"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, സെപ്റ്റംബർ 18, വെള്ളിയാഴ്‌ച

അവതാരിക: ഇന്ത്യയിലെ സാമൂഹ്യ സാംസ്‌കാരിക പ്രക്ഷോഭ ചരിത്രം - അഡ്വ. സജി. കെ. ചേരമന്‍


സജി. കെ. ചേരമന്‍
'ചരിത്രം അറിയാത്ത ജനതയ്ക്ക് ഒരിക്കലും ചരിത്രം സൃഷ്ടിക്കാനാവില്ല.' മഹാനായ ബാബാ സാഹേബ് അംബേദ്കറുടെ വാക്കുകളാണിത്. സംഭവബഹുലമായ അദ്ദേഹത്തിന്റെ സാമൂഹ്യ- രാഷ്ട്രീയ ജീവിതത്തിന്റെ തിരക്കുകള്‍ സ്വന്തം ജനതയുടെ ചരിത്രം അന്വേഷിച്ച് കണ്ടെത്തുന്നതില്‍നിന്നും അദ്ദേഹത്തെ തടസ്സപ്പെടുത്താ തിരുന്നത്‌മേല്‍ സൂചിപ്പിച്ച തിരിച്ചറിവാണെന്നത് വ്യക്തമാണ് തമസ്‌കരിക്കപ്പെട്ടുപോയ പ്രാചീന ഇന്ത്യാചരിത്രം ബാബാസാഹേബ് അംബേദ്കര്‍ പുനര്‍നിര്‍മ്മിക്കുകയായിരുന്നു. പ്രാചീന ഇന്ത്യാചരിത്ര ത്തെ സംബന്ധിച്ച ബാബാസാഹേബ് അംബേദ്കറുടെ കണ്ടെത്തലു കള്‍ ഇന്നും പ്രസക്തമായി തുടരുന്നു. 

പ്രാചീന ഇന്ത്യാചരിത്രത്തില്‍ മാത്രമല്ല ആധുനിക ഇന്ത്യാചരിത്രത്തിലും നിര്‍ലോഭമായ തമസ്‌ക്കരണങ്ങള്‍ നടന്നിട്ടുണ്ട്. ചരിത്രത്തിലെ നമ്മുടെ നോര്‍കാഴ്ചകളെപ്പോലും മൂടിവെയ്ക്കുന്നു വെന്നത് തമസ്‌ക്കരണത്തിന്റെ ആഴവും പരപ്പും വ്യക്തമാക്കുന്നു. അക്കാദമിക് ചരിത്ര പഠനത്തില്‍ ഏര്‍പ്പെടാന്‍ കഴിഞ്ഞ ഒരു ചരിത്രവിദ്യാര്‍ത്ഥി എന്ന നിലയില്‍ സാമ്പ്ര ദായിക ചരിത്ര പഠനത്തിന്റെ രീതിശാസ്ത്രം നേരില്‍ ബോധ്യപ്പെടാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ട്. മേല്‍ജാതി സമ്പന്ന വരേണ്യതയെ സംരക്ഷിച്ച് നിലനിര്‍ത്തു ന്നതില്‍ ചരിത്രം അതിനിര്‍ണ്ണായകമായ പങ്കാണ് വഹിക്കുന്നത്.

ആധുനിക ഇന്ത്യാ ചരിത്രത്തില്‍ സാംസ്‌ക്കാരിക വിപ്ലവത്തിന്റെ കുത്തകപ്പാട്ടം രാജറാം മോഹന്‍ റോയി, ദയാനന്ദസരസ്വതി, ആനി ബസന്റ്, സ്വാമി വിവേകാനന്ദന്‍ തുടങ്ങിയവര്‍ക്ക് ചാര്‍ത്തിനല്‍കാനാണ് തമസ്‌ക്കരണവീരന്‍മാര്‍ ശ്രമിച്ചിട്ടുള്ളത്. ഉപരിതലസ്പര്‍ശിയും കേവലവുമായ പരിഷ്‌കരണങ്ങളെ മഹാവിപ്ലവമായി പാടിനടക്കുകയാ ണിവിടെ. ചീമുട്ടയില്‍ ആകര്‍ഷകമായ പെയിന്റടിക്കുകയല്ല മറിച്ച് അത് എറിഞ്ഞുടയ്ക്കുകയാണ് വിപ്ലവമെന്ന് തിരിച്ചറിവില്ലാത്തവരല്ല ഈ ചരിത്രപണ്ഡിതന്‍മാര്‍. ഇതറിഞ്ഞിട്ടും ഇന്ത്യന്‍ സാമൂഹ്യജീവിതത്തെ ആഴത്തില്‍ സ്വാധീനിക്കുകയും ജാതിജന്യമായ ഇന്ത്യന്‍സമൂഹത്തെ അടിമുടി ഉടച്ചുവാര്‍ക്കുകയും ചെയ്ത പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ മഹാരഥന്‍മാരുടെ ചരിത്രം ഇവരുടെ തൂലികത്തുമ്പില്‍നിന്നും അന്യമായത് യാദൃശ്ചികമല്ലെന്ന് വ്യക്തമാണ്. വ്യവസ്ഥാപിത ചരിത്ര ശാഖ വിട്ടുകളഞ്ഞതും എന്നാല്‍ ജാതിജന്യമായ ഇന്ത്യന്‍ സാമൂഹ്യ വ്യവസ്ഥയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കിയ മഹാരഥന്‍മാരുടെ ഒരു മഹാപരമ്പരതന്നെ നമ്മുടെ രാജ്യത്ത് ജീവിച്ചിരുന്നു. അവരുടെ പ്രവര്‍ത്തന പരിപാടികളാണ് രാജ്യത്തെ ബഹുഭൂരിപക്ഷത്തിന്റെ ജീവിതത്തില്‍ ഇന്നുകാണുന്ന എല്ലാ പുരോഗതിക്കും കാരണം. ആ മഹാരഥന്‍മാരുടെ ജീവിതത്തി ലേക്കും പ്രവര്‍ത്തനത്തിലേക്കും ഈ കൃതി നമ്മെ കൊണ്ടെത്തിക്കുന്നു. ആധുനിക തമസ്‌ക്കരണത്തിന്റെ ഇരുണ്ട ഇടനാഴികകളില്‍ വെളിച്ചം വീശുകയാണ് ഈ പുസ്തകം.

സാമ്പ്രദായിക ചരിത്രകാരന്‍മാര്‍ ഇന്ത്യയിലെ സാംസ്‌ക്കാരിക വിപ്ലവത്തിന്റെ ധാരയായി അവതരിപ്പിച്ചതില്‍നിന്നും വ്യത്യസ്തമായി ഭൂരിപക്ഷ ജനതയുടെ ജീവിതത്തെ മാറ്റി മറിയ്ക്കാന്‍ പോന്ന മറ്റൊരു വിപ്ലവധാര ഇന്ത്യയില്‍ കര്‍മ്മനിരതമായിരുന്നു. രാജറാം മോഹന്‍ റോയി , ദയാന്ദസരസ്വതി, സ്വാമി വിവേകാനന്ദന്‍, ആനിബസന്റ്, തുടങ്ങിയവര്‍ ആദ്യത്തെ ധാരയെ പ്രതിനിധീകരി ക്കുമ്പോള്‍ മഹാത്മാ ഫൂലെ, രാജര്‍ഷി സാഹുമഹാരാജ്, പെരിയാര്‍, ശ്രീനാരായണ ഗുരുദേവന്‍, ബാബാസാഹേബ് അംബേദ്കര്‍, മാന്യവര്‍ കാന്‍ഷിറാം തുടങ്ങിയവര്‍ രണ്ടാമത്തെ വിപ്ലവധാരയെ പ്രതിനിധീകരിക്കുന്നു. 

ആദ്യത്തെകൂട്ടര്‍ സമൂഹത്തിലെ മേല്‍തട്ടില്‍ തങ്ങളുടെ പ്രവര്‍ത്തനം കേന്ദ്രീകരിച്ചപ്പോള്‍ രണ്ടാമത്തെകൂട്ടര്‍ സമൂഹത്തിലെ താഴെത്തട്ടിലാണ് പ്രവര്‍ത്തിച്ചത്. തങ്ങള്‍ തന്നെ സൃഷ്ടിച്ചു വ്യവസ്ഥിതിയുടെ ഫലമായി പിന്നോട്ടടിക്കപ്പെട്ട സ്വസമൂഹത്തെ ആധുനികതയോട് സമരസപ്പെടാന്‍ അവസരമൊരുക്കുകയായിരുന്നു ആദ്യകൂട്ടരെങ്കില്‍ അയിത്തത്തിലും അടിമത്തത്തിലും മുങ്ങിത്താണ ഒരു വലിയജനതയെ കൈപിടിച്ചു യര്‍ത്തു കയായിരുന്നു രണ്ടാമത്തെ കൂട്ടരുടെ പ്രവര്‍ത്തനങ്ങള്‍. സ്വന്തം സമൂഹത്തെ പരിഷ്‌കരിക്കുവാന്‍ ശ്രമിച്ച ആദ്യകൂട്ടര്‍ അയിത്തവും അടിമത്തവും സൃഷ്ടിച്ച വ്യവസ്ഥിതിക്കെതിരായി കുറ്റകരമായ മൗനം പാലിച്ചുവെ ന്നോര്‍ക്കണം. അത്തരക്കാരെ വിപ്ലവകാരികളായി എഴുന്നെള്ളിക്കുന്ന ചരിത്രപണ്ഡിതരെ വെല്ലുവിളിച്ചുകൊണ്ട് ഇന്ത്യയിലെ യഥാര്‍ത്ഥസാംസ്‌ക്കാരിക വിപ്ലവധാരയെ ആദ്യമായി നമുക്ക്പ രിചയ പ്പെടുത്തിയ കാന്‍ഷിറാമിന്റെ ചിന്താധാരയെ കൂടുതല്‍ വിപുലമായ നിലയില്‍ ഈ പുസ്തകം നമ്മെ പരിചയപ്പെടുത്തുന്നു.

കാന്‍ഷിറാം സ്‌ക്കൂളിന്റെ അതിശക്തനായ വ്യക്താവായാണ് ഡോ. സുരേഷ് മാനേ സാമൂഹിക രാഷ്ട്രീയ രംഗത്തും, അക്കാദമിക് രംഗത്തും അറിയപ്പെടുന്നത്. അദ്ദേഹത്തിന്റെ സംഘാടകശേഷിയുടേയും ബൗദ്ധിക ശേഷിയുടേയും കരുത്ത് കേരളത്തിലെ ബഹുജന്‍ സമാജ് പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ക്ക് നേരില്‍ ബോധ്യപ്പെടാന്‍ കഴിഞ്ഞിട്ടുണ്ട്. പ്രൗഢ ഗംഭീരങ്ങളായ നിരവധി ലേഖനങ്ങളുടേയും പുസ്തക ങ്ങളുടേയും ഉടമയായ അദ്ദേഹത്തിന്റെ ഉറവ വറ്റാത്ത ആവനാഴിയില്‍ നിന്നുള്ള മറ്റൊരു വജ്രായുധമാണ് ഈ പുസ്തകം. ഇന്ത്യയില്‍ അങ്ങോളമിങ്ങോളം ജാതി വ്യവസ്ഥിതിക്കെതിരെ നടന്ന പോരാട്ടങ്ങളെ മലയാളമണ്ണിന് പരിചയപ്പെടുവാന്‍ ഈ പുസ്തകം ഉപകരിക്കപ്പെടും. കേരളത്തിലെ ബഹുജന്‍ സമാജിന്റെ പോരാട്ടങ്ങള്‍ക്ക് ഈ പുസ്തകം ആവേശം പകരും. ഈ പുസ്തം പ്രസിദ്ധീകരിക്കുവാനായി അണിയറയില്‍ പ്രവര്‍ത്തിച്ച എല്ലാവരുടേയും വിശിഷ്യാ ബഹുജന്‍വാര്‍ത്തയുടെ പ്രവര്‍ത്തകരുടെ മഹത്തായ പരിശ്രമത്തെ ഞാന്‍ ഹൃദംയഗമമായി അഭിനന്ദിക്കുന്നു. ഏറെ അഭിമാനപൂര്‍വ്വം ഈ മഹത്തായ ഗ്രന്ഥം കേരളീയര്‍ക്കുമുന്നില്‍ ഞാന്‍ അവതരിപ്പിക്കുന്നു.

പ്രൊഫ. ഡോ സുരേഷ് മാനേയുടെ 'ഇന്ത്യയിലെ സാമൂഹ്യ സാംസ്‌കാരിക പ്രക്ഷോഭ ചരിത്രം' എന്ന ഗ്രന്ഥത്തിന്റെ മലയാളം പതിപ്പിന്റെ അവതാരികയില്‍ നിന്ന്.

ഒന്നാം അദ്ധ്യായം 

അഡ്വ. സജി. കെ. ചേരമന്‍