"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, സെപ്റ്റംബർ 15, ചൊവ്വാഴ്ച

പുസ്തകം: പണ്ഡിറ്റ് കെ പി കറുപ്പന്‍ - ദലിത് ബന്ധു എന്‍ കെ ജോസ്

ഒരു വാക്ക്

ഈ പുസ്തക പ്രകാശന ത്തോടുകൂടി കേരള സാമൂഹ്യ നവോത്ഥാന രംഗത്തെ പഞ്ച മഹാ ജ്ഞാനികളെപ്പറ്റി എഴുതി എന്നു ഞാന്‍ അവകാശപ്പെടുകയാണ്. 1990 ല്‍ അയ്യന്‍കാളിയെപ്പറ്റി ഒരു പഠനം നടത്തി. പിന്നെ രണ്ടുപ്രാവശ്യം അതു പരിഷ്‌ക്കരിച്ചു പുനഃ പ്രകാശനം ചെയ്തു. 1991 ല്‍ അരുവിപ്പുറം പ്രതിഷ്ഠ എന്ന എന്റെ ഗ്രന്ഥം പുറത്തുവന്നു. പിന്നെ 2008 ല്‍ വൈകുണ്ഠ സ്വാമികളെപ്പറ്റി എഴുതി. 2009 ല്‍ പൊയ്കയില്‍ യോഹന്നാന്‍ ഉപദേശി എന്ന ഗ്രന്ഥവും പ്രസിദ്ധീകരിച്ചു. ഇതാ ഇപ്പോള്‍ പണ്ഡിറ്റ് കറുപ്പനെപ്പറ്റിയുള്ള പഠനവും പുറത്തു വരുന്നു. വൈകുണ്ഠ സ്വാമികള്‍, നാരായണഗുരു, അയ്യന്‍കാളി, പൊയ്കയില്‍ യോഹന്നാന്‍ ഉപദേശി, പണ്ഡിറ്റ് കറുപ്പന്‍. ഇവര്‍ക്കപ്പുറമുള്ള സാമൂഹ്യനവോത്ഥാന നായകര്‍ ആരാണ് കേരളത്തിലുള്ളത്?

നിലവിലിരിക്കുന്ന കാഴ്ച്ചപ്പാടില്‍നിന്നും തികച്ചും വ്യത്യസ്തമായ ഒരു സമീപനമാണ് ഈ ഗ്രന്ഥത്തില്‍ ഞാന്‍ സ്വീകരിച്ചിരിക്കുന്നത്. ചരിത്രം ബ്രാഹ്മണിസ്റ്റുകളുടെ കയ്യില്‍ എന്നും ഒരു ചൂഷണോപകരണമായിരുന്നു. അതിനാല്‍ പൂര്‍ണ്ണമായ ഒരഴിച്ചുപണി നടത്തേണ്ട മേഖലയാണ് ചരിത്രം. അങ്ങനെയുള്ള ഒരഴിച്ചുപണിക്കുവേണ്ടിയാണ് കഴിഞ്ഞ അറുപതുകൊല്ലം ഞാന്‍ ശ്രമിച്ചത്. ഈ രാജ്യത്തെ ഭൂരിപക്ഷം വരുന്ന ആദിവാസി-ദലിത്-പിന്നോക്ക-മതന്യൂനപക്ഷ വിഭാഗങ്ങളുടെ ചരിത്രത്തിന്റെ മറുവശം വെളിച്ചത്തുകൊണ്ടുവരാനുള്ള പരിശ്രമമാണ് ഞാന്‍ നടത്തിയത്. കെട്ടുകഥകളെ ചരിത്രമാക്കി അടിമകളെക്കൊണ്ടംഗീകരിപ്പിച്ച് അവരുടെ ആത്മാഭിമാനത്തെ നശിപ്പിച്ച് അവരെ ഇവിടത്തെ രണ്ടാംതരം പൗരന്മാരാക്കിയ കുത്സിതപ്രവൃത്തിക്കെതിരെയുള്ള സ്വരമുയര്‍ത്താനാണ് ഞാന്‍ എന്നും ശ്രമിച്ചുപോന്നിട്ടുള്ളത്. ഡോ. അംബേദ്ക്കറും ഈ.വി.രാമസ്വാമിനായ്ക്കരും വി.ടി.രാജശേഖറും മറ്റുമാണ് ആ രംഗത്ത് എനിക്ക് മാതൃകയായത്. മഹാനായ ശ്രീബുദ്ധന്റെ കാലടിപ്പാടുകള്‍ പിന്തുടരുവാനാണ് ഞങ്ങളെല്ലാവരും ശ്രമിച്ചത്. അതിന്റെ എല്ലാം പരിണിതഫലങ്ങളാണ് ഈ ഗ്രന്ഥങ്ങള്‍. 

അതുകൊണ്ട് ഞാന്‍ ഇവയില്‍ പറഞ്ഞിട്ടുള്ളതുമാത്രമാണ് ശരി എന്ന അവകാശവാദം എനിക്കില്ല. മറ്റുള്ളവരെല്ലാം ഇത് ഇതേരീതിയില്‍ അംഗീകരിക്കണമെന്ന നിര്‍ബന്ധ ബുദ്ധിയും എനിക്കില്ല. ദശാബ്ദങ്ങളിലൂടെ നടത്തിയ അന്വേഷണങ്ങളുടെ ഫലമായി ഇന്ന് ലഭിച്ചിരിക്കുന്ന അറിവുകളുടെയും തെളിവുകളുടെയും പശ്ചാത്തല ത്തില്‍, എനിക്കു ചെന്നെത്താവുന്ന യുക്തിയുടെ വെളിച്ചത്തില്‍, ഞാന്‍ കണ്ടത് എന്റെ സഹോദരങ്ങളെ അറിയിക്കുകയാണ് ഇവയിലൂടെ ചെയ്തിരിക്കുന്നത്. മറ്റുള്ളവര്‍ക്കു വിമര്‍ശിക്കുവാനും കൂടുതല്‍ അന്വേഷിക്കുവാനും പഠിക്കുവാനുമുള്ള ഒരു കരട് ഞാന്‍ അവതരിപ്പിക്കു ന്നുവെന്നു മാത്രം. വിമര്‍ശനവും ചര്‍ച്ചയും എപ്പോഴും വളര്‍ച്ചയ്ക്കു വഴിവയ്ക്കു ന്നതാണ്. അതിലൂടെ പുതിയതു പലതും കണ്ടെത്താന്‍ കഴിയും എന്നു ഞാന്‍ പ്രത്യാശിക്കുന്നു.

ഈ പുസ്തകങ്ങളൊന്നും ജനപ്രീതിക്കുവേണ്ടിയോ വേഗം വിറ്റഴിക്കു ന്നതിനു വേണ്ടിയോ എഴുതപ്പെട്ടവയല്ല. സത്യാന്വേഷണത്വരമാത്രമാണ് എന്നെ ഈ അന്വേഷ ണത്തിന് പ്രേരിപ്പിച്ചിട്ടുള്ളത്. അതിനാല്‍ നിശിതമായ വിമര്‍ശനം ഈ ഗ്രന്ഥങ്ങള്‍ക്ക് ഞാന്‍ പ്രതീക്ഷിക്കുന്നു. ചിലതിനെല്ലാം ലഭിച്ചിട്ടുണ്ട്. ഈ ഗ്രന്ഥത്തിലും രൂക്ഷമായി എതിര്‍ക്കേണ്ടതാണ് എന്ന് പലരും കരുതാവുന്ന പലഭാഗങ്ങളുമുണ്ട്. പ്രത്യേകിച്ചും കൊടുങ്ങല്ലൂര്‍ കോവിലകം, കറുപ്പന്റെ പാരമ്പര്യം, എന്താണ് ക്ഷേത്രപ്രവേശന വിളംബരം തുടങ്ങിയ അധ്യായങ്ങള്‍. അതിനെയെല്ലാം വിമര്‍ശിക്കു കയും കൂടുതല്‍ സത്യമായത് വെളിച്ചത്തു വരുവാന്‍ സഹായിക്കുകയും ചെയ്യുന്നതില്‍ എനിക്കു സന്തോഷമേയുള്ളൂ. പരമമായ സത്യം, അങ്ങനെ ഒന്നില്ല എന്നു ഞാന്‍ വിശ്വസിക്കുന്നു. എല്ലാ സത്യങ്ങളും ആപേക്ഷിക ങ്ങളാണ്. എനിക്ക് സത്യമെന്ന് ആത്മാര്‍ത്ഥമായി അനുഭവപ്പെടുന്നതു പോലും സഹോദരന് സത്യമായിരിക്കണമെന്നില്ല. എനിക്ക് വ്യക്തവും വ്യത്യസ്തവും സ്വന്തവുമായ ഒരു സ്വത്വം ഉള്ളതുപോലെതന്നെ സഹോദരനും അതുണ്ട്. അത് അംഗീകരിക്കുവാന്‍ ഞാന്‍ ബാധ്യസ്ഥനു മാണ്.

ഞാന്‍ ചരിത്രം പഠിക്കാന്‍ ശ്രമിച്ചത് വ്യക്തമായ ഉദ്ദേശ്യ ലക്ഷ്യങ്ങളോടു കൂടിയാണ്. അതൊരു ഹോബിയോ സ്വകാര്യാന്വേഷണമോ അല്ല. മനുഷ്യനായി ജനിച്ചുവെങ്കിലും മനുഷ്യനായി ജീവിക്കാന്‍ അനുവദിക്ക പ്പെട്ടിട്ടില്ലാത്ത കേരളത്തിലെ ജനലക്ഷങ്ങള്‍ക്ക് അവകാശബോധവും പ്രത്യാശയും നല്‍കുക എന്നതാണ് എന്റെ ചരിത്രപഠന ലക്ഷ്യം. അന്വേഷണങ്ങള്‍ക്കും തെളിവുകള്‍ക്കുമപ്പുറം എന്നെ നയിച്ചത് ആ ലക്ഷ്യമാണ്. അതിലേയ്ക്കുവേണ്ടിയുള്ള ശ്രമത്തിനിടയില്‍ പലരേയും നിശിതമായി വിമര്‍ശിക്കേണ്ടി വന്നിട്ടുണ്ട്. അവര്‍ ചെയ്ത തെറ്റ് അവരും മറ്റുള്ളവരും കരുതുന്നതു പോലെ നിസ്സാരങ്ങളല്ല. മനുഷ്യലക്ഷങ്ങളെ ബാധിക്കുന്നതും തലമുറകള്‍ക്കു കൂച്ചുവിലങ്ങുകള്‍ സൃഷ്ടിക്കുന്നതുമാണ്.

ജീവിതത്തില്‍ അനുഭവിക്കുന്ന കഷ്ടപ്പാടുകളെ വിധിയാണ്, കഴിഞ്ഞ ജന്മത്തിലെ അധര്‍മ്മങ്ങളുടെ ഫലമാണ്, അതിനൊന്നിനും മാറ്റമുണ്ടാകാന്‍ പോകുന്നില്ല എന്നെല്ലാമുള്ള നിരാശയില്‍നിന്നും അവരെ മോചിപ്പിക്കുക യാണാവശ്യം. എല്ലാ കഷ്ടതകളും മനുഷ്യസൃഷ്ടിയാണ്. അതിന് മാറ്റം സാധ്യമാണ്. അതിലേയ്ക്ക് ബോധപൂര്‍വ്വം പ്രത്യാശയോടെ ശ്രമിക്കണം എന്നുമാത്രം. സാമ-ദാന-ഭേദ-ദണ്ഡങ്ങള്‍ അവശ്യംപോലെ ഉപയോഗിക്കണം. അതിനവരെ പ്രാപ്തരാക്കുക എന്നതാണ് എന്റെ പരിശ്രമലക്ഷ്യം. തമസ്‌ക്കരിക്കപ്പെട്ട ചരിത്രയാഥാര്‍ത്ഥ്യങ്ങളെ അതിലേയ്ക്കായി വെളിച്ചത്തു കൊണ്ടുവരികയും ബോധവല്‍ക്കരണം നടത്തി അടിമസന്തതികളെ അറിവുകൊണ്ട് ആയുധവല്‍ക്കരിക്കുകയും ചെയ്യുക എന്ന യജ്ഞത്തി നാണ് ജീവിതം ഹോമിച്ചത്. ഫലം യഥാകാലം സംഭവിച്ചുകൊള്ളും എന്ന പൂര്‍ണ്ണബോധ്യം എനിക്കുണ്ട്. ആ ബോധത്തോടെ ഈ കാരവന്‍ ഞാന്‍ മുന്നോട്ടു കൊണ്ടുപോവുകയാണ്.

2010 മേയ് 24
അംബികാ മാര്‍ക്കറ്റ്, വൈക്കം ദലിത്ബന്ധു