"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, സെപ്റ്റംബർ 9, ബുധനാഴ്‌ച

നടരാജഗുരുവും ഞാനും - നിത്യ ചൈതന്യ യതി

നടരാജഗുരു
എന്നോടൊത്തുള്ള ഗുരുവിന്റെ വാസകാലത്ത് ഓരോ സായാഹ്നവും എനിക്ക് കാമുകീ കാമുകന്മാ രുടെ സായാഹ്നങ്ങള്‍ പോലെ സുന്ദരമായിരുന്നു. പാതയോരത്ത് ഒരു പേരാല്‍ വൃക്ഷവും, അതിന്റെ ചുവട്ടില്‍ ഒരു കരിങ്കല്‍ പീഠവും ഉണ്ട്. ചിലപ്പോള്‍ രാത്രി ഏറെ വൈകുന്നതു വരേയും ഞങ്ങളൊരു മിച്ച് ആ മരച്ചുവട്ടില്‍ ഇരിക്കും. ജീരകവും വെല്ലവും (ശര്‍ക്കര) ചേര്‍ത്തുണ്ടാക്കിയ ഒരു പ്രത്യേകതരം കാപ്പി ഒരു മൊന്തയില്‍ അടുത്തുണ്ടാ കും. അതില്‍നിന്നും തുടരെത്തുടരെ ജീരകക്കാപ്പി കപ്പുകളില്‍ നിറച്ച്, കുറേശ്ശെ കുറേശ്ശെയായി മുത്തിക്കുടിച്ചു കൊണ്ടിരിക്കും. ഗുരു ഓരോ സായാഹ്നത്തിലും നാരായണ ഗുരുവിനോടൊത്ത് അദ്ദേഹം ജീവിച്ച നാളുകളെക്കുറിച്ചുള്ള ഓരോരോ കഥകള്‍ പറയും. നാരായണ ഗുരു വന്നു പിറന്ന സാഹചര്യങ്ങളുടെ പരിതാപകരമായ അവസ്ഥകളെക്കുറിച്ചും, ഉത്കൃഷ്ടമായ വശങ്ങളെക്കു റിച്ചും, മനസിലാക്കാന്‍ ആ കഥകള്‍ എനിക്ക് വളരെയധികം സഹായക മായി. നാരായണ ഗുരുവിന്റെ കൃതികളിലെ നിഗൂഢാര്‍ത്ഥങ്ങള്‍ വെളിവാക്കുന്ന വളരെയധികം രഹസ്യങ്ങള്‍ അദ്ദേഹം എനിക്ക് പറഞ്ഞു തന്നു. മറ്റേതൊരു മഹാഗുരുവിന്റെ വചനങ്ങളേയും അതിശയിക്കുന്നതാ യിരുന്നില്ല അവയെങ്കിലും അത് എല്ലാ മഹാഗുരുക്കന്മാരുടെയും ഉപദേശങ്ങളുമായി സമതുല്യത ഉള്ളവയായിരുന്നു. ഇതെല്ലാം ഗുരുവിന്റെ മഹത്വത്തെക്കുറിച്ച് എന്നെ പൂര്‍വാധികം ബോധവാനാക്കി. നിര്‍ലജ്ജമായ വര്‍ഗീയത എന്ന കൂര്‍ത്ത നഖങ്ങള്‍ കൊണ്ട് ഗുരുവിനെ അള്ളിപ്പിടിച്ചു നിന്നിരുന്ന ഒരു സമുദായത്തിന്റെ, പ്രാകൃതത്വം നിറഞ്ഞതും അസംസ്‌കൃതവും അന്തസാര ശൂന്യവും ബുദ്ധിശൂന്യവുമായ ചെയ്തികളുടെ ബീഭത്സതയെ വെളിപ്പെടുത്തുന്ന ഒട്ടനവധി ഉപകഥകളും ഗുരു എന്നോട് പറയുകയുണ്ടായി. 'ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്' എന്ന ഗുരുവിന്റെ മഹദ്വചനം ഉദ്ധരിക്കുന്ന വരാണെങ്കിലും ഈ മനുഷ്യര്‍, ജാത്യഭിമാനം എന്ന ചെളിക്കുണ്ടില്‍ രക്ഷപ്പെടാനാവാത്ത വിധം ആണ്ടുപോയിരിക്കുന്നു. വിദ്യാസമ്പന്നരെന്നും പരിഷ്‌കൃതാ ശയരെന്നും അഭിമാനിക്കുന്നവര്‍ പോലും ഇതര സമുദായങ്ങളെ നോക്കിക്കാണുന്നത് കടുത്ത ജാതീയതയുടേതായ മുന്‍വിധികള്‍ വെച്ചുകൊണ്ടാണ്. സാമൂഹ്യമായ അന്ധത കാരണം ഇവര്‍ക്കാര്‍ക്കും മറ്റൊരു സമുദായക്കാരനെ വിശ്വസിക്കാന്‍ കഴിയുന്നില്ല. സമുദായത്തിന് ആകമാനം ഒരു തരം പീഢനഭ്രാന്ത് ബാധിച്ചിരിക്കുന്നതു പോലെയാണ് കാണപ്പെടുന്നത്. ജീവിതത്തില്‍ അഭിമുഖീകരിക്കേണ്ടി വരുന്ന എല്ലാ പ്രശ്‌നങ്ങളേയും ഇവര്‍ വ്യാഖ്യാനിക്കുന്നത് സവര്‍ണ മേധാവിത്വത്തിന്റെ ദൂഷ്യഫലങ്ങളായിട്ടാണ്. ഇത് അവരുടെ സങ്കുചിതമായ സാമൂഹ്യ മനസിനു പിടിപെട്ടിരിക്കുന്ന ഒരു മാറാ രോഗമായിട്ടാണ് ഗുരു കരുതിയത്. 'നാരായണഗുരു ഞങ്ങളുടെ സമുദായത്തില്‍ പെട്ടവനാണെന്ന്' വിചാരിച്ച് അഭിമാനി ക്കുന്ന പലരുടേയും മനസിന്റെ അടിത്തട്ടില്‍, അവര്‍ കള്ളു ചെത്തിയും മദ്യം ഉണ്ടാക്കിയും ജീവിച്ചിരുന്ന പാരമ്പര്യത്തില്‍ നിന്നുളവായ സാമൂഹ്യമായ ഒരു വടു ഉണ്ട്. കേരളം പൊതുവേ ഒരു 'കര്‍മഭൂമി' ആയതിനാല്‍ കേരളീയര്‍ക്കൊരിക്കലും ധ്യാനശീലനായ ഒരുവനെ വെച്ചു പൊറുപ്പിക്കുവാന്‍ ആവില്ല. ശ്രീശങ്കരനു തന്നെ ഭാരതത്തിന്റെ വടക്കേ അറ്റത്തേക്കു ഓടിപ്പോകേണ്ടി വന്നത് അതുകൊണ്ടാണ്.

എല്ലാ വൈകുന്നേരവും ഗുരു പറയാറുള്ള കഥകള്‍, മൂന്നു മണിക്കൂര്‍ വരെ ദൈര്‍ഘ്യമുള്ള ഒരു ക്ലാസു പോലെയായിരുന്നു. സാമൂഹ്യ ശാസ്ത്രത്തിലും ഭാരതീയ സംസ്‌കാര പാരമ്പര്യത്തിലും ഗുരു എനിക്ക് പുതിയ പാഠങ്ങള്‍ നല്കുകയായിരുന്നു. ഭാരതത്തില്‍ ഗുരുക്കന്മാരെ പീഢിപ്പിച്ചിരുന്നത് കുരുശില്‍ തറച്ചുകൊണ്ടല്ല, പകരം അവരെ ദൈവമായി ഉയര്‍ത്തി മറ്റു മുപ്പത്തി മുക്കോടി ദൈവങ്ങളുടെ ഇടക്ക് ഒരു പീഠത്തില്‍ പ്രതിഷ്ഠിച്ച് പൂജിച്ചുകൊണ്ടാണ്. ഇവിടെ ഗുരുക്കന്മാരെ ഒറ്റിക്കൊടു ക്കുകയും ക്രൂശിക്കുകയും ചെയ്തിട്ടുള്ളത്. ഭക്തിപരമായ പൂജാദി കാര്യങ്ങള്‍ക്കു ഒരിക്കലും ദൗര്‍ലഭ്യം ഉണ്ടാവുകയില്ല; പക്ഷെ ഒരു യഥാര്‍ത്ഥ ജ്ഞാനി എന്താണോ പറയുന്നത് അത് ശ്രദ്ധിച്ചു കേള്‍ക്കാന്‍ ആരും കാണുകയില്ല. SNDP യോഗം സ്ഥാപിച്ചത് ഗുരുവിന്റെ സ്വന്തം പിതാവും കൂടി ചേര്‍ന്നായിരുന്നെങ്കിലും അത് ശരിക്കും ഒരു വര്‍ഗീയ സംഘടനയായി മാറിയിരിക്കുന്നത് എപ്രകാരമാണെന്ന് ഗുരു എനിക്ക് വ്യക്തമായി കാണിച്ചു തരികയുണ്ടായി. അങ്ങനെ ഓരോ പകലും ഓരോ രാത്രിയും ഞാന്‍ നാരായണ ഗുരുവിനെ കുറിച്ച് കൂടുതല്‍ കൂടുതല്‍ പഠിച്ചുകൊണ്ടിരുന്നു. (പേജ് 53,54)

പുസ്തകം: നടരാജഗുരുവും ഞാനും - നിത്യ ചൈതന്യ യതി
പരിഭാഷ: സാധു ഗോപിനാഥ്
പ്രസാധനം: നാരായണ ഗുരുകുല ഫൗണ്ടേഷന്‍.
വിലാസം: നാരായണഗുരുകുല (Hq),
ശ്രീനിവാസപുരം പി ഒ,
വര്‍ക്കല, കേരള. 695 145.
ഫോണ്‍: 0470 2602398

(ചിത്രം ഇന്റര്‍നെറ്റില്‍ നിന്നും)