"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, സെപ്റ്റംബർ 2, ബുധനാഴ്‌ച

ജാതിയും സംവരണവും സി. ഗോവിന്ദന്‍

സി ഗോവിന്ദന്‍ 
ജാതിനിര്‍മ്മാര്‍ജ്ജനം ഇന്ത്യയില്‍ സ്വാതന്ത്ര്യ സമരകാലത്തും 1947 വരെയും അതിനുശേഷവും രാഷ്ട്രീയനേതാക്കന്മാര്‍ ജാതീയമായി അടിച്ചമര്‍ത്ത പ്പെട്ടവര്‍ക്ക് നല്‍കിയ സുവര്‍ണ്ണ വാഗ്ദാന മായിരുന്നു. അടിച്ചമര്‍ത്തപ്പെട്ടവരുടെ മോഹമായി ത്തീര്‍ന്നു ഈ വാഗ്ദാനങ്ങള്‍. ജാതി രണ്ടുവിധമുണ്ട്; അയിത്തം കല്പിക്കപ്പെട്ടവരുടെ ജാതിയും അയിത്തം കല്പിക്കപ്പെടാ ത്തവരുടെ ജാതിയും. ഇവരെ അവര്‍ണ്ണരെന്നും സവര്‍ണ്ണരെന്നും തെറ്റായി പറയുന്നു. അയിത്തജാതിയില്‍ ആയിപ്പോകുന്നത് ഒരാളില്‍ അധഃസ്ഥിതത്വവും അയിത്തമി ല്ലാത്ത ജാതിയില്‍പ്പെടുന്നത് അങ്ങനെയുള്ളവരില്‍ അഹംഭാവവും സൃഷ്ടിക്കുന്നു. അധഃസ്ഥിതത്വമുള്ള വ്യക്തികളും സമൂഹവും സ്വന്തം ജാതി മറ്റുള്ളവര്‍ അറിഞ്ഞാല്‍ ഉണ്ടാകുന്ന ഭവിഷ്യത്ത് ഭയന്ന് പരമ്പരാഗത പേരുകള്‍ ചൊല്ലി തങ്ങളുടെ മക്കളെ വിളിക്കുന്നതിനു പകരം എല്ലാവരും ഉപയോഗിക്കുന്ന പൊതുപേരുകള്‍ അവര്‍ക്കിടുകയും, അയിത്തമില്ലെന്ന് പറയപ്പെടുന്നവരില്‍ ചിലര്‍ പ്രത്യക്ഷമായി ജാതി വെളിപ്പെടുത്തുന്ന പേരുകള്‍ മുഴുവനായോ ഭാഗികമായോ ഉപേക്ഷിക്കുകയും ചെയ്യുന്ന കാലഘട്ടമായിരുന്നു ഇരുപതാംനൂറ്റാണ്ടിന്റെ ആരംഭം. ഏതുപേരും സ്വീകരിക്കുന്നതിന് ഭരണഘടന അവര്‍ക്ക് അവകാശം നല്‍കുന്നു. ഭരണഘടനയുടെ പിന്‍ബലമില്ലാതെ തന്നെ സമരാധ്യനായ മന്നത്ത് പത്മനാഭന്‍ പേരു വെട്ടിച്ചുരുക്കി. മന്നത്ത് പത്മനാഭപിള്ള എന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യപേര്. സ്വാതന്ത്ര്യസമര കാലഘട്ടത്തിലാണ് നായര്‍ സര്‍വ്വീസ് സൊസൈറ്റിയുടെ സ്ഥാപകനായ മന്നത്തു പത്മനാഭപിള്ള പിള്ളസ്ഥാനം ഉപേക്ഷിച്ച് പ്രശസ്തനായ മന്നത്ത് പത്മനാഭനായത്. ജാതിപ്പേരു മുറിച്ചുകളയുന്ന കാര്യത്തില്‍ സമുദായം തന്നെ അനുഗമിക്കു മെന്നായിരുന്നു അദ്ദേഹത്തിന്റെ ചിന്തയും ആഗ്രഹവും. പക്ഷേ നടന്നില്ല. 'അയ്യര്‍' എന്ന കുലനാമമുള്ളവരുടെ പേരിനോടൊപ്പം സ്വാമി രേഖപ്പെടു ത്തിയിട്ടില്ലെങ്കില്‍പ്പോലും വിപ്ലവം കൊട്ടിഘോഷിക്കുന്ന നേതാക്കന്മാര്‍ സ്വാമി ചേര്‍ത്ത് പ്രസംഗിക്കുന്നത് അവരുടെ ജാതിവിധേയത്വം കൊണ്ടാണ്. 'മേല്‍ജാതി' ക്കാരുടെമേല്‍ 'കീഴ്ജാതി'ക്കാരുടെ നിഴല്‍ പതിക്കുന്നതുപോലും അയിത്തം ആകുമെന്ന് വിശ്വസിക്കുന്ന മൂഢന്മാരുടെ രാജ്യമാണ് ഇന്ത്യ.

സ്വാതന്ത്ര്യലബ്ധിയുടെ അരനൂറ്റാണ്ടു കഴിഞ്ഞപ്പോള്‍ കൊച്ചു ആണ്‍കുട്ടി കളുടെയും കൊച്ചുപെണ്‍കുട്ടികളുടെയും പേരിന്റെ വാലായി പിള്ള, നായര്‍, വര്‍മ്മ, പിഷാരടി, മേനോന്‍ തുടങ്ങിയവ ഇഴച്ചുകെട്ടിയി രിക്കുന്നത് വ്യാപകമായി കണ്ടുവരുന്നു. ഹിന്ദുമതത്തില്‍ നിന്നും മതം മാറിയ ചില മുസ്ലീങ്ങളും തങ്ങളുടെ പേരിന്റെ വാലായി പഴയ പിള്ളസ്ഥാനം ചേര്‍ത്തിരിക്കുന്നതായി കാണുന്നു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും പേരിന്റെ വാലായി ജാതിയും ജാതിസ്ഥാനവും ചേര്‍ക്കുന്നത് അവിഹിതമായി ഉന്നതഉദ്യോഗം, സാമ്പത്തികം, എം.എല്‍.എ., എം.പി., മന്ത്രിസ്ഥാനം തുടങ്ങിയവ ലഭിക്കുന്നതിനു വേണ്ടിയാണെന്ന് ഏവര്‍ക്കും അറിയാം. ജാതിവാസനയും ജാതി സ്‌നേഹവും രക്തത്തില്‍ അലിഞ്ഞുചേര്‍ന്നിരിക്കുന്ന, ഭരണത്തിലെ ഉയര്‍ന്ന എക്‌സിക്യൂട്ടീവുമാര്‍വരെയുള്ളവര്‍ ഭരിക്കുന്ന രാജ്യത്ത് കുലനാമം (ൗെൃിമാല) ഉയര്‍ത്തിക്കാട്ടുന്നത് ഞാന്‍, സാറിന്റെ ജാതിക്കാരന്‍ ഇവിടെ ഇതാ നില്ക്കുന്നു, ആ സ്ഥാനം എനിക്ക് തരിക എന്ന് എല്ലാത്തരം ഇന്റര്‍വ്യൂ ബോര്‍ഡുകളുടെ മുന്‍പിലുമുള്ള വിളിച്ചറിയിക്കലാണ്. അര്‍ഹതയില്ലെങ്കിലും ജാതി പറഞ്ഞ് ആനുകൂല്യങ്ങള്‍ നേടിയെടുക്കലല്ലേ ഇത്. അര്‍ഹതയില്ലെങ്കിലും ജാതിയുടെ പേരില്‍ പട്ടികവിഭാഗങ്ങള്‍ ആനുകൂല്യങ്ങള്‍ നേടിയെടുക്കുന്നുവെന്ന് ജാതിമേല്‍ക്കോയ്മ വച്ചു പുലര്‍ത്തുന്നവര്‍ സംവരണ വിഭാഗങ്ങളെ കളിയാക്കുകയും ചെയ്യുന്നുണ്ട്. തമ്പ്രാക്കന്മാര്‍ ഇന്റര്‍വ്യൂകളില്‍ മനഃപൂര്‍വ്വം മാര്‍ക്ക് കുറയ്ക്കുന്നതു കൊണ്ടല്ലേ അവരുടെ 'റാങ്ക്' ഏറ്റവും പുറകിലാകുന്നത്. ഉദ്യോഗാര്‍ത്ഥി കളെ കുഴയ്ക്കുന്ന കുതന്ത്ര മനോഭാവമുള്ള ചില പരീക്ഷകര്‍ നടത്തുന്ന മത്സരപരീക്ഷകളിലും ഇന്റര്‍വ്യൂകളിലും മുഴച്ചുനില്‍ക്കുന്ന വിജ്ഞാനം ആര്‍ജ്ജിക്കുന്നതിനുള്ള പാഠ്യേതര വിഷയങ്ങള്‍ പഠിക്കാന്‍ വേണ്ട പണം പരമ്പരാഗതമായി ദാരിദ്ര്യാവസ്ഥയില്‍ കഴിയുന്ന, ഉപ്പുതൊട്ടു കര്‍പ്പൂരം വരെ വിലകൊടുത്തു വാങ്ങിക്കുന്ന പട്ടികവിഭാഗങ്ങള്‍ക്കില്ല. 

100 ശതമാനം ഉദ്യോഗവും, എം.എല്‍.എ. സ്ഥാനവും, എം.പി.സ്ഥാനവും മന്ത്രിസ്ഥാനങ്ങളും പേരിന്റെ കൂടെ വാലുള്ളവര്‍ക്കുമാത്രം പോകാതിരി ക്കാനാണ് ഉദ്യോഗങ്ങള്‍ക്കും, പാര്‍ലമെന്റിലും നിയമസഭകളിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും സംവരണം ഏര്‍പ്പെടുത്താന്‍ ഭരണഘടനാ വിധാതാക്കള്‍ ലിഖിതം ചെയ്തിട്ടുള്ളത്. നിശ്ചിത ശതമാനം ഉദ്യോഗ ങ്ങളും എം.എല്‍.എ., എം.പി. സ്ഥാനവും മന്ത്രിസ്ഥാനവും പഞ്ചായത്ത് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ മെമ്പര്‍ സ്ഥാനങ്ങളും മറ്റും ആചന്ദ്രതാരം ആവശ്യപ്പെടരുതെന്ന് ഏതോ മന്ത്രി പറഞ്ഞതായി കേള്‍ക്കുന്നു. ജാതിവിദ്വേഷമുള്ള, സാമൂഹികബോധമില്ലാത്ത ചിലര്‍ അങ്ങനെ പറയുന്നതു കേട്ട് അറിവുള്ള മന്ത്രിമാര്‍ എന്തിനിങ്ങനെ പറയുന്നു? സംവരണം ആചന്ദ്രതാരം കൊടുക്കുന്നതില്‍ എന്താണ് തെറ്റ്? എല്ലാവിധ ഭൗതികസ്വത്തുക്കളും അധികാരങ്ങളും മുന്‍പത്തെപ്പോലെ ഇനിയും മുഴുവനായും കൈയടക്കിവയ്ക്കുന്നതിനുവേണ്ടിയല്ലേ പട്ടികജാതി-പട്ടികവര്‍ഗ്ഗക്കാരുടെ സംവരണത്തെ പട്ടികജാതി-പട്ടികവര്‍ഗ്ഗ ക്കാരല്ലാത്തവര്‍ എതിര്‍ക്കുന്നത്. ഇന്ത്യയില്‍ ഇരുപത്തിരണ്ടര ശതമാനം ഉദ്യോഗങ്ങളുടെ ബാക്കിയുള്ള എഴുപത്തി ഏഴരശതമാനവും പട്ടികവിഭാഗങ്ങളല്ലാത്തവര്‍ക്കുവേണ്ടി സംവരണം ചെയ്യപ്പെട്ടിരിക്കു കയല്ലേ? പട്ടികജാതി-പട്ടികവര്‍ഗ്ഗക്കാര്‍ക്കെതിരെ മുന്‍പു ചെയ്ത ദുഷ്‌ചെയ്തികള്‍ക്കുള്ള നഷ്ടപരിഹാരമാണ് സംവരണം എന്ന് ചില മന്ത്രിമാര്‍പോലും പറയുന്നു. അങ്ങനെ ആരും പറയണ്ട. അതു സംവരണത്തിന്റെ ലക്ഷ്യത്തിന് വിരുദ്ധമായ വ്യാഖ്യാനമാണ്. എക്കാലത്തും പട്ടികജാതി-പട്ടികവര്‍ഗ്ഗക്കാര്‍ക്കുള്ള വിഹിതം കൊടുക്കലാണ് സംവരണം. സംവരണം പട്ടികജാതി-പട്ടികവര്‍ഗ്ഗക്കാരുടെ അവകാശവും വിഹിതവും ഉറപ്പുവരുത്തും. അവരുടെ സംവരണം ജാതിവിവേചനവും ജാതിപരമായ ചൂഷണവും നിലനില്‍ക്കുന്ന കാലത്തോളം നിര്‍ത്തലാക്കാന്‍ പാടില്ല. എല്ലാവിധ അധികാരങ്ങ ളുടെയും, സാമ്പത്തിക സമാഹരണങ്ങളുടെയും സാമ്പത്തിക സ്രോതസ്സു കളുടെയും ന്യായപൂര്‍ണ്ണമായ വിഹിതം പട്ടികജാതി-പട്ടികവര്‍ഗ്ഗക്കാര്‍ക്ക് എക്കാല വും നല്‍കേണ്ടതാണ്. ദുര്‍ബലരും ന്യൂനപക്ഷക്കാരും പാര്‍ശ്വവല്‍ക്കരി ക്കപ്പെടുന്നവരുമായ അവര്‍ക്ക് ആരില്‍നിന്നും ഒന്നും വെട്ടിപ്പിടിച്ചെടു ക്കാന്‍ കഴിയില്ല. അവര്‍ക്ക് സംവരണമേ ശരണമായി ട്ടുള്ളൂ.

പണ്ടുമുതല്‍ ഇന്നുവരെ രാജ്യത്തെ കാര്‍ഷികസമ്പത്ത്, വാണിജ്യസമ്പത്ത്, വ്യാവസായിക സമ്പത്ത്, ഭൂസമ്പത്ത് എന്നിവ മുഴുവന്‍ പട്ടികവിഭാഗക്കാ രല്ലാത്തവരുടെ കൈവശ മാണിരിക്കുന്നത്. ഈ സ്ഥിതിവിശേഷമാണ് പട്ടികവിഭാഗക്കാരെ സ്ഥിരമായി അടിമകളാക്കിയത്. അതുകൊണ്ട് എല്ലാവിധ ഭൗതികസ്വത്തുക്കളുടെയും സമീകരണം ആഗ്രഹിക്കുന്നവരാണ് പട്ടികജാതി-പട്ടികവര്‍ഗ്ഗക്കാര്‍. ഈ സമീകരണാവകാശത്തിന്റെ മുമ്പില്‍ ഇന്ത്യന്‍ജനത കണ്ണടയ്ക്കാന്‍ പാടില്ല. ഇന്ത്യയിലെ ജനതയ്ക്കാകമാനം വേണ്ടി സൃഷ്ടിക്കപ്പെട്ട ഭൗതിക സ്വത്തുക്കള്‍ ജാതിമതഭേദമെന്യേ എല്ലാവര്‍ക്കും നീതിപൂര്‍വ്വമായി വിതരണം ചെയ്യേണ്ടതാണ്. ജവാഹര്‍ലാല്‍ നെഹ്രു വളര്‍ത്തിക്കൊണ്ടുവന്ന പൊതു മേഖലയെയും സോഷ്യലിസത്തെയും നശിപ്പിച്ച് സ്വകാര്യവല്‍ക്കരണം നടപ്പാ ക്കുന്നത് സംവരണതത്വം തച്ചുടയ്ക്കാനുള്ള മുതലാളിത്ത ഗവണ്‍മെന്റുകളുടെയും അവയുടെ ഉദ്യോഗസ്ഥവൃന്ദത്തിന്റെയും കരുതല്‍ നടപടിയാണ്. 

ഇന്ത്യയ്ക്കു രാഷ്ട്രീയസ്വാതന്ത്ര്യം കിട്ടിയ 1947-നുശേഷവും അതിനൊരു ഭരണഘടന നിലവില്‍ വന്ന 1950-നുശേഷവും ഭരണഘടനയിലെ മൗലികാവകാശങ്ങളെക്കുറിച്ചും രാഷ്ട്രനയമായിരിക്കുന്ന നിര്‍ദ്ദേശകതത്വങ്ങ ളെക്കുറിച്ചും പട്ടികജാതി-പട്ടികവര്‍ഗ്ഗക്കാര്‍ ഇന്ന് ബോധവാന്മാരിയിട്ടുണ്ട്. ഈ എല്ലാ അവകാശങ്ങളും തങ്ങള്‍ക്ക് കൂടി കിട്ടേണ്ടതാണെന്ന് അടിയുറച്ച് വിശ്വസിക്കുന്നവരാണ് ഇന്നത്തെ പട്ടികജാതി-പട്ടികവര്‍ഗ്ഗ ക്കാരിലെ യുവതലമുറ. വ്യാജസോഷ്യലിസ്റ്റുകള്‍ (Pseudo Socialist) അവരെ മറ്റു തരത്തില്‍ പഠിപ്പിക്കരുത്. പഠിപ്പിച്ചാല്‍ അവരത് കേള്‍ക്കരുത്.

എല്ലാം സാവകാശം മതിയെന്ന് വിശ്വസിച്ചിരുന്ന സ്വാന്ത്ര്യലബ്ധിക്കാലത്തെ തണുപ്പന്‍ യുവതലമുറയില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് ഇന്നത്തെ പട്ടികജാതി-പട്ടികവര്‍ഗ്ഗ തലമുറ. ഭരണഘടനാദത്തമായ അവകാശങ്ങള്‍ കിട്ടിയില്ലെങ്കില്‍ ഭരണഘടനാശില്പി ഡോ.ബി.ആര്‍. അംബേദ്കര്‍ ആഹ്വാനം ചെയ്തതുപോലെ അവര്‍ പ്രക്ഷുബ്ധര്‍ (Agitated) ആകും. ആ പ്രക്ഷുബ്ധത ഇന്ത്യയിലൊരു സാമൂഹിക-സാമ്പത്തിക വിസ്‌ഫോടനത്തിനു കാരണമാകും. ആ വിസ്‌ഫോടനം ന്യൂനപക്ഷക്കാരായ പട്ടികജാതി-പട്ടികവര്‍ഗ്ഗക്കാര്‍ ഉണ്ടാക്കുന്നതാണെന്നും മറ്റുപേരുകള്‍ പറഞ്ഞും അവഗണിച്ചാല്‍ ഇന്ത്യയുടെ ഐക്യത്തേയും അഖണ്ഡതയേയും അതു സാരമായി ബാധിക്കും.

സി. ഗോവിന്ദന്‍
8891177662