ്ടേ?' കൂടിനിന്നവര്‍ പരസ്പരം ചോദിച്ചു. ''തന്തേടെ പേരിലുള്ള സ്വത്തു മുഴുവന്‍ മകനും മരുമകളും കൈക്കലാക്കി. ഇനി അവര്‍ക്കെന്തിനാ ഈ ശവം'' അന്നയുടെ ഉച്ചത്തിലുള്ള ചുമ. അതുമാത്രമാണ് അവര്‍ക്ക് ജീവനുണ്ടെന്നതിന് ഏക തെളിവ്.

ആരൊക്കെയോ കുടിലിനടുത്തേക്ക് നടന്നുവരുന്ന ശബ്ദം. ശവം മറവു ചെയ്യുന്നതും ഫോട്ടോ എടുക്കുന്നതും മറ്റും സംസാരിച്ചാണ് വരവ്. വന്നവര്‍ കുടിലിനകത്തേക്ക് കയറി. വിദ്വാന്‍ അമ്മയോടായി ചോദിച്ചു. ''അമ്മേ,അപ്പന്‍ എപ്പഴാ മരിച്ചത്?'' അന്നയുടെ കണ്ണില്‍ നിന്നും കണ്ണീര്‍ ധാരധാരയായി ഒഴുകി. ഒന്നും പറഞ്ഞില്ല. അവര്‍ സര്‍വ്വശക്തിയുമെടുത്ത് ചുമച്ചു. വിദ്വാന്‍ അമ്മയെ തട്ടി വിളിച്ചു. ''അമ്മേ, പോകാം.'' അവളുടെ മുഖത്തോട് മുഖം ചേര്‍ക്കാന്‍ ആംഗ്യം കാണിച്ചു. അവന്‍ അമ്മയുടെ മുഖത്തോട് മുഖം ചേര്‍ത്ത് കുനിഞ്ഞിരുന്നു. അവര്‍ മകന്റെ മുഖത്തേക്ക് നീട്ടിത്തുപ്പി. പ്ഫൂ.... അവരുടെ ശിരസ്സ് ഒരു വശത്തേക്ക് ചരിഞ്ഞു.

എം. എ.വിജയന്‍ കവിയൂര്‍
9605892829