"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, സെപ്റ്റംബർ 22, ചൊവ്വാഴ്ച

വാഴ്ത്തപ്പെടാത്ത വിപ്ലകാരികള്‍ - ഡോ. സുരേഷ് മാനേ

തിരുവള്ളുവര്‍ 
ഇന്ത്യാ ചരിത്രത്തിന്റെ മുഖ്യഭാഗം, ബ്രാഹ്മണിസ ത്തിനെതിരെ നടന്ന ജാതി സംഘര്‍ഷങ്ങളുടെയും സാമൂഹ്യ പോരാട്ടങ്ങ ളുടെയും അല്ലെങ്കില്‍ ദേശീയ സംസ്‌ക്കാരതയിലും വിഭവങ്ങളിലും അധികാര ത്തിലും തങ്ങളുടെ പൂര്‍ണ്ണമായ മേധാവിത്തം നിലനിര്‍ത്തുന്നതിനായി ബ്രാഹ്മണര്‍ നടത്തിയ പരിശ്രമങ്ങളുടെ രേഖകളല്ലാതെ മറ്റൊന്നുമല്ല. ബ്രാഹ്മണിസ ത്തിനെതിരെയുള്ള വിമോചനപ്പോരാട്ട പ്രക്രിയയില്‍ ബ്രാഹ്മണിസത്തിന്റെ അടിത്തറ തകര്‍ക്കുന്നതിനായി ചെറുതും വലുതുമായ എണ്ണിയാലൊടു ങ്ങാത്ത പ്രതിഷേധങ്ങളും പ്രക്ഷോഭ ങ്ങളും രാജ്യത്തുടനീളം നടന്നിരുന്നു. ബ്രാഹ്മണ്യ സാമൂഹ്യാക്രമ ത്തിനെതിരെ നടന്ന അത്തരത്തിലുള്ള എതിര്‍ മുന്നേറ്റങ്ങളില്‍ അവഗണിക്കപ്പെട്ട ചില പോരാട്ടങ്ങളുടെ ലഘുവിവരണമാണ് ഈ അധ്യായത്തില്‍ അവതരിപ്പിക്കുന്നത്.

അത്തരത്തിലുളള പ്രക്ഷോഭങ്ങളുടെ ശൃംഖലയില്‍ ആദ്യമായി പരാമര്‍ശിക്കേണ്ട പേര് തിരുവള്ളുവരുടേതാണ്. താഴ്ന്ന ജാതിയായ തമിഴ് പറയ കുടുംബത്തില്‍ ജനിച്ച തിരുവള്ളുവര്‍ ബി.സി. ഒന്നാം നൂറ്റാണ്ടിലെ ഏറ്റവും മഹാനായ കവിയും മനുഷ്യസ്‌നേഹിയുമായിരുന്നു. തമിഴ് സാഹിത്യത്തിലെ ഏറ്റവും പ്രാചീനമായ രേഖകളിലൊന്നായ തിരുകുറള്‍ രചിച്ചത് അദ്ദേഹമാണ്. കൃത്യമായ കാലഘട്ടം നിര്‍ണ്ണയിക്കുക വൈഷമ്യമേറിയതാണെങ്കിലും, എ.ഡി. 1272 ലാണ് തിരുക്കുറള്‍ രചിക്കപ്പെട്ടതെന്ന് കരുതപ്പെടുന്നു. ഈ ഗ്രന്ഥത്തെ തമിഴ്‌വേദമായി അഥവാ സര്‍വ്വലോകവേദമായി തമിഴര്‍ കണക്കാക്കുന്നു. എന്നാല്‍ ഈ അത്യുജ്ജ്വലമായ കൃതി, തമിഴ് സാഹിത്യത്തിന് പുറത്തേക്ക് വളരെയൊന്നും അറിയപ്പെടുന്നില്ലായെന്നത് വസ്തുത യാണ്.

തിരുവള്ളുവര്‍ മഹാനായ ഒരു മനുഷ്യ സ്‌നേഹിയായിരുന്നു. അതുകൊണ്ടുതന്നെ എല്ലാ വിധത്തിലുമുള്ള ജാതീയമായ വിഘടിതാവസ്ഥയ്ക്കും വര്‍ഗ്ഗനാമങ്ങള്‍ക്കും മേലെ അദ്ദേഹത്തിന് ഉയരുവാന്‍ കഴിഞ്ഞു. അടിസ്ഥാനപരമായി അദ്ദേഹം ഒരു സദാചാരവാദിയായതിനാല്‍, തിരുക്കുറള്‍ ഒരു ജാതിരഹിത ജീവിതകലയെക്കുറിച്ചുള്ള പ്രബന്ധമാകുന്നു. അദ്ദേഹത്തിന്റെ കാലഘട്ടത്തില്‍ ജാതിസംസ്‌കാരം ദുര്‍ബ്ബല മായിരുന്നിട്ടുകൂടി, അദ്ദേഹം ജാതിയുടെ പേരില്‍ മനുഷ്യകുലത്തിലടി ച്ചേല്‍പ്പിക്കുന്ന അപമാനകരവും മനുഷ്യത്വരഹിതവുമായ പെരുമാറ്റത്തെ അപലപിച്ചു. രാജ്യത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ സദാചാര നിയമം പരിപാലിക്കണമെന്ന് അദ്ദേഹം നിഷ്‌ക്കര്‍ഷിച്ചു. 'എല്ലാ ധര്‍മ്മങ്ങളും ഗുരുക്കന്മാരുടെ എല്ലാ നിയമാവലികളും രാജാവിന്റെ ഭരണത്തെ ആശ്രയിച്ചാണിരിക്കുന്നത്', 'ജനങ്ങളോടുള്ള ഔദാര്യപൂര്‍ണ്ണമായ തല്‍പ്പരതയോടുകൂടി ഭരണം നടത്തുന്ന രാജാവിന്റെ കാല്‍ച്ചുവട്ടിലാണ് ലോകം', 'കൈക്കരുത്തല്ല രാജാവിന് വിജയം കൊണ്ടുവരുന്നത് മറിച്ച് അദ്ദേഹത്തിന്റെ ഭരണവും സത്യസന്ധതയുമാണ്', 'മര്‍ദ്ദകനായ രാജാവ് ഒരു കൊലപാതകിയേക്കാള്‍ പാപിയാണ്',1 എന്നീ വചനങ്ങളിലൂടെ അദ്ദേഹത്തിന് നീതിയുക്തമായ ഭരണ ത്തെക്കുറിച്ചുള്ള ആശയങ്ങളിന്‍മേല്‍ ബോധ്യമുണ്ടായിരുന്നെന്നു തെളിയുന്നു. ഉന്നതമായ സാംസ്‌കാരികാവബോധത്തോടെ അദ്ദേഹം ആര്യന്‍ ആശയങ്ങളെ വിമര്‍ശിക്കുകയും നിരാകരിക്കുകയും ചെയ്തു.


ഗുരു ഖാസിദാസ് 
തിരുവള്ളുവര്‍ ബ്രാഹ്മണിസത്തിനെതിരെ നേരിട്ടു പോരാടിയെന്നു വ്യക്തമായി പറയാന്‍ കഴിയില്ലെങ്കില്‍ പ്പോലും ഒരു ജാതിരഹിതവും മനുഷ്യത്വപൂര്‍ണ്ണവുമായ സമൂഹത്തെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടു ണ്ടായിരുന്ന ആദ്യത്തെ തമിഴ് കവി അദ്ദേഹമാണെന്ന നിഗമനത്തിലെത്താന്‍ കഴിയും. പെരിയാര്‍ ഇ.വി. രാമസ്വാമിയുടെ അഭിപ്രായ പ്രകാരം, കാലാന്തരത്തില്‍ ബ്രാഹ്മണിക തത്വശാസ്ത്രത്തിനനുസരണമായി തിരുകുറല്‍ വളച്ചൊടിക്കപ്പെട്ടു. എന്നാല്‍ ഒരു താഴ്ന്ന ജാതിക്കാരനായ തിരുവള്ളുവരുടെ ബൃഹത്തായ ജ്ഞാനവും അദ്ദേഹത്തിന്റെ അത്യുജ്ജ്വലമായ രചനയും മഹത്വവും ദഹിക്കാത്ത ചിലര്‍ തിരുവള്ളുവര്‍ ഒരു അയിത്തജാതി സ്ത്രീക്ക് ബ്രാഹ്മണനാല്‍ ജനിച്ച സന്താനമാണെന്ന കെട്ടുകഥ പ്രചരിപ്പിച്ചത് ഇതിലെ ദുഃഖകരമായ ഭാഗമാണ്. 

ബി.സി. ആറാം നൂറ്റാണ്ട് വിപ്ലവകരമായ ഒരു കാലഘട്ടമായിരുന്നു. ഇക്കാലത്ത് ഗൗതമബുദ്ധനോടൊപ്പം തന്നെ ഭഗവാന്‍ മഹാവീരന്‍ നയിച്ച ജൈനിസവും മറ്റൊരു സാംസ്‌കാരിക പ്രക്ഷോഭമായിരുന്നു. 'ഇരുപത്തിനാലു തീര്‍ത്ഥങ്കരന്മാരുടെ ജൈന പാരമ്പര്യമനുസരിച്ച്, ആദ്യത്തെ തീര്‍ത്ഥങ്കരന്‍ അഹിംസ ധര്‍മ്മത്തെ വെളിപ്പെടുത്തിയ റിസ്ബയായിരുന്നു. അവസാനത്തെ തീര്‍ത്ഥങ്കരന്‍ ബുദ്ധന്റെ മുതിര്‍ന്ന സമകാലീനനായിരുന്ന മഹാവീരനായിരുന്നു. ജൈനിസം, ബുദ്ധിസ ത്തേക്കാള്‍ പുരാതനമാണെന്നും ബി.സി. 599-527 കാലഘട്ടത്തില്‍ ജീവിച്ചിരുന്ന മഹാവീരനല്ല ജൈനമത സ്ഥാപകനെന്നും, അദ്ദേഹത്തിന്റെ മുന്‍ഗാമിയായ 250 വര്‍ഷം മുന്‍പ് ജീവിച്ചിരുന്ന പാര്‍സ്വ ഒരു ചരിത്ര പുരുഷനാണെന്നും ഇന്ന് അംഗീകരിക്കപ്പെട്ടിട്ടുണ്ട്'.2 എന്നാല്‍ ഭഗവാന്‍ മഹാവീരന്റെ കാലഘട്ടത്തില്‍ ജൈനിസം പുഷ്ടിപ്രാപിച്ചിരു ന്നുവെന്നത് ഒരു വസ്തുതയാണ്. ബ്രാഹ്മണിക സിദ്ധാന്തങ്ങള്‍ക്കും ആചരണങ്ങള്‍ക്കു മെതിരെയുള്ള ഒരു സ്‌ഫോടനമായിരുന്നു ജൈനിസമെന്നതിനാല്‍ ദൈവത്തെക്കുറിച്ച് വളരെ വ്യത്യസ്ഥമായ ഒരു സങ്കല്‍പ്പമായിരുന്നു ജൈനിസത്തിനു ണ്ടായിരുന്നത്. പില്‍ക്കാലത്ത് ജൈനര്‍, ബ്രാഹ്മണരുടെ മേല്‍ക്കോയ്മയെ അംഗീകരിച്ചു.


ആര്‍ ശ്രീനിവാസന്‍ 
ബുദ്ധന്റേയും മഹാവീരന്റേയും സാംസ്‌ക്കാരിക പ്രക്ഷോഭങ്ങളുടെ പിന്‍തുടര്‍ച്ചയായി രാജ്യമെമ്പാടും ഭക്തിപ്രസ്ഥാനങ്ങള്‍ ഉടലെടുത്തു. ദക്ഷിണേന്ത്യയില്‍ ഭക്തിപ്രസ്ഥാനത്തിന്റെ ആദ്യ സൃഷ്ടാവ് നന്ദനാര്‍ ആയിരുന്നു. ഡോ. അംബേദ്ക്കര്‍ തന്റെ''ആരാണ് അസ്പൃശ്യര്‍, അവരെങ്ങനെ അസ്പൃശ്യരായി?'' എന്ന പ്രസിദ്ധ രചന നന്ദനാര്‍ക്കും, രവിദാസിനും (വടക്കേയിന്ത്യ) ചൊക്കമേള (മഹാരാഷ്ട്ര)യ്ക്കും സമര്‍പ്പിച്ചുകൊണ്ട് പ്രസ്താവിച്ചത് 'അസ്പൃശ്യര്‍ക്കിട യില്‍ ജനിച്ച ഈ മൂന്ന് പുകഴ്‌പെറ്റ് സന്യാസിവര്യരും, തങ്ങളുടെ ധര്‍മ്മനിഷ്ഠയാലും നന്മയാലും സര്‍വ്വരുടേയും ആദരവു നേടിയെടുത്തു'3 എന്നാണ്. ഇത് ഈ മൂന്നു മഹാഗുരുക്കന്മാരുടെ മഹത്വത്തെ വെളിപ്പെടുത്തുന്നു.

വടക്കേയിന്ത്യയിലും മധ്യേന്ത്യയിലുമുള്ള നിരവധി പണ്ഡിതരുടെ പക്കല്‍ നന്ദനാരുടെ വിസ്‌ഫോടനത്തെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങളില്ല. രാജ്യത്തെ ചരിത്രപരമായ സാമൂഹ്യ-സാസ്‌ക്കാരിക പോരാട്ടങ്ങളുടെ പതാക വാഹകരായി വിശ്വസിക്കപ്പെടുന്ന വലിയൊരു വിഭാഗം സാമൂഹ്യ പ്രവര്‍ത്തകര്‍ക്കും നന്ദനാരുടെ നാമം അജ്ഞാതമാണ്. സുനിശ്തിതമല്ലെങ്കിലും എ.ഡി. 660 നും 842 നുമിടയിലാണ് നന്ദനാരുടെ കാലഘട്ടം. ഒരു വെള്ളാള (അബ്രാഹ്മണനായ ഉയര്‍ന്ന ജാതി) ശൈവ പണ്ഡിതന്‍ 63 ശൈവ ഭക്തരെല്ലാവരേയും കുറിച്ചു രചിച്ച പന്ത്രണ്ടാം നൂറ്റാണ്ടിലെ ഒരു പാരമ്പര്യ രചനയായ പെരിയപുരാണത്തിലാണ് അദ്ദേഹത്തിന്റെ ജീവിതം വെളിവാക്കപ്പെടുന്നത്. ഒരു ക്ഷേത്രത്തില്‍ തന്റെ പാരമ്പര്യമനുസരിച്ചുള്ള ജാതിജന്യമായ ആചാ രങ്ങള്‍ നിറവേറ്റുന്ന, നിയമാനുസാരിയും ലാളിത്യവാനുമായാണ് നന്ദനാരെ വര്‍ണ്ണിച്ചിരിക്കുന്നത്.4 ചെണ്ടയും മറ്റു ക്ഷേത്രവാദ്യങ്ങളും നിര്‍മ്മിക്കാനായുള്ള തുകല്‍ത്തുണ്ടുകളും തുകലുറകളും ദൈവത്തിനു നിവേദ്യമായര്‍പ്പിക്കുന്ന, ശിവനെ സ്തുതിച്ചുകൊണ്ട് ഗാനമാലപിക്കുകയും നൃത്തം വയ്ക്കുകയും ചെയ്യുന്ന, എന്നാല്‍ ക്ഷേത്രത്തിനു പുറത്തു മാത്രം നില്‍ക്കാനവകാശമുള്ള ദളിതരായ ക്ഷേത്രജോലിക്കാരിലൊരാളായ പുരത്തോണ്ടന്‍ ആയാണ് നന്ദനാരെപ്പറ്റി പെരിയപുരാണം പറയുന്നത്. മനോഹരമായി രൂപകല്‍പ്പന ചെയ്ത ശിവവിഗ്രഹത്തെ ക്ഷണനേരമെങ്കിലും കാണുവാനായി ക്ഷേത്ര പ്രവേശനവുമായി അദ്ദേഹത്തിന് മുന്നോട്ടുപോകണമെന്നായിരുന്നു നന്ദനാരുടെ കലാപലക്ഷ്യം. ഈ തീവ്രാഭിലാഷം അദ്ദേഹത്തെ സ്വന്തം ഗ്രാമത്തില്‍ നിന്നും പുറത്തേയ്ക്കുകൊണ്ടുവരികയും ചിദംബരത്തുളള മഹാശിവക്ഷേത്ര ത്തിലേയ്ക്ക് ഒരു തീര്‍ത്ഥയാത്രയ്ക്കായി അദ്ദേഹത്തെ ഉദ്യുക്തനാക്കുകയും ചെയ്തു. അതിനു സഹായകമാംവിധം അദ്ദേഹം ഉപയോഗശൂന്യ മായിക്കിടന്ന ഒരു ക്ഷേത്രക്കുളം കേടുപാടുതീര്‍ക്കുക തുടങ്ങിയ പ്രവൃത്തികള്‍ ചെയ്തു. ഇങ്ങനെയൊക്കെ ചെയ്‌തെങ്കില്‍കൂടി അദ്ദേഹത്തിന് നഗരത്തിനകത്തേയ്ക്ക് പ്രവേശിക്കുവാനോ, ക്ഷേത്രത്തിനു ചുറ്റുമുള്ള ബ്രാഹ്മണതെരുവുകളിലേക്കു കടക്കുവാനോ കഴിയുമായിരു ന്നില്ല. അവസാനം ക്ഷേത്രത്തിന്റെ രഥപ്പുരയുടെ അരികില്‍ നിന്നുകൊണ്ട് വിഗ്രഹത്തെ ദൂരെനിന്നും ഒരു നോക്കുകാണുവാന്‍ അദ്ദേഹത്തെ അനുവദിച്ചു. അദ്ദേഹത്തിന്റെ വഴിയില്‍ നിന്നിരുന്ന നന്ദിയെ, ശിവന്റെ കാളയെ, മാറിനില്‍ക്കുവാന്‍ ദൈവം തന്നെ കല്‍പ്പിച്ചു. നഗരത്തിലെ ബ്രാഹ്മണര്‍ നന്ദനാര്‍ക്ക് ഒരു ഹോമകുണ്ഠം അഥവാ അഗ്നിസ്‌നാനം വിധിച്ചപ്പോഴാണ് ഈ സംഭവങ്ങള്‍ പരമകാഷ്ഠയിലെത്തുന്നത്. ഈ അഗ്നികുണ്ഠത്തിലൂടെ കടന്നുവന്നതിനുശേഷം നന്ദനാരെ ഒരു ബ്രാഹ്മണസന്യാസി പൂണുലണിയിക്കുകയും അപ്പോള്‍ ദേവകള്‍ ആഹ്ലാദാരവങ്ങളോടെ എല്ലാവര്‍ക്കും മുകളില്‍ പുഷ്പവൃഷ്ടി നടത്തുകയും ചെയ്തു 5 

നന്ദനാരുടെ ജീവിതത്തെക്കുറിച്ച് പ്രസിദ്ധ സാമൂഹ്യ ശാസ്ത്രജ്ഞയായ ഗയില്‍ ഓംവെറ്റ് ഉചിതമായ ഒരു പരാമര്‍ശം നല്‍കിയിട്ടുണ്ട്. അവര്‍ നിരീക്ഷിക്കുന്നത്, 'ആദ്യത്തെ അസ്പൃശ്യനായ സന്യാസിവര്യന്റെ ജീവിതം വെളിവാക്കുന്നത്, എല്ലാ ജാതിയിലുംപെട്ട ഭക്തന്മാരുടെ മുന്നില്‍ ദൈവം തന്നെ വെളിപ്പെടുത്തിയെന്ന് അവകാശപ്പെട്ടി ട്ടും, ഒരു പറയനായതിനാല്‍, നന്ദനാര്‍ക്ക് ക്ഷേത്രത്തിനകത്തുവച്ച് വിഗ്രഹത്തെ പൂജിക്കുവാന്‍ കഴിഞ്ഞിരുന്നില്ല. അദ്ദേഹം ഒരു ബ്രാഹ്മണനാണെന്ന് പ്രഖ്യാപിക്ക പ്പെട്ടതിനു ശേഷമാണ് അതിനു കഴിഞ്ഞത്. അതിനാല്‍ ഈ കഥ ഒന്നുകൂടി ഉറപ്പിച്ചു പറയുന്നത്, അദ്ദേഹം യഥാര്‍ത്ഥത്തില്‍ ഒരു വിപ്ലവകാരി യാണോ അല്ലയോ എന്നതിനെയല്ല മറിച്ച് ജാതിയേയും അയിത്തത്തേ യുമാണ്. ശൈവ-വൈഷ്ണവ ഭക്തി പ്രസ്ഥാനങ്ങളൊക്കെത്തന്നെയും ബ്രാഹ്മണരുടെ അഥവാ ഉയര്‍ന്ന ജാതിക്കാരുടെ നിയന്ത്രണത്തിലായിരുന്നു വെന്നാണ് രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്. അതിലുള്ള താഴ്ന്ന ജാതി ഭക്തരുടെ പങ്ക് അതിന്റെ ജനകീയാടിത്തറ വര്‍ദ്ധിപ്പിക്കുവാന്‍ ഉപയോഗിച്ചു വെന്നതിലുപരിയായി, ജാതിക്കെതിരായ പോരാട്ടത്തിന് യാതൊരു ധാര്‍മ്മിക പിന്തുണയും പ്രദാനം ചെയ്തില്ല.'6

ഭക്തിപ്രസ്ഥാന കാലഘട്ടത്തിലെ വിപ്ലവകാരിയായ ഒരു ദലിത് സന്യാസിയായിരുന്ന നന്ദനാര്‍ അയിത്തജാതിക്കാരായ പുലൈയര്‍ പരമ്പരാഗത തൊഴിലെടുക്കുന്ന (വാദ്യോപകരണങ്ങള്‍ക്കായി തുകലെത്തിക്കുന്നതുമായി ബന്ധപ്പെട്ട) ചിദംബരത്തെ നടരാജക്ഷേത്രത്തിലും തിരുപ്പുങ്കൂരിലെ ശിവലോകനാടാര്‍ ക്ഷേത്രത്തിലും പ്രവേശനത്തിനായി സവിശേഷപരിശ്രമം നടത്തി. അതിന് അദ്ദേഹത്തെ ബ്രാഹ്മണ പുരേഹിതഗണം വളരെയധികം പരിഹസിക്കുകയുണ്ടായി. നന്ദനാരുടെ രാഷ്ട്രീയമായ പ്രതിരോധത്തെ ഹിന്ദുക്കളുടെ സവിശേഷ സ്വഭാവമായ 'ആഗിരണം' ഉപയോഗിച്ച് തമിഴ് ശൈവപാരമ്പര്യം അപഹരിച്ചെടുത്തു. പന്ത്രണ്ടാം നൂറ്റാണ്ടിലെ ശൈവമഹാത്മാക്കളുടെ ജീവചരിത്രമായ ശെക്കിഴാരുടെ പെരിയപുരാണത്തില്‍ ഈ ദലിത് രക്തസാക്ഷി ഒരു പരിവര്‍ത്തനത്തിനു വിധേയമായെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതു പ്രകാരം തന്റെ താഴ്ന്നജാതിദേഹമായ പുലൈയ ശരീരത്തെ പാവനമായ അഗ്നിയിലര്‍പ്പിച്ച് വിശുദ്ധമാക്കിയപ്പോള്‍ അത് കുടുമയും പൂണൂലുമെല്ലാമുള്ള ഒരു ബ്രാഹ്മണവര്യനായി പുനര്‍ജനിച്ചു വന്നുവെന്നും അതിനുശേഷമാണ് ക്ഷേത്രത്തില്‍ പ്രവേശനം ലഭിച്ചതെന്നുമാണ് പറഞ്ഞിരിക്കുന്നത്. അഗ്നിപരീക്ഷണത്തിലൂടെ കടത്തിവിട്ടതിനുശേഷമാണ് ആ ദലിതന് ശിവന്‍ ദര്‍ശനം നല്‍കിയതത്രെ. യഥാര്‍ത്ഥത്തില്‍ നന്ദനാരെ തീയിട്ടുകൊല്ലുകയായിരുന്നു.

തമിഴ്‌നാട്ടില്‍ നന്ദനാര്‍ക്കൊപ്പം മറന്നുപോയ മറ്റൊരു വിപ്ലവ കാരിയാണ് ബ്രാഹ്മണിസത്തിനെതിരെ പ്രതിഷേധിച്ച മഹാനായ ആത്മീയവാദി രാമലിംഗസ്വാമി. ചിദംബരത്തിനു സമീപമുള്ള വടലൂരില്‍ അദ്ദേഹം സ്വന്തം നിലയില്‍ അമ്പലം പണികഴിപ്പിക്കുകയും അവിടെ പ്രകാശത്തെ മാത്രം ആരാധിക്കുകയും ചെയ്തു. ബ്രാഹ്മണിസത്തെ വെല്ലുവിളിക്കുന്ന തിനായി അദ്ദേഹത്തിന് സ്വന്തം ജീവിതം വിലയായി നല്‍കേണ്ടിവന്നു.

മഹാരാഷ്ട്രയില്‍ ഭക്തിപ്രസ്ഥാനം ആരംഭിച്ചത്, ഒരു തുന്നല്‍ക്കാരനായ നാംദേവോ (1270-1350), ഒരു ബ്രാഹ്മണനായ ധ്യാനേശ്വര്‍ (1275-1296) (ഇദ്ദേഹത്തിന്റെ പിതാവ് സന്യാസം ഉപേക്ഷിച്ച് ഗൃഹസ്ഥനായതിനാല്‍ ഒരു പുറം ജാതിക്കാരനായി മാറ്റപ്പെട്ടിരുന്നു) എന്നിവരുടെ നേത്വത്തി ലുള്ള വര്‍ക്കാരി സന്യാസിമാരിലൂടെയായിരുന്നു.7 മഹാരാഷ്ട്രയിലെ കുംഭാരരില്‍ (കളിമണ്‍ പാത്ര നിര്‍മ്മാണ ജാതിക്കാര്‍) ജനിച്ച ഗോര കുംഭാര്‍ (1267-1317) മറ്റൊരു പ്രമുഖ സന്യാസിയായിരുന്നു മഹര്‍ എന്ന അയിത്തജാതിയില്‍ ജനിച്ച ചൊക്കമേള (1292-1338), പതിമൂന്നും പതിനാലും നൂറ്റാണ്ടുകളില്‍ മഹാരാഷ്ട്രയിലെ വര്‍ക്കാരി ഭക്തി പ്രസ്ഥാനത്തിലെ അതിപ്രമുഖനായ ഒരു സന്യാസിയായിരുന്നു. നന്ദനാരെപ്പോലെതന്നെ, മഹര്‍ എന്ന അയിത്തജാതിയില്‍ ജനിച്ച ഇദ്ദേഹത്തിന് പന്തര്‍പ്പൂറിലെ വിദോഭ വിഗ്രഹത്തെ പൂജിക്കണമെന്ന് ആഗ്രഹമുണ്ടായി. നന്ദനാരെപ്പോലെ തന്നെ ഇദ്ദേഹത്തേയും ബ്രാഹ്മണ പുരോഹിതര്‍ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കുവാന്‍ അനുവദിച്ചിരുന്നില്ല. രോഷാകുലനായ അദ്ദേഹം ബ്രാഹ്മണപൂജാരിമാരെയും ജാതിയുടെ അധികാരത്തെയും കടന്നാക്രമിച്ചു. ചൊക്കമേളയുടെ മകനായ കാരമേളയും തന്റെ അഭംഗുകളിലൂടെ (പദ്യം) ദൈവത്തെ ശപിക്കുകയു ണ്ടായി8 

മഹാരാഷ്ട്രയിലെ വര്‍ക്കാരി പ്രസ്ഥാനത്തിലെ മറ്റൊരു അതികായക നായിരുന്നു തുക്കാറാം(1598-1649. കുന്‍ബി എന്ന പിന്നോക്കജാതിയില്‍ ജനിക്കുകയും പതിനേഴാം നൂറ്റാണ്ടില്‍ ശിവാജി മഹാരാജിന്റെ മതാധ്യാപകനാവുകയും ചെയ്ത ഈ കവിയായ സന്യാസിവര്യന്‍ മനസ്സുലയ്ക്കുന്ന 4607 പദ്യങ്ങളടങ്ങിയ ബൃഹത്തായ ഒരു രചന,അഭംഗ്,നടത്തുകയുണ്ടായി. അദ്ദേഹത്തിന്റെ കവിതകളില്‍ നിര്‍ഭയമായ സാമൂഹ്യ വിമര്‍ശനവും, ജാതിയേയും, മതപരമായ അന്ധവിശ്വാസങ്ങളേയും, ബ്രാഹ്മണരുടെ കപടമുഖത്തെയും വെളിപ്പെടുത്തുന്നവ ഉണ്ടായിരുന്നു.9 താഴ്ന്ന ജാതിക്കാര്‍ക്കു നേരെയുള്ള സാമൂഹ്യഅനീതികള്‍ക്കെതിരെ പോരാടിയ കവിയായിരുന്നു തുക്കാറാം. അതിനാല്‍ ബ്രാഹ്മണര്‍ അദ്ദേഹത്തെ ശക്തിയായി നിന്ദിക്കുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്തു. അദ്ദേഹത്തിന്റെ കവിതകള്‍ നദിയിലേയ്‌ക്കെറിയപ്പെട്ടു. പ്രമുഖ മറാത്തി ഗ്രന്ഥകാരന്‍ എ.എച്ച്. സലുങ്കെ പ്രസ്താവിക്കുന്നത് തുക്കാറാം ബ്രാഹ്മണരാല്‍ കൊല്ലപ്പെട്ടു വെന്നാണ്.10 തുക്കാറാമിന്റെ മരണത്തെക്കുറിച്ചും ബ്രാഹ്മണര്‍ ഒരു കഥ മെനഞ്ഞിട്ടുണ്ട്. അതിന്‍ പ്രകാരം ദൈവം പുഷ്പക് എന്നു വിളിക്കുന്ന ഒരു വിമാനത്തെ അയയ്ക്കുകയും. അദ്ദേഹത്തെ ഭൂമിയില്‍ നിന്നും പൊക്കിയെടുത്ത് സ്വര്‍ഗ്ഗത്തിലേയ്ക്കു പറന്നുവെന്നുമാണ്. നന്ദനാര്‍, രാമലിംഗസ്വാമി, രവിദാസ്, ചൊക്കമേള, തുക്കാറാം ഇവര്‍ക്കെല്ലാമുള്ള പൊതുവായ സവിശേഷതയെന്തെന്നാല്‍ ഇവരെല്ലാം ഭക്തി പ്രസ്ഥാനവു മായി ബന്ധപ്പെട്ട സാമൂഹ്യ വിപ്ലവകാരികളായ കവികളായിരുന്നു. അടുത്ത ശ്രദ്ധാര്‍ഹമായ സവിശേഷത, ഇവര്‍ക്കെല്ലാം അസ്വാഭ്വാവികമായ മരണമാണുണ്ടായിരുന്നത്. ഏറിയ പേരും പുരോഹിതവര്‍ഗ്ഗത്തിന്റെ ഗുഢാലോചനയാല്‍ കൊല്ലപ്പെടുകയാണ് ചെയ്തത്.

മഹാരാഷ്ട്രയില്‍ ഡോ. അംബേദ്ക്കറുടെ സമകാലികനായിരുന്ന ഗാഡ്‌ജെ മഹാരാജും ദൈവികോപാസന പ്രസ്ഥാനത്തെ പ്രതിനിധീകരിക്കുന്നുണ്ട്. അദ്ദേഹം കൂടുതല്‍ വിപ്ലവാത്മകമായ തരത്തില്‍ താഴ്ന്ന ജാതിക്കാര്‍ക്കു നേരെയുള്ള ചുഷണത്തിനും, ജാതിക്കും, അസമത്വത്തിനും, ദൈവത്തിനു മെതിരായിരുന്നു. അത്തരത്തിലുള്ള തീവ്ര വിപ്ലവചിന്തകള്‍ക്കു ടമയായതിനാല്‍ നിരവധി വിഷയങ്ങളില്‍ ഡോ. അംബേദ്ക്കര്‍ പോലും അദ്ദേഹവുമായി കൂടിയാലോചനകള്‍ നടത്തിയിരുന്നു.

ഇന്നത്തെ ഒറീസാ സംസ്ഥാനത്ത്, ബൗറികള്‍ അഥവാ ബതൗറികള്‍ എന്നറിയപ്പെടുന്ന ഒരു ദളിത് ജാതിക്കാര്‍ മൗലികമായി ബുദ്ധിസ്റ്റു കളായിരുന്നു. എന്നാല്‍ പിന്നീടവര്‍ നിരന്തരം പീഡനങ്ങള്‍ക്കു വിധേയരാക്കപ്പെട്ടു. എ.ഡി.1450 നും 1600 നുമിടയിലാണ് ഒറീസ്സയിലെ ഭക്തിപ്രസ്ഥാനം സാമൂഹ്യ പ്രതിഷേധ പ്രസ്ഥാനത്തിന്റെ രൂപമാര്‍ജ്ജിച്ചത്. ശൂദ്രമുനി എന്നു വിളിക്കപ്പെട്ടിരുന്ന സരളാദാസ് എന്ന ഒരു കവിയായിരുന്നു ഈ പ്രസ്ഥാനത്തിന്റെ സ്ഥാപകന്‍. ശൂദ്രര്‍ക്ക് മത സാഹിത്യം അഭ്യസിക്കാനുള്ള അവകാശ നിരോധനത്തെ മറ്റു ദളിത് സന്യാസിവര്യന്മാര്‍ക്കൊപ്പം അദ്ദേഹവും വെല്ലുവിളിച്ചു. പത്തൊന്‍പതാം നൂറ്റാണ്ടില്‍, മഹിമാ ഗോസാവിയുടെ സ്ഥാപകത്വത്തിലുള്ള മഹിമ ധര്‍മ്മ പ്രസ്ഥാനത്തിനു ഇന്നത്തെ ഒറീസ്സ സാക്ഷ്യം വഹിച്ചു. അദ്ദേഹത്തിന്റെ പ്രബോധനങ്ങള്‍ നിരവധി ബുദ്ധിസ്റ്റ് ആചാരങ്ങള്‍ ഉള്‍പ്പെട്ടവയായിരുന്നു. മഹിമ ധര്‍മ്മ പ്രസ്ഥാനം ബുദ്ധിസത്തേയും ജഗന്നാഥിനേയും അനുരൂപമായി കണക്കാക്കിയിരുന്നു. പൗരോഹിത്യ നിയന്ത്രണത്തില്‍ നിന്നും ജഗന്നാഥ ക്ഷേത്രത്തെ വിമോചിപ്പിക്കുന്നതിനായി 1881-ല്‍ നടന്ന പ്രക്ഷോഭം ഈ പ്രത്യയശാസ്ത്രത്തിന്റെ പരിണിതഫലമാണ്. അതിന്റെ ഭാഗമായി ദശാറാമിന്റെ നേതൃത്വത്തില്‍ സ്ത്രീകളും പുരുഷന്മാരു മടങ്ങിയ ഒരു സംഘം ബലാല്‍ക്കാരമായി ക്ഷേത്രത്തില്‍ പ്രവേശിച്ചു. പിന്നീട് ബ്രാഹ്മണ എഴുത്തുകാര്‍ അതിനെ വിശേഷിപ്പിച്ചത് വിഗ്രഹം മോഷ്ടിക്കുവാനുള്ള താഴ്ന്ന ജാതിക്കാരുടെ ഒരു ശ്രമമെന്ന നിലയിലായിരുന്നു. അടിസ്ഥാനപരമായി അത് വിശേഷാധികാരങ്ങളുള്ള വിഭാഗങ്ങളിലെ പ്രഖ്യാപിത മതാധികാരികളെ വെല്ലുവിളിക്കുവാനും ക്ഷേത്ര പ്രവേശനത്തിനുള്ള തങ്ങളുടെ അവകാശം ഉറപ്പിക്കുന്നതിനു മായുള്ള താഴ്ന്ന ജാതിക്കാരുടെ അപൂര്‍ണ്ണമായ പരിശ്രമമായിരുന്നു.

ഇന്ത്യയുടെ തെക്കന്‍ പ്രദേശങ്ങളില്‍, പ്രത്യേകിച്ച് മുന്‍പത്തെ മൈസൂര്‍ രാജ്യത്ത്, പന്ത്രാണ്ടാം നൂറ്റാണ്ടോടുകൂടി ലിംഗായത്ത് പ്രസ്ഥാനം ഉദയം കൊള്ളുകയും വേദങ്ങളുടെ ആധികാരികത, പുനര്‍ജന്മത്തെക്കുറിച്ചുള്ള ആശയം തുടങ്ങിയ അടിസ്ഥാന ഹിന്ദു -ബ്രാഹ്മണ സങ്കല്‍പ്പങ്ങളെ വര്‍ദ്ധിച്ചതോതില്‍ ചോദ്യം ചെയ്യാനാരംഭിക്കുകയും ചെയ്തു. അതിനും പുറമേ പ്രായപൂര്‍ത്തി വിവാഹം, വിധവാ പുനര്‍വിവാഹം തുടങ്ങിയ ബ്രാഹ്മണിക്കല്‍ വിരുദ്ധമായ ആചാരങ്ങളെ, പ്രോല്‍സാഹിപ്പിക്കുകയും ചെയ്തു. ബാസവേശ്വരന്റെ വീരശൈവപ്രസ്ഥാനം (ബസവേശ്വരന്‍ ജന്മം കൊണ്ട് ഒരു ബ്രാഹ്മണനായിരുന്നു). ജാതിരഹിത സമൂഹത്തിനും, സാര്‍വ്വലൗകിക സാഹോദര്യത്തിനും, മനുഷ്യര്‍ക്കിടയിലെ പരസ്പര സമത്വത്തിനും വേണ്ടി നിലകൊണ്ടു. അതിന്റെ ഫലമായി അത് പൗരോഹിത്യത്തിനെതിരെ പോരാടി.11 ബ്രാഹ്മണര്‍ക്കെതിരായിട്ടാണ് അത് ഉദയംകൊണ്ടത്. ശൈവസമ്പ്രദായത്തിലുളള ഒരു പ്രതിഷേധ പരിഷ്‌ക്കരണ പ്രസ്ഥാനമായ വീരശൈവിസത്തിന് കര്‍ണ്ണാടകയിലെ പല ഭാഗങ്ങളിലും അതിന്റേതായ വേരുകളുണ്ടായിരുന്നു. ജൈനചക്രവര്‍ത്തിയായ ബിജ്ഡയ്ക്കുകീഴില്‍ പ്രധാനമന്ത്രിയായും ഖജാന്‍ജിയായും ബസവ സേവനമനുഷ്ഠിച്ചിട്ടുണ്ടാ യിരുന്നു. അത് രാജകീയ രക്ഷാധികാരവും ജനപിന്തുണയും ലഭിക്കാന്‍ അദ്ദേഹത്തിന് സഹായകരമായി. വിജയനഗര ത്തിലെ രാജാവ്, മൈസൂര്‍ രാജകുടുംബം എന്നങ്ങനെ വിവിധ ഭരണാധികാരികളില്‍നിന്നും രാജകീയ രക്ഷാകര്‍തൃത്വം വീരശൈവിസ ത്തിനു ലഭിച്ചിരുന്നു.

ബ്രാഹ്മണരുടെ ജാതിബോധത്തിന്റെ അടിത്തറ കെട്ടിപ്പടുത്തിരിക്കുന്ന പ്രബലമായ തത്വശാസ്ത്രങ്ങളിലും മൗലികമായ മൂല്യങ്ങളിലും വ്യത്യാസം വരുത്തുന്നതിനും, നിയമാനുസൃതമുള്ള അധികാരാവകാശങ്ങളില്‍ മാറ്റം വരുത്തുന്നതിനും സുസ്ഥാപിത നിയമങ്ങളില്‍ പരിവര്‍ത്തനം കൊണ്ടു വരുന്നതിനും വീരശൈവ പ്രസ്ഥാനത്തിന്റെ മാര്‍ഗ്ഗം കാരണമായി. ഒരു പുതിയ സാമൂഹ്യക്രമത്തിന്റെ നിയമാനുസൃതമായ സംസ്ഥാപനത്തെ അതു പ്രവചിച്ചു. ബ്രാഹ്മണരാല്‍ പരിരക്ഷിക്കപ്പെട്ടതും രൂപകല്‍പ്പന ചെയ്യപ്പെട്ടതുമായ വിശ്വാസങ്ങളുടേയും ആചാരാനുഷ്ഠാനങ്ങളുടേയും സമാഹാരങ്ങള്‍ക്കെതിരെ തീക്ഷ്ണമായ ഒരു കുരിശുയുദ്ധം തന്നെ ഈ പ്രസ്ഥാനം നടത്തി. ഇത്തരം ആചാരാനുഷ്ഠാനങ്ങള്‍ അനീതിക്കും വേര്‍തിരിവിനും കുടപിടിക്കുകയും സാമ്പത്തികാധികാരത്തിലേയ്ക്കുള്ള പ്രവേശനത്തെ ഇടുങ്ങിയതാക്കുകയും ചെയ്യുന്നതിനാല്‍ അവര്‍ ഇവയ്‌ക്കെതിരെ പ്രതിഷേധിച്ചു.12 ഈ പ്രസ്ഥാനം മതപരമായ മേഖലയിലും സാമൂഹ്യ സദാചാരബോധത്തിലും പരിഷ്‌ക്കരണം മാത്രമല്ല പരിവര്‍ത്തനോന്മുഖമായ മാറ്റങ്ങളും കൊണ്ടു വന്നു.13 നിര്‍ഭാഗ്യവശാല്‍ വീരശൈവപ്രസ്ഥാനവും ജാതിസംസ്‌ക്കാരത്തിന്റെ ഇരയായി മാറി.

18-ാം നൂറ്റാണ്ടില്‍ മധ്യേന്ത്യന്‍ പ്രവിശ്യകളായ മധ്യപ്രദേശിലും ഛത്തീസ്ഗറിലും ഒരു ജീവിത രീതിയെന്ന നിലയില്‍ അജ്ഞതയും, നിരക്ഷരതയും, അന്ധവിശ്വാസവും, ജാതിയും നിലനില്‍ക്കുന്നതിനെതിരെ ഗുരു ഘാസിദാസിന്റെ നേതൃത്വത്തില്‍ (1756-1850) സത്‌നാമി പ്രസ്ഥാനം ഉദയം ചെയ്തു. ഛത്തീസ്ഗറിലെ റായ്പൂര്‍ ജില്ലയില്‍ ഗിരൗദ് എന്ന ചെറുഗ്രാമത്തിലാണ് 1756-ല്‍ ഈ പ്രസ്ഥാനത്തിന്റെ സ്ഥാപകനായ ഗുരുഘാസിദാസ് ജനിച്ചത്. സമൂഹത്തില്‍ നടമായിടിരുന്ന അസമത്വങ്ങളും ചൂഷണവും, വിവേചനവും ബാല്യ കാലം മുതലേ ഘാസിദാസിനെ ആഴത്തില്‍ ദുഃഖിപ്പിച്ചിരുന്നു. താന്‍ രൂപമില്ലാത്ത ദൈവത്തില്‍ വിശ്വസിച്ചിരുന്നതിനാല്‍ ഒരു ദിവസം വീട്ടിലുണ്ടായിരുന്ന കല്ലിലുണ്ടാക്കിയ എല്ലാ പരമ്പരാഗത ദേവീദേവന്‍മാ രേയും അദ്ദേഹം അടുത്തുള്ള തടാകത്തിലേയ്‌ക്കെറിഞ്ഞു. ഘാസിദാസിന്റെ ഈ പ്രവൃത്തി കാരണം അദ്ദേഹത്തിന് തീക്ഷ്ണമായ വിമര്‍ശനവും മോശമായ പെരുമാറ്റവുമാണ് മറ്റുള്ളവരില്‍ നിന്നും ലഭിച്ചത്. തന്റെ ജീവിതത്തിന്റെ ആദ്യ കാലത്തു തന്നെ വീടുപേക്ഷിക്കുവാനും സത്യമന്വേഷിക്കുവാനും ഈ സംഭവം ഇടയാക്കി.

അഗാധമായ ചിന്തകള്‍ക്കു ശേഷം 'ജയ് സത്‌നാം' അതായത് 'സത്യം ദൈവമാണ്''എന്ന പ്രഖ്യാപനത്തോടെ അദ്ദേഹം സത്‌നാമി പ്രസ്ഥാനത്തിന് രൂപം നല്‍കി. എങ്ങിനെയാണ് ഒരാള്‍ അശുദ്ധനും അസ്പൃശ്യനു മാകുമ്പോള്‍ മറ്റൊരാള്‍ ശുദ്ധനും സ്പൃശ്യനുമാകുന്നത് തുടങ്ങിയുള്ള അടിസ്ഥാനപരമായ അന്വേഷണങ്ങള്‍ അദ്ദേഹത്തിന്റെ പ്രബോധനങ്ങളില്‍ ഉള്‍പ്പെട്ടിരുന്നു. ഭഗവാന്‍ ബുദ്ധന്റെ മാര്‍ഗ്ഗത്തിലുള്ളതുപോലെ, ഇദ്ദേഹവും, വിധിവിശ്വാസസിദ്ധാന്തം, ജന്മ-പുനര്‍ജന്മ ചക്രം, ദൈവം, ആരാധന, പൗരോഹിത്യം എന്നിവയെ തിരസ്‌ക്കരിച്ചു.

ഇത്തരത്തിലുള്ള വിശ്വാസങ്ങളെല്ലാം തന്നെ മനുഷ്യനെ അടിമയാക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്ന് അദ്ദേഹം ധൈര്യസമേതം പ്രഖ്യാപിച്ചു. ദളിതര്‍ക്കും, ആദിവാസികള്‍ക്കും, പിന്നോക്കവിഭാഗങ്ങള്‍ക്കും ദരിദ്രര്‍ക്കുമിടയില്‍ നിന്ന് വലിയൊരു അനുയായി വൃന്ദത്തെ ഗുരു ഘാസിദാസ് സൃഷ്ടിക്കുകയും സ്വന്തം അവകാശങ്ങള്‍ക്കുവേണ്ടി സംഘടിക്കുവാന്‍ അവരെ പഠിപ്പിക്കുകയും ചെയ്തു. കായികാദ്ധ്വാനം വേണ്ടിവരുന്ന വൃത്തിഹീനമായ തൊഴിലുകള്‍ ചെയ്യരുതെന്നും അങ്ങനെ ചെയ്താല്‍ അവ അവരുടെ തന്നെ അധിക്ഷേപത്തിനും അപമാനത്തിനും കാരണമാവുമെന്നും അദ്ദേഹം ഉപദേശിച്ചു. ദൈവങ്ങളെ ആരാധിക്കുന്നത് അവസാനിപ്പിക്കണമെന്നും ആരാണോ ദൈവങ്ങള്‍ക്കുമേല്‍ കുത്തക അവകാശപ്പെടുന്നത് എല്ലാ ദൈവങ്ങളേയും അവര്‍ക്കു തന്നെ സംഭാവന നല്‍കുവാനും അദ്ദേഹം ഗര്‍ജ്ജിച്ചു. ദൈവാരാധനയെന്നാല്‍ കേവലം സമയം പാഴാക്കലല്ലാതെ മറ്റൊന്നുമല്ലെന്ന് അദ്ദേഹം പ്രസ്താവിച്ചു.

ഗുരു ഘാസിദാസും അദ്ദേഹത്തിന്റെ പ്രസ്ഥാനവും ജാതിവ്യവസ്ഥ യ്‌ക്കെതിരെ മാരകമാംവിധം എതിരായിരുന്നു. 1842-ല്‍ റെയ്പൂര്‍ ജില്ലിയിലെ തെലാസിയില്‍ ജാതി വ്യവസ്ഥയ്‌ക്കെതിരെ ഗുരു ഒരു മഹാസമ്മേളനം വിളിച്ചുകൂട്ടുകയും ജാതിരഹിത സമൂഹം സൃഷ്ടിക്കുകയാണ് തന്റെ പ്രസ്ഥാനത്തിന്റെ ലക്ഷ്യമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഗുരു ഘാസിദാസിന്റെ വിപ്ലവകരമായ പരിശ്രമങ്ങള്‍ക്കു നേരെ സമൂഹത്തിലെ പ്രതിലോമ ശക്തികള്‍ അസഹിഷ്ണുക്കളാവുകയും അങ്ങനെ 1850-ല്‍ അദ്ദേഹം വധിക്കപ്പെടുകയും ചെയ്തു.

തമിഴ്‌നാട്ടിലാകട്ടെ, 1892-ല്‍ ആര്‍ ശ്രീനിവാസന്‍ സ്ഥാപിച്ച ആദിദ്രാവിഡ മഹാജനസഭ, തമിഴ് പറയരുടെ ആദ്യ സംഘടനയായി കണക്കാക്കാ വുന്നതാണ്. 1893-ല്‍ അദ്ദേഹം അയിത്തജാതിക്കാരുടെ ആദ്യ സമ്മേളനം വിളിച്ചുകൂട്ടുകയും അയിത്തത്തിനെതിരെ ഒരു തുറന്ന യുദ്ധം പ്രഖ്യാപിക്കുകയും ചെയ്തു. 1895 ഒക്‌ടോബര്‍ 7 ന്, അദ്ദേഹം മദ്രാസിലെ വിക്‌ടോറിയ ഹാളില്‍ രണ്ടാമത്തെ ദളിത് സമ്മേളനം സംഘടിപ്പിച്ചു. 1918 വരെ മദ്രാസ് പ്രവിശ്യയില്‍ ദളിതര്‍ ഔദ്യോഗിക മായി അറിയപ്പെട്ടിരുന്നത് പറയരെന്നായിരുന്നു. 1918-ല്‍ ആദിദ്രാവിഡ മഹാജനസഭ തങ്ങളുടെ വിളിപ്പേര് പറയരില്‍ നിന്നും ആദി ദ്രാവിഡ യെന്നാക്കി മാറ്റണമെന്ന് ഗവണ്‍മെന്റിനോട് ശക്തിയായി ആവശ്യപ്പെട്ടു. അതോടൊപ്പം തന്നെ 1922-ല്‍ പ്രവിശ്യാനിയമസഭയില്‍ ഇതിനുവേണ്ടിയൊരു പ്രമേയവും പാസ്സാക്കപ്പെട്ടു.

ദക്ഷിണേന്ത്യയില്‍ നിന്നുള്ള ഒരു പണ്ഡിതനായ ആര്‍. ശ്രീനിവാസന്‍, ഡോ. അംബേദ്ക്കറുടെ അടുത്ത സഹപ്രവര്‍ത്തകനായിരുന്നു. ആദ്യ ദ്രാവിഡ മഹാജനസഭയുടെ നാമധേയത്തില്‍ മൂന്നു വട്ട മേശാ സമ്മേളനങ്ങളിലും അദ്ദേഹം ഡോ. അംബേദ്ക്കര്‍ക്കൊപ്പം പങ്കെടുത്തു. ദരിദ്രമായ ഒരു ആദിദ്രാവിഡ കുടുംബത്തില്‍ 1859 ജൂലൈ 7നാണ് ശ്രീനിവാസന്‍ ജനിച്ചത്. ദളിതരെ ഉണര്‍ത്തുന്നതിനായി 1892-ല്‍ അദ്ദേഹം പറയന്‍ എന്ന വര്‍ത്താമാനപത്രം തുടങ്ങി. അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും സമുജ്ജ്വലമായ കാലഘട്ടമായിരുന്നു വട്ടമേശാ സമ്മേളനങ്ങള്‍. പക്ഷേ 1935-ല്‍ മതംമാറ്റ വിഷയത്തിന്‍മേല്‍ ആള്‍ ഇന്ത്യാ ഡിപ്രസ്സ്ഡ് ക്ലാസ്സസിന്റെ പ്രസിഡന്റായ എം.സി. രാജയെപ്പോലെ അദ്ദേഹവും ഡോ. അംബേദ്ക്കറുമായി വിയോജിക്കുകയും 1945-ല്‍ നിര്യാതനാകുന്നതുവരെ അംബേദ്ക്കര്‍ പ്രസ്ഥാനത്തില്‍ നിന്നും അകന്നു നില്‍ക്കുകയും ചെയ്തു. ഡോ. അംബേദ്ക്കര്‍ക്കൊപ്പം പൂനാ ഉടമ്പടിയില്‍ ഒപ്പുവച്ചവരില്‍ ഒരാള്‍ അദ്ദേഹമായിരുന്നു.
---------------------------------------------------
പരിഭാഷ: യു പി അനില്‍കുമാര്‍