"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, സെപ്റ്റംബർ 22, ചൊവ്വാഴ്ച

പൂനാ ഉടമ്പടിക്ക് ഒരാമുഖം - കാന്‍ഷി റാം

കാന്‍ഷി റാം
പ്രാരംഭപ്രവര്‍ത്തനങ്ങള്‍

ഇരുപതാം നൂറ്റാണ്ടിനു തുടക്കം കുറിച്ചതു മുതല്‍ തന്നെ വലിയ മാറ്റങ്ങള്‍ക്ക് ഇന്ത്യ സാക്ഷ്യം വഹിക്കുക യുണ്ടായി. ആ മാറുന്ന ഇന്ത്യയില്‍ മര്‍ദ്ദിതരായ ഇന്ത്യാക്കാര്‍ പിന്നിലായിപ്പോയില്ല. ഉയര്‍ന്ന ജാതി ഹിന്ദുക്കള്‍ സ്വരാജിനുവേണ്ടി പോരടിച്ചപ്പോള്‍, മര്‍ദ്ദിത ഇന്ത്യാക്കാര്‍ ആത്മാഭിമാനത്തിനായി പോരാട്ടം നടത്തുകയായിരുന്നു. സ്വാതന്ത്യത്തിനും സ്വയം ഭരണത്തിനുമായി അടിമകള്‍ നിലവിളിച്ചു കൊണ്ടിരുന്നു. എന്നാല്‍ ആ അടിമകളുടെ അടിമകളാകട്ടെ പുറം ലോകത്തിന് ഒരിക്കലും അറിയാന്‍ കഴിയാത്ത വിധമുള്ള ചിരപുരാ തനമായ ബന്ധനങ്ങളുടേയും ദാസ്യത്തിന്റേയും അപമാനത്തിന്റേയും പിടിയില്‍ നിന്നും മോചിതരാകാന്‍ പ്രതിശബ്ദങ്ങള്‍ സൃഷ്ടിച്ചു കൊണ്ടിരുന്നു. ഉയര്‍ന്നജാതി ഹിന്ദുക്കളാകട്ടെ, ഭരണാധികാരികളായ ബ്രിട്ടീഷുകാരില്‍ നിന്നും തങ്ങളുടെ കൈകളിലേയ്ക്ക് അധികാരകൈമാറ്റം കഴിയുന്നത്രവേഗം സാധ്യമാക്കുന്നതിനായി മുഖസ്തുതികള്‍ പാടി അധികാരികളെ പ്രലോഭിക്കുന്നതിനുള്ള തന്ത്രങ്ങള്‍ വികസിപ്പിക്കുകയും തങ്ങളുടേതായ സംഘടന കെട്ടിയുയര്‍ത്തുകയും ചെയ്യുന്നതില്‍ മുഴുകി. എന്നാല്‍ തങ്ങളുടെ വിമോചനവും ആത്മാഭിമാനപൂര്‍ണമായ ഒരു ഭാവി ജീവിതം സാധ്യമാക്കുനന്നതിനുള്ള മതിയായ സുരക്ഷാവ്യവസ്ഥ കളുമില്ലാതെ ചിരപുരാതന കാലം മുതല്‍ തങ്ങളെ അടിച്ചമര്‍ത്തിക്കൊ ണ്ടിരിക്കുന്നവര്‍ ഇന്ത്യയുടെ ഭരണാധികാരികളായി മാറിയേയ്ക്കാമെന്ന തിനെക്കുറിച്ചുള്ള നേരിയ ചിന്ത പോലും അയിത്തജാതിക്കാരെ സംഭീതരാക്കി.

അയിത്തജാതിക്കാരേയും അധഃസ്ഥിത വര്‍ഗ്ഗക്കാരേയും സംബന്ധിച്ചിട ത്തോളം ഒരു സ്വാഗതാര്‍ഹമായ മാറ്റമായിരുന്നു ഇത്. അതിനു മുന്‍പ് നൂറ്റാണ്ടുകളായി അവര്‍ ഉയര്‍ന്നജാതി ഹിന്ദുക്കള്‍ക്ക് സ്വമേധയാ വശംവദരായ അടിമകളായിരുന്നു. എന്നാല്‍ ആ അടിമകള്‍ക്കിടയില്‍ പൊടുന്നനവേ ഇത്തരമൊരു മാറ്റം വന്നതെന്തുകൊണ്ടാണ്? ആ മാറ്റം ഏറിയ പങ്കും ബ്രീട്ടീഷ്ഭരണത്തിന്റെ ഫലമായിട്ടായിരുന്നു. ഇന്ത്യയുടെ ഭരണാധികാരികളെന്ന നിലയില്‍ ബ്രിട്ടീഷുകാര്‍ക്കൊപ്പം പാശ്ചാത്യ വിദ്യാഭ്യാസവും പാശ്ചാത്യ നാഗരികതയും സംസ്‌കാരവും ഇവിടെ വന്നു. പാശ്ചാത്യ നാഗരികത യിലേയ്ക്കും സംസ്‌കാരത്തിലേയ്ക്കും താരതമ്യേന ദീര്‍ഘമായ ഒരു കാലയളവിലുണ്ടായ ഈ സമ്പര്‍ക്കം അധഃസ്ഥിത വര്‍ഗ്ഗക്കാരില്‍ ഒരു പുതിയ ഉണര്‍വ്വിനു കാരണമായി. ബ്രിട്ടീഷ് ഭരണത്തിന്റെ ഫലമായി മറ്റു നിരവധി ഘടകങ്ങള്‍ പ്രവര്‍ത്തന ക്ഷമമാവുകയും ഇന്ത്യയെമ്പാടുമുള്ള അധ:സ്ഥിത വര്‍ഗ്ഗക്കാര്‍ക്കിടയില്‍ എല്ലാ വിധത്തിലുമുള്ള അഭിലാഷങ്ങളുമുണരുവാന്‍ പ്രോരകീഭവിച്ചു.

ഇക്കാലയളവില്‍ നമുക്കു കാണാന്‍ കഴിയുന്നത്. അയിത്തത്തിനെതിരായും അനീതി നിറഞ്ഞ സാമൂഹ്യവ്യവസ്ഥിതിക്കെതിരായും ഏറെക്കുറെ ഇന്ത്യയെമ്പാടും സ്വന്തം നിലയില്‍ ഉണര്‍ന്നെണീല്‍ക്കുന്നതാണ്. ഇന്ത്യയുടെ ഭൂപടം നോക്കിയാല്‍, പഞ്ചാബില്‍ നിന്നു ബംഗാള്‍ വരേയും, ആദി ധര്‍മ്മിം ജാട്ടവ, കുരീല്‍ പാസി, പാസ്വാന്‍, നമോ ശൂദ്രര്‍ തുടങ്ങിയവ രെല്ലാം ആത്മാഭിമാനത്തിനായി വിശ്രമരഹിതമായി പോരാടിക്കൊ ണ്ടിരുന്നു. താഴോട്ടു വരികയാണെങ്കില്‍, അഹിര്‍വാര്‍, ബെര്‍വാ, സത്‌നാമി, ഹേര്‍,ആദി ആന്ധ്ര, ആദി കര്‍ണ്ണാടക, ആദി ദ്രാവിഡ, പുലയ, ഈഴവ തുടങ്ങി അധഃസ്ഥിത വര്‍ഗ്ഗക്കാരിലെ നിരവധി സംഘങ്ങള്‍ ബ്രാഹ്മണ്യ സംസ്‌കാരത്തിന്റെ മര്‍ദ്ദത സ്വാഭാവത്തിനെതിരെ പോരാട്ട ങ്ങള്‍ നടത്തിക്കൊണ്ടിരുന്നു.

അധ:സ്ഥിത വര്‍ഗങ്ങളുടെ ഇത്തരത്തിലുള്ള എല്ലാ പോരാട്ടങ്ങളും കുറച്ചു ഫലങ്ങള്‍ ഉളവാക്കുകയുണ്ടായി. ഏറെക്കുറെ എല്ലായിടത്തും ജാതി ഹിന്ദുക്കള്‍ക്ക് ചില ഒത്തുതീര്‍പ്പുകള്‍ ഉണ്ടാക്കേണ്ടി വന്നു. ഉയര്‍ന്ന ജാതി ഹിന്ദുക്കളുടെ സംഘടനായ കോണ്‍ഗ്രസ്, 1917 ല്‍ താഴെ പറയുന്ന പ്രമേയം പാസ്സാക്കാന്‍ നിര്‍ബന്ധിതരായത് എങ്ങിനെയാണെന്ന് പരിശോധിക്കുമ്പോള്‍ അധഃസ്ഥിത വര്‍ഗ്ഗക്കാരുടെ പരിശ്രമങ്ങള്‍ ഏതളവുവരെ വിജയത്തിലെത്തിയെന്ന് നമുക്കു കാട്ടിത്തരും. 

1917 ലെ കോണ്‍ഗ്രസ് പ്രമേയം

അധഃസ്ഥിത വര്‍ഗക്കാര്‍ക്കുമേല്‍ ആചാരങ്ങളിലൂടെ അടിച്ചേല്‍പ്പിച്ചി രിക്കുന്ന എല്ലാ അവശതകളും, ആ അവശതകള്‍ ഏറ്റവും പ്രതികൂലവും പീഢനകരമായ സ്വഭാവത്തോടും കൂടിയായതിനാല്‍, അതുകാരണം ഈ വിഭാഗക്കാര്‍ക്ക് ഗണനീയമായ ക്ലേശങ്ങള്‍ക്കും അസൗകര്യങ്ങള്‍ക്കും ഇടയാകുന്നതിനാല്‍ അവ നിര്‍മാര്‍ജ്ജനം ചെയ്യേണ്ടുന്നതിന്റെ ആവശ്യകത യും നീതിയും ധാര്‍മ്മികതയേയും കുറിച്ച് അടിയന്തിരമായി പര്യാലോചി ക്കുവാന്‍ ഈ കോണ്‍ഗ്രസ് ഇന്ത്യയിലെ ജനങ്ങളോടാവശ്യപ്പെടുന്നു.

അന്ന് നിലവിലിരുന്ന സാഹചര്യത്തെ മറികടക്കാനായി അധഃസ്ഥിത വര്‍ഗക്കാരുടെ സഹാനുഭൂതിയും അംഗീകാരവും നേടിയെടുക്കാന്‍ അത്തരമൊരു പ്രമേയം പാസ്സാക്കാന്‍ കോണ്‍ഗ്രസ് നിര്‍ബന്ധിതമായി. ഈ പ്രമേയം പാസ്സാക്കിയത് അത്യന്തം വിചിത്രമായ ഒരു സംഭവമായിട്ടാണ് ഡോ.അംബേദ്കര്‍ വിവരിക്കുന്നത്. അക്കാലത്തെ കോണ്‍ഗ്രസ്സിന്റെ നിസ്സഹായാവസ്ഥയേയും, പ്രമേയം പാസ്സാക്കിയതിലെ അനര്‍ഥവും, പിന്നീടതിനെ പ്രവര്‍ത്തനരഹിതമാക്കിയതും എങ്ങിനെയാണെന്ന് ഡോ.അംബേദ്കര്‍ അദ്ദേഹത്തിന്റെ സ്വന്തം വാക്കുകളില്‍ വിവരിച്ചത് ചുവടെ ചേര്‍ക്കുന്നു.

ഈ പശ്ചാത്തലത്തില്‍ അധഃസ്ഥിത വര്‍ഗക്കാരെ സംബന്ധിച്ച് 1917 ല്‍ കോണ്‍ഗ്രസ് പാസാക്കിയ പ്രമേയം വ്യക്തമായും ഒരു വിചിത്രമായ സംഭവമായിരുന്നു. കഴിഞ്ഞ 32വര്‍ഷമായി പ്രവര്‍ത്തിക്കുന്നുവെങ്കിലും ഇതിനു മുന്‍പ് ഒരിക്കലും കോണ്‍ഗ്രസ് അത്തരമൊരു കാര്യം ചെയ്തിരുന്നില്ല. കോണ്‍ഗ്രസ്സിന്റെ പ്രഖ്യാപിത നയങ്ങള്‍ക്കു കടകവിരുദ്ധം കൂടിയായിരുന്നു ഈ നടപടി.

1917 ല്‍ അത്തരമൊരു പ്രമേയം പാസ്സാക്കുന്നത് അത്യാവശ്യമാണെന്ന് കോണ്‍ഗ്രസ്സ് എന്തുകൊണ്ടാണ് ചിന്തചച്ചത്? അയിത്തജാതിക്കാരെ കണക്കിലെടുക്കണമെന്ന അന്തര്‍ജ്ഞാനം കോണ്‍ഗ്രസിന് ഉണ്ടാക്കിയ തെന്താണ്? എന്താണ് കോണ്‍ഗ്രസ്സിന് കബളിപ്പിക്കേണ്ടിയിരുന്നത്. അറിയാവുന്നതിനപ്പുറമുള്ള ലക്ഷ്യങ്ങള്‍ കാരണമായിരുന്നോ അത്? ഇത്തരം ചോദ്യങ്ങള്‍ക്കുത്തരം ലഭിക്കണമെങ്കില്‍ 1017 ല്‍ ബോംബെ നഗരത്തിലെ രണ്ട് വ്യത്യസ്തരായ നേതാക്കളുടെ അധ്യക്ഷതയില്‍ കൂടിയ അധഃസ്ഥിതവര്‍ഗ്ഗക്കാരുടെ രണ്ട് വ്യത്യസ്ത യോഗങ്ങളില്‍ പാസ്സാക്കിയ, ഇനി വിവരിക്കുന്ന പ്രമേയങ്ങളിലേയ്ക്ക് നാം ശ്രദ്ധ തിരിച്ചേ മതിയാകൂ. അതില്‍ ആദ്യത്തെ യോഗം നടന്നത് 1917 നവംബര്‍ 11 ന് യശശരീനായ ശ്രീ നാരായണന്‍ ചന്ദാവര്‍ക്കറുടെ അധ്യക്ഷതയില്‍ കൂടിയ യോഗമാണ്. ആ യോഗത്തില്‍ താഴെ പറയുന്ന പ്രമേയങ്ങള്‍ പാസ്സാക്കപ്പെട്ടു.

ഒന്നാമത്തെ പ്രമേയം- ബ്രിട്ടീഷ് സര്‍ക്കാരിനോട് കൂറു പുലര്‍ത്തുന്ന തിനൊപ്പം സഖ്യകക്ഷികളുടെ വിജയത്തിനായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.

സമ്മേളനത്തിലെ രണ്ടാമത്തെ പ്രമേയം, ഏറെക്കുറെ ഒരു വമ്പന്‍ ആള്‍ക്കാരുടെ ഭിന്നാഭിപ്രായത്തിനെതിരെ, വമ്പിച്ച ഭൂരിപക്ഷത്തോടെ, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സും ആല്‍ ഇന്ത്യാ മുസ്ലീം ലീഗും ശുപാര്‍ശ ചെയ്ത ഇന്ത്യന്‍ ഭരണനിര്‍വഹത്തിനുമേലുള്ള പരിഷ്‌കരണ പദ്ധതിക്ക് അംഗീകാരം നല്‍കുകയുണ്ടായി.

മൂന്നാമത്തെ പ്രമേയം ഐകകണ്‌ഠ്യേന പ്രഖ്യാപിച്ചത്, അയിത്തജാതി ക്കാരായി കണക്കാക്കുകയും അത്തരത്തിലുള്ള പെരുമാറ്റം ഏറ്റു വാങ്ങുകയും ചെയ്യുന്ന ഇന്ത്യയിലെ അധഃസ്ഥിത വര്‍ഗ്ഗക്കാരുടെ ജനസംഖ്യ വളരെ വലുതാകയാലും, അത്രം പെരുമാറ്റം കാരണം അവരുടെ അവസ്ഥ അത്യന്തം ദയനീയമായതിനാലും, വിദ്യാഭ്യാസകാര്യത്തില്‍ അവര്‍ മറ്റുള്ളവരെ അപേക്ഷിച്ച് വളരെ പിന്നണിയിലായതിനാലും, തങ്ങളുടെ പുരോഗതിക്കായി ന്യായമായ അവസരങ്ങള്‍ ഉറപ്പാക്കാന്‍ അവര്‍ അശക്തരായതിനാലും, നിയമനിര്‍മ്മാണ കൗണ്‍സിലുകളുടെ പുനസംഘടന യുമായും പരിഷ്‌കരണ പദ്ധതിയുമായും ബന്ധപ്പെട്ട് സര്‍ക്കാര്‍ സ്വീകരിക്കാന്‍ പോകുന്ന നടപടികളില്‍ ഈ വിഭാഗക്കാരുടെ താല്‍പര്യ ങ്ങള്‍ക്ക് വേണ്ടത്ര പരിഗണന നല്‍കണമെന്ന് അധഃസ്ഥിതവര്‍ഗ്ഗക്കാരുടെ ഈ പൊതുയോഗം ശക്തമായി ആവശ്യപ്പെടുന്നു.

സമ്മേളനം ഐകകണ്‌ഠ്യേന നാലാമത്തെ പ്രമേയം:

അധഃസ്ഥിത വര്‍ഗ്ഗക്കാരുടെ തരംതാഴ്ത്തപ്പെട്ട അവസ്ഥയ്ക്കു കാരണം അവര്‍ക്കിടയിലെ നിരക്ഷരതയും അറിവില്ലായ്മയും ആകയാലും, ഏതൊരു സമുദായത്തിന്റേയും സാമൂഹ്യമായ ഔന്നത്യം ആ സമുദായത്തിലെ അംഗങ്ങള്‍ക്കിടയില്‍ വിദ്യാഭ്യാസം സാര്‍വത്രികമായി വ്യാപിക്കുന്നതിനെ ആശ്രയിച്ചിരിക്കുന്നുവെന്ന വസ്തുതയുടെ അടിസ്ഥാനത്തില്‍ , നിര്‍ബന്ധിതവും സൗജന്യവുമായ ഒരു വിദ്യാഭ്യാസ സമ്പ്രദായം, സാധ്യമായത്ര വേഗത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെടുന്നു.

ഐകകണ്‌ഠ്യേന പാസ്സാക്കിയ അഞ്ചാമത്തെ പ്രമേയം ഇപ്രകാരമാണ്. അധഃസ്ഥിത വര്‍ഗ്ഗക്കാര്‍ക്കുമേല്‍ മതവും ആചാരങ്ങളും വഴി അടിച്ചേല്‍പപ്പിക്കപ്പെട്ട എല്ലാ അവശതകളും ആ അവശതകള്‍ അവരെ പൊതുവിദ്യാലയങ്ങള്‍ , ആശുപത്രികള്‍, നീതിന്യായകോടതികള്‍, പൊതുസ്ഥാപനങ്ങള്‍ തുടങ്ങിയവയില്‍ പ്രവേശിക്കുവാനോ, പൊതു കിണറുകള്‍ ഉപയോഗിക്കുവാനോ അനുവദിക്കാത്തവിധം ആ അവശതകള്‍ ഏറ്റവും പ്രതികൂലവും പീഢനകരമായ സ്വാഭാവത്തോടു കൂടിയതുമായതിനാലും, അത്തരം എല്ലാ അവശതകളും നിര്‍മ്മാര്‍ജ്ജനം ചെയ്യേണ്ടതിന്റെ ആവശ്യകതയും നീതിയും ധാര്‍മ്മികതയും ഇന്ത്യന്‍ ജനസാമാന്യത്തിനു മേല്‍ പ്രഖ്യാപിക്കുന്നതിലേയ്ക്കായി, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ അടുത്ത സെഷനില്‍ വ്യതിരിക്തവും സ്വതന്ത്രവുമായ ഒരു പ്രമേയം പാസ്സാക്കണമെന്നാവശ്യപ്പെടാന്‍ ഈ പൊതുസമ്മേളനം അതിന്റെ അധ്യക്ഷനെ ചുമതലപ്പെടുത്തുന്നു.

ആറാമത്തെ പ്രമേയം ആവശ്യപ്പെട്ടത്, അയിത്തജാതിക്കാരും അധഃസ്ഥിത വിഭാഗക്കാരും ഒഴികെയുള്ള എല്ലാ ജാതിയിലും പെട്ട ഹിന്ദുക്കള്‍, പ്രത്യേകിച്ചും രാഷ്ട്രീയാവകാശങ്ങള്‍ക്കുവേണ്ടി വാദിക്കുന്ന ഉയര്‍ന്ന ജാതി ഹിന്ദുക്കള്‍, സ്വന്തം രാജ്യത്ത് ഏറ്റവും മോശപ്പെട്ട പരിചരണത്തിനു വിധേയമാകാന്‍ കാരണമായി അധഃസ്ഥിത വര്‍ഗ്ഗക്കാര്‍ക്കുമേല്‍ അടിച്ചേല്‍പ്പിച്ചിരിക്കുന്ന തരംതാഴ്ത്തലിന്റെ കളങ്കം ഇല്ലായ്മ ചെയ്യാനാ വശ്യമായ നടപടികള്‍ സ്വീകരിക്കേണ്ടതാണ്.

ആദ്യത്തെ സമ്മേളനത്തിനുശേഷം ഒരാഴ്ചയോ മറ്റോ കഴിഞ്ഞ് 1917 നവംബറിലാണ് രണ്ടാമത്തെ സമ്മേളനം നടന്നത്. അബ്രാഹ്മണ പാര്‍ട്ടിയുടെ നേതാവായ ഒരു ബാപ്പുജി നാംദേവോ ബഗാഡെയായിരുന്നു അധ്യക്ഷന്‍. ആ സമ്മേളനത്തില്‍ ചുവടെ ചേര്‍ക്കുന്ന പ്രമേയങ്ങള്‍ ഐക്യകണ്‌ഠേന പാസ്സാക്കപ്പെട്ടു.

1) ബ്രിട്ടീഷ് കിരീടത്തോടുള്ള കൂറു പ്രാപിക്കുന്ന പ്രമേയം

2) 1917 നവംബര്‍ 11 ലെ സമ്മേളനത്തില്‍ വമ്പിച്ച ഭൂരിപക്ഷത്തേടുകൂടി പാസ്സാക്കപ്പെട്ടതാണെന്ന് പ്രഖ്യാപിക്കപ്പെട്ടതാണെങ്കില്‍ കൂടി കോണ്‍ഗ്രസ്സ് ലീഗ് പദ്ധതിക്ക് ഈ സമ്മേളനം പിന്തുണ നല്‍കുന്നില്ല.

3) ഈ രാജ്യത്തിന്റെ ഭരണനിര്‍വ്വഹണത്തില്‍ ഫലപ്രദമായി ഇടപെടാന്‍ തക്കവിധത്തിലുള്ള അവസ്ഥയിലേക്ക് എല്ലാ ജനവിഭാഗങ്ങളും 

പ്രത്യേകിച്ച് അധ:സ്ഥിത വിഭാഗക്കാര്‍ ഉയര്‍ന്നു വരുന്നതു വരെ ഇന്ത്യയുടെ ഭരണ നിര്‍വ്വഹണത്തില്‍ ഏറിയ പങ്കും ബ്രിട്ടീഷുകാരുടെ നിയന്ത്രണത്തിലായിരിക്കണമെന്ന് ഈ സമ്മേളനം കരുതുന്നു. 

4) ഇന്ത്യയിലെ പൊതുഭരണങ്ങള്‍ക്ക് രാഷ്ട്രീയ ആനുകൂല്യങ്ങള്‍ നല്‍കുവാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ തീരുമാനിക്കുന്ന പക്ഷം അയിത്തജാതി സിവില്‍ രാഷ്ട്രീയ അവകാശങ്ങള്‍ ഉറപ്പാക്കുന്നതിനായി അവരുടെ സ്വന്തം രാഷ്ട്രീയ പ്രതിനിധികളെ വിവിധ നിയമസഭാ സ്ഥാപനങ്ങളില്‍ ഉള്‍പ്പെടുത്തണമെന്ന് ഈ സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു.

5) ബഹിഷ്‌കൃത ഭാരത് സമാജിന്റെ ലക്ഷ്യങ്ങളെ ഈ സമ്മേളനം അംഗീകരിക്കുന്നതിനൊപ്പം മി. മൊണ്ടേഗു കമ്മീഷനിലേക്കുള്ള പ്രതിനിധിസംഘത്തെ സംഘടനയുടെ പേരില്‍ അയയ്ക്കുന്നതിനെ പിന്തുണയ്ക്കുകയും ചെയ്യുന്നു. 

6) അധ:സ്ഥിത വര്‍ഗ്ഗക്കാരുടെ പ്രത്യേകമായ ആവശ്യങ്ങളിലേയ്ക്ക് സര്‍ക്കാര്‍ ശ്രദ്ധ തിരിക്കണമെന്നും പ്രാഥമിക വിദ്യാഭ്യാസം സൗജന്യവും നിര്‍ബന്ധിതമാക്കണമെന്നും ഈ സമ്മേളനം സര്‍ക്കാരിനോടാവശ്യപ്പെടുന്നു. അധ:സ്ഥിത വര്‍ഗ്ഗക്കാരിലെ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് പോലെയുള്ള പ്രത്യേക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും ഈ സമ്മേളനം സര്‍ക്കാരിനോടാവശ്യപ്പെടുന്നു.

7) ബോംബെ സര്‍ക്കാരിന്റെ വൈസ്രോയിക്ക് ഈ പ്രമേയങ്ങള്‍ സമര്‍പ്പിക്കാന്‍ അധ്യക്ഷനെ ഈ യോഗം അധികാരപ്പെടുത്തുന്നു.

അധ:സ്ഥിത വര്‍ഗ്ഗക്കാരുടെ ഉന്നമനത്തെ സംബന്ധിച്ച് 1917 ല്‍ കോണ്‍ഗ്രസ്സ് പാസ്സാക്കിയ പ്രമേയം ശ്രീ. നാരായണന്‍ ചന്ദാവര്‍ക്കറുടെ അധ്യക്ഷതയില്‍ ബോംബേയില്‍ കൂടിയ അധ:സ്ഥിതവര്‍ഗ്ഗക്കാരുടെ യോഗം പാസ്സാക്കിയ പ്രമേയം തമ്മില്‍ വളരെ അടുത്ത പരസ്പര ബന്ധമുണ്ടെന്ന് വ്യക്തമാണ്. 1917 ല്‍ നടന്ന രാഷ്ട്രീയ സംഭവ വികാസങ്ങളെ ഉദാഹരിക്കുന്നതിലൂടെ ഈ പരസ്പരബന്ധം വളരെ വേഗം മനസ്സിലാക്കാം. 1917 കാലഘട്ട ത്തിന്റെ കൃത്യമായി പറഞ്ഞാല്‍ 1917 ആഗസ്റ്റ് 20 ന് അന്ന് ഇന്ത്യയുടെ കാര്യങ്ങള്‍ നോക്കുന്ന സെക്രട്ടറിയായിരുന്ന പരേതനായ മി. ബ്രിട്ടീഷ് മൊണ്ടോഗു'ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ അവിഭാജ്യഘടകമെന്ന നിലയില്‍ ഇന്ത്യയില്‍ ഒരു ഉത്തരവാദിത്വ ഗവണ്‍മെന്റ് സ്ഥാപിതമാക്കുകയെന്നുള്ള പുരോഗമനപരമായ വീക്ഷണത്തോടുകൂടി സ്വയംഭരണ സ്ഥാപനങ്ങളുടെ അനുക്രമമായ വികാസം' എന്ന ശീര്‍ഷകത്തില്‍ ബ്രിട്ടീഷ് ഭരണത്തിന്റെ ഇന്ത്യയോടുള്ള പുതിയ നയരേഖ പൊതുവില്‍ പ്രഖ്യാപിച്ചത് സ്മരിക്കേണ്ടതുണ്ട്. ബ്രിട്ടീഷ് ഭരണകൂടത്തിന്റെ ഭാഗത്തുനിന്നും അത്തരമെന്തെങ്കിലും നയപ്രഖ്യാപനം ഇന്ത്യയിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളെല്ലാം പ്രതീക്ഷിച്ചിരുന്നുവെന്ന് മാത്രമല്ല, അത്തരമൊരു നയത്തെ മുന്‍കൂട്ടി കണ്ടുകൊണ്ട് ഇന്ത്യന്‍ ഭരണഘടനാവസ്ഥയില്‍ വരുത്തേണ്ട മാറ്റങ്ങളെ സംബന്ധിച്ച പദ്ധതികള്‍ തയ്യാറാക്കുകയും ചെയ്തു. നിരവധി പദ്ധതികള്‍ രൂപകല്‍പ്പന ചെയ്തുവെങ്കിലും അവയില്‍ ജനശ്രദ്ധ പിടിച്ചു പറ്റിയത് രണ്ടെണ്ണമായിരുന്നു. ഒരെണ്ണം അറിയപ്പെട്ടത് 'പത്തൊമ്പതു പേരുടെ പദ്ധതിയെന്നാണ് രണ്ടാമത്തേത് കോണ്‍ഗ്രസ്സ് -ലീഗ് പദ്ധതിയും അന്നത്തെ ഇമ്പീരിയല്‍ ലെജിസ്ലേറ്റീവ് കൗണ്‍സിലില്‍വിശേഷ അംഗങ്ങളായ 19 പേര്‍ ചേര്‍ന്ന് അവതരിപ്പിച്ചതാണ്. കോണ്‍ഗ്രസ്സിന്റെയും ലീഗിന്റെയും പിന്തുണയോടുകൂടി രാഷ്ട്രീയ പരിഷ്‌ക്കാരങ്ങളുടെ ഒരു പൊതുപദ്ധതിയായിരുന്നു ലക്‌നൗ ഉടമ്പടിയെന്ന പേരില്‍കൂടി അറിയപ്പെടുന്ന രണ്ടാമത്തെ പദ്ധതി. ഈ രണ്ടു പദ്ധതികളും മി. മൊണ്ടേഗുവിന്റെ പ്രഖ്യാപനത്തിന് ഒരു വര്‍ഷം മുന്‍പ് 1916 ല്‍ നിലവില്‍ വന്നിരുന്നു.

ഈ രണ്ടു പദ്ധതികളില്‍ സ്വന്തം പദ്ധതി ബ്രിട്ടീഷ് ഭരണകൂടം സ്വീകരിച്ചു കാണുമെന്നായിരുന്നു കോണ്‍ഗ്രസ്സിന്റെ താല്‍പര്യം ഈ ഉദ്ദേശത്തോടുകൂടി കോണ്‍ഗ്രസ്സ് ലീഗ് പദ്ധതിക്ക് ഒരു ദേശീയ ആവശ്യത്തിന്റെ പദവിയും സ്വഭാവവും ഉണ്ടെന്ന തരത്തിലുള്ള പ്രചാരണം നല്‍കാന്‍ കോണ്‍ഗ്രസ്സ് ശ്രദ്ധാലുവായിരുന്നു. ഇന്ത്യയിലെ എല്ലാ സമുദായങ്ങളുടെയും പിന്തുണ യാര്‍ജ്ജിച്ചെങ്കില്‍ മാത്രമേ അതു സംഭവിക്കുമായിരുന്നുള്ളൂ. ഈ പദ്ധതി മുസ്ലീം ലീഗ് സ്വീകരിക്കുന്നതോടുകൂടി മുസ്ലീം സമുദായത്തിന്റെ പിന്തുണ നേടുന്ന പ്രശ്‌നം ഉദിച്ചില്ല. വലിപ്പത്തില്‍ അടുത്ത സ്ഥാനം അധ:സ്ഥിത വര്‍ഗ്ഗക്കാരുടേയായിരുന്നു. മുസ്ലീംങ്ങളെപ്പോലെ സംഘടിത രല്ലായിരു ന്നിട്ടുകൂടി അവര്‍ രാഷ്ട്രീയമായി വളരെ ബോധമുള്ളവരായിരുന്നുവെന്ന് അവരുടെ പ്രമേയങ്ങള്‍ വ്യക്തമാക്കുന്നു. രാഷ്ട്രീയമായി ബോധവാന്മാ രായിരുന്നുവെന്ന് മാത്രമല്ല അവരെല്ലാവരും കോണ്‍ഗ്രസ്സ് വിരുദ്ധ രുമായിരുന്നു. മാത്രമല്ല 1895 ല്‍ സാമൂഹ്യതിന്മകളെ നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനുള്ള ആശയപ്രകാശനത്തിനായി സോഷ്യല്‍ കോണ്‍ഗ്രസ്സിന്റെ പന്തല്‍ അനുവദിക്കുകയാണെങ്കില്‍ ആ പന്തല്‍ കത്തിക്കുമെന്ന് തിലകന്റെ അനുയായികള്‍ ഭീഷണിപ്പെടുത്തിയപ്പോള്‍ അയിത്തജാതിക്കാര്‍ കോണ്‍ഗ്രസ്സിനെതിരെ ഒരു പ്രകടനം സംഘടിപ്പിച്ചുമെന്നുമാത്രമല്ല അതിന്റെ കോലം കത്തിക്കുകയും ചെയ്തു. കോണ്‍ഗ്രസ്സിനെതിരായ സഹജ വിദ്വേഷം എല്ലാക്കാലത്തും തുടരുകയും ചെയ്തു. 1917 ല്‍ ബോംബെയില്‍ ചേര്‍ന്ന അധ:സ്ഥിത വര്‍ഗ്ഗക്കാരുടെ രണ്ടു സമ്മേളനങ്ങളും പാസ്സാക്കിയ പ്രമേയങ്ങള്‍, അധ:സ്ഥിത വര്‍ഗ്ഗക്കാരുടെ മനസ്സുകളില്‍ കോണ്‍ഗ്രസ്സിനോടുണ്ടായിരുന്ന വിദ്വേഷത്തെ സാധൂകരിക്കുന്ന പ്രബലമായ തെളിവുകളാണ്. കോണ്‍ഗ്രസ്സ് ലീഗ് പദ്ധതിക്ക് അധ:സ്ഥിത വര്‍ഗ്ഗക്കാരുടെ പിന്തുണയാര്‍ജ്ജിക്കുന്നതില്‍ ഉത്കണ്ഠാകുലരായിരുന്ന കോണ്‍ഗ്രസ്സിനാകട്ടെ, അതു ലഭിക്കാന്‍ സാധ്യതയൊട്ടുമില്ലെന്ന് വളരെ നന്നായി അറിയാമാ യിരുന്നു. ഇന്ന് കോണ്‍ഗ്രസ്സ് ചെയ്തുകൊണ്ടിരിക്കുന്ന ജനങ്ങളെ ദുഷിപ്പിക്കുന്ന ജോലി അന്നു ചെയ്യാതിരുന്നതിനാല്‍ അന്ന് ആ ജോലി അവര്‍ പഠിച്ചിരുന്നില്ല. കോണ്‍ഗ്രസ്സിന്റെ ഒരു മുന്‍ പ്രസിഡന്റായിരുന്ന പരേതനായ ശ്രീ. നാരായണന്‍ ചന്ദാവര്‍ക്കറുടെ സേവനം അവര്‍ സഹായത്തിനെടുത്തു. ഡിപ്രസ്സ്ഡ് ക്ലാസ്സസ് മിഷന് സൊസൈറ്റിയുടെ പ്രസിഡന്റ് എന്ന നിലയില്‍ അധ:സ്ഥിത വര്‍ഗ്ഗക്കാര്‍ക്കു മേല്‍ അദ്ദേഹത്തിന് പരിഗണനാര്‍ഹമായ സ്വാധീനമുണ്ടായിരുന്നു. അദ്ദേഹ ത്തിന്റെ സ്വാധീനത്തിന്റേയും അദ്ദേഹത്തിനോടുള്ള ആദരവിന്റെയും ഫലമായി കോണ്‍ഗ്രസ്സ്-ലീഗ് പദ്ധതിക്ക് പിന്തുണ നല്‍കാമെന്ന് ഒരു വിഭാഗം അധ: സ്ഥിതവര്‍ഗ്ഗക്കാര്‍ സമ്മതിച്ചു.

പ്രമേയത്തിലെ വാചകങ്ങള്‍ വ്യക്തമാക്കുന്നത് കോണ്‍ഗ്രസ്സ് ലീഗ് പദ്ധതിക്ക് അവര്‍ നിരുപാധിക പിന്തുണ നല്‍കിയില്ല. അയിത്ത ജാതിക്കാക്കു മേലുള്ള സാമൂഹ്യാവശതകള്‍ പരിഹരിക്കുന്നതിന് കോണ്‍ഗ്രസ്സ് ഒരു പ്രമേയം പാസ്സാക്കണമെന്ന വ്യവസ്ഥയില്‍ മേലാണ് അവര്‍ പിന്തുണ നല്‍കിയത്. സര്‍ നാരായണ്‍ ചന്ദാവര്‍ക്കറിലൂടെ ചര്‍ച്ച ചെയ്ത് അധ:സ്ഥിത വര്‍ഗ്ഗക്കാരുമായുണ്ടാക്കിയ ഉടമ്പടിയനുസരിച്ച് പാസ്സാക്കിയതായിരുന്നു കോണ്‍ഗ്രസ്സിന്റെ പ്രമേയം. 

1917 ലെ കോണ്‍ഗ്രസ്സ് അധ:സ്ഥിത വര്‍ഗ്ഗക്കാര്‍ക്കുവേണ്ടി പാസ്സാക്കിയ പ്രമേയത്തിന്റെ ഉല്‍പ്പത്തിയേയും അതിന് സര്‍ നാരായണന്‍ ചന്ദാവര്‍ക്കറുടെ അധ്യക്ഷതയില്‍ അധ:സ്ഥിത വര്‍ഗ്ഗക്കാര്‍ പാസ്സാക്കിയ പ്രമേയങ്ങളുമായുള്ള പരസ്പര ബന്ധത്തേയും ഇത് വിശദീകരിക്കുന്നു. നാം കാണുന്നതിനും കേള്‍ക്കുന്നതിനും അപ്പുറത്തുള്ള ചില ലക്ഷ്യങ്ങള്‍ കോണ്‍ഗ്രസ്സ് പ്രമേയത്തിനുണ്ടായിരുന്നുവെന്ന് ഈ വിശദീകരണം തെളിയിക്കുന്നു. അതൊരു ആത്മീയമായ ലക്ഷ്യമായിരുന്നില്ല. അതൊരു രാഷ്ട്രീയ ലക്ഷ്യമായിരുന്നു.

കോണ്‍ഗ്രസ്സ് പ്രമേയത്തിന് എന്തു സംഭവിച്ചു?

രാഷ്ട്രീയവകാശങ്ങള്‍ക്കു വേണ്ടി വാദിക്കുന്ന ഉയര്‍ന്ന ജാതി ഹിന്ദുക്കള്‍ സ്വന്തം രാജ്യത്ത് ഏറ്റവും മോശപ്പെട്ട പരിചരണത്തിനു വിധേയമാകാന്‍ കാരണമായി അധ:സ്ഥിത വര്‍ഗ്ഗക്കാര്‍ക്കുമേല്‍ അടിച്ചേല്പ്പിച്ചിരിക്കുന്ന തരംതാഴ്ത്തലിന്റെ കളങ്കം ഇല്ലായ്മ ചെയ്യാനാവശ്യമായ നടപടികള്‍ സ്വീകരിക്കേണ്ടതാണ്. എന്നാണ് അധ:സ്ഥിതവര്‍ഗ്ഗക്കാര്‍ അവരുടെ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടത്. അധ:സ്ഥിത വര്‍ഗ്ഗക്കാരുടെ ഈ ആവശ്യത്തെ പരിഹരിക്കുന്നതിനായി കോണ്‍ഗ്രസ്സ് എന്താണ് ചെയ്തത്? കോണ്‍ഗ്രസിനു ലഭിച്ച പിന്തുണയ്ക്കു പകരം എന്ന നിലയില്‍ കോണ്‍ഗ്രസ്സ് അതിന്റെ പ്രമേയത്തില്‍ വ്യക്തമാക്കിയ സഹാനുഭൂതിയെ സാക്ഷാത്കരിക്കുന്നതിനായി അയിത്താചരണത്തിനെതിരെ ഒരു പ്രചാരപരിപാടി സംഘടിപ്പിക്കുവാന്‍ കോണ്‍ഗ്രസ്സ് ബാധ്യസ്ഥമായിരുന്നു. എന്നാല്‍ കോണ്‍ഗ്രസ്സ് ഒന്നും ചെയ്തില്ല. പ്രമേയം പാസ്സാക്കല്‍ ഹൃദയശൂന്യമായ ഒരു ഇടപാടായിരുന്നു. കോണ്‍ഗ്രസ്സ്-ലീഗ് പദ്ധതിക്ക് അധ:സ്ഥിതവര്‍ഗ്ഗക്കാരുടെ പിന്തുണ നേടുന്നതിനായി ഉണ്ടാക്കിയ വ്യവസ്ഥയുടെ കേവലം ഔപചാരികമായ ആവിഷ്‌കാരം മാത്രമായിരുന്നു ആ പ്രമേയം. മനുഷ്യന്‍ മനുഷ്യനോടു കാട്ടുന്ന മനുഷ്യത്വരഹിതമായ പെരുമാറ്റമായ അയിത്തത്തിനെതിരെ ധാര്‍മ്മിക രോഷത്തിലൂന്നിയ എന്തെങ്കിലും മനോഭാവമോ അല്ലെങ്കില്‍ മനസ്സാക്ഷിക്കുത്തെങ്കിലുമോ കോണ്‍ഗ്രസ്സിനുണ്ടായതായി ഒരിക്കലും കാണപ്പെട്ടില്ല. പാസ്സാക്കിയ അന്നു തന്നെ ആ പ്രമേയത്തെ കോണ്‍ഗ്രസ്സ് മറന്നു. ആ പ്രമേയം കേവലം അക്ഷരങ്ങളുടെ ശവശരീരമായിരുന്നു. അതില്‍ നിന്നും ഒന്നും തന്നെ ഉണ്ടായതേയില്ല. 

കോണ്‍ഗ്രസ്സ് അയിത്തജാതിക്കാരോട് ചെയ്തതെന്താണെന്നതിന്റെ ചരിത്രത്തിന്റെ ഒന്നാം അദ്ധ്യായം അങ്ങനെ അവസാനിച്ചു.