"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, സെപ്റ്റംബർ 29, ചൊവ്വാഴ്ച

സി ടി സുകുമാരന്‍ ഐ എ എസ്: മണ്മറഞ്ഞ അസാമാന്യ പ്രതിഭ - ഡോ. കെ എം കര്‍മചന്ദ്രന്‍

സി ടി സുകുമാരന്‍ 
കാഞ്ഞിരമറ്റം ചക്കുംതാഴത്തു വീട്ടില്‍ എം സി തേവന്റേയും മുളന്തുരുത്തി കോമത്ര വീട്ടില്‍ തിരുവാണ്ടയുടേയും മകനായി മുളന്തുരുത്തിയിലെ വീട്ടില്‍ ജനിച്ച സി ടി സുകുമാരന്‍ കേരളത്തില്‍ മാത്രമല്ല അഖിലേന്ത്യാ തലത്തിലും പ്രശസ്തി പിടിച്ചുപറ്റിയ ഐ എ എസ് കാരനായിരുന്നു. ഏതാണ്ട് 48 ആം വയസില്‍ അന്തരിച്ച അദ്ദേഹം അതിനു മുമ്പായി അലങ്കരിച്ച പദവികള്‍ ആരിലും അസൂയ ഉളവാക്കുന്ന തായിരുന്നു.

1970 കളുടെ തുടക്കത്തില്‍ മഹാരാജാസ് കോളേജില്‍ നിന്നും ബി എസ് സി (കെമിസ്ട്രി), ബി എ ഓണേഴ്‌സ്, എം എ (ഇംഗ്ലീഷ്) എന്നീ ബിരുദങ്ങള്‍ കരസ്ഥമാക്കിയ അദ്ദേഹം, പിന്നീട് വിവാഹശേഷം ഇംഗ്ലണ്ടില്‍ കൊളംബോ പ്ലാന്‍ അനുസരിച്ചുള്ള സ്‌കോളര്‍ഷിപ്പോടുകൂടി ഉപരിപഠനം പൂര്‍ത്തിയാക്കുകയുണ്ടായി. ഇംഗ്ലണ്ടില്‍ സകുടുംബം താമസിച്ചു പഠനം പൂര്‍ത്തിയാക്കുവാനുള്ള വരുമാനം അദ്ദേഹത്തിനു പ്രസ്തുത സ്‌കോളര്‍ഷിപ്പിനനു സരിച്ചു ലഭ്യമായിരുന്നു. ശാസ്ത്രവും മാനവിക വിഷയങ്ങളും ഒരുപോലെ അദ്ദേഹത്തിനു വഴങ്ങുമായിരുന്നു. 

ഡിഗ്രികള്‍ കരസ്ഥമാക്കിയശേഷം അദ്ദേഹം 1970 കളില്‍ എറണാകുളം സെ. ആല്‍ബര്‍ട്ട്‌സ് കോളേജില്‍ ലക്ചറര്‍, കോസ്‌മോ പൊളിറ്റന്‍ ഹോസ്റ്റല്‍ വാര്‍ഡന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്ന കാലത്ത് സിവില്‍ സര്‍വീസ് പരീക്ഷയെഴുതി. ആദ്യത്തെ തവണ ഏതോ നിസാര കാരണത്താല്‍ അദ്ദേഹത്തിന് അധികാരികള്‍ ഐ പി എസ് സര്‍വീസ് നിഷേധിക്കുകയാണുണ്ടായത്. (ശാരീരികമായ ഏതോ പ്രത്യേകതകളാണ് ഇതിന് കാരണമായി പറഞ്ഞിരുന്നത്.) ആരു നോക്കിയാലും അസാമാന്യ പൗരുഷവും വ്യക്തിത്വവുമുണ്ടായിരുന്ന അദ്ദേഹം വീണ്ടും വാശിയോടെ പഠിച്ച് ഐ എ എസ്സിന് അഖിലേന്ത്യാ തലത്തില്‍ മൂന്നാം റാങ്കു നേടുകയുണ്ടായി. 1973 കാലഘട്ടത്തില്‍ ഇക്കാര്യത്തില്‍ അദ്ദേഹത്തെ അനുമോദിച്ചുകൊണ്ട് എറണാകുളം മദ്രാസ് കഫെ ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ ഞാന്‍ കുടുംബാംഗങ്ങളോടൊപ്പം പങ്കെടുത്തതായി ഓര്‍ക്കുന്നു.

മുസ്സോറിയിലെ ഐ എ എസ് പരിശീലനത്തിനു ശേഷം സി ടി സമുകുമാരന്‍ ആലപ്പുഴ സബ്കളക്ടര്‍, പാലക്കാട് (ഒറ്റപ്പാലം) ആര്‍ ഡി ഒ, കേരള ഹരിജന ക്ഷേമ വകുപ്പ് ഡയറക്ടര്‍, തൃശൂര്‍ ജില്ലാ കളക്ടര്‍, കെ എസ് എഫ് ഇ മാനേജിങ് ഡയറക്ടര്‍, തിരുവനന്തപുരം ടൈറ്റാനിയം മാനേജിങ് ഡയറക്ടര്‍, കേരള സര്‍ക്കാരിന്റെ വിവിധ വകുപ്പുകളില്‍ സെക്രട്ടറി, അഖിലേന്ത്യാ മറൈന്‍ പ്രോഡക്ട് എക്‌സ്‌പോര്‍ട്ട് ഡെവലപ്‌മെന്റ് അതോറിറ്റി (എംപിഇഡിഎ) എന്നീ നിലകളില്‍ സ്തുത്യര്‍ഹമായ നിലകളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു. പ്രവര്‍ത്തനക്ഷമതയും നിഷ്പക്ഷതയും അഴിമതിയില്ലായ്മയും പരിഗണിച്ച് ഭാരത പ്രതിരോധ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗം അദ്ദേഹത്തെ തേടിവന്നു.

ഒരു ഐ എ എസ്സുകാരന്റെ മുമ്പില്‍ ഇരുന്നു സംസാരിക്കാന്‍ പിന്നോക്ക - പട്ടിക ജാതിക്കാരെ അനുവദിച്ചു തുടങ്ങിയത് സി ടി സുകുമാരന്റെ കാലത്താണെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. ഏത് ഉന്നത പദവികളില്‍ വിരാജിക്കുമ്പോഴും പിന്നോക്ക ക്കാരുടേയും പട്ടിക ജാതിക്കാരുടേയും പ്രശ്‌നങ്ങളും സാമ്പത്തിക പിന്നോക്കാവസ്ഥയും പരിഹരിക്കുന്നതിന് അദ്ദേഹം മുഖ്യ പരിഗണന കൊടുത്തിരുന്നു. അന്നത്തെ അധികാരികള്‍ക്ക് പൊതുവായും, പലര്‍ക്കും ഇല്ലാത്തതുമായ ഒരു ഗുണമായിട്ടാണ് ഇതിനെ കാണേണ്ടത്.


അദ്ദേഹത്തിന്റെ യഥാര്‍ത്ഥ കഴിവുകളെപ്പറ്റി പുറത്തേക്കു ഖ്യാതി വന്നത് തൃശൂര്‍ കളക്ടറായിരിക്കെ പൂരം വെടിക്കെട്ടപകടം, ടൈറ്റാനിയത്തിന്റേയും എം പി ഇഡി എ യുടേയും നേതൃസ്ഥാനങ്ങളിലിരുന്ന കാലഘട്ടം എന്നീ സാഹചര്യങ്ങളിലായിരുന്നു. അദ്ദേഹം അന്നു നടപ്പാക്കിയ സാങ്കേതിക നടപടിക്രമങ്ങള്‍ മൂലം തൃശൂര്‍ പൂരം ഇന്നും അപകടങ്ങളില്ലാതെ നടന്നുപോകുന്നു. അദ്ദേഹം അമരത്തി രിക്കുമ്പോള്‍ ടൈറ്റാനിയം ഫാക്ടറിയും എംപിഇഡിഎയും അവയുടെ പ്രവര്‍ത്തന ലക്ഷ്യവുംകടന്ന് റെക്കോര്‍ഡ് കൈവരിച്ചു. അദ്ദേഹം അഖിലേന്ത്യാ തലത്തില്‍ സൃഷ്ടിച്ച റെക്കോര്‍ഡ് നിലനിര്‍ത്തുവാന്‍ പല സ്ഥാപനങ്ങളും പെടാപ്പാടു പെടുന്നതാണ് ഇന്നത്തെ അവസ്ഥ. സാധാരണക്കാര്‍ക്കായി കെഎസ് എഫ്ഇയുടെ ചിട്ടി തുടങ്ങിയത് അദ്ദേഹമാണെന്നാണ് അറിയുന്നത്. അദ്ദേഹം പുലര്‍ത്തിയിരുന്ന ദീര്‍ഘ വീക്ഷണവും കര്‍മ കുശലതയും ഇന്നത്തെ കാലത്ത് കൈമോശം വന്നിരിക്കുന്നു. അദ്ദേഹത്തിന്റെ കൂടെ ജോലിചെയ്തിരുന്ന പലരും അദ്ദേഹം തങ്ങളുടെ ഒരു സഹോദരന്‍ തന്നെയായിരുന്നു എന്നു പറഞ്ഞിട്ടുള്ളത് ഇന്നും ഞാന്‍ കണ്ണീരോടുകൂടി ഓര്‍ക്കുകയാണ്. അത്രക്ക് സ്‌നേഹവും കരുതലുമാണ് അദ്ദേഹം കൂടെയുള്ളവര്‍ക്ക് നല്കിയത്. ഔദ്യോഗിക ഡ്രൈവര്‍ക്ക് ക്ഷീണം തട്ടാതിരിക്കാന്‍, അയാള്‍ക്ക് വിശ്രമം നല്കിക്കൊണ്ട് പലപ്പോഴും യാത്രകളില്‍ വാഹനത്തിന്റെ സ്റ്റിയറിംങ് വളയം കൈകാര്യം ചെയ്തിരുന്നതും പ്രസിദ്ധമാണ്.

ഇംഗ്ലീഷ് ഭാഷയില്‍ അസാമാന്യ പ്രാവീണ്യം ഉണ്ടായിരുന്ന അദ്ദേഹം വിവിധ കോളേജുകളിലും സര്‍വകലാശാലകളിലും ചെയ്ത പ്രസംഗങ്ങള്‍ ഏവരുടേയും ശ്രദ്ധയാകര്‍ഷിപ്പിച്ചിരുന്നു. ഭാര്യ ബാംഗ്ലൂര്‍ക്കാരി ആയതുകൊണ്ട് സ്വന്തം വീട്ടിലും അനായാസം ആംഗലേയഭാഷ ഉപയോഗിച്ചിരുന്നു. എടവനക്കാടുകാരനായ കൃഷ്ണന്റേയും കര്‍ണാടകക്കാരിയായ രഞ്ജിനി കൃഷ്ണന്റേയും മകളായ ഗീതയുമായുള്ള സുകുമാരന്റെ വിവാഹം 1974 കാലഘട്ടത്തിലായിരുന്നു എന്നാണ് ഓര്‍മ്മ. മക്കളായ മൃണാളിനി, അഭിഷേക് എന്നിവര്‍ വിവാഹിതരായി ഇപ്പോള്‍ കുടുംബജിവിതം നയിക്കുന്നു. വീരപ്പനെതിരായുള്ള ഓപ്പറേഷനില്‍ കൊല്ലപ്പെട്ട കര്‍ണാടക പൊലീസ് സൂപ്രണ്ട് ഹരികൃഷ്ണ ഗീതയുടെ സഹോദരീ ഭര്‍ത്താവാണ്. ദുരന്തങ്ങള്‍ വേട്ടയാടിയ ഈ കുടുംബത്തിലെ അടുത്ത പ്രധാന സംഭവമായിരുന്നു ചെന്നൈയില്‍ ഔദ്യോഗിക യാത്രയിലായിരുന്ന സുകുമാരന്റെ ഗസ്റ്റ്ഹൗസിനു മുകളില്‍ നിന്നു വീണുള്ള അകാലചരമം. ഈ മരണത്തിന്റെ കാരണം ഇപ്പോഴും ദുരൂഹമാണ്. 

എംബിബിഎസ് അവസാനവര്‍ഷം വിദ്യാര്‍ത്ഥിയായിരുന്നപ്പോള്‍ മരിച്ച ജ്യേഷ്ഠന്‍ വാസുദേവന്‍, ഇളയവരായ സി ടി വിജയന്‍, സി ടി രാധ, മഹാരാജാസ് കോളേജില്‍ നിന്നും വിരമിച്ച സി ടി മോഹനന്‍, സി ടി ഇന്ദിര (കനറ ബാങ്ക് മാനേജര്‍) എന്നിവരാണ് സഹോദരങ്ങള്‍. ഇവരില്‍ തൃശൂര്‍ ജില്ലയില്‍ പോസ്റ്റ്മാസ്റ്ററായിരുന്നു റിട്ടയര്‍ ചെയ്ത സി ടി വിജയന്‍ മാത്രമേ ഇപ്പോള്‍ ജീവിച്ചിരിക്കുന്നുള്ളൂ.

കൈക്കൂലിയും സ്വജനപക്ഷപാതവും അവിഹിതമായ ധനസമ്പാദനവും അധികാരഗര്‍വും സി ടി സുകുമാരനെ തീണ്ടിയിരുന്നില്ല. കഠിനാധ്വാനവും എപ്പോഴും പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന മനസും വിനയവും വിവിധ വിഷയങ്ങളിലുള്ള അഗാഥമായ അറിവും അദ്ദേഹത്തിന്റെ കൈമുതലാ യിരുന്നു. ലഹരിവസ്തുക്കളോ അദ്ദേഹം അകറ്റി നിര്‍ത്തി. കഴിവുകള്‍ സര്‍ക്കാരിനും പൊതുജനങ്ങള്‍ക്കും ലോക സമൂഹത്തിനുമായി സമര്‍പ്പിച്ച അദ്ദേഹം സ്വന്തമായി ഒരു വീടു നിര്‍മിച്ചതു പോലും സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നും ദീര്‍ഘകാല കടമെടുത്തിട്ടാണ്. അദ്ദേഹത്തിന്റെ മരണ ശേഷം പ്രസ്തുത കടത്തില്‍ നിന്നും വീട്ടാനുള്ള തുക എഴുതിത്ത ള്ളിക്കൊണ്ട് സര്‍ക്കാര്‍ അദ്ദേഹത്തോടുള്ള കടമ നിറവേറ്റി. എങ്കിലും അദ്ദേഹം നല്കിയ സേവനങ്ങളെ സ്മരിക്കുമ്പോള്‍ ഇത് തീരെ നിസാരമെന്നേ പറയേണ്ടൂ. കൂടുതല്‍ മഹനീയമായ സ്മരണയും സ്മാരകവും അദ്ദേഹം തീര്‍ച്ചയായും അര്‍ഹിക്കുന്നു. 

സി ടി സുകുമാരന്‍ ഇന്ന് ജീവിച്ചിരുന്നെങ്കില്‍ എന്തൊക്കെ ഉന്നത പദവികള്‍ വഹിച്ചിരിക്കാ മെന്നുള്ളത് നമുക്ക് ഊഹിക്കുവാന്‍ മാത്രമേ കഴിയുകയുള്ളൂ. ഒരു പക്ഷെ, സര്‍വകലാശാലകളുടെ വൈസ് ചാന്‍സലര്‍ തുടങ്ങി അദ്ദേഹത്തിന് അപ്രാപ്യമായ പദവികളൊന്നും ഉണ്ടാകുമാ യിരുന്നില്ല. അത്രക്ക് പ്രശസ്തനും പൊതു സമ്മതനും കാര്യപ്രാപ്തി യുള്ളയാളും ആയിരുന്ന അദ്ദേഹം പിന്നോക്ക - ദലിത വിഭാഗങ്ങളുടെ മാത്രമല്ല മറ്റു ലോകരുടേയും സ്വകാര്യമായ ഒരു അഹങ്കാരവും അഭിമാനവും തന്നെയായിരുന്നു. ഇത്തരത്തിലൊരാള്‍ നമുക്ക് നഷ്ടപ്പെട്ടത്, നമുക്ക് അതിന് അര്‍ഹതയില്ലാത്തതു കൊണ്ടാണെന്നു ചിന്തിച്ചു കാലംകഴിക്കുക മാത്രമേ കരണീയമായിട്ടുള്ളൂ.

(ലേഖകന്‍ എംഎല്‍എം/എംപി ആയിരുന്ന കെ കെ മാധവന്റെ മകനാണ്. സി ടി സുകുമാരന്റെ കസിനുമാണ്)