"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, സെപ്റ്റംബർ 2, ബുധനാഴ്‌ച

ജാതി ചിന്തയും ആത്മീയതയും - വത്സമ്മ കരുണാകരന്‍

വത്സമ്മ കരുണാകരന്‍
സൈന്ധവമൊഴി എന്ന സ്വതന്ത്ര സംസ്‌ക്കാരിക രാഷ്ട്രീയ മാസിക വായിക്കുവാന്‍ അവസരം ലഭിച്ചു. ജാതി മത, വ്യക്തി, രാഷ്ട്രീയത്തിനതീതമായി ഇത്തരം ഒരു മാസിക പ്രസിദ്ധീകരിക്കുക വളരെ ശ്രമകര മാണ്. സമകാലീന പ്രശ്‌നങ്ങള്‍ തന്മയത്തോടെ അവതരിപ്പിക്കുവാന്‍ സാധിച്ചിട്ടുണ്ട്. ഇതിനുപറമെ പുതു തലമുറയുടെ ചിന്താശേഷി വര്‍ദ്ധിപ്പിക്കുവാന്‍ വേണ്ട പ്രചോദനം ഇതിലൂടെ സാദ്ധ്യമാകുന്നു.

സമൂഹത്തില്‍ അടിച്ചമര്‍ത്തപ്പെട്ട ഇന്നും അടിച്ച മര്‍ത്തലിനു വിധേയരായിരിക്കുന്ന ഒരു വിഭാഗം ജനതയുടെ പച്ചയായ ജീവിതാനുഭവങ്ങളാണ് ഈ മാസികയിലൂടെ പ്രതിധ്വനിക്കുന്നത്. ജനിച്ചു വളര്‍ന്ന സമൂഹത്തിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ച ബാബാസാഹിബ് ബി. ആര്‍ അംബേദ്ക്കറുടേയും ശ്രീ അയ്യന്‍കാളിയുടെയും സ്വപ്നങ്ങള്‍ക്ക് അവരുടെ വിശിഷ്ടാശയങ്ങള്‍ക്ക് വര്‍ണ്ണം കൊടുക്കുവാന്‍ സാമൂഹിക നന്മയ്ക്കായി യാഥാര്‍ത്ഥ്യ ബോധത്തോടും സമൂഹിക പ്രതിബദ്ധതയോടുകൂടി പുതുതലമുറയ്ക്ക് എത്തിച്ചു കൊടുക്കുവാനും സൈന്ധവമൊഴിയിലൂടെ കഴിഞ്ഞിട്ടുണ്ട് എന്നതില്‍ സംശയമില്ല. ഇത് തികച്ചു ഒരു കര്‍മ്മപദ്ധതിയാണ്. ഇത്തരം നിലപാടിനെ അഭിനന്ദി ക്കുന്നു.

ജാതി, മത ചിന്തകള്‍ക്കതീതമായി നിലകൊള്ളുവാനും സമൂഹത്തില്‍ എല്ലാവരും തുല്യരാണെന്നുമുള്ള ഒരു ചിന്താശേഷി വളര്‍ത്തിയെടു ക്കത്തക്ക അറിവു നേടുവാനും ഭൗതിവാദികള്‍ക്ക് ഇത് ഒരു പ്രചോദന മാകട്ടെ.

മത, ജാതി, ഉപജാതി ചിന്തകള്‍ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല എന്ന് ചരിത്രം നമ്മെ പഠിപ്പിക്കുന്നു. സവര്‍ണ്ണമേധാവിത്വം എക്കാലവും നിലനിര്‍ത്തുക എന്ന ദുഷ്ടലാക്കോടുകൂടി ''ബ്രാഹ്മണര്‍'' എന്നു സ്വയം അവകാശപ്പെടുന്ന ഒരുകൂട്ടം ആളുകള്‍ തങ്ങളുടെ സ്വാര്‍ത്ഥതയ്ക്കായി മനസ്മൃതിയില്‍ എഴുതിയിട്ടുള്ളതാണ് വര്‍ണ്ണവിഭജനം. ബ്രാഹ്മണര്‍, ക്ഷത്രിയര്‍, വൈശ്യര്‍, ശൂദ്രര്‍ ഇത്തരം നാലുതരത്തില്‍ ഉള്ള ഈ ജാതികള്‍ അവര്‍ സ്വയം സൃഷ്ടിക്കപ്പെട്ടതാണെന്ന് പിന്നീടുള്ള പുരാണേതി ഹാസങ്ങളില്‍നിന്നും വളരെ വ്യക്തമാണ്. മനുസ്മൃതി ഒഴികെ പുരാണേ തിഹാസങ്ങളിലൊന്നും ഇത്തരം സൃഷ്ടികള്‍ കാണാനാവുന്നില്ല. മറ്റു സംസ്‌കൃതികളിലെല്ലാം പറയുന്നത് ''ബ്രഹ്മണ ജ്ഞാതേന'' ബ്രാഹ്മണ എന്നാണ്. ഒരാള്‍ ബ്രാഹ്മണനായിത്തീരുന്നത് ജന്മകൊണ്ടല്ല ബ്രഹ്മജ്ഞാനം കൊണ്ടാണ്.

''ജന്മനാ ജായതേ ശൂദ്ര
കര്‍മ്മണാജായതേ ദ്വിജ
വേദാദ്ധ്യയനേക വിപ്ര
ബ്രഹാണജതാനേത ബ്രാഹ്മണ.

ജന്മനാ എല്ലാവരും ശൂദ്രനായി ജനിക്കുന്നു, കര്‍മ്മത്തിലൂടെ ദ്വിജനായി ത്തീരുന്നു. വേദാദ്ധ്യായത്തിലൂടെ വിപ്രനായിത്തീരുന്നു. അങ്ങനെ വേദം പഠിച്ച് ബ്രഹ്മജ്ഞാനി യാകുന്നു. അങ്ങനെ ജ്ഞാനിയായിട്ടുള്ളവരാരോ അവരാണ് ബ്രാഹ്മണന്‍. ഇത്തരം കാര്യങ്ങള്‍ സവര്‍ണ്ണ മേധാവിത്വം പറയുന്നവര്‍ മനസ്സിലാക്കിയിട്ടുണ്ടോ എന്നാണ് സംശയം.

അജ്ഞാനാനന്ധകാരത്തില്‍നിന്നും ഉടലെടുത്തിട്ടുള്ള ജാതീയ ചിന്തകള്‍ പൂര്‍ണ്ണമായി ശിഥിലമാകുവാന്‍ മനുഷ്യരാശി ഉള്ളിടത്തോളം കാലം കഴിയുമെന്നു തോന്നുന്നില്ല. കാരണം ജാതി കോമരങ്ങളുടെ എണ്ണം കൂടിവരികയാണ്. അവര്‍ ഒരിക്കലും ഇത്തരം അധമ ചിന്തയില്‍നിന്നും മോചനം നേടുവാന്‍ ആഗ്രഹിക്കുന്നില്ല. ആയതിനാല്‍ അവര്‍ അറിയേണ്ടത് അറിയാതെപോകുന്നു. അവര്‍ക്ക് ഒരിക്കലും ആത്മജ്ഞാനത്തിന് അര്‍ഹതയില്ലാതാവുകയും ചെയ്യുന്നു. ചരിത്രത്തിന്റെ ഏടുക ളില്‍ സ്ഥാനം പിടിച്ചിട്ടുള്ള എല്ലാ മഹത് വ്യക്തികളും ആത്മീയതയിലൂടെ സഞ്ചരിക്കുകയും ജാതി ചിന്തകള്‍ പാടേ ഉപേക്ഷിക്കുകയും ചെയ്ത് ലോകത്തിനു മാതൃക കാട്ടിയിട്ടുള്ളവരാണ്.

ഉദാ. ശ്രീരാമകൃഷ്ണ പരമഹംസന്‍, സ്വാമി വിവേകാനന്ദന്‍, ശ്രീനാരായണഗുരു.

ശ്രീരാമകൃഷ്മ പരമഹംസന്‍ തന്റെ ജാതീയമായ ചിന്തകളെ ഉന്മൂലനം ചെയ്യുകയും അത് സമൂഹത്തിന് കാണിച്ചുകൊടുക്കുവാനായി പറയസമുദായത്തിലുള്ള തന്റെ ശിഷ്യന്മാരുടെ വീടുകളില്‍ അന്തിയുറ ങ്ങുകയും ഭക്ഷണം കഴിക്കുകയും ചെയ്തതായി പറയുന്നു.

സമൂഹ മനസ്സില്‍ എന്നും നിറഞ്ഞു നില്‍ക്കുന്ന ബാബാസാഹേബ് ഡോ. ബി. ആര്‍. അംബേദ്ക്കറും ശ്രീ അയ്യന്‍കാളിയും ആത്മീയമായി ഉന്നതിയിലെത്തിയവരാണെന്നതും ചരിത്രത്തിലൂടെ വ്യക്തമാണ്. മെട്രിക്കുലേഷന്‍ പാസ്സായ ഡോ. ബി. ആര്‍. അംബേദ്ക്കറെ എസ്. കെ. ബോലെയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം അനുമോദി ക്കുകയും കെ. എസ്. കെലൂസ്‌ക്കര്‍ ഗൗതമ ബുദ്ധന്റെ ജീവിതത്തെക്കു റിച്ചെഴുതിയ ഒരു പുസ്തകം ഗ്രന്ഥകാരന്‍ തന്നെ ബി. ആര്‍. അംബേദ്ക്കര്‍ക്ക് നല്‍കിയ തായും പറയുന്നു. അദ്ദേഹത്തിന്റെ പിന്നീ ടുള്ള എല്ലാ വളര്‍ച്ചയ്ക്കും ആത്മീയമായ ഒരു പ്രേരണ നല്‍കിയത് ആ പുസ്തം ആണെന്നതില്‍ സംശയമില്ല.

അനശ്വരമായ യശസ്സും കീര്‍ത്തിയും നേടണമെങ്കില്‍ ഭൗതികതയ്‌ക്കൊപ്പം ആത്മീയമായി ഉന്നതിയും നേടേണ്ടതുണ്ട്. ബി. ആര്‍. അംബേദ്ക്കര്‍ ഭഗവാന്‍ ബുദ്ധന്റെ സന്ദേശങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ടുള്ള ജീവിത ശൈലിയാണ് നയിച്ചിരുന്നതെന്നു ''ബുദ്ധനും ധര്‍മ്മവും'' എന്ന ഗ്രന്ഥം രചിച്ചുവെന്നതും ആത്മീയ വളര്‍ച്ചയെ ഉയര്‍ത്തിക്കാട്ടുന്നു.

ഭൗതികമായ വളര്‍ച്ചകൊണ്ടുമാത്രം ഒരുവന്‍ പൂര്‍ണ്ണനായിത്തീരുന്നില്ല. അതിന് ആത്മീയമായ ഉന്നതിയും കൂടിയേ തീരു. പൂര്‍ണ്ണതയുള്ള ഒരു വ്യക്തിവിശേഷം ലഭിക്കുക എന്നത് അസാധാരണമാണ്. അത്തരം വ്യക്തികള്‍ എന്തിലും ഏതിലും നന്മയെക്കുറിച്ചു മാത്രം ചിന്തിക്കുന്നു. അങ്ങനെയുള്ളവരെ ഒരു ബാഹ്യശക്തിക്കും തകര്‍ക്കാനാവില്ല എന്നതാണ് സത്യം. സത്യത്തിലൂടെ, ധര്‍മ്മത്തിലൂടെ മാത്രം സഞ്ചരിക്കുവാന്‍ ഭഗവാന്‍ ബുദ്ധന്‍ നമ്മെ പഠിപ്പിക്കുന്നു. അത് തികച്ചും ഉപനിഷത് രഹസ്യമാണ്. ഉപനിഷത്തെന്നാല്‍ വേദാന്തം അഥവാ വേദത്തിന്റെ അന്ത്യം എന്നാണ്. അതാണ് സാക്ഷാല്‍ ''ശ്രീ ബുദ്ധ ഭഗവാന്‍''.

ജാതിമത സ്വാധീനത്തിലൂടെയും ഭൗതിക നേട്ടങ്ങളിലൂടെയും രാഷ്ട്രീയേതര സഹായങ്ങ ളിലൂടെയും ലഭ്യമാകുന്നതെല്ലാം നശ്വരമാണെന്ന് അജ്ഞാനിക ളായവര്‍ക്ക് അറിവാകുന്ന കാലം വിദൂരമല്ല. സമാന്യ ഭാരതമെന്ന സങ്കല്‍പ്പം നല്ലതുത ന്നെ. എന്നാല്‍ അതിന്റെ അര്‍ത്ഥം വളരെ വിപുല മാണ്. അതു മനസ്സിലാക്കുവാന്‍കൂടി അല്‍പ്പം സമയം ചിലവഴിക്കണം.

ബുദ്ധനെ കണ്ടവരും ഉപദേശം തേടിയവരും അദ്ദേഹത്തിന്റെ ഉപാസക രായിത്തീരു കയും ആകര്‍ഷിക്കപ്പെടുകയും ചെയ്തതായി ചരിത്രത്തില്‍ കാണുന്നു. ആത്മീയമായി വളര്‍ന്നവര്‍ ചില വിശിഷ്ഠ വ്യക്തിത്വത്തിനു വിധേയമായിത്തീരുകയും മറ്റുള്ളവരിലേക്ക് ഒരു കാന്തം എന്നതുപോലെ ആകര്‍ഷിക്കപ്പെടുകയും ആരാധ്യരായിത്തീ രുകയും ചെയ്യുന്നു. കാരണം അവര്‍ 'തന്നത്താന്‍ കണ്ടെത്തിയവരാണ്'' ആത്മീയതയെന്നാല്‍ തന്നിലെ അനശ്വര ചൈതന്യത്തെ കണ്ടെത്തുകയെന്നതാണ്. അത്തരക്കാര്‍ പൂര്‍ണ്ണ ജ്ഞാനികള്‍ എന്നറിയപ്പെടുകുയം അവര്‍ ലോക സംഗ്രഹത്തി നായി നിലകൊള്ളുകയും ചെയ്യുന്നു. ഉപനിഷത്ത് അഥവാ വേദാന്ത സത്യ ത്തിന്റെ നിഗൂഢത കണ്ടറിഞ്ഞ ഇത്തരം ശ്രേഷ്ഠ വ്യക്തികള്‍ അവരാണ് ബ്രഹ്മണര്‍. അത്തരം മഹത്തുക്കള്‍ ലോകനന്മയ്ക്ക് അനിവാര്യവും ലോകത്തിന്റെ നിലനില്‍പ്പിന് അത്യന്താപേക്ഷിതവുമാണ്''

മനുഷ്യമനസ്സിലെ മാലിന്യം നീക്കിയാല്‍ മാത്രമേ ജാതി ചിന്തകള്‍ക്കും കൂടാതെ ദുഃഖങ്ങള്‍ക്കും ദുരിതങ്ങള്‍ക്കും ശാശ്വത പരിഹാരം നേടാനാവൂ. അതിനായി ഭൗതിക പുരോഗതിയോടൊപ്പം ആത്മീയ വളര്‍ച്ചയുംകൂടി നേടുവാന്‍ വേണ്ട ചിന്താശക്തിയാണ് നേടേണ്ടത്. അതിനായി കഠിന പരിശ്രമം നടത്തേണ്ടതാണ്.

വത്സമ്മ കരുണാകരന്‍
സീനിയര്‍ ജോയിന്റ് രജിസ്ട്രാര്‍
മഹാത്മാഗാന്ധി സര്‍വ്വകലാശാല
9747566314