"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, സെപ്റ്റംബർ 8, ചൊവ്വാഴ്ച

കേരളത്തിലെ അടിമകള്‍; നാമാവശേഷമായ 'മലയാളി' എന്ന വംശജരും - വെട്ടിയാര്‍ പ്രേംനാഥ്


ആദ്യത്തെ സാമൂഹ്യ ചരിത്രകാരനും, ഭരണഘടന യേയും അംബേഡ്ക റേയും കുറിച്ച് സാമാന്യ ജനങ്ങളില്‍ അറിവു പകരുകയും ചെയ്ത പ്രമുഖനു മാണ് മാവേലിക്കരക്ക് അടുത്ത് വെട്ടിയാറില്‍ ജനിച്ച പ്രേംനാഥ്. നാടന്‍ പാട്ടുകളുടെ സമ്പാദകന്‍ എന്ന നിലക്ക് പ്രേംനാഥ് കുറച്ചൊക്കെ അറിയ പ്പെട്ടിരുന്നു. പക്ഷെ, നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവു കൂടിയാണ് അദ്ദേഹമെന്ന വസ്തുത ശര്ദ്ധിക്കപ്പെടാതെ പോയി. കേരളത്തിലെ അടിമ സമുദായങ്ങളെക്കുറിച്ചും ജാതിഘടനയെക്കുറിച്ചു പ്രേംനാഥ് നല്കിയ അന്വേഷണാത്മക അറിയിപ്പുകള്‍ വിലമതിക്കാനാവാ ത്തവയാണ്. ആദ്യകാല ദലിത് സാഹിത്യകാരന്മാരുടെ കൂട്ടത്തിലാണ് കവിയൂര്‍ മുരളി തന്റെ 'ദലിത് സാഹിത്യം' എന്ന ഗ്രന്ഥത്തില്‍ പ്രേംനാഥിനെ പരിചയപ്പെടുത്തുന്നത്. ഇതൊന്നു മാത്രമാണ് ആ സാഹസിക സഞ്ചാര സാഹിത്യകാരനെ ക്കുറിച്ച് അച്ചടിച്ചു വന്നിട്ടുള്ള ഏക ലിഖിത രേഖ. (ഡോ. ജോര്‍ജ് കെ അലക്‌സും എലിസബത്ത് ജോണും ഇംഗ്ലീഷിലും രേഖപ്പെടുത്തിയിട്ടുണ്ട് ) ശാരീരിക അസുഖങ്ങള്‍ ഏറിയിരുന്ന ജീവിത സായാഹ്നത്തില്‍ വെട്ടിയാര്‍ പ്രേംനാഥിനെ നേരിട്ട് പോയി കാണാന്‍ കഴിയാത്തതിലുള്ള ഖേദം കവിയൂര്‍ മുരളി മറച്ചു വെക്കുന്നില്ല. 2003 ല്‍ അന്തരിച്ച കവിയൂര്‍ മുരളി 2000 ല്‍ ഇറങ്ങിയ 'ദലിത് സാഹിത്യ'ത്തില്‍ ഇങ്ങനെ വിലപിക്കുമ്പോള്‍ വര്‍ഷങ്ങള്‍ക്കു മുമ്പ്, 8 - 9 - 1972 ല്‍ വെട്ടിയാര്‍ പ്രേംനാഥ് അന്തരിച്ച വിവരം അറിഞ്ഞിരുന്നില്ല.....!!! 

കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച 'നാടന്‍ പാട്ടുകള്‍' പ്രേംനാഥിന്റെ ഈ സരണിയിലെ പ്രസിദ്ധമായ ഗ്രന്ഥമാണ്. അതിലെ 'ആദിയില്ലല്ലോ.. ലന്തമില്ലല്ലോ.. ലക്കാലം പോലായുഗത്തില്‍....' എന്നു തുടങ്ങുന്ന പാട്ട് ചൊല്ലിക്കേള്‍ക്കാത്തവര്‍ ഉണ്ടെന്ന് തോന്നുന്നില്ല. ആ പാട്ടിന് ഒരു പേരുണ്ട് - 'പാക്കനാര്‍ പാട്ട്.' അതിസാഹസികമായി പ്രേംനാഥ് അന്വേഷിച്ചു കണ്ടെത്തിയ പാക്കനാര്‍ പാട്ട് വേണ്ടവിധം പഠിക്കപ്പെട്ടില്ല. പ്രപഞ്ചോത്പത്തി രഹസ്യങ്ങള്‍ അനാവരണം ചെയ്യാന്‍ ശ്രമിച്ചവരിലെ അഗ്രേസരന്മാ രായിരുന്നു അന്നത്തെ കവികാരണവന്മാര്‍ എന്ന്, 'പാതിമൊട്ട വിണ്ടു പൊട്ടി മേലുലോകം പൂക്കിയല്ലോ, പാതിമൊട്ട വിണ്ടു പൊട്ടി കീയുലോകം പൂക്കിയല്ലോ...' എന്ന വരികള്‍ സാക്ഷ്യ പ്പെടുത്തുന്നു. മറ്റു പാട്ടുകളില്‍ നിന്ന് വെളിപ്പെടുന്നത് അക്കാലത്തെ ജാതിനിര്‍മിതവും ക്രൂരവും നിന്ദ്യവുമായ സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങളാണ്.

'മലയാളി' എന്നത് ഒരു ഭാഷ സംസാരിക്കുന്നവരേയോ ഒരു പ്രദേശത്ത് താമസിക്കുന്ന ജനവിഭാഗത്തേയോ കുറിക്കുന്ന പദമാണെങ്കിലും ആ പേരില്‍ വിശേഷിപ്പിക്കപ്പെട്ടിരുന്ന ഒരു ജനസമുദായം കേരളത്തിലുണ്ടാ യിരുന്നു എന്ന് 'കേരളത്തിലെ അടിമകള്‍' എന്ന ഗ്രന്ഥത്തിലൂടെ വെട്ടിയാര്‍ പ്രേംനാഥ് പകര്‍ന്നു തന്ന പുതിയ അറിവാണ്! അതിനായി അദ്ദേഹം അനുഭവിച്ച ക്ലേശങ്ങള്‍ എന്തായിരുന്നുവെന്നും ഈ വരികളില്‍ നിന്ന് വായിക്കാം; 'കാട്ടുമൃഗങ്ങളോടൊപ്പം കാട്ടില്‍ താമസിച്ചിരുന്ന മലയാളി യുടെ വംശജര്‍, ഇന്ന് നാമാവശേഷമായി. തനിമലയാളം സംസാരിക്കുന്ന ഇക്കൂട്ടരെ പരിചയപ്പെടുന്ന തിനായി കുമളിയിലെ മന്നാന്‍ വര്‍ഗക്കാരുടെ കാണിക്കാരനായ ശ്രീ കുപ്പാനുമായി ഞാന്‍ പൊന്മല മേട്ടിലേക്കു പോയി. മൂന്നു ദിവസം ഭീകരമായ വനാന്തര്‍ഭാഗത്തു കൂടി നടന്നു മലയാളികളുടെ സങ്കേതമായ ഒരു പാറക്കെട്ടിനടുത്തു ചെന്നു. കുപ്പാന്‍ അവരുടേതായ ഈണത്തിലും ഭാഷയിലും മലയാളിയെ വിളിച്ചു. അല്പനേരം കഴിഞ്ഞപ്പോള്‍ സുന്ദരനും സുമുഖനുമായ ഒരു യുവാവ് കയ്യില്‍ അമ്പും വില്ലും ധരിച്ച് ഞങ്ങളുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു. അവര്‍ എന്തൊക്കെ യോ സംസാരിച്ചു. ഞങ്ങള്‍ മൂന്നുപേരും കൂടി ഗുഹക്കുള്ളില്‍ കടന്നു. പുലിക്കുട്ടികളും കടുവാക്കുട്ടികളും മാന്‍കിടാങ്ങളും എല്ലാം അവിടെ യുണ്ടായിരുന്നു. സ്ത്രീകളുടെ ശരീരഘടനയുടെ അഴക് അന്നാദ്യമായിട്ടാണ് ഞാന്‍ കണ്ടത്. നൈലോണും ലിപ്സ്റ്റിക്കും പൗഡറും ഒന്നും അവര്‍ ഉപയോഗിക്കാറില്ല. കഷ്ടിച്ച് മാനം മറക്കുവാന്‍ വേണ്ടിയുള്ള മരവുരികള്‍ മാത്രമാണ് അവരുടെ ആടയാഭരണങ്ങള്‍ ഭക്ഷണം വേവിച്ചു ഭക്ഷിക്കാത്ത ഇക്കൂട്ടര്‍ ഞങ്ങള്‍ക്കു നല്കിയ തേനും തിനയും കാട്ടുക നികളും പച്ചവെള്ളവും തിന്നുകഴിഞ്ഞപ്പോള്‍ മലയാളി സംഭാഷണ ണാരംഭിച്ചു. 'പുറവേലിക്കാരായ വനംകുടികളുടേയും (വനം കയ്യേറ്റ ക്കാര്‍) ഉദ്യോഗസ്ഥന്മാരുടേയും ശല്യംകൊണ്ട് കാട്ടിലെ ജീവിതം ഇനി സാധ്യമല്ലാതെ വന്നു.' മലയാളിയുടെ ആവലാതിയാണ്. നാലുദിവസത്തെ വനത്തില്‍ കൂടിയുള്ള യാത്രക്കു ശേഷം ഞങ്ങള്‍ വീണ്ടും കുമളിയി ലെത്തി. മലയാളികള്‍ സ്വതന്ത്രമായി ജീവിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. സംസ്‌കാര സമ്പന്നരായ നമ്മുടെ വേദാന്തവും സാമ്പത്തികമായ സഹായ ങ്ങളും വിദ്യാഭ്യാസവും ഒന്നും അവര്‍ക്കാവശ്യമില്ല.' ('കേരളത്തിലെ അടിമകള്‍' - വെട്ടിയാര്‍ പ്രേംനാഥ്. 1966. എസ്പിസിഎസ് കോട്ടയം പ്രസിദ്ധീകരണം. പേജ് 43,44).