"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, സെപ്റ്റംബർ 17, വ്യാഴാഴ്‌ച

രോഗങ്ങളുടെ വീട്ടില്‍ നിന്ന് - രാജേഷ് ചിറപ്പാട്

രാജേഷ് ചിറപ്പാട്
ഒന്ന്

രോഗങ്ങളുടെ ഒരു വീടായിരുന്നു എന്റേത്. ഞാന്‍ ജനിച്ചു വീണതു തന്നെ രോഗത്തി ലേക്കായിരുന്നു, പലവിധ ബാലാരിഷ്ടതകള്‍ എന്നെ വേട്ടയാടി. കൗമാരകാലം വരെ അത് എന്നെ പിന്തുടര്‍ന്നു. ആയുര്‍വേദമാണ് എന്നെ രക്ഷിച്ചത്. അമ്മയുടെ അമ്മ (അമ്മയുടെ അമ്മയെ ഞാന്‍ അമ്മ എന്നാണ് വിളിച്ചിരുന്നത്.) 'വൈദ്യര്‍ക്ക് രക്ഷിക്കാമെങ്കില്‍ ഈ കുഞ്ഞിനെ രക്ഷിച്ചെടുത്തോ' എന്നു പറഞ്ഞ് കൈക്കുഞ്ഞായിരുന്ന എന്നെ നാരായണന്‍ വൈദ്യരെ ഏല്‍പ്പിക്കുകയായിരുന്നു. നാരായണന്‍ വൈദ്യരുടെ ചികിത്സയില്‍ ഞാന്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നു. ഈ അമ്മയ്ക്ക് ഒരിക്കലും തിരിച്ചറിയാന്‍ പറ്റാത്ത ഒരു രോഗമുണ്ടായിരുന്നു. രോഗം കൂടുമ്പോള്‍ വയറ്റില്‍ നിന്ന് എന്തോ ഉരുണ്ടുകൂറുമെന്ന് അമ്മ പറയുമായിരുന്നു. വലിയ ശബ്ദത്തോടെ ഏമ്പക്കം വിട്ടുകൊണ്ടിരിക്കും. പിന്നെ ഛര്‍ദ്ദിയാണ്. ശ്വാസംമുട്ടലും വര്‍ധിക്കും. ശ്വാസം കിട്ടാതെ പിടയുന്ന അമ്മയെ നിസ്സഹായതയോടെ നോക്കിനില്‍ക്കുന്ന വേദനയുടെ ഒരു ബാല്യകാലമായിരുന്നു എന്റേത്. 

അമ്മയേയും കൊണ്ട് ആശുപത്രികളായ ആശുപത്രികള്‍ മുഴുവന്‍ കയറിയിറങ്ങി. കഴിക്കാത്ത മരുന്നുകളില്ല. അലോപ്പതി, ആയുര്‍വേദം, ഹോമിയോ, ലാടചികിത്സ, വീണ്ടും അലോപ്പതി. അങ്ങനെ അമ്മ ഡോക്ടര്‍മാരുടെ ഒരു പരീക്ഷണവസ്തുവായി മാറി. തിരിച്ചറിയപ്പെടാന്‍ പറ്റാത്ത രോഗമാണ് ഒരാളെ തീര്‍ത്തും തളര്‍ത്തിക്കളയുന്നത്. രോഗിയെ മാത്രമല്ല, രോഗിയുടെ ബന്ധുക്കള്‍ക്കും വേദനയുടെ വെയില്‍ക്കാല മായിരിക്കും അത്. തലശ്ശേരിയില്‍ ചിത്രകലാവിദ്യാര്‍ഥിയായിരിക്കേ എന്റെ പതിനേഴാം വയസ്സില്‍ മട്ടന്നൂരിലെ ഒരു സ്വകാര്യ ഹോസ്പിറ്റ ലില്‍ അമ്മ അന്തരിച്ചു. മരിക്കുമ്പോള്‍ ഞാന്‍ കൂടെയുണ്ടായിരുന്നില്ല. ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴും ഞാന്‍ വീട്ടിലില്ല. ഞാന്‍ ചില കലാസാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ മുഴുകിനട ക്കുകയായിരുന്നു.

ഏറെ രാത്രി നാട്ടില്‍ വന്നിറങ്ങിയ എന്നോട് കടയിലുള്ള ആരോ പറഞ്ഞു, രോഗം മൂര്‍ഛിച്ച് അമ്മയെ ആശുപത്രിയിലേക്ക് കൊണ്ടു പോയെന്ന്. പലപ്പോഴും അങ്ങനെ സംഭവിച്ചിരുന്നതിനാല്‍ ഞാന്‍ ഒരു സാധാരണസംഭവമായി മാത്രം അതിനെ കണ്ടു. അന്ന് മൊബൈല്‍ ഫോണൊന്നും പ്രചാരത്തിലുണ്ടായിരുന്നില്ല. പിറ്റേന്ന് രാവിലെ ബസ്സില്‍ കയറി ഞാന്‍ എന്റെ സാംസ്‌കാരികസംഘടനയുടെ ഓഫീസിലേക്ക് പോയി. എന്റെ ബസ്സിന് വിപരീതമായി ഒരു ആംബുലന്‍സ് മറികടന്നു പോകുന്നത് ഞാന്‍ കണ്ടു. മനസ്സില്‍ ഒരു മിന്നല്‍ പാഞ്ഞുപോയി. 'ഓ... അതൊന്നുമായിരിക്കില്ല' ഞാന്‍ മനസ്സുകൊണ്ട് സമാധാനിച്ചു. പക്ഷേ, കുറച്ചുകഴിഞ്ഞ് സംഘടനയുടെ ഓഫീസിലിരി ക്കുമ്പോള്‍ ഒരു ആംബുലന്‍സ് അവിടെ വന്നു നിന്നു. അതില്‍നിന്നു അയല്‍വാസിയായ കൂട്ടുകാരന്‍ ഇറങ്ങി. ഞാന്‍ ഉറപ്പിച്ചു. അമ്മ പോയി. ഇനി മനസ്സിനെ ബലപ്പെടുത്തണം. വീടെത്തുന്നതുവരെയെങ്കിലും കരയാതെ പിടിച്ചു നില്‍ക്കണം. കൂട്ടുകാരന്‍ എന്നോട് ഒന്നും പറഞ്ഞില്ല. പറയാതെ തന്നെ എനിക്കെല്ലാം മനസ്സിലായെന്ന് അവനറിയാമായിരുന്നു. ഞങ്ങള്‍ ഒരു ബസ്സില്‍ വീട്ടിലേക്കു മടങ്ങി.

അമ്മയുടെ രോഗത്തോടൊപ്പമായിരുന്നു എന്റെ ബാല്യവും കൗമാരവും കടന്നുപോയത്. യൗവനത്തിന്റെ പടിവാതില്‍ക്കല്‍ എത്തിയപ്പോഴേക്കും അമ്മ യാത്രയായി. ശ്വാസകോശസംബന്ധമായ അസുഖമായിരുന്നു അമ്മയ്ക്ക്. മരിക്കുന്നതിന് കുറച്ചുനാള്‍ മുമ്പാണ് അത് തിരിച്ചറിയപ്പെട്ടത്. അമ്മയുടെ രോഗത്തോട് ഞാന്‍ വല്ലാതെ പൊരുത്തപ്പെട്ടിരുന്നു. എന്നാല്‍ അമ്മയുടെ മരണത്തോട് പൊരുത്തപ്പെടാന്‍ എനിക്ക് ഏറെ നാള്‍ വേണ്ടിവന്നു.

രണ്ട്

ഇനിയും പൊരുത്തപ്പെടാന്‍ കഴിയാത്ത മരണമായിരുന്നു കുഞ്ഞമ്മച്ചി യുടേത്. (ഞാന്‍ എന്റെ അമ്മയെ അങ്ങനെയാണ് വിളിച്ചിരുന്നത്) ക്രോണിക് മൈലോയ്ഡ് ലുക്കീമിയ എന്ന രക്താര്‍ബുദമായിരുന്നു അവര്‍ക്ക്. കുഞ്ഞമ്മച്ചിയോ ഞങ്ങളോ ഇതറിഞ്ഞിരുന്നില്ല. കൂലിപ്പണി യെടുത്താണ് അവര്‍ എന്നെ വളര്‍ത്തിയത്. അന്നൊന്നും രോഗമോ ക്ഷീണമോ അവരെ അലട്ടിയിരുന്നില്ല. അമ്മ മരിച്ചതോടെ കുഞ്ഞമ്മച്ചി ഒറ്റയ്ക്കാണ് വീട്ടിലെ കാര്യങ്ങളൊക്കെ നോക്കിയിരുന്നത്. കഠിനാധ്വാനം അവരെ തളര്‍ത്തിക്കൊ ണ്ടിരുന്നു.

അപ്പോഴേക്കും എനിക്ക് തിരുവനന്തപുരത്ത് ജോലിയായി. വിവാഹം കഴിഞ്ഞു. ജീവിതംമറ്റൊരു ട്രാക്കിലൂടെ മുന്നോട്ടുകൊണ്ടുപോകാനുള്ള ശ്രമങ്ങള്‍. ഞാനും എന്റെ ഭാര്യ വിജിലയും അച്ഛാഛനും (കുഞ്ഞമ്മച്ചി യുടെ അച്ഛന്‍) തിരുവനന്തപുരത്ത് താമസം തുടങ്ങി. കഠിനാധ്വാന ത്തില്‍നിന്ന് ഒരു വിശ്രമജീവിതം എനിക്ക് നല്‍കാനായല്ലോ എന്നു ഞാന്‍ സന്തോഷിച്ചു. ടി.വി. കണ്ടും ബൈബിള്‍ വായിച്ചും കുഞ്ഞമ്മച്ചിയും അച്ചാച്ചനും തിരുവനന്തപുരത്തെ വീട്ടില്‍ക്കഴിഞ്ഞു. പക്ഷേ, കുഞ്ഞമ്മച്ചി മെലിഞ്ഞുകൊണ്ടിരുന്നു. മുഖത്തുനിന്ന് രക്തം വാര്‍ന്നുപോയതുപോലെ തോന്നി. എപ്പോഴും തളര്‍ച്ച. തിരുവനന്തപുരത്തെ പല ആശുപത്രികളിലും കുഞ്ഞമ്മച്ചിയേയുംകൊണ്ട് ഞങ്ങള്‍ കയറിയിറങ്ങി. ഒരുപാട് മരുന്നുകള്‍ കഴിച്ചു. പക്ഷേ ക്ഷീണം മാറുന്നില്ല. അങ്ങനെ ആലപ്പുഴയിലുള്ള ഞങ്ങളുടെ സുഹൃത്തായ ഡോ. ഷിബു ജയരാജ് പറഞ്ഞു, 'അമ്മയുടെ രക്തം ഒന്നു പരിശോധിച്ചുനോക്കൂ'. കുഞ്ഞമ്മച്ചിയെ ചികിത്സിച്ച ഒരു ഡോക്ടറും അങ്ങനെയൊരു നിര്‍ദേശം പറഞ്ഞിരുന്നില്ല. ഞങ്ങള്‍ സ്വന്തം നിലയ്ക്ക് കുഞ്ഞമ്മച്ചിയുടെ രക്തം പരിശോധിച്ചു. പരിശോധനാഫലം കണ്ട ലാബ് ടെക്‌നീഷ്യന്‍മാര്‍ പറഞ്ഞു, 'സംഗതി കുറച്ചു സീരിയസ്സാണ്. എത്രയും വേഗം ഡോക്ടറെ കാണുക'

അങ്ങനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സ തുടങ്ങി. കുഞ്ഞമ്മച്ചിക്ക് ബ്ലഡ് ക്യാന്‍സറാണെന്ന് സ്ഥിരീകരിക്കപ്പെട്ടു. പക്ഷേ ഭാര്യ അന്നൊന്നും എന്നെ ഈ വിവരം അറിയിച്ചിരുന്നില്ല. കുഞ്ഞമ്മച്ചി യോടൊപ്പം ആശുപത്രിയില്‍ പോയിരുന്നത് അവളായിരിന്നു. ഇടയ്ക്ക് ഞാനും പോകും. പക്ഷേ ജോലിസംബന്ധമായ തിരക്കു കള്‍ക്കിടയില്‍ പൂര്‍ണമായും ആശുപത്രിയിലെ നീണ്ട ക്യൂവില്‍ കുഞ്ഞമ്മച്ചി യോടൊപ്പം നില്‍ക്കുവാന്‍ എനിക്ക് കഴിഞ്ഞിരുന്നില്ല. എന്റെ വേദനകളും സംഘര്‍ഷങ്ങളും ഞാന്‍ ഭാര്യയോട് മാത്രം പങ്കുവെച്ചു. അവള്‍ തന്ന ധൈര്യവും പിന്തുണയുമായിരുന്നു എന്നെ ബലപ്പെടുത്തി നിര്‍ത്തിയത്. 

ചികിത്സയുടെ ആരംഭഘട്ടത്തിലേ ഈ രോഗം ഒരിക്കലും ഭേദമാകില്ല എന്ന് ഡോക്ടര്‍ എന്റെ മുഖത്തുനോക്കിപ്പറഞ്ഞു. അപ്പോള്‍ എന്റെ കൂടെ ഭാര്യ ഇല്ലായിരുന്നുവെങ്കില്‍ ഞാന്‍ ഡോക്ടറുടെ മുമ്പില്‍ തളര്‍ന്നുവീഴുമായിരുന്നു. കുഞ്ഞമ്മച്ചിയുടെ രോഗം എപ്പോഴെങ്കിലും ഭേദമാകുമെന്ന പ്രതീക്ഷ എനിക്കുണ്ടായിരുന്നു. ആ പ്രതീക്ഷയാണ് ഇപ്പോള്‍ തകര്‍ന്നു വീണത്. 

ക്യാന്‍സറുമായി ബന്ധപ്പെട്ട ഒരു ബൃഹദ് ഗ്രന്ഥത്തിന്റെ എഡിറ്റോറിയല്‍ ജോലിക്കുവേണ്ടിയായിരുന്നു ഞാന്‍ തിരുവനന്തപുരത്തെത്തിയത്. രക്താര്‍ബുദത്തെക്കുറിച്ചും അതിന്റെ ലക്ഷണങ്ങളെക്കുറിച്ചുമൊക്കെ ഞാന്‍ റഫര്‍ ചെയ്തതും പരിഭാഷപ്പെടുത്തിയതുമൊക്കെ എന്റെ മനസ്സിലൂടെ പെട്ടന്നു കടന്നുപോയി. കുഞ്ഞമ്മച്ചിക്ക് ഇത്തരമൊരസുഖം വരുമെന്ന് ഞാന്‍ ഒരിക്കലും കരുതിയില്ല.

ചികിത്സ വളരെ ചെലവേറിയതായിരുന്നു. വിലകൂടിയ കീമോ ഗുളികകളായിരുന്നു കുഞ്ഞമ്മച്ചിക്ക് കഴിക്കേണ്ടി വന്നത്. തലമുടി കൊഴിഞ്ഞു. ശരീരം നന്നേ ശോഷിച്ചു. മാസത്തില്‍ വലിയൊരു തുക തന്നെ മരുന്നിന് വേണം. തുച്ഛമായ ശമ്പളത്തില്‍ ജോലിചെയ്യുന്ന എനിക്കത് താങ്ങാനായില്ല. എന്റെ സുഹൃത്തുക്കളും സഖാക്കളുമാണ് എന്നെ സഹായിച്ചത്. വി.കെ. ജോസഫ്, കെ. ഇ. എന്‍, ഡോ. പി.കെ.പോക്കര്‍, ഡി.ശ്രീധരന്‍ നായര്‍, ഷിജു ഏലിയാസ്, ജയനന്‍, വിന്‍സന്റ് പീറ്റര്‍, പി.വി.വിജയകുമാര്‍, ഷാജികുമാര്‍.ഡി. ആന്റണി ജോര്‍ജ്, അഭിലാഷ് ചമ്പന്‍, സാജന്‍ മണി, ഡോ.ഒ.കെ സന്തോഷ്, രാജേഷ്.കെ.എരുമേലി അങ്ങനെ പേരെടുത്തുപറയാന്‍ നിരവധി സുഹൃത്തുക്കളുണ്ട്. അവരുടെ സാമ്പത്തികസഹായം കൊണ്ടാണ് ചികിത്സ നടന്നത്. ഇതിനിടയില്‍ കുഞ്ഞമ്മച്ചിയെ ആര്‍.സി.സി.യിലേക്ക് മാറ്റി. അവിടെയും കീമോഗുളികകള്‍ തുടര്‍ന്നു.

അപ്പോഴാണ് ഹോമിയോ ചികിത്സയുടെ സാധ്യതയെക്കുറിച്ച് ചില സുഹൃത്തുക്കള്‍ ആലോചിച്ചത്. അങ്ങനെ ഹോമിയോ ചികിത്സ തുടങ്ങി. താരതമ്യേന ചികിത്സാചെലവ് കുറവായിരുന്നെങ്കിലും അതും  ഒറ്റയ്ക്ക് വഹിക്കാന്‍ എനിക്ക് കഴിഞ്ഞിരുന്നില്ല. ആയിടയ്ക്കാണ് കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക വകുപ്പിനു കീഴിലുള്ള കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ യുവപരിഭാഷകര്‍ക്കുള്ള അവാര്‍ഡ് എനിക്ക് ലഭിക്കുന്നത്. ആ അവാര്‍ഡ് തുക ചികിത്സയ്ക്ക് വലിയൊരു ആശ്വാസമായി. അവാര്‍ഡ് ദാനച്ചടങ്ങില്‍ രോഗത്താല്‍ ക്ഷീണിച്ച ശരീരവുമായി കുഞ്ഞമ്മച്ചിയും എന്റെ ഭാര്യയോടൊപ്പം പങ്കെടുത്തു. ഞാന്‍ അവാര്‍ഡ് ഏറ്റുവാങ്ങുമ്പോള്‍ കുഞ്ഞമ്മച്ചിയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നത് വേദിയിലിരുന്നു ഞാന്‍ കണ്ടു. രോഗം നാള്‍ക്കുനാള്‍ മൂര്‍ച്ഛിച്ചുവന്നു. രണ്ടുവര്‍ഷം കുഞ്ഞമ്മച്ചി രോഗത്തോടു പൊരുതി. ഇതിനിടയില്‍ അവരനുഭവിച്ച വേദനകള്‍ ചെറുതല്ല. ഒരു ദിവസം എനിക്കും ഭാര്യക്കും അവളുടെ വീട്ടിലേക്ക് പോവേണ്ടിവന്നു. വീട്ടില്‍ അച്ചാച്ചനും ബന്ധുവായ റോബിന്‍സും കുഞ്ഞമ്മച്ചിയുടെ കസിന്‍ സഹോദരന്റെ ഭാര്യയും മാത്രം. ഞങ്ങള്‍ തിരിച്ചുവന്നപ്പോഴേക്കും കുഞ്ഞമ്മച്ചി രക്തം ഛര്‍ദ്ദിക്കാന്‍ തുടങ്ങിയിരുന്നു. അബോധാവസ്ഥ യിലായിരുന്നു അവര്‍. വീണ്ടും ആര്‍.സി.സി.യിലേക്ക്. അവിടെനിന്ന് മെഡിക്കല്‍ കോളേജിലേക്ക്. രണ്ടു ദിവസത്തിനുള്ളില്‍ കുഞ്ഞമ്മച്ചി ഞങ്ങളെ വിട്ടുപോയി. എന്റെ ശരിയായ ബോധം നശിച്ചു. സ്ഥലകാല ബോധമില്ലാതെ പ്രജ്ഞയറ്റവനായി ഞാന്‍ ആശുപത്രിവരാന്തയില്‍ നിന്നു. 

കുഞ്ഞമ്മച്ചിയുടെ ശരീരം നാട്ടില്‍ക്കൊണ്ടുപോയി സംസ്‌കരിക്കണമെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഒരു തീരുമാനത്തിലെത്താനുള്ള മാനസികാവസ്ഥ യിലായിരുന്നില്ല ഞാന്‍. എനിക്കൊന്നുമറിയില്ല, അച്ചച്ചനോടു ചോദിക്കൂ ഞാന്‍ പറഞ്ഞു. 'മരിച്ചവരെ ഉടന്‍ തന്നെ സംസ്‌കരിക്കുകയാണ് വേണ്ടത്.' അതായിരുന്നു അച്ചാച്ചന്റെ തീരുമാനം. അങ്ങനെ തൈക്കാട് ശ്മശാന ത്തില്‍ കുഞ്ഞമ്മച്ചിയുടെശരീരം സംസ്‌കരിക്കപ്പെട്ടു. ഭൗതികവാദി യായതിനാല്‍ ആത്മീയമായ ഒരു സംഘര്‍ഷവും എന്നെ അലട്ടിയില്ല. പക്ഷേ കുഞ്ഞമ്മച്ചിയുടെ അഭാവം എന്റെ മനസ്സില്‍ വലിയ മുറിവുകള്‍ തീര്‍ത്തു. അതിന്റെ സംഘര്‍ഷത്തില്‍ എനിക്കുറക്കം നഷ്ടപ്പെട്ടു. ( അന്നു നഷ്ടപ്പെട്ട ആ ഉറക്കം പൂര്‍ണമായും തിരിച്ചുപിടിക്കാന്‍ ഇന്നും എനിക്കു കഴിഞ്ഞിട്ടില്ല.) പണ്ടു പഠിച്ച സ്‌കൂളിലേക്കും കുഞ്ഞമ്മച്ചി ആരോഗ്യ ത്തോടെ ജീവിച്ച നാട്ടിലേക്കും ഒരിക്കലെങ്കിലും പോകണമെന്ന തോന്നല്‍ എന്നില്‍ വളര്‍ന്നു. ഗൃഹാതുരത ഒരു രോഗമായി എന്നില്‍ പ്രവേശിക്കാന്‍ തുടങ്ങി. ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്ന്, വെളുപ്പിന് നാലുമണിക്ക് എഴുന്നേറ്റ് എങ്ങോട്ടോ പോകാനായി വസ്ത്രങ്ങള്‍ മടക്കി ബാഗില്‍ വയ്ക്കുന്നത് ഒരു പതിവായിത്തീര്‍ന്നു. ഭാര്യ എന്നോടൊപ്പം ഉറങ്ങാതെ കൂട്ടിരുന്നു. എന്റെ യാത്രകള്‍ക്കൊപ്പം അവളും വരുമെന്ന് വാശിപിടിച്ചു. പക്ഷേ ഒറ്റയ്ക്കു പോകാനായിരുന്നു എനിക്കാഗ്രഹം. കൂട്ടുകാരുമായി ഞാന്‍ ഈ പ്രശ്‌നം പങ്കുവെച്ചു. അവര്‍ അവരുടെ കാറില്‍ എന്റെ ബാല്യകാല ഇടങ്ങളിലേക്ക് എന്നെ കൂട്ടിക്കൊണ്ടുപോയി. ഒരോണക്കാലമായിരുന്നു അത്. അവരുടെ സ്‌നേഹവും പിന്തുണയും ഗൃഹാതുരതയില്‍നിന്ന് എന്നെ പറിച്ചുനട്ടു. കുഞ്ഞമ്മച്ചിയുടെ മരണം എന്നെ അനാഥത്വത്തിലേക്കാണ് തള്ളിവിട്ടത്. എന്റെ മനസ്സിന്റെ കലക്കങ്ങള്‍ക്ക് കാരണവും അതുതന്നെയായിരുന്നു. എന്നാല്‍ അകന്നു കഴിഞ്ഞിരുന്ന പപ്പ എന്റെ അരികിലെത്തി. എനിക്ക് എന്റെ സഹോദരങ്ങളെ കിട്ടി. ഞാന്‍ അനാഥനല്ല എന്ന യാഥാര്‍ഥ്യം പപ്പ എന്നെ ബോധ്യപ്പെടുത്തി. അങ്ങനെ അവരുടെ സ്‌നേഹവും സാമീപ്യവും എനിക്ക് വീണ്ടും ഉറക്കത്തിന്റെ രാത്രികള്‍ തന്നു. 

പക്ഷേ, ഇന്നും ഉറങ്ങാന്‍ കിടക്കുമ്പോള്‍ കുഞ്ഞമ്മച്ചിയുടെ ഓര്‍മകള്‍ എന്റെ കൂടെ വന്നിരിക്കാറുണ്ട്. ആ ഓര്‍മകളോട് ഞാന്‍ സംസാരിക്കു ന്നു. അതിനിടയിലെവിടെയോവെച്ച് ഞാന്‍ ഉറക്കത്തിലേക്ക് വഴുതി വീഴുന്നു. അങ്ങനെ ഉറക്കത്തിനും ഉണര്‍വിനുമിടയിലൂടെ ഞാന്‍ എന്റെ യാത്ര തുടരുന്നു.

രാജേഷ് ചിറപ്പാട്.