"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, സെപ്റ്റംബർ 22, ചൊവ്വാഴ്ച

കേരളത്തിലെ ആദിമ സംസ്‌ക്കാരങ്ങള്‍ - കുന്നുകുഴി എസ് മണി

ഭാരതീയ സംസ്‌ക്കാരത്തിന്റെ ഈറ്റില്ലമാണ് കേരളം. ചരിത്രാതീതകാലത്ത് ഇവിടെ മഹത്തായ ഒരു ജീവിതവും, സംസ്‌ക്കാര തുടിപ്പും നിലനിന്നിരുന്നു. ഹാരപ്പ, മോഹന്‍ജോദാരോ സംസ്‌ക്കാരങ്ങള്‍ ഉടലെടുക്കും മുന്‍പുതന്നെ ദക്ഷിണേന്ത്യയില്‍ പ്രത്യേകിച്ചും കേരളത്തില്‍ മഹത്തായ ഒരു സംസ്‌ക്കാര പൈതൃകം സംഭവിച്ചിരുന്നു. അതിന്റെ തെളിവുകള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതിനോടകം ലഭിച്ചിട്ടുണ്ട്. ശിലായുഗത്തെ പ്രതിനിധികരിക്കുന്നവയും, മഹാശിലായുഗ കാലത്തേയും, നവീനശിലാ കാലത്തേയും ജനജീവിതത്തിന്റെയും സംസ്‌ക്കാര ത്തിന്റെയും തെളിവുകളാണ് ലഭ്യമായിട്ടുളളത്. ഏറ്റവും ഒടുവില്‍ കണ്ടെത്തിയ സംസ്‌ക്കാരത്തിനു തന്നെ കാര്‍ബണ്‍ രാസ പരിശോധനയില്‍ 4420 മുതല്‍ 5210 വര്‍ഷം വരെ പഴക്കം കാണിക്കുന്നുണ്ട്. ഈ സംസക്കാരാവശിഷ്ടങ്ങള്‍ക്കുപരി കേരളത്തിന്റെ വിവിധ ജില്ലകളില്‍ നടന്ന ഉത്ഖനനങ്ങളില്‍ നിന്നും ലഭിച്ചിട്ടുളള പ്രാചീന സംസ്‌ക്കാരങ്ങളില്‍ മണ്‍കലങ്ങളും, കല്‍മഴുക്കളും, ഇരുമ്പായുധങ്ങളും, ചുട്ടെടുക്കപ്പെട്ട മണ്‍ കലങ്ങളില്‍ അടക്കം ചെയ്ത മനുഷ്യാസ്ഥിക്കൂട ങ്ങളും, കല്‍പാളികള്‍ കെണ്ടുളള കല്ലറകളും ഉള്‍പ്പെടുന്നുണ്ട്.

ശിലായുഗകാലത്തു പോലും കേരളത്തില്‍ മഹത്തായ ഒരു സംസ്‌ക്കാരം നിലനിന്നിരുന്നു വെന്നതിന്റെ സാക്ഷിപത്രങ്ങളാണ് കണ്ടെടുക്കപ്പെട്ട ഇത്തരം അവശിഷ്ടങ്ങള്‍. അക്കാലത്തുതന്നെ ജനങ്ങള്‍കൃഷി ചെയ്യുവാനും, ഇരുമ്പായുധങ്ങള്‍ ഉണ്ടാക്കാനുമുളള സാങ്കേതിക പരിജ്ഞാനം ആര്‍ജ്ജിച്ചിരുന്നു. ഈ ജനങ്ങള്‍ ആരായിരുന്നു വെന്ന കാര്യം മാത്രം സംസ്‌ക്കാരാവിശിഷ്ടങ്ങള്‍ തെരഞ്ഞുനടന്നവര്‍ കണ്ടെത്തിയില്ല. ബോധപൂര്‍വ്വ മായിരുന്നു ആ കാലത്തെ ജനങ്ങള്‍ ആരായിരുന്നു വെന്ന് കണ്ടെത്താന്‍ ശ്രമിക്കാത്തത്. ആ കണ്ടെത്തല്‍ ഒരു പക്ഷെ ആര്യ ബ്രാഹ്മണരുടെ നിലനില്പിനെ അപകടപ്പെടുത്തുമെന്നത് കൊണ്ടാകണം. പ്രാചീനമായ ആ കാലത്ത് ജീവിച്ചിരുന്നവര്‍ കേരളത്തിലെ ആദിമനിവാസികളല്ലാതെ മറ്റാരുമല്ല.

1891- ല്‍ വയനാട്ടില്‍ നിന്നും ഫിലിപ്പ് ലേക്ക് എന്ന ഭൂഗര്‍ഭ ശാസ്ത്രജ്ഞനാണ് കേരളത്തില്‍ ആദ്യമായി സംസ്‌ക്കാരാവശിഷ്ടങ്ങളുടെ കണ്ടെത്തലിന് തുടക്കം കുറിച്ചത്. തുടര്‍ന്ന് പുരാവസ്തു ഗവേഷകരായ വില്യം ലോഗനും, ഫാസെട്ടും നവീനശിലാ യുഗകാലത്തെ മനുഷ്യസാധ്യ മാക്കിയ ആയുധങ്ങള്‍ കണ്ടെത്തുന്നത്. പില്‍ക്കാലത്ത് കേരളത്തിലെ പുരാവസ്തു ഗവേഷകരും വ്യാപകമായി ഭൂഖനനം നടത്തി ശിലായുഗ കാലത്തെ അവശിഷ്ടങ്ങള്‍ കണ്ടെത്തിത്തുടങ്ങിയിരുന്നു.

എടയ്ക്കല്‍ ഗുഹ കേരളത്തിന്റെ
പ്രാചീന ചരിത്രത്തിന് വെളിച്ചം വീശുന്നു

ചരിത്രത്തിലെ ഏറ്റവും വലിയ ചരിത്രസ്മാരകമാണ് വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരിക്ക് നാലുമൈല്‍ തെക്കുപടിഞ്ഞാറായി കാണപ്പെടുന്ന എടയ്ക്കല്‍ ഗുഹ. എടയ്ക്കല്‍ മലയുടെ ഉയര്‍ന്ന കൊടുമുടിയുടെ പടിഞ്ഞാറെ ചെരുവില്‍ മുകള്‍ ഭാഗത്തായിട്ടാണ് ലോക ശ്രദ്ധപിടിച്ചു പറ്റിയ കേരളത്തിലെ ഏറ്റവും പ്രാചീനവും ചരിത്രമൂല്യവുമുള്ള എടയ്ക്കല്‍ ഗുഹ സ്ഥിതിചെയ്യുന്നത്.

ഇത് വെറുമൊരു ഗുഹമാത്രമല്ല. ഗുഹയിലെ പാറച്ചുമരുകളില്‍ കൊത്തു ചിത്രങ്ങളും, ശിലാലേഖനങ്ങള്‍ ഉള്‍ക്കൊള്ളുന്നതുമാണ് എടയ്ക്കല്‍ ഗുഹയുടെ ചരിത്രപ്രാധാന്യം. ഗുഹസ്ഥിതിചെയ്യുന്ന മലവാരം ഉള്‍ക്കൊണ്ട പ്രദേശത്തെ ഏസ്റ്റേറ്റ് ഉടമയായിരുന്ന കോളിന്‍ മെക്കന്‍സി എന്ന യൂറോപ്യന്‍ സായ്പാണ് 1890-ല്‍ ആദ്യമായി എടയ്ക്കല്‍ ഗുഹ കണ്ടെത്തിയത്. അന്ന് യൂറോപ്യന്‍ സായ്പ് കണ്ടെത്തിയതുകൊണ്ട് എടയ്ക്കല്‍ ഗുഹയുടെ ചരിത്രമൂല്യം ലോകമെങ്ങും അറിഞ്ഞു. പക്ഷെ നാട്ടിലെ പുരാവസ്തു വകുപ്പുകാരായിരുന്നെങ്കില്‍ എടയ്ക്കല്‍ ഗുഹ ചരിത്രത്തില്‍പോലും അറിയപ്പെടു മായിരുന്നില്ല. കോളിന്‍ മെക്കന്‍സി അന്നത്തെ മലബാര്‍ പോലീസ് മേധാവിയും പുരാവസ്തു തല്പരനുമായ എഫ്.ഫെയിസെറ്റിനെ അറിയിച്ചു. ഫെയിസെറ്റ് ഗുഹ പരിശോധിക്കുകയും 1895-ല്‍ ഗുഹയുടെ തറഭാഗം അഞ്ചടിയോളം ആഴത്തില്‍ കുഴിച്ചു നോക്കിയെങ്കിലും കാര്യമായി ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല. പിന്നീട് 1896-ല്‍ ഡോ.എച്ച് ഗുല്‍ഹ്, ബ്രൂസ്ഫ്രൂട്ട് എന്നിവര്‍ ഗുഹയിലെത്തി പഠനങ്ങള്‍ നടത്തി. അതെവര്‍ഷം തന്നെ ഫെയിസെറ്റ് പലതവണ ഗുഹയില്‍ ഇറങ്ങി പഠനങ്ങള്‍ നടത്തി. ശിലായുഗത്തില്‍ മനുഷ്യര്‍ ഉപയോഗിച്ച ഒരു കല്‍മഴു എഫ്.ഫെയിസെറ്റ് കണ്ടെടുത്തതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഈ കല്‍ മഴുകൊണ്ടായിരിക്കും അന്നത്തെ ജനങ്ങള്‍ ഗുഹയിലെ പാറയില്‍ ചിത്രങ്ങള്‍ കൊത്തിയതെന്ന് അനുമാനിക്കുന്നു.

ഗുഹയുടെ ചുമരുകളില്‍ മനുഷ്യരുടെയും, മൃഗങ്ങളുടെയും, സ്വസ്തിക, വൃത്തം തുടങ്ങിയ ചിത്രപ്പണികള്‍ കൊത്തിയിരുന്നത് നവ ശിലായുഗ ത്തിലെ മിനുസപ്പെടുത്തിയ കല്ലുളികൊണ്ടാണെന്നു കരുതുന്നു. അത്തരമൊരു കല്ലുളി (കല്‍മഴു)യാണ് ഗുഹയില്‍ നിന്നും ഫെയിസെറ്റ് കണ്ടെത്തിയത്. ''എടയ്ക്കല്‍ ഗുഹയിലെ ചിത്രങ്ങള്‍ നവീനശിലായുഗ കാലത്ത് ജനിച്ചിരിക്കുമെന്ന് പഞ്ചാനമിത്രന്‍ പറയുന്നു'.1 1ദക്ഷിണേന്ത്യ യിലെ നവീന ശിലായുഗത്തിന് മിത്രന്‍ നല്‍കിയിട്ടുള്ള കാലഗണന ബി.സി.1000 മുതല്‍ ബി.സി. 4000 വരെയാണ്. എടയ്ക്കല്‍ ഗുഹയിലെ കൊത്തുചിത്രങ്ങള്‍ക്ക് ആസ്‌ത്രേലിയായിലെ ചരിത്രാതീത കാലത്തെ കൊത്തുചിത്രങ്ങള്‍ക്കും സാമ്യമുണ്ടെന്നും പഞ്ചാനമിത്രന്‍ അഭിപ്രായ പ്പെടുന്നുണ്ട്.

മനുഷ്യാസ്ഥിക്കഷ്ണങ്ങളും, ഇരുമ്പുപകരണങ്ങലും ആയുധങ്ങളും ഉളളിലുളളവട്ടക്കല്ല ് (ROMLECH) എന്നിവ മഹാശിലാ പരിഷ്‌കരണ കാലത്തെ ( MEGALITHIC CULTURE) സ്മാരകങ്ങള്‍ എടയ്ക്കല്‍ മലയ്ക്ക് സമീപത്തു കാണപ്പെട്ടിരുന്നു. ഇതില്‍ നിന്നും മഹാ ശിലാ പരിഷ്‌ക്കരണ ത്തിനു മുന്‍പായിരിക്കണം എടയ്ക്കല്‍ ഗുഹയിലെ ചിത്രങ്ങള്‍ കൊത്തിയുണ്ടാക്കിയത്. പ്രാചീനശിലായുഗത്തിലെ ആയുധങ്ങള്‍ ഇപ്പോള്‍ കേരളത്തിലെ വിവിധ ജില്ലകളിലെ ഉത്ഖനനങ്ങളില്‍ നിന്നും ലഭിച്ചിട്ടുളളതില്‍ നിന്നും പ്രാചീന ശിലായുഗത്തില്‍ തന്നെയാവണം മനുഷ്യവാസം ആരംഭിച്ചതെന്നത് വ്യക്തമാണ്. 'കല്ലട-മണ്‍ട്രോതുരുത്തില്‍ നിന്നും ചരിത്രാതീത കാലത്തെ ഒരു കല്‍മഴു അടുത്തകാലത്ത് കണ്ടെടുത്തിരുന്നു.'2

എടയ്ക്കല്‍ ഗുഹാചിത്രങ്ങള്‍ കൊത്തിയത് ആദിവാസികള്‍

എടയ്ക്കല്‍ ഗുഹയിലെ ചിത്രങ്ങള്‍ കല്‍മഴുകൊണ്ട് ക്വാറിവരച്ചുണ്ടാക്കിയത് ആദിവാസികളില്‍പ്പെട്ട മുളളുക്കുറുമ്പരാണ്. ഇവരില്‍ നിന്നും ഈ ലേഖകന് ലഭിച്ച വിവരങ്ങള്‍ വച്ചുനോക്കുമ്പോള്‍ കരിങ്കല്ലില്‍ കൊത്താന്‍ കല്ലുളിയും, കരിങ്കല്ലിനെ ദ്രവിപ്പിക്കുന്ന ശക്തിയുളള ഒരുതരം പച്ചിലചാറും ഉപയോഗിച്ചിട്ടുണ്ടെന്നാണ്.''ഈ മനുഷ്യര്‍ 
ദ്രാവിഡരുടെയും ആര്യന്‍മാരുടെയും വരവിന് മുന്‍പ് ഇന്ത്യയില്‍ പാര്‍ത്തിരുന്ന ആസ്ട്രലോ വേടര്‍ എന്ന നരവംശത്തില്‍പ്പെടുന്നവരാണ്. മദ്ധ്യേന്ത്യയിലെ ഗാണ്ഡ്, മുണ്ഡ, ഹോസ് മുതലായ വര്‍ഗ്ഗക്കാരും കേരളത്തിലെ മലവേടര്‍, മുള്ളുക്കുറുമ്പര്‍, പണിയര്‍, ചെറുമര്‍ എന്നീ വര്‍ഗ്ഗക്കാരും ഈ നരവംശത്തില്‍പ്പെട്ടവരാണ്. ഗുഹയിലെ ചിത്രങ്ങള്‍ കൊത്തിവച്ചത് എടയ്ക്കല്‍ മലയ്ക്ക് സമീപം ഇന്നും കാണപ്പെടുന്ന മുളളൂക്കുറുമ്പരുടെ പൂര്‍വ്വികരാണ്'. 3

ആദിവാസി ഗണത്തില്‍പ്പെടുന്ന ഇവരെ മുള്ളുവക്കുറുമ്പരെന്നും പറയുന്നുണ്ട്. ഈ വിഭാഗത്തില്‍ പെടുന്നവരാണ് മല ഉളളാടര്‍, മലപ്പുലയര്‍, കരവഴിപുലയര്‍, കുറുമ്പപുലയര്‍ തുടങ്ങിയവര്‍. 'ദ്രാവിഡര്‍ക്ക് മുന്‍പത്തെ ആസ്ത്രലോയിഡ് വംശക്കാരായ മുള്ളേകുറുമ്പന്മാര്‍ അധിവസിച്ചിരുന്ന പ്രദേശമാണിത്. ബി.സി.7000 ത്തിനു മുന്‍പുതന്നെ ഇവിടെ ഗുഹാവാസികള്‍ ഉണ്ടായിരിക്കണം'.4 മുള്ളുവക്കുറുമ്പര്‍ എടയ്ക്കല്‍ ഗുഹയെ ബഹുമാനിക്കുന്നവരാണെങ്കിലും പണിയര്‍ അങ്ങിനെ ചെയ്യാറില്ലന്ന് ഫാസ്റ്റ് പറയുമ്പോള്‍ ഗുഹയില്‍ കൊത്തിയിട്ടുളള അമ്പും വില്ലും വച്ചുനില്‍ക്കുന്ന ചിത്രത്തില്‍ അതുകൊത്തിയവര്‍ഗ്ഗക്കാര്‍ക്ക് അധികം പൊക്കമില്ലെന്ന് ചിത്രത്തില്‍ നിന്നും വ്യക്തമാണ്. എടയ്ക്കല്‍ ഗുഹയിലെ കൊത്തുചിത്രങ്ങളുടെ കാലത്തിനുശേഷം ആറായിരത്തോളം വര്‍ഷങ്ങള്‍ക്കുശേഷമാണ് പാറയിലെ ലേഖനം കണ്ടെത്തുന്നത്. ഇതില്‍ നിന്നെല്ലാം എടയ്ക്കല്‍ ഗുഹാ സംസ്‌ക്കാരത്തിനും അന്നത്തെ ജനങ്ങള്‍ക്കും പ്രാചീനതയേറുകയാണ്. പ്രാചീന കാലത്തു തന്നെ മഹത്തായൊരു സംസ്‌ക്കാരത്തിന്റെ തുടിപ്പുകള്‍ കേരളം ഉള്‍ക്കൊണ്ടിരുന്നു.


ചെന്തുരുണി മലയിലെ ആദിമ സംസ്‌ക്കാരം

കൊല്ലം ജില്ലയിലെ തെന്മലയ്ക്കടുത്ത് ചെന്തുരുണിമല നിരകളില്‍ ചരിത്രാതീതകാലത്ത് ഒരു സംസ്‌ക്കാരം നിലനിന്നിരുന്നത് അടുത്ത കാലത്താണ് കണ്ടെത്തിയത്. ഇന്ത്യയിലെ ആദ്യത്തെ സംസ്‌ക്കാര പിറവി കേരളത്തിലാണ് സംഭവിച്ചതെന്ന് ചെന്തുരുണി സംസ്‌ക്കാരാവിഷ്ടങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. ഇവിടത്തെ മലനിരകളിലെ ഒരു ഗുഹയില്‍ നിന്നും കണ്ടെത്തിയ ശിലായുഗകാലത്തെ ആയുധങ്ങളും, മനുഷ്യാസ്ഥി പഞ്ജരങ്ങളും വ്യക്തമായ പരീക്ഷണ നിരീക്ഷണങ്ങള്‍ക്ക് വിധേയമാക്കി യിരുന്നു. ഇവ കേരളത്തിന്റെ മണ്ണിന്റെ മക്കളുടെ - അടിസ്ഥാന വര്‍ഗ്ഗങ്ങളുടെ - ആദിമ സംസ്‌ക്കാരത്തിന്റെ അവശിഷ്ടങ്ങളായിരുന്നു. ഭാരത ഭൂമിയിലെ ആദ്യത്തെ സംസ്‌ക്കാര പരമ്പര ഇവിടെ പൊട്ടി മുളച്ചുവെന്ന് നമുക്കഭിമാനിക്കാം.

സിന്ധു നദീതട സംസ്‌ക്കാരം ഉടലെടുക്കും മുന്‍പുതന്നെ കേരളക്കരയില്‍ ഒരു സംസ്‌ക്കാര പിറവി ഉദയംകൊണ്ടിരുന്നുവെന്നതിന് വ്യക്തമായ തെളിവാണ് ചെന്തുരുണിമല തരുന്നത്. ഇവിടെ നിലനിന്നിരുന്നത് ആദിദ്രാവിഡ ഗോത്രസംസ്‌ക്കാരമാണ്. അതേ സംസ്‌ക്കാരം തന്നെയോ, അല്ലെങ്കില്‍ അതിന്റെ പിന്‍തുടര്‍ച്ചയോ ആയിരുന്നു സിന്ധു നദീതടത്തില്‍ കണ്ടെത്തിയത്. ഹാരപ്പായിലും, മോഹന്‍ജോദാരോയിലും നിന്ന് കുഴിച്ചെടുത്ത സംസ്‌ക്കാരാവശിഷ്ടങ്ങളും ദ്രാവിഡ ഗോത്ര സംസ്‌ക്കാരത്തിന്റെതായിരുന്നുവെന്ന് തെളിയിക്കപ്പെട്ടതാണ്.

പുരാവസ്തു ഗവേഷണത്തെ (Archaeology) രണ്ടായി വിഭജിച്ചിരിക്കുന്നു. ആദ്യത്തേതിനെ ചരിത്രാതീത കാലമെന്നും, രണ്ടാമത്തേതിനെ ചരിത്രകാലമെന്നുമാണ്. ചരിത്രാതീത കാലത്തെ പ്രധാനമായുംശിലായുഗമെന്നും ചരിത്രകാലത്തെ ശിലായുഗത്തിന്റെ അന്ത്യം മുതല്‍ ഇന്നോളമുള്ള കാലഘട്ടത്തേയും പ്രതിനിധാനം ചെയ്യുന്നു. ഇതില്‍ ശിലായുഗത്തെ പിന്നെയും മൂന്നായി തരം തിരിക്കപ്പെടുന്നുണ്ട്. ബി.സി. 30,000 മുതല്‍ 10,000 വരെയുള്ളതിനെ പുരാതന ശിലായുഗമെന്നും (പാലിയോലിറ്റിക്), ബി.സി. 10,000 മുതല്‍ 25,000 വരെയുള്ളതിനെ ഉത്തരപുരാതന ശിലായുഗമെന്നും (മിസോലെറ്റിക്), ബി.സി. 25,000 മുതല്‍ 1000 വരെയുള്ളതിനെ നവീന ശിലായുഗമെന്നും (നിയോലെറ്റിക്) എന്നും പറയുന്നു.

ഇവയില്‍ ഉത്തരപുരാതന ശിലായുഗ സംസ്‌ക്കാരത്തില്‍പ്പെട്ട ശിലായൂഗ അവശിഷ്ടങ്ങളാണ് തെന്‍മലക്ക് സമീപം ചെന്തുരുണിമലയിലെ ഗുഹയില്‍ നിന്നും കണ്ടെത്തിയതെന്ന് പൂനെ ഡെക്കാന്‍ കോളേജ് ആര്‍ക്കിയോളജി റിസര്‍ച്ച് അസോസിയേറ്റര്‍ ഡോ.രാജേന്ദ്രന്‍ പറയുന്നത്. ഈ അഭിപ്രായം എന്തുമാത്രം ശരിയാണെന്ന് പറയുവാന്‍ വേണ്ടുന്ന പഠനങ്ങള്‍ ഇനിയും നടന്നുകാണുന്നില്ല. ചെന്തുരുണിമലയിലെ ഗുഹയില്‍ കണ്ടെത്തിയ ശിലായുഗ ആയുധങ്ങള്‍ ഒരു പക്ഷെ മണ്‍മറഞ്ഞുപോയ പുരാതന ശിലായുഗ സംസ്‌കൃതിയില്‍ ജീവിച്ചിരുന്നവരുടേതാകാനാണ് ഏറെ സാദ്ധ്യതകാണുന്നത്.

സിന്ധു നാഗരികത രൂപം കൊള്ളുന്നതിന് എത്രയോ നൂറ്റാണ്ടുകള്‍ക്കുമുന്‍പാണ് കേരളക്കരയിലൊരു സംസ്‌ക്കാരം ഉടലെടുത്തിരുന്നത്. തെന്‍മലയിലും പരിസര പ്രദേശങ്ങളിലുമായി വ്യാപകമായ ഒരു പുരാവസ്തു ഖനനത്തിന് ശ്രമിച്ചാല്‍ വിപുലമായ സംസ്‌ക്കാരാവശിഷ്ടങ്ങള്‍ ഇനിയും കണ്ടെടുക്കപ്പെടാന്‍ സാധ്യതയുണ്ട്. അതിന് സംസ്ഥാനപുരാവസ്തു വകുപ്പ് തയ്യാറാകുമോ?

നൂറ്റാണ്ടുകളുടെ ചരിത്രവും പേറിനില്ക്കുന്ന തെന്മല പ്രദേശങ്ങള്‍ ഒരു പക്ഷെ ഇന്ത്യയിലെതന്നെ ആദിമസംസ്‌ക്കരത്തിന്റെ ഉറവിടമാണെന്നു വരാം. 1982 ജൂലൈ 8-ന് പ്രസിദ്ധീകരിച്ച 'INDIAN 
EXPRESS -ല്‍ കൊല്ലത്തിനടുത്ത് തെന്‍മലയില്‍ ബി. സി. 10000 
മുതല്‍ ബി. സി. 30000 വരെയുളള കാലഘട്ടത്തിലേതെന്ന് സംശയയിക്കുന്ന പുരാവസ്തു നിക്ഷേപ സൈറ്റുകള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുചെയ്തിരുന്നു. ആദ്യമായിട്ടല്ല തെന്‍മല പ്രദേത്തുനിന്നും ശിലായുഗസംസ്‌ക്കാരാവശിഷ്ടങ്ങള്‍ കണ്ടെത്തുന്നത്. കല്ലറ സ്വദേശിയും, 
പൂനയിലെ ഡെക്കാന്‍ കോളേജ് ആര്‍ക്കിയോളജി റസര്‍ച്ച് അസോസിയേറ്റുമായ ഡോ. പി. രാജേന്ദ്രനാണ് ചെന്തുരുണിമലയിലെ ഗുഹയില്‍ നിന്നും ശിലായുഗസംസ്‌ക്കാരത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. 1987-ല്‍ ആദിമ ശിലായുഗ സംസ്‌ക്കാരത്തിന്റെ അവശിഷ്ടങ്ങള്‍ കാഞ്ഞിരപുഴ ഡാം സൈറ്റില്‍ നിന്നും കണ്ടെത്തിയതും ഡോ. രാജോന്ദ്രന്‍ തന്നെയാണ്.

ചെന്തുരുണി വന്യമൃഗസംരക്ഷണ കേന്ദ്രത്തോട് ചേര്‍ന്നുള്ള ഒരു ഗുഹയില്‍ നിന്നാണ് ഉത്തര പുരാതന ശിലായുഗ സംസ്‌ക്കാരത്തിലേതെന്ന് സംശയിക്കുന്ന വെള്ളാരം കല്ലില്‍ കൊത്തിയ പലതരം ആയുധങ്ങളും മര കരിക്കട്ടകളും കണ്ടെടുത്തത്. ഈ മര കരിക്കട്ടകള്‍ ലക്‌നോവിലെ സാഹ്നി ഇന്‍സ്റ്റിട്ട്യൂട്ടില്‍ കാര്‍ബണ്‍-14 രാസപരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ 5210 വര്‍ഷത്തെ പഴക്കമുണ്ടെന്ന് തെളിഞ്ഞുവെന്ന് ഡോ.രാജേന്ദ്രന്‍ പിന്നീട് വെളിപ്പെടുത്തി. ഡോ.രാജേന്ദ്രന്‍ കണ്ടെത്തിയ സംസ്‌ക്കാരാവശിഷ്ടങ്ങള്‍ കാര്‍ബണ്‍-14 രീതിയില്‍ നോക്കുമ്പോള്‍ സിന്ധുനദീതടത്തിലെ മോഹന്‍ജോദാരോയിലും, ഹാരപ്പായിലും നിന്നെടുത്ത അവശിഷ്ടങ്ങള്‍ക്ക് 4400 വര്‍ഷം മുതല്‍ 3700 വര്‍ഷം വരേയെ പഴക്കം കണക്കാക്കുന്നുള്ളു. അപ്പോള്‍ സിന്ധുനദീതട സംസ്‌ക്കാരങ്ങള്‍ക്കുമുന്‍പാണ് ചെന്തുരുണി നദീതട സംസ്‌ക്കാരം ഉടലെടുത്തതെന്ന് കരുതണം. അതിനും എത്രയോ നൂറ്റാണ്ടുകള്‍ക്കുമുന്‍പ് കേരളക്കരയില്‍ ഒരു ആദിമ സംസ്‌ക്കാരം നിലനിന്നിരുന്നുവെന്ന് വളരെ വ്യക്തമാണ്. ആ തുടിപ്പുകള്‍ ഉള്‍ക്കൊണ്ടിരുന്ന ആദിമനിവാസികള്‍ ആരാണ് ? ഉത്തരം കിട്ടാത്ത ആ ചോദ്യത്തിന് ഇന്ന് അല്ലെങ്കില്‍ നാളെ മറുപടി പറഞ്ഞേ മതിയാവു. കളളക്കഥയിലെ നായകനായ പരശുരാമന്‍ കോടാലി എറിയും മുന്‍പു തന്നെ കേരളമെന്ന മഹത്തായ രാജ്യവും ഒരു സംസ്‌ക്കാരവും ഇവിടെ ഉണ്ടായിരുന്നു.

ചെന്തുരുണി മലയിലെ ശിലായുധങ്ങള്‍ കണ്ടെത്തിയ ഗുഹയ്ക്കു സമീപത്തായി ഹാരിസണ്‍ ആന്റ് മലയാളം പ്ലാന്റേഷനു വേണ്ടി റബ്ബര്‍ നടുവാന്‍ തൊഴിലാളികള്‍ കുഴികുത്തുമ്പോള്‍ നാല് വലിയ മണ്‍കലങ്ങള്‍ കണ്ടെത്തി. ഇവ നാലും തുറന്നു പരിശോധിച്ചപ്പോള്‍ നാലിലും മനുഷ്യാസ്ഥികൂടങ്ങളാണെന്ന് ബോധ്യപ്പെട്ടു. മഹാശിലായുഗ കാലഘട്ടത്തില്‍ കേരളത്തിലും മൃതദേഹം അടക്കം ചെയ്തിരുന്നത് മണ്‍ കലങ്ങളിലോ, മണ്‍ഭരണികളിലോ ആയിരുന്നു. ആദിവാസികളുടെ ചരിത്രം പഠിച്ചപ്പോള്‍ അവരില്‍ ചിലര്‍ മൃതദേഹം സംസ്‌ക്കരിച്ചിരുന്ന രീതി കലങ്ങളിലായിരുന്നുവെന്ന് വ്യക്തമാക്കുന്നുണ്ട്. മനുഷ്യാസ്ഥികൂടങ്ങള്‍ കണ്ടതോടെ വിവരംകെട്ട തൊഴിലാളികള്‍ അവ നാലും ആ കുഴിയില്‍ത്തന്നെ ഇട്ടു മൂടുകയാണുണ്ടായത്. സംസ്‌ക്കാരാവശിഷ്ടങ്ങള്‍ കണ്ടെത്തിയ ഡോ. രാജേന്ദ്രനും അസ്ഥികൂടങ്ങളെക്കുറിച്ച് പഠിക്കാന്‍ ശ്രമിച്ചു കണ്ടില്ല. അന്ന് ജീവിച്ചിരുന്നവര്‍ ആദിമനിവാസികളായിരുന്നു. അവരെക്കുറിച്ച് പുറംലോകം അറിയും മുന്‍പു തന്നെ വെട്ടിമൂടിയ ഡോ. രാജോന്ദ്രന്‍ എന്ത് സംസ്‌ക്കാരമാണ്, ആരുടെ സംസ്‌ക്കാരമാണ് തേടി നടന്നത്? സവര്‍ണ്ണന്റെയോ, അവര്‍ണ്ണന്റെയോ? സംസ്ഥാനപുരാവസ്തു വകുപ്പും, ആന്ത്രോപോളജി വകുപ്പും ചേര്‍ന്ന് ആ മണ്‍കലങ്ങള്‍ വീണ്ടെടുത്ത് പരീക്ഷണനിരീക്ഷണങ്ങള്‍ക്ക് വീധേയമാക്കേണ്ടതാണ്.

പ്രാചീന ശിലായുഗ സംസ്‌ക്കാരവുമായി ബന്ധപ്പട്ട മനുഷ്യന്റെ മറ്റ് അസ്ഥികൂടമൊന്നും ദക്ഷിണേന്ത്യന്‍ പ്രദേശത്ത് കണ്ടുകിട്ടിയില്ലെന്നാണ് കെ. എ. നീലകണ്ഠശാസ്ത്രികള്‍ ''ദക്ഷിണ ഭാരതചരിത്രം'' എന്ന ഗ്രന്ഥത്തില്‍ പറഞ്ഞിരിക്കുന്നത്. അദ്ദേഹം തുടരുന്നു. ബറോഡയിലെ മദ്‌നഗറില്‍ 1935-ല്‍ മുപ്പതിഞ്ചു നീളമുളള ഒരു പിഗ്മി മനുഷ്യന്റെ ഫോസില്‍ കണ്ടുപിടിച്ചു. ഒരു പക്ഷേ, ഈ അസ്ഥികൂടം ഇന്ത്യയിലെ ഏറ്റവും ആദ്യകാലത്തെ നീഗ്രിട്ടോയെ പ്രതിനിധാനം ചെയ്യുന്നുണ്ടാകാം.... ഉപഭൂഖണ്ഡത്തിന്റെ തെക്കെ അറ്റത്ത് പറമ്പിക്കുളളത്തെ കാടരുടെയും അതിനടുത്തുളള ആനമലപര്‍വ്വതപ്രദേശത്തെ പുലയരുടെയുമിടയില്‍ ചെമ്മരിയാട്ടിന്‍ രോമങ്ങള്‍ പോലുള്ള മുടിയും ഏറെക്കുറെ ഇരുണ്ട തലമുടിയുമുളള മുണ്ടന്മാരെ കാണുന്നത്. ഇത് ആദിമ നീഗ്രിട്ടോ വര്‍ഗ്ഗത്തിന്റ സ്വാധീനത്തിനു തെളിവായി കരുതാം'5

ചെഞ്ചു, മലയന്‍, കാടര്‍, കുറുമ്പര്‍, യെരുവര്‍ എന്നീ ആദിവാസികള്‍ പുറത്തെ ജാതിക്കാരെന്നാണ് ദക്ഷിണ ഭാരത ചരിത്രത്തില്‍ നീലകണ്ഠ ശാസ്ത്രികള്‍ എഴുതിപിടിപ്പിച്ചത്. ചരിത്രം വളച്ചൊടിച്ച് ആദിവാസികളെ ചരിത്രത്തില്‍ നിന്നും നിഷ്‌ക്കാസനം ചെയ്യുന്നതരത്തില്‍ നുണക്കഥകള്‍ പ്രചരിപ്പിക്കുന്ന ശാസ്ത്രികളുടെ ചരിത്രഗ്രന്ഥം നിരോധിക്കണം. ദക്ഷിണേന്ത്യയില്‍ പ്രത്യേകിച്ചും കേരളക്കരയില്‍ മഹത്തായ ഒരു ആദിമ സംസ്‌ക്കാരം രൂപം പൂണ്ടിരുന്ന കാര്യം ചെന്തുരുണിമലയില്‍ കണ്ടെത്തിയ സംസ്‌ക്കാരാവശിഷ്ടങ്ങളും മനുഷ്യാസ്ഥികൂടങ്ങളും ശരിവയ്ക്കുന്നുണ്ട്. തിരുവല്ല എം. ജി. എം. സ്‌കൂളിന് അസ്ഥിവാരമെടുത്തപ്പോള്‍ ശവം കുഴിച്ചിടാന്‍ ഉപയോഗിച്ച നിരവധി മണ്‍ കലങ്ങള്‍ കണ്ടെത്തുകയുണ്ടായി. ഈ മണ്‍കലങ്ങളെ (URN) അന്വേഷണ വിധേയമാക്കിയില്ലയെന്നത് ദുരൂഹതയുയര്‍ത്തുന്നുണ്ട്. ഇവ കൂടാതെ ദേവികുളം, പാലക്കാട് ജില്ലയില്‍ കല്ലടിക്കോട് മല, കണ്ണൂരിലെ നടുവില്‍ അംശം, അടൂരിലെ പൂതംകര, തൊടുപുഴയിലെ ഉടുമ്പന്നൂര്‍, വണ്ടിപ്പെരിയാര്‍, തൃശ്ശൂരിലെ അതിയന്നൂര്‍, വയനാട്ടിലെ കല്‍പ്പറ്റ, പുല്‍പ്പളളി, അട്ടപ്പാടി, ശാസ്താംകോട്ട, മലയാലപ്പുഴ, മങ്ങാട്, അത്തോളി എന്നിവിടങ്ങളില്‍ നിന്നെല്ലാം ശിലായുഗകാലഘട്ടത്തിലെ സംസ്‌ക്കാരാവശിഷ്ടങ്ങളും, ശവക്കല്ലറകളും, മനുഷ്യാസ്ഥികളും കണ്ടെടുക്കപ്പെട്ടിരുന്നു. പക്ഷെ വ്യക്തമായ അന്വേഷങ്ങളോ പഠനങ്ങളോനടത്തുന്നതില്‍ ബന്ധപ്പെട്ടവകുപ്പുകള്‍ തികഞ്ഞ അനാസ്ഥയും അലംഭാവവുമാണ് പുലര്‍ത്തുന്നത്. ഇതൊന്നും കാണുവാന്‍ നീലകണ്ഠ ശാസ്ത്രികള്‍ക്ക് കഴിയാത്തത് പരമ കഷ്ടമായിപ്പോയി. കേരളക്കരയില്‍ ചരിത്രാതീതകാലത്ത് നിലനിന്നിരുന്ന സംസ്‌ക്കാരങ്ങളില്‍ ആദിമ ജനതയുടെ പങ്ക് മൂടി വെയ്ക്കുന്നതില്‍ പുരാവസ്തു വകുപ്പു ഭരിക്കുന്ന സവര്‍ണ ലോബികള്‍ എന്നും ബദ്ധശ്രദ്ധരായിരുന്നു.

സഹായഗ്രന്ഥങ്ങള്‍:
1. പഞ്ചാനമിത്രന്‍ - 'ചരിത്രകാലത്തിനു മുമ്പുള്ള ഇന്ത്യ'
2. മാതൃഭൂമി 1989 ഒക്‌ടോ. 25
3. പ്രൊ. ഫ. ഗിയൂഫ്രിഡാറുഗ്ഗേറി - 'ഏഷ്യയിലെ നരവംശ ശാസ്ത്രം'
4. എസ്. കെ. വസന്തന്‍ - 'കേരള ചരിത്ര നിഘണ്ടു'
5. കെ. എ. നീലകണ്ഠശാസ്ത്രികള്‍ 'ദക്ഷിണഭാരതചരിത്രം'

പറയര്‍ (സാംബവര്‍)