"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, സെപ്റ്റംബർ 4, വെള്ളിയാഴ്‌ച

പോരാളിയായ ചേരമര്‍ നേതാവ് ശ്രീ എം.കെ. കുഞ്ഞന്‍ - പി.എസ്. പ്രസാദ്

എം കെ കുഞ്ഞന്‍
ചങ്ങനാശ്ശേരി പെരുന്നയില്‍ മഴവഞ്ചേരി വീട്ടില്‍ കുഞ്ഞന്റെയും പെണ്ണമ്മയുടേയും മൂന്നുമക്കളില്‍ ഏറ്റവും ഇളയവനായി എം.കെ. കുഞ്ഞന്‍സാര്‍ ജനിച്ചു. മൂത്ത സഹോദരി വെളുത്ത, സഹോദരന്‍ കുഞ്ഞപ്പി. ചങ്ങനാശ്ശേരി പൂവം എല്‍.പി.സ്‌കൂളില്‍ പ്രൈമറി വിദ്യാഭ്യാസവും പെരുമ്പനച്ചി സെന്റ് പീറ്റേഴ്‌സ് ഹൈസ്‌കൂളില്‍ പ്രൊപ്രൈറ്റര്‍ പരീക്ഷയും പാസ്സായി.

റ്റി.സി. കുട്ടന്‍, കട്ടത്തറ പാപ്പന്‍ എന്നിവര്‍ നേതൃത്വം നല്കി പ്രവര്‍ത്തിച്ചുവന്നിരുന്ന പാമ്പാടി എന്‍ ജോണ്‍ ജോസഫ് സ്ഥാപിച്ച ചേരമര്‍ മഹാജനസഭയുടെ പ്രവര്‍ത്തകനായി. മികച്ചവാഗ്മി, സംഘാടകന്‍, ധീരനായപ്രവര്‍ത്തകന്‍ എന്നീ ഗുണങ്ങള്‍ക്ക് ഉടമയായ എം.കെ. കുഞ്ഞന്‍സാറിന് മഹാത്മാ അയ്യന്‍കാളി ഗുരു ദേവനുമായി അടുത്തിടപഴകാന്‍ അവസരമുണ്ടായി. വിദ്യാസമ്പന്നനായ കുഞ്ഞന്‍സാറിന് മഹാത്മാ അയ്യന്‍കാളിയുടെ ഉപദേശത്താലും പരിശ്രമത്താലും തിരുവനന്തപുരത്ത് നെടുമങ്ങാട് മുനിസിപ്പാലിറ്റിയില്‍ ക്ലാര്‍ക്കായി ജോലി ലഭിച്ചു. എന്നാല്‍ പ്രസ്തുത ജോലിയില്‍ തുടരാന്‍ അദ്ദേഹം ആഗ്രഹിച്ചില്ല സമുദായമാണ് തന്റെ പ്രവര്‍ത്തന മേഖല എന്ന് ചിന്തിച്ചു. ജോലി രാജിവച്ച് സമുദായ പ്രവര്‍ത്തകനായി. എന്നാല്‍ കുറച്ചു കാലങ്ങള്‍ക്കു ശേഷം വീട്ടിലെ സാമ്പത്തീകപരധീനത, കഷ്ടപ്പാടു നിറഞ്ഞ ജീവിതം മാതാപിതാക്കളുടെ സംരക്ഷണചുമതലകൂടി ആയപ്പോള്‍ ആ അവസരത്തില്‍ ലഭിച്ച സര്‍ക്കാര്‍ വകുപ്പില്‍ എക്‌സ്‌സൈസ് ഡിപ്പാര്‍ട്ടുമെന്റിലെ പെറ്റി ആഫീസര്‍ ആയി ജോലിയില്‍ പ്രവേശിച്ചു. ഈ ജോലിയിലും അധികനാള്‍ തുടര്‍ന്നില്ല ജോലി രാജിവച്ച് മുഴുവന്‍ സമയ സമുദായ സംഘടനാ പ്രവര്‍ത്തകനായി. സഭയുടെ സംസ്ഥാന ഓര്‍ഗനൈസീംഗ്‌സെക്രട്ടറിയായി സംസ്ഥാനത്തുടനീളം കരയോഗങ്ങള്‍ (ശാഖകള്‍) സംഘടിപ്പിച്ചു. സമുദായത്തെ കരുത്തുറ്റ സംഘടനയാക്കി വളര്‍ത്തി.

ഈ കലായിളവില്‍ ഒട്ടനവധി സമരങ്ങള്‍ക്ക് അദ്ദേഹം നേതൃത്വം നല്കി. 1950 കാലഘട്ടങ്ങളില്‍ അധഃസ്ഥിതരായ പുലയര്‍ ചേരമര്‍, മറ്റ് അധഃസ്ഥിത വിഭാഗക്കാര്‍ക്ക് ചായക്കടകളില്‍ പ്രവേശനമുണ്ടായിരുന്നില്ല. ചിരട്ടകളില്‍ കടയുടെ പരിസരത്ത് ചായ കൊടുക്കുകയായിരുന്നു. പതിവ്. തിരുവനന്ത പുരം ജില്ലയില്‍ പച്ചപാലോട്, കുറ്റിച്ചല്‍ പ്രദേശങ്ങളില്‍ ഈ വ്യവസ്ഥിതി ക്കെതിരെ അയിത്തജാതി ക്കാരെ സംഘടിപ്പിച്ച് ചായക്കടയില്‍ ബലമായി കടന്നു കയറി ചായവാങ്ങി ആചാരങ്ങളെ ലംഘിച്ചു. ഇതൊരു സമര മായി കലാശിക്കുകയും അദ്ദേഹത്തെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

1950ല്‍ തന്നെ മറ്റൊരു സമരത്തിനും നേതൃത്വം കൊടുത്തു. ബാര്‍ബര്‍ ഷോപ്പുകളില്‍ ചേരമര്‍ തുടങ്ങിയ അയിത്തജാതിക്കാരുടെ മുടിവെട്ടുകയോ ഷേവീംഗോ ചെയ്തിരുന്നില്ല. അയിത്തം കല്പിച്ച് ബാര്‍ബര്‍ ഷോപ്പില്‍ കയറ്റിയിരുന്നില്ല. ഇതിനെതിരെ ദിവസങ്ങള്‍ നീണ്ടുനിന്ന സമരത്തിനു നേതൃത്വം കൊടുത്തു. വിവരങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തി ബാര്‍ബര്‍ ഷോപ് നടത്താനുള്ള ലൈസന്‍സ് കട്ടു ചെയ്യണമെന്നാവശ്യ പ്പെടുകയും ബാര്‍ബര്‍ ഷോപ്പുകള്‍ക്കു മുമ്പില്‍ സമരങ്ങള്‍ സംഘടിപ്പിക്കു കയും ചെയ്തു. സര്‍ക്കാര്‍ ഇടപെട്ട് അയിത്ത ജാതിക്കാര്‍ക്കു കൂടി മുടി വെട്ടാനും ഷേവു ചെയ്യാനും മറ്റുമൂള്ള അവസാരമുണ്ടാക്കി.

1952ല്‍ തിരുവിതാംകൂര്‍ കര്‍ഷക തൊഴിലാളിയൂണിയന്‍ രൂപീകരിക്കാന്‍ നേതൃത്വം കൊടുത്തു. പിന്നീട് കമ്മ്യൂണി പാര്‍ട്ടി ഈ സംഘടനയെ ഏറ്റെടുത്തു. 1957 ല്‍ കേരളാ നീയമസഭയില്‍ അവതരിപ്പിച്ച ''അയിത്തോ ച്ഛാടന നിരോധന നീയമം'' മുന്‍പട്ടികജാതി വകുപ്പുമന്ത്രി പി.കെ. ചാത്തന്‍മാസ്റ്ററോടൊപ്പം ബില്ലിന്കരടുരേഖ ഉണ്ടാക്കാന്‍ ഏറെ പരിശ്ര മിച്ചു. 1989 ലെ അക്‌ട്രോസിറ്റി ആക്ടിന് എത്രയോ വര്‍ഷം മുന്‍പാണ് ഇത്തരത്തില്‍ ഒരു ബില്ല് ഉണ്ടാക്കാന്‍ നേതൃത്വം കൊടുത്തത്. 1957 - 58 കാലഘട്ടത്തില്‍ കേരളത്തില്‍ വിമോചന സമരക്കാലത്ത് ധാരാളം ചേരമരെ പോലീസും ഗുണ്ടകളും ചേര്‍ന്ന് കമ്മ്യൂണിസ്റ്റുകാരനെന്നു മുദ്രകുത്തി ക്രൂരമായി മര്‍ദ്ദിക്കുകയും പോലീസ് ഇവരെ ജയിലില്‍ അടയ്ക്കുകയും ചെയ്തു. ചേരമരെയും പുലയരെയും വേട്ടയാടി നശിപ്പിക്കുക എന്നതായിരുന്നു തന്ത്രം. ഇതു തിരിച്ചറിഞ്ഞ എം.കെ. കുഞ്ഞന്‍ സാര്‍ പുത്തരികണ്ടം മൈതാനത്തും കോട്ടയം തിരുനക്കര മൈതാനത്തും വമ്പിച്ച യോഗം സംഘടിപ്പിച്ച് ചേരമര്‍ക്കും പുലയര്‍ക്കു മെതിരെയുള്ള മര്‍ദ്ദനത്തിലും കള്ളക്കേസു കളില്‍ പെടുത്തലിനു മെതിരെ പ്രതിഷേധിച്ചു. 'വേണ്ടി വന്നാല്‍ കൊയ്ത്തരുവാള്‍ കൊണ്ട് നേരിടുമെന്ന്'. പോലീസിനും സമരഗുണ്ടകള്‍ക്കും മുന്നറിയിപ്പു നല്കി. അറസ്റ്റു ചെയ്യാനെത്തിയ പോലീസിനെ കബളിപ്പിച്ച് ഒളിവില്‍ പോയി. ഈ യോഗവും കുഞ്ഞന്‍സാറിന്റെ പ്രസംഗവും ചേരമര്‍ക്കും പുലയര്‍ ക്കും ആത്മ വിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിന് ഇടയായി. ഇതേ കാലഘട്ടത്തി ലാണ് വൈക്കത്ത് ചേരമര്‍ക്കെതിരെ ഈഴവര്‍ സംഘടിച്ച് മര്‍ദ്ദനമാരം ഭിക്കുകയും വര്‍ഗീയ ലഹളയായി പരിണമിച്ച് ഒരു ചേരമനെ വധിക്കു കയും ചെയ്തത് ചേരമര്‍ വീടുകളില്‍ നിന്നും പാലായനം ചെയ്തു. ചേരമര്‍ക്ക് പുറത്തിറങ്ങാന്‍ നിവൃത്തി ഇല്ലാതായി. വിവരമറിഞ്ഞ കുഞ്ഞന്‍ സാര്‍ വൈക്കത്തെത്തി വിജനമായ കൈതപ്പറമ്പ് എന്ന സ്ഥലത്ത് രാത്രിയില്‍ ചേരമര്‍ യുവാക്കളെ വിളിച്ചു ചേര്‍ത്തു. നൂറ്റമ്പതില്‍പരം ചേരമര്‍ യുവാക്കള്‍ യോഗത്തില്‍ പങ്കെടുത്തു. മര്‍ദ്ദനത്തെ മര്‍ദ്ദനം കൊണ്ടുനേരിടണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ഇതില്‍ ആവേശം
ഉള്‍കൊണ്ടു ചേരമര്‍ തങ്ങളെ മര്‍ദ്ദിക്കാന്‍ എത്തിയ ഗുണ്ടകളെ തിരിച്ചടച്ചു. മര്‍ദ്ദനമേറ്റ ഒരാള്‍ മരിച്ചുവീണു. ധീരരായ ചില യുവാക്കള്‍ അയാളെ തലകീഴായി കെട്ടിത്തൂക്കി പ്രദര്‍ശിപ്പിച്ചു. തങ്ങളെ ഉപദ്രവി ച്ചാല്‍ തിരിച്ചടിക്കും എന്ന താക്കീതായിരുന്നു ഈ പ്രവൃത്തി. ചേരമരെ മര്‍ദ്ദിച്ചാല്‍ തിരിച്ചടി ഉണ്ടാകുമെന്നു ഭയന്നവര്‍ പിന്നീട് മര്‍ദ്ദന മുറകളില്‍ നിന്നും പിന്മാറി. ചേരമര്‍ക്ക് സൈ്വര്യമായി സ്വന്തം കുടിലില്‍ തിരിച്ചെത്തി താമസിക്കാന്‍ സാഹചര്യം ഉണ്ടായി. എന്നാല്‍ കൊലപതാ കത്തെ തുടര്‍ന്ന് അനേക ചേരമര്‍ യുവാക്കള്‍ പോലീസ് മര്‍ദ്ദനത്തിന് ഇരയായി ജയിലില്‍ അടയ്ക്കപ്പെട്ടു. ഇവര്‍ക്ക് ആവശ്യമായ നിയമസം രക്ഷണം നല്കുന്നതിന് കുഞ്ഞന്‍ സാര്‍ അക്ഷീണം പരിശ്രമിച്ചു.1971 കാലയളവില്‍ പട്ടികജാതി /വര്‍ഗ്ഗ വിഭാഗങ്ങളുടെ സമഗ്രമായ ഉന്നമന ത്തിനായി കുഞ്ഞന്‍സാര്‍ 32 ഇന അവകാശങ്ങള്‍ ഉന്നയിച്ചുകൊണ്ട് അന്നത്തെ മുഖ്യമന്ത്രി ആയിരുന്ന ശ്രീ ആച്യുതമേനോന് മെമ്മോറണ്ടം സമര്‍പ്പിച്ചു. എന്നാല്‍ അനുകുലമായ തീരുമാനം ഉണ്ടാകാത്തതിനെ തുടര്‍ന്ന് അദ്ദേഹം തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റ് നടയിലേക്ക് വമ്പിച്ച ഒരു പ്രകടനം സംഘടിപ്പിച്ചു. പ്രകടനം നടത്തുന്നതിന് ഏതാനും നാള്‍മുന്‍പ് സര്‍ക്കാര്‍ തിരുവനന്തപുരത്ത് നിരോധനാജ്ഞ പുറപ്പെടു വിച്ചു. 1972 ജനുവരി 12നായിരുന്നു പ്രകടനം നിശ്ചയിച്ചിരുന്നത്. നിരോധാജ്ഞലംഘിച്ചും പ്രകടനം നടത്തുമെന്ന് കുഞ്ഞന്‍സാര്‍ തീരുമാ നിച്ചു. പതിനായിരക്കണക്കിന് പ്രവര്‍ത്തകര്‍ പ്രകടനത്തില്‍ പങ്കെടുക്കാന്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിയിരുന്നു. കുഞ്ഞന്‍സാറിനെയും 1600 ഓളം പ്രവര്‍ത്തകരെയും പോലീസ് അറസ്റ്റു ചെയ്തു കോടതിയില്‍ ഹാജരാക്കി. 'നിങ്ങള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുമുള്ള ആയിരക്കണക്കിന് നിങ്ങളുടെ സഭയുടെ പ്രവര്‍ത്ത കരുമായി എത്തി നിരോധനാജ്ഞ ലംഘിച്ചു. ഭരണ സിരാകേന്ദ്രത്തിലേക്കു പ്രകടനം നടത്തിയോ'എന്ന മജിസ്‌ട്രേട്ടിന്റെ ചോദ്യത്തിന് അദ്ദേഹം ഇങ്ങനെ മറുപടി നല്കി. ബഹുമാനപ്പെട്ട കോടതി ഞങ്ങളുടെ സമുദായം മാസങ്ങള്‍ക്കു മുമ്പേ തീരുമാനിച്ച് പ്രചരണം നടത്തിയതാണ് ഈ പരിപാടി ഞങ്ങളുടെ അവകാശങ്ങള്‍ നേടുക എന്നതു മാത്രമാണ് ലക്ഷ്യം.ഞങ്ങളുടെ സമുദായത്തില്‍പെട്ടവര്‍ പാവങ്ങളും കൂലിപണിക്കാ രുമാണ്. വാഹന സൗകര്യങ്ങളോ പെട്ടെന്ന് അറിയിക്കുന്നതിനുള്ള സൗകര്യങ്ങളോ ഇതര സമ്പന്ന സമുദായങ്ങള്‍ക്കുള്ളതുപോലെ ഞങ്ങള്‍ക്കില്ല. നിരോധനാജ്ഞ ഏതാനും നാളുകള്‍ക്കു മുമ്പാണ് പ്രഖ്യാപിച്ചത്. വളരെ ദിവസങ്ങള്‍ക്കുമുമ്പേ പുറപ്പെട്ടവരാണ് എന്റെ സമുദായ അംഗങ്ങള്‍. എഴുത്തും വായനയും അറിയാത്തവരാണ് ഭൂരിപക്ഷവും. നിരോധനാജ്ഞയോ അതു ലംഘിച്ചാലുള്ള ശിക്ഷയോ അവര്‍ക്കറിയില്ല. ആവേശത്തോടെ അവര്‍ നടത്തിയ ജാഥയില്‍ ഞാന്‍ പങ്കെടുത്തില്ലെങ്കില്‍ എനിക്ക് എന്ത് പ്രതിബന്ധതയാണ് സമുദായത്തോ ടുള്ളത്. അതിനാല്‍ നിരോധനാജ്ഞയും അതു ലംഘിച്ചാല്‍ ഉള്ള ഭവിഷ്യത്തും അറിയാവുന്ന എന്നെ മാത്രം ശിക്ഷിച്ചുകൊണ്ട് ബാക്കിയുള്ള എന്റെ മുഴുവന്‍ പ്രവര്‍ത്തകരെയും വിട്ടയക്കണം എന്ന് ഞാന്‍ അപേക്ഷിക്കുന്നു.' കുഞ്ഞന്‍ സാറിന്റെ മറുപടി കേട്ട മജിസ്‌ട്രേട്ട് യാതൊരു ശിക്ഷണ നടപടികളും സ്വീകരിക്കാതെ കുഞ്ഞന്‍ സാറിനെയും മറ്റുള്ളവരെയും വിട്ടയച്ചു. കുഞ്ഞന്‍ സാറിന്റെ നേതൃത്വത്തിലുള്ള ഭരണ സമിതിയാണ് അഖിലകേരള ചേരമര്‍ ഹിന്ദു മഹാസഭ. AKCHMS എന്ന പേര് കാലോചിതമായി സഭക്കു നല്കിയത്. ഏതാണ്ട് 50 വര്‍ഷക്കാലം സഭയുടെ സംസ്ഥാന പ്രസിഡന്റായി അദ്ദേഹം പ്രവര്‍ത്തിച്ചു. ഐക്യവും കെട്ടുറപ്പും സഭയ്ക്കും നല്കി. 55 സെന്റ് ഭൂമി പിതൃസ്വത്തായി ലഭിച്ചത് സഭാ പ്രവര്‍ത്തനങ്ങള്‍ക്കും പ്രവര്‍ത്തനത്തിന്റെ ഭാഗമായി വന്നുചേര്‍ന്ന കടം വിട്ടുന്നതിനുമായി 51 സെന്റ് ഭൂമിയും വിറ്റു. മരണ സമയത്ത് 4 സെന്റ് ഭൂമി മാത്രമേ അദ്ദേഹത്തിന് ഉണ്ടായിരുന്നുള്ളു. സമുദായ സംഘടനയ്ക്കു വേണ്ടി മാത്രം ഉഴിഞ്ഞു വച്ച ജീവിതം അവസാനിക്കുമ്പോള്‍ അദ്ദേഹം ഏറെ ദു:ഖിതനായിരുന്നു. അദ്ദേഹത്തിനു ശേഷം വന്നവര്‍ സമുദായ അംഗങ്ങളെ ചൂഷണം ചെയ്യുന്നതും തെറ്റായ ദിശയിലേക്ക് സമുദായത്തെ നയിക്കുന്നതും നിസ്സഹായനായി നോക്കി നില്‍ക്കേണ്ടി വന്നു. ചില കേസുകള്‍ ഇക്കുട്ടര്‍ക്കെതിരെ നടത്തിയെങ്കിലും അനാരോഗ്യവും സാമ്പത്തികപരാധീനതയും നിമിത്തം വിജയത്തിലെ ത്തിക്കാന്‍ കഴിഞ്ഞില്ല.അദ്ദേഹം കൈപിടിച്ച് സംഘടനയിലേക്കു കൊണ്ടുവന്ന് നേതാവിന്റെ പദവിയില്‍ എത്തിയവര്‍ അദ്ദേഹത്തോട് നീതി കാണിച്ചില്ല. തന്റെ ജീവിതവും സമ്പാദ്യവുമെല്ലാം സഭക്കു നല്കി. സഭയെ കേരളത്തിലെ വലിയസംഘടനയാക്കി വളര്‍ത്തി അവകാശ പോരാട്ടങ്ങള്‍ അനവധി നടത്തി ജയില്‍വാസവും, ഒളിവു ജീവിതവും ഒക്കെ സംഘടനയ്ക്കു വേണ്ടി ചെയ്തു. വളര്‍ത്തിയെടുത്ത സംഘടനയില്‍ നിന്നും, താന്‍ വളര്‍ത്തിയ നേതാക്കള്‍ തന്നെ അദ്ദേഹത്തെ പുറത്താക്കി. മരണം വരെ ആ വേദന അദ്ദേഹം അനുഭവിച്ചു. പീന്നിട് സഭ ശിഥില മാകുന്നത് നോക്കിനില്‌ക്കേണ്ടി വന്നു. നേതൃത്വ ചൂഷണത്താല്‍ സഭാ അംഗങ്ങള്‍ വലയുന്നത് അദ്ദേഹം കാണുകയുണ്ടായി. ഒരിഞ്ചുപോലും മുന്നോട്ടു പോകാനാകാതെ കിതച്ചു നില്ക്കുന്ന സമുദായത്തേയും നേതൃത്വത്തേയും അദ്ദേഹത്തിനു കാണേണ്ടതായി വന്നു. കുഞ്ഞന്‍സാറിനേ പ്പോലെ ദിശാബോധവും ലക്ഷ്യവുമുള്ള, തന്ത്രജ്ഞതയും ധീരതയുമുള്ള നേതാക്കള്‍ ഇപ്പോള്‍ ഇല്ലെന്നു തന്നെ പറയാം. അധഃസ്ഥിത വിഭാഗങ്ങ ളുടെ ആവശ്യങ്ങള്‍ അറിഞ്ഞ് അവകാശ പോരാട്ടങ്ങള്‍ നയിച്ചും, പ്രതികരിച്ചും ആവേശം പകര്‍ന്നും ജ്വലിച്ചു നിന്ന ഒരു നേതാവിന്റെ അഭാവം അദ്ദേഹത്തിന്റെ വേര്‍പാടിലൂടെ അധഃസ്ഥിത ജനത തിരിച്ചറി ഞ്ഞു. അദ്ദേഹത്തിന്റെ ഓര്‍മ്മ നമ്മുക്ക് കരുത്ത് പകരട്ടെ!

പി.എസ്. പ്രസാദ് 
അഖിലകേരള ചേരമര്‍ഹിന്ദു
മഹാസഭ. വൈ:പ്രസിഡന്റ്
9746402024