"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, സെപ്റ്റംബർ 21, തിങ്കളാഴ്‌ച

കേരളത്തിലെ ആദിമനിവാസികള്‍

കേരളചരിത്രത്തിന്റെ പിന്നാം പുറങ്ങളില്‍ ചരിത്ര കാലഘട്ടത്തിലെ ഒരു ജനതയുടെ ചരിത്രം ചികയുമ്പോള്‍, ഇവിടെ പുന:ജ്ജനിച്ചു കൊണ്ടിരിക്കുന്ന ചരിത്രാംശങ്ങളില്‍ ഏറെ മായം കലര്‍ത്തപ്പെട്ടിരിക്കുന്നു വെന്നാണ് കാണാല്‍ സാധിച്ചത്. കാലഘട്ടങ്ങളിലൂടെ മായം കലര്‍ത്തി വികൃതമാക്കപ്പെട്ട ചരിത്രശകലങ്ങളില്‍നിന്നും സത്യം കണ്ടെത്തുക വലിയ ദുഷ്‌ക്കരവും, ഭാരിച്ചതുമാണ്. പ്രത്യേകിച്ചും കീഴാള ജനങ്ങളുടെ ചരിത്രമാവുമ്പോള്‍ ഏറെ കടമ്പകള്‍ കടന്നിട്ടുവേണം യഥാര്‍ത്ഥ ചരിത്രം കണ്ടെത്തേണ്ടത്. അതിനുവേണ്ടി ചരിത്രം പൊളിച്ചെഴുതാന്‍ മെനക്കെടേണ്ടതുണ്ട്.

നൂറ്റാണ്ടുകളിലെ ചരിത്രം അന്വേഷിക്കുമ്പോള്‍ കേരളമെന്നു പറയുന്ന ഈ ഭൂവിഭാഗ ത്തിന്റെ പേരുപോലും മറ്റൊന്നാണ്. മലകള്‍ ധാരാളമുളള ഈ ഭൂവിഭാഗത്തെ മലനാട് എന്ന് വിളിക്കുന്നതിലും തെറ്റില്ലെന്നു തോന്നുന്നു. ഈ മലനാട്ടിലെ ആദിമ നിവാസി കളുടെ പിന്‍തലമുറയില്‍പ്പെട്ട ഒരു പ്രധാനഗോത്ര വര്‍ഗ്ഗമാണ് പുലയര്‍. കാലത്തിന്റെയും വര്‍ണ്ണാശ്രമ ത്തിന്റെയും ഒഴുക്കിനിടയില്‍ ആ ഗോത്രമിന്ന് ഒരു ജാതിയായി പരിണമിച്ചിരിക്കുന്നു.

ചരിത്രതീത കാലഘട്ടത്തില്‍ ഇവര്‍ മലയാളക്കരയിലെ സംസ്‌ക്കാര ത്തിന്റെയും രാജഭരണപാരമ്പര്യത്തിന്റെയും, സമ്പന്നതയുടെയും വക്താക്കളായി വിളങ്ങി നിന്നിരുന്നവരാണ്. ആ കാലത്ത് വൈദേശീയ വ്യാപാരത്തിന്റെ ആദ്യ കണ്ണിയായി തീരാനും പുലയര്‍ തുടങ്ങിയ കീഴാളര്‍ക്ക് കഴിഞ്ഞിരുന്നുവെന്ന് വ്യക്തമായ തെളിവുകള്‍ വൈദേശീയ സഞ്ചാര സാഹിത്യകാരന്മാര്‍ അവരുടെ ഗ്രന്ഥങ്ങളില്‍ വിവരിക്കുന്നുണ്ട്. അവയില്‍പ്പോലും മായംകലര്‍ത്താന്‍ പില്‍ക്കാലചരിത്ര ഗവേഷകര്‍ ശ്രമിച്ചിട്ടുണ്ട്.

ദക്ഷിണ സംസ്ഥാനങ്ങളിലെ ചില പ്രദേശങ്ങളില്‍ നിന്നും കണ്ടെടുക്കപ്പെട്ട സംസ്‌ക്കാരാ വശിഷ്ടങ്ങളും, ശിലാശാസനങ്ങളും, ശിലാരേഖകളും, അസ്ഥിപഞ്ജരങ്ങളും ഈ വഴിക്കുള്ള തെളിവുകളാണ് നല്‍കുന്നതെങ്കിലും വ്യക്തമായ പരിശോധനകളോ, പഠനങ്ങളോ നടത്തുവാന്‍ ബന്ധപ്പെട്ട വകുപ്പുകാരും അവരിലെ ശാസ്ത്രജ്ഞന്മാരും ശ്രമിച്ചുകാണുന്നില്ല. അവയെല്ലാം പത്രറിപ്പോര്‍ട്ടുകളിലും, പത്ര പ്രസ്താവനകളിലും മാത്രമൊതുങ്ങിപ്പോകുന്നു. എന്നാല്‍ ആധുനിക സാമൂഹ്യ ക്രമത്തിന്റെ ഫലമായി പുലയര്‍ ഇന്ന് സങ്കരവര്‍ഗ്ഗമായി തീര്‍ന്നുകൊണ്ടിരിക്കുന്നു. പ്രാക്തന സാംസ്‌ക്കാര തനിമയുടെ വ്യക്താക്കളായ പുലയരെക്കുറിച്ച് മനസ്സിലാക്കുന്നതിനുമുന്‍പ് അവരുടെ പൂര്‍വ്വികരായ ആദിമ നിവാസികളെ സംബന്ധിച്ച് പഠിക്കേണ്ടിയിരിക്കുന്നു.

മലയാള നാട്ടില്‍ ചരിത്രാതീത കാലഘട്ടത്തില്‍ ആദിമനിവാസികളായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. ഇവരെ ആദിദ്രാവിഡരെന്നും പറയപ്പെടുന്നുണ്ട്. ബി.സി.4000 മുതല്‍ ബി.സി.1800 വരെയുള്ള 22 നൂറ്റാണ്ടുകളില്‍ കേരളക്കരയില്‍ ആദിമനിവാസികള്‍ മാത്രമാണുണ്ടായിരുന്നത്. അന്ന് ദ്രാവിഡരോ ആര്യന്മാരോ ഇവിടെ എത്തിച്ചര്‍ന്നിരു ന്നില്ലെന്ന് ചരിത്രം വ്യക്തമാക്കുന്നു. ബി.സി. 1800 മുതല്‍ എ.ഡി.700 വരെയുള്ള കാലഘട്ടത്തിലാണ് ഇന്ത്യന്‍ വംശജരായ ദ്രാവിഡ ജനതയുടെ ഒഴുക്കുണ്ടാകുന്നത്. അങ്ങിനെ ആദിവാസികളും, ദ്രാവിഡരും ചേര്‍ന്ന് സങ്കരവര്‍ഗ്ഗമായി പരിണമിച്ചു. ഇവരെ വേണമെങ്കില്‍ ആദിദ്രാവിഡരെന്നു വിളിക്കാം. ഒരു ഘട്ടത്തില്‍ ദ്രാവിഡ സംസ്‌ക്കാരമായിരുന്നു ഭാരത്തിലാകമാനം നിലനിന്നിരുന്നത്. സിന്ധു നദിതടത്തില്‍പ്പെട്ട ഹാരപ്പായിലും, മോഹന്‍ജെദാരോയിലും നിന്നും കണ്ടെടുക്കപ്പെട്ട സംസ്‌ക്കാരാ വശിഷ്ടങ്ങള്‍ തെളിയിക്കുന്നതും അതാണ്. ആധുനികതയെ വെല്ലുന്ന തായിരുന്നു സിന്ധുനദീതടത്തില്‍കണ്ടെടുത്ത സംസ്‌ക്കാരാ വശിഷ്ടങ്ങള്‍.

ബി.സി.1800 കൂടിയാണ് മദ്ധ്യേഷ്യയില്‍ നിന്നും ആര്യപ്രവാഹം ആരംഭിക്കുന്നത്. ഈ ആര്യപ്രവാഹം സിന്ധുനദീതടത്തിലെത്തിയതോടെ അവിടെ നിലനിന്നിരുന്ന പ്രാചീന ജീവിത സംസ്‌ക്കാരങ്ങള്‍ ഒന്നൊന്നായി പിന്‍തള്ളപ്പെടുകയും ഒടുവില്‍ ആര്യന്മാരുടെ കൈപ്പിടിയില്‍ അമര്‍ന്ന് മുഴുവന്‍ തകര്‍ന്ന് നാമാവശേഷമായി തീരുകയും ചെയ്തു വെന്നാണ് ചരിത്രം പഠിപ്പിക്കുന്ന പാഠം. ആര്യന്മാരെ ഇന്തോ-യുറോപ്യന്മാര്‍ എന്നും വിളിച്ചിരുന്നു. ഇവരുടെ ജന്മഭുമിയെക്കുറിച്ച് ഖണ്ഡിതമായിപറയുവാന്‍ ചരിത്രഗവേഷകന്മാര്‍ക്ക് ഇന്നും കഴിഞ്ഞിട്ടില്ല. ആര്യന്മാര്‍ പാര്‍ത്തിരുന്നത് മദ്ധ്യ ഏഷ്യയിലായിരുന്നുവെന്നും, അതല്ല യുറോപ്പിന്റെയും ഏഷ്യയുടെയും അതിര്‍ത്തി യിലുള്ള സമഭൂമിയിലാണെന്നും ചിലര്‍ വാദിച്ചു സ്ഥാപിക്കുന്നുണ്ട്. യൂറോപ്പിന്റെയും, ഏഷ്യയുടെയും മദ്ധ്യത്തിലുള്ള അതിര്‍ത്തിയായ ദക്ഷിണ റഷ്യയിലെ സ്റ്റെപ്പികള്‍ (മൈതാനങ്ങള്‍) ആയിരിക്കണം.1 മറ്റുചിലര്‍ യൂറോപ്പിലെ 'ബൊഹിമിയ' രാജ്യത്താണെന്നും അഭിപ്രായപ്പെടുന്നു. അതേസമയം ഇറാനില്‍ നിന്നും കാലഘട്ട ങ്ങളിലൂടെ ഏഷ്യവഴി ഇന്ത്യയില്‍ കടന്നുവന്നവരാണ് ആര്യന്മാര്‍ എന്ന് ആധുനിക ചരിത്രപണ്ഡിതന്മാര്‍ തെളിവുകള്‍ ഉദ്ധരിച്ചു സ്ഥാപിച്ചിട്ടുണ്ട്. അടുത്തകാലത്ത് ഇറാനില്‍ നിന്നും ആര്യന്മാരുടെ ഒരു വലിയ ശ്മശാനം കണ്ടെത്തിയത് ഇതിന് വലിയ തെളിവായി കരുതുന്നു. ക്രി.മു. 12-ാം നൂറ്റാണ്ടോടുകൂടിയാണ് ആര്യന്മാര്‍ വിന്ധ്യാ പര്‍വ്വതം കടന്ന് കേരളത്തില്‍ കുടിയേറിയതെന്ന് ഉള്ളൂര്‍ തന്റെ സാഹിത്യചരിത്രത്തില്‍ പറയുന്നത് തീര്‍ത്തും തെറ്റാണെന്ന് ചരിത്രകാരന്മാര്‍ അഭിപ്രായ പ്പെട്ടിട്ടുണ്ട്. ക്രി.പി. 3-ാം നൂറ്റാണ്ടോടുകൂടിയാണ് ദക്ഷിണേന്ത്യയിലേക്ക് ആര്യ ബ്രാഹ്മണരുടെ സംഘടിതമായ അധിനിവേശം സംഭവിക്കുന്നത്.

ഈ ആര്യപ്രവാഹത്തിനുമുന്‍പ് മലയാളക്കരയില്‍ ആധിപത്യം സ്ഥാപിച്ചിരുന്ന ദ്രാവിഡരുമായി ചേര്‍ന്നാണ് ആദിമനിവാസികള്‍ ദ്രാവിഡ സംസ്‌ക്കാരത്തിന്റെ കണ്ണികളായിതീര്‍ന്നത്. തമിഴ്, മലയാളം, കര്‍ണ്ണാടകം, തെലുങ്ക്, തുളു എന്നീ അഞ്ച് ദക്ഷിണേന്ത്യന്‍ ഭാഷകള്‍ ദ്രാവിഡ ഭാഷകളായിട്ടാണ് അറിയപ്പെടുന്നത്. ഈ ദ്രാവിഡ ഭാഷകള്‍ ഇന്നും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിലനില്‍ക്കുന്നു. 'മുണ്ഡാ' എന്നും, 'കോലിയന്‍' എന്നും പേരുള്ള ഭാഷാവംശത്തില്‍പ്പെട്ട ഭാഷയാണിവരുടേത്. ഇതൊരു പ്രാചീന ഭാഷയാണ്. ഈ ഭാഷയ്ക്കും ദക്ഷിണേന്ത്യയില്‍ ഇപ്പോള്‍ സംസാരിക്കുന്ന ഭാഷകളുടെ മാതാവായ ദ്രാവിഡ ഭാഷയ്ക്കും തമ്മിലുള്ള വ്യത്യാസം വ്യക്തമായി നിര്‍ണ്ണയിക്കപ്പെട്ടിട്ടില്ല. എങ്കിലും മുണ്ഡാഭാഷ സംസാരിച്ചിരുന്നവരും ഇപ്പോഴത്തെ ദ്രാവിഡ ഭാഷകളുടെ മാതൃഭാഷസംസാരിച്ചിരുന്നുവരും ഒരു പോലെ തന്നെ ദ്രാവിഡ ഗോത്രജന്മാരായിരുന്നു.2

ആദിമ നിവാസികളും അവരുടെ സംസ്‌ക്കാരവും

കേരളത്തിലെ ആദിമനിവാസികളില്‍ എല്ലാം തന്നെ മലംപ്രദേശങ്ങളിലും, വന പ്രദേശങ്ങളിലുമായിട്ടാണ് താമസിക്കുന്നത്. ഇവരില്‍ തന്നെ ഗുഹാവാസികളും കാണപ്പെടുന്നുണ്ട്. കേരളക്കരയിലെ ശിലായുഗ സംസ്‌ക്കാരത്തിന്റെ കണ്ണികളാണ് ഈ ആദിമനിവാസികള്‍. അതു കൊണ്ടാണ് ഈ ആദിമനിവാസികള്‍ മലനിരകളിലും, വനപ്രദേശ ങ്ങളിലും കാണപ്പെടുന്നതിനു കാരണം. എന്നാല്‍ ചില ആധുനിക ചരിത്രകാരന്മാര്‍ ഈ ആദിമനിവാസികള്‍ അടിമകളായിട്ടാണ് കാട്ടില്‍ ഒളിച്ചോടിപോയി താമസിക്കുന്നതെന്നുപറയുന്നു. ഈ നിഗമനം സത്യവുമായി യോജിക്കുന്നവയല്ല. ഗിരിനിരകളില്‍ തന്നെയാണ് ആദിവാസികളുടെ ജനനവും, വളര്‍ച്ചയും, ജീവിതവും.

കേരളത്തില്‍ ഇന്നും ഗുഹാവാസികള്‍ നിലനില്ക്കുന്നു. ഇടുക്കി ജില്ലയിലെ കോവിന്‍ കടവിലാണ് ഗുഹാവാസികളെ കാണപ്പെടുന്നത്. കോവില്‍ കടവിലെ മുനിയറകളില്‍ ഒരു മലമ്പുലയകുടുംബമാണ് താമസിക്കുന്നത്. കോവില്‍ക്കടവിലും, മറയൂരിലും ആള്‍പാര്‍പ്പില്ലാത്ത നൂറിലേറെ മുനിയറകള്‍ സ്ഥിതിചെയ്യുന്നുണ്ട്. പ്രാചീന സംസ്‌ക്കാര ത്തിന്റെ അറ്റുപോകാത്ത കണ്ണികളാണ് മുനിയറകളും അവയില്‍ ജീവിക്കുന്ന മലമ്പുലയരും. സര്‍ക്കാര്‍ രേഖകളില്‍ 28 മലമ്പുലയ കുടംബം ഉണ്ടെന്നു പറയുന്നു. പക്ഷെ മിക്കവരും മുനിയറയകള്‍ ഉപേക്ഷിച്ച് മലനിരകളില്‍ പുല്ലുമേഞ്ഞ കുടിലുകളില്‍ ചേക്കേറിയിരിക്കാനാണ് സാദ്ധ്യത. അഞ്ചു ടണ്ണിലേറെ ഭാരം വരുന്ന കരിങ്കല്‍ ചീളുകള്‍ മൂന്നെണ്ണം അടുപ്പുകൂട്ടുന്നതു പോലെ നാട്ടിയിട്ടാണ് മുനിയറകള്‍ ഉണ്ടാക്കുന്നത്. ഈ വിദ്യയുടെ സാങ്കേതികവശം ഇന്നേവരെ നാട്ടിലെ വിദഗ്ധന്മാര്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇതില്‍ നിന്നുതന്നെ കേരളത്തിലെ പ്രാചീന ശിലായുഗ വാസികള്‍ പുലയരുടെ പിന്‍ഗാമികാളെന്ന് വ്യക്തമാണ്. അവരാണ് ഇവിടത്തെ ആദിമനിവാസികളും ആദിമ സംസ്‌ക്കാരത്തിന്റെ വ്യക്താക്കളും, നാട്ടിലെത്തിയ പുലയരുടെ പൂര്‍വ്വ പിതാക്കളുമാണ് ഈ മലമ്പലുയ വിഭാഗം.

മലമ്പുലയരെ കൂടാതെ വിഷവര്‍, ഊരാളികള്‍, ഉള്ളാടര്‍, പളിയര്‍, നായാടികള്‍, മുതുവാന്മാര്‍, പറയര്‍, പുലയര്‍, കാനപ്പുലയര്‍, തണ്ടപ്പുലയര്‍ എന്നിവരാണ് കേരളത്തിലെ ആദിമനിവാസികളില്‍ പ്രമുഖര്‍. ഇവരുടെ ജീവിതവും, ആചാരാ നുഷ്ഠാനങ്ങളും, സംസ്‌ക്കാരവും, ഭാഷയുമെല്ലാം വിഭിന്നങ്ങളും ആര്യേതരവുമാണ്.

വിഷവര്‍

മലയാറ്റൂര്‍ വനപ്രദേശങ്ങളിലെ പൂങ്കന്‍കോട്, പരണ, പെരുമുഴി, പായപ്പാറ എന്നിവിടങ്ങളിലും കൊച്ചിക്കുവടക്ക് ചാലക്കുടിപ്പുഴയുടെ തീരപ്രദേശങ്ങളിലുമായാണ് വിഷവരെ കാണുന്നത്. ഇവര്‍ക്ക് മലങ്കുടിയരെന്നും പേരുണ്ട്. കറുത്ത് പൊക്കം നന്നെ കുറഞ്ഞവരും ചുരുണ്ടിരുണ്ടമുടിയുള്ളവരുമാണ് വിഷവര്‍. ബാല്യവിവാഹം, കറുപ്പുതീറ്റി, മദ്യപാനം ഇവ മൂന്നും ഒഴിച്ചുകൂടാന്‍ പാടില്ലാത്ത കാര്യങ്ങളായി വിഷവര്‍ കരുതിപ്പോരുന്നു. വേട്ടയാടി ഉപജീവനം കഴിക്കുന്നവരാണ് ഇവര്‍. കുന്നിക്കാര്‍, ആലപന്‍കാര്‍, പൊന്നിയന്‍കാര്‍, പോക്കന്‍കാര്‍, മറിഞ്ഞാത്തുകാര്‍, തോണിക്കാര്‍, പേഴാറ്റികാര്‍, ക്രംപ്പള്ളിക്കാര്‍ എന്നീ എട്ടു ഉപവര്‍ഗ്ഗക്കാര്‍ വിഷവരിലുണ്ട്. ഒട്ടേറെ ആചാര വിശേഷങ്ങള്‍ ഇവര്‍ക്കിടിയില്‍ കണ്ടുവരുന്നു. ശവം മറവു ചെയ്യുന്നത് കൂടുകെട്ടിയിട്ടാണ്.

ഊരാളികള്‍

പെരിയാര്‍, വണ്ടന്‍മേട്, തൊടുപുഴ, നേരിയമംഗലം തുടങ്ങിയ വനമേഖല കളില്‍ കാണുന്ന ആദിമനിവാസികളാണ് ഊരാളികള്‍. സന്മാര്‍ഗ്ഗ നിഷ്ഠയിലും, സത്യസന്ധ തയിലും ഗാഢമായി വിശ്വസിക്കുന്ന ഊരാളികള്‍ക്ക് കറുത്ത തവിട്ടു നിറമാണുള്ളത്. ധാരാളം രോമം ദേഹത്തും മുഖത്തുമായി കാണപ്പെടുന്നു. ഒറ്റനോട്ടത്തില്‍ ആഫ്രിക്കയിലെ നീഗ്രോകളാണെന്നേതോന്നു. അതെപോലെ ചുരുണ്ട തലമുടിയാണ് ഇവര്‍ക്കുള്ളത്. കോയമ്പത്തൂര്‍ ഡിസ്ട്രിറ്റിലെ മലകളില്‍ കാണുന്ന ദിന്‍ഭൂം എന്ന ആദിവാസികളുമായി ഊരാളികള്‍ക്ക് ബന്ധമുള്ളതായി നരവംശ ശാസ്ത്രജ്ഞന്മാര്‍ തെളിയിച്ചിട്ടുണ്ട്. ശവം പരമ്പില്‍ പൊതിഞ്ഞുകെട്ടിയാണ് ഇവര്‍ സംസ്‌ക്കരിക്കുന്നത്. തമിഴും, കന്നടയും കലര്‍ന്ന വെങ്കലഭാഷയാണ് ഊരാളികള്‍ സംസാരിക്കുന്നത്. തമിഴ് നാട്ടില്‍പ്പെട്ട മധുരയിലും, തിരുച്ചിറ പ്പള്ളിയിലും ഊരാളികളെ കാണപ്പെടുന്നു.

ഉള്ളാടര്‍

നീണ്ട തലയും, പരന്നമൂക്കും, ചുരുണ്ട മുടിയുമുള്ള ഉള്ളാടര്‍ നല്ല കറുത്ത നിറമുള്ളവരാണ്. കാട്ടാളന്‍, കാടന്‍, ഉള്ളാടന്‍ എന്നീ പേരുകളില്‍ ഇവര്‍ അറിയപ്പെടുന്നു. റാന്നി വന പ്രദേശങ്ങള്‍, മീനച്ചല്‍, ചങ്ങനാശ്ശേരി, കോട്ടയം, പത്തനംതിട്ട തുടങ്ങിയ സ്ഥലങ്ങളില്‍ ഉള്ളാടന്മാര്‍ ധാരാളം കാണപ്പെടുന്നു. കടുവകള്‍ ഇവരുടെ അമ്മാവന്മാരാണെന്നാണ് വയ്പ്. ഒരു കടുവ അമ്മാവന്‍ മരിച്ചാല്‍ ഉള്ളാടന്മാര്‍ എല്ലാപേരും തല മൊട്ടയടിച്ച് ദുഃഖം ആചരിക്കും. മൂന്നുദിവസം ഒന്നും കഴിക്കാറില്ലന്നാണ് ഇവരെക്കുറിച്ച് പഠനം നടത്തിയ ജേക്കബ് കാന്റര്‍ വിഷര്‍, മേറ്റിയര്‍ എന്നിവര്‍ രേഖപ്പെടുത്തിയിട്ടുള്ളത്. അമ്പും വില്ലും പ്രയോഗിക്കാന്‍ ഇത്രയും കരവിരുതുള്ളവര്‍ വേറെ ഇല്ലെന്നാണ് പറയുന്നത്. ശബരിമല അയ്യപ്പന്റെ സഹചാരിയാണ് ഉള്ളാടന്മാരുടെ കുലപതിയായ കൊച്ചു വേലന്‍. കൊച്ചുവേലന് എരുമേലിയിലും, തലപ്പാറമലയിലും, ശബരിമല യിലും പല അവകാശങ്ങളും അനുവദിച്ചിട്ടുണ്ട്. ശവം കുഴിയില്‍ അടക്കുകയാണ് ഉള്ളാടര്‍ ചെയ്യുന്നത്. ബഹു ഭാര്യത്വം ഇവരുടെ ഇടയില്‍ സര്‍വ്വസാധാരണമാണ്.

പളിയര്‍

കാട്ടുകള്ളന്മാര്‍' എന്നുവിളിക്കുന്നത് ഒരു ബഹുമതിയായി കണക്കാക്കുന്ന വരാണ് പളിയര്‍. ഒരു കുടുംബത്തിലെ സഹോദരന്മാര്‍ ഒരു സ്ത്രീയെ കുടുംബിനിയാക്കുന്ന സമ്പ്രദായം ഇവരുടെ ഇടയില്‍ നിലവിലുണ്ട്. കോട്ടയം ജില്ലയിലെ ഹൈറേഞ്ചുകളിലാണ് പളിയരെ ധാരാളം കാണപ്പെടുന്നത്. സ്ത്രീകളോട് ബഹുമാനവും സ്വാതന്ത്ര്യവും ഇവര്‍ കാണിക്കാറുണ്ട്. നീഗ്രോവംശജരുമായി പളിയര്‍ക്ക് ബന്ധമുണ്ട്. നീഗ്രോകളെപ്പോലെ പതിഞ്ഞമൂക്കാണ് ഈ ബന്ധത്തിനുപിന്നിലുള്ളത്. പാറക്കല്ലാണ് ഇവരുടെ ദൈവം. ശവം കുഴിച്ചിടുകയാണ് പതിവ്.

നായാടികള്‍


നീണ്ടതലയും നീണ്ടമുക്കുമുള്ള ഒരു വര്‍ഗ്ഗസങ്കരത്തില്‍ നിന്നാണ് നായാടികള്‍ ഉണ്ടായതെന്ന് അനുമാനിക്കുന്നു. നീഗ്രോകളുടെയും ആസ്‌ട്രേലിയന്‍ ആദിവാസി കളുടെയും കലര്‍പ്പാണ് നായാടികള്‍. കരുനാഗപ്പള്ളി, കൊച്ചി, മലബാര്‍ പ്രദേശങ്ങള്‍ എന്നിവിടങ്ങളിലാണ് നായാടികളെകാണുന്നത്. പാമ്പിനെ ഭയപ്പെടാത്ത നായാടികള്‍ സര്‍പ്പക്കാവുകള്‍ക്ക് സമീപത്തായിട്ടാണ് സാധാരണയായി താമസിക്കുന്നത്. ഇവരും പളിയരെപ്പോലെ കല്ല് നാട്ടിയാണ് ആരാധന നടത്തുന്നത്. പ്രകൃതി ശക്തികളെ ദൈവമായി കരുതി ആരാധിക്കുന്ന നായാടികളുടെ ജീവിതം കൂടുതല്‍ പഠനാര്‍ഹമാണ്. ദി കൊച്ചിന്‍ ട്രൈബ്‌സ് ആന്റ് കാസ്റ്റ്‌സ് എന്ന ഗ്രന്ഥത്തില്‍ എല്‍.കെ.അനന്തകൃഷ്ണയ്യര്‍ നായാടികളെ ക്കുറിച്ച് പഠനം നടത്തിയിട്ടുണ്ട്. നായാടികളില്‍ കൊഡയത്ത്, മേച്ചൂര്‍, വലിയ കൊടയാരി, ചാരമംഗലം, വെയിലാട്ടി, കുറ്റൂര്‍ എന്നീ ആറു വിഭാഗങ്ങളുണ്ട്. മലബാറിലെ നായാടികളില്‍ പലരും ഇന്ന് മുസ്ലിംമതം സ്വീകരിച്ചുകഴിഞ്ഞു. ഇവരുടെ പ്രധാനതൊഴില്‍ കൃഷിയാണ്.

മുതുവന്മാര്‍

കാട്ടുകൃഷിയില്‍ പ്രമുഖന്മാരാണ് മുതുവന്മാര്‍. ഏലമല, കണ്ണന്‍ ദേവന്‍ മലകള്‍, അഞ്ചനാട്, മന്നാങ്കണ്ടം, ആനക്കുളം, പൂയങ്കുടി, ആനമല, ബോഡിനായിക്കന്നൂര്‍ എന്നിവിടങ്ങളിലെ കാടുകളിലാണ് മുതുവാന്മാരെ കാണപ്പെടുന്നത്. ചുരുണ്ട മുടിയും നീണ്ടതലയും ഇവരെ നിഗ്രോ വംശജരുമായി കൂട്ടിയിണക്കുന്നുണ്ട്. ഇവര്‍ പ്രേതം വളരെ ദൂരത്തായി കുഴിച്ചുമൂടുകയാണ് പതിവ്. ശവമടക്കുന്ന കുഴിയുടെ തലയ്ക്കലും കാലിലും ഓരോ കല്ലുനാട്ടുവാനും മറക്കാറില്ല. കൃസ്ത്യാനികള്‍ കുരിശു നാട്ടുമ്പോള്‍ മുതുവാന്മാര്‍ കല്ലുകള്‍ നാട്ടുന്നു. വേല 'The religion of the primitive tribes of travancore' എന്ന പ്രബന്ധത്തില്‍ എല്‍.എം.കൃഷ്ണയ്യര്‍ മുതുവാന്മാരുടെ ഇടയിലെ സൂര്യാരാധന യെക്കുറിച്ച് പ്രതിപാദി ക്കുന്നുണ്ട്. മുതുവാന്മാര്‍ സൂര്യനെ മാത്രമല്ല മരിച്ചുപോയ പിതൃക്ക ളേയും, പ്രകൃതിശക്തി കളേയും, ദുര്‍ദേവതകളേയും ആരാധിക്കുന്നുണ്ട്. പില്‍ക്കാലത്ത് ഈ സൂര്യാരാധന ആര്യവല്‍ക്കരിക്കാന്‍ ശ്രമിച്ചതായി കാണാം.

ആദിമനിവാസികളില്‍ അടുത്തത് പറയരാണ്. പുലയരും പറയരും ഒരേ ഗോത്രത്തില്‍പ്പെട്ടവരാണെന്നാണ് ചരിത്ര ഗവേഷകന്മാരുടെ കണ്ടെത്തല്‍. അതൊരു കണ്ടെത്തല്‍മാത്രമല്ല പറയരും പുലയരും ഒന്നുതന്നെയാണ്. വരുന്ന അദ്ധ്യായങ്ങളില്‍ അത് വ്യക്തമായി പ്രതിപാദിക്കുന്നതുകൊണ്ട് തല്‍ക്കാലം ആദിവാസികളുടെ ജീവക്രമങ്ങള്‍കണ്ടെത്താന്‍ ശ്രമിക്കാം. ആദിമ നിവാസികളില്‍പ്പെട്ടവര്‍തന്നെയാണ് ആദിവാസികളും. ആദി ദ്രാവിഡര്‍ എന്നപേരിലും ഇന്ന് ഗിരിജനങ്ങള്‍ എന്ന പേരിലും അറിയപ്പെടുന്ന ആദിവാസികളില്‍ ദ്രാവിഡ സംസ്‌ക്കാരത്തിന്റെ കലര്‍പ്പ്കാ ണപ്പെടുന്നുണ്ട്.

നിലമ്പൂരിലും പരിസരപ്രദേശങ്ങളിലും കാണപ്പെടുന്ന അരനാടന്‍മാര്‍ അല്ലെങ്കില്‍ ഏര്‍നാടന്മാര്‍ ആണ് ഇന്ത്യയിലിന്ന് ഏറ്റവും പ്രാചീനന്മാരായി ഗണിക്കപ്പെട്ടുപോരുന്നത്. അമ്പും വില്ലും ഉപയോഗിക്കുന്ന അരനാടന്മാര്‍ ഭക്ഷണാവശ്യത്തിനായി കാടുകളെ തന്നെയാണ് ആശ്രയിച്ചിരുന്നത്. വയനാട്ടിലെ ഇരാളര്‍, പണിയര്‍, കുറുമ്പര്‍, കൊച്ചി-തിരുവിതാംകൂര്‍ മലനിരകളിലെ കാടര്‍, കാണിക്കാര്‍, മലപണ്ടാരം എന്നീ വിഭാഗങ്ങള്‍ പ്രാചീന ശിലായുഗത്തേയും നവീന ശിലായുഗത്തേയും പ്രതിനിധാനം ചെയ്യുന്നവരാണ്.

ബി.എസ്. ഗുഹ എഴുതിയ 'adivasis' എന്ന ഗ്രന്ഥത്തില്‍ വയനാട് മുതല്‍ കന്യാകുമാരി വരെ നീളുന്ന പശ്ചിമഘട്ടനിരകളിലാണ് ഇന്ത്യയിലിന്ന് അവശേഷിച്ചിട്ടുള്ള വരില്‍ ഏറ്റവും പ്രാകൃതമായ ആദിവാസികളു ള്ളതെന്ന് പറയുന്നു.

ദ്രാവിഡ സംസ്‌ക്കാരത്തിന്റെ സങ്കരമായ ആദിവാസികള്‍

ആര്യപ്രവാഹം ആരംഭിക്കുന്നതിന് നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് കേരളക്കര യില്‍ എത്തിയ ദ്രാവിഡരുമായി ചേര്‍ന്നാണ് ആദിമ നിവാസികള്‍ ദ്രാവിഡ സംസ്‌ക്കാരത്തിന്റെ ഉടമകളായിമാറിയത്. ഈ കാര്യം നേരത്തെചൂണ്ടികാട്ടിയത് ഓര്‍ക്കുമല്ലോ. ദ്രാവിഡര്‍ക്കും, ഇന്തോ-യൂറോപ്യന്മാര്‍ക്കും വഴിമാറിക്കൊടുത്തവര്‍ മലനിരകളിലും, ഗുഹകളിലും വീണ്ടും പുനര്‍ജ്ജനിച്ചു. അവരാണ് ഇന്ന് ആദിവാസികള്‍ എന്നും ഗിരിജനങ്ങളെന്നും പറയപ്പെടുന്നവര്‍.

കേരളത്തിന്റെ വടക്കന്‍ മേഖലകളിലും തമിഴ് നാടിന്റെയും, കര്‍ണ്ണാടക ത്തിന്റെയും അതിര്‍ത്തിപ്രദേശങ്ങളിലുമായിട്ടാണ് ആദിമനിവസികളെ കാണപ്പെടുന്നത്. ഉത്തര കേരളത്തില്‍പ്പെട്ട വയനാടന്‍ താലൂക്കുകളിലും, അട്ടപ്പാടി താഴ്‌വാരങ്ങളിലുമായാണ് കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആദിവാസികള്‍ കേന്ദ്രീകരിക്കപ്പെട്ടിട്ടുള്ളത്. ഇവിടെമൊരു ട്രൈബല്‍ ഏരിയയാണ്.

ഇന്നവര്‍ ഒരു പ്രത്യേക സംസ്‌ക്കാരത്തിന്റെയും പ്രത്യേക ഭാഷയുടെയും ആചാരാനുഷ്ഠാനുങ്ങളുടെയുമെല്ലാം ഉടമകളാണ്. ഇവരില്‍ പ്രത്യേക മതമൊന്നും ഉണ്ടായിരുന്നില്ല. കാലക്രമത്തില്‍ ഇവിടെയെത്തിയ ഇന്തോ-യൂറോപ്യന്മാര്‍ക്കു ശേഷമായിരുന്നു മതത്തിന്റെ കടന്നാക്രമണം ഇവരെ സ്വാധീനിക്കാന്‍ ആരംഭിച്ചതെന്നുവേണം കരുതാന്‍. ജൈനമതത്തിന്റെയും, ബുദ്ധമതത്തിന്റെയും സ്വാധീനമാണ് ആദ്യം ഇവരില്‍ കാണപ്പെട്ടത്. പിന്നീടാണ് ഹിന്ദുമതത്തിന്റെ സ്വാധീനവലയത്തിനുള്ളില്‍പ്പെട്ടത്. ആദിവാസികളുടെ ജീവതക്രമം പരിശോധിച്ചാല്‍ അവര്‍ പ്രകൃതിശക്തി കളേയും, ഭൂത-പ്രേതങ്ങളേയും ആരാധിച്ചിരുന്നുവെന്നുകാണാം. എന്തെല്ലാം സ്വാധീനമുണ്ടെങ്കില്‍പോലും ആദിവാസികള്‍ക്കിടയില്‍ ഇന്നും പ്രാകൃത മായ മതാചാരങ്ങള്‍ നിലനില്ക്കുന്നുണ്ട്. 'ആധുനിക സംസ്‌ക്കാരത്തിന്റെ ഉറവിടംതന്നെ ആദിവാസി സംസ്‌ക്കാരത്തില്‍ നിന്നും ഉരുത്തിരിഞ്ഞ തല്ലായെന്ന് സംശയിക്കേണ്ടി രിക്കുന്നുവെന്നാണ് ആദിവാസികളെക്കുറിച്ച് പഠനം നടത്തുവാന്‍ ദീര്‍ഘകാലം അവരുടെ ഇടയില്‍ കഴിച്ചുകൂട്ടിയ എന്റെ സുഹൃത്തുകൂടിയായ വെട്ടിയാര്‍ എം.പ്രേംനാഥിന്റെഅഭിപ്രായം.3 ആദിവാസികളെക്കുറിച്ചും അവരുടെ ഭാഷയെക്കുറിച്ചും ഇത്രയേറെ ആഴത്തില്‍ പഠിച്ച വെട്ടിയാറിനെപ്പോലെ മറ്റൊരാള്‍ കേരളത്തില്‍ ഇന്നേവരെ ഉണ്ടായിട്ടില്ല. ആദിവാസി ഭാഷ അവരുടെ ഊരുകളില്‍ താമസിച്ച് പഠിക്കുന്നതിനിടയില്‍ രോഗബാധിതനായിട്ടാണ് തന്റെ ദൗത്യം പൂര്‍ത്തീകരിക്കും മുന്‍പ് പ്രേംനാഥ് കാലഗതിപ്രാപിക്കേണ്ടിവന്നത്.

എന്നാല്‍ കേരളത്തിലെ ആദിവാസികളെക്കുറിച്ച് ആദ്യമായി ഒരു സര്‍വ്വെ നടത്തിയതും പഠനത്തിനുശ്രമിച്ചതും എഡ്ഗര്‍താഴ്സ്റ്റണ്‍ ആണ്. 1901-ലാണ് അദ്ദേഹം ഇന്ത്യയിലൊട്ടാകെ സര്‍വ്വെനടത്തിയത്. ഈ സര്‍വ്വെ ക്രോഡീകരിച്ചാണ് 1906-ല്‍ ''Ethadgraphic notes on southern india' എന്ന അദ്ദേഹത്തിന്റെ ആദ്യഗ്രന്ഥം പ്രസിദ്ധീകരിക്കപ്പെട്ടത്.4 കൊച്ചി രാജ്യ ചരിത്രം എഴുതിയ കെ.പി.പത്മനാഭമേനോനെ പ്പോലുളളവരുടെ കണ്ടെത്തല്‍ കാണിക്കാര്‍, മലയര്‍, മുതുവര്‍, ഊരാളികള്‍, കുറവര്‍, വേലന്മാര്‍, ചെറുമികള്‍, പുലയര്‍, പറയര്‍ ഇത്യാദി വര്‍ഗ്ഗങ്ങള്‍ കേരളത്തിലെ ആദിമ നിവാസികള്‍ ആണെന്ന ചില ചരിത്രകാരന്മാരുടെ അഭിപ്രായം തെറ്റാണെന്നാണ്. അവരെല്ലാം പിന്നീട് കേരളത്തില്‍ വന്ന് കുടിയേറിപ്പാര്‍ത്തവരാണത്രെ. ഭാഷാ സാഹിത്യ ചരിത്രം രചിച്ച ആര്‍.നാരായണപ്പണിക്കരും ഇതേ അഭിപ്രായം വച്ചുപുലര്‍ത്തുന്ന സാഹിത്യകാരനാണ്. ഇപ്പോള്‍ ആര്യന്മാരും വന്നവരല്ലെന്നും ഇന്ത്യക്കാരാ ണെന്നും വരുത്തിത്തീര്‍ക്കാന്‍ കൊണ്ടുപിടിച്ച ശ്രമം നടക്കുന്നുണ്ട്. കാവിവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നവരിലെ ചരിത്രകാരന്മാരാണ് പുതിയ പരശുരാമകഥയുമായി കീഴാളരെതള്ളിപ്പറയുവാന്‍ ശ്രമിക്കുന്നത്. മേല്‍പ്പറഞ്ഞ വിഭാഗത്തില്‍പ്പെട്ട ആരും തന്നെ പുറമേ നിന്നും കുടിയേറി പ്പാര്‍ത്തവരല്ല. എല്ലാവിഭാഗവും ഇവിടത്തെ ആദിമനിവാസികളാണ്. ചെറുമികള്‍ എന്നൊരു വര്‍ഗ്ഗം ആദിമനിവാസികളിലോ, ആദിവാസി കളിലോ ഇല്ലായെന്നത് കെ.പി.പത്മാഭമേനോനെ പ്പോലുള്ള യഥാര്‍ത്ഥ ചരിത്രം വളച്ചൊടിക്കാന്‍ നടക്കുന്നവര്‍ മനസ്സിലാക്കാത്തതുഖേദകരമാണ്. ചെറുമര്‍ എന്നൊരു വിഭാഗം മലബാറിലും തെക്കന്‍ തിരുവിതാകൂറിലും ഉണ്ടായിരുന്നു. അവരാണ് ചേരമരായതെന്ന മലബാര്‍ മാനുവലില്‍ വില്യം ലോഗന്‍ രേഖപ്പെടുത്തിയത് വിവരമില്ലായ്മകൊണ്ടോ അജ്ഞതകൊണ്ടോ ആയിരുന്നു. അതെ സമയം ചെറുമര്‍ പുലയരില്‍പ്പെട്ട ഒരു വിഭാഗമാണ്.

'വയനാട്, നീലഗിരി, അട്ടപ്പാടി ഉള്‍പ്പെടുന്ന മലമ്പ്രദേശത്തില്‍ മാത്രം ഇരുപതോളം ആദിവാസികള്‍ ഉണ്ടെന്നു കണക്കാക്കപ്പെടുന്നു. ഇരുളര്‍, മുഡുഗര്‍, കുറുമ്പര്‍, പണിയര്‍, കുറുമര്‍, കുറിച്യര്‍, കരിംപാലര്‍, ഊരാളികുറുമര്‍, കുണ്ടുവടിയന്‍, വയനാടന്‍ കാടര്‍, ഉരിഡവന്‍, കനലാടി, പതിയന്‍, കാട്ടുനായക്കന്‍ (തേന്‍ കുറുമര്‍), അടിയര്‍, കൊറഗര്‍, മളളുവക്കറുമര്‍, കനലാടികള്‍, ഇടനാടന്‍ ചെട്ടി, മന്നാന്‍, കുമ്പാലന്‍, ബളളാടന്‍, പുറാം ബിലാന്‍, കോലാന്‍, മേക്കുറാന്‍, ആളാര്‍, അറനാടന്‍, ചിങ്ങത്താന്‍, എരവാലന്‍, കുളനാടി, കരവഴി, കൊച്ചുവേലന്‍, കുടിയ, മലആര്യന്‍, മലക്കാരന്‍, കൊറവന്‍, മഹമലഗര്‍, മലപണ്ടാരം, മലപ്പണിക്കര്‍, മലശന്‍, മലവേടന്‍, മലവെട്ടുവന്‍, മലയടിയര്‍, മലയാളര്‍, മണ്ണാന്‍, മാതാ, മാവിലാന്‍, ഉരിദവന്‍, ഗോദള, തച്ചനാടന്‍ മൂപ്പന്‍, മലമുത്തന്‍, മുളവാന്‍, മല ഉളളാടര്‍, മലപ്പുലയന്‍, കരവഴിപുലയന്‍, കുറമ്പപ്പുലയന്‍ തുടങ്ങിയവരാണ് കേരളത്തിലെ പ്രധാന ആദിവാസികള്‍.5

വയനാടിന് തൊട്ടുകിടക്കുന്ന കോട്ടയം, കുറുമ്പനാട് എന്നീ സ്ഥലങ്ങളിലും, കോഴിക്കോടിന്റെ കിഴക്കന്‍ മലയോരങ്ങളിലും കാണപ്പെടുന്ന കൂറിച്യര്‍ വളരെ പ്രത്യേകതകള്‍ ഉളള ഒരു ആദിവാസി സമൂഹമാണ്. മറ്റുളള ആദിവാസികള്‍ അവരെ തൊടാനോ, തീണ്ടാനോ പാടില്ലന്നാണ് വെയ്പ്. മറ്റുളളവര്‍ തൊട്ടവെളളം പോലും കുറിച്യര്‍ കുടിക്കില്ല. തങ്ങള്‍ അധിവസിക്കുന്ന കുടിലില്‍ അന്യര്‍ ആരെങ്കിലും ഒന്നു തൊട്ടുപോയാല്‍ അവരത് ഉപേക്ഷിച്ചു പോകും. അല്ലെങ്കില്‍ തീവച്ചു നശിപ്പിക്കുകയാണ് പതിവ്. പഴശ്ശിരാജാവിന്റെ ധീരരായ യോദ്ധാക്കന്മാരായിരുന്നു കുറിച്യര്‍.

ഇവരെ കൂടാതെ വയനാടന്‍ പുലയര്‍ എന്നൊരുവിഭാഗവും തെക്കേ വയനാട്ടിലെ കരുമ്പാല, കോട്ടത്തറ, ആമ്പിലേരി, തരിയോട്, പടിഞ്ഞാറേത്തറ, കുപ്പാടിത്തറ എന്നീ പ്രദേശങ്ങളില്‍ കാണപ്പെടുന്നുണ്ട്. മാതപുലയരെന്നും, ഹില്‍പുലയരെന്നും ഇവരെ അറിയപ്പെടുന്നുണ്ട്. എന്നാല്‍ സമതലങ്ങളിലെ പുലയരുമായി വയനാടന്‍ പുലയര്‍ക്ക് യാതൊരു ബന്ധവും കാണുന്നുമില്ല. മനസ്സിലാക്കാന്‍ പ്രയാസമുളള ഒരു തരം മലയാള ഭാഷയാണവര്‍ സംസാരിക്കുന്നത്. ഇവരുടെ ജനസംഖ്യയും വളരെ കുറവാണ്. ആദിമ നിവാസികളുടെ കൂട്ടത്തിലും പുലയരെ കാണപ്പെടുന്നുണ്ട്. ഇതില്‍ നിന്നെല്ലാം കേരളത്തിലെ അതിപ്രാചീനമായ ഒരു ഗോത്രവര്‍ഗ്ഗമാണ് പുലയര്‍ എന്നത് വളരെ ശക്തമായിതന്നെ തെളിയുന്നുണ്ട്.

ഈ ആദിവാസികള്‍ എല്ലാം തന്നെ അസംഘടിതരും, അകന്നു താമസിക്കുന്നവരുമാണ്. കാടുകള്‍വെട്ടിത്തെളിയിച്ച് തീയിട്ട് നിലമാക്കി കൃഷിചെയ്യുന്നവരാണ് ഇവര്‍. ഈ കൃഷി സമ്പ്രദായത്തിനെ പൂനം കൃഷി എന്നാണ് പറയുന്നത്. കേരളത്തില്‍ നെല്‍കൃഷികണ്ടെത്തി നടപ്പില്‍ വരുത്തിയത് പുലയരാണ്. കേരളത്തിലെ ഏറ്റവും വലിയ ആദിവാസി കള്‍ പണിയരാണ്. അതെ സമയം ഏറ്റവും പിന്നില്‍ നില്ക്കുന്നതും പണിയര്‍ തന്നെ. പണിയരെ ഏറ്റവും കൂടുതല്‍ കാണപ്പെടുന്നത് വയനാട്ടിലാണ്. ആഫ്രിക്കയിലെ നീഗ്രോവര്‍ഗ്ഗക്കാരുമായി ആകാരത്തിലും സവിശേഷതകളിലും ഇവര്‍ക്ക് വളരെയധികം സാദൃശ്യം കാണുന്നു. ചുരുളന്‍മുടിയും, തടിച്ച ചുണ്ടുകളും ഇവരുടെ പ്രത്യേകതകളാണ്.

ആദിവാസികളെ കൊണ്ട് മുതലെടുത്തതും പ്രയോജനപ്പെടുത്തിയതും യൂറോപ്യന്‍ തോട്ടമുടമകളായിരുന്നു. യൂറോപ്യന്‍ മേല്‍ക്കോയ്മ ഒഴിഞ്ഞപ്പോള്‍ നാട്ടിലെ സവര്‍ണ്ണ സായ്പന്മാര്‍ അവരെ വീണ്ടും ചൂഷണ ഉപകരണമാക്കി. അതില്‍ നിന്നും ആദിവാസികള്‍ ഇന്നും വിമുക്തരല്ല. ആഫ്രിക്കയിലെ നീഗ്രോകളെക്കാള്‍ ദയനീയമാണ് കേരളത്തിലെ ആദിവാസികളുടെ അവസ്ഥ. മുത്തങ്ങപോലുള്ള വനപ്രദേശങ്ങളില്‍ നിരായുധരായി നിലനില്പിന് സമരം നടത്തിയ ആദിവാസികൂട്ടങ്ങളെ നിര്‍ദ്ദാക്ഷിണ്യം സര്‍ക്കാരിന്റെ പോലീസും തോട്ടമുടമകളുടെ ലോബികളും ചേര്‍ന്ന് മര്‍ദ്ദിച്ചും വെടിവച്ചും ഒതുക്കുകയായിരുന്നു. വനമേഖലയുടെ അവകാശികളായ ആദിവാസികളെ നശിപ്പിക്കാന്‍ നടത്തുന്ന സര്‍ക്കാര്‍ നയം തന്നെ നിയമവിരുദ്ധവും ഭരണഘടനാ ലംഘനവുമാണ്. ഈ നില മാറണമെങ്കില്‍ അവരുടെ ഇടയില്‍ നിന്നുതന്നെ ഒരു അബ്രഹാം ലിങ്കനോ, മാര്‍ട്ടിന്‍ ലൂഥര്‍ കിംഗോ, മണ്ടേലയോ ജന്മം കൊള്ളണം. അതും സംഭവിക്കുകയില്ലെന്നുപറയാന്‍ ആവില്ല.

സഹായഗ്രന്ഥങ്ങള്‍:
1. 'ഇന്ത്യാചരിത്രം' അദ്ധ്യായം ഒന്ന് - ജനങ്ങള്‍ - അനാര്യന്മാര്‍ ജ.15
2. 'ഇന്ത്യാചരിത്രം' അദ്ധ്യായം ഒന്ന് - ജനങ്ങള്‍ - അനാര്യന്മാര്‍ ജ.10, 11
3. വെട്ടിയാര്‍ എം. പ്രേംനാഥിന്റെ പഠനങ്ങള്‍
4. എഡ്ഗര്‍ തഴ്സ്റ്റണ്‍-'ETHADGRAPHIC NOTES ON SOUTHERN INDIA'
5. ഗ്രന്ഥകര്‍ത്താവിന്റെ വയനാടന്‍ മേഖലയിലെ പഠനങ്ങളില്‍നിന്നും.

ആമുഖം വായിക്കുക 

അദ്ധ്യായം - രണ്ട്