"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, സെപ്റ്റംബർ 2, ബുധനാഴ്‌ച

ദലിത് വിമോചനത്തിന് വ്യത്യസ്ത പാതയൊരുക്കിയ തത്തു അണ്ണന്‍ - പരുത്തിക്കുഴി ചന്ദ്രന്‍

ദലിത് ഹ്യൂമന്‍ റൈറ്റ്‌സ് (DHRM) ചെയര്‍മാന്‍ ആയിരിക്കെ എന്‍. എസ്. അനില്‍ കുമാര്‍ എന്ന തത്തു അണ്ണന്‍ ഓര്‍മ്മയായി. മരിക്കുമ്പോള്‍ 48 വയസ്സായി രുന്നു. ദലിതരില്‍ നവോത്ഥാന പ്രസ്ഥാനത്തിന് തുടക്കം കുറിച്ചിരുന്ന അനില്‍ കുമാറിന്റെ പെട്ടെന്നുള്ള ദേഹ വിയോഗം ഏറെ ദു:ഖകരമായ അവസ്ഥ പ്രവര്‍ത്ത കരില്‍ സൃഷ്ടിച്ചെങ്കിലും മുന്നോട്ടുള്ള പ്രയാണത്തിന് മാര്‍ഗ്ഗദര്‍ശമാവുകയാണ് അനില്‍കുമാര്‍.

ആരാധകര്‍ തത്തു അണ്ണനെന്ന് അഭിസംബോധന ചെയ്തി രുന്ന അനില്‍ കുമാര്‍ കഴിഞ്ഞ ശനിയാഴ്ച വൈകുന്നേര ത്തോടെ പെട്ടെന്നുണ്ടായ അസുഖത്തെത്തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രി യില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഇനിയം എത്രയോ വര്‍ഷങ്ങള്‍ പ്രവര്‍ത്തിക്കാന്‍ ഉണ്ടായിരുന്നപ്പോഴാണ് ഒരു ജീവിതം പൊടുന്നനെ അവസാനിച്ചത്.

മൃതദേഹം ഡി. എച്ച്. ആര്‍.എം. പ്രവര്‍ത്തകര്‍ തിങ്കളാഴ്ച രാവിലെ 10 മണിക്ക് വെങ്ങാനൂര്‍ മഹാത്മ അയ്യന്‍കാളി സ്മൃതി മണ്ഡപത്തില്‍ പൊതുദര്‍ശനത്തിനു വയ്ക്കുകയും അതിനുശേഷം തോന്നയ്ക്കല്‍ ഡി.എച്ച്.ആര്‍.എം സൗത്ത് സോണ്‍ ആഫീസിലേക്ക് കൊണ്ടു കൊണ്ടു പോവുകയും വൈകുന്നേരം അഞ്ചു മണിയോടെ ബുദ്ധമതാചാര പ്രകാരം ശവസംസ്‌ക്കാരം നടത്തുകയും ചെയ്തു. പൊതുദര്‍ശനത്തിലും ശവസം സ്‌ക്കാര ചടങ്ങുകളിലും ആയിരക്കണക്കിന് ജനങ്ങളാണ് സംബന്ധിച്ചി രുന്നത്. ദലിത് നവോത്ഥാനത്തിന് പുതിയ തലങ്ങള്‍ പ്രാവര്‍ത്തി കമാക്കുന്നതി നിടയിലാണ് അനില്‍ കുമാറിന്റെ അന്ത്യം സംഭവിച്ചത്. അത് മുന്നേറാനുള്ള ത്വാധിഷ്ഠിത പാതയായി സ്വീകരിക്കാനാണ് പ്രവര്‍ത്തകരുടെ കൂട്ടായ ആഹ്വാനവും തീരുമാനവുമെന്നറിയുന്നു. 

1968 ഏപ്രില്‍ 30 ന് നന്തന്‍കോട് സുകുമാരന്‍-തുളസി ദമ്പതികളുടെ രണ്ടാമത്തെ മകനായി നന്തന്‍കോടാണ് അനില്‍ കുമാര്‍ (തത്തു) ജാതനായത്. നന്തന്‍കോട് എല്‍. പി. സ്‌ക്കൂള്‍, കവടിയാര്‍ സാല്‍വേഷന്‍ ആര്‍മി സ്‌ക്കൂള്‍,വെങ്ങാനൂര്‍ ബോയ്‌സ് ഹൈസ്‌ക്കൂള്‍ തിരുവനന്തപുരം ഗവണ്‍മെന്റ് ആര്‍ട്‌സ് കോളേജ് എന്നിവിടങ്ങളില്‍ നിന്നും വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചശേഷം ദലിത് കള്‍ച്ചറല്‍ ഫോഴ്‌സ് (DCF) ഡോ. അംബേദ്ക്കര്‍ മെമ്മോറിയല്‍ കള്‍ച്ചറല്‍ സെന്റര്‍ (AMCC) എന്നീ പ്രസ്ഥാനങ്ങളുമായി സമരസപ്പെട്ട് പ്രവര്‍ത്തിക്കുകയായിരുന്നു. തുടര്‍ന്ന് കാന്‍ഷിറാം രൂപീകരിച്ച ബി. എസ്. പി. യിലും അതീവ താല്പര്യ പൂര്‍വ്വം മറ്റ് ബി. എസ്. പി. പ്രവര്‍ത്തകര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിരുന്നു. ഈ സന്ദര്‍ഭത്തിലാണ് സെക്രട്ടറിയേറ്റിനു മുന്നില്‍ സി. കെ. ജാനുവിന്റെ നേതൃത്വത്തില്‍ ആദിവാസികള്‍ കുടില്‍ കെട്ടി സമരം നടത്തുന്നത്. ഈ സമരത്തില്‍ തത്തുവും തന്റെ നിറസാന്നിദ്ധ്യമായി പങ്കെടുത്തിരുന്നു. 

തുടര്‍ന്ന് ഡി. എച്ച്. ആര്‍. എം. പ്രവര്‍ത്തനവുമായി മുന്നോട്ടു പോകുമ്പോഴാണ് 2009 ല്‍ സെപ്തംബറില വര്‍ക്കല കൊലക്കേസില്‍ പ്രതികളാക്കപ്പെട്ട ഡി.എച്ച്.ആര്‍.എം. പ്രവര്‍ത്തകരില്‍ അനില്‍ കുമാറിനെയും 15-ാം പ്രതിയാക്കുന്നത്. 

ചരിത്രകാരന്‍, എഴുത്തുകാരന്‍, കവി, നാടന്‍കലകളില്‍ ഗവേഷകന്‍ എന്നീ നിലകളി ലെല്ലാം അറിയപ്പെട്ടിരുന്ന അനില്‍കുമാര്‍ നല്ലൊരു ചിത്രകാരന്‍ കൂടിയായി രുന്നു. നിരവധി അയ്യന്‍കാളി ചിത്രങ്ങള്‍ വരച്ചിരുന്നു. ബി.എസ്,പി നേതാവ് കാന്‍ഷിറാം തിരുവനന്തപുരത്തു വന്നപ്പോള്‍ ഉയിരുണരൂ എന്ന കാസറ്റ് പ്രകാശനം ചെയ്തിരുന്നു. അനില്‍കുമാറാ യിരുന്നു ആ കാസറ്റ് തയ്യാറാക്കിയത്. കൂടാതെ ദലിത് കുട്ടികള്‍ക്ക് ഇംഗ്‌ളീഷ് വിദ്യാഭ്യാസം നല്‍കുന്നതിനായി വീടു തന്നെ സ്‌ക്കൂളാക്കി മാറ്റുന്ന തരത്തിലുള്ള ഹോം സ്‌ക്കൂള്‍ സമ്പ്രദായം 2012 ല്‍ രൂപ കല്പന ചെയ്തതും അനില്‍കുമാര്‍ തന്നെ. അയ്യന്‍കാളി അയിത്തജാതിക്കാരുടെ കുട്ടികള്‍ക്ക് സ്‌ക്കൂള്‍ പ്രവേശനം നിഷേധിച്ചിരുന്നപ്പോള്‍ സാധുജന പരിപാലന സംഘം ശാഖകള്‍ വിദ്യാലയങ്ങളാക്കി മാറ്റിയിരുന്ന കാര്യം സ്മരണീയമാണ്. 2014 ല്‍ നേറ്റീവ് ബുദ്ധിസ്റ്റു ട്രസ്റ്റും അനില്‍ കുമാറിന്റെ ശ്രമഫലമായി സ്ഥാപിക്കുകയുണ്ടായി.

കേരളത്തിലെ പട്ടികജാതിക്കാരുടെ ആത്യന്തിക വിമോചനമാഗ്രഹിച്ചു പ്രവര്‍ത്തിച്ച രണ്ട് മഹത് വ്യക്തികളില്‍ ഒരാളാണ് കല്ലറ സുകുമാരനും, രണ്ടാമതായി തൊട്ടടുത്തു തന്നെ അനില്‍ കുമാറും നിലയുറപ്പിക്കുന്നു. ഇവര്‍ രണ്ടുപേരുടേയും കൂടെ നിന്നവരും നിരവധിയാണ്. കേരളത്തിലെ പട്ടികജാതിക്കാരെ ഒരു രാഷ്ട്രീയ ശക്തിയാക്കാമെന്ന് തെളിയ്ച്ചിട്ടാണ് കല്ലറ സുകുമാരന്‍ കടന്നു പോയത്. എന്നാല്‍ അനില്‍ കുമാര്‍ എന്ന തത്തു ഒരു സമാന്തര സംസ്‌ക്കാരം തന്നെ സൃഷ്ടിച്ചെടുക്കുവാന്‍ ശ്രമകരമായ പ്രവര്‍ത്തനങ്ങള്‍ നടത്തി. അതിന്റെ ഫലങ്ങള്‍ കണ്ടു തുടങ്ങുമ്പോഴാ യിരുന്നു പെട്ടെന്ന് അനില്‍ കുമാറിന്റെ അന്ത്യമുണ്ടായത്. അത് അപരി ഹാര്യമായ നഷ്ടമാണെങ്കില്‍ പോലും അനില്‍ കുമാര്‍ സൃഷ്ടിച്ചെടുത്ത സംസ്‌ക്കാരത്തിന് അപചയം സംഭവിക്കാതെ നോക്കേണ്ടവര്‍ ആ സ്ഥാനത്തെത്തുന്നവരാണ്.

പട്ടികജാതിക്കാരനെ ഉയര്‍ന്ന സംസ്‌ക്കാരത്തിന്റെയും ഔന്നത്യ ബോധ ത്തിന്റേയും ഉടമയാക്കാന്‍ തത്തു ജീവിതമൊഴിയുകയായിരുന്നോ? അകാലത്തില്‍ ജീവന്‍ നഷ്ടമായില്ലായിരുന്നുവേങ്കില്‍ ദലിത് വിമോചനം തത്തുവിന്റെ കാലത്തു തന്നെ സംഭവിക്കുമായിരുന്നേനെ. അത്രയ്ക്ക് ആത്മവിശ്വാസവും ദര്‍ശനവും വച്ചു പുലര്‍ത്തിയിരുന്ന പ്രവര്‍ത്ത കനായിരുന്നു അനില്‍ കുമാര്‍. ദലിത് ജനതയുടെ മുന്നേറ്റമാഗ്രഹിച്ചു പ്രവര്‍ത്തിച്ച് അതിന്റെ ഫലം കൊയ്‌തെടുക്കുന്ന മഹാനായ കാന്‍ഷിറാം, മഹാനായ കല്ലറ സുകുമാരന്‍ എന്നിവരോടൊപ്പം അനില്‍ കുമാര്‍ എന്ന തത്തു അണ്ണനെയും വഴികാട്ടികളായി കേരള ജനത വിലയിരുത്തും.

2014 ല്‍പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഡി.എച്ച്, ആര്‍. എം., ബി.എസ്. പി. ടിക്കറ്റില്‍ ആറ്റിങ്ങലില്‍ നിന്ന് മത്സരിച്ച അനില്‍ കുമാര്‍ ഇക്കൊല്ലം ആദ്യം തന്നെ ഡി. എച്ച്. ആര്‍. എം ന്റെ ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കുകയായിരുന്നു.