"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, സെപ്റ്റംബർ 24, വ്യാഴാഴ്‌ച

ശ്രീ വൈകുണ്ഠസ്വാമികള്‍ അഥവാ അയ്യാ വൈകുണ്ഠരുടേയും അയ്യാവഴിയുടെയും ചരിത്രം - ഡോ. സുരേഷ് മാനേ

ശ്രീ വൈകുണ്ഠസ്വാമികളുടെയും അയ്യാവഴിയുടെയും ചരിത്രം പത്തൊന്‍പതാം നൂറ്റാണ്ടിന്റെ മധ്യകാലത്ത് ദക്ഷിണേന്ത്യയില്‍ ഉദയം ചെയ്ത അയ്യാവഴിയെന്ന മതപരമായ വിശ്വാസസ മ്പ്രദായത്തിന്റെ ചരിത്രവുമായി ബന്ധപ്പെട്ടുകിടക്കുന്നു. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ മധ്യകാലഘട്ടത്തോടുകൂടി അയ്യാ വൈകുണ്ഠരെ ആരാധിക്കുവാന്‍ തടിച്ചുകൂടിയ വമ്പിച്ച ജനാവലിയി ലൂടെയാണ് അയ്യാവഴി ലോകത്തിന്റെശ്രദ്ധയിലേയ്ക്കു വരുന്നത്. കന്യാകുമാരി-നാഗര്‍കോവില്‍ ജില്ലയിലെ സ്വാമിത്തോപ്പെന്ന ഗ്രാമത്തില്‍ പൊന്നുമാടന്റെയും വെയിലാളരുടെയും രണ്ടാമത്തെ പുത്രനായാണ് 1803 ല്‍ വൈകുണ്ഠസ്വാമികള്‍ (1803-1851) ജനിക്കുന്നത്. അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ അദ്ദേഹത്തിന് മുടിചൂടും പെരുമാള്‍ എന്നു പേരിട്ടു. എന്നാല്‍ പെരുമാള്‍ എന്ന പദം പേരിനൊപ്പം ഉണ്ടായിരുന്നതിനാല്‍ (കാരണം അത് ഉയര്‍ന്നജാതിക്കാര്‍ മാത്രം ഉപയോഗിച്ചിരുന്ന പദമായിരുന്നു) ഉയര്‍ന്ന ജാതിക്കാര്‍ ഇതിനെ എതിര്‍ത്തു. തുടര്‍ന്ന് പേര് മുത്തുക്കുട്ടിയെന്നാക്കി മാറ്റുകയുണ്ടായി.

വൈകുണ്ഠസ്വാമികള്‍ ഒരു സന്യാസിവര്യനും പരിഷ്‌ക്കര്‍ത്താവും വിപ്ലവകാരി യുമായിരുന്നു. ജാതിസമ്പ്രദായത്തിനും അയിത്തത്തിനും ബ്രാഹ്മണിക്കല്‍ സമ്പ്രദായത്തിനുമെതിരായി നിശിതിമായ വിമര്‍ശനം അദ്ദേഹം നടത്തി. ഒരു ജാതിരഹിതസമൂഹം സൃഷ്ടിക്കണമെന്ന ലക്ഷ്യത്തോടെ അദ്ദേഹം സമത്വസമാജം എന്ന സംഘടന രൂപീകരിച്ചു. അയിത്തജാതി ജനവിഭാഗങ്ങളെ അവരുടെ അടിമത്തത്തില്‍ നിന്നും വിമോചിപ്പിക്കുവാനും ധര്‍മ്മയുഗം സ്ഥാപിക്കുവാനുമാണ് താന്‍ ജനിച്ചതെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. അദ്ദേഹത്തിന്റെ പോരാട്ടത്തിന്റെ സ്വഭാവം താഴെക്കൊടുത്തി രിക്കുന്ന പ്രത്യയശാസ്ത്രപരമായ സ്തംഭങ്ങളില്‍ നിന്നും നന്നായി ഗ്രഹിക്കാന്‍ കഴിയും.

1. ജാതിയുടെ ചങ്ങലകള്‍ തകര്‍ക്കുന്നതിനായി വ്യത്യസ്തജാതികളിലെ അംഗങ്ങള്‍ തമ്മില്‍ അദ്ദേഹം മിശ്രഭോജനം ആരംഭിച്ചു.
2. ദുഷ്ടശക്തികളെ ആരാധിക്കുന്നതും വിഗ്രഹാരാധനയെയും ഉപേക്ഷിക്കാന്‍ അദ്ദേഹം തന്റെ അനുയായികളോടാവശ്യപ്പെട്ടു.
3. ബ്രാഹ്മണരുടെ ക്ഷേത്രസമ്പ്രദായത്തെ അദ്ദേഹം എതിര്‍ത്തു.
4. അദ്ദേഹത്തിന്റെ എല്ലാ പ്രബോധനങ്ങളും അടിസ്ഥാനപരമായ ബ്രാഹ്മണവിരുദ്ധ സ്വഭാവമുള്ളവയായിരുന്നു. എല്ലാ ബ്രാഹ്മണരേയും താന്‍ നാമാവശേഷമാക്കുമെന്ന് അദ്ദേഹം തന്റെ അനുയായികള്‍ക്ക് ഉറപ്പുകൊടുക്കുകവരെയുണ്ടായി.
5. മൃഗബലിയെ അദ്ദേഹം ശക്തിയായി എതിര്‍ത്തിരുന്നു.
6. ഉയര്‍ന്നജാതിക്കാരെ ഭയപ്പെടാതെ ആത്മാഭിമാനപൂര്‍ണ്ണമായ ഒരു ജീവിതം നയിക്കുവാന്‍ അദ്ദേഹം താഴ്ന്നജാതിക്കാരെ പ്രേരിപ്പിച്ചിരുന്നു.
7. ജാതിബദ്ധമായ തിരുവിതാംകൂര്‍ രാജ്യത്തേയും അതിന്റെ രാജാവിനെയും തന്റെ അനുശാസനങ്ങളില്‍ അദ്ദേഹം ശക്തിയായി വിമര്‍ശിച്ചിരുന്നു.
8. താഴ്ന്നജാതിക്കാര്‍ക്കുമേല്‍ അമിത നികുതിഭാരം അടിച്ചേല്‍പ്പിക്കുന്ന തിരുവിതാംകൂര്‍ രാജാവിനെ അദ്ദേഹം പരസ്യമായി അപലപിച്ചിരുന്നു. തിരുവിതാംകൂര്‍ രാജാവിനെ അനന്തപുരി നീചനെന്ന് പരസ്യമായിത്തന്നെ അദ്ദേഹം വിളിച്ചിരുന്നു.
9. താഴ്ന്നജാതിക്കാരുടെ മതപരമായ ആചാരാനുഷ്ഠാനങ്ങളില്‍ അദ്ദേഹം വ്യത്യാസങ്ങള്‍ വരുത്തി. 
10. ജാതിനിയമങ്ങളെ ലംഘിക്കുവാന്‍ അദ്ദേഹം ജനങ്ങളെ പഠിപ്പിച്ചു.തിരുവിതാംകൂറിന്റെയും തിരുനെല്‍വേലിയുടെയും സമീപപ്രദേശങ്ങളില്‍ അദ്ദേഹ ത്തിന്റെ ഖ്യാതി സാവധാനം വ്യാപിക്കുകയും അമാനുഷിക ശക്തികളുള്ള ഒരു മതാചാര്യനായി ക്രമേണ അദ്ദേഹം സമൂഹത്തില്‍ അംഗീകരിക്കപ്പെടുകയും ചെയ്തു. എന്നാല്‍ വൈകുണ്ഠസ്വാമികളുടെ ജാതിവിരുദ്ധ പ്രബോധനങ്ങളും, ജാതിവിരുദ്ധ പോരാട്ടങ്ങളും, ബ്രാഹ്മണരെ നിന്ദിക്കലും, താഴ്ന്നവര്‍ഗ്ഗക്കാരെ അയിത്തജാതികളും അടിമകളുമായി കാണുന്ന തിരുവിതാംകൂര്‍ രാജാവിനോടുള്ള വെറുപ്പും, ഉയര്‍ന്നജാതി മേല്‍ക്കോയ്മയെ വെല്ലുവിളിക്കുന്ന അദ്ദേഹത്തിന്റെ ധീരവും ഉറച്ചതുമായ നിലപാടുകളും, എല്ലാ ജാതിവ്യത്യാസങ്ങളെയും നിര്‍മ്മാര്‍ജ്ജനം ചെയ്തു കൊണ്ട് താഴ്ന്നജാതിക്കാരെല്ലാവരേയും ഐക്യപ്പെടുത്തുക എന്നത് തന്റെ ദൗത്യമാണെന്ന പ്രഖ്യാപനവും എല്ലാം ഉയര്‍ന്നജാതിക്കാരില്‍ ആശങ്കകള്‍ സൃഷ്ടിക്കുകയും അവരുടെ ഒരു പരാതിയെത്തുടര്‍ന്ന് തിരുവിതാംകൂര്‍ രാജാവ് അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുകയും ചെയ്തു. ജയിലിനുള്ളില്‍ വച്ച് തിരുവിതാംകൂര്‍ രാജാവിന്റെ നിരവധി ക്രൂരമായ പീഡനങ്ങള്‍ക്കും വിചാരണകള്‍ക്കും അദ്ദേഹം വിധേയനായി. 112 ദിവസക്കാലത്തെ തടവിനുശേഷം 1839 മാര്‍ച്ചില്‍ അദ്ദേഹം ജയില്‍ മോചിതനാവുക യുണ്ടായി. വിമോചിതനാക്കുന്നതിനുമുന്‍പ് വൈകുണ്ഠസ്വാ മികളുടെ പ്രവര്‍ത്തനങ്ങളെ അദ്ദേഹത്തിന്റെ ജാതിക്കാരില്‍ മാത്രമായി (നാടാരില്‍) പരിമിതപ്പെടുത്തുവാന്‍ രാജാവ് നിര്‍ബന്ധം ചെലുത്തിനോക്കിയെങ്കിലും അദ്ദേഹം ആ കരാറില്‍ ഒപ്പിടാന്‍ വിസമ്മതിച്ചു കൊണ്ട് അതിനെ കീറിയെറിയുകയാണു ചെയ്തത്.

അയ്യാവഴിയുടെ അനുയായികളിലേറിയപങ്കും സമൂഹത്തിലെ പ്രാന്തവല്‍ക്ക രിക്കപ്പെട്ടവരും ദരിദ്രരുമായ വിഭാഗത്തില്‍ നിന്നുള്ളവരാണ്. കൂടുതലും ചാന്നാര്‍ അഥവാ നാടാര്‍ ജാതിയില്‍ നിന്നുള്ളവരുമാണ്. അയ്യാവഴി വികാസം പ്രാപിച്ച ആദ്യകാലഘട്ടം മുതല്‍ക്കുതന്നെ അതിന്റെ പ്രവര്‍ത്തപദ്ധതികളും ക്രിസ്ത്യന്‍ മിഷനറിമാരും തമ്മില്‍ മല്‍സരമുണ്ടായിരുന്നു. ക്രിസ്ത്യന്‍ മിഷനറി മാരുടെ റിപ്പോര്‍ട്ടുകളില്‍ അയ്യാവഴിയെക്കുറിച്ചുള്ള പരാമര്‍ശങ്ങളുള്ളത് ഇതിന് തെളിവാണ്. 1851 ല്‍ ദിവംഗതനാകുന്നതു വരേയും ഭയരഹിതവും വിശ്രമരഹിതവുമായി തൊട്ടുകൂടാത്തവരും ദൃഷ്ടിയില്‍ പ്പെട്ടാല്‍ പ്പോലും ദോഷമുള്ളവരുമായ താഴ്ന്നജാതി ക്കാരുടെ ശാക്തീകരണത്തിനായി അദ്ദേഹം നിരന്തരം പ്രവര്‍ത്തിച്ചു. ഇന്ന് 159 വര്‍ഷം കഴിഞ്ഞിട്ടുപോലും തമിഴ്‌നാടിന്റെ തെക്കന്‍പ്രദേശങ്ങളില്‍ വൈകുണ്ഠ സ്വാമികള്‍ക്ക് വമ്പിച്ചതോതില്‍ അനുയായികളുണ്ട്. അയ്യാവഴി മതത്തിന്റെ മുഖ്യആസ്ഥാനക്ഷേത്രം സ്ഥിതിചെയ്യുന്നത് തമിഴ്‌നാട്ടില്‍ നാഗര്‍കോവിലിനടുത്ത് സ്വാമിത്തോപ്പ് ഗ്രാമത്തിലെ സ്വാമിത്തോപ്പു പതിയിലാണ്. അദ്ദേഹത്തിന്റെ ജയന്തി എല്ലാവര്‍ഷവും അത്യാര്‍ഭാട പൂര്‍വ്വമാണ് സ്വാമിത്തോപ്പില്‍ ആഘോഷിക്കപ്പെടുന്നത്. ഇന്ന് അദ്ദേഹത്തിന്റെ അനുയായികളില്‍ മുഖ്യമായും നാടാര്‍ സമുദായത്തി ലുള്ളവര്‍ അയിത്തജാതിക്കാരും ദൃഷ്ടിയില്‍പ്പെട്ടാല്‍ ദോഷമുള്ളവരുമല്ല. അതുകൊണ്ടുതന്നെ ബ്രാഹ്മണിസത്തിനും അയിത്തത്തിനും ജാതിസമ്പ്രദായ ത്തിനുമെതിരെ അദ്ദേഹം നടത്തിയ പോരാട്ടങ്ങള്‍ ഇന്ന് അധികമാരും ഓര്‍മ്മിക്കുന്നില്ല. എന്നാലതേസമയം ശ്രീനാരായണഗുരു പ്രസ്ഥാനത്തിനു സംഭവിച്ചതുപോലെതന്നെ നിലവിലിരിക്കുന്ന ആചാരാനുഷ്ഠാനങ്ങളെ സ്വീകരിക്കുക വഴി, വൈകുണ്ഠസ്വാമിയുടെ സാമൂഹ്യ സാംസ്‌ക്കാരിക പോരാട്ടങ്ങളുടെ അടിസ്ഥാന ശിലകളില്ലാതെ അതൊരു ആത്മീയ പ്രസ്ഥാനത്തിന്റെ രൂപം കൈക്കൊണ്ടിരിക്കുകയാണ്. 

ശ്രീ വൈകുണ്ഠസ്വാമിയുടെ പ്രസ്ഥാനം കാരണം കന്യാകുമാരിയിലും സമീപജില്ലകളിലും ക്രിസ്തുമതത്തിന്റെ മതംമാറ്റപ്രസ്ഥാനത്തിന് മുന്നോട്ടുപോകുവാന്‍ കഴിഞ്ഞില്ല. അക്കാലത്തെ ഒരു മിഷനറിയുട റിപ്പോര്‍ട്ടില്‍ നിന്നും ഇക്കാര്യം മനസ്സിലാക്കാവുന്ന താണ്. 1872 ല്‍ എല്‍.എം.എസിന്റെ കൊട്ടാരം ഡിവിഷനിലെ (കിഴക്കന്‍ ഡിവിഷന്‍) നാഗര്‍കോവില്‍ മിഷന്‍ ജില്ലയുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ നിന്നുള്ള ഒരു ഭാഗമാണ് ചുവടെ കൊടുത്തിരിക്കുന്നത്.

'ഈ സെക്ഷന്‍ (താമരൈക്കുളം) ഉള്‍പ്പെടുന്ന ഗ്രാമത്തിലാണ് ദക്ഷിണ തിരുവിതാം കൂറില്‍ ത്തന്നെ സുവിശേഷത്തിന് ആദ്യകാല വിജയങ്ങളു ണ്ടായത്. പുരോഗതി ക്ഷിപ്രമായിരുന്നു. സഭകൂടുകയും വിശ്വാസികള്‍ വന്‍തോതില്‍ വന്നെത്തുകയും ചെയ്തു. 1821 ല്‍ 1200 ലധികം പരിവര്‍ത്തനപ്പെട്ടവര്‍ ഈ സ്ഥലത്തു തന്നെയുണ്ടായിരുന്നു. കുരിശിന്റെ സ്വാധീനത്തിലേയ്ക്ക് മുഴുവന്‍ ജനാവലിയും വന്നെത്തിയതു പോലെ യായിരുന്നു അത് അനുഭവപ്പെട്ടത്. എന്നാല്‍ മുത്തുക്കുട്ടി യിസത്തിന്റെ ഉദയത്തോടുകൂടി നമ്മുടെ പ്രവര്‍ത്തനപരിപാടികള്‍ക്ക് ഗുരുതരമായ ഒരു ഭീഷണി ലഭിച്ചിരിക്കുകയാണ്. ..........ആരാധനാലയങ്ങള്‍ ഉയര്‍ന്നുവരുന്നു. ആചാരാനുഷ്ഠാനങ്ങളും ആഘോഷങ്ങളും ആരംഭിച്ചു. ക്ഷേത്രങ്ങള്‍ സമര്‍പ്പിതമായിത്തുടങ്ങി. അടുത്തകാലത്തായി ഒരു വമ്പിച്ച ഉല്‍സവം കോട്ടയടിയില്‍ നടന്നതില്‍ സമീപസ്ഥവമായ ഗ്രാമങ്ങളില്‍ നിന്നും വിദൂരപ്രദേശങ്ങളില്‍ നിന്നും ആയിരക്കണക്കിന് ജനങ്ങളാണ് ഒഴുകിയെ ത്തിയത്. ചെകുത്താന്റെ ഈ ദുര്‍വിളയാട്ടം ആ പ്രദേശങ്ങളില്‍ നമ്മുടെ പുരോഗതിയെ വല്ലാതെ തടസ്സപ്പെടുത്തിയിരിക്കുകയാണ്. ഇപ്പോഴും ഭീഷണമായി നിലനില്‍ക്കുന്ന ഇരുട്ടിന്റെ ശക്തിയ്‌ക്കെതിരെ നാം ഒത്തുതീര്‍പ്പില്ലാത്ത യുദ്ധം നടത്തേണ്ടതുണ്ട്. ശക്തികേന്ദ്രങ്ങളെ വലിച്ചു താഴെയിടാനുള്ള നമ്മുടെ ആയുധം പ്രതാപിയായ ദൈവമാണ്. സത്യം നമുക്കൊപ്പമാണ്. മുത്തുക്കുട്ടിയി സമെന്നല്ല നരകത്തിലേയ്ക്കു തുറക്കുന്ന മറ്റേതു വാതിലും നിലനില്‍ക്കാന്‍ പോകുന്നില്ല. ഈ ദേവാലയങ്ങളില്‍ കൂടുതല്‍ ജീവിതം മാത്രമേ നമുക്ക് അതിനായി ആവശ്യമുള്ളൂ.....'

ആര്‍.എസ്.എസ്സിനേയും വിശ്വഹിന്ദു പരിഷത്തിനെയും പോലെയുള്ള ചില ഹിന്ദുസംഘടനകള്‍ വൈകുണ്ഠസ്വാമിയെ ഒരു ഹിന്ദു പരിഷ്‌ക്കരണ വാദിയായി ചിത്രീകരിക്കുന്നത് ശരിയല്ല. അതിന്റെ നിരവധിയായ അനുയായികള്‍ ഒരു പ്രത്യേക മതമായാണ് അയ്യാവഴിയെ കണക്കാക്കുന്ന തെങ്കില്‍ക്കൂടി ചില അനുയായികളാകട്ടെ അത് സ്വതന്ത്രമായ ഒരു മതമെന്നതിനു പകരം ഹിന്ദുമതത്തിന്റെ ഒരു ഭാഗമെന്ന നിലയിലുള്ള അഭിപ്രായം വച്ചുപുലര്‍ത്തുന്നു. അവര്‍ തമിഴ്‌നാട്ടിലെ ഗോത്രവിഭാഗക്കാര്‍ അനുഷ്ഠിക്കുന്നതിനു സമാനമായ ദൈവവല്‍ക്കരണവും നിഗൂഢമായ ആചാരാനുഷ്ഠാ നങ്ങള്‍ വച്ചുപുലര്‍ത്തുകയും ചെയ്യുന്നു. അയ്യാവഴിയുടെ ചില അടിസ്ഥാന വിശ്വാസങ്ങള്‍ക്ക് ഹിന്ദു വിഭാഗങ്ങളിലെ അദ്വൈതം പോലെയുള്ള ആശയങ്ങളുമായി സാദൃശ്യമുണ്ടെങ്കിലും സാമൂഹ്യശാസ്ത്ര പരമായി രാജ്യത്ത് രാഷ്ട്രീയപോരാട്ടങ്ങളും സാമൂഹ്യനവോത്ഥാനവും മതനവീകരണവും വിജയകരമായി നടപ്പിലാക്കിയ ആദ്യകാല സാമൂഹ്യ പരിഷ്‌ക്കര്‍ത്താവായിരുന്നു ശ്രീ വൈകുണ്ഠ സ്വാമികള്‍. 

കേരളത്തിലേയും തമിഴ്‌നാട്ടിലെയും സാമൂഹ്യവിപ്ലവകാരികളുടെ മാര്‍ഗ്ഗദര്‍ശി യായിരുന്നു അയ്യാ വൈകുണ്ഠര്‍. ഇന്ത്യയില്‍ നടന്ന എല്ലാ സാമൂഹ്യ പരിഷ്‌ക്കരണങ്ങളുടെയും മുന്‍ഗാമി അദ്ദേഹമായിരുന്നു. അയ്യാവഴിയുടെ അനുയായികള്‍ തൊഴിലാളിവര്‍ഗ്ഗത്തോട് സഹാനുഭൂതി കാട്ടുകയും അടിച്ചേല്‍പ്പിക്കുന്ന അധിക നികുതിക്കെതിരെ കലാപക്കൊടി യുയര്‍ത്തുകയും ചെയ്തിരുന്നു. രാഷ്ട്രീയ അടിച്ചമര്‍ത്തലിനെതിരെ അദ്ദേഹത്തിന്റെ അനുയായികള്‍ തുടക്കംമുതല്‍തന്നെ ഉറച്ച നിലപാടു സ്വീകരിക്കുകയും തിരുവിതാംകൂര്‍ രാജാവിനെ കലി നീചനെന്നും ബ്രിട്ടീഷുകാരെ വെണ്‍നീചരെന്നും മുദ്രകുത്തുകയും ചെയ്തിരുന്നു. മനുഷ്യാവകാശ ങ്ങള്‍ക്കും സാമൂഹ്യസമത്വത്തിനും വേണ്ടിയുള്ള ആദ്യ മുന്നേറ്റ മായിരുന്നു അത്. ദക്ഷിണേന്ത്യയില്‍ വമ്പിച്ച മാറ്റങ്ങള്‍ക്ക് അത് വഴിയൊരുക്കി. അതിന്റെ ഫലമായി ആത്മാഭിമാനത്തിനു വേണ്ടിയും അനീതികള്‍ക്കെതിരായും നടന്ന നിരവധി പ്രക്ഷോഭങ്ങള്‍ക്ക് അതു കാരണമായി. മാറുമറയ്ക്കല്‍ സമരം, ക്ഷേത്രപ്രവേശന സമരം, ശ്രീനാരായണഗുരുവിന്റെയും ചട്ടമ്പിസ്വാമിയുടെയും അയ്യന്‍കാളിയുടെയും പോരാട്ടങ്ങളെ വൈകുണ്ഠസ്വാമിപ്രസ്ഥാനം ശക്തമായി സ്വാധീനിച്ചിട്ടുണ്ട്.
-----------------------------------------------------
പരിഭാഷ: യു പി അനില്‍കുമാര്‍