"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, സെപ്റ്റംബർ 16, ബുധനാഴ്‌ച

മലയാളി മെമ്മോറിയല്‍ - ദളിത്‌ ബന്ധു എന്‍ കെ ജോസ്

സര്‍,
അങ്ങ് ഒന്ന് ഓര്‍മ്മിക്കണം,

കേരളത്തില്‍ ജാതി അടിസ്ഥാനത്തില്‍ ഉദ്യോഗസംവരണം വേണമെന്ന് ആദ്യം ആവശ്യപ്പെട്ടത് 1891ല്‍ സമര്‍പ്പിക്കപ്പെട്ട മലയാളി മെമ്മോറിയലിലൂടെയാണ്. കെ.പി. ശങ്കര മേനോന്‍ ഒന്നാം പേരു കാരനായി 10038 തിരുവിതാം കൂറുകാര്‍ ഒപ്പുവച്ച് അക്കൊല്ലം ജനുവരി 11-ാം തീയതി, മൂലംതിരുനാള്‍ രാമവര്‍മ്മ രാജാവിന് സമര്‍പ്പിക്കപ്പെട്ട മെമ്മോറാണ്ടമാണ് മലയാളി മെമ്മോറിയല്‍ എന്നറിയ പ്പെടുന്നത്.1 സ്വന്തം രാജ്യത്തുള്ള ഭരണ കൂടത്തിലെ സേവനത്തില്‍ അര്‍ഹമായ വിഹിതം ഞങ്ങള്‍ക്ക് നിഷേധിച്ചി രിക്കുന്നത് കൊണ്ടും ഞങ്ങളെ സര്‍വ്വീസിലുള്ള ഉയര്‍ന്ന തസ്തികകളില്‍ നിന്നും വ്യവസ്ഥാപിത തന്ത്രമുപയോഗിച്ച് ഒഴിവാക്കി യിരിക്കുന്നതു കൊണ്ടുമാണ് മലയാളി മെമ്മോറിയല്‍ സമര്‍പ്പിക്കുന്നത് എന്ന് അതിന്റെ ആമുഖത്തില്‍ പറയുന്നുണ്ട്. അതില്‍ ആദ്യത്തെ 250 പേരുടെ മാത്രമേ പേരും മേല്‍വിലാസവും തൊഴിലും മറ്റും വിശദമായി അച്ചടിച്ചിരു ന്നുള്ളൂ. അതില്‍ 196 നായന്‍മാരും 44 ക്രിസ്ത്യാനികളും ബാക്കിയു ള്ളവര്‍ നമ്പൂതിരിമാര്‍, അമ്പലവാസികള്‍, ഈഴവര്‍, യൂറോപ്യന്‍മാര്‍ മുതലായ വരുമായിരുന്നു.2 അതില്‍ മൂന്നാമത്തെ പേരുകാരന്‍ ഈഴവനായ ഡോ. പല്പുവും.3 അന്ന് ദിവാനായിരുന്ന രാമറാവുവും (1887-1892) അതിന് മുമ്പ് ദിവാനായിരുന്ന രാമയ്യരും (1880-1887) മറ്റും തിരുവിതാംകൂറിലെ പൗരജനങ്ങളെ അവഗണിച്ചുകൊണ്ട് അന്യനാട്ടു കാരായ അവരുടെ സ്വന്തക്കാര്‍ക്കും ബന്ധുക്കള്‍ക്കും തിരുവിതാംകൂര്‍ സര്‍ക്കാരിലെ ഉദ്യോഗങ്ങള്‍ വീതംവയ്ക്കുന്നു എന്നതായിരുന്നു സാര്‍വ്വത്രികമായ പരാതി. അതുസംബന്ധിച്ച് തിരുവിതാംകൂറില്‍ നിന്നും ആരൊക്കയോ 1887-ല്‍ തന്നെ മദ്രാസ് ഗവര്‍ണ്ണര്‍ക്ക് പെറ്റീഷന്‍ അയച്ചിരുന്നു. അതിന്റെ കൂടുതല്‍ വിശദമായ രൂപമാണ് മലയാളി മെമ്മോറിയല്‍ എന്നുപറയാം. നീണ്ട ഒരു മെമ്മോറിയല്‍ സമര്‍പ്പണ ശൃംഖലയുടെ ആദ്യ കണ്ണിയാണത്. അതേ തുടര്‍ന്നാണ് ബദല്‍ മെമ്മോറിയലും ഈഴവമെമ്മോറിയലും എല്ലാം സമര്‍പ്പിക്കപ്പെട്ടത്.4 കെ.പി. ശങ്കരമേനോന്‍,5 ജി. പരമേശ്വരന്‍പിള്ള, സി.വി.രാമന്‍പിള്ള ഡോ. പല്‍പ്പു തുടങ്ങിയവരാണ് മലയാളി മെമ്മോറിയലിന് മുന്‍കയ്യെടുത്തത്.

2 മലയാളികള്‍ നല്‍കിയ മെമ്മോറാണ്ടം എന്നോ, മലയാളികളെ പ്രതിനിധീകരിച്ചു നല്‍കിയ മെമ്മോറാണ്ടമെന്നോ അല്ലാ മലയാളി മെമ്മോറിയല്‍ എന്നതുകൊണ്ടു ലക്ഷ്യമാക്കുന്നത്. രാമകൃഷ്ണപിള്ളയുടെ സ്വദേശാഭിമാനിക്കാര്യം പറഞ്ഞതുപോലെ തന്നെയാണ് അതും. സ്വദേശാഭിമാനിയെന്നത് ഒരു പത്രത്തിന്റെ പേരാണ്. മലയാളിയെന്നത് ഒരു സംഘടനയുടെ പേരാണ്. മലയാളി സഭ മുന്‍നിന്ന് നല്‍കപ്പെട്ട മെമ്മോറാണ്ടം എന്നാണ് അതിന്റെ അര്‍ത്ഥം. 1885 ല്‍ തിരുവനന്തപു രത്ത് സ്ഥാപിക്കപ്പെട്ട ഒരു സംഘടനയാണ് മലയാളി സഭ; ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്ഥാപിക്കപ്പെട്ട അതേവര്‍ഷം. അഭ്യസ്തവിദ്യ രായ നായന്മാരായിരുന്നു അതിലെ ഭൂരിഭാഗം അംഗങ്ങളും. അതിന്റെ ആഭിമുഖ്യത്തില്‍ സി.വി.രാമന്‍പിള്ളയുടെ പത്രാധിപത്യത്തില്‍ 6 മലയാളി എന്ന പേരില്‍ ഒരു പത്രവും 1886 മുതല്‍ പ്രസിദ്ധീകരിച്ചിരുന്നു. 1887-ല്‍ മലയാളി സഭയ്ക്ക് 900 അംഗങ്ങളും 14 ശാഖകളും അതിന്റെ ആഭിമുഖ്യത്തില്‍ 25 വിദ്യാലയങ്ങളുമുണ്ടായിരുന്നു. മലയാളി എന്നാല്‍ നായര്‍ എന്നാണ് അന്ന് ഇവിടെ നിലനിന്നിരുന്ന അര്‍ത്ഥം. 1599 -ല്‍ നടന്ന ഉദയം പേരൂര്‍ സുനഹദോസിന്റെ കാനോനുകളില്‍ പോലും 'മലയാംകാര്‍' എന്ന് പ്രയോഗിച്ചിരിക്കുന്നത് ആ അര്‍ത്ഥത്തിലാണ്.7 ബ്രാഹ്മണര്‍ ഇവിടെ വന്നപ്പോള്‍ അവര്‍ക്ക് ശൂദ്രപ്പണിചെയ്യുവാന്‍ തയ്യറായവരെ മാത്രമേ അവര്‍ മനുഷ്യരായി അംഗീകരിച്ചുള്ളൂ. ബാക്കിയുള്ളവരെല്ലാം വാനരരും അസുരന്മാരും ചണ്ഡാലരും മറ്റുമായിരുന്നു. അന്ന് ഒരു പുലയസ്ത്രീ പ്രസവിക്കുന്ന തിന് ''കുരങ്ങിടുക''എന്നാണ് പറഞ്ഞിരുന്നത്.8 മലയാം കാരും കേരളീയരും രണ്ടാണോ? ഭാഷ മലയാളവും നാടു കേരളവുമായി മാറിയതങ്ങനെയാണ്. തൊട്ടടുത്തുള്ളത് തമിഴ്ഭാഷയും തമിഴ്‌നാടുമാണ്. മദ്രാസ് എന്നത് ബ്രിട്ടീഷുകാര്‍ അവരുടെ ആവശ്യത്തിനുവേണ്ടി മെനഞ്ഞതാണ്. അവര്‍ പോയപ്പോള്‍ അതും പോയി. അപ്പുറത്ത് കന്നട ഭാഷയും കര്‍ണ്ണാടകവുമാണ്. മലയാള ഭാഷക്കാരില്‍ മലയാളിയും കേരളീയരുമുണ്ടോ?

3 ഈ മലയാളിസഭതന്നെ 1882 - ല്‍ പരദേശ ബ്രാഹ്മണര്‍ തിരുവനന്ത പുരത്ത് സ്ഥാപിച്ച സന്മതിവിലാസം സഭയുടെ അനുകരണമായിരുന്നു എന്നുപറയാം.9 അന്നിവിടെ സഭകളും സംഘടനകളുമെല്ലാം വളരെ അപൂര്‍വ്വമായിരുന്നു, ശ്രീനാരായണ ധര്‍മ്മപരിപാലനസംഘവും, സാധുജന പരിപാലന സംഘവും, കത്തോലിക്കാ മഹാജനസഭയും, നായര്‍ ഭക്തജന സംഘടനയുമെല്ലാം 20-ാം നൂറ്റാണ്ടിന്റെ സന്താനങ്ങളാണ്.

1870-ല്‍ പി. താണുപിള്ള സ്ഥാപകനേതാവായി സമാരംഭിക്കപ്പെട്ട സോഷ്യല്‍ യൂണിയനാണ് പിന്നീട് മലയാളിസഭയായി രൂപാന്തരപ്പെട്ടത്. ബിരുദധാരികളായ നായര്‍ യുവാക്കളായിരുന്നു സോഷ്യല്‍ യൂണിയനിലെ അംഗങ്ങള്‍. പി. അയ്യന്‍പ്പന്‍പിള്ള, വി.ഐ.കേശവപിള്ള, എം. കുഞ്ഞുകൃഷ്ണപ്പണിക്കര്‍, സി.വി.രാമന്‍പിള്ള, സി.എം. മാധവന്‍ പിള്ള തുടങ്ങിയവരായിരുന്നു അതിന്റെ ആദ്യകാല അംഗങ്ങള്‍. തിരുവിതാം കൂറിലെ നായന്മാരില്‍ ആദ്യമായി മദ്രാസ് യൂണിവേഴ്‌സി റ്റിയുടെ എം.ഏ.പരീക്ഷ പാസ്സായ ആളാണ് പി.താണുപിള്ള. അതൊരു വെല്ലുവിളിയായിരുന്നു ഒരു ശൂദ്രന്‍ മദ്രാസ്സ് യൂണിവേഴ്‌സിറ്റിയുടെ എം.ഏ പരീക്ഷ പാസ്സായാല്‍ താന്‍ മീശ മുറിച്ചുകളയാം എന്ന് അന്നൊരു ബ്രാഹ്മണന്‍ വെല്ലുവിളിച്ചു.10 നായന്മാരെ അന്ന് ശൂദ്രരായിട്ടാണ് പരിഗണിച്ചിരുന്നത്.11 ഉന്നത വിദ്യാഭ്യാസത്തിന് സാധ്യത കുറവായ ഒരു സാമൂഹ്യാന്തരീക്ഷമാണ് അന്നവര്‍ക്കുണ്ടായിരുന്നത്. അവരുടെ കുടുംബങ്ങള്‍ കൂട്ടുകുടുംബാടിസ്ഥാനത്തില്‍ കെട്ടിപ്പടുത്തവയാണ്. അവിടെ അമ്മാവന്‍ കുടുംബം ഭരിക്കുകയും അനന്തിരവര്‍ അമ്മാവന്റെ ശിക്ഷണത്തിന് വിധേയരാവുകയും ചെയ്തുപോന്നു. കുടുംബത്തിലെ സ്ത്രീകള്‍ക്കു ശരിയായ വിവാഹബന്ധമില്ലാതെ സംബന്ധത്തിലൂടെ ജനിച്ച കുട്ടികളാണ് മിക്ക അനന്തിരവന്മാരും. അവരുടെ സംരക്ഷണ ത്തിലും വിദ്യാഭ്യാസത്തിലും മറ്റും അമ്മാവന്മാര്‍ക്കു പ്രത്യേകമായ താല്‍പര്യമൊ ന്നുമുണ്ടായിരുന്നില്ല. അയാളുടെ കുട്ടികളും അങ്ങനെ മറ്റൊരു കുടുംബത്തില്‍ അവിടത്തെ അമ്മാവന്റെ ദയാദാക്ഷിണ്യത്തിന് വിധേയരാണ്. ഇത്തരം ഒരു അയഞ്ഞ കുടുംബവ്യവസ്ഥിതി നിലവിലുള്ള മറ്റൊരു ഹിന്ദു സമുദായം ഇന്ത്യയില്‍ മറ്റെങ്ങുമില്ലാ എന്ന ആക്ഷേപം അന്നേ നായന്മാര്‍ക്കെതിരായി സാര്‍വ്വത്രികമായി മുഴങ്ങിയിരുന്നു. നമ്പൂതിരിയുടെ സൗകര്യത്തിനുവേണ്ടി മെനഞ്ഞെടുത്ത വ്യവസ്ഥിതി യായിരുന്നു അത്.

4 അപൂര്‍വ്വം ചില പട്ടണങ്ങളില്‍ മാത്രമുള്ള മിഷന്‍ സ്‌കൂളുകളില്‍നിന്നും ലഭിക്കുന്ന ഉന്നത ഇംഗ്ലീഷ് വിദ്യാഭ്യാസംകൊണ്ടു മാത്രമേ അന്നു പ്രയോജനമുണ്ടായിരുന്നുള്ളൂ. തിരുവിതാംകൂര്‍ ദിവാന്‍ സര്‍.ടി മാധവറാവു സര്‍ക്കാര്‍ ജോലിയുടെ മാനദണ്ഡമായി വിദ്യാഭ്യാസം നിശ്ചയിച്ചു എന്നത് നായര്‍ക്കു സര്‍ക്കാര്‍ ഉദ്യോഗങ്ങളുടെ രംഗത്ത് ഒരു പ്രഹരമായി ഭവിച്ചു.12 അതിന് മുമ്പ് സര്‍ക്കാര്‍ ഉദ്യോഗങ്ങളുടെ യോഗ്യത ജാതിയായിരുന്നു. അത് സമൂഹത്തില്‍ തന്നെ ഒരു വലിയ മാറ്റത്തിന്റെ നാന്ദിയാണ്. അന്നുവരെ ജാതിയില്‍ താഴ്ന്നവര്‍ ജാതിയില്‍ ഉയര്‍ന്നവരുടെ മേലുദ്യോഗസ്ഥനാകാന്‍ പാടില്ലായിരുന്നു. ഒരു നായര്‍ ഓഫീസറുടെ കീഴില്‍ ഒരു ബ്രാഹ്മണന്‍ ജോലി ചെയ്യുകയില്ല. അത് മാറി വിദ്യാഭ്യാസയോഗ്യത കൂടുതലുള്ളവര്‍ ഉയര്‍ന്ന ഉദ്യോഗങ്ങളില്‍ ബ്രാഹ്മണ-നായര്‍-ശൂദ്രവ്യത്യാസം കൂടാതെ നിയമിക്കപ്പെട്ടതോടെ സമൂഹത്തിലും അത് പുതിയ ചിന്താഗതിക്കവസരം കൊടുത്തു. ഒരു വിദ്യാര്‍ത്ഥിയെ നായര്‍ കുടുംബത്തില്‍നിന്നും ഇംഗ്ലീഷ് വിദ്യാഭ്യാസ ത്തിനു അയയ്ക്കു ന്നതിനു വേണ്ടിവരുന്ന ചെലവ് അന്നത്തെ നിലയ്ക്ക് ഭാരിച്ചതു തന്നെയായിരുന്നു. അതിനാല്‍ ആ ചെലവ് ആര് വഹിക്കണം എന്ന് പല തറവാടുകളിലും തര്‍ക്കമുണ്ടായി. കുട്ടിയുടെ പിതാവോ, അമ്മാവനോ? ആ ചെലവില്‍ നിന്നും ലഭിക്കാവുന്ന ആദായം എവിടെ ചെന്നുചേരും എന്നുതീര്‍ച്ചയില്ല. തറവാടിന്റെ അടിത്തറ ഉന്നത വിദ്യാഭ്യാസം ലഭിച്ച യുവാക്കളെ സംബന്ധിച്ചിടത്തോളമെങ്കിലും ഇളകിക്കഴിഞ്ഞിരുന്നു.

എന്നാല്‍ ബ്രാഹ്മണര്‍ക്കു അന്നു മിക്ക പ്രധാന ക്ഷേത്രങ്ങളില്‍ നിന്നും ലഭിച്ചുകൊണ്ടിരുന്ന ഊട്ടുപുര ഊണ് അവരുടെ വിദ്യാഭ്യാസചെലവ് വളരെ കുറച്ചിരുന്നു. പ്രതിവര്‍ഷം നാലു ലക്ഷം രൂപാ ചെലവു വരുന്നതും പ്രതിദിനം രണ്ടുപ്രാവശ്യം സൗജന്യ ഭക്ഷണം നല്‍കുന്നതുമായ 42 ഊട്ടുപുരകള്‍ ബ്രാഹ്മണര്‍ക്കായി അന്നു തിരുവിതാംകൂറിലു ണ്ടായിരുന്നു.13 അന്ന് ഇവിടെ ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ ഒട്ടു മിക്ക പരദേശ ബ്രാഹ്മണരും ഈ ഊട്ടുപുരകളുടെ സന്താനങ്ങളായിരുന്നു.

എന്നാല്‍ തല്‍സ്ഥാനത്ത് സൗജന്യഭക്ഷണമില്ലാതെ ഭാരിച്ച ചെലവുചെയ്ത് തറവാട്ടില്‍ നിന്നും അനന്തിരവര്‍ക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസം നല്‍കുന്നത് നായര്‍ തറവാടിനുതന്നെ വിനയായിട്ടാണ് പരിണമിച്ചത്. ഇംഗ്ലീഷ് വിദ്യാഭ്യാസം ലഭിച്ച അനന്തിരവര്‍ അമ്മാവ ന്മാരുടെ ഏകാധിപത്യ പ്രവണതയെ ചെറുക്കുകയും കൂട്ടുകുടുംബ ത്തിന് വിരുദ്ധമായ ഒരു മാനസികാവസ്ഥയിലേക്ക് സ്വയം പ്രവേശിക്കു കയുമാണ് ചെയ്തത്. ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ ഫലമായി ലഭിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗം അയാളെ തറവാട്ടില്‍നിന്നും വിട്ടുനില്‍ക്കു വാനും നിര്‍ബന്ധിച്ചു. ജോലി അധികവും നഗരങ്ങളിലും തറവാടുകള്‍ അധികവും ഗ്രാമങ്ങളിലുമാ യിരുന്നു. അന്യസ്ഥലങ്ങളിലെ ജോലിയുംസ്വതന്ത്രമായ ജീവിതവും ഒരു പുതിയ ജീവിതവീക്ഷണത്തിന് കാരണമായി. ഇംഗ്ലീഷ് വിദ്യാഭ്യാസം ലഭിച്ച നായര്‍ യുവാക്കള്‍ക്ക് സര്‍ക്കാര്‍ ജോലിയില്‍ നിന്നും ലഭിക്കുന്ന ശമ്പളം ഈ ഉദ്യോഗസ്ഥന്റെ കൈകളിലാണ് ലഭിക്കുന്നത്; തറവാട്ടി ലേയ്ക്കല്ല. അയാള്‍ക്ക് ഇഷ്ടമുണ്ടെങ്കില്‍ മാത്രം അതിലൊരു ഓഹരി തറവാട്ടില്‍ കൊടുക്കും. അത് കൂടുതല്‍ കുട്ടികളെ തറവാട്ടില്‍ നിന്നും ഇംഗ്ലീഷ് വിദ്യാഭ്യാസാര്‍ത്ഥം പുറത്തേക്ക് വിടാതിരിക്കാന്‍ അമ്മാവന്മാരെ പ്രേരിപ്പിച്ചു. അതിനാല്‍ വിദ്യാഭ്യാസം ശൂദ്രര്‍ക്ക് മനുസ്മൃതി പ്രകാരവും പാരമ്പര്യവുമായി മാത്രമല്ല, അന്നത്തെ പ്രത്യേക സാമൂഹ്യ-രാഷ്ട്രീയ-ഗാര്‍ഹിക പരിതസ്ഥിതികൊണ്ടും അനഭിലഷണീയമായിരുന്നു. അങ്ങനെയാണ് ആ വെല്ലുവിളി ഉയര്‍ന്നത്.

5 എന്നാല്‍ 1865-ല്‍ അന്നത്തെ തിരുവിതാംകൂര്‍ ദിവാന്‍ സര്‍.ടി മാധവറാവു നായന്മാര്‍ പാട്ടവ്യവസ്ഥയില്‍ കൈവശം വച്ചുകൊണ്ടിരുന്ന 2 ലക്ഷം ഏക്കര്‍ സര്‍ക്കാര്‍ ഭൂമി പതിച്ചുകൊടുക്കുവാന്‍ തയ്യാറാണെന്ന് വിളംബരം പ്രസിദ്ധപ്പെടുത്തി.14 കൂട്ടുകുടുംബങ്ങളുടെ കളം തോണ്ടുന്ന വിളംബരമായിരുന്നു അത്. നായര്‍ തറവാടുകള്‍ക്ക് അങ്ങനെ പതിച്ചു കിട്ടിയ ഭൂമി വീതം വയ്ക്കുവാന്‍ അനന്തിരവന്മാര്‍ കോടതിയെ ശരണം പ്രാപിച്ചു. അന്നുവരെ ജന്മാവകാശമില്ലാതെ കൈവശാവകാ ശവും ദേഹണ്ഡാവകാശവും മാത്രമുണ്ടായിരുന്ന ഭൂമി കൈമാറുവാന്‍ തറവാടിന് അവകാശമില്ലായിരുന്നു. പുതിയ വിളംബരം ആ സൗകര്യം തറവാട്ടിലെ അനന്തിരവന്മാര്‍ക്കു നല്‍കി. തറവാടുകള്‍ ഒന്നൊന്നായി പിന്നെ നിലംപതിക്കുവാന്‍ തുടങ്ങി. 30000 നായര്‍ തറവാടുകളാണ് അന്നു തിരുവിതാംകൂറിലുണ്ടായിരുന്നത്. അവിടെ 500-ലധികം കേസുകള്‍ ചുരുങ്ങിയ സമയംകൊണ്ടാരംഭിച്ചു. കേസു കൂടാതെ തന്നെ പല തറവാടുകളും വീതംവച്ചു. തറവാട് വീതം വച്ചു കിട്ടിയാല്‍ തങ്ങളുടെ കുട്ടികളെ ഇംഗ്ലീഷ് പഠിപ്പിക്കുവാന്‍ അമ്മാവന്മാരുടെ ദയാദാക്ഷിണ്യം കൂടാതെ കഴിയാം എന്നതായിരുന്നു പലരുടെയും ലക്ഷ്യം. അതിന്റെ ഫലമായി 50000ത്തോളം നായര്‍ വിദ്യാര്‍ത്ഥികള്‍ അന്ന് ഇംഗ്ലീഷ് സ്‌കൂളുകളിലുണ്ടായിരുന്നു. അതായിരുന്നു ബ്രാഹ്മണരുടെ വെല്ലുവിളിക്ക് നായര്‍ നല്‍കിയ മറുപടി.

6 പി. താണുപിള്ള 26-ാമത്തെ വയസ്സില്‍ മദ്രാസ് യൂണിവേഴ്‌സിറ്റി യില്‍ നിന്നും എം.ഏ ബിരുദം കരസ്ഥമാക്കി.15 മീശ മുറിക്കാന്‍ അപ്പോള്‍ ആരും മുന്നോട്ടുവന്നില്ല. തിരുവനന്തപുരത്തെ മഹാരാജാസ് കോളേജില്‍ അദ്ദേഹം അദ്ധ്യാപകനായി. പിന്നെ ദിവാന്റെ ഓഫീസിലെ മാനേജ രായി. അദ്ദേഹത്തിന്റെ വിദ്യാഭ്യാസ യോഗ്യതയും കഴിവും അന്നത്തെ തിരുവനന്തപുരം നായര്‍ യുവാക്കളെ ആകര്‍ഷിച്ചു. അങ്ങനെയാണ് അദ്ദേഹം ബിരുദധാരികളായ നായര്‍യുവാക്കളുടെ നേതാവും സോഷ്യല്‍ യൂണിയന്‍ സ്ഥാപകനുമായത്. സ്‌കോട്ടീഷ് പ്രൊഫസറന്മാരായ ജോണ്‍ റോസ്, റോബര്‍ട്ട് ഹാര്‍വി എന്നിവരും ആ സംഘടനയെ പ്രോത്സാഹി പ്പിച്ചിരുന്നു. താണുപിള്ളയുടെ വസതിതന്നെയായിരുന്നു അവരുടെ സമ്മേളന സ്ഥലം. അംഗങ്ങള്‍ സാമൂഹ്യ പരിഷ്‌ക്കരണത്തോടു ബന്ധപ്പെട്ട വിഷയങ്ങളെപ്പറ്റി പ്രബന്ധങ്ങള്‍ എഴുതി വായിക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു.16 സാമൂഹ്യവും സാംസ്‌ക്കാരികവുമായ മണ്ഡലങ്ങളില്‍ പരദേശ ബ്രാഹ്മണര്‍ക്ക് ഒരു വെല്ലുവിളിയായി നായര്‍ ഉയര്‍ത്തെഴുന്നേറ്റതിന്റെ ആദ്യപടികളായിരുന്നു അവ ഓരോന്നും. അതിനു മുമ്പത്തെ മുക്കാല്‍ നൂറ്റാണ്ടുകാലം തിരുവനന്തപുരത്തെ സര്‍ക്കാരിന്റെ അകത്തളങ്ങളില്‍ പരദേശബ്രാഹ്മണര്‍ ഏകാധിപത്യം വഹിക്കുകയും നായര്‍ പുറംതള്ളപ്പെടുകയുമായിരുന്നു. ബാലരാമവര്‍മ്മ മഹാരാജാവിന്റെ മരണത്തോടും ഉമ്മിണിത്തമ്പി ദളവായുടെ ഗളഹസ്തത്തോടും കൂടി നായരുടെ പ്രാഭവകാലം തിരുവനന്തപുരത്ത് അസ്തമിച്ചു. ഇംഗ്ലീഷുകാര്‍ക്ക് നായന്മാരില്‍ വിശ്വാസമില്ലാതായി. അവര്‍ വിശ്വസിച്ച വേലുത്തമ്പിയും ഉമ്മിണിത്തമ്പിയും അവരെ വഞ്ചിച്ചു; പിന്നില്‍ നിന്നും കുത്തി. അതിനാല്‍ അവര്‍ പുറത്തുനിന്നുവന്ന റാവുമാരേയും അയ്യങ്കാര്‍മാരെയും വിശ്വാസത്തിലെടുത്തു. ഓരോ റസിഡണ്ടിന്റെ കൂടെയും ഇംഗ്ലീഷ് ഭംഗിയായി കൈകാര്യം ചെയ്യാനറിയാവുന്ന തമിഴ് ബ്രാഹ്മണരോ തെലുങ്ക് ബ്രാഹ്മണരോ കന്നട ബ്രാഹ്മണരോ കാണും. അവരെ ഇവിടുത്തെ സര്‍ക്കാര്‍ സര്‍വ്വീസില്‍ നിയമിക്കുന്നത് റസിഡണ്ടിനെ പ്രീതിപ്പെടുത്തുന്നതിന് തുല്യമായി രാജാവ് കണ്ടു. റസിഡണ്ടുമാര്‍ അവരെ വിശ്വസിച്ചു. അങ്ങനെ ആ പരദേശ ബ്രാഹ്മണരും പിന്നെ അവരുടെ സില്‍ബന്ധികളും തിരുവനന്തപുരത്തു തന്നെ തമ്പടിച്ചു. നായന്മാര്‍ പുറത്തായി.

7 ഇംഗ്ലീഷുകാര്‍ അവിശ്വസിക്കുന്നതിനു മുമ്പുതന്നെ നായരെ രാജകുടുംബം അവിശ്വസിച്ചിരുന്നു. ഒരുകാലത്തു രാജാവിനേക്കാള്‍ രാജ്യത്തിന്റെ അവകാശി വേണാട്ടില്‍ നായന്മാരായിരുന്നു. അതിന്റെ പ്രതീകമാണ് എട്ടുവീട്ടില്‍ പിള്ളമാര്‍. മാര്‍ത്താണ്ഡവര്‍മ്മ രാജാവാണ് അവരെ അമര്‍ച്ച ചെയ്തു നശിപ്പിച്ചത്. അതിന്റെ വൈരാഗ്യം നായര്‍ക്കു പൊതുവെ രാജകുടുംബത്തോടാണെന്നുള്ള ധാരണമൂലം നായര്‍ പട്ടാളത്തെ വിശ്വാസത്തിലെടുക്കാതെ മറ്റു ജാതിക്കാരെകൂടി പട്ടാളത്തില്‍ സ്വീകരിച്ചു. തിരുനെല്‍വേലിയില്‍ നിന്നും മറവരെ അദ്ദേഹം പട്ടാളത്തില്‍ ചേര്‍ത്തു. അക്കൂട്ടത്തില്‍ ലഭിച്ചതാണ് അദ്ദേഹത്തിന്റെ ദളവാ രാമയ്യനെ.അങ്ങനെ രാജകുടുംബത്തിന്റെ വിശ്വസ്ത സേവകരായി രാജാക്കന്മാരുടെ ക്ഷണം സ്വീകരിച്ച് തിരുവിതാംകൂറില്‍ വന്നു താമസിച്ച് നൂറ്റാണ്ടുകള്‍ കഴിഞ്ഞവരെയാണ് മലയാളി മെമ്മോറിയലില്‍ പരദേശികള്‍ എന്നു സംബോധന ചെയ്തത്. രാമയ്യന്‍ ദളവായുടെ കാലം 18-ാം നൂറ്റാണ്ടിന്റെ മധ്യമാണ്. അന്നുമുതല്‍ തിരുവനന്തപുരത്ത് താമസിച്ചു വരുന്ന അദ്ദേഹത്തിന്റെ ബന്ധുക്കളും പിന്തുടര്‍ച്ചക്കാരും 19-ാം നൂറ്റാണ്ടിന്റെ അന്ത്യത്തിലും 20-ാം നൂറ്റാണ്ടിന്റെ ആരംഭകാലത്തും പരദേശിയരാണോ?

അങ്ങനെ പുറത്തായ നായന്‍മാര്‍ വീണ്ടും അകത്തു കയറുക എന്നതായി രുന്നു പി. താണുപിള്ളയുടെയും സഹപ്രവര്‍ത്തകരുടെയും ലക്ഷ്യം. പക്ഷെ താണുപിള്ളയുടെ തിരുവനന്തപുരത്തെ പ്രവര്‍ത്തനം അധികനാള്‍ നീണ്ടുനിന്നില്ല. സര്‍ക്കാര്‍ അദ്ദേഹത്തെ കൊല്ലത്തേയ്ക്കു മാറ്റി. തിരുവനന്തപുരത്തെ സോഷ്യല്‍ യൂണിയന്‍ അതോടെ അവസാനിച്ചു.

പിന്നീട് സി. കൃഷ്ണപിള്ളയാണ് സംഘടനയെ പുനരുദ്ധരിക്കാന്‍ ശ്രമിച്ചത്. അന്നു നല്‍കപ്പെട്ട പേരാണ് മലയാളി സഭ. മലയാളി സഭയ്ക്കു സോഷ്യല്‍ യൂണിയനില്‍ നിന്നുമുള്ള പ്രധാനവ്യത്യാസവും സന്മതി വിലാസം സഭയുമായുള്ള പൊരുത്തവും അതിന്റെ പ്രവര്‍ത്തന ങ്ങളിലാണ്. വെറും പ്രബന്ധങ്ങള്‍ എഴുതി വായിച്ചു പിരിഞ്ഞുപോകുന്ന രീതിയില്‍ നിന്നും പ്രവര്‍ത്തനമണ്ഡലത്തിലേക്കു മലയാളി സഭ പ്രവേശിച്ചു.

8 മലയാളി സഭ രൂപംകൊണ്ട് ആറുവര്‍ഷത്തിനുശേഷമാണ് മലയാളി മെമ്മോറിയല്‍ സമര്‍പ്പിക്കപ്പെട്ടത്. പ്രാദേശികാടിസ്ഥാനത്തില്‍ തിരുവിതാം കൂര്‍കാര്‍ക്കോ ഭാഷാടിസ്ഥാനത്തില്‍ മലയാളികള്‍ക്കോ അര്‍ഹമായ ജോലി ആവശ്യപ്പെടുന്ന മെമ്മോറാണ്ടമായിരുന്നില്ലാ അത്. അവര്‍ക്ക് അര്‍ഹത പ്പെട്ട ഉദ്യോഗങ്ങള്‍ തട്ടിയെടുത്തത് അന്യനാട്ടുകാരോ, അന്യഭാഷക്കാരോ ആണെന്നല്ലാ ആരോപണം; പരദേശ ബ്രാഹ്മണരാണ്. മലയാളികളെ മൊത്തമായിട്ടില്ല കണ്ടത്, ശൂദ്രരേയും ഈഴവരേയും ക്രിസ്ത്യാനികളെയും പ്രത്യേകമായിട്ടാണ് മെമ്മോറിയ ലിന്റെ കണക്കുകളില്‍ ചേര്‍ത്തിരി ക്കുന്നത്. പുലയരേയും, പറയരേയും, മുക്കുവരേയും, കുറവരേയും മറ്റും അവര്‍ മലയാളികളാണെങ്കിലും മെമ്മോറിയലില്‍ കണ്ടതേയില്ല. ആ കണക്കിന്റെ അടിസ്ഥാനത്തിലാണ് തങ്ങള്‍ക്ക് കൂടുതല്‍ സര്‍ക്കാര്‍ ഉദ്യോഗം വേണമെന്ന് നായര്‍ ആവശ്യപ്പെട്ടത്. അതുതന്നെയാണല്ലോ ജാതി സംവരണവാദത്തി ന്റെയും യഥാര്‍ത്ഥ അടിസ്ഥാനം.

കേരളത്തില്‍ ആദ്യമായി പ്രാദേശികാടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഉദ്യോഗ ങ്ങളില്‍ നിയമനം ലഭിക്കുന്നതിനുള്ള വാദം ഉന്നയിച്ചത് മലയാളി മെമ്മോറിയലിലൂടെയാണ്. അതു കേരളത്തിനകത്തും പുറത്തും സൃഷ്ടിച്ച വികാരം അന്നത്തെ നിലയില്‍ അതുല്യമായിരുന്നു. 1891 ല്‍ത്തന്നെ മലയാളി മെമ്മോറിയലിനു ബദലായി മറ്റൊരു മെമ്മോറിയല്‍ സമര്‍പ്പിക്കപ്പെട്ടു.17

9 നൂറ്റാണ്ടുകളായി തിരുവിതാംകൂറില്‍ താമസിച്ചുപോന്ന തമിഴ് ബ്രാഹ്മണരെ പരദേശികളായി കണക്കാക്കുന്നതിന്റെ അനൗചിത്യത്തെ അന്നുതന്നെ ചോദ്യം ചെയ്തിരുന്നു. ബദല്‍ മെമ്മോറിയലില്‍ അത് പ്രത്യേകം ചൂണ്ടിക്കാണിച്ചിരുന്നു. വിദ്യാഭ്യാസ രംഗത്ത് നായര്‍ക്ക് അന്നുണ്ടായിരുന്ന മുമ്പു സൂചിപ്പിച്ച അസൗകര്യങ്ങളെ പര്‍വ്വതീകരിച്ച് മെമ്മോറാണ്ടത്തില്‍ കാണിക്കുമ്പോള്‍ മെമ്മോറിയല്‍ കാലത്തും അതിനുശേഷവും മലയാളികളായ പുലയര്‍ക്കും ഈഴവര്‍ക്കും മറ്റും സ്‌കൂള്‍ പ്രവേശനം നിഷേധിക്കുന്നതിന് മുന്‍കൈ എടുത്തത് അതേ നായര്‍തന്നെയായിരുന്നു. അയ്യന്‍കാളി നടത്തിയ നിവേദനത്തിന്റെ ഫലമായി സര്‍ക്കാര്‍ സ്‌കൂളുകളില്‍ ചില സ്ഥലങ്ങളിലെങ്കിലും പുലയക്കുട്ടികള്‍ക്ക് പ്രവേശനം അനുവദിക്കപ്പെട്ടു. അവിടെ ചെന്ന പുലയക്കുട്ടികളെ വിദ്യാലയത്തില്‍ പ്രവേശിപ്പിക്കാതെ അടിച്ചോടിച്ചത് മലയാളി മെമ്മോറിയല്‍ സമര്‍പ്പണത്തിനുശേഷം 1913 ലും മറ്റുമാണ്. പുലയക്കുട്ടികള്‍ പ്രവേശിച്ച സ്‌കൂളുകള്‍ക്ക് തീ വച്ചതും അവര്‍ത ന്നെയാണ്. സ്വദേശാഭിമാനി രാമകൃഷ്ണപിള്ള തന്റെ കുപ്രസിദ്ധമായ മുഖപ്രസംഗത്തിലൂടെ പുലയക്കുട്ടികളെ നായര്‍ക്കുട്ടികള്‍ക്ക് ഒപ്പമിരുത്തി പഠിപ്പിക്കുവാന്‍ പാടില്ലാ എന്ന വാദം ഉന്നയിച്ചതും ഈ കാലഘട്ടത്തി ലാണ്.18

10 മലയാളി മെമ്മോറിയല്‍ സമര്‍പ്പിച്ച് അതേവര്‍ഷത്തില്‍ വെറും രണ്ട് ആഴ്ചയ്ക്കുശേഷം കായംകുളത്തെ ഏതാനും ഈഴവര്‍ തങ്ങളുടെ കുട്ടികളെ കായംകുളം സര്‍ക്കാര്‍ സ്‌കൂളില്‍ ചേര്‍ക്കാന്‍ അനുവാദം നല്‍കണമെന്ന് അപേക്ഷിച്ചപ്പോള്‍ ലഭിച്ച മറുപടി നിഷേധരൂപത്തിലാ യിരുന്നു.19 സര്‍ക്കാരിന്റെ ആ നിഷേധത്തിന്റെ കാരണം നായര്‍ ഉള്‍പ്പടെയുള്ള സവര്‍ണ്ണരുടെ ആചാരവും താല്‍പര്യവുമാണ്. അതിനെ തിരായി ഒരു വാക്കുപോലും മെമ്മോറിയലില്‍ ഇല്ല. പിന്നീട് നല്‍കിയ വിശദീകരണത്തിലും ഇല്ല.

11 തിരുവിതാംകൂര്‍ മഹാരാജാവിന്റെ പ്രജകളും എണ്ണത്തില്‍ മലയാളി മെമ്മോറിയലില്‍ എടുത്തുകാട്ടിയ പല സമുദായങ്ങളുടെയും മുമ്പില്‍ നില്‍ക്കുന്നവരുമായ തെക്കന്‍ തിരുവിതാംകൂറിലെ ചാന്നാന്മാരുടെയും പറയരുടെയും മറ്റും ഭാഷ തമിഴായിരുന്നു. മലയാളികളുടെ തിരുവിതാം കൂറില്‍ നിന്നും കേരളത്തില്‍ നിന്നും വിട്ടുപോകുന്നതിനു തെക്കന്‍ തിരുവിതാംകൂറിലെ ജനങ്ങളില്‍ ആഗ്രഹം ജനിക്കുന്നതിന്റെ ബീജാവാപം നടന്നത് മലയാളി മെമ്മോറിയല്‍ മൂലമാണെന്ന് കരുതപ്പെടേണ്ടി യിരിക്കുന്നു. വേലുത്തമ്പിദളവാ ഈ രാജ്യത്ത് വര്‍ഗ്ഗീയ വാദം ഉല്‍ഘാടനം ചെയ്തു. മലയാളി മെമ്മോറിയല്‍ പ്രാദേശികവാദവും ജാതിവാദവും ഉല്‍ഘാടനം ചെയ്തു. വേലുത്തമ്പി മൂലം രാജ്യവും രാജ്യത്തെ ഭരണവും ഒരു നൂറ്റാണ്ടുകാലത്തേക്ക് പരദേശ ബ്രാഹ്മണ രുടെ കൈകളിലമര്‍ന്നപ്പോള്‍ മലയാളി മെമ്മോറിയല്‍ മൂലം രാജ്യത്തിന്റെ ഒരു ഭാഗം സ്ഥിരമായി നഷ്ടപ്പെട്ടു. കന്യാകുമാരി ഇല്ലാത്ത കേരളം വിഭാവനം ചെയ്യുവാന്‍ കഴിയാത്ത മലയാളികള്‍ക്ക് അത് അനുഭവവേദ്യമായി. മലയാളിമെമ്മോറിയലും അതിന്റെ ബാക്കിയായ രാമകൃഷ്ണപിള്ള പ്രസ്ഥാനവും സംഭവിച്ചില്ലായിരുന്നുവെങ്കില്‍, സര്‍, അങ്ങ് ഇപ്പോള്‍ ഭരണം നടത്തുന്ന കേരളം കന്യാകുമാരി മുതല്‍ കാസറഗോഡുവരെ നീണ്ടുകിടക്കുമായിരുന്നു. തിരുവിതാംകൂറിന്റെയും പിന്നെ തിരുക്കൊച്ചി യുടെയും മുഖ്യമന്ത്രിയായിരുന്ന പട്ടം.എ.താണുപിള്ളയും അതിലേയ്ക്ക് തന്നാലാവുന്നത് സംഭാവന ചെയ്തിട്ടുണ്ടെന്ന വസ്തുത അങ്ങേയ്ക്ക് നേരിട്ടറിയാവുന്നതായതിനാല്‍ ഞാന്‍ ഇപ്പോള്‍ വിശദീകരിക്കുന്നില്ല. പട്ടം താണുപിള്ള മുഖ്യമന്ത്രിയായിരുന്ന രാഷ്ട്രീയ പാര്‍ട്ടിയായ പ്രജാസോഷ്യ ലിസ്റ്റ് പാര്‍ട്ടിയുടെ സ്റ്റേറ്റ്കമ്മിറ്റിയില്‍ ഞാനുമുണ്ടായിരുന്നു. കോട്ടയം ജില്ലയില്‍ പാര്‍ട്ടിയുടെ സെക്രട്ടറിയും ഞാനായിരുന്നു. ഞാന്‍ പാര്‍ട്ടിയില്‍ താണുപിള്ളയുടെ അന്നത്തെ നയത്തെ എതിര്‍ക്കുകയും പാര്‍ട്ടിക്കുള്ളില്‍ താണുപിള്ളയുടെ പേരില്‍ അവിശ്വാസപ്രമേയം അവതരിപ്പിക്കുകയും ചെയ്തതാണ്. എന്തുചെയ്യാം, സംസ്ഥാനത്തിന്റെ പൊതു താല്‍പര്യത്തേ ക്കാള്‍ അവര്‍ വ്യക്തിതാല്‍പര്യം സ്വീകരിച്ചു. അങ്ങനെയാണ് ഞാന്‍ രാഷ്ട്രീയപ്രവര്‍ത്തനം തന്നെ മതിയാക്കിയത്.

12 ആ ഘട്ടത്തില്‍ സര്‍ക്കാരിന്റെ ഭാഗത്ത് മറ്റ് ചില മാറ്റങ്ങളുണ്ടായി. ദിവാന്‍ രാമറാവു ജോലിയില്‍ നിന്നും പിരിഞ്ഞു. പകരം ശങ്കരസുബ്ബയ്യര്‍ ചാര്‍ജെടുത്തു. അത് മെമ്മോറിയല്‍കാരോട് ഒരു പുതിയ സമീപനരീതി സ്വീകരിക്കുന്നതിന് കാരണമായി. തല്‍ഫലമായി മെമ്മോറിയലില്‍ ഒപ്പുവച്ച പ്രധാനപ്പെട്ട എല്ലാ നായന്മാര്‍ക്കും അധികം താമസിയാതെ സര്‍ക്കാര്‍ ജോലി ലഭിച്ചു. സി.വി.രാമന്‍പിള്ള ഹൈക്കോടതി മാനേജ രായി. വി.ഐ.കേശവന്‍പിള്ള ഒന്നാം ക്ലാസ് മജിസ്‌ട്രേട്ടായി, പിന്നെ ദിവാന്‍ പേഷ്‌ക്കാരായി. പി.അയ്യപ്പന്‍പിള്ള ആദ്യം തിരുവനന്തപുരം ഹൈസ്‌ക്കൂള്‍ ഹെഡ്മാസ്റ്ററായി. പിന്നീട് സ്‌കൂള്‍ ഇന്‍സ്‌പെക്ടറും അവസാനം വിദ്യാഭ്യാസ സെക്രട്ടറിയുമായി. സി.ഐ. മാധവന്‍പിള്ള ഹുസൂര്‍ ഡെപ്യൂട്ടി പേഷ്‌ക്കാരായി. കെ.പി. ശങ്കരമേനോന്‍ ജില്ലാ ജഡ്ജിയായി. ഇതെല്ലാം 1900 ത്തിന് മുമ്പുതന്നെ നടന്നു. 20

ഒരു പരദേശബ്രാഹ്മണന്‍ ദിവാന്‍സ്ഥാനത്ത്‌നിന്നും മാറി, മറ്റൊരു പരദേശബ്രാഹ്മണനാണ് വന്നതെങ്കിലും, വന്ന ശങ്കരസുബ്ബയ്യര്‍ നേരത്തേതന്നെ മലയാളിസഭാനേതാക്കന്‍മാരെ വിളിച്ചുവരുത്തി ഒരു ധാരണയിലെത്തി എന്നു വ്യക്തമാണ്. അതിന്റെ ഫലമാണ് പ്രസ്തുത ഉദ്യോഗങ്ങളിലെ നിയമനങ്ങള്‍. നായന്‍മാര്‍ ശങ്കരസുബ്ബയ്യരെ മലയാളി അല്ലെങ്കിലും തിരുവിതാംകൂറുകാരനായി അംഗീകരിച്ചു. അദ്ദേഹം തമിഴ്ബ്രാഹ്മണസമുദായത്തില്‍പെട്ട ആളാണെങ്കിലും ജനിച്ചത് തിരുവനന്തപുരത്താണ്. അതാണ് അദ്ദേഹത്തെ തിരുവിതാംകൂറുകാര നായി കണക്കാക്കുവാന്‍ മലയാളിസഭക്കാര്‍ കണ്ട കുറുക്കുവഴി. എന്നുമാത്രമല്ല തിരുവനന്തപുരത്തെ നായന്‍മാരുമായി ചെറുപ്പംമുതലേ പരിചയപ്പെട്ടു വളരുകയും, അവരുടെ സ്വഭാവത്തിന്റെ പ്രത്യേകതകളെ മനസ്സിലാക്കുകയും, അവരോടിണങ്ങിപ്പോകാന്‍ പര്യാപ്തമായ നയം സ്വീകരിച്ചവനുമായിരുന്നു അദ്ദേഹം. അതിനാല്‍ നായന്‍മാരെ ശൂദ്രരായിത്തന്നെ കാണണമെന്ന നിര്‍ബന്ധബുദ്ധി അദ്ദേഹത്തിനുണ്ടാ യിരുന്നില്ല. ശൂദ്രരേക്കാള്‍ മെച്ചപ്പെട്ട നായന്‍മാരുമായി അദ്ദേഹത്തിന് വ്യക്തിപരമായ ബന്ധങ്ങളുണ്ടായിരുന്നു. തിരുവിതാംകൂറിലെ ഹുസൂര്‍കച്ചേരി തമിഴ്ബ്രാഹ്മണര്‍ക്കു മാത്രമായി സംവരണം ചെയ്യണമെന്ന നിര്‍ബന്ധബുദ്ധിയും അദ്ദേഹം കാണിച്ചില്ല. അദ്ദേഹം പ്രഥമവും പ്രധാനവുമായി കണ്ടത് സ്വന്തം സ്ഥാനം മാത്രമാണ്.

ഈ ശങ്കരസുബ്ബയ്യര്‍ തന്നെയാണ് ഏതാനും ഈഴവരെ പോലീസില്‍ നിയമിക്കാന്‍ ശ്രമിച്ചപോലീസ് സൂപ്രണ്ടിന് അനുവാദം നിഷേധിച്ചത്. 21 അതിനാല്‍ അദ്ദേഹത്തിനു മനോഭാവത്തില്‍ മാറ്റം ഉണ്ടായില്ല. പ്രവര്‍ത്തനത്തില്‍ കൂടുതല്‍ കൗശലം കാണിക്കുവാന്‍ കഴിഞ്ഞു എന്നുമാത്രം.
13 തന്റെ മുന്‍ഗാമിയെ വിഷമിപ്പിച്ചതും അദ്ദേഹത്തിന്റെ ഭരണത്തെ ലോകത്തിന്റെ മുമ്പില്‍ പരിഹാസ പാത്രമാക്കിയതും മലയാളി ശൂദ്രരുടെ ശത്രുതയാണെന്ന് അദ്ദേഹത്തിന് നന്നായി കാണുവാന്‍ കഴിഞ്ഞു..... (ഈ ശത്രുത ഒഴിവാക്കല്‍) തന്റെ സ്വന്തം കക്ഷിയെ ഉപേക്ഷിക്കുകയും, പത്രലേഖനങ്ങള്‍, പ്രതിഷേധയോഗങ്ങള്‍, നിവേദനങ്ങള്‍, പ്രതി നിവേദനങ്ങള്‍, ഊമക്കത്തുകള്‍, ഭീമഹര്‍ജികള്‍ എന്നിവ മുഖേന തന്നെ ഉപദ്രവിക്കുകയും ചെയ്യാത്ത പക്ഷം രാജ്യത്തെഎല്ലാ ഉദ്യോഗങ്ങളുടെയും കുത്തകാവകാശം ഏല്‍പ്പിച്ചുകൊടുക്കാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തുകൊണ്ട് തന്റെ പൂര്‍വശത്രുക്കളുമായി അദ്ദേഹം രഹസ്യ ക്കരാറില്‍ ഏര്‍പ്പെടുകയും ചെയ്തിട്ടുണ്ടെന്നു തോന്നുന്നു. അത്തരമൊരു ധാരണ കൗശലക്കാരനായ ഒരു ഇടപാടുകാ രനാണെന്ന അവകാശ വാദത്തിന് ദിവാനെ നിസ്സംശയമായും അര്‍ഹനാ ക്കിയിരുന്നു. കുപ്രസിദ്ധ മായ ഒന്നു രണ്ടു ഗൂഢസംഘങ്ങളുടെ കൈകളില്‍ രാജ്യത്തിന്റെ ഭരണ ചക്രം തിരിക്കുന്നതിനുള്ള പിടി ഏല്‍പ്പിച്ചുകൊടുക്കുക എന്നതായിരുന്നു ഫലം.22

14 ആ ഗൂഢസംഘത്തിന്റെ പ്രവര്‍ത്തനമാണ് പിന്നെ ഇവിടെനടന്ന എല്ലാ പ്രക്ഷോഭണത്തിനും കളം ഒരുക്കിയത്. അവരുടെ പ്രവര്‍ത്തനം മറ്റുള്ളവരെയെല്ലാം പ്രക്ഷോഭണത്തിലേക്ക് നയിച്ചു. മെമ്മോറിയല്‍ സമര്‍പ്പിച്ചപ്പോള്‍ കൂടെ ഒപ്പുവച്ച ക്രൈസ്തവരോടും ഈഴവരോടും സര്‍ക്കാര്‍ എന്തു ചെയ്തു, എന്തു നിലപാടാണ് അവരുടെ പ്രശ്‌നങ്ങളില്‍ സ്വീകരിച്ചത് എന്ന് അന്വേഷിക്കുവാന്‍ പോലും നായര്‍മേധാവികള്‍ പിന്നെ തയ്യാറായില്ല. തങ്ങള്‍ക്ക് ഉദ്യോഗം ലഭിച്ചപ്പോള്‍ എല്ലാ മലയാളികളുടെയും പ്രശ്‌നം പരിഹരിക്കപ്പെട്ടു എന്ന നയമാണ് അവര്‍ സ്വീകരിച്ചത്. അതോടുകൂടി മലയാളിമെമ്മോറിയലിലെ നായന്മാരും മറ്റുള്ളവരും രണ്ടു ചേരികളിലായി. പിന്നീടുണ്ടായ പൗരസമത്വ പ്രക്ഷോഭണം, നിവര്‍ത്തന പ്രക്ഷോഭണം, ഉത്തരവാദഭരണ പ്രക്ഷോ ഭണം തുടങ്ങിയവയുടെ എല്ലാം കാരണം മലയാളിമെമ്മോറിയല്‍കാരുടെ പ്രസ്തുത കാലുമാറ്റമാണ്. ജാതി സംവരണം പാടില്ലാ എന്ന് അവര്‍ വാദിക്കാന്‍ തുടങ്ങിയതും അതിനുശേഷമാണ്.

15 ഇംഗ്ലീഷ് വിദ്യാഭ്യാസം സിദ്ധിച്ചവരും സര്‍ക്കാര്‍ ജോലിക്ക് അര്‍ഹത യുള്ളവരുമായ ഈഴവര്‍ ക്രൈസ്തവരേക്കാള്‍ കുറവായിരു ന്നുവെങ്കിലും, ഡോ. പല്‍പ്പുവിനെപ്പോലെ ഒരു സമരനേതാവ് ക്രൈസ്ത വര്‍ക്കുണ്ടായിരുന്നില്ല. മൈസൂര്‍ സര്‍ക്കാരിന്റെ സര്‍വീസില്‍ ജോലി ലഭിച്ചിട്ടും അദ്ദേഹം ദിവാന്‍ ശങ്കര സുബ്ബയ്യര്‍ക്കു കത്തുകളും അപേക്ഷകളും മെമ്മോറാണ്ടവും അയച്ചു. 1895 മേയ് 13-ാം തീയതിയാ യിരുന്നു അദ്ദേഹം തന്റെ ആദ്യ മെമ്മോറാണ്ടം സമര്‍പ്പിച്ചത്. അതിനും അതിനുശേഷം സമര്‍പ്പിച്ച പലതിനും മറുപടി കിട്ടിയില്ല എങ്കിലും മറുപടി ലഭിക്കുന്നതുവരെ അദ്ദേഹം പരാതികള്‍ അയച്ചു, 1896 -ല്‍ അദ്ദേഹം തിരുവനന്തപുരത്ത് വന്നു ദിവാനെ കണ്ടു സംസാരിച്ചു. റവന്യൂ ഒഴികെയുള്ള വകുപ്പുകളില്‍ ഈഴവര്‍ക്ക് ഉദ്യോഗം കൊടുക്കാമെന്ന് സമ്മതംവാങ്ങി. റവന്യൂ അന്ന് ദേവസ്വത്തിന്റെ കൂടി ചുമതല വഹിച്ചിരുന്ന വകുപ്പായിരുന്നു. ദേവസ്വം അവര്‍ണ്ണര്‍ക്ക് അപ്രാപ്യമായിരുന്നുവല്ലോ. പക്ഷേ യോഗ്യതയുള്ള ഈഴവര്‍ അപേക്ഷ സമര്‍പ്പിച്ച പ്പോള്‍ ഒഴിവുകള്‍ ഇല്ല എന്ന മറുപടി ലഭിച്ചു. പല്‍പ്പു വീണ്ടും മറ്റൊരു മെമ്മോറിയലിന് രൂപം കൊടുത്ത് അത് സമര്‍പ്പിച്ച് ഒരു വര്‍ഷം കാത്തിരുന്നു. അതിനുശേഷം 13000 ഈഴവര്‍ ഒപ്പിട്ട് 1896 ഒക്‌ടോബര്‍ 17-ാം തീയതി വീണ്ടും ഒരു മെമ്മോറിയല്‍ സമര്‍പ്പിച്ചു. പ്രസ്തുത മെമ്മോറിയലിന് സര്‍ക്കാര്‍ അയച്ച മറുപടിയിലാണ് ഈഴവമെമ്മോറിയല്‍ എന്ന പേര് നല്‍കപ്പെട്ടത്. അങ്ങനെ മലയാളി മെമ്മോറിയലിനുശേഷം കേവലം അഞ്ചു വര്‍ഷത്തിനുള്ളില്‍ ആ വിധത്തില്‍ മറ്റൊന്നുകൂടി സമര്‍പ്പിക്കപ്പെട്ടു.23

16 പക്ഷെ അതുകൊണ്ടൊന്നും ഒരു പ്രയോജനവുമുണ്ടായില്ല: സര്‍ക്കാര്‍ ഉദ്യോഗങ്ങള്‍ പ്രത്യേകിച്ച് ഉന്നത ഉദ്യോഗങ്ങള്‍ പൂര്‍ണ്ണമായി ത്തന്നെ പരദേശ ബ്രാഹ്മണരുടെ കുത്തകയാക്കുക എന്ന ലക്ഷ്യത്തിന് മാറ്റമൊന്നു മുണ്ടായില്ല. സി.വി.രാമന്‍ പിള്ള കൂട്ടരെ ഉദ്യോഗത്തില്‍ നിയമിച്ചത് മലയാളിമെമ്മോറിയലിന്റെ പ്രതിസന്ധി പരിഹരിക്കാനുള്ള ഒരു താല്‍ക്കാലിക ഏര്‍പ്പാട് മാത്രമായിരുന്നു. അങ്ങനെ അന്ന് എടുത്തവരെ പിന്നെ പിരിച്ചു വിട്ടില്ല എന്നു മാത്രം. പിന്നെ ആരേയും അങ്ങനെയുള്ള സ്ഥാനങ്ങളില്‍ നിയമിച്ചില്ല. പോരെങ്കില്‍ സി.വി.രാമന്‍ പിള്ളയുടെയും കൂട്ടരുടെയും ലക്ഷ്യങ്ങള്‍ സാധിച്ചപ്പോള്‍ അവര്‍ മലയാളി സഭ പിരിച്ചുവിടുകയും ചെയ്തു. അവരുടെ തന്നെ പിന്‍ തലമുറയുടെ കാര്യവും അവര്‍ ചിന്തിച്ചില്ല. 

17 അതാണ് രാമകൃഷ്ണപിള്ളയുടെ രംഗപ്രവേശനത്തിന്റെ പശ്ചാത്തലം. രാമകൃഷ്ണപിള്ളയ്ക്കും അദ്ദേഹത്തിന്റെ തലമുറ യില്‍പെട്ടവര്‍ക്കും ജോലി ലഭിക്കാതെ വന്നപ്പോള്‍ പതഞ്ഞു പൊങ്ങിയ അമര്‍ഷമാണ് അദ്ദേഹത്തിന്റെ പത്രങ്ങളിലും കൃതികളിലും കണ്ടത്. സി.വി.രാമന്‍ പിള്ളയുടെ ധര്‍മ്മരാജ, മാര്‍ത്താണ്ഡവര്‍മ്മ തുടങ്ങിയ കൃതികളെ രാമകൃഷ്ണപിള്ള അതിരൂക്ഷമായി വിമര്‍ശിച്ചു. ഗ്രന്ഥങ്ങളെ ക്കാളേറെ ഗ്രന്ഥകര്‍ത്താവിനെയാണ് അദ്ദേഹം വിമര്‍ശിച്ചത്. ഇന്നു പ്രസ്തുത കൃതികള്‍ക്കു മലയാള സാഹിത്യത്തില്‍ ലഭിച്ചിട്ടുള്ള സ്ഥാനം വച്ചു നോക്കുമ്പോള്‍ രാമകൃഷ്ണപിള്ളയുടെ വിമര്‍ശന ലക്ഷ്യം വ്യക്തമാണ്. അതുതന്നെയാണ് കെ.പി.കറുപ്പന്‍ എഴുതിയ ബാലാക ലേശം നാടകത്തോട് അദ്ദേഹം സ്വീകരിച്ച നയം. ദിവാന്‍ രാജഗോപാലാ ചാരിയെ വിമര്‍ശിച്ചു കൊണ്ട് സ്വദേശാഭിമാനിയില്‍ എഴുതിയ ലേഖനങ്ങള്‍ മലയാളം അറിയാന്‍ പാടില്ലാത്ത ദിവാന് ഇംഗ്ലീഷിലേയ്ക്ക് തര്‍ജ്ജമ ചെയ്തു കൊടുത്തത് സി.വി.രാമന്‍ പിള്ളയായിരുന്നു. അതിലൂടെ രാമകൃഷ്ണ പിള്ളയും ദിവാനും തമ്മിലുള്ള ശത്രുത വര്‍ദ്ധിക്കുവാനുള്ളഎല്ലാ കുരുക്കളും രാമന്‍ പിള്ള നീക്കി. സി.വിയുമായി രാമകൃഷ്ണ പിള്ളയുടെ വിരോധം വര്‍ദ്ധിക്കുവാന്‍ ഒരു കാരണം അതുമാണ്. എന്നാല്‍ കെ.പി കറുപ്പനുമായി അങ്ങനെ ഒരു വിരോധത്തിനും കാരണമുണ്ടായിട്ടില്ല. കറുപ്പന്‍ അവര്‍ണ്ണനാണ്, ഹീനജാതിയില്‍പ്പെട്ട വനാണ്, മുക്കുവനാണ്. മുക്കുവന് സാഹിത്യം കൈകാര്യം ചെയ്യുവാന്‍ അനുവദിച്ചിട്ടില്ല എന്നതാണ് കാരണം.

18 പക്ഷെ ഒരു നായരെ ദിവാനായി നിയമിക്കാതെ പരദേശ ബ്രാഹ്മണനെ ത്തന്നെ ദിവാനായി നിയമിച്ചത് രാജാവാണ്, ദിവാനല്ല. ദിവാന്‍ രാജാവിന്റെ കീഴിലെ ഒരു ജോലിക്കാരന്‍ മാത്രം എങ്കിലും വിമര്‍ശനം രാജാവിനല്ല ദിവാനാണ്. രാജാവിനെ വിമര്‍ശിക്കാനുള്ള ഒരു നട്ടെല്ലും രാമകൃഷ്ണപിള്ളയ്ക്കു ഇല്ലായിരുന്നു. ആ രാമകൃഷ്ണപിള്ളയെയാണ് ഇന്ന് മലയാള പത്രപ്രവര്‍ത്തനത്തിന്റെ പിതാവായി കൊട്ടിഘോഷിക്കു ന്നത്. അതിന്റെ ആഘോഷത്തില്‍ അങ്ങും പങ്കാളിയാകുന്നതില്‍ ഖേദമുണ്ട്. സാറിന്റെ ഇന്നത്തെ മുഖ്യമന്ത്രിസ്ഥാനത്തിനുശേഷം അത്തരം ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതില്‍ എനിക്ക് യാതൊരു പ്രതിഷേധവു മില്ല. ഇന്ന് അങ്ങ് എന്റെയുംകൂടി പ്രതിനിധിയായിട്ടാണ് മുഖ്യമന്ത്രിയാ യിട്ടുള്ളത്. അതുകൊണ്ടാണ് ഞാന്‍ ഖേദിക്കുന്നതും പ്രതിഷേധിക്കുന്നതും; എന്നെപ്പോലെ ലക്ഷങ്ങളും.

കുറിപ്പുകള്‍

1. P.K.K Meneon,(Prof), The History of freedom Movement in Kerala,Vol.II, p.1. 
2. ജെഫ്രി റോബിന്‍ (ഡോ),നായര്‍ മേധാവിത്വത്തിന്റെ പതനം, (മലയാളം), പേജ് 208.
3. മാധവന്‍, ടി.കെ, പി.കെ.മാധവന്‍,
പള്ളിപ്പാട്ടു കുഞ്ഞുകൃഷ്ണന്‍, ഡോ. പല്‍പു, പേജ് 73.
4. മലയാളി മെമ്മോറിയലില്‍ ഉന്നയിക്കപ്പെട്ട വാദമുഖങ്ങളെ ഖണ്ഡിക്കാന്‍ വേണ്ടി കൊല്ലത്തെ ഈ രാമയ്യര്‍ മുന്‍നിന്നു തയ്യാറാക്കി സമര്‍പ്പിക്കപ്പെട്ടതാണ് ബദല്‍ മെമ്മോറിയല്‍ P.K.K Menon ,p. 9, do book.
5. ദിവാന്‍ പേഷ്‌ക്കാര്‍ പി.ശങ്കുണ്ണി മേനോന്റെ പുത്രനും മദ്രാസ് ബാറിലെ ഒരു അഭിഭാഷകനുമാണ് കെ.പി.ശങ്കരമേനോന്‍ A History of Travancore from the Earliest Times എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവാണ് പി.ശങ്കുണ്ണിമേനോന്‍
6. ധര്‍മ്മരാജാ, മാര്‍ത്താണ്ഡവര്‍മ്മ തുടങ്ങിയ നോവലുകളുടെ കര്‍ത്താവായസി.വി.രാമന്‍പിള്ള
7. സൂനഹദോസിന്റെ കാനോനകള്‍ 7-ാമത് മൗത്വ 7-ാം കൂടി വിജാരം 2-ം കാനോന 'ഇതിനെക്കൊണ്ടു മലയാംകാര്‍ക്ക് മേനികേട്ടു വെറും ഒണ്ടുതാ...'
8. കുഞ്ഞന്‍ പിള്ള, ഇളംകുളം, ചില കേരള ചരിത്രപ്രശ്‌നങ്ങള്‍.
9. ജെഫ്രി, നായര്‍ മേധാവിത്തത്തിന്റെ പതനം, പേജ് 148.
10. 1880 ഫെബ്രുവരി 2-ാം തീയതി പശ്ചിമതാരക പത്രം.
11. ശൂദ്രന്‍ എന്ന പേര് മാറ്റി നായര്‍ എന്ന് സര്‍ക്കാര്‍ റിക്കാര്‍ഡുകളില്‍ സ്ഥാപിക്കുവാന്‍ മന്നത്ത് പത്മനാഭന്‍ നടത്തിയ ഭഗീരഥ പ്രയത്‌നത്തിന്റെ കഥകള്‍ അദ്ദേഹത്തിന്റെ ആത്മകഥയില്‍ വിവരിക്കുന്നുണ്ട്.
12. നായന്മാരേക്കാള്‍ കൂടുതലായി അത് ബാധിച്ചത് ഈഴവരേയും മറ്റു അവര്‍ണ്ണ സമുദായങ്ങളെയുമാണ്. നായര്‍ക്ക് അന്ന് വിദ്യാഭ്യാസം വേണമെങ്കില്‍ ആകാം. സര്‍ക്കാര്‍ വിദ്യാലയങ്ങളുണ്ടായിരുന്നു. അവിടെ പ്രവേശനവുമുണ്ടായിരുന്നു.
13. ജെഫ്രി.നായര്‍ മേധാവിത്തത്തിന്റെ പതനം, പേജ് 141
14. Abraham, M.V, A Concise History of Travancore,1941, p. 80.
15. ജെഫ്രി, നായര്‍ മേധാവിത്തത്തിന്റെ പതനം,പേജ് 197.
16. അതേ ഗ്രന്ഥം, പേജ് 108.
17. Kusumam, K.K, The Abstension Movement, Kerala Historical Society 1970, p.7. 
18. ദളിത്ബന്ധു, മഹാനായ അയ്യന്‍കാളി, കാണുക.
19. വേലായുധന്‍, പി. എസ്, എസ്. എന്‍.ഡി.പി യോഗചരിത്രം, പേജ് 20.
20. ജെഫ്രി, നായര്‍ മേധാവിത്തത്തിന്റെ പതനം, പേജ് 215-381.
21. വേലായുധന്‍, പി. എസ്, എസ്. എന്‍.ഡി.പി യോഗചരിത്രം, പേജ് 80.
22. ജെഫ്രി, നായര്‍ മേധാവിത്തത്തിന്റെ പതനം, പേജ് 215.
23. ദളിത്ബന്ധു, ഈഴവ മെമ്മോറിയല്‍, കാണുക.

ദലിത് ബന്ധുവിന്റെ 'രാമകൃഷ്ണപിള്ള സ്വദേശാഭിമാനിയോ' എന്ന ഗ്രന്ഥത്തിന്റെ ഒന്നാം അധ്യായമാണ് ഇത്. ആമുഖം ഇവിടെ വായിക്കുക.

മൂന്നാം അദ്ധ്യായം ഇവിടെ വായിക്കുക