"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, സെപ്റ്റംബർ 2, ബുധനാഴ്‌ച

പേരാമ്പ്രയില്‍ സംഭവിച്ചതെന്ത്? - കെ. രാമന്‍കുട്ടി

ഏതാണ്ട് ഇരുപത്തിയഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് സാംബവമഹാസഭയുടെ സംസ്ഥാനപ്രസിഡന്റ് എന്ന നിലയില്‍ പേരാമ്പ്രയില്‍ ഇപ്പോഴത്തെ വിവാദ സ്ഥലമായ ചേര്‍മലകുന്ന് സന്ദര്‍ശിക്കാ നിടയായത് ഇപ്പോഴത്തെ അയിത്ത വാര്‍ത്തയു മായി ബന്ധപ്പെടുത്തി ഓര്‍ത്തു പോവുകയാണ്. ഏത് വര്‍ഷമാണെന്നു കൃത്യമായി ഓര്‍ക്കുന്നില്ല. എന്നോടൊപ്പം സാംബവ മഹാസഭയുടെ അന്നത്തെ ജനറല്‍ സെക്രട്ടറി ഓ.കോരനും വളരെ പ്രധാനപ്പെട്ട മുത്തോരനുള്‍പ്പെടെ സഭാ പ്രവര്‍ത്തകരുമുണ്ടായിരുന്നു. ചേര്‍മല കുന്നിന്‍ മുകളില്‍ അന്നുണ്ടായിരുന്ന കുടിലുകള്‍ ശക്തിയായ കാറ്റില്‍ പറന്നു പോയത് വലിയ വാര്‍ത്തയായപ്പോഴാണ് ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടത്. ഞങ്ങള്‍ കുന്നിന്‍ മുകളിലെ ഭവനങ്ങള്‍ സന്ദര്‍ശിച്ചു. ചേര്‍മലയില്‍ താമസിക്കുന്ന പറയര്‍ക്കു വാസയോഗ്യമായ ഭവനങ്ങള്‍ നിര്‍മ്മിച്ചു നല്‍കണമെന്ന് അധികാരികളോട് ആവശ്യപ്പെട്ടത് സാംബവ മഹാസഭയാണ്. അന്നാദ്യമായി മറ്റു പ്രദേശങ്ങളില്‍ നിന്നു വ്യത്യസ്ത മായി നാക്കുതിരിയാത്ത ആര്‍ഷഭാരത പൗരന്മാരെ നേരിട്ടു കാണാനും സംവേദിക്കുവാനും ഞങ്ങള്‍ക്കു കഴിഞ്ഞു. ചേര്‍മലകുന്നിലെ പറയരില്‍ ചിലര്‍ ഹോട്ടലുകളിലെ ഇലയിടുന്ന വീപ്പകളില്‍ നിന്നും ഊണു കഴിഞ്ഞുപേക്ഷിച്ച ഉച്ചിഷ്ടം നിറഞ്ഞ ഇലകള്‍ നായ്കള്‍ക്കൊപ്പം മത്സരിച്ചു കൈവശ പ്പെടുത്തുന്നതു ചിലര്‍ ഞങ്ങളുടെ ശ്രദ്ധയില്‍ പെടുത്തി. വേദനകൊണ്ടു മനസ്സു തകര്‍ന്ന നിമിഷങ്ങളായിരുന്നു അത്. അവരെ മനുഷ്യരാക്കാനുള്ള മാര്‍ഗ്ഗങ്ങളെപ്പറ്റി കോഴിക്കോട്ടെ സഭാ നേതാക്കളു മായി ആശയ വിനിമയം നടത്തി ചേര്‍മല നിവാസികളുമായി നിരന്തര സമ്പര്‍ക്കം നടത്തി ബോധവത്കരണം നടത്താന്‍ ഞങ്ങള്‍ തീരുമാനിച്ചു. കുട്ടികളുടെ വിദ്യാഭ്യാസമായിരുന്നു മുഖ്യ വിഷയം. സ്‌കൂളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളെ ദത്തെടുത്ത് അവരുടെ ആഹാരവും വസ്ത്രവുമുള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ ചെലവുകളും നടത്താന്‍ ജനറല്‍ സെക്രട്ടറി ഓ കോരന്‍, ഏ.മുത്തോരന്‍, ഇ. രാരപ്പന്‍ എന്നീ നേതാക്കള്‍ തയ്യാറായി. അതിനായി ഈ മൂവരും ഓരോ വിദ്യാര്‍ത്ഥിയെ വീതം ദത്തെടുത്തു. കോഴിക്കോട്ടേക്കു കൊണ്ടു വന്നു. അവര്‍ക്കായി വേണ്ട തെല്ലാം ചെയ്തു കൊടുത്തു. നിര്‍ഭാഗ്യവശാല്‍ പുതിയ സാഹചര്യങ്ങള്‍ കുട്ടികള്‍ക്കു വീര്‍പ്പുമുട്ടലായിരുന്നു. കൂടെകൂടെ രക്ഷകര്‍ത്താക്കള്‍ കുട്ടികളെ കാണാന്‍ ദത്തെടുത്തവരുടെ ഭവനങ്ങളിലെത്തുമായിരുന്നു. അവര്‍ക്കും വണ്ടിക്കൂലിയും ചെലവും മഹാസഭാ നേതാക്കള്‍ സന്തോഷപൂര്‍വ്വം നല്‍കിയിരുന്നു. എങ്കിലും കുട്ടികളെ കോഴിക്കോട്ടു പേക്ഷിച്ച് പേരാമ്പ്രയില്‍ കഴിഞ്ഞുകൂടാന്‍ രക്ഷിതാക്കള്‍ മടിച്ചിരുന്നു. അങ്ങനെരക്ഷിതാക്കള്‍ക്കൊപ്പം നാട്ടിലേയ്ക്കു താല്‍ക്കാലികമായി പോയിരുന്ന കുട്ടികള്‍ മടങ്ങി വരാതെയമായി. കാലക്രമേണ കുട്ടികള്‍ ദത്തെടുത്തവരോടൊപ്പം നില്‍ക്കാതെയായി. എങ്കിലും ക്രമേണ ചേര്‍മല കുന്നിലെ പറയരുടെ സാമൂഹ്യസാംസ്‌കാരിക നിലവാരത്തിലും അല്പസ്വല്പം വ്യത്യാസങ്ങളുണ്ടായി. 

ചേര്‍മല നിവാസികളായി കുട്ടികള്‍ പഠിക്കുന്ന സ്‌കൂളില്‍ ഉയര്‍ന്ന സമുദായത്തില്‍ പ്പെട്ടവര്‍ സ്വന്തം മക്കളെ ചേര്‍ത്തു പഠിപ്പിക്കുന്നില്ലെന്നും അവരോടു അയിത്തമാചരിക്കുന്നുവെന്നും മാധ്യമങ്ങളിലൂടെ മനസ്സിലാക്കി, കഴിഞ്ഞ ആഴ്ച പേരാമ്പ്രയിലെത്തി ചേര്‍മലകുന്നിലെ ഭവന സന്ദര്‍ശന ത്തിന് ഞാനെത്തി. അംബേദ്കര്‍ സാംസ്‌കാരികവേദി ചെയര്‍മാനും പേരാമ്പ്ര സ്വദേശിയുമായ കെ.എം.ശ്രീധരന്‍, ഉത്തര കേരള പറയ മഹാസഭ നേതാവ് ഏ.എം.ബാലരാമന്‍ എന്നിവര്‍ എന്നോടൊപ്പ മുണ്ടായിരുന്നു. പറയ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന വെല്‍ഫെയര്‍ എല്‍.പി.എസ്സിലാണ് ഞങ്ങള്‍ ആദ്യം സന്ദര്‍ശനം നടത്തിയത് വടകര സ്വദേശിയായ ഹെഡ്മാസ്റ്ററോട് ഞങ്ങള്‍ വിവരങ്ങള്‍ ആരാഞ്ഞു. 

അവിടെ ഒന്നു മുതല്‍ നാലുവരെ ക്ലാസ്സുകളിലായി ആകെ പന്ത്രണ്ടു കുട്ടികളാണു പഠിച്ചു വരുന്നത്. ഒരു ഒ.ബി.സി വിഭാഗത്തില്‍പ്പെടുന്ന കുട്ടി ഒഴികെ ബാക്കി പതിനൊന്നു കുട്ടികളും പറയ സമുദായത്തില്‍ പ്പെട്ടവരാണ്. പത്രമാധ്യമങ്ങളില്‍ അച്ചടിച്ചു വന്നിട്ടുള്ളതു പോലെ മറ്റിതര സമുഹത്തിലെ രക്ഷകര്‍ത്താക്കള്‍ വെല്‍ഫെയര്‍ സ്‌കൂളിലെ പറയ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം സ്വന്തം മക്കളെ ചേര്‍ത്തു പഠിപ്പിക്കാന്‍ തയ്യാറാവുന്നില്ല. അതിനാല്‍ അയിത്തമുണ്ടെന്നു വാദിച്ചാല്‍ ഒരു പരിധി വരെ ശരിയുണ്ടാകാം. വെല്‍ഫെയര്‍ സ്‌കൂളിന്റെ ശോച്യാവസ്ഥ മാറ്റുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ബഹുജനങ്ങളുമായി സമ്പര്‍ക്ക ത്തിലേര്‍പ്പെട്ട് കൂടുതല്‍ വിദ്യാര്‍ത്ഥികളെ അവിടെ പഠിപ്പിക്കാന്‍ ശ്രമിച്ച ഒരാളാണ് ഇപ്പോഴത്തെ ഹെഡ്മാസ്റ്റര്‍. ഒരു വെല്‍ഫെയര്‍ സ്‌കൂളിന്റെ പിരിമിതികളെപ്പറ്റി നമുക്ക് സങ്കല്പിക്കാവുന്ന തേയുള്ളൂ. വെല്‍ഫെയര്‍ സ്‌കൂളിനു തൊട്ടുമുമ്പില്‍ ഒരു സ്വകാര്യ മാനേജ്‌മെന്റ് എല്‍.പി. സ്‌കൂളുണ്ട്. അവിടേക്ക് കുട്ടികളെ ആകര്‍ഷിക്കാനുംഭേദപ്പെട്ട നിലവാരം സൃഷ്ടിക്കാനും എല്ലാ നടപടികളും മാനേജ്‌മെന്റ് സ്വീകരിക്കുന്നുണ്ട്. അതില്‍ ഒരു പ്രധാനനടപടി പ്ലേ സ്‌കൂള്‍ രീതിയില്‍ കുട്ടികള്‍ കളിക്കാനും ആര്‍ത്തുല്ലസിക്കാനും കഴി യുന്ന സൗകര്യങ്ങള്‍ സംവിധാനം ചെയ്ത താണ്. സാമാന്യം ഭേദപ്പെട്ട ബോധനവും അവിടെ ഉണ്ടെന്നാണ് മനസ്സിലായത്. ഒരു രക്ഷകര്‍ത്താവിനെസംബന്ധിച്ചിടത്തോളം താരതമ്യേ നമെച്ചപ്പെട്ട നിലവാരമുള്ള സ്‌കുളുകള്‍ സ്വന്തം കുട്ടികള്‍ക്കു തെരഞ്ഞെടു ക്കുന്നതു ഏതു ജാതിയിലോ മതത്തിലോപ്പെട്ട രക്ഷകര്‍ത്താവിന്റെയും ഇഷ്ടമാണ്. അതു തന്നെയാവാം വെല്‍ഫെയര്‍ സ്‌കൂളില്‍ കുട്ടികളെ അയക്കാന്‍ രക്ഷിതാക്കള്‍ മടിക്കുന്നതെന്നാണ് എന്റെ എളിയ ബുദ്ധിയില്‍ തോന്നുന്നത്. അതിനെപൂര്‍ണ്ണമായും അയിത്തമെന്നു മുദ്രയടിച്ച് തള്ളിക ളയാന്‍ ശ്രമിക്കുന്നത് യാഥാര്‍ത്ഥ്യ ബോധമി ല്ലായ്മയാണ്. 

ഹയര്‍ സെക്കന്ററി സ്‌കൂളിലെ ചേര്‍മല കോളനിയിലെ മൂന്നു പെണ്‍കുട്ടി കളെയും ഞാന്‍ നേരില്‍ കണ്ടു സംസാരിച്ചു. ജാതി വിവേചനം സ്‌കൂളിലുണ്ടെന്ന് അവര്‍ ഞങ്ങളോടു തുറന്നു പറഞ്ഞു. അതില്‍ സത്യമുണ്ട് എന്ന് എനിക്കും സുഹൃത്തുക്കള്‍ക്കും ബോദ്ധ്യമായി. നിഷ്‌കളങ്കരായ പെണ്‍കുട്ടികള്‍ക്ക് അതിശയോക്തിപരമായ കള്ളം പറയേണ്ട കാര്യമില്ലല്ലോ !

കഴിഞ്ഞ മേയ് ഒന്നിന് അഞ്ചിയോ പ്ലാസ്റ്റ് ചെയ്ത് രണ്ടു സ്റ്റെന്റിന്റെ സഹായത്തില്‍ മരുന്നുമായി നടക്കുന്ന എനിക്ക് പഴയ സാംബവ മഹാസഭ പ്രസിഡന്റിന്റെ ചുറുചുറുക്കോടെ ഉയരത്തിലുള്ള ചേര്‍മല കോളനിയില്‍ കയറി ഇറങ്ങി എല്ലാ ഭവനങ്ങളും സന്ദര്‍ശിക്കാന്‍ എളുപ്പമായിരുന്നില്ല. സഹപ്രവര്‍ത്തകരുടെ എതിര്‍പ്പുകള്‍ അവഗണിച്ച് ഞാന്‍ ചേര്‍മലകോളനിയിലെ വീടുകള്‍ സന്ദര്‍ശിച്ചു. ഇരുപത്തിയഞ്ചു കൊല്ലങ്ങള്‍ക്കു മുമ്പ് കണ്ടചേര്‍മലയല്ല ഇപ്പോഴത്തെ കോളനി. ഒരിക്കല്‍ ശക്തിയായ കാറ്റുവീശിയപ്പോള്‍ പറന്നു പോയ പറയ കുടിലുകളുടെ സ്ഥാനത്ത് വാസയോഗ്യമായ കൊച്ചു വീടുകള്‍ എനിക്കു കാണാന്‍ സാധിച്ചു. ചക്കയും മറ്റു കായ്കനികളുമുള്ള മരങ്ങള്‍ ഇടതൂര്‍ന്നു നില്‍ക്കുന്നു. റബ്ബര്‍ മരങ്ങളും ചില പ്ലോട്ടുകളില്‍ കണ്ടു. ഇപ്പോഴും മുഖ്യധാരയിലെ ജനങ്ങള്‍ക്കൊപ്പം എത്താന്‍ അവര്‍ക്കു ഒട്ടും സാധിച്ചിട്ടില്ല എന്നു വസ്തുതകള്‍ പരിശോധിച്ചാല്‍ നമുക്ക് ബോധ്യമാകും. സെന്‍സേ ഷന്‍ സൃഷ്ടിച്ചാല്‍ അതിനു പ്രതിവിധിയാകുമോ എന്നാണ് വിനയപൂര്‍വ്വം എനിക്കു ചോദിക്കുവാനുള്ളത്! 

ക്രമാനുഗതമായ നടപടികളിലൂടെ അവരുടെ പുരോഗതി ഉറപ്പു വരുത്താന്‍ യോജിച്ച നടപടികള്‍ അനിവാര്യമാണ്. കതിരിന്മേല്‍ വളം വയ്ക്കുക ആശാസ്യമല്ല. ബോധവത്കരണം ഉള്‍പ്പെടെ ശാസ്ത്രീയ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കണം. വിദ്യാഭ്യാസ ത്തിനും സാംസ്‌കാരിക വളര്‍ച്ചക്കും ഊന്നല്‍ നല്‍കുന്ന വിദ്യാഭ്യാസ സമ്പ്രദായം പ്രോത്സാഹി പ്പിക്കണം. വെല്‍ഫെയര്‍ സ്‌കൂള്‍ അടച്ചു പൂട്ടി അതിന്റെ സ്ഥാനത്ത് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ സ്ഥാപിക്കുന്നത് ആശാസ്യമായിരിക്കും. ഇപ്പോഴത്തെ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളുടെ പൊതുവായ സ്ഥിതി ശോചനീയമെന്നാണു പറഞ്ഞുകേള്‍ക്കുന്നത്. പട്ടികജാതി പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളെ പരിപോഷിപ്പിച്ച് മാതൃകാപരമായ പുരോഗതിക്കായി രൂപീകരിച്ച മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളെ കേന്ദ്രീകരിച്ച് തട്ടിപ്പ് -വെട്ടിപ്പു സംഘങ്ങള്‍ കൂലിത്തല്ലുകാരെ തോല്പിച്ചു വിരാജിക്കുന്നുവെന്നാണ് പറഞ്ഞു കേള്‍ക്കുന്നത്. പട്ടികജാതി വകുപ്പു തലവന്‍ ശ്രീ.ഭാസ്‌കരനും പട്ടികവര്‍ഗ്ഗ വകുപ്പു തലവന്‍ ശ്രീ.രാമചന്ദ്രനും കിടയറ്റ ഉദ്യോഗസ്ഥ പ്രമുഖരും ആത്മാര്‍ത്ഥതയുള്ളവരുമാണെന്നാണ് ഞങ്ങള്‍ മനസ്സിലാക്കുന്നത്. എങ്കില്‍ അവര്‍ക്കു കീഴില്‍ അവരെയും തെറ്റിദ്ധരിപ്പിച്ച് മേനി നടിക്കുന്ന ഉദ്യോഗസ്ഥ ദല്ലാളന്മാരുണ്ടെന്നും അവരുടെയെല്ലാം പിന്തുണയും സജീവ സഹകരണവും പങ്കാളിത്തവും മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന തട്ടിപ്പു-വെട്ടിപ്പു സംഘങ്ങള്‍ക്കുണ്ടെന്ന് നിഷ്പക്ഷ നീരീക്ഷണം നടത്തിയാല്‍ ബോദ്ധ്യമാകുന്നതാണ്. അത്തരം മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പേരാമ്പ്രയിലും പ്രവര്‍ത്തിച്ചാല്‍ നാക്കു തിരിയാത്ത പാവങ്ങളെ അത്തരക്കാരുടെ കൈകളിലേയ്‌ക്കെറിഞ്ഞു കൊടുത്ത് ഫണ്ടു ദുരുപയോഗം നടത്തി അയ്യായിരം കൊല്ലത്തിനു പിന്നിലേക്കു കൊണ്ടു പോയി അടിമക്കടച്ചവടം പ്രോത്സാഹിപ്പി ക്കുകയാവും ഫലം ! അതുകൊണ്ട് കുരുന്നുകളെ വിദ്യാഭ്യാസ ത്തിന്റെയും സംസ്‌കാരത്തിന്റെയും ഉയര്‍ന്ന പടവുകള്‍ ചവിട്ടികയറാന്‍ സഹായിക്കുന്ന സംവിധാനം സൃഷ്ടിക്കുമ്പോള്‍ കോഴിമുട്ട അടവച്ചു വിരിയിച്ചെടുത്തു കോഴിക്കുഞ്ഞുങ്ങളെ വളര്‍ത്തുന്ന സൂക്ഷ്മതയും അവധാനതയും അനിവാര്യമാണ്. ഇതിന് ഉന്നതരായ വിദ്യാഭ്യാസ വിദഗ്ധന്മാരുടെയും സാമൂഹിക പരിഷ്‌ക്കര്‍ത്താക്കളുടെയും നിര്‍ലോപമായ സഹകരണം ഗവര്‍മെന്റ് തേടണം. മുതിര്‍ന്നവര്‍ക്കും വിദ്യാഭ്യാസവും സാമൂഹ്യബോധവും പകര്‍ന്നു കൊടുക്കാവുന്ന ഒരു ബ്യൂറോ തന്നെ അവിടെ ആരംഭിക്കണം. അതൊന്നും ധൂര്‍ത്തായി കാണരുത്. പേരാമ്പ്രയും നമ്മുടെ സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെ തന്നെയും അവിഭാജ്യഘടകമാണെന്ന ബോധം നമുക്കുണ്ടാകണം.


കെ. രാമന്‍കുട്ടി
സീനിയര്‍ ദലിത്
നാഷണല്‍ ലീഡര്‍
9895656799