"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, സെപ്റ്റംബർ 29, ചൊവ്വാഴ്ച

പുറത്താക്കുന്നതിന്റെ പാഠഭേദങ്ങള്‍

 - കണ്ണന്‍ മേലോത്ത്

പോണ്ടിച്ചേരിയിലെ ദളിത് സ്വത്വരാഷ്ട്രീയ പ്രവര്‍ത്തകനും സൈദ്ധാന്തികനുമായ രവികുമാറിനെ സംബന്ധിച്ചിടത്തേളം ആത്മകഥകള്‍ സത്യത്തിന്റെ അകമ്പടിയോടെ യെത്തുന്ന സ്വാനുഭവകല്പനകള്‍ തന്നെയാണ്. അതിയാഥാര്‍ത്ഥ്യ ങ്ങള്‍ക്ക് കടന്നുകയറാനാവാത്തവിധം നേരിന്റെ വിതാനത്തെ അതു തുറന്നുവെക്കുന്നു. അത്തരം നേരറിവുകളുടെ നീക്കിയിരിപ്പ് ആരുടെ വായനാതൃഷ്ണയെ തൃപ്തിപ്പെടുത്താനു തകുന്നുവെന്നും രവികുമാറിനെ സന്ദേഹത്തിലാക്കുന്നുണ്ട്. ദളിതുകളുടെ ആത്മകഥകള്‍ മുഖ്യധാരക്ക് സ്വീകാര്യമാവുകയും വിദേശത്തുളള യൂണിവേഴ്‌സിറ്റികളില്‍ അവ പാഠപുസ്തകമായി തെരഞ്ഞെടുക്ക പ്പെടുകയും ചെയ്തിട്ടുളള ഈ ചുറ്റുപാടില്‍ രവികുമാര്‍ മുന്നോട്ടു വെച്ചിട്ടുളള സംശയങ്ങള്‍ ചര്‍ച്ചചെയ്യപ്പെടേണ്ടതാണ്.

1992-ദളിത് പെണ്ണാള്‍ പാമ തമിഴിലെഴുതിയ തന്റെ ആത്മകഥയായ കരുക്ക് മാക്‌സ്മില്ലനിലൂടെ ഇംഗ്ലീഷില്‍ മൊഴിമാറി പുറത്തു വരുന്നതോടെയാണ് എഴുത്തിന്റെ വരേണ്യാധികാരത്തിന് ഇളക്കം തട്ടുന്നത്. കരുക്ക് പിന്നീട് ക്രോസ് വേഡ് അവാര്‍ഡ് നേടുകയും ഫ്രാന്‍സില്‍ നന്നായി വിറ്റഴിക്കപ്പെടുകയും ചെയ്തു. ലക്ഷ്മണ്‍മാനേയുടെ ഉപാര ലക്ഷ്മണ്‍ഗെയ്വകദിന്റെ ഉചല്യ തുടങ്ങിയ ആത്മകഥകള്‍ തുടര്‍ന്നുളള വര്‍ഷങ്ങളില്‍ സാഹിത്യഅക്കാദമിയിലൂടെ പുറത്തുവന്നു. പാമയുടെ കരുക്കിന് യൂറോപ്പില്‍ ലഭിച്ച വന്‍വരവേല്‍പ്പ്, നരേന്ദ്ര യാദവിന്റെ ഔട്ട്കാസ്റ്റ് ശരണ്‍കുമാര്‍ ലിംബാലെയുടെ അക്രമാശി ജോസഫ് മക്വാന്റെ അംഗിലിയായത് തുടങ്ങിയ ആത്മകഥകളുടെ പ്രസാധത്തിനു വഴിയൊരുക്കി. ഔട്ട്കാസ്റ്റ് ആദ്യം പുറത്തിറങ്ങിയത് ഫ്രഞ്ചിലാണ്. ഒരു വര്‍ഷം തികയു ന്നതിനു മുന്‍പ് 2000-ല്‍ അധികം പ്രതികള്‍ ചെലവായിപ്പോയ ആ പുസ്തകത്തിന്റെ ഇന്ത്യയിലെ വിറ്റുവരവ് 700-നും 1000-നും ഇടയില്‍ മാത്രമാണ്. പാമയുടെ അടുത്തപുസ്തകമായ സംഗതി ഇംഗ്ലീഷിലും ഫ്രഞ്ചിലും പുറത്തു വന്നതോടെ ദളിത് എഴുത്തുകള്‍ പ്രസിദ്ധീകരിക്കുന്നതിനുളള മുഖ്യധാര പ്രസാധകരുടെ താല്പര്യം യൂറോപ്പിലെമ്പാടും വര്‍ദ്ധിച്ചു വന്നു. വസന്ത് മൂണ്‍ ഒരുക്കിയ ഡോ.ബി.ആര്‍. അംബേദ്കറുടെ ജീവചരിത്രം ഗെയ്ല്‍ ഓംവെദിന്റെ മൊഴിമാറ്റത്തിലൂടെ അമേരിക്കയിലുളള റോവ്മാന്‍ ആന്റ് ലിറ്റില്‍ ഫീല്‍ഡ് പുറത്തിറക്കി. ഓംപ്രകാശ് വാല്‍മീകി ഹിന്ദിയിലെഴു തിയ ആത്മകഥ ലുഠന്‍ കല്‍ക്കത്തയിലുളള സാമ്യ ഇംഗ്ലീഷില്‍ പുറത്തിറക്കി. കന്നട ക്ലാസിക്കായ അരവിന്ദമലഗട്ടിയുടെ ആത്മകഥ ഗവണ്‍മെന്റ് ബ്രാഹ്മണന്‍ ഒറിയന്റ് ലോങ്മാനും മറാത്തിയിലെ കിഷോര്‍ സന്താബായ്കാളേയുടെ ആത്മകഥ എഗെയ്ന്‍സറ്റ് ആള്‍ ഓഡ്‌സ് പെന്‍ഗ്വിന്‍ ബുക്‌സും പ്രസിദ്ധീകരിച്ചു. പൂനയൂണിവേഴ്‌സിറ്റി നടത്തുന്ന ലിറ്ററേച്ചര്‍ ഓഫ് പ്രൊട്ടസ്റ്റ് എന്ന കോഴ്‌സില്‍ ആഫ്രിക്കന്‍ അമേരിക്കന്‍ സാഹിത്യത്തോടൊപ്പം ദളിത് സാഹിത്യവും ഉള്‍പ്പെടുത്തിയിരിക്കുന്നു. വടക്കേ അമേരിക്കയിലെ യൂണിവേഴ്‌സിറ്റികളില്‍ ദളിത് പഠനങ്ങള്‍ കൈകാര്യം ചെയ്യുന്നവരുടെ ചുവടുപിടിച്ച് ഹൈദരാബാദിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ഫോറിന്‍ ലാംഗ്വേജസ് ദലിത് പഠനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജാമിയ മില്ലിയ ഇസ്ലാമിയ യൂണിവേഴ്‌സിറ്റിയും വന്‍ പ്രാധാന്യം നല്‍കിയാണ് ദളിത് പഠനങ്ങളില്‍ കോഴ്‌സുകള്‍ നടത്തുന്നത്. ഇത്രയും കുറിച്ചത് ദളിത് പഠനമേഖലകളായ സ്വത്വരാഷ്ട്രീയത്തിലും സാഹിത്യത്തിലും പുറത്തുളള വായനക്കാര്‍ക്കും യൂണിവേഴ്‌സിറ്റികള്‍ക്കുമുളള താല്പര്യം എത്രമാത്രമുണ്ടെന്ന് കാണിക്കുവാനാണ്. എന്നാല്‍ കേരളത്തിലുളള ദളിതുകളുടെ ഇത്തരം നീക്കങ്ങളെ ആരും മൈന്‍ഡുചെയ്യുന്നില്ല. സാഹിത്യത്തിന്റെയും വിമര്‍ശനത്തിന്റെയും വിമോചക ദൗത്യത്തില്‍ ഉറച്ചു വിശ്വസിക്കുന്ന ചില ദളിതെഴുത്തുകാര്‍ അങ്ങനെ അതിയായി ആഗ്രഹിച്ചിട്ടുപോലും (നിരീക്ഷണം : വി. സി. ശ്രീജന്‍) യൂറോപ്പ്, വടക്കേ അമേരിക്ക ഇന്ത്യയിലെ ഇതരയൂണിവേഴ്‌സിറ്റികള്‍ എന്നിവിടങ്ങളില്‍ നിന്ന് ദലിത് പഠനങ്ങള്‍ക്ക് ലഭിക്കുന്ന 'മൈന്‍ഡുകള്‍' ഇവിടെ ലഭിക്കുന്നില്ല. ദലിത് പഠനങ്ങളുടെ വ്യവഹാര-വിപണന കേന്ദ്രം പുറം നാടുകളായതുകൊണ്ടല്ല. മൈന്‍ഡധികാരികള്‍ അത്തരക്കാരെ അവഗണിക്കുന്നത് ഇവിടെ ദളിതരില്ലാത്തതും അതിനെ ചുറ്റിപ്പറ്റിയുളള മൂഡവിശ്വാസങ്ങള്‍ക്ക് ഇടമില്ലാത്തതുകൊണ്ടുമാണ്. ജാതിനിര്‍മ്മിത തൊഴിലതിരുകള്‍ ഇപ്പോള്‍ മാഞ്ഞുപോയിരിക്കുന്നു. കാഞ്ചഇളയ്യയുടെ ഓസ്മാനിയ യൂണിവേഴ്‌സി റ്റിക്കു പുറത്തിരുന്ന് ചെരുപ്പ്മിനുക്കുന്ന പണിയിലേര്‍പ്പെടുന്ന നായരെ കൊണ്ടെത്തിക്കുവോളം അത് പടര്‍ന്നിരിക്കുന്നു. (നിരീക്ഷണം: ഡോ. പി.കെ. രാജശേഖരന്‍) (ആഗോളീകരണം വരുത്തിവെച്ച കെടുതികളില്‍ ഏറ്റവും ഭീകരം!) അതിനാല്‍ ഇവിടെയില്ലാത്ത ദളിതന്റെ ഏതു വ്യവഹാരത്തെയാണ് എഴുത്തധികാരികള്‍ മൈന്റുചെയ്യേണ്ടത്? അപവാദമുണ്ടെങ്കില്‍ അത്തരക്കാരെ തീര്‍ച്ചയായും മൈന്റു ചെയ്തുവിടുന്ന പാരമ്പര്യമാണ് എഴുത്തധികാരികള്‍ക്കുളളതെന്ന വിവരം മൂഡവിശ്വാസികളായ ദളിതവാദികള്‍ക്കെങ്ങാനുമറിവുണ്ടോ?

രവികുമാര്‍ പറയുന്നത് മാല്‍ക്കം എക്‌സ് എന്ന കറുത്തപോരാളിയുടെ ആത്മകഥ ആനന്ദചിത്തരായിരുന്ന് വായിച്ചു തീര്‍ക്കുവാന്‍ ഒരു വെളളക്കാരനെക്കൊണ്ടും കഴിയുകയില്ലെന്നാണ് ആലീസ് വാക്കറുടെ കളര്‍ പര്‍പ്പിളിന്റെ വായനയും അവരിലുണ്ടാക്കുന്ന അസ്വസ്ഥതയും ചില്ലറയല്ല. ഈ വായനാഗുണം/ ദോഷം പൊക്കുടന്റെ ആത്മകഥയും പകര്‍ന്നു തരുന്നതുകൊണ്ടാണോ, അത് അങ്ങേയറ്റം ആഘോഷിക്ക പ്പെടുന്നത്? ഈ പ്രശ്‌നം ചര്‍ച്ചചെയ്യുന്നതിനുമുമ്പ് മറ്റ് ദളിത് ആത്മകഥകളുടെ പേരുകളിലൂടെ ഒന്ന് കണ്ണോടിക്കുക. ഔട്ട് കാസറ്റ് (നരേന്ദ്ര യാദവ്) ലുഠന്‍ (ഓം പ്രകാശ് വാല്‍മീകി) അക്കാര്‍മശി (ശരണ്‍കുമാര്‍ ലിംബാലേ) ഗ്രോവിന്ദ് അപ് അണ്‍ടച്ചബിള്‍ ഇന്‍ ഇന്ത്യ; എ ദളിത് ഓട്ടോബയോഗ്രഫി (വസന്ത് മൂണ്‍) എഗൈന്‍സ്റ്റ് ആള്‍ ഓഡ്‌സ് (കിഷോര്‍ സന്താഭായ് കാളേ) ബീറ്റ്‌സ് ഓഫ് ബര്‍ഡന്‍ (ഇമയം) കരുക്ക് (പാമ) ഉചല്യ (ലക്ഷണ്‍ ഗെയ്വാക്ദ്) ഉപാര (ലക്ഷ്മണ്‍ മാനേ), വീരമ്മ ലൈഫ് ഓഫ് എ ദളിത് (വീരമ്മ), അംഗലിയായത് (ജോസഫ് മക്വാന്‍) തുടങ്ങിയ എല്ലാ പേരുകളും ജാതിവ്യവസ്ഥയില്‍ ദളിതന്റെ ഉളളിനും ഉടലിനുമേറ്റ മാരകമായ പരിക്കുകളെ അടയാളപ്പെടുത്തിയിട്ടുണ്ട്. അതായത് ജാതിവ്യവസ്ഥയില്‍ പുറത്താക്കപ്പെട്ടവരുടെ ഇടയില്‍ നിന്ന് വരുന്നവരാണ് അവരെന്നര്‍ത്ഥം. എന്നാല്‍ പൊക്കുടന്‍ വരുന്നതോ, കണ്ടല്‍ക്കാടുകളുടെ ഇടയില്‍ നിന്നും താഹ മാടായി എഡിറ്റു ചെയ്ത ആ പുസ്തകത്തിന്റെ പേര് കണ്ടല്‍ക്കാടുകള്‍ക്കിടയില്‍ എന്റെ ജീവിതം എന്നാണല്ലോ. ഈയൊരു ഘടകം കണക്കിലെടുത്താണ് പൊക്കുടന്റെ ആത്മകഥ അങ്ങേയറ്റം വാഴ്ത്തപ്പെട്ടത്. കണ്ടല്‍ക്കാടുകള്‍ സംരക്ഷിക്കേണ്ടുന്നതിന്റെ ആവശ്യകതയിലേക്ക് ഒരു പുസ്തകം തയ്യാറാക്കേണ്ടി വന്നപ്പോള്‍ ഒരു കണ്ടല്‍ കര്‍ഷകന്റെ ജീവിതകഥ ഒഴിവാക്കാനാവാതെ പോയതാണ്. അങ്ങനെയുളള പുസ്തകത്തില്‍ ആത്മകഥ വിവരിക്കുന്നയാളിന്റെ കര്‍ത്തൃത്വം ഭാഗികമായിരിക്കും. തന്നെയുമല്ല താഹ മാടായി പൊക്കുടനില്‍ നിന്ന് കേട്ടെഴുതിയതുമാണ്. ഒരു ദളി തന്റെ അനുഭവങ്ങള്‍ അദളിതന്‍ കേട്ടെഴുതുമ്പോള്‍ തന്നെ ദോഷകരമായി ബാധിക്കുന്ന വിവരങ്ങള്‍ മറച്ചുവെക്കാനാണ് സാധ്യത. താഹ അങ്ങനെ ചെയ്യുന്നി ല്ലെന്നു കരുതാന്‍ ഇതുവരെയുളള ദളിതനുഭവങ്ങള്‍ ഇടതരുന്നില്ല. ഒരു ലിറ്റല്‍/ കോളേജ് മാഗസിന്റെ എല്ലാ മര്യാദകളും പാലിച്ചുകൊണ്ട് എഡിറ്റു ചെയ്‌തെടുത്ത ഈ പുസ്തകത്തില്‍ 'സ്ഥിരം സംശയാലുക്കളായ ആ സുഹൃത്തുക്കള്‍ക്ക് ഞാന്‍ ദീര്‍ഘായുസ്സ് നേരുന്നു.' തുടങ്ങിയ വാക്കുകള്‍ പൊക്കുടേട്ടന്റേതല്ലെന്നുളള കണ്ടെത്തലിന് തുടര്‍ന്നുളള വായന ബലം നല്‍കുന്നുണ്ട്. കോളേജ് മാഗസിന്‍ എഡിറ്റര്‍മാര്‍ തങ്ങള്‍ക്ക് കുഴപ്പങ്ങളുണ്ടാക്കിയ എതിര്‍ യൂണിയന്‍കാരെ ഞോണ്ടുന്നതിനായി എഴുതിച്ചേര്‍ക്കുന്ന സ്ഥിരം പല്ലവിതന്നെയാണ് ഇത് ഡി.സി. ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുളള ഈ പുസ്തകത്തിന്റെ ആകെയുളള 114 പേജില്‍ പൊക്കുടന്റെ ആത്മകഥ വിവരിക്കുന്നത് 48 പേജുകളില്‍ മാത്രമാണ്. അതില്‍തന്നെ 16 എണ്ണം ഫുള്‍പേജ് ഫോട്ടോകളാണ്*. 

ദളിതന്റെ സ്വത്വമുളള ഒരു പുറത്താക്കപ്പെട്ടവനെ മികച്ചൊരു കണ്ടല്‍ കര്‍ഷകനിലേക്ക് ആത്മകഥയെ ആഘോഷമാക്കി മാറ്റിയവര്‍ അട്ടിമറിച്ചതെങ്ങനെയെന്ന് കണ്ടെത്തുക ജാഗ്രതയുള്ള വായനകൊണ്ട് എളുപ്പമാണ്. ഇതുകാണുന്ന പുറത്തുളളവര്‍ (ദളിതരും) കണ്ടല്‍ക്കാടു കള്‍ക്കിടയില്‍ നില്‍ക്കുന്ന ഒരാളുടെ സുഖസമൃദ്ധിയെ ഓര്‍ത്ത് അസൂയപ്പെട്ടാല്‍ തെറ്റുപറയാനാവില്ല. ആത്മകഥയുടെ ഉളളടക്കത്തിലേക്ക് കടന്നാലോ, പൊക്കുടന്‍ കഴിഞ്ഞുകൂടിയ നാളുകള്‍ ഇടങ്ങള്‍ എന്നിവയെക്കുറിച്ച് അറിവുതരുന്ന ചെറിയ വിവരങ്ങള്‍ അടങ്ങുന്ന ഒന്നു രണ്ടു പേജുകളേയുളളൂ. ബാക്കി ഏറേയും പുഴമീനുകളുടെ ലിസ്റ്റും കണ്ടല്‍ ചെടികള്‍ നടുന്നതിനെപ്പറ്റിയിട്ടുളള വിവരങ്ങളുമാണ്. കൊടിയ മേടുകള്‍ക്കിടയായിട്ടുളള ഒരു ദളിതനെ കണ്ടല്‍ കര്‍ഷകന്‍ മാത്രമായി അട്ടിമറിച്ചപ്പോള്‍ അരക്കിട്ട് ഉറപ്പിക്കപ്പെട്ടത് കേരളത്തില്‍ ദളിതുകളില്ലെന്നും ഇടുങ്ങിയ ചിന്താഗതിക്കാരായ ജാതിപ്പിശാചുകള്‍ മാത്രമേയുളളൂ എന്നും മറ്റുമുളള നിയോ സവര്‍ണ/ഇടതുപക്ഷ വാദത്തെയാണ്.... ഒരു ഭാഗത്ത് പൊക്കുടന്‍ പറയുന്നുണ്ടല്ലോ, ആ ഓര്‍മ്മകള്‍ തുറക്കാതിരുന്നത് ആരെയാണ് സഹായിച്ചത്? ഈ വശം കണക്കിലെടുത്തിട്ടാകും ആഘോഷിക്കാനായി പൊക്കുടന്റെ ആത്മകഥ തന്നെ തെരഞ്ഞെടുത്തത്. 

യൂറോപ്പിലേയും വടക്കേ അമേരിക്കയിലേയും സര്‍വകലാശാലകളിലേക്ക് ദളിത് ആത്മകഥകഥകള്‍ പാഠപുസ്തകങ്ങളായി തെരഞ്ഞെടുക്കുന്ന തിനുകാരണം കീഴാളരെ സംബന്ധിച്ച അവരുടെ ധാരണകളെ തിരുത്താന്‍ കെല്പുളള ദളിതനുഭവങ്ങള്‍ തുറന്നുപറയപ്പെട്ടതുകൊണ്ടാണ്. അവിടെയുമുണ്ടല്ലോ, കീഴാളര്‍. കറുത്തവരും അടിമകളും ജൂതരും വില്ലനുകളുമൊക്കെയായി വിദ്യാഭ്യാസം ചെയ്യാന്‍ അവകാശമില്ലാത്ത നല്ല പേരിടാന്‍ പാടില്ലാത്ത, കണ്ണില്‍ പെട്ടാല്‍ ദോഷമുളള തൊട്ടുതീണ്ടല്‍ പാടില്ലാത്ത കീഴാളനെ പറ്റിയെന്നും അവര്‍ക്കറിവില്ലായിരുന്നു. അത്തരം അറിവുകള്‍ അവര്‍ക്ക് കിട്ടിയത് ദളിത് ആത്മകഥകളില്‍ നിന്നുമാണ്. ഇന്ത്യയില്‍ നിന്ന് അവിടെ പ്രചരിച്ചിരുന്ന മികച്ച സാഹിത്യകൃതി കളൊന്നും ഈ ചുമതല നിറവേറ്റിയിരുന്നില്ല. അഥവാ അവകളുടെ ലക്ഷ്യം അതല്ലായിരുന്നു. ഹൈദരാബാദിലുളള സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ് ആന്റ് ഫോറിന്‍ ലാംഗ്വേജസിലെ അധ്യാപകനും ദളിത് സ്വതരാഷ്ട്രീയക്കാരനുമായ കെ. സത്യനാരായണ 2000-ല്‍ ദളിത് പാഠങ്ങളില്‍ എം. എ. കോഴ്‌സ് ആരംഭിക്കുകയുണ്ടായി. ആദ്യ ദിവസം ഒരു കുട്ടി മാത്രമാണ് ചേര്‍ന്നത്. അവസാനം ഏഴു പേര്‍ ചേര്‍ന്നു. അതില്‍ ഒരു അദളിതനേ ഉണ്ടായിരുന്നുളളൂ. അത് ബ്രാഹ്മണനല്ലായിരുന്നു. ക്രിസ്ത്യാനിയായിരുന്നു. ഈ കോഴ്‌സിന്റെ രണ്ടാം സെമസ്റ്റര്‍ നടത്തണമോ എന്ന് ആരാഞ്ഞപ്പോള്‍ ദളിതുപിള്ളേരെല്ലാവരും വേണമെന്നുവാദിച്ചു. അദളിതുപിളേളര്‍ ഒന്നിച്ചു ചേര്‍ന്നെതിര്‍ത്തു. അപ്പോഴും ഷേക്‌സ്പിയര്‍ അവിടത്തെ ഒരു നിര്‍ബന്ധിത വിഷയമായി തുടരുന്നുണ്ട്. ഈ സത്യനാരായണയുടെ 'ഒരുത്തി' എന്ന നോവല്‍ അംശന്‍ കുമാര്‍ തമിഴില്‍ സിനിമയാക്കി. ദളിത് സ്വതരാഷ്ട്രീയക്കാരനാണ് അംശന്‍ കുമാറും. അംശന്‍ കുമാര്‍ എഴുതിയ 'സിനിമാരസനൈ' എന്ന പുസ്തകം തമിഴ് നാട്ടിലെ യൂണിവേഴ്‌സിറ്റികളില്‍ പാഠവിഷയമാണ്. ഒരുത്തി 2003ലെ ഐ. എഫ്. കെയില്‍ ഉള്‍പ്പെടുത്തി തിരുവനന്തപുരത്ത് കാണിക്കുകയുണ്ടായി. അംശന്‍ കുമാറും ഒരുത്തിയിലെ നായകനെ അവതരിപ്പിച്ച നടനും കാണാനായി എത്തിയിരുന്നു. വളരെക്കുറച്ച് ആള്‍ക്കാരേ ഈ സിനിമ കാണാനായി ശ്രീ തിയേറ്ററില്‍ കയറിയിരു ന്നുളളൂ. അതും ദളിതുകള്‍. ഫെസ്റ്റിവെല്‍ ബുക്കിലൂടെയും ചില മാധ്യമങ്ങളിലൂടെയും ഒരുത്തിയുടെ കഥാസാരം വെളിപ്പെട്ടുപോയതാണ് ആളുകുറയാന്‍ കാരണമായത്. സവര്‍ണനാല്‍ വഞ്ചിക്കപ്പെട്ട ഒരു ദളിതുപെണ്ണിന്റെ ചെറുത്തുനില്‍പ്പ് കാണുവാന്‍ നിലവാരമുളള കാഴ്ചക്കാര്‍ക്ക് താല്പര്യമുണ്ടായിരുന്നില്ല. ദളിതന്റെ ആവിഷ്‌ക്കാര ങ്ങളോട് നിഷേധാത്മകസമീപനം വെച്ചുപുലര്‍ത്തുന്ന ശരാശരിയിലും ഉയര്‍ന്ന ബൗദ്ധികനിലവാരമുളള ദേശാഭിമാനികള്‍ പൊക്കുടന്റെ ആത്മകഥ മാത്രമാണ് ആര്‍ജ്ജവമുളള ഒരേയൊരു ദളിത് രചന എന്ന് സാക്ഷ്യപ്പെടുത്തുന്നതിനു പിന്നില്‍ ഏത് വര്‍ഗ്ഗതാല്പര്യമാണ് പതിയിരിക്കുന്നത്. ദളിതര്‍ക്കുമേലുളള അദളിതരുടെ ഇത്തരം പ്രവര്‍ത്തനങ്ങളെ ദയകൊണ്ടുകൊല്ലുക എന്നാണ് അംബേദ്കര്‍ വിശേഷിപ്പിക്കുന്നത്.

പൊക്കുടന്റെ കണ്ടല്‍ നടീല്‍ ആരെയാണ് സഹായിച്ചിട്ടുളളത്? കായലും കണ്ടങ്ങളും നികത്തിയവര്‍ കെട്ടിയുയര്‍ത്തിയ കൂറ്റനെടുപ്പുകള്‍ ഭൂമി താങ്ങാതെ വരുമ്പോള്‍ പൊക്കുടന്‍ നട്ട കണ്ടലുകളുടെ കരുത്തു മതിയാകുമെന്നു കണ്ടോ? അതൊ മേല്‍മണ്ണുമുഴുവന്‍ പാടം നികത്താന്‍ മാന്തിയെടുത്തശേഷം ബാക്കിയായ പാറപ്പുറങ്ങള്‍ ഒരിക്കല്‍ കടലിലേക്കൊലിച്ചുപോകുന്നത് തടയാന്‍ അവ അണക്കെട്ടുമെന്ന് കരുതിയിട്ടോ? പൊക്കുടന്റെ കണ്ടല്‍ നടീല്‍ തുണച്ചത് തന്റെ കുടുംബത്തേയും കൂട്ടരേയുമാണ്.

ഫാഷന്‍ പരിസ്ഥിതിവാദികള്‍ ചമക്കുന്ന വേഷത്തിന് ആടാന്‍ നിന്നു കൊടുത്താല്‍ പൊക്കുടനെ അസ്ഥാനപ്പെടുത്താനായി അവരൊരുക്കുന്ന കെണിയില്‍ വീഴുകയെന്നര്‍ത്ഥം. അതുകൊണ്ട് കേവല പരിസ്ഥിതി പ്രവര്‍ത്തകനില്‍ നിന്ന് ദളിതനായ പൊക്കുടനെ മാറ്റി നിര്‍ത്തുക. അപ്പോള്‍ കാണാം ശരണ്‍ കുമാര്‍ ലിംബാലേയുടെയും ഓംപ്രകാശ് വാല്‍മീകിയുടെയും അനുഭവങ്ങളിലുളള പീഡിത നാളുകളിലൂടെ പൊക്കുടനും കടന്നുവന്നിട്ടുണ്ടെന്ന്. പക്ഷെ അവരാരും ഫാഷന്‍ പരിസ്ഥിതിവാദികളുടെ കപടരാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്ക് ഹൈജാക്ക് ചെയ്യാന്‍ പാകത്തിനുളള ഒരു പണിത്തരങ്ങള്‍ക്കും വഴങ്ങിയിട്ടില്ലാത്ത തിനാല്‍ ഏറ്റെടുക്കാന്‍ ആളെകിട്ടിയില്ല. അതുകൊണ്ടുതന്നെ അവരുടെ അത്മകഥകളുടെ പാരായണം മലിനമായൊരിടത്തുവെച്ച് നടക്കാന്‍ ഇടവന്നിട്ടില്ല.

കണ്ടല്‍ക്കാടുകള്‍ക്കിടയില്‍ നിന്ന് വരാത്ത പൊക്കുടന്‍ പറയുന്നത് ഏതൊരു ദളിതന്റെയും അത്മകഥതന്നെയാണ്. അതായത് പൊക്കുടന്‍ കടന്നുപോയിട്ടുളള ജാതിനിര്‍മ്മിതമേടുകള്‍ക്ക് ഇരയായിട്ടുളളവരാണ് അവരെല്ലാം. ഇത് ആത്മകഥകളില്‍ മാത്രമല്ല, കുറിച്ചും കോറിയുമിടുന്ന വരകളിലും വരികളിലും രോഷമായി കത്തിനില്‍ക്കുന്നത് കാണാം. എം. ബി. മനോജിന്റെ ബാലപാഠത്തില്‍ പളളിക്കൂടത്തെക്കുറിച്ചുളള ഓര്‍മ്മകള്‍ നിഴലിക്കുന്നതിങ്ങനെ, കണക്കുസാറ് നട്ടെല്ലിനു തന്ന അടി കണക്കായിപ്പോയെന്ന് കൂട്ടത്തിലൊരുവന്‍, കുട്ടപ്പന്‍ ക്ലാസിലിരുന്നു തൂറിയേപ്പിന്നെ വന്നിട്ടുമില്ല. ഏതൊരു ദളിതനുമുളളത് പളളിക്കൂടം കൊടുത്തിട്ടുളളത് പേടിപ്പിക്കുന്ന ഓര്‍മ്മകളാണിന്നും. ഒ. എന്‍. വികുറുപ്പിന്റെ ഒരു ഓര്‍മ്മ/പളളിക്കൂടം പാട്ട് നോക്കുക. ഒരു വട്ടം കൂടിയെന്‍ ഓര്‍മ്മകള്‍ മേയുന്ന തിരുമുറ്റത്തെത്തുവാന്‍ മോഹം. വീണ്ടുമൊരിക്കല്‍ക്കൂടി പളളിക്കൂടത്തിലേക്ക് ചെന്നെത്താനാവാത്തവിധം കാലം കവര്‍ന്നെടുത്ത തന്റെ ബാല്യകാലത്തെയോര്‍ത്ത് വേദനിക്കുക യാണ് ഒ. എന്‍. വി കുറുപ്പ്. ഇങ്ങനെ വേദനി ക്കുന്നവര്‍ക്ക് വേണ്ടി എഴുതുന്നയാളാണ് ആനന്ദ് എന്ന് സിദ്ധിഖ് തൊടുപുഴയുടെയും (മാതൃഭൂമി ലക്കം 22) റഷീദ് കാലടിത്തറയുടെയും (മാധ്യമം ലക്കം 391) കുറിപ്പുകള്‍ വിശദമാക്കുന്നു. അതി ഹൈന്ദവരേക്കാള്‍ അപകടകാരി കളായ കപട ഇന്റലക്ച്വലുകളെ ചുമന്നു കൊണ്ടു നടക്കുക എന്നത് ഇക്കൂട്ടരുടെ ദേശപരവും കാലപരവുമായ നിയോഗമാണ്. അത് ദളിതന്റെ പ്രശ്‌നമാവുന്നതെങ്ങനെ? ആനന്ദിന്റെ നോവലു (വേദനിക്കല്‍) കളുടെയെല്ലാം സൗന്ദര്യശാസ്ത്ര അടിത്തറ ഇത്തരം വേദനകളില്‍ നിന്നാണ്. മറിച്ച് ദലിത് ആത്മകഥകളുടെ സംഘര്‍ഷാത്മകത ഓം പ്രകാശ് വാല്‍മീകിയുടെ അനുഭവങ്ങള്‍ വിവരിക്കുന്നു. ഗ്രാമത്തിലേക്ക് കടന്നുകയറിയ പോലീസ് പത്തോളം വരുന്ന ദളിതരെ ഒരു കാരണവും കൂടാതെ പിടിച്ചുകെട്ടിക്കൊണ്ടുപോയി കുഞ്ഞുകുട്ടികളും പൊണ്ണാളുകളും നോക്കിനില്‍ക്കെ പോലീസ് അവരെ പാടത്തിനു നടുക്കുനിര്‍ത്തി പൊതിരെ തല്ലി. അടികൊണ്ട് അവര്‍ മയങ്ങി വീണു. അവരുടെ ഞരക്കം കേട്ട് അരണ്ട കിളികള്‍ അടുത്തുളള മരങ്ങളില്‍ നിന്ന് ചില്ല വിട്ടു പറന്നു. അന്ന് പളളിക്കൂടത്തില്‍ സുമിത്രാനന്ദന്‍ പന്തിന്റെ ഒരു ഗ്രാമഗാനവും ഓം പ്രകാശിന് പഠിക്കാനുമുണ്ടായിരുന്നു. ഹാ, എത്ര സുന്ദരം എന്റെ ഗ്രാമം... each word of the poem had proved to be artificial and a lie. What happened that day had caused a strom inside me. Perhaps the seds of Dalit poetry were germinateing inside, preparing to sprout at the right time. It was experiences like these that had made write the poem 'Thakurka kaun' (The Thakurs Well). പൊക്കുടന്റെ കാര്യത്തിലും വ്യത്യസ്തമാവാത്ത ഇത്തരം ദുരനുഭവങ്ങളെയല്ല ആത്മകഥയെ ആഘോഷമാക്കിയവര്‍ ആദരിച്ചത് എന്ന് കണ്ടു കഴിഞ്ഞു. കേവലപരിസ്ഥിതിവാദികള്‍ക്ക് ആഘോഷവേളകള്‍ ഒരുക്കുന്നതിനായിട്ടായിരുന്നല്ല അയാള്‍ കണ്ടല്‍ നട്ടതെന്നും തെളിയുന്നുണ്ട്. മണ്ണൊലിപ്പും കൊടുംകാറ്റും തടഞ്ഞിനിര്‍ത്തുന്നതിനുളള അതിന്റെ കരുത്തിനെപ്പറ്റി പൊക്കുടന് അറിയേണ്ട യാതൊരു കാര്യവുമില്ലാ യിരുന്നു. ഇതൊന്നും വന്നില്ലെങ്കില്‍ പോലും ഒഴുകിയൊലിച്ചു പോകാനിടയുളള കൂരയിലാണ് താന്‍ പാര്‍ത്തിരുന്നതെന്ന് ഓര്‍മ്മിക്കു ന്നുണ്ട്. കൂലിയും വേലയുമില്ലാത്ത നാളുകളില്‍ ഒക്കെയും ദളിതുകള്‍ ജീവന്‍ നിലനിര്‍ത്തിയിരുന്നത് മീനുകളെ പിടിച്ചു തിന്നാനാണ്. വെറും കൈകൊണ്ടാണ് ദളിതുകള്‍ മീന്‍ പിടിക്കുന്നതെന്ന കാര്യം പ്രത്യേകം എടുത്തു പറയേണ്ടതാണ്. കഴുത്തറ്റം വെളളത്തില്‍ മുങ്ങിക്കിടന്ന് മാരകമായി കുത്തിപ്പരിക്കേല്‍പ്പിക്കുന്ന കൊമ്പുളള മീനുകളെയും കൈത്തണ്ട തന്നെ വെട്ടിക്കണ്ടിക്കാന്‍ പോന്ന ഞണ്ടുകളെയുമൊക്കെയാണ് ഇപ്പോഴും തപ്പിപ്പിടിക്കാറുളളത്. പെണ്ണാളുകളാണ് ഏറെയും ഈ തൊഴിലില്‍ ഏര്‍പ്പെടാറ്. കണ്ണിനേക്കാള്‍ കാഴ്ചകൂടുതലുണ്ടാകും ചെളിയില്‍ പരതുന്ന വിരലുകള്‍ക്കപ്പോള്‍. അടിവയറും ജനനേന്ദ്രിയവും അപ്പോള്‍ വെളളത്തിന്റെ അടിത്തട്ടിനുനേര്‍ക്ക് നിരങ്ങി നീങ്ങുകയാവും. ഇത്രയൊക്കെ അപകടം പറ്റാന്‍ ഇടയുണ്ടായിട്ടും യാതൊരുപകരണവും കൂടാതെ, നേരിട്ടുകാണാതെ ചെയ്യുന്ന ഒന്നാമത്തെ കൈത്തൊഴില്‍ ഇതാണ്. മറ്റുളളവരാകട്ടെ ഒരു ചൂണ്ടക്കൊളുത്തെങ്കിലും കൂടാതെ മീന്‍ പിടിക്കാറില്ല. സി.ആര്‍. രാജഗോപാലന്റെ നാട്ടറിവു പഠനകേന്ദ്രത്തില്‍ നിന്നും ഇറങ്ങിയ കൈത്തൊഴിലുകളെ സംബന്ധിച്ച പുസ്തകത്തില്‍ ഈ കൈത്തൊഴില്‍ മാത്രം ചേര്‍ക്കാതിരുന്നതും കേവലം യാദൃച്ഛികമല്ല. പലയിനം കായല്‍ മീനുകളെ പുത്തനായിത്തന്നെ കിട്ടുമെന്നതിനാല്‍ ഇതിന് ആവശ്യക്കാരും ഏറെയായിരുന്നു. എവിടെയുമെന്നതുപോലെ, വിലയില്ലാത്തത് മീന്‍ തപ്പിപ്പിടിക്കുന്നവര്‍ക്ക് തന്നെയാണ്. ഈ തൊഴില്‍ ഇപ്പോഴും ചെയ്യുന്നുണ്ട് പൊക്കുടന്റെ ഭാര്യ മീനാക്ഷി. താനും അനുജന്മാരും അനിയത്തിമാരുമൊക്കെ അമ്മയുടെ വയറ്റില്‍ കിടക്കു മ്പോള്‍ ഒരു തൊലിപ്പാടിനപ്പുറത്തുകൂടെ ഞണ്ടുകളും കച്ചായികളും കടന്നുപോയിട്ടുണ്ടെന്ന് ഇപ്പോഴറിയുമ്പോള്‍ നടുക്കം തോന്നുന്നുവെന്ന് പൊക്കുടന്റെ മകന്‍ പി. ആനന്ദന്‍ പറയുന്നു.


*ദേശീയ ജനഹിത പിതൃഭൂമി മാസിക 2006

**ഗ്രീന്‍ ബുക്സ് പ്രസിദ്ധീകരിച്ച 'പച്ച ചുവപ്പ് കറുപ്പ്' എന്ന പുസ്തകത്തിലും ഈ ലേഖനം ഉള്‍പ്പെടുത്തിയിട്ടുണ്ട്