"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, സെപ്റ്റംബർ 17, വ്യാഴാഴ്‌ച

പി. രാജഗോപാലാചാരി - ദലിത് ബന്ധു എന്‍ കെ ജോസ്

പി. രാജഗോപാലാചാരി
സര്‍,
സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയ തിന്റെ ശതാബ്ദി അങ്ങയും കൂടിച്ചേര്‍ന്ന് ആചരിക്കുന്ന വര്‍ഷമാണല്ലോ ഇത്. അദ്ദേഹത്തെ നാടുകടത്തിയത് ദിവാന്‍ പി. രാജഗോപാ ലാചാരി യാണ് എന്നാണ് ആരോപണം. നാടുകട ത്തല്‍ ഉത്തരവില്‍ ഒപ്പു വച്ചിരിക്കുന്നത് രാജാവാണ്. (പ്രസ്തുത ഉത്തരവ് അനുബന്ധമായി കൊടുത്തിട്ടുണ്ട്) എങ്കിലും ആരോപണം ദിവാന്റെ പേരിലാണ്. ആ രാജഗോപാലാ ചാരിയെപ്പറ്റി കൂടുതല്‍ അറിയുന്നത് നാടുകടത്തലിന്റെ പശ്ചാത്തലം വ്യക്തമാകാന്‍ ഉപകരിക്കും.

2 1907 മുതല്‍ 1914 വരെ തിരുവിതാംകൂറിലെ ദിവാനായി ജോലി നോക്കിയ ആളാണ്. പി. രാജഗോപാലാചാരി. ഇന്ന് വളരെയേറെ തെറ്റിദ്ധരി ക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു വ്യക്തിത്വത്തിന്റെ ഉടമയാണ ദ്ദേഹം. ബ്രിട്ടീഷിന്ത്യന്‍ സര്‍വ്വീസില്‍ നിന്നും ഏതാനും വര്‍ഷത്തേയ്ക്കു ഡെപ്യൂട്ടേഷനായി ഇവിടെ വന്നതാണ് അദ്ദേഹം. കൊച്ചി ദിവാനായി ജോലി നോക്കി ആ പരിചയത്തോടു കൂടിയാണ് അദ്ദേഹം തിരുവിതാം കൂറിലെത്തിയത്.1 അദ്ദേഹം മദ്രാസ് പ്രസിഡന്‍ സിയില്‍ സഹകരണ സംഘം രജിസ്ട്രാറായിരിക്കുമ്പോഴാണ് ദിവാനായി തിരുവിതാം കൂറിലെത്തിയത്. 1896 മുതല്‍ 1901 വരെയാണ് അദ്ദേഹം കൊച്ചിയില്‍ ദിവാനാ യിരുന്നത്.2 ഇവിടെ 1907 മുതല്‍ 1914 വരെയും. ആ ഏഴു വര്‍ഷംകൊണ്ടു വളരെയേറെ പരിഷ്‌കാരങ്ങള്‍ അദ്ദേഹം നടപ്പില്‍ വരുത്തി.

3 വേമ്പനാട്ടുകായല്‍ റിക്ലമേഷന്‍ സ്‌കീം തുടങ്ങിയത് അദ്ദേഹമാണ്. ഒരു ഭൂഗര്‍ഭശാസ്ത്ര വകുപ്പിന് അദ്ദേഹം തിരുവിതാംകൂറില്‍ രൂപംകൊടുത്തു കൃഷി വകുപ്പു പുനരുദ്ധരിച്ചു. തെങ്ങ് രോഗത്തിന് പ്രതിവിധി കണ്ടെത്താന്‍ ഏര്‍പ്പാട് ചെയ്തു. 3 ഏലം തോട്ടങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ നടപടികള്‍ സ്വീകരിച്ചു. പള്ളിപ്പുറം പ്രദേശത്ത് പണംഅടച്ചവര്‍ക്കു കുത്തക പാട്ടഭൂമി പതിച്ചു കൊടുത്തു. പല സ്ഥലത്തേയും ക്ഷേത്രങ്ങളുടെ മാനേജ്‌മെന്റ് പരിഷ്‌കരിച്ചു. ചെലവു ചുരുക്കി. ചില ക്ഷേത്രങ്ങളിലെ ബ്രാഹ്മണരുടെ ഊട്ടുപുരകള്‍ നിറുത്തലാക്കി. ക്ഷേത്രങ്ങളിലെ ചെലവ് അവിടുത്തെ വരവിനോട് പൊരുത്തപ്പെടു ന്നതാക്കി. പുതിയ മുന്‍സിപ്പാലിറ്റികള്‍ പലതും സ്ഥാപിച്ചു. റോഡുകളും തോടുകളും പാലങ്ങളും വിപുലമായ തോതില്‍ നിര്‍മ്മിച്ചു. മഹാരാജാവ് ഭരണം ഏറ്റതിന്റെ രജതജൂബിലി ഗംഭീരമായി ആഘോഷിച്ചു. അങ്ങനെ പലതുമുണ്ട്.

അദ്ദേഹം ഇവിടെ നിന്നും തിരികെ ബ്രിട്ടീഷ് സര്‍വ്വീസിലേക്ക് പോയപ്പോള്‍ ആദ്യം മദ്രാസ് ഗവര്‍ണരുടെ എക്‌സിക്യൂട്ടിവ് കൗണ്‍സി ലില്‍ മെമ്പറായി. പിന്നെ ഇന്ത്യാ സെക്രട്ടറിയുടെ കൗണ്‍സിലില്‍ അംഗമായി. ബ്രിട്ടീഷ് സര്‍ക്കാര്‍ അദ്ദേഹത്തിന് 'സര്‍' എന്ന ബഹുമതി നല്‍കി ആദരിച്ചു. അങ്ങനെ അദ്ദേഹം സര്‍ പി.രാജഗോപാലാചാരിയായി. പക്ഷെ ഇവിടെ ഇപ്പോള്‍ അദ്ദേഹം ഏകാധിപതിയും ദുഷ്ടനും വിഷയ ലമ്പടനും വര്‍ഗ്ഗീയവാദിയും സ്വേച്ഛാധിപതിയും എല്ലാമാണ്. എങ്കില്‍ മാത്രമേ രാമകൃഷ്ണപിളള നല്ലവനും സ്വാതന്ത്ര്യസമര നായകനും പൗരാവകാശ സംരക്ഷകനും എല്ലാമാകയുള്ളൂ.

4 അദ്ദേഹത്തിന്റെ കാലത്ത് ഇവിടെ മുഖ്യമായി നടന്നത് വിദ്യാഭ്യാസ രംഗത്തെ നയവും പരിപാടിയും പരിഷ്‌ക്കരിക്കുക എന്നതാണ്. അന്നു മുതല്‍ ഇന്നു വരെ, പി. രാജഗോപാലാചാരി തൊട്ട് എം. എ. ബേബി വരെ എല്ലാ ദിവാന്‍മാരുടെയും മന്ത്രിസഭകളുടെയും ഭരണപരിഷ്‌ക്കാര ങ്ങളില്‍ സജീവമായിട്ടുളളത് വിദ്യാഭ്യാസ രംഗത്തെ പരിഷ്‌ക്കാരങ്ങളാണ്. പക്ഷേ, ഇന്നും ഇവിടെ ഏറെ താറുമാറായി കിടക്കുന്നത് വിദ്യാഭ്യാസ മണ്ഡലമാണ്. സര്‍. സി. പി. രാമസ്വാമി അയ്യരും പനമ്പളളി ഗോവിന്ദ മേനോനും ജോസഫ് മുണ്ടശ്ശേരിയും എ.കെ. ആന്റണിയും അങ്ങയുടെ മന്ത്രിസഭയിലെ വിദ്യാഭ്യാസ മന്ത്രിയായ എം. എ. ബേബിയും എല്ലാം അതില്‍ എടുത്തുപറയേണ്ട നാമങ്ങളാണ്. അന്ന് ദലിതരുടെ വിദ്യാഭ്യാസ മാണ് പ്രശ്‌നമായ  തെങ്കില്‍ ഇന്ന് ന്യൂനപക്ഷത്തിന്റെ വിദ്യാലയങ്ങളാണ് പ്രശ്‌നമായിരിക്കുന്നത്.

5 അദ്ദേഹത്തിന്റെ ഭരണപരിഷ്‌ക്കാരങ്ങളില്‍ മറ്റൊന്ന് ഉദ്യോഗ നിയമനങ്ങളിലും അസംബ്ലിയിലേക്ക് അംഗങ്ങളെ നോമിനേറ്റ് ചെയ്യുന്ന തിലും സ്വീകരിച്ച പുതിയ നയമാണ്. പുതിയ ദിവാന്‍ ഏതാനും ഈഴവരെ സര്‍ക്കാര്‍ സര്‍വ്വീസില്‍ നിയമിച്ചു. ദലിതരെ പ്രജാസഭയിലേക്ക് നോമിനേറ്റ് ചെയ്തു. അദ്ദേഹം തിരുവിതാംകൂറിലെ ജനങ്ങളില്‍ എല്ലാവിഭാഗങ്ങളെയും കണക്കിലെടുത്തു. തങ്ങളല്ലാതെമറ്റാരും ഇവിടെ മനുഷ്യരല്ല, ഈ രാജ്യത്തെ ജനങ്ങളല്ല എന്ന് അവകാശപ്പെട്ടു കൊണ്ടിരുന്ന വര്‍ക്ക് അത് വലിയൊരു തിരിച്ചടിയായി. അതിന്റെ അമര്‍ഷം ഇന്നും, ഒരു നൂറ്റാണ്ടു കഴിഞ്ഞിട്ടും ശമിച്ചിട്ടില്ല. അതിന്റെ പ്രത്യക്ഷ തെളിവാണ് ഇപ്പോള്‍ ആഘോഷിക്കുന്ന ഈ ശതാബ്ദി. അതിലാണല്ലോ അങ്ങ് അറിഞ്ഞുകൊണ്ടല്ലെങ്കില്‍പ്പോലും പങ്കാളിയായിരിക്കുന്നത്. രാജഗോപാ ലാചാരി നാടുകടത്തിയ രാമകൃഷ്ണപിളള ആരാധ്യനാണങ്കില്‍ അദ്ദേഹത്തെ ദ്രോഹിച്ച രാജഗോപാലാചാരി ദുഷ്ടനായിരിക്കണമല്ലോ. രാജഗോപാലാചാരി ഈ രാജ്യത്തെ ദലിത് പിന്നോക്ക വര്‍ഗ്ഗക്കാരുടെ ക്ഷേമൈശ്വര്യങ്ങള്‍ക്ക് വേണ്ടി പല കാര്യങ്ങളും ചെയ്തു. അക്കൂട്ടത്തില്‍ ആവശ്യമായിരുന്ന ഒന്നാണ് രാമകൃഷ്ണ പിളളയുടെ നാടുകടത്തല്‍. അതിന് അദ്ദേഹം രാജാവിനോട് ശുപാര്‍ശ ചെയ്തിരിക്കണം. അതിന്റെ പേരില്‍ അദ്ദേഹത്തെ ദ്വേഷിക്കുന്നവര്‍ യഥാര്‍ത്ഥത്തില്‍ ദ്വേഷിക്കുന്നത് ഈ രാജ്യത്തെ ദലിത് പിന്നോക്ക വിഭാഗങ്ങളെയാണ്.

6 1905 കാലഘട്ടത്തില്‍ തിരുവിതാംകൂര്‍ സര്‍ക്കാരിന്റെ ഉദ്യോഗങ്ങളില്‍ 67 ശതമാനവും നായര്‍ കയ്യടക്കിയിരുന്നു. ബ്രാഹ്മണര്‍15 ശതമാനവും. ജനസംഖ്യയില്‍ നായര്‍ 20 ശതമാനവും ബ്രാഹ്മണര്‍ 1.65 ശതമാനവും എന്നതായിരുന്നു നില. അതുകൊണ്ടു നായരുടെ ഉദ്യോഗത്തിലുളള ആര്‍ത്തി അവസാനിച്ചിരുന്നില്ല. കാരണം, അവരുടെ 67 ശതമാനം ഉദ്യോഗങ്ങളും കുറഞ്ഞ ശമ്പളത്തിന്റേതും ബ്രാഹ്മണരുടെ 15 ശതമാനം ഏറ്റവും കൂടിയ ശമ്പളത്തിന്റേതുമായിരുന്നു. നായരുടെ കുറഞ്ഞ ശമ്പളം എന്നതു തന്നെ ശരാശരി മാസം പത്തു രൂപയായിരുന്നു. അന്ന് ഒരു വര്‍ഷത്തെ ജീവിത ചെലവിന് സാധാരണ ഒരാള്‍ക്ക് 30 രൂപാ മതിയാവുന്ന കാലമായിരുന്നു.5

7 1910 ല്‍ ചിത്രം ആകെ മാറി. അന്നാണ് രാമകൃഷ്ണപിള്ളയുടെ ലേഖനം വന്നത്. പി. രാജഗോപാലാചാരി ചാര്‍ജ്ജ് എടുത്തിട്ട് അപ്പോള്‍ മൂന്ന് വര്‍ഷം കഴിഞ്ഞു. നായരുടെ ഉദ്യോഗം 41 ശതമാനമായി കുറഞ്ഞു, ബ്രാഹ്മണരുടേത് 19 ശതമാനമായി വര്‍ദ്ധിക്കുകയും ചെയ്തു.6 ക്രിസ്ത്യാനികള്‍ക്കും 19 ശതമാനം സര്‍ക്കാര്‍ ഉദ്യോഗങ്ങള്‍ ലഭിച്ചു, കീഴ്ജീവനങ്ങളാണന്നു മാത്രം. 120 ഈഴവര്‍ക്കും ദിവാന്‍ ജോലി കൊടുത്തു. അങ്ങനെ നായര്‍ വിരുദ്ധ ചേരിയുടെ സ്വാധീനത വര്‍ദ്ധിച്ചു എന്ന് രാമകൃഷ്ണ പിളളയ്ക്ക് ബോധ്യമായി. നായരേതരുടെ ഉദ്യോഗം 32.5 ശതമാനത്തില്‍ നിന്നും 59 ആയി വര്‍ദ്ധിച്ചു. അതിന്റെ കാരണക്കാരന്‍ ദിവാന്‍ രാജഗോപാലാ ചാരിയാണ് എന്ന നിഗമനത്തില്‍ രാമകൃഷ്ണപിളള എത്തുകയും ചെയ്തു. അതാണ് രാജഗോപാലാചാരി യുടെ മേലുളള യഥാര്‍ത്ഥ ചാര്‍ജ്, പക്ഷെ അത് പുറത്തുപറഞ്ഞില്ല എന്നു മാത്രം. പുറത്തു പറഞ്ഞത് അയാള്‍ കൗപീനം ധരിച്ചില്ല എന്നും മറ്റുമാണ്. സ്റ്റേറ്റ് കോണ്‍ഗ്രസ്സ് പ്രക്ഷോഭകാലത്ത് പട്ടം താണുപിള്ള, എം. വര്‍ഗ്ഗീസ്, സി.കേശവന്‍ തുടങ്ങിയവരെ ദിവാന്‍ സര്‍. സി.പി രാമസ്വാമി അയ്യര്‍ ജയിലില്‍ അടച്ചത് അവര്‍ തേങ്ങാ മോഷ്ടിച്ചു, കോഴിയെ കട്ടു തുടങ്ങിയ കുറ്റങ്ങള്‍ക്കാണ്.

8 1891 ല്‍ മലയാളി മെമ്മോറിയല്‍ സമര്‍പ്പണകാലത്ത് ഇവിടെ നിലനിന്നിരുന്നത് ഒരു ബ്രാഹ്മണ ലോബിയും ഒരു ബ്രാഹ്മണ വിരുദ്ധ ലോബിയും ആയിരുന്നു. ആ ബ്രാഹ്മണവിരുദ്ധ ലോബിയിലെ ഒരു ഭാഗത്തെ അടര്‍ത്തിയെടുത്ത് ബ്രാഹ്മണ ലോബിയില്‍പ്പെടുത്താന്‍ അന്നു മുതല്‍ ശ്രമം നടന്നു. നായര്‍ വിഭാഗത്തെയാണ് അങ്ങനെ അടര്‍ത്തിയെടു ക്കാവുന്നത് എന്ന് വ്യക്തമാണല്ലോ. സി. വി. രാമന്‍പിളള പ്രഭൃതികള്‍ അതിന് വഴങ്ങിക്കൊടുക്കുകയും ചെയ്തു. എന്നാല്‍ രാമകൃഷ്ണപിളള പിന്നെയും പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ചു. പക്ഷെ, സി. വി. പ്രഭൃതികള്‍ ബ്രാഹ്മണവിരുദ്ധ ലോബിയെ മെനഞ്ഞെടുത്തത് ക്രൈസ്തവ-ഈഴവ സഹകരണത്തോടു കൂടിയായിരുന്നു. അതുകൊണ്ട് അന്ന് ബ്രാഹ്മണ ലോബിക്ക് ചില വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടി വന്നു. പ്രമുഖരായ നായര്‍മാരെ കയ്യിലെടുത്തുകൊണ്ട് ദിവാന്‍ ശങ്കരസുബ്ബയ്യര്‍ അത് നിര്‍വ്വഹിച്ചു. സ. വി. രാമന്‍പിളള മുതല്‍ പേരുടെ മേല്‍വിലാസത്തില്‍ ബാക്കി നായര്‍മാരെ ഒറ്റപ്പെടുത്തി. അക്കൂട്ടത്തില്‍ രാമകൃഷ്ണപിളളയും പെടും. ഒരു വശത്ത് ബ്രാഹ്മണ ലോബിയും മറുവശത്ത് ഈഴവ- ക്രൈസ്തവ-ദലിത് ലോബിയും. അതിനിടക്ക് കിടന്ന് രാമകൃഷ്ണപിളള ഞെരിപിരി കൊണ്ടു. ആ ഘട്ടത്തില്‍ ദിവാനായിരുന്ന രാജഗോപാ ലാചാരി ഈഴവ-ക്രൈസ്തവ-ദലിത് ലോബിയെ പല വിധത്തിലും സഹായിക്കു കയും ചെയ്തു. സി. വി. രാമന്‍പിളളയും കൂട്ടരും തങ്ങളുടെ വ്യക്തിപരമായ നേട്ടത്തോടുകൂടി സമുദായത്തെ ഉപേക്ഷി ച്ചതാണ് രാമകൃഷ്ണപിളള ഒറ്റപ്പെടുവാന്‍ ഏറെയും കാരണമായത്.

9 സി. കേശവന്‍ ആത്മകഥയായ ജീവിത സമരം എന്ന ഗ്രന്ഥത്തില്‍ ഒരു ഭാഗത്ത് പറഞ്ഞിരിക്കുന്നത് തിരുവിതാംകൂറിലെ അവര്‍ണ്ണ ജനവിഭാ ഗങ്ങള്‍ എന്നും സ്മരിക്കേണ്ട മൂന്ന് ദിവാന്‍മാരുണ്ട്. കേണല്‍ മണ്‍റോ, വി. പി. മാധവരായര്‍, പി. രാജഗോപാലാചാരി.7 അതില്‍ മൂന്നാമത്തെ ആളായ രാജഗോപാലാചാരിയുടെ കാലത്താണ് രാമകൃഷ്ണപിളള സ്വദേശാഭിമാനി പത്രം നടത്തുകയും രാജഗോപാലാ ചാരിയെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തത്. 1907 മുതല്‍ 1914 വരെയായിരുന്നു ദിവാന്റെ കാലം 1906 മുതല്‍ 1910 വരെയായിരുന്നു പത്രംനടത്തിയിരുന്ന കാലം. അതിനാല്‍ 1907 മുതല്‍ 1910 വരെ മൂന്ന് വര്‍ഷം മാത്രമാണ് രാജഗോപാലാചാരിയും രാമകൃഷ്ണപിളളയുമായി ബന്ധമുണ്ടായിരുന്നത്. അതിനിടയ്ക്കാണ് ഈ ശത്രുതയെല്ലാം ഉണ്ടാവുകയും നാടുകടത്തലില്‍ പര്യവസാനിക്കുകയും ചെയ്തത്, കൃത്യം പറഞ്ഞാല്‍ മൂന്ന്‌കൊല്ലം പോലുമില്ല. വെറും 1066 ദിവസം മാത്രം. രാജഗോപാലാചാരി ദിവാനായി ചാര്‍ജ് എടുത്തത് 1907 ഒക്ടോബര്‍ 24-ാം തീയതിയാണ്. രാമകൃഷ്ണപിളള നാടുകടത്തപ്പെട്ടത് 1910 സെപ്റ്റംബര്‍ 26-ാം തീയതിയാണ്.

10 രാജഗോപാലാചാരി ഒരു തികഞ്ഞ നയതന്ത്രജ്ഞനായിരുന്നു. ഒപ്പം അവര്‍ണ്ണരോടും ദലിതരോടും അദ്ദേഹത്തിന് പ്രത്യേക സഹാനുഭൂതി യുമുണ്ടായിരുന്നു. അദ്ദേഹം ഇവിടേയ്ക്ക് ദിവാനായി വന്നതുതന്നെ നായര്‍ലോബിക്ക് ഇഷ്ടമായിരുന്നില്ല എന്ന് അദ്ദേഹത്തിന് അറിയാമാ യിരുന്നു. അതിനാല്‍ ഒരു മുന്‍വിധിയോടുകൂടിയാണ് അദ്ദേഹം ഇവിടെ വന്നത്. തിരുവിതാംകൂറിലെ സര്‍ക്കാര്‍ ഉദ്യോഗങ്ങള്‍ തിരുവിതാം കൂറുകാര്‍ക്കു നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് 1891 ല്‍ സമര്‍പ്പിച്ച മലയാളി മെമ്മോറിയലിന് ശേഷം അഞ്ചാമത് നിയമിക്കപ്പെട്ട ദിവാനായി രുന്നു രാജഗോപാലാ ചാരി. ആ അഞ്ചുപേരും പരദേശ ബ്രാഹ്മണരാ യിരുന്നു. ഒരോ ദിവാനെ നിയമിക്കുന്തോറും തിരുവിതാംകൂ റിലെ നായന്‍മാരുടെ അമര്‍ഷം ഒന്നിനൊന്നു വര്‍ദ്ധിക്കുകയായിരുന്നു. അതെല്ലാം കാലേകൂട്ടി മനസ്സിലാക്കി അതിനെയെല്ലാം നേരിടാനുളള ആര്‍ജ്ജവത്തൊടു കൂടിയാണ് അദ്ദേഹം ഇവിടെ എത്തിയത് 

തല്‍സ്ഥാനത്ത് അദ്ദേഹത്തെ എതിര്‍ത്ത ബ്രാഹ്മണ വിരുദ്ധലോബിയുടെ നേതാവായ രാമകൃഷ്ണപിളള മുന്‍കോപവും തന്‍ പ്രമാണിത്തവും ആഢ്യത്വവും നിര്‍ബന്ധ ബുദ്ധിയും ഏറ്റവും കൂടുതലുളള ആളായിരുന്നു. അതിനാല്‍ അവര്‍ തമ്മില്‍ പൊരുത്തപ്പെട്ടു പോവുകയില്ലാ എന്നു മാത്രമല്ല, ജനങ്ങളുടെ മുമ്പില്‍ രാജഗോപാലാചാരി യോട് മത്സരിക്കാന്‍ രാമകൃഷ്ണപിളളയ്ക്ക് ഒരിക്കലും കഴിയാതെ വരികയും ചെയ്തു. രാമകൃഷ്ണപിള്ള ജനങ്ങള്‍ എന്നതുകൊണ്ടുദ്ദേശിച്ചത് തിരുവനന്ത പുരത്തും ചുറ്റുപാടുമുള്ള സവര്‍ണ്ണരെയായിരുന്നു. എന്നാല്‍ രാജഗോപാ ലാചാരി ജനമായി കണ്ടത് തിരുവിതാംകൂറിലെ മുഴുവന്‍ മനുഷ്യരെ യുമാണ്. അതുമാത്രം മതി അങ്ങയെപ്പോലുള്ള ഒരു നേതാവിന് രാമകൃഷ്ണപിള്ളയുടെ നാടുകടത്തല്‍ ശതാബ്ദിയാഘോഷത്തില്‍ നിന്നും മാറിനില്‍ക്കാന്‍. വനംകൊള്ളക്കാരന്‍ വീരപ്പന്റെ ഷഷ്ട്യബ്ദപൂര്‍ത്തി ആഘോഷം ഉദ്ഘാടനം ചെയ്യാന്‍ ക്ഷണിച്ചിരുന്നുവെങ്കില്‍ അങ്ങു പോകുമോ? എന്നാല്‍ രാജഗോപാലാചാരി ഇവിടെ നിന്നുപോയപ്പോള്‍ പിന്നെ അദ്ദേഹം ചെയ്ത നല്ലകാര്യങ്ങളെ അനുസ്മരി ക്കാന്‍ ആരുമില്ലാതായി. പോരെങ്കില്‍ അദ്ദേഹത്തെക്കൊണ്ടുളള ഗുണം ലഭിച്ചത് ഇവിടുത്തെ ദലിത് പിന്നോക്ക വിഭാഗങ്ങള്‍ക്കാണ്. അവരെ പല വിധത്തിലും സഹായിച്ച രാജഗോപാലാചാരിയെ അനുസ്മരിക്കാനുളള കഴിവ് അവര്‍ക്കില്ലാതെ പോയി. അതായിരുന്നില്ല രാമകൃഷ്ണപിളളയുടെ ചിന്താഗതിയെ അനുകൂലിച്ചവരുടെ സ്ഥിതി. ഇവിടുത്തെ യാഥാസ്ഥിതിക നായര്‍ മാടമ്പികളുടെ നേതാവായിരുന്ന അവര്‍ രാജാവിനോടുളള ഭയം കൊണ്ട് അന്ന് ഒന്നും ചെയ്തില്ലെങ്കിലും പിന്നെ കുമ്പളത്ത് ശങ്കുപ്പിളളയും മറ്റും പലതും ചെയ്തു. അന്ന് പട്ടം താണുപിളളയെ മുഖ്യമന്ത്രി പദത്തില്‍ നിന്നും താഴെ ഇറക്കാന്‍ അവര്‍ക്ക് ഒരു കുറുവടി വേണം. അതിന് രാമകൃഷ്ണപിളളയുടെ അസ്ഥികള്‍ അവര്‍ ഉപയോഗിച്ചു. 

11 ആചാരി വന്നത് ഇവിടത്തെ നായര്‍ പ്രമാണിമാര്‍ക്ക് രസിക്കാതെ വന്നത് ആചാരിയുടെ കുറ്റമല്ല. അദ്ദേഹത്തെ രാജാവ് നിയമിച്ചു. അദ്ദേഹം വന്നു. ബ്രാഹ്മണവിരുദ്ധ ലോബിയായ അവര്‍ണ്ണരേയും ദലിതരേയും പ്രസാദിപ്പിക്കുകയാണ് ഇവിടെ പിടിച്ചുനില്‍ക്കാന്‍ സഹായകമായത് എന്ന് ദിവാന്‍ മനസ്സിലാക്കി അതനുസരിച്ചുളള നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. അത് അദ്ദേഹത്തിന് പിടിച്ചുനില്‍ക്കാന്‍ വേണ്ടിയായിരുന്നാല്‍ തന്നെയും അതുകൊണ്ട് പ്രയോജനം ലഭിച്ചത് ഇവിടുത്തെ ഈഴവര്‍ക്കും ദലിതര്‍ക്കുമാണ്. അത് മറക്കാന്‍ അവര്‍ക്ക് കഴിയുകയില്ല. അതാണ് സി. കേശവന്‍ പറഞ്ഞത്. അയ്യന്‍കാളി പ്രവര്‍ത്തിച്ചത്. തിരുവിതാംകൂറില്‍ ഈഴവര്‍ക്ക് ആദ്യമായി സര്‍ക്കാര്‍ ജോലി നല്‍കിയത്, അയ്യന്‍കാളി എന്ന ദലിതനെ ആദ്യമായി പ്രജാസഭയിലേക്ക് നോമിനേറ്റ് ചെയ്തത് രാജഗോപാലാചാരിയാണ്. തിരുവല്ലായില്‍ നിന്നും വന്ന ഒരു ദലിത് ക്രൈസ്തവനായ മത്തായി ആശാനെക്കൂടി പ്രജാസഭയിലേക്ക് നോമിനേറ്റ് ചെയ്യണമെന്ന് അയ്യന്‍കാളി അഭ്യര്‍ത്ഥിച്ചപ്പോള്‍ ഒരു മടിയും കൂടാതെ ചോതി എന്ന പേരില്‍ പ്രജാസഭാമെമ്പറായി നോമിനേറ്റ് ചെയ്തു. ദലിത് വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ സ്‌കൂളുകളില്‍ പ്രവേശനം നല്‍കണമെന്ന് അയ്യന്‍കാളി അഭ്യര്‍ത്ഥിച്ചു. ദിവാന്‍ അതനുസരിച്ചുളള ഉത്തരവു പുറപ്പെടുവിച്ചു. അങ്ങനെ പലതും ഈ ദിവാന്റെ കാലത്ത് ദലിതര്‍ക്ക് വേണ്ടി നേടിയെടുക്കാന്‍ അയ്യന്‍കാളിക്കു കഴിഞ്ഞു. ആ ദിവാനെ വിസ്മരിക്കാന്‍ ദലിതര്‍ക്കാവില്ല. ആ ദിവാനെ മുച്ചൂടും അസഭ്യം പറയുന്നത് കേട്ടുകൊണ്ട് കഴിയാന്‍ ദലിതര്‍ക്ക് ബുദ്ധിമുട്ടുണ്ട്.

ശ്രീമൂലം രാജ്യസഭയ്ക്ക് അന്ന് നിയമ നിര്‍മ്മാണ അവകാശമില്ലായിരുന്നു വെങ്കിലും ജനങ്ങളുടെ പരാതികള്‍ സഭയില്‍ അവതരിപ്പി ക്കാനും സര്‍ക്കാരിന്റ നയപരിപാടികള്‍ ജനങ്ങളിലേക്ക് കൈമാറാനു മുളള ഒരു വേദിയായിരുന്നു അന്നത്. അതിനുമപ്പുറം ശ്രീമൂലം പ്രജാസഭയില്‍ അംഗമാകുക എന്നത് ഒരു പദവിയായിരുന്നു. 1904ലാണ് ശ്രീമൂലം പ്രജാസഭ സ്ഥാപിതമായത്.8 ഏഴു വര്‍ഷത്തിനു ശേഷം 1911 ലാണ് അയ്യന്‍കാളിയെ പ്രജാസഭയിലേക്ക് നോമിനേറ്റ് ചെയ്തത്. കുമാരനാശാന്‍ 1905 മുതല്‍ തന്നെ അതിലെ അംഗമായിരുന്നു.9

12 അതെല്ലാം ചെയ്ത ദിവാനെ അതിരൂക്ഷമായി വിമര്‍ശിക്കുകയും വ്യക്തിഹത്യ നടത്തുവാന്‍ ശ്രമിക്കുകയുമാണ് രാമകൃഷ്ണപിളള ചെയ്തത്. ആ രാമകൃഷ്ണ പിളളയെയാണ് മലയാളപത്രത്തിന്റെ പിതാവായി ഇന്നു പലരും ബഹുമാനിക്കുന്നത്. അദ്ദേഹത്തിന്റെ പത്രപ്രവര്‍ത്തനം ഈദൃശ പുരോഗമന നടപടികള്‍ക്ക് എതിരായിരുന്നു. രാജഗോപാലാചാരി എന്ന ദിവാനെപ്പറ്റി സി. കേശവന്‍ ഏറ്റവും നല്ല അഭിപ്രായവും രാമകൃഷ്ണപിളള ഏറ്റവും മോശമായ അഭിപ്രായവും പ്രകടിപ്പിച്ചിരിക്കെ ഏതാണ് സ്വീകാര്യമായത്. സി. കേശവന്‍ ഒരു അവര്‍ണ്ണനും രാമകൃഷ്ണപിളള ഒരു സവര്‍ണ്ണനുമാണ്. രണ്ട് പേരുടേയും താല്‍പര്യങ്ങള്‍ രണ്ടാണ്. ജാതി സ്വാധീനത അതിലുണ്ടാകാം. അര്‍ഹത പ്പെട്ടത് തന്റെ സമുദായത്തിന് ലഭിക്കാത്തതിലുളള കുണ്ഠിതമാണ് സി.കേശവനുണ്ടായിരുന്നതെങ്കില്‍ അനര്‍ഹമായി കയ്യിലുളളത് നഷ്ടപ്പെട്ടു പോകുമെന്ന ഭയമാണ് രാമകൃഷ്ണപിള്ളയെ ഭരിച്ചത്. അതിനാല്‍ രാജഗോപാലാചാരിയെപ്പറ്റിയുളള രാമകൃഷ്ണപിള്ള യുടെ അഭിപ്രായ ങ്ങള്‍ വളരെയധികം വെളളം ചേര്‍ത്തു മാത്രമേ വിഴുങ്ങാനാവൂ.

13 രാജഗോപാലാചാരിക്ക് ഉണ്ടായിരുന്നു എന്ന് രാമകൃഷ്ണപിളള ആവര്‍ത്തിച്ചു ന്നയിക്കുന്ന ആരോപണങ്ങള്‍ രാജഗോപാലാചാരിയും രാമകൃഷ്ണ പിളളയും ഇവിടെ നിന്നു പോയപ്പോള്‍ അവസാനിച്ചു. എന്നാല്‍ രാജഗോപാലാചാരി ഇവിടെ നടപ്പാക്കിയ പരിഷ്‌ക്കാരങ്ങള്‍, പ്രത്യേകിച്ചും ദലിത് വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ സ്‌കൂളുകളില്‍ ചേര്‍ന്നു പഠിക്കാന്‍ അവസരം നല്‍കിയതിന്റെ പ്രയോജനം ആ ദശകങ്ങള്‍കൊണ്ടോ ശതകം കൊണ്ടോ അവസാനിച്ചില്ല. അന്ന് രാജഗോപാ ലാചാരി അത് ചെയ്തില്ലായിരുന്നുവെങ്കില്‍ ഇവിടുത്തെ ദലിത് കുട്ടികള്‍ക്ക്പിന്നെ എന്നാണ് വിദ്യാഭ്യാസം ലഭിക്കുക എന്ന് പറയാനാ വില്ല. ഏതായാലും പിന്നെ ഒന്നോ രണ്ടോ തലമുറകള്‍ കൂടിയെങ്കിലും ദലിതര്‍ അക്ഷരം കാണാതെ കഴിയേണ്ടിവരുമായിരുന്നു. ഒരുപക്ഷേ 1947 ന് ശേഷമായിരിക്കണം പിന്നീടത് ലഭിക്കുക. ഇന്നുംഇന്നലെയും ഉന്നത സ്ഥാനത്തിരുന്ന പല ദലിതരും ആ സ്ഥാനത്ത് എത്തുമായിരുന്നില്ല. ടി.ടി. കേശവന്‍ ശാസ്ത്രിയുടെയും കെ. ആര്‍. നാരായണന്റേയും കെ.ജി. ബാലകൃഷ്ണന്റെയുമൊക്കെ കഥ കണ്ടറിയണമായിരുന്നു.

14 ദിവാന്‍ സ്ഥാനവും അതിനു തൊട്ടുതാഴെയുളള ഉന്നത സ്ഥാനങ്ങളും പരദേശ ബ്രാഹ്മണര്‍ക്കും ശിപായി, പോലീസ്, പ്യൂണ്‍ തുടങ്ങിയ താഴ്ന്ന ഗ്രേഡുകള്‍ നായര്‍ക്കും എന്നതാണ് അന്ന് പാലിച്ചുപോന്ന അംഗീകൃത നയം, അതെല്ലാം കഴിഞ്ഞ് നാലു ദശകത്തിന് ശേഷം പുന്നപ്രവയലാര്‍ സമരകാലത്ത് ദിവാനായിരുന്നത് സര്‍ സി.പി. രാമസ്വാമി അയ്യരും പോലീസ് ഇന്‍സ്‌പെക്ടര്‍ ജനറലായിരുന്നത് പാര്‍ത്ഥസാരഥി അയ്യരും ആലപ്പുഴ പോലീസ് സൂപ്രണ്ടായിരുന്നത് വൈദ്യനാഥ അയ്യരുമായിരുന്നു എന്ന് അങ്ങ് ഓര്‍മ്മിക്കുന്നില്ലേ? 10 ആ മൂന്ന് അയ്യര്‍മാരും ചേര്‍ന്നാണ് അന്ന് വയലാറില്‍ 3500 ദലിതരെ വെടിവച്ചുകൊന്ന് കുളത്തിലിട്ടു മൂടിയത്. അത് അങ്ങയുടെ ചെറുപ്പകാലത്ത് നടന്നതാണല്ലോ? ഞാനും അന്ന് അവിടെ ഉണ്ടായിരുന്നു. ചേര്‍ത്തല ഗവണ്‍മെന്റ് ഹൈസ്‌ക്കൂളില്‍ പഠിക്കുന്ന ഒരു വിദ്യാര്‍ത്ഥിയെന്ന നിലയില്‍ വയലാറിന് തൊട്ടുകിഴക്കു വശത്ത് പുത്തോട്ടയില്‍ വെടിവയ്പു ദിവസം ഞാനുണ്ടായിരുന്നു. ഈ അയ്യര്‍ മേധാവിത്വം തിരുവിതാംകൂറില്‍ അന്നോ അതിന് തൊട്ടു മുമ്പ് എന്നോ തുടങ്ങിയതല്ല. തിരുവിതാംകൂറിലെ സര്‍ക്കാര്‍ ഉദ്യോഗരംഗത്തെ തമിഴ് മേധാവിത്വം രാമയ്യന്‍ ദളവാ മുതലെങ്കിലും ആരംഭിച്ചതാണ്. രാമയ്യന്‍ ബ്രാഹ്മണനായിരുന്നി ല്ലെങ്കിലും തമിഴനായിരുന്നു. പ്രാദേശികമായ ഒരു ശൈലിതന്നെ ഇവിടെ രൂപംകൊണ്ടു. 'അയ്യരുകളി'. എന്തും ആവശ്യത്തിലധികമായാല്‍ അതിനെ സൂചിപ്പിക്കുവാന്‍ അയ്യരുകളി എന്നുപറയും. അത്രയേറെ അയ്യര്‍ സ്വാധീനത അന്നു തിരുവിതാംകൂറി ലുണ്ടായിരുന്നു. അന്ന് വേണാട്ടിലെ നായന്മാര്‍ രാജവംശത്തിനെതിരാ യിരുന്നു. അങ്ങനെയാണ് എട്ടുവീട്ടില്‍ പിളളമാരെ നിഗ്രഹിച്ച് മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ് രാജസ്ഥാനം ഉറപ്പിക്കേണ്ടി വന്നത്. അതിനദ്ദേഹം കൂടുതലായി ആശ്രയിച്ചത് തമിഴരെയാണ്. അന്ന് അക്കൂട്ടത്തില്‍ അദ്ദേഹത്തിന് ലഭിച്ച തമിഴരില്‍ ഒരാളായിരുന്നു രാമയ്യന്‍. അദ്ദേഹം പിന്നെ ദളവയായി വേണാടിനെ ആധുനിക തിരുവിതാംകൂറായി വികസിപ്പിച്ചു. ഇവിടെ തമിഴ് മേധാവിത്വം ആരംഭിച്ചത് ആ വിധത്തിലാണ്. പിന്നെ ഇടയ്ക്ക് രാജാകേശവദാസന്‍, വേലുത്തമ്പി തുടങ്ങി വിരലിലെണ്ണാവുന്ന തിരുവിതാംകൂര്‍കാര്‍ കഴിച്ച് ബാക്കിയെല്ലാ ദിവാന്‍മാരും ദളവമാരും തമിഴരും തെലുങ്കരും മറ്റുമായിരുന്നു. സ്വാതിതിരുന്നാള്‍ രാമവര്‍മ്മ രാജാവിന്റെ കാലത്തെ ഒന്‍പത് ദിവാന്‍മാരും പരദേശ ബ്രാഹ്മണരായിരുന്നു. തിരുവിതാംകൂര്‍കാരായ നായന്‍മാര്‍ ദിവാന്‍മാരായിരുന്നപ്പോഴെല്ലാം രാജാവിനെയും ജനങ്ങളെയും ബ്രിട്ടീഷ് സര്‍ക്കാരിനെയും വഞ്ചിക്കുകയാണ് ചെയ്തത് എന്ന കഥയും അതിന്റെ പിന്നിലുണ്ട്.11

ആ അയ്യര്‍ മേധാവിത്വത്തിനെതിരേ രാമകൃഷ്ണപിളള നടത്തിയ പോരാട്ടം ന്യായവും യുക്തവുമാണ്. എന്നാല്‍ രാമകൃഷ്ണ പിളളയുടെ ലക്ഷ്യം ആ അയ്യര്‍മാരുടെയും ആചാരിമാരുടെയും സ്ഥാനത്ത് നായരെ പ്രതിഷ്ഠിക്കണ മെന്നായിരുന്നു, എന്നു മാത്രമല്ല തിരുവിതാംകൂറിലെ പ്രജകളായ പുലയരും പറയരും ഈഴവരും ആരും ആ രംഗത്തേക്ക് എത്തിനോ ക്കാന്‍ പോലും പാടില്ല എന്നുകൂടിയാ യിരുന്നു. അദ്ദേഹം അവര്‍ക്ക് അക്ഷരം നിഷേധിച്ചത് അതിനു വേണ്ടി യായിരുന്നു. അക്ഷരം അറിഞ്ഞു കൂടാത്തവര്‍ക്ക് അവകാശത്തിന്റെ പങ്കാളിത്തവും ലഭിക്കുകയില്ലല്ലോ. അക്ഷരമാണ് എല്ലാ അവകാശത്തി ന്റെയും താക്കോല്‍. അവര്‍ അന്ന് എങ്ങനെ കഴിഞ്ഞിരുന്നുവോ അതില്‍ നിന്നും യാതൊരു മാറ്റവും പാടില്ല. പുലയ കുട്ടികള്‍ക്ക് പളളിക്കൂടത്തില്‍ പ്രവേശനം അനുവദിച്ചതിനേയും മുക്കുവന്‍ സാഹിത്യരചന നടത്തിയ തിനേയും അയിത്തജാതിക്കാരോട് കൂടുതല്‍ സഹാനുഭൂതിയോടെ വര്‍ത്തിക്കണമെന്ന് സദാനന്ദ സ്വാമികള്‍ ഉപദേശിക്കുന്നതിനേയും എല്ലാം അദ്ദേഹം എതിര്‍ത്തത് അതുകൊണ്ടാണ്. അവിടെയാണ് പിശക്. കാറല്‍ മാര്‍ക്‌സിന്റെ ജീവിത ചരിത്രം രചിച്ച അദ്ദേഹത്തിന് തിരുവിതാംകൂറിലെ പൗരജനങ്ങളെ തുല്യരായി കാണാന്‍ കഴിഞ്ഞില്ല എന്ന വൈരുദ്ധ്യവും അവിടെ മുഴച്ചു നില്‍ക്കുന്നു. ഒരു കമ്യൂണിസ്‌ററുകാരനായ അങ്ങ് അതെങ്കിലും ഓര്‍ക്കണമായിരുന്നു. ജാതിചിന്തയുടെ അടിമയായിരുന്നു അദ്ദേഹം. മനുസ്മൃതിയായിരുന്നു അദ്ദേഹത്തിന്റെ പ്രമാണം, കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ ആയിരുന്നില്ല. വാദിക്കും പ്രതിക്കും ഒരുപോലെ പത്രിക എഴുതിക്കൊടുക്കുന്ന, മജിസ്‌ട്രേറ്റ് കോടതി വരാന്തയിലെ കൂലി എഴുത്തുകാരനായിരുന്നു അദ്ദേഹം. ഭാര്യാധര്‍മ്മവും ദില്ലി ദര്‍ബാറും കാറല്‍മാര്‍ക്‌സും, മഹാത്മാഗാന്ധിയും, കൈപ്പല്ലി നാടകവും എല്ലാം എഴുതിയത് അതുകൊണ്ടാണ്. ഒരു ലക്ഷ്യബോധമുള്ള മനുഷ്യനായിരുന്നില്ല അയാള്‍.

15 പി. രാജഗോപാലാചാരിയെ തിരുവുതാംകൂറിലെ ദിവാനായി നിയമിച്ചത് ശ്രീമൂലം തിരുനാള്‍ രാമവര്‍മ്മ രാജാവാണ്(1885-1924). തിരുവിതാംകൂര്‍ സര്‍ക്കാരിലെ ഉദ്യോഗങ്ങള്‍ തിരുവിതാംകൂര്‍കാര്‍ക്കു കൂടി നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുളള മലയാളി മെമ്മോറിയല്‍1891 ല്‍. ആ രാജാവിന്റെ പക്കല്‍തന്നെയാണ് സമര്‍പ്പിച്ചത്. 10038 തിരുവിതാംകൂര്‍കാര്‍ ഒപ്പിട്ടാണ് ആ മെമ്മോറിയല്‍ സമര്‍പ്പിച്ചത്. അന്നത്തെ തിരുവിതാംകൂറില്‍ പൗരബോധവും വിവരവുമുളളവരില്‍ ബഹുഭൂരിഭാഗവും ആ 10038 ല്‍ ഉണ്ടായിരുന്നു. അത് വായിച്ചതിന് ശേഷമാണ് ആ 'പൊന്നുതമ്പുരാന്‍' ഒന്നിനു പുറകെ ഒന്നായി അഞ്ചു തമിഴ് ബ്രാഹ്മണരെത്തന്നെ ദിവാന്‍മാരായി നിയമിച്ചത്. 1892 ല്‍ ശങ്കരസുബ്ബയരേയും 1898 ല്‍ കൃഷ്ണസ്വാമി റാവുവിനേയും 1906 ല്‍ ഗോപാലാചാരിയേയും 1907 ല്‍ പി. രാജഗോപാലാചാരിയേയും നിയമിച്ചപ്പോള്‍ അത് ബോധപൂര്‍വ്വം നിര്‍ബന്ധ ബുദ്ധിയോടെ ആ 'പൊന്നുതമ്പുരാന്‍' ചെയ്ത പ്രതികാരമാണ് എന്നു വ്യക്തമാണല്ലോ. പട്ടി കുരച്ചാല്‍ പടി തുറക്കുമോ?'തിരുവിതാംകൂറിലെ പൗരജനങ്ങളെ ആ രാജാവ് കണ്ടത് ആ വിധത്തിലാണ്. ജനങ്ങളുടെ ആഗ്രഹത്തെ അദ്ദേഹം പുല്ലുപോലെയാണ് പരിഗണിച്ചത്. മലയാളികളുടെ അന്തസ്സിനെ നശിപ്പിക്കുകയാണ് തിരുവിതാംകൂറിലെ രാജാക്കന്‍മാര്‍ ചെയ്തത്. ഇവിടത്തെ സര്‍ക്കാരിലെ ഉദ്യോഗങ്ങള്‍ വഹിക്കുവാന്‍ ഇവിടത്തുകാര്‍ പ്രാപ്തരല്ല. തമിഴ്‌നാട്, തെലുങ്കുദേശം, മഹാരാഷ്ട്ര, കര്‍ണ്ണാടകം തുടങ്ങി ഇന്ത്യയിലെ മറ്റു പ്രദേശങ്ങളില്‍ അതിനു കഴിവും പ്രാപ്തിയുമുളള വരുണ്ട്, കേരളത്തില്‍ മാത്രമില്ല എന്ന് പറയിക്കുന്ന രീതിയിലുളള നിയമനങ്ങളാണ് ഒന്നിനുപിറകെ ഒന്നായി തിരുവിതാം കൂറിലെ 'പൊന്നുതമ്പുരാന്‍' ചെയ്തുകൊണ്ടിരുന്നത്. അതിനാല്‍ മലയാളി മെമ്മോറിയല്‍ കാരുടെയും അവരുടെ പിന്‍തലമുറയായ രാമകൃഷ്ണപിളള കൂട്ടരുടെയും എതിര്‍പ്പും വിമര്‍ശനവും രാജാവിന്റെ നേരെയാണ് തിരിയേണ്ടത്. അതിനുളള ചങ്കൂറ്റം രാമകൃഷ്ണപിളളയ്ക്കും കൂട്ടര്‍ക്കും ഉണ്ടായിരുന്നില്ല. അദ്ദേഹം വെറും ഭീരുവായിരുന്നു. ആ ഭീരുവിന്റെ ശതാബ്ദിയല്ലേ അങ്ങ് ആഘോഷിക്കുന്നത്. രാമകൃഷ്ണപിളള യ്ക്ക് ഒരു നൂറ്റാണ്ടിന് മുമ്പ് ജീവിച്ചിരുന്ന വൈകുണ്ഠ സ്വാമികള്‍ അതിനുള്ള ധീരത (1809-1858) കാണിച്ചു. അദ്ദേഹം അന്നത്തെ രാജാവ് സ്വാതി തിരുനാള്‍ രാമവര്‍മ്മയെ വിളിച്ചത് 'അനന്തപുരി നീചന്‍' എന്നായിരുന്നു.12 അന്നും രാജാവിന് വേണ്ടി ദിവാനാണ് കാര്യങ്ങള്‍ നടത്തിയിരുന്നത്. സ്വാമികളെ കുമ്മായക്കൂട്ടിലിട്ട് അടച്ചത് മറ്റൊരു ദിവാനായിരുന്നു ആ ദിവാന്‍ പരദേശ ബ്രാഹ്മണന്‍ തന്നെയായിരുന്നു. പക്ഷെ വൈകുണ്ഠ സ്വാമികള്‍ നായരായിരുന്നില്ല, ചാന്നാര്‍ (നാടാര്‍) ആയിരുന്നു. കാര്യങ്ങളെ നേരേ ചൊവ്വേ കാണണമെന്ന് ആഗ്രഹിച്ച ആളാണ് കാട്ടിലും പടര്‍പ്പിലും തല്ലാതെ ഇരയെ കാണാന്‍ കഴിവുളള ആളായിരുന്നു. അതുകൊണ്ട് അദ്ദേഹം വിമര്‍ശിച്ചത് ദിവാനെയല്ല, രാജാവിനെയാണ്. അദ്ദേഹം തൂമ്പായെ തൂമ്പാ എന്നു വിളിച്ചു.

16 ഒരു രാജാവിന്റെ ഭരണകാലത്തെ എല്ലാ ചെയ്തികളുടെയും ഉത്തര വാദിത്വം രാജാവിനാണ് എന്നറിയാവുന്ന ആളായിരുന്നു വൈകുണ്ഠ സ്വാമികള്‍. രാജാവിന് ഇഷ്ടമില്ലാത്തത് ദിവാന്‍ ഉള്‍പ്പടെയുളള ഉദ്യോഗ സ്ഥന്‍മാര്‍ ചെയ്താല്‍ രാജാവ് അവരെ ശിക്ഷിക്കും. ജനങ്ങളോട് തന്റെ ഉദ്യോഗസ്ഥന്‍മാര്‍ തെറ്റ് ചെയ്തതിന് മാപ്പിരക്കും. തീവണ്ടി മറിഞ്ഞ പ്പോള്‍ റയില്‍വേ മന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രിയായിരുന്നില്ല ആ തീവണ്ടിയുടെ ഡ്രൈവര്‍. അദ്ദേഹം ആ പ്രദേശത്തെങ്ങും ഉണ്ടായിരു ന്നില്ല. പക്ഷെ റയില്‍വേ അപകടത്തിന്റെ പേരില്‍ മന്ത്രിസ്ഥാനം രാജി വച്ചത് അദ്ദേഹമായിരുന്നു.

പക്ഷെ, അതല്ല തിരുവിതാംകൂറില്‍ നടന്നത്. ഇവിടെ സ്റ്റേറ്റ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തല്ലിച്ചതച്ചതും, അവരെ വെടിവച്ച് കൊന്നതും, പുന്നപ്ര വയലാര്‍ സമരകാലത്ത് ആയിരക്കണക്കിന് ആളുകളെ കൊന്ന് കുളത്തില്‍ മൂടിയതും 13 എല്ലാം ദിവാന്‍ സര്‍. സി. പി. രാമസ്വാമി അയ്യരും ക്ഷേത്ര പ്രവേശന വിളബരം പുറപ്പെടുവിച്ചത് ചിത്തിര തിരുന്നാള്‍ രാജാവും. ആധുനിക കാലത്തെ കൂട്ടു മന്ത്രി സഭയ്ക്ക്‌പോലും കൂട്ടുത്തരവാദിത്വ മുണ്ട്. രാജാവ് നിയമിച്ചു ശമ്പളം കൊടുത്തു ജോലി ചെയ്യിക്കുന്ന ദിവാന്റെ ചെയ്തികള്‍ക്ക് രാജാവ് ഉത്തരവാദിയല്ലങ്കില്‍ ആരാണ് ഉത്തരവാദി? ഏത് ക്രൂരകൃത്യവും ചെയ്തതിനുശേഷം പിന്നെയും ആ ആളെത്തന്നെ ദിവാനായി വച്ചുകൊണ്ടിരിക്കുന്ന രാജാവിന് അയാളുടെ ചെയ്തികളുടെ ഉത്തരവാദിത്വമില്ല എന്നത് ഏത് യുക്തിക്ക് ചേരുന്നതാ ണ്. സര്‍.സി.പി. രാമസ്വാമി അയ്യര്‍ 1947 ല്‍ ദിവാന്‍ സ്ഥാനത്തുനിന്നും സ്വയം രാജിവച്ച് പിരിഞ്ഞുപോകാന്‍ ശ്രമിച്ചപ്പോള്‍ പോകരുത് എന്ന് അഭ്യര്‍ത്ഥിച്ചത് അയാളുടെ ചെയ്തികളെ അംഗീകരിച്ചതുകൊണ്ടല്ലേ. ആ രാജാവ് മരിച്ചപ്പോള്‍ ഇവിടത്തെ കോണ്‍ഗ്രസുകാരും അങ്ങയുടെ മുന്‍ഗാമികളായ കമ്യൂണിസ്റ്റുകാരും അയാളെ വാനോളം പുകഴ്ത്തുക യാണ് ചെയ്തത്. ആ രാജാവ് തന്റെ ദിവാനെ കൊണ്ടു ചെയ്യിച്ചതെല്ലാം നന്‍മയാണ് എന്ന് അംഗീകരിക്കുകയാണ് അതുകൊണ്ട് അര്‍ത്ഥമാ ക്കുന്നത്.

18 കെ. രാമകൃഷ്ണപിളളയുടെ എല്ലാ ക്രോധവും പി. രാജഗോപാലാചാരി യുടെ നേര്‍ക്കായിരുന്നു. അദ്ദേഹം രാജഗോപാലാ ചാരി ഉള്‍പ്പെടെ എല്ലാ ദിവാന്‍മാരെയും പരാമര്‍ശിച്ചിരുന്നത് വിദേശികള്‍ എന്നാണ്. അവരെല്ലാം ഇന്ത്യാക്കാരായിരുന്നു. തമിഴരും തെലുങ്കരും കന്നടക്കാരും മറാത്തികളു മെല്ലാം. അതേ സമയം അന്നത്തെ ഇവിടത്തെആധിപത്യ ശക്തിയായ ബ്രിട്ടീഷുകാരെ ആ വിധത്തില്‍ പരാമര്‍ച്ചിരുന്നു മില്ല. ഈ വിദേശികളെ പ്പറ്റിയുളള പരാതികളെല്ലാം രാമകൃഷ്ണപിളള സമര്‍പ്പിച്ചിരുന്നത് അധീശ ശക്തിയായ ബ്രിട്ടീഷുകാരുടെ സമക്ഷത്തി ലാണ്. സ്വദേശാഭിമാനി പത്രം 39, 40, 43 ലക്കങ്ങളില്‍ അതുകാണാം. ആ പാരമ്പര്യമാണ് രാജഭരണ ത്തിന്റെ അവസാനം വരെ (1948) തിരുവി താംകൂറിലെ രാഷ്ട്രീയ നേതാക്കന്‍മാര്‍ പാലിച്ചുപോന്നത്. രാഷ്ട്രീയ സമ്മേളനങ്ങളുടെ ആദ്യം രാജ്യഭക്തി പ്രമേയം എല്ലാവരും എഴുന്നേറ്റ് നിന്ന് പാസ്സാക്കിയശേഷം ആ രാജാവ് നിയമിച്ച ദിവാനെ മുച്ചൂടും തെറിപറയുന്ന പ്രസംഗങ്ങള്‍ നിറഞ്ഞതായിരിക്കും പിന്നത്തെ പരിപാ ടികള്‍. മൂന്നു വശവും തിരുവിതാംകൂര്‍ വക സ്ഥലത്താല്‍ ചുറ്റപ്പെട്ടതും നാലാമത്തെ വശം സമുദ്രവുമാ യതിനാല്‍ അഞ്ചുതെങ്ങ് തിരുവിതാംകൂ റിന് വിട്ടുകിട്ടണമെന്ന് സര്‍. സി. പി. ബ്രിട്ടീഷുകാരോട് ആവശ്യപ്പെ ട്ടപ്പോള്‍ തിരുവിതാംകൂറിന് കൊടുക്കരുത് എന്ന് ഡല്‍ഹിയില്‍ പോയി അപേക്ഷ കൊടുത്തവരാണ് തിരുവിതാകൂറിലെ ദേശാഭിമാനികള്‍.

19 രാജാവിനെ നിന്ദിച്ചതുകൊണ്ടാണ് രാമകൃഷ്ണപിളളയെ നാടുകടത്തിയത് എന്ന ഒരു ധാരണ പരത്തുവാന്‍ ഇന്ന് ഒരു ശ്രമം നടത്തുന്നുണ്ട്. നല്ലവനായ രാജഗോപാലാ ചാരിയെ തെറികൊണ്ട് അഭിഷേകം ചെയ്തത് തെറ്റായിപ്പോയി എന്ന് ഇന്ന് അദ്ദേഹത്തിന്റെ സ്തുതിപാഠകരില്‍ ചിലര്‍ക്കെങ്കിലും തോന്നിത്തുടങ്ങിയിട്ടുണ്ട് എന്നാണല്ലോ അതിന്റെ അര്‍ത്ഥം. രാമകൃഷ്ണപിളള അത്ര വലിയ രാജഭക്തി വിരുദ്ധനൊന്നു മായിരുന്നില്ല. അദ്ദേഹത്തിന്റെ ഭാര്യാ ധര്‍മ്മം'എന്ന ഗ്രന്ഥത്തിന്റെ സമര്‍പ്പണം അതിനുദാഹരണമാണ്. അതില്‍ അദ്ദേഹം എഴുതുന്നു. '...ഈ പുസ്തകം എഴുതി തുടങ്ങിയപ്പോഴേക്ക് ശ്രീമതി റാണി ലക്ഷ്മിബായി സി. ഐ. ആറ്റിങ്ങല്‍ മൂത്ത തമ്പുരാട്ടി തിരുമനസ്സിലെ തൃപ്പാദങ്ങളില്‍ സമര്‍പ്പിക്കണമെന്ന് ഇച്ഛിച്ചിരുന്നു. എന്നാല്‍ അത് സാധിക്കാന്‍ ദൈവഗത്യാ ഇടയായില്ല എന്നു വരികിലും അനാദൃശ്യഗുണ ഘടകങ്ങളോ ടുകൂടി ആ രാജശ്രീമതിയുടെ സ്മരണയ്ക്കായിട്ടത്രേ ഇപ്പോള്‍ സങ്കല്‍പ്പിച്ചി രിക്കുന്നത്.'14 ലക്ഷ്മിബായിയുടെ മരണാനന്തരമാണ് പുസ്തക സമര്‍പ്പണം നടന്നത്. അതാണ് രാജകുടുംബത്തോടുളള അദ്ദേഹത്തിന്റെ സമീപനം. ഈ ലക്ഷ്മീഭായി തിരുവിതാംകൂര്‍ രാജകൊട്ടാരത്തിലെ റാണിയൊന്നുമാ യിരുന്നില്ല. കൊട്ടാരവുമായി ബന്ധമുള്ള ആറ്റിങ്ങല്‍ കോവിലകത്തെ ഒരന്തേവാസി മാത്രമായിരുന്നു. ആനപിണ്ടത്തെ ബഹുമാനിക്കുന്ന ആള്‍ ആനയെ ബഹുമാനിക്കാതിരിക്കുമോ? ഈ രാമകൃഷ്ണപിളള തന്നെയാണ് സി. വി. രാമന്‍പിളള തന്റെ ഒരു ഗ്രന്ഥം 'രാമരാജബഹദൂര്‍' ശങ്കരന്‍ തമ്പിക്ക് സമര്‍പ്പിച്ചതിനെ അതിരൂക്ഷമായി വിമര്‍ശിച്ചത്.

20 അദ്ദേഹത്തിന്റെ പത്ര പ്രവര്‍ത്തനത്തിന്റെ ശൈലിതന്നെ തീരെ തറയായിരുന്നു. 'രാജമാന്യ രാജശ്രീ' എന്ന് എഴുതേണ്ടിടത്ത് 'ജാരാമാന്യ ജാരസ്ത്രീ'' എന്ന് എഴുതി പ്രസിദ്ധീകരിക്കുക, അതേപ്പറ്റി ചോദ്യമുണ്ടാകു മ്പോള്‍ അച്ചടിപ്പിശകാണ് എന്ന് പറഞ്ഞ് ക്ഷമാപണം നടത്തുക. അതായിരുന്നു അദ്ദേഹത്തിന്റെ പത്ര പ്രവര്‍ത്തനശൈലി. ഇന്ന് അദ്ദേഹം മലയാള പത്ര പ്രവര്‍ത്തനത്തിന്റെ പിതാവാണുപോലും. മലയാള പത്ര പ്രവര്‍ത്തനത്തിന്റെ ജാരസന്തതിയാണ് എന്നതാണ് യാഥാര്‍ത്ഥ്യം.

21 രാജാവ് നിയമിച്ചതുകൊണ്ട് രാജഗോപാലാചാരി ഇവിടെ വന്ന് ദിവാന്‍ ഉദ്യോഗം സ്വീകരിച്ചു. അദ്ദേഹം ജോലി ഇല്ലാതെ ജോലിക്ക് വേണ്ടി അന്വേഷിച്ചു നടന്ന ആളല്ല. ഇവിടെ വരുന്നതിന് മുമ്പ് അദ്ദേഹം കൊച്ചി രാജ്യത്തെ ദിവാനായിരുന്നു. അദ്ദേഹം ബ്രിട്ടീഷിന്ത്യാ സര്‍ക്കാരിന്റെ സര്‍വ്വീസിലായിരുന്നു എന്ന് പറഞ്ഞുവല്ലോ. അദ്ദേഹം ഇവിടെ നിന്നു പോയത് രാമകൃഷ്ണപിളളയുടെ വിമര്‍ശനം മൂലമല്ല. ബ്രിട്ടീഷ് സര്‍ക്കാര്‍ തിരികെ വിളിച്ചു, അദ്ദേഹം പോയി. 1910 സെപ്റ്റംബര്‍ 26-ാം തീയതി രാമകൃഷ്ണപിളളയെ നാടുകടത്തി. പ്രസ്സു കണ്ടുകെട്ടിയപ്പോള്‍ വിമര്‍ശനം അവസാനിച്ചുവല്ലോ. അദ്ദേഹം പിന്നെയും നാലുകൊല്ലം കൂടി ഇവിടെ തുടര്‍ന്നു. ഇവിടെ നിന്നും പോയത് ഇതിനേക്കാള്‍ ഉന്നതമായ ജോലി സ്വീകരിക്കാനായിരുന്നു.

അതിനാല്‍ രാമകൃഷ്ണപിളള വിമര്‍ശിക്കേണ്ടവരെയല്ല വിമര്‍ശിച്ചത്. അദ്ദേഹത്തിന്റെ വിമര്‍ശനം പരിഗണിക്കേണ്ടവര്‍ പരിഗണിച്ചില്ല. പിന്നെ എന്ത് അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ മലയാള പത്രപ്രവര്‍ത്തന ത്തിന്റെ പിതാവെന്നും സ്വാതന്ത്ര്യസമര നായകനെന്നും മറ്റും ആരോപി ക്കുന്നത്. യഥാര്‍ത്ഥത്തില്‍ ഇന്നത്തെ വഴിപിഴച്ച പത്രപ്രവര്‍ത്തന രീതിയുടെ പയനീര്‍ അദ്ദേഹമാണ്.

22 രാമകൃഷ്ണപിളളയുടെ വിമര്‍ശനങ്ങള്‍ ദിവാനെ പ്രകോപിത നാക്കി എന്നു വേണം വിചാരിക്കാന്‍. നായരുടെ കുത്തകയായിരുന്ന പ്രജാസഭയിലേക്ക് അദ്ദേഹം ഈഴവരേയും പുലയരേയും കൂടി നോമിനേറ്റ് ചെയ്തു. പ്രജാസഭാ മെമ്പറാകണമെന്ന് ആഗ്രഹമുളള നായര്‍ക്കും നമ്പൂതിരിക്കും ഈഴവനോടും പുലയനോടുമൊപ്പം ഇരിക്കേണ്ടി വന്നു എന്ന് കെ.പി. പത്മനാഭമേനോന്‍ അക്കാലത്ത് എഴുതിയത് ആ പശ്ചാത്തലത്തിലാണ്. താഴ്ന്ന ഗ്രേഡിലുളള ഉദ്യോഗ ങ്ങളില്‍ ഈഴവരേയും പുലയരേയും കൂടി നിയമിച്ചു എന്നു പറഞ്ഞാല്‍ താഴ്ന്ന ഗ്രേഡ് ഉദ്യോഗങ്ങളുടെ കുത്തകക്കാരായിരുന്ന നായരുടെ ആ രംഗത്തെ കുത്തകയും അവസാനിച്ചു. 'ശ്രീ പത്മനാഭന്റെ പത്തുചക്രം' എല്ലാവര്‍ക്കുമായി നല്‍കി. ഉയര്‍ന്ന ജോലികള്‍ എതായാലും നായര്‍ക്കില്ലാ യിരുന്നു. അത് പരദേശ ബ്രാഹ്മണരുടെ കുത്തകയായിരുന്നു. 

ഇത്രയും ആയപ്പോഴാണ് ദിവാനെ എങ്ങനെയെങ്കിലും പുകച്ച് പുറത്ത് ചാടിക്കണമെന്ന നിര്‍ബന്ധം രാമകൃഷ്ണപിളളയെ വല്ലാതെ ബാധിച്ചത്. അതിന് പിന്തുണ കൊടുക്കാന്‍ ഏതാനും സുഹൃത്തുക്കളും അദ്ദേഹത്തിനു ണ്ടായി. ദിവാന്‍ ചെയ്യുന്ന എന്തിനേയും, നല്ലതും ചീത്തയും നോക്കാതെ രാമകൃഷ്ണപിളള വിമര്‍ശിക്കാന്‍ തുടങ്ങി. ദിവാന്റെ രാജഭരണ ചെയ്തികളെയും കടന്ന് അദ്ദേഹത്തെ വ്യക്തിപര മായി തേജോവധം ചെയ്യാനും ആരംഭിച്ചു. അങ്ങനെയാണ്, അദ്ദേഹം കൗപീനം ധരിക്കുന്നി ല്ലെന്നും കൊട്ടാരത്തിലെ സ്ത്രീകളുടെ അന്തപ്പുര ത്തില്‍ അന്തിയുറങ്ങി യെന്നും മറ്റുമുളള വിമര്‍ശനങ്ങള്‍ സ്വദേശാഭിമാനി പത്രത്തിന്റെ പേജുകളില്‍ നിറഞ്ഞത്. അവ എത്രമാത്രം വിശ്വാസയോഗ്യമാണെന്നതിന് പ്രത്യേകിച്ച് തെളിവുകളൊന്നം രാമകൃഷ്ണപിള്ളയ്ക്ക് ഹാജരാക്കാനു ണ്ടായിരുന്നില്ല. തന്റെ ലേഖനം മാത്രം. ഇന്നും സ്ഥിതി അതുതന്നെ. രാമകൃഷ്ണപിള്ള പക്ഷപാതികള്‍പോലും അതമ്പേഷിച്ച് സത്യസ്ഥിതി ബോധ്യപ്പെട്ടിട്ടില്ല. രാമകൃഷ്ണപിള്ള അന്നുപറഞ്ഞത് ആവര്‍ത്തിക്കുക മാത്രം ചെയ്യുന്നു. ഇഷ്ടമില്ലാത്ത ആടിനെ പട്ടിയാക്കുന്ന വിരുതനാണ് രാമകൃഷ്ണപിള്ളയെന്ന് അദ്ദേഹം സി.വി.രാമന്‍ പിള്ളയോടും പണ്ഡിറ്റ് കറുപ്പനോടും സ്വീകരിച്ച നയത്തില്‍നിന്നും വ്യക്തമാണ്. രാജഗോപാലാ ചാരിയും അയാള്‍ക്കിഷ്ടമില്ലാത്ത ആളായിരുന്നു. ഭരണകാര്യങ്ങളില്‍ പറയാനൊന്നുമില്ലാത്തതുകൊണ്ട് വ്യക്തിപരമായി അവഹേളിക്കാം. ശങ്കരന്‍തമ്പിയെ കൈക്കൂലിക്കാരനാക്കി. രാജഗോപാലാചാരിയെ സ്ത്രീ ലമ്പടനാക്കി. അത്രമാത്രം. പത്രം കയ്യിലുണ്ടെങ്കില്‍ എന്തും എഴുതാമല്ലോ. കൗപീനം ധരിച്ചില്ല എന്നതിന് രാമകൃഷ്ണപിള്ള എഴുതിയതിനപ്പുറം മറ്റ് എന്തു തെളിവാണുള്ളത്? കൗപീനം ധരിക്കാതിരിക്കുന്നത് മഹാ പാതകമാണോ? തമിഴന്‍ വസ്ത്രം ധരിക്കുന്നത് മലയാളിയുടെ രീതിയിലല്ല.

അദ്ദേഹം നാടുകടത്തപ്പെടുന്നതിന് തൊട്ട് മുമ്പ് സ്വന്തം പത്രത്തിലെഴുതിയ ലേഖനങ്ങളാ യിരിക്കണം ശിക്ഷയ്ക്ക് കാരണങ്ങളായത്. 1910 മേയ് 16, ജൂലൈ 8 , ആഗസ്റ്റ് 24, സെപ്റ്റംബര്‍ 19, എന്നീ തീയതികളില്‍ സ്വദേശാഭിമാനിയില്‍ വന്ന ലേഖനങ്ങള്‍ ഏറെ പ്രകോപനപര ങ്ങളായി രുന്നു. കെ.ഭാസ്‌ക്കരപിളള എഴുതി 1956 ല്‍ എന്‍. ബി. എസ് പ്രസിദ്ധീക രിച്ച അദ്ദേഹത്തിന്റെ ജീവചരിത്ര ഗ്രന്ഥത്തില്‍അതില്‍ ചിലത് എടുത്ത് ചേര്‍ത്തിട്ടുണ്ട്.

23 രാമകൃഷ്ണ പിളള സ്വദേശാഭിമാനി പത്രാധിപര്‍ സ്ഥാനം ഏറ്റെടുത്തത് 1906 ലാണ്. പി രാജഗോപാലാചാരി തിരുവിതാംകൂര്‍ ദിവാനാകുന്നത് 1907ലാണ്. അന്നു മുതല്‍ തന്നെ ദിവാനെതിരായ ലേഖനങ്ങള്‍ സ്വദേശാഭിമാനിയില്‍ പ്രത്യക്ഷപ്പെട്ടു എങ്കിലും അത് മൃദുവായിരുന്നു. മൂന്നുകൊല്ലം കഴിഞ്ഞ് പുലയക്കുട്ടികളെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ചേര്‍ക്കുന്നതിന് അനുവാദം കൊടുത്തു കൊണ്ടുളള ഉത്തരവുണ്ടായി. അതിനെതിരേ അദ്ദേഹം 1910 മാര്‍ച്ച് 2 ാം തീയതി തന്റെ കുപ്രസിദ്ധ മായ എഡിറ്റോറിയല്‍ എഴുതി. 15 പോത്തു ലേഖനം. പക്ഷെ അതുകൊണ്ട് ഉദ്ദേശിച്ച ഫലം ലഭിക്കുന്നില്ല എന്നു കണ്ടു. സര്‍ക്കാര്‍ ആ ഉത്തരവ് പിന്‍വലിച്ചില്ല. അപ്പോഴാണ് അദ്ദേഹം മുമ്പു സൂചിപ്പിച്ച പ്രകോപനപരമായ ലേഖനങ്ങള്‍ എഴുതിയതും, അദ്ദേഹം നാടുകടത്ത പ്പെട്ടതും. അതിനാല്‍ അദ്ദേഹം എത്ര ശക്തിയോടെയാണ് പുലയക്കുട്ടി കളുടെ സര്‍ക്കാര്‍ സ്‌കൂള്‍ പ്രവേശനത്തെ എതിര്‍ത്തത് എന്ന് വ്യക്തമാണ്. എന്തു പ്രത്യാഘാതം ഉണ്ടായാലും നേരിടാം എന്ന ഉറച്ച നിലപാടോടെ യാണ് അദ്ദേഹം തന്റെ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചത്. അധികാരത്തി ലിരിക്കുന്ന ദിവാനെതിരായി അത്രയും മ്ലേച്ഛമായ ലേഖനങ്ങള്‍ എഴുതിയാല്‍ തക്കതായ ശിക്ഷ ലഭിക്കും എന്ന് അറിയാന്‍ പാടില്ലാത്ത ആളായിരുന്നില്ല രാമകൃഷ്ണപിളള എന്ന് വ്യക്തമാണ്. രാജ ഭരണകാലത്ത് രാജാവ് ഇഷ്ടപ്പെട്ടു നിയമിച്ച ദിവാനെതിരായി അവഹേളനപരമായ ലേഖനങ്ങള്‍ എഴുതിയാല്‍ ശിക്ഷ ലഭിക്കും എന്നറിയാന്‍ പാടില്ലാത്ത ആള്‍ ഒരു പത്രാധിപരാകാന്‍ യോഗ്യനല്ല. മലയാള പത്ര പ്രവര്‍ത്തനത്തിന്റെ പിതാവായി കൊട്ടി ഘോഷിപ്പി ക്കപ്പെടുന്ന ആളാണ് രാമകൃഷ്ണപിളള. തലപോയാല്‍ പോകട്ടെ, എന്നാലും പുലയക്കുട്ടികളെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ നായര്‍ കുട്ടികള്‍ക്ക് ഒപ്പമിരുത്താന്‍ സമ്മതിക്കുകയില്ല. 'നായരു പിളളാരും പെലേപ്പിള്ളാരും ഒന്നിച്ചിരുന്നു പഠിക്കുന്ന സ്‌കൂള്‍ വേണ്ട' എന്ന് ആക്രോശിച്ചു. ആ പളളിക്കൂടങ്ങള്‍ക്ക് തീവച്ച അനുയായികളുടെ യഥാര്‍ത്ഥ നേതാവു തന്നെയാണ് രാമകൃഷ്ണപിളള. ആ രാമകൃഷ്ണപിള്ളയെയാണ് അങ്ങും അങ്ങയുടെ സര്‍ക്കാരും ഇത്രയേറെ ആദരിക്കുന്നത്. അതില്‍ അങ്ങേയ്ക്ക് ലജ്ജ തോന്നുന്നില്ലെങ്കില്‍ അങ്ങയുടെ പ്രജകളായ ഞങ്ങള്‍ക്ക് ലജ്ജ തോന്നുന്നുണ്ട്.

24 താഴ്ന്ന ഗ്രേഡിലുളള സര്‍ക്കാര്‍ ഉദ്യോഗങ്ങളുടെ കുത്തക നായര്‍ക്ക് 67.5 ല്‍ നിന്നം 41 ആയി അപ്പോള്‍ കുറഞ്ഞിരുന്നു. ഇനി ദലിത് കുട്ടികള്‍ കൂടി അക്ഷരാഭ്യാസം നേടി വന്നാല്‍ അത് പിന്നെയുംപിന്നെയും താഴും. അന്നുതന്നെ അയ്യന്‍കാളിയുടെ തുടരെത്തുടരെയുളള അഭ്യര്‍ത്ഥനയുടെ ഫലമായി രണ്ടു പുലയരെ എക്‌സൈസ് വകുപ്പില്‍ പ്യൂണ്‍മാരായി നിയമിച്ചു കഴിഞ്ഞു. അവര്‍ക്ക് അഞ്ചുരൂപയായിരുന്നു പ്രതിമാസ ശമ്പളം. എന്നിരുന്നാല്‍ പോലും രണ്ടു നായരുടെ അവസര മാണ് നഷ്ടപ്പെട്ടത്. അതോടൊപ്പം പാടത്ത് പണിയാനുളള നാലുകൈ കളും നഷ്ടപ്പെട്ടു. അതിനാല്‍ ഈ പുതിയ നയത്തെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കാതെ വയ്യാ. ദലിതര്‍ക്ക് വിദ്യാഭ്യാസം നല്‍കാതെ അടിമകളും അടിയാന്‍മാരുമായി തുടരാന്‍വേണ്ടി ആത്മത്യാഗം ചെയ്ത വര്‍ഗ്ഗീയവാദിയും ചതുര്‍വര്‍ണ്ണ സംരക്ഷകനുമാണദ്ദേഹം. ആ ആത്മത്യാഗ ത്തിന്റെ ശതാബ്ദിയാണ് സവര്‍ണ്ണ മേധാവിത്വം ഇപ്പോള്‍ ആഘോഷി ക്കുന്നത്. അതിനാണ് അങ്ങ് ഓശാന പാടുന്നത്.

25 കൊട്ടാരത്തിനകത്ത് നടന്നുകൊണ്ടിരിക്കുന്ന ലൈംഗിക അരാജകത്വം, അധികാര വടംവലി, സാമ്പത്തിക ദുര്‍വ്യയം തുടങ്ങിയവയിലാണ് രാമകൃഷ്ണപിളളയുടെ വിപ്ലവദൃഷ്ടി പതിച്ചത്. അതെല്ലാം നടത്തേണ്ടത് രാജഗോപാലാചാരിയും കൃഷ്ണസ്വാമി റാവുവും അതു പോലുളള വിദേ ശീയരുമല്ല രാമകൃഷ്ണപിളളയെ പോലുളള നാട്ടുകാരായ നായന്മാരായിരി ക്കണം എന്നായിരുന്നു അദ്ദേഹത്തിന്റെ മുദ്രാവാക്യം. ഡോ.പല്‍പുവും അയ്യന്‍കാളിയും മറ്റും രാമകൃഷ്ണ പിളളയുടെ ദൃഷ്ടിയില്‍ സ്വദേശീയരല്ല. ഒരു പോറ്റിയുടെ മകനായ രാമകൃഷ്ണ പിളളയും മറ്റുമാണ് സ്വദേശീയര്‍. കാരണം പോറ്റി ഉള്‍പ്പടെയുള്ള ബ്രാഹ്മണര്‍ കേരളത്തില്‍ വന്നത് എ.ഡി. 7-8 നൂറ്റാണ്ടുകളില്‍ മാത്രമാണ്. അയ്യന്‍കാളിയുടെയും ഡോ. പല്‍പ്പുവിന്റെയും മറ്റും മുന്‍ഗാമികള്‍ കേരളാരംഭം മുതല്‍ ഇവിടെ ഉണ്ടായിരുന്നവരാണ്. അമേരിക്കയില്‍ അഞ്ചു നൂറ്റാണ്ടിനുമുമ്പ് ചെന്ന യൂറോപ്യന്‍മാരാണ് ഇന്നത്തെ അമേരിക്കക്കാര്‍. അവിടെ നേരത്തേ ഉണ്ടായിരുന്ന ആദിവാസികള്‍ ഇപ്പോഴും റെഡ് ഇന്ത്യാക്കാരാണ്. അതാണ് ആധിപത്യം. നായര്‍ വനിതകള്‍ മാറ് മറയ്ക്കാതെ കൊട്ടാരത്തിലും ക്ഷേത്ര മതിലുകള്‍ക്കു ളളിലും നടക്കുന്നതു പോലെ പുറത്ത് ആറാട്ടിന് നടക്കരുത്. അവിടെ ചാന്നാന്‍മാരും പുലയരും ഈഴവരും മറ്റുമുളള സ്ഥലമാണ്. അതിനാല്‍ അതിനനുസരിച്ച നിര്‍ദ്ദേശം കൊടുക്കണമെന്ന് രാമകൃഷ്ണ പിളള ഒരു ലേഖനത്തിലൂടെ രാജാവിനോട് അഭ്യര്‍ത്ഥിച്ചത് അതുകൊണ്ടാണ്. ഡോ. പല്‍പുവിന് തിരുവിതാംകൂറില്‍ ഉദ്യോഗം കൊടുക്കാതിരുന്നതിനെപ്പറ്റി ഒരിക്കല്‍ പോലും ഒരു പത്രത്തിലും രാമകൃഷ്ണപിളള പരാമര്‍ശിച്ചിട്ടില്ല. ആ സംഭവത്തിനു ശേഷമാണ് രാമകൃഷ്ണപിളള തന്റെ പത്രപ്രവര്‍ത്ത നം ആരംഭിച്ചതു തന്നെ. അയിത്തക്കാരോടും അവര്‍ണ്ണരോടു മുളളപ്രത്യേക താല്പര്യം മൂലം അവരുടെ കുട്ടികളെ പ്രത്യേകമായി പഠിപ്പിക്കണമെന്ന് വീറോടെ വാദിച്ചു എന്ന് സ്തുതിപാഠകന്മാര്‍ ഇപ്പോള്‍ അവകാശപ്പെടുന്നു. രാമകൃഷ്ണപിളള അങ്ങനെ പഠിച്ചു പാസായ ഡോ. പല്‍പുവിനോട് കാണിച്ച ദയാശൂന്യതയെ എങ്ങനെയാണ് ന്യായീകരിക്കേണ്ടത്. അവര്‍ക്കുളള ഉദ്യോഗവും സര്‍ക്കാരിന്റെ പൊതു സര്‍വ്വീസിലല്ലാതെ പ്രത്യേകമായ ഒരു സര്‍വ്വീസ് രൂപീകരിച്ച് അതില്‍ കൊടുക്കണമായിരിക്കണം. നായര്‍ ഉദ്യോഗസ്ഥന്‍മാരോട് ഒത്തു ജോലി ചെയ്യാന്‍ അവര്‍ക്ക് ആകുകയില്ലല്ലോ. ഒരു സര്‍ക്കാര്‍ ഓഫീസില്‍ നായരും പുലയരും എങ്ങനെ ഒരുമിച്ചു ജോലി ചെയ്യും. സ്‌കൂളില്‍ ഒരുമിച്ചിരിക്കാന്‍ പാടില്ലെങ്കില്‍ പിന്നെ ഓഫീസിലാകാമോ? ഓഫീസിലിരിക്കുമ്പോള്‍ പോത്ത് കുതിരയാകുമോ? ഇക്കാലത്ത് ചില ബാങ്കുകള്‍ക്ക് വനിതാ ശാഖകള്‍ സ്ഥാപിക്കുന്നതു പോലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും പുലയ ശാഖകളും സ്ഥാപിക്കണമാ യിരിക്കും. സര്‍ക്കാരിന്റെ എല്ലാ ചെയ്തികളെയും പരാമര്‍ശിച്ചു പോന്ന അദ്ദേഹത്തിന്റെ ലേഖനങ്ങളിലോ പുസ്തകങ്ങളിലോ ഒരിടത്തും അതേപ്പറ്റി ഒരു പരാമര്‍ശനം പോലുമില്ല. അതിനെ അദ്ദേഹം ന്യായീകരി ക്കാന്‍ ശ്രമിച്ചില്ല എന്നതു തന്നെ ഒരു ഭാഗ്യം. അവഗണിക്കുകയാണു ചെയ്തത്.

അദ്ദേഹത്തിന്റെ ദൃഷ്ടിയില്‍ മാത്രമല്ല, ഇന്നും കേരളത്തിലെ സവര്‍ണ്ണരുടെ ദൃഷ്ടിയില്‍ അയ്യന്‍കാളിയും ഡോ. പല്‍പുവും അതുപോലുളളവരും രാമകൃഷ്ണപിളളയോളവും സ്വദേശാഭിമാനികളോ വിപ്ലവകാരികളോ അല്ല. അവര്‍ വെറും പുലയ നേതാവും ഈഴവ നേതാവും മാത്രം. അതുകൊണ്ടാണ് ആ വിപ്ലവ നേതാവിന്റെ നാടുകട ത്തലിന്റെ ശതാബ്ദി ആഘോഷിക്കുന്നത്. അയ്യന്‍കാളിയുടെയും ഡോ. പല്‍പ്പു വിന്റെയും ജന്മശതാബ്ദിയോ ജന്മദിനമോ സര്‍ക്കാര്‍ തലത്തില്‍ ആഘോഷി ക്കാത്തത്.

26 തിരുവനന്തപുരത്തെ നായര്‍ അഥവാ കൊട്ടാരത്തോടു ബന്ധപ്പെട്ട നായര്‍ വേലുത്തമ്പിയുടേയും രാജാകേശവദാസന്റെയും ഉമ്മിണി തമ്പിയുടെയും മറ്റും പിന്‍ഗാമികളാണ് എന്നും മറ്റുമുളള മിഥ്യാ ധാരണയാണ് അന്നവരെ ഭരിച്ചു കൊണ്ടിരുന്നത്. അതിനെയാണ് ദിവാന്‍ രാജഗോപാലാ ചാരി പിച്ചിച്ചീന്തിയത്. അതിനു മറുപടിയായിട്ടാണ് രാമകൃഷ്ണപിളള തന്റെ പത്രത്തില്‍ ഒന്നിന് പുറകെ ഒന്നായി ലേഖനങ്ങള്‍ കൊടുത്തത്.

അതില്‍ തിരുവിതാംകൂര്‍ ദിവാന്‍ജി എന്ന പേരില്‍ എഴുതിയ ഒരു ലേഖനത്തിന്റെ പ്രസക്ത ഭാഗം താഴെ ചേര്‍ക്കുന്നു. '..... മി. രാജഗോപാ ലാചാരിയുടെ മുന്‍വാഴ്ച ക്കാരായ ദിവാന്‍ജിമാര്‍ രാജഭരണ വിഷയത്തില്‍ എത്ര തന്നെ നൂനമാരായിരുന്നാലും അവരുടെ കാലത്ത് നാട്ടിലെ സദാചാരബോധം ഇപ്പോഴത്തെ പോലെ ഹനിക്കപ്പെട്ടിരുന്നില്ല എന്നുളളതാണ് അവരുടെ ഭരണത്തിന്റെ വിശേഷാല്‍ ശോഭ കൂട്ടുകയും മി. ആചാരിയുടെ ഭരണത്തെ ദുഷ്‌കീര്‍ത്തിപ്പെടു ത്തുയും ചെയ്യുന്നതെ ന്നുളള വസ്തുതയാണ് മുഖ്യമായി പറവാനുളളത്...... ദിവാന്‍ജി മുതലായ ഉന്നത ജീവനക്കാര്‍ നിമിത്തം ഒരു നാട്ടിലെ സദാചാര ബോധത്തില്‍ തട്ടുന്ന ഇളക്കങ്ങളെ നിശ്ശേഷം അജ്ഞതാഭാവത്തില്‍ ഉപേക്ഷിക്കാന്‍ പാടില്ലെന്നാണ് ഞങ്ങള്‍ക്ക് അഭിപ്രായ മായിട്ടുളളത്....മി. രാജഗോപാലാ ചാരിയുടെ ഉദ്യോഗകാലത്തെപ്പറ്റി ഞങ്ങള്‍ക്ക് മുഖ്യമായി ചെയ്യാനുള്ള ആക്ഷേപം മേല്‍പറഞ്ഞത് തന്നെയാണ്. അതാവിത് അദ്ദേഹത്തിന്റെ കാലത്താണ് ഈ നാട്ടിലെ സദാചാര ബോധത്തിന് ശോചനീയമായ വിധത്തില്‍ ഹാനി സംഭവിച്ചു കൊണ്ടിരിക്കുന്നു. ..'16

രാമകൃഷ്ണപിളള വളരെ വ്യക്തമായി ഇവിടെ പറയുന്നു, രാജഗോപാലാ ചാരിയുടെ മുഖ്യമായ തെറ്റ് ഭരണത്തിലെ പിഴവുകളോ വൈകല്യങ്ങളോ അല്ല. തന്റെ മുന്‍ഗാമികളെക്കാള്‍ അദ്ദേഹം ഏറെ മെച്ചപ്പെട്ടവനാ യിരുന്നു. എന്നാല്‍ കുഴപ്പം അദ്ദേഹത്തിന്റെ വ്യക്തിപരമായ സദാചാ രരാഹിത്യമാണ്. ഒരു ഭരണകര്‍ത്താവ് എന്ന നിലയില്‍ അദ്ദേഹം വളരെ മെച്ചപ്പെട്ടവനാണ് എന്നാണല്ലോ അതിന്റെ അര്‍ത്ഥം. അല്ലെങ്കില്‍ ആദ്യം പറയേണ്ടതും മുഖ്യമായി പറയേണ്ടതും അതാണല്ലോ. അത് ജനങ്ങളെ ബാധിക്കുന്നതാണ്. അതാണ് സി. കേശവനും പറഞ്ഞത്. സി. കേശവന്‍ അദ്ദേഹത്തിന്റെ വ്യക്തിപരമായ ജീവിതത്തെപ്പറ്റി അന്വേഷിക്കാന്‍ പോയില്ല. അപ്പം തിന്നാല്‍ പോരേ, കുഴി എണ്ണണമോ?

27 '...പൊതുജന സമുദായത്തില്‍ അസാന്മാര്‍ഗ്ഗ ബീജങ്ങളെ വ്യാപിപ്പിക്കുന്ന ഒരു മന്ത്രിയുടെ കുചേഷ്ഠിതങ്ങളെ കുറിച്ച് പൊതുജനങ്ങള്‍ക്കുളള നീരസത്തെക്കുറിച്ച് പറവാനല്ലെങ്കില്‍ പൊതു ജന പ്രതിനിധി സ്ഥാനത്ത് ഒരു വര്‍ത്തമാന പത്രം ജീവിച്ചിട്ട് ഒരു കാര്യവുമില്ല. മി. ആചാരിയുടെ സന്‍മാര്‍ഗ്ഗ വ്യഭിചാരപാദങ്ങളെ ലേഖനം ചെയ്യുവാന്‍ തക്കവണ്ണം നീചന്മാരായവര്‍ അങ്ങനെ ചെയ്തു കൊളളട്ടെ. ഞങ്ങള്‍ക്ക് മി. ആചാര്യരുടെ നയത്തെപ്പറ്റി അമര്‍ഷമുണ്ടങ്കില്‍ ആ അമര്‍ഷം ജനങ്ങളുടേതും ന്യായവും മാത്രമാകുന്നു. മി. ആചാര്യരുടെനടത്തയെപ്പറ്റി അനേകം അപവാദങ്ങള്‍ ഈ നഗരത്തില്‍ തന്നെ അടിക്കടി ചെവിക്കല്ലില്‍ തറയ്ക്കുന്നില്ലോ. മി. ആചാര്യരുടെ വിട വിഭാവരിയില്‍ അമര്‍ഷം തോന്നിയ ഒരു ഉദ്യോഗസ്ഥന്‍ മദ്രാസിലെ ഒരു പത്രികയ്ക്ക് എഴുത്ത് എഴുതി മി. ആചാരിയ്ക്ക് ബോധം വരുത്തേണ്ടി വന്നില്ലല്ലോ. ഇതിനെപ്പറ്റി മി. ആചാരിയ്ക്ക് നേരിട്ടു തന്നെ ചിലര്‍ അയച്ചിട്ടുളള കത്തുകള്‍ അദ്ദേഹത്തിന് കിട്ടിയില്ലയോ. വടശ്ശേരി അമ്മ വീട്ടില്‍ കല്ല്യാണത്തിന് മി. ആചാരി ദേവദാസിയുടെ മുമ്പില്‍ ചാപല്യങ്ങള്‍ കാട്ടിയത് ജനങ്ങള്‍ കണ്ടിരുന്നില്ലയോ. (അന്നും ദേവദാസിയുണ്ട്. ആ സമ്പ്രദായത്തില്‍ ഒരു അസാന്മാര്‍ഗ്ഗികതയും രാമകൃഷ്ണപിള്ള കണ്ടില്ല) ആ കല്ല്യാണത്തിന്റെ മേല്‍ വിചാരിപ്പുകാരനെന്നു പറഞ്ഞ് മാനനീയമായ വിധത്തില്‍ ദേഹം മറയ്ക്കാതെ ആ കല്ല്യാണ വീടിന്റെ അന്തപ്പുരത്തില്‍ കിടന്ന് ഉറങ്ങുവാന്‍ തോന്നിയ മനസ്സിന്റെ നികൃഷ്ടതയും ജനങ്ങള്‍ ഗ്രഹിച്ചിട്ടില്ലയോ. മി. ആചാരിയെ പ്രസാദിപ്പിക്കുവാനായി ചില അധമ ജനങ്ങള്‍ വേശ്യകളെ സംഭരിക്കുമാറുളളതും പ്രസിദ്ധമല്ലയോ. തന്റെ കാമചാരുതയെ അനുകൂലിക്കാന്‍ മനസ്സില്ലാത്ത പല കീഴ് ജീവനക്കാര്‍ക്കും ദോഷം സംഭവിച്ചിട്ടുളളതും ജനങ്ങള്‍ അറിഞ്ഞിട്ടില്ലയോ. അല്ലെങ്കില്‍ തന്നെ മി. ആചാരി ചെയ്യുന്ന ഹജുരാഫീസ് മുറിയില്‍ നിഷ്‌കൗപീനനായി ഒരു പാവമുണ്ടും ബനിയനും ധരിച്ചുകൊണ്ടിരിക്കുമാറുളളത് കണ്ട് അദ്ദേഹത്തിന്റെ അടുക്കല്‍ ചെല്ലേണ്ടി വന്നിട്ടുളള കീഴ് ഉദ്യോഗ സ്ഥന്‍മാരും വക്കീലന്‍മാരും കക്ഷികളും മുഖം താഴ്ത്തി പോയിട്ടില്ലയോ. എത്രയോ പരി പാവനമായ ദിവാന്റെ ആസ്ഥാനം തുടങ്ങി സ്വകാര്യ നില വരെ ആഭാസമായ വിധത്തില്‍ ആചരിച്ചു വരുത്തി. മി. ആചാരി ഇക്കഴിഞ്ഞ വെളളിയാഴ്ച നാളില്‍ കോട്ടയ്ക്കകം പെണ്‍ പാഠശാല കെട്ടിടത്തിന്റെ മുകള്‍ത്തട്ടില്‍ അഭിനയിച്ച പേക്കൂത്തുകള്‍ എന്തായിരുന്നു. അതിനെപ്പറ്റി ചിന്തിക്കുമ്പോള്‍ തന്നെ ഒരുവന്റെ രക്തപ്രവാഹം വെട്ടിത്തിളച്ചു മറിയുന്നതാണ്. ജൂബിലി പ്രമാണിച്ച് തെക്കേത്തെരുവു കൊട്ടാരത്തിന്റെ മുമ്പില്‍ ഘോഷയാത്ര ചെയ്തപ്പോള്‍ മി. ആചാരി മാന്യ സ്ത്രീകള്‍ക്കായി പ്രത്യേകം ഒഴിച്ചിട്ടിരുന്നതും അതനുസരിച്ച് അനേകം ഘോഷ സ്ത്രീജനങ്ങള്‍ തിങ്ങി നിന്നിരുന്നതുമായ പെണ്‍പാഠശാലയുടെ മുകളില്‍ സ്്രതീ ജനങ്ങളുടെ മനോവ്യഥയെ അഗണ്യമാക്കി ക്കൊണ്ടു കടന്നുചെന്നു നില്‍ക്കുകയായിരുന്നില്ലയോ. ശ്രീകൃഷ്ണനെപ്പോലെ താനും ഒരു ഗോപാലനാണന്ന് ഉദാഹരിപ്പാന്‍ വേണ്ടി ഈ സ്ത്രീജനങ്ങളുടെ സംഘത്തില്‍ കടന്നുചെന്ന് അവരുടെ മനസ്സിനെ വൃണപ്പെടുത്തിയതായിരി ക്കുമോ.'17

ഇങ്ങനെയെല്ലാം രാജഗോപാലാചാരി പ്രവര്‍ത്തിച്ചുവെന്നതിന് രാമകൃഷ്ണ പിള്ളയുടെ ഈ ലേഖനം മാത്രമാണ് തെളിവ്. ഇത്രയേറെ ആഭാസനാണ് അദ്ദേഹം എന്ന് പ്രചരിപ്പിച്ചിട്ടും ജനങ്ങളുടെ ഇടയിലുള്ള അദ്ദേഹ ത്തിന്റെ മതിപ്പിന് ഒരു കുറവും സംഭവിച്ചില്ല. സി.കേശവനും ടി.കെ. മാധവനുമെല്ലാം അതിന് സാക്ഷികളാണ്. അതിനര്‍ത്ഥം ഇതില്‍ ഒരു നല്ലഭാഗമെങ്കിലും കെട്ടുകഥകളാണെന്നാണല്ലോ. പണ്ഡിറ്റ് കറുപ്പന്‍ എഴുതിയ നാടകത്തിലെ ഒരു നമ്പൂതിരി കഥാപാത്രത്തെ തൂക്കിക്കൊല്ലാന്‍ വിധിച്ചത് രാജദ്രോഹമാണെന്നും അതിനാല്‍ കറുപ്പനെ നാടുകടത്തണ മെന്നും എഴുതിയ രാമകൃഷ്ണപിള്ളയുടെ തൂലികയില്‍ ഇതിനപ്പുറം വന്നാലും അല്‍ഭുതപ്പെടേണ്ടതില്ല.

28 പി. രാജഗോപാലാചാരി സ്വയം ഒരു ഏകാധിപതിയോ അധികാര ദുര്‍വൃത്തനോ ആയിരുന്നില്ല എന്ന് അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ നിന്നും മനസ്സിലാക്കാം. ഈദൃശ ലേഖനങ്ങളുടെ ഒരു പരമ്പര തന്നെ പ്രസിദ്ധീകരിക്കപ്പെട്ടപ്പോള്‍ എന്തെങ്കിലും ചെയ്യാതിരിക്കാന്‍ അദ്ദേഹ ത്തിന് നിര്‍വ്വാഹമില്ലാതെ വന്ന വിവരം അദ്ദേഹം, തന്നെ നിയമിച്ച രാജാവിനെ അറിയിച്ചു. പിന്നത്തെ നടപടി രാജാവാണ് സ്വീകരിച്ചത്. രാമകൃഷ്ണപിളളയെ നാടുകടത്തിക്കൊണ്ടുളള കല്പനയ്ക്ക് ഒപ്പു വച്ചത് രാജാവാണ്. മൂലം തിരുനാള്‍ രാജാവിനെപ്പറ്റി, അദ്ദേഹം കഴിവില്ലാത്ത വനാണ് എന്ന ആരോപണം ആരും ഉന്നയിച്ചിട്ടില്ല. വേലുത്തമ്പിയുടെ കാലത്തെ ബാലരാമ വര്‍മ്മ രാജാവിനെപ്പറ്റി അത്തരം ആരോപണങ്ങള്‍ ഉണ്ടായിട്ടുണ്ട്. 1910 ല്‍ രാമകൃഷ്ണ പിളളയുടെ നാടുകടത്തലിനുളള ഉത്തരവ് ഒപ്പു വയ്ക്കുമ്പോള്‍ മൂലം തിരുനാള്‍ ഭരണം ഏറ്റെടുത്തിട്ട് 25 വര്‍ഷം കഴിഞ്ഞിരുന്നു. അതിനാല്‍ പരിണിതപ്രജ്ഞനായ ഒരു ഭരണാധികാരിയായിരുന്നു അന്ന് അദ്ദേഹം. വെറുതെ ദിവാന്റെ താളത്തിനു തുളളുന്ന ബാലനായിരുന്നില്ല. അതിനാല്‍ അദ്ദേഹത്തിന്റെ കൂടി അഭിപ്രായത്തിലാണ് രാമകൃഷ്ണ പിളളയെ നാടുകടത്തിയത് എന്നു വ്യക്തമാണ്.

രാമകൃഷ്ണപിള്ളയെ നാടുകടത്തിക്കൊണ്ടുള്ള കല്‍പ്പനയ്ക്ക് രാജാവ് ഒപ്പുവച്ചതിന്റെ അര്‍ത്ഥം രാമകൃഷ്ണപിള്ള തന്റെ പത്രത്തില്‍ എഴുതിയത് കളവാണെന്ന് രാജാവ് സാക്ഷ്യപ്പെടുത്തുന്നുവെന്നല്ലേ? രാജഗോപാലാചാരി സദാചാരവിഷയത്തില്‍ തെറ്റുചെയ്തുവെന്ന് രാമകൃഷ്ണപിള്ള പത്രത്തില്‍ എഴുതി. അതിനു മറുപടിയെഴുതാന്‍ രാജാവിന് പത്രം ഇല്ലാത്തതിനാല്‍ രാജാവിന്റെ ആയുധമായ ശിക്ഷ രാജാവു വിധിച്ചു. രാജഗോപാലാചാരി തെറ്റുകാരനാണെന്ന് ഉത്തമബോധ്യമുണ്ടെങ്കില്‍ രാമകൃഷ്ണപിള്ളയെ ശിക്ഷിക്കുകയില്ലല്ലോ. ഇന്ന് നാം ആരെ വിശ്വസിക്കണം? രാമകൃഷ്ണപിള്ളയെയോ അതോ മൂലംതിരുനാള്‍ രാജാവിനെയോ? മൂലംതിരുനാള്‍ രാജാവു പറയുന്നു രാജഗോപാലാചാരി കുറ്റക്കാരനല്ല, അനാവശ്യമായും കളവായും അയാളില്‍ കുറ്റം ആരോപിച്ച രാമകൃഷ്ണപിള്ളയാണ് കുറ്റക്കാരന്‍; അതിനാല്‍ അയാളെ ശിക്ഷിക്കുന്നു എന്ന്. അതിനെ അവഗണിച്ചുകൊണ്ട് ഇന്നു നാം പ്രത്യേക തെളിവൊന്നുമില്ലാതെതന്നെ തന്റെ പത്രത്തില്‍ എഴുതിയതിനെ വിശ്വസിച്ചുകൊണ്ട് അതിന്റെയടിസ്ഥാനത്തില്‍ രാമകൃഷ്ണപിള്ളയെ ആദരിക്കണമോ? രാജഗോപാലാചാരി ദിവാനായി വന്നത് 1907 ലാണ്. 1095 ലാണ് കുറിയേടത്ത് താത്രി സംഭവം നടന്നത്. കേരളത്തിലെ പരിശുദ്ധരായ മലയാളി ബ്രാഹ്മണരാണ് അതിലെ പ്രതികള്‍. ഒരാളല്ല, സ്വന്തം പിതാവും സഹോദരനുമുള്‍പ്പെടെ അറുപത്തിയഞ്ചു ഭൂസുരന്മാര്‍. അത് വെറും ഒറ്റപ്പെട്ട സംഭവമല്ല. നാട്ടിലെ സാധാരണ പതിവാണ്. അതുകൊണ്ടാണ് അതു കൈകാര്യം ചെയ്യുവാന്‍ പ്രത്യേക നിയമവും സംവിധാനവും സ്ഥിരമായി ഉണ്ടായിരുന്നത്. അതാണ് കഴിഞ്ഞ നൂറ്റാണ്ടിലെ കേരളത്തിലെ സന്മാര്‍ഗ്ഗബോധം. ആയിരം വര്‍ഷം, നായര്‍ സ്ത്രീകള്‍ക്കു വിവാഹം പാടില്ല, വ്യഭിചാരമേ പാടുള്ളൂവെന്ന മനുഷ്യത്വരഹിതവും യുക്തിരഹിതവും നീതിരഹിതവുമായ നിയമം നടപ്പിലിരുന്ന നാടാണിത്. ടിപ്പു സുല്‍ത്താന്റെ 1788 ലെ കോഴിക്കോടു വിളംബരം നോക്കുക. 1925 ലാണ് തിരുവിതാംകൂര്‍ നായര്‍ റഗുലേഷന്‍ ആക്ട് വന്നത്. താത്രിയെ പടിയടച്ചു പിണ്ഡം വച്ചു സമുദായ ഭ്രഷ്ടു കല്‍പ്പിച്ച ആ അറുപത്തിയഞ്ചുപേരെ എന്തുചെയ്തു?

29 1915 ല്‍ ടി. കെ. മാധവന്‍ ദേശാഭിമാനി പത്രം തുടങ്ങിയപ്പോള്‍ അന്ന് തിരുവിതാംകൂറിലെ ദിവാന്‍ സ്ഥാനത്ത് നിന്നും പിരിഞ്ഞു പോയിരുന്ന രാജഗോപാലാചാരി ആ പത്രത്തിന് ആശംസകള്‍ നേര്‍ന്ന് കൊണ്ട് എഴുതി:' 'ദേശാഭിമാനി തിരുവിതാം കൂറിലെ താഴ്ത്തപ്പെട്ട വര്‍ഗ്ഗക്കാരുടെ നന്മയെ ഉദ്ദേശിച്ച് നടത്തപ്പെടുന്ന ഒരു പത്രമായിരിക്കു മെന്ന് കാണുന്നതിനാല്‍ അതിന്റെ നേരെ എനിക്ക് അനുകമ്പയാണു ളളത്. ന്യായമായ സങ്കടങ്ങളുടെ പരിഹാരത്തിന് പ്രസംഗത്തിലും പ്രവൃത്തിയി ലുമുളള മിതശീലത്തേക്കാള്‍ ഉപരിയായി മറ്റൊന്നില്ലെന്നുളള വസ്തുത ദയവു ചെയ്ത് വിസ്മരിക്കരുത്. നിങ്ങളുടെ പത്രം എല്ലായ്‌പ്പോഴും മിതഭാഷിയായി രിയ്ക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു....'20അന്ന് രാജഗോപാലാചാരി മദ്രാസ് ഗവര്‍ണരുടെ എക്‌സിക്യൂട്ടീവ് കൗണ്‍സിലില്‍ അംഗമായിരുന്നു. തിരുവിതാം കൂറിലെ മറ്റൊരു പത്രം വാരിയെറിഞ്ഞ ചെളി അദ്ദേഹം അപ്പോഴും അനുസ്മരിച്ചു. ഒപ്പം പിന്നോക്കജാതിക്കാ രോടും അയിത്തജാതിക്കാരോടുമുള്ള അദ്ദേഹത്തിന്റെ സ്‌നേഹവും സഹതാപവും വ്യക്തമാക്കുകയും ചെയ്യുന്നു. 

30 അതിലേറെ പ്രധാനപ്പെട്ട മറ്റൊരു കാര്യം ടി. കെ. മാധവന്‍ ഒരു പത്രം തുടങ്ങാന്‍ പോയപ്പോള്‍ എന്തിന് രാജഗോപാലാചാരിയുടെ അനുഗ്രഹാ ശിസുകള്‍ തേടി? ടി. കെ മാധവന്‍ ആവശ്യപ്പെട്ടിട്ടാണ് അദ്ദേഹം അത് എഴുതിയത്. വിഷയലമ്പടനും അധികാര ദുര്‍വൃത്തനും രാമകൃഷ്ണ പിളളയെ നാടുകടത്തിയവനും എന്ന നിലയ്ക്ക് തിരുവിതാം കൂറിലെ ജനങ്ങളുടെ പരിഹാസത്തിനും വെറുപ്പിനും പാത്രമായ ഒരു വ്യക്തിയുടെ ആശംസ ആ പുതിയ പത്രത്തിന് ഒരു ഭൂഷണമാണോ. ആളുകളുടെ ഇടയില്‍ കൂടുതല്‍ പ്രചാരം വേണമെന്നാണല്ലോ എല്ലാ പത്രങ്ങളുടെയും ആഗ്രഹം. അപ്പോള്‍ ജനങ്ങളുടെ പൊതു വികാരത്തിന് വിരുദ്ധമായി പത്രം ഒന്നും ചെയ്കയില്ലല്ലോ. 1915 കാലഘട്ടത്തില്‍ തിരുവിതാംകൂറിലെ ജനങ്ങളുടെ പൊതുവികാരം രാജഗോപാലാചാരിക്ക് അനുകൂലമായിരുന്നു എന്നാണ് ടി. കെ. മാധവന്‍ തന്റെ പത്രത്തിന് ആശംസ അഭ്യര്‍ത്ഥിച്ചതില്‍ നിന്നും മനസ്സിലാക്കാവുന്നത്. നാടുകടത്തപ്പെട്ട രാമകൃഷ്ണ പിളള കണ്ണൂരില്‍ ദുഖിതനായി കഴിയുന്ന കാലത്ത് അദ്ദേഹം അര്‍ഹിച്ചത് ലഭിച്ചു എന്ന വികാരമാണ് തിരുവിതാംകൂറിലെ ജനങ്ങള്‍ക്ക് പൊതുവേ ഉണ്ടായിരുന്നത് എന്ന് വ്യക്തമാണ്. ഒരുപക്ഷെ അയാളുടെ ബന്ധു ക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അത് വിമ്മിഷ്ടമുണ്ടാക്കിയിരിക്കാം. പക്ഷെ അദ്ദേഹവും അദ്ദേഹത്തോടു ബന്ധപ്പെട്ട ഒന്നുരണ്ടു പേരും ചില പുസ്തകങ്ങള്‍ രചിച്ചു. അതിലൂടെ രാജഗോപാലാചാരി ചെയ്തത് അനീതിയും രാമകൃഷ്ണപിളള ആ അനീതിക്കെതിരെ പൊരുതിയ യോദ്ധാവും എന്ന ഒരു ചിത്രം രചിച്ചു. ഇന്ന് ഏതാനും നിക്ഷിപ്ത താല്‍പര്യക്കാര്‍ അതുപയോഗിച്ചു ചരിത്രത്തെ വളച്ചൊടിക്കുന്നു. രാജഗോപാലാചാരി യേയും അദ്ദേഹത്തിന്റെ ഭരണത്തെപ്പറ്റിയും ആരും ഗ്രന്ഥങ്ങള്‍ രചിച്ചിട്ടില്ല. സി.കെ. കേശവന്റെയും ടി.കെ. മാധവന്റെവും പരാമര്‍ശങ്ങള്‍ മാത്രം.

31 ദേശാഭിമാനി പത്രം തുടങ്ങിയത്, ആദ്യ ലക്കം പുറത്തിറങ്ങിയത് മലയാള വര്‍ഷം 1090 മേടം 4-ാം തീയതിയാണ്. അതായത് 1915 ഏപ്രില്‍ 20 ാം തീയതി. കെ. രാമകൃഷ്ണപിളള അന്തരിച്ചത് 1916 മാര്‍ച്ച് 28 -ാം തീയതി. ടി. കെ. മാധവന്‍ ദേശാഭിമാനി പത്രം തുടങ്ങുന്ന കാലത്ത് അദ്ദേഹം കണ്ണൂര്‍ ഉണ്ടായിരുന്നു. കാറല്‍മാര്‍ക്‌സ്, ബഞ്ചമിന്‍ ഫ്രാങ്ക്‌ളിന്‍, വൃത്താന്ത പത്രപ്രവര്‍ത്തനം തുടങ്ങിയ ഗ്രന്ഥങ്ങള്‍ അദ്ദേഹം രചിച്ചത് ആ കാലത്താണ്. അന്ന് ഗ്രന്ഥരചന നടത്തുകയും ലേഖനങ്ങള്‍ എഴുതുകയും മറ്റും ചെയ്യുന്നവര്‍ മലയാളത്തില്‍ വിരളമാണ്. വിരലിലെണ്ണാവുന്നവര്‍ പോലുമില്ല. എങ്കിലും അദ്ദേഹത്തിന്റെ ഒരു ആശംസകള്‍ ദേശാഭിമാനി  ക്കുവേണ്ടി ആവശ്യപ്പെടാന്‍ ടി.കെ. മാധവന്‍ തയ്യാറായില്ല. ഒരു പുതിയ പത്രം തുടങ്ങുമ്പോള്‍ പൊതുവേ ബഹുജനങ്ങള്‍ ആദരിക്കുന്ന ആളുകളുടെ ആശംസകള്‍ ആ പത്രത്തിനുണ്ടായിരിക്കു ന്നത് പത്രത്തിന്റ പ്രചാരം വര്‍ദ്ധിക്കാന്‍ ഉപകരിക്കും എന്ന് എല്ലാ പത്രാധിപന്‍മാര്‍ക്കും അറിയാം. അവര്‍ അതിനു വേണ്ടി ശ്രമിക്കാറുമുണ്ട്. എന്നാല്‍ ടി.കെ. മാധവന്‍ കെ. രാമകൃഷ്ണപിളളയെ മാത്രം മറന്നു കളഞ്ഞു. അതേ സമയം ..... വലിയകോയിത്തമ്പുരാന്‍, ജൂനിയര്‍ മഹാറാണി, സര്‍. സി. ശങ്കരന്‍ നായര്‍, ആനിബസന്റ്, സദാശിവ അയ്യര്‍, സര്‍.പി. രാജഗോപാലാചാരി, പി.സി. ഗോവിന്ദന്‍ മുതലായ കേരളീയരും അല്ലാത്തവരുമായ മഹാന്‍മാര്‍ക്കെല്ലാം ആരംഭം മുതലേ പത്രം അയച്ചു കൊടുക്കുകയും അവരുടെ അനുഗ്രഹങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്യ്തിരുന്നു.21 ആ കൂട്ടത്തിലെങ്ങും രാമകൃഷ്ണപിളളയുടെ പേരില്ല. പി. രാജഗോലാചാരി യുടെ പേര് ഉണ്ട് താനും. അതു മറന്നുപോയതുമല്ല. രാജഗോപാലാചാരി യെ ഓര്‍ക്കുന്നയാള്‍ രാമകൃഷ്ണപിള്ളയെ മറക്കുമോ? രാജഗോപാലാ ചാരി അന്ന് തിരുവിതാംകൂറിലില്ല. 1914 ല്‍ തന്നെ അദ്ദേഹം തിരുവിതാംകൂറിലെ ദിവാന്‍ ഉദ്യോഗം ഒഴിഞ്ഞ് മദ്രാസ് ഗവര്‍ണറിന്റെ സര്‍വ്വീസില്‍ ചേരുകയും ഊട്ടിയില്‍ ജോലി ലഭിക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തിന് മലയാളം അറിഞ്ഞു കൂടായിരുന്നു. ഇവിടെ ദിവാനാ യിരുന്ന കാലത്ത് സി.വി. രാമന്‍പിളളയാണ് ഇവിടുത്തെ കാര്യങ്ങള്‍ ഇംഗ്ലീഷില്‍ അദ്ദേഹത്തിന് പറഞ്ഞുകൊടുത്തു കൊണ്ടിരു ന്നത്. എന്നിട്ടും ആ വിദേശിയുടെ, അന്യഭാഷക്കാരന്റെ ആശംസ പ്രധാനപ്പെട്ടതായി ടി.കെ. മാധവനെപ്പോലെ ഒരു ഈഴവ സമുദായ നേതാവ് കണക്കാക്കു കയും രാമകൃഷ്ണപിളളയെ തഴയുകയും ചെയ്തു. ടി.കെ.മാധവന്‍ അന്ന് വെറും പത്രപ്രവര്‍ത്തകനായിരുന്നില്ല. എസ്.എന്‍.ഡി.പി യോഗത്തിന്റെ സംഘടനാ സെക്രട്ടറി കൂടിയായിരുന്നു. അതിനാല്‍ അദ്ദേഹത്തിന് ബഹുജനങ്ങളുടെ വികാരങ്ങള്‍ നേരിട്ടറിയാമായിരുന്നു. അദ്ദേഹത്തിലൂടെ പ്രതിഫലിച്ചത് ജനവികാരമായിരുന്നു. കെ.രാമകൃഷ്ണപിള്ളയെ അവഗണിക്കുകയും പി.രാജഗോപാലാചാരിയെ അംഗീകരിക്കുകയും ചെയ്യുന്ന ജനവികാരം ടി.കെ.മാധവനും അറിഞ്ഞിരുന്നു. അന്ന് രാമകൃഷ്ണപിളള മലയാള പത്ര പ്രവര്‍ത്തനത്തിന്റെ പിതാവും മാതാവും ഒന്നുമായിരുന്നില്ല. ഒരു നല്ലപത്രത്തെ മഞ്ഞപത്രമാക്കി മാറ്റി, ആ മഞ്ഞപത്രത്തിന്റെ പത്രാധിപരായി ജോലി നോക്കി ശിക്ഷവാങ്ങിയ ആള്‍ മാത്രം. മഞ്ഞ പത്രക്കാര്‍ പലപ്പോഴും ജനങ്ങളുടെ മര്‍ദ്ദനം ഏല്‍ക്കാറുണ്ട്. രാമകൃഷ്ണപിളളയെ തല്ലാന്‍ അന്ന് ദലിതര്‍ക്ക് കഴിവില്ലായിരുന്നു. അതുകൊണ്ട് മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്നില്ല എന്നു മാത്രം. ഒരു പത്ര പ്രവര്‍ത്തകനും പത്രപ്രവര്‍ത്തനത്തിന്റെ പേരില്‍ രക്തസാക്ഷിത്വം വഹിച്ച ആളുമായ രാമകൃഷ്ണപിളളയെ തഴയുകയും, അദ്ദേഹത്തെ പത്ര പ്രവര്‍ത്തനത്തിന്റെ പേരില്‍ തന്നെ നാടുകടത്തിയ രാജഗോപാലാചാരിയെ പരിഗണിക്കുകയും ചെയ്തപ്പോള്‍ തിരുവിതാംകൂ റിലെ ഈഴവരുടെ ഇടയിലെങ്കിലും രാമകൃഷ്ണപിളളയ്ക്ക് ഒരു മതിപ്പും ഉണ്ടായിരുന്നില്ല എന്നും, രാജഗോപാലാചാ രിയെപ്പറ്റി അദ്ദേഹം പിരിഞ്ഞു പോയതിന് ശേഷവും നല്ല മതിപ്പായിരുന്നു എന്നും വ്യക്തമാണല്ലോ. അതാണല്ലോ സി. കേശവനും പറഞ്ഞത്. അതിനാല്‍ രാമകൃഷ്ണപിളള അന്ന് ഒരു ബഹുജനാംഗീകാരമുളള വ്യക്തിത്വത്തിന്റെ ഉടമയായിരു ന്നില്ല. ഏതാനും സ്വന്തക്കാരുടെ ഇടയില്‍ മാത്രം അംഗീകരിക്കപ്പെട്ടി രുന്നു എന്ന് വ്യക്തമാണല്ലോ. നായരുടെ ആഢ്യത്വത്തിന്റെ നിലനില്‍പ്പിനു വേണ്ടി ദലിതരേയും പിന്നോക്കക്കാരേയും ബലിയാടാ ക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്ന ഒരു തനി നായര്‍. ഭരണം നടത്തിക്കൊ ണ്ടിരുന്ന ദിവാനുമായി ഏറ്റുമുട്ടി നാടുകടത്തല്‍ സ്വയം ഏറ്റുവാങ്ങിയ ഒരു മഞ്ഞ പത്രക്കാരന്‍ എന്നതിനപ്പുറം രാമകൃഷ്ണപിളളയെ അന്ന് ആരും പരിഗണിച്ചിരുന്നില്ല. അദ്ദേഹവും അദ്ദേഹത്തിന്റെ ഭാര്യയും മകളും ചില ഗ്രന്ഥങ്ങള്‍ അദ്ദേഹത്തെപ്പറ്റി അന്നു എഴുതിയതുകൊണ്ട് ആ കഥ നിലനിന്നു. അതെല്ലാം അദ്ദേഹത്തിന്റെ നിലപാടിനെ സാധൂകരിക്കുന്നതു മായിരുന്നു. രാജഗോപാലാചാരിയ്ക്ക് പറയാനുളളത് ആരും പറഞ്ഞില്ല. അതിനാല്‍ രാമകൃഷ്ണപിളളയെപ്പറ്റി ഇന്നും നമുക്കു ലഭിച്ചിരിക്കുന്ന തെല്ലാം ഏകപക്ഷീയമാണ്. അതിന്റെ അടിസ്ഥാനത്തില്‍ മാത്രം ഒരു നിഗമനത്തില്‍ എത്തിച്ചേരുന്നത് യുക്തമല്ല. പക്ഷെ ഇന്നത്തെ സര്‍ക്കാരും പ്രതിപക്ഷവും പ്രസ്തുത ഏകപക്ഷീയമായ നിഗമനത്തി ലൂടെ മുന്നോട്ടു പോകുന്നത് പ്രതിഷേ ധാര്‍ഹമാണ്. പ്രത്യേകിച്ചും ജനങ്ങളിലെ ഒരു നല്ല വിഭാഗത്തിന്റെ വികാരങ്ങളെ മാനിക്കാതെയുള്ള ഈ എടുത്തു ചാട്ടം ഒരു ജനാധിപത്യ സര്‍ക്കാരിന് ഒട്ടും യോചിച്ചതുമല്ല.

32 രാമകൃഷ്ണപിളള കണ്ണൂരില്‍ താമസിക്കുമ്പോള്‍ എഴുതിയ ആചാര്യാ ചാരം എന്ന ഗ്രന്ഥം ഉപസംഹരിക്കുന്നത് ഇപ്രകാരമാണ്. '...തങ്ങളുടെ മേല്‍ പതിച്ചിരിക്കുന്ന ഈ പിശാചുബാധയെ (രാജഗോപാലാചാരിയെ) മന്ത്രജപത്താല്‍ ഉച്ഛാടനം ചെയ്യുന്നതിന് കഴിവില്ലാത്ത വിധത്തില്‍ തിരുവിതാംകൂറുകാരുടെ നാവിനെ മി. ആചാര്യന്‍ അരിഞ്ഞ് വിട്ടിരിക്കുന്നതായി കാണുന്ന സ്ഥിതിക്ക് അവര്‍ക്ക് സഹായകമായി ദൈവസഹായമൊഴികെ മറ്റെന്തുളളൂ?' രാമകൃഷ്ണ പിളളയുടെ എഴുത്തുകൊണ്ട് ഒരു വിശേഷവുമില്ല എന്ന് അദ്ദേഹം തന്നെ തുറന്നു സമ്മതിക്കുന്നു. രാജഗോപാലാചാരിയെപ്പറ്റി ജനങ്ങളുടെ ഇടയിലെ നല്ല അഭിപ്രായം മാറുന്നതിന് ദൈവം തന്നെ ശ്രമിക്കണം, തന്റെ ശ്രമം പരാജയപ്പെട്ടു. മാവേലിയുടെ നല്ല ഭരണം ഇല്ലാതാക്കുവാന്‍ ഈശ്വരന്‍ വാമനനായി ജനിച്ചതുപോലെ. 1914 ല്‍ അദ്ദേഹം ജോലി രാജിവച്ചു പോയിട്ടും ആ നല്ല അഭിപ്രായം ജനങ്ങളില്‍ തങ്ങി നില്‍ക്കുന്നു. അത് രാമകൃഷ്ണപിള്ളയ്ക്ക് ദഹിക്കുന്നില്ല.

33 സ്വദേശാഭിമാനിയിലെ രാമകൃഷ്ണപിളളയുടെ മുഖപ്രസംഗ ങ്ങള്‍ വായിച്ചാല്‍ രാമകൃഷ്ണപിളളയോളം സദാചാര വ്യഗ്രനായ ഒരു വ്യക്തി വേറെ ഇല്ലെന്നു തോന്നാം. എന്നാല്‍ അദ്ദേഹം 1902 സെപ്തം ബര്‍ അവസാനം കേരള പത്രിക എന്ന വാരികയില്‍ എഴുതിയ ഒരു ലേഖനത്തിന്റെ ഭാഗം ഉദ്ധരിച്ചുകൊണ്ട് മി. ചെറായി രാമദാസ് എഴുതിയിരിക്കുന്നത് ഇവിടെ ഉദ്ധരിക്കുന്നത് സംഗതമായിരിക്കും. 

രാമകൃഷ്ണപിളളയുടെ ലേഖന ഭാഗം തിരുവിതാംകൂര്‍ മഹാരാജാവ് തിരുമനസ്സ് കൊണ്ട് കല്പിച്ച് ഏര്‍പ്പെടുത്തേണ്ട ഒരു സാമുദായിക പരിഷ്‌ക്കരം'എന്നാണ് ലേഖനത്തിന്റെ തലക്കെട്ട്. തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തിന്റെ എഴുന്നളള ത്തില്‍ വിളക്കെടുത്ത് അനുഗമിക്കുന്ന നായര്‍ സ്ത്രീകളുടെ അരയ്ക്കുമേല്‍ നഗ്‌നമായിരിക്കണം എന്ന ചട്ടത്തെപ്പറ്റി പറയുന്നു അതേപ്പറ്റി ഞാന്‍ മുമ്പു പരാമര്‍ശിച്ചതാണ്. 

'സ്ര്തീകള്‍ മതിലകത്ത് ശ്രീവേലിപ്പുരയില്‍ വച്ച് വിളക്കെടുത്ത് നടക്കുമ്പോഴെല്ലാം മാറിടം മറയ്ക്കാതെ നടന്നുകൊളളട്ടെ എന്നു വയ്ക്കാം. എന്തെന്നാല്‍ മതിലകത്ത് ദൈവഭക്തിയില്‍ മുഴുകിയവരായി ഹിന്ദു മതത്തെ അനുസരിക്കുന്ന ഏതാനും ജാതിക്കാര്‍ മാത്രമേ (സവര്‍ണ്ണര്‍ മാത്രമേ) കടക്കുന്നുളളൂ എന്ന സമാധാനമുണ്ട്. എന്നിരുന്നാലും വേട്ട, ആറാട്ട് എന്നീ അവസരങ്ങ ളില്‍ പടിഞ്ഞാറെ നട മുതല്‍ വളരെദൂരം ഇരുവശത്തും തിങ്ങി നില്‍ക്കുന്ന അനേകായിരം ജനങ്ങളുടെ, വിശേഷിച്ചു ഹീനജാതി ക്കാരെന്നു ഗണിക്കപ്പെട്ടു വരുന്ന ചാന്നാന്‍മാര്‍, ഈഴവര്‍, മുഹമ്മദീയര്‍, പുലയര്‍, പറയര്‍ മുതലായവരുടെ മുമ്പില്‍ക്കൂടി കാട്ടാള നാരികളെപ്പോലെ അര്‍ദ്ധനഗ്‌നകളായി പോകുന്നതില്‍, സഭായോഗ്യമായ മര്യാദയെപ്പറ്റി അധികം നിഷ്‌ക്കര്‍ഷയുളളയൂറോപ്യന്‍മാര്‍ക്ക്, അവരുടെ പരിഷ്‌ക്കാരത്തെ സംസര്‍ഗ്ഗ പ്രവൃത്തിയാല്‍ അനുസരിക്കുന്ന മലയാളികള്‍ക്ക് നീരസവും വ്യസനവുമല്ലാതെ ഇഷ്ടം തോന്നുമെന്ന് ഞങ്ങള്‍ വിചാരിക്കു ന്നില്ല ...'22

അവര്‍ണ്ണരെ മാറ് കാണിച്ചാല്‍ അവള്‍ കാട്ടാളനാരി. സവര്‍ണ്ണരെ മാറു കാണിച്ചാല്‍ അവള്‍ ദേവനാരി.

നായന്‍മാരും ബ്രാഹ്മണരും മാത്രമുളള മതിലകത്ത് നായര്‍ സ്ത്രീകള്‍ നഗ്‌നമാറുകളായി നടക്കുന്നത് ഉചിതം. മതിലകത്തിന് പുറത്ത് ഹീനജാതിക്കാരായ എല്ലാവരും ഉളളിടത്ത് നായര്‍ സ്ത്രീകള്‍ നഗ്‌നമാറുകളുമായി നടക്കാന്‍ പാടില്ല. അവിടെ അവര്‍ണ്ണസ്ത്രീകള്‍ നഗ്‌നമാറുകളുമായിട്ടാണ് അപ്പോഴും നടന്നുകൊണ്ടിരുന്നത്. അന്നിവിടെ ഈഴവ സ്ത്രീകള്‍ പോലും മാറു മറയ്ക്കാന്‍ തുടങ്ങിയിട്ടേയുളളൂ. വിദ്യാഭ്യാസം സിദ്ധിച്ചവരും പരിഷ്‌ക്കാരികളുമായ യുവതികള്‍ മാത്രം മാറ് മറയ്ക്കുന്നു. അല്ലാത്തവര്‍ മറയ്ക്കാത്ത മാറുകളുമായി നടക്കുന്നു. അവരെല്ലാം കാട്ടാള നാരികളാണുപോലും. പുലയര്‍ പോത്തുകളും അവര്‍ണ്ണര്‍ കാട്ടാള നാരികളും.

1822 ല്‍ ചാന്നാര്‍സ്ത്രീകള്‍ മാറ്മറയ്ക്കാന്‍ പ്രക്ഷോഭണം ആരംഭിക്കുക യും രാമകൃഷ്ണപിളളയുടെ മുന്‍ഗാമികളുടെ നിര്‍ദ്ദാക്ഷിണ്യമായ എതിര്‍പ്പുണ്ടായിട്ടും 1859 ല്‍ അത് പരിപൂര്‍ണ്ണ വിജയത്തില്‍ എത്തിക്കാന്‍ കഴിയുകയും ചെയ്തു. അതിന് 43 വര്‍ഷം കഴിഞ്ഞാണ് രാമകൃഷ്ണപിളള ഈ ലേഖനം എഴുതുന്നത് എന്ന് സ്മരിക്കണം. കോട്ടയ്ക്കകത്തും നായര്‍ സ്ത്രീകള്‍ മാറുമറച്ചു നടക്കണമെന്നു പറയാനുളള ആത്മധൈര്യമില്ലാത്ത രാമകൃഷ്ണപിളള യാണ് ദിവാന്റെ സദാചാര ബോധത്തെ ചോദ്യം ചെയ്യുന്നത്. നാലു പതിറ്റാണ്ടിനുമുമ്പ് നാടാര്‍ സ്ത്രീകള്‍ കാട്ടിയ സദാചാരബോധം പോലുമില്ലാത്ത രാമകൃഷ്ണപിള്ള, ചെകുത്താന്‍ വേദമോതുന്നതു പോലെ എഴുതിവിടുന്ന ലേഖനങ്ങളാണ് സ്വദേശാഭിമാനിയില്‍ ഉണ്ടായിരുന്നത്. അതാണ് ഇന്ന് ഇവിടുത്തെ പത്രപ്രവര്‍ത്തനത്തിന്റെ മാതൃകയായി ചിലര്‍ ചൂണ്ടിക്കാണി ക്കുന്നത്. രാമകൃഷ്ണപിള്ളയെ മലയാള പത്രപ്രവര്‍ത്തനത്തിന്റെ മാതൃക എന്ന് ആരോപിക്കുമ്പോള്‍ അര്‍ത്ഥമാക്കുന്നത് അതാണല്ലോ? രാജഗോപാലാ ചാരിക്ക് രാമകൃഷ്ണപിള്ള ആരോപിക്കുന്നതുപോലെ 'ഘോഷസ്ത്രീക്കായി സംവരണം ചെയ്തിരിക്കുന്ന ഇരിപ്പിടങ്ങളില്‍ ചെന്നിരിക്കുന്നതിനേക്കാള്‍ എത്രയോ സൗകര്യമാണ് ഒരു ബ്രാഹ്മണനെന്ന നിലയില്‍' മതിലകത്തെ ശീവേലിപ്പുരയില്‍ സ്ത്രീകള്‍ നഗ്ന മാറുകളായി നടക്കുമ്പോള്‍ അവിടെ ചെന്നാല്‍ സ്ത്രീസാമീപ്യംഎന്ന തന്റെ ആഗ്രഹം സാധിക്കാമായിരുന്നു. അതിനെപ്പറ്റി ഒന്നും രാമകൃഷ്ണപിള്ള പറയുന്നില്ല. അപ്പോള്‍ രാമകൃഷ്ണപിളളയ്ക്ക് ദിവാന്റെ മേല്‍ കുറച്ചു കുറ്റം ആരോപിക്കണം എന്നതില്‍ കവിഞ്ഞ ലക്ഷ്യമൊന്നും സാധിക്കാനുണ്ടായിരുന്നില്ല.

34 അതാണ് രാമകൃഷ്ണപിളളയുടെ ജാതി ചിന്തയും സന്മാര്‍ഗ്ഗവും. രാമകൃഷ്ണപിളള ഒരിക്കലും മനുഷ്യനെ മനുഷ്യനായി കണ്ടിരുന്നില്ല. ബ്രാഹ്മണരും നായരും ഈഴവരും പുലയരും മറ്റുമായിട്ടാണ് കണ്ടിരുന്നത്. കാറല്‍മാര്‍ക്‌സിന്റെ ജീവിതചരിത്രം എഴുതിയതിന്റെ പേരില്‍ പുരോഗമന ചിന്താഗതിക്കാരന്‍ എന്ന് കൊട്ടിഘോഷിക്കുന്ന രാമകൃഷ്ണപിളളയുടെ യഥാര്‍ത്ഥ ചിത്രം അതാണ്. കാറല്‍മാര്‍ക്‌സിനെ പ്പറ്റി ആദ്യമായി മലയാളത്തില്‍ എഴുതി കാറല്‍മാര്‍ക്‌സിനെ മലയാളി കള്‍ക്കു പരിചയപ്പെടുത്തി ക്കൊടുത്തത് രാമകൃഷ്ണപിള്ളയാണ്. അതുകൊണ്ടായിരിക്കാം, ഒരുപക്ഷേ, കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഈ ഗതിവന്നത് എന്നുപോലും ചിന്തിക്കേണ്ടിയിരിക്കുന്നു.

കുറിപ്പുകള്‍ 

1. കുമാരന്‍,എം.കെ, കെ. ശ്രീനിവാസന്‍, കുമാരനാശാന്‍, പേജ്. 119.
2. ജെഫ്രി റോബിന്‍, നായര്‍ മേധാവിത്വത്തിന്റെ പതനം, (മലയാളം), പേജ്. 277.
3. തെങ്ങ് രോഗം അന്നും ഉണ്ടായിരുന്നു.
4. Abraham, M.V, Consise History of Travancore.
5. കുമാരന്‍,എം.കെ, കെ. ശ്രീനിവാസന്‍, കുമാരനാശാന്‍, പേജ്. 124.
6. ജെഫ്രി റോബിന്‍, നായര്‍ മേധാവിത്വത്തിന്റെ പതനം.
7. കേശവന്‍ സി, ജീവിതസമരം, പേജ്.148. 
8. ശ്രീധരമേനോന്‍. കേരളചരിത്രം, പേജ് 419.
9. കുമാരന്‍,എം.കെ, കെ. ശ്രീനിവാസന്‍, കുമാരനാശാന്‍, പേജ്. 115
10. ദളിത്ബന്ധു, വയലാര്‍ ലഹള, കാണുക
11. ദളിത്ബന്ധു, വേലുത്തമ്പി, രാജാകേശവദാസന്‍, കാണുക
12. ദളിത്ബന്ധു, വൈകുണ്ഠസ്വാമികള്‍, കാണുക
13. ദളിത്ബന്ധു, വയലാര്‍ ലഹള, കാണുക
14. ഭാസ്‌ക്കരപിള്ള കെ, സ്വദേശാഭിമാനി രാമകൃഷ്ണപിള്ള.
15. സ്വദേശാഭിമാനി, 1910 മാര്‍ച്ച് 2.
16. സ്വദേശാഭിമാനി, 1910 ആഗസ്റ്റ് 24
17. സ്വദേശാഭിമാനി.
18. സ്വദേശാഭിമാനി.
19. സ്വദേശാഭിമാനി,
20. മാധവന്‍, പി.കെ, ടി.കെ മാധവന്‍, പേജ് 161, കേരള പത്രിക. 190.
21 അതേ ഗ്രന്ഥം, പേജ് 61.
22. രാംദാസ് ചെറായി, അയ്യന്‍കാളിക്ക് ആദരവോടെ.

'രാമകൃഷ്ണപിള്ള സ്വദേശാഭിമാനിയോ?' എന്ന പുസ്തകത്തിന്റെ മൂന്നാം അധ്യായമാണ് ഇത് രണ്ടാം അദ്ധ്യായം ഇവിടെ വായിക്കുക 

നാലാം അദ്ധ്യായം ഇവിടെ വായിക്കുക