"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, സെപ്റ്റംബർ 30, ബുധനാഴ്‌ച

പുലയര്‍ ചരിത്രത്തിന്റെ താളുകളില്‍ - കുന്നുകുഴി എസ് മണി

കേരളത്തിലെ അതിപ്രാചീന ഗോത്രവര്‍ഗ്ഗക്കാരാണ് പുലയര്‍. അവരുടെ ചരിത്രത്തിന് ശിലായുഗകാലത്തോളം തന്നെ പഴക്കമുണ്ടെന്നാണ് പ്രമുഖ ചരിത്രകാരന്മാരും, നരവംശ ശാസ്ത്രജ്ഞന്മാരും വിലയിരുത്തുന്നത്. കാലഘട്ടങ്ങളെ തരണം ചെയ്ത് ആധുനിക നരവംശ ത്തിന്റെ കണ്ണിയായി നിലനില്ക്കുന്ന പുലയരെക്കുറിച്ച് വ്യക്തമായ പഠനം ഇന്ന് അനിവാര്യമായി തീര്‍ന്നിരിക്കുന്നു.

കൊടും വനങ്ങളിലും, മലമേടുകളിലും, ഗുഹാതലങ്ങളിലും പരുപരുക്കന്‍ ജീവിത സാഹചര്യം കണ്ടെത്തിയ ആദിമജനതയായും, പിന്നീട് മലനിരകളില്‍ പുനഃജ്ജനിച്ച ആദിവാസി യായും തീര്‍ന്നിരുന്ന പുലയര്‍ നരവംശശാസ്ത്രജ്ഞന്മാരെ പ്പോലും അത്ഭുതപ്പെടുത്തിക്കൊണ്ടാണ് ഇന്നത്തെ ആധുനിക നാഗരികതയില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. ഈ സാഹചര്യ ങ്ങളെക്കുറിച്ച് വ്യക്തമായ പഠനം നടത്തുകയാണ് ഈ ഗ്രന്ഥത്തില്‍. ചരിത്രകാരന്മാരാല്‍ വികൃതമാ ക്കപ്പെട്ടിരിക്കുന്ന ചരിത്രത്തിന്റെ ഉടമകളാണ് ഇന്ന് പുലയവംശം. മഹത്തായ സാംസ്‌ക്കാരിക പൈതൃക ത്തിന്റെ വേരറ്റുപോകാത്ത കണ്ണിയായി നിലനില്ക്കുന്ന പുലയര്‍ കാലത്തിന്റെ മാഹാത്ഭൂതങ്ങളില്‍ ഒന്നാണ്.

ബി.സി. 5000-നു മുന്‍പ് മെസപൊട്ടോമിയ, ഈജിപ്ത്, റോം, ഫെനീഷ്യ തുടങ്ങിയ വിദേശങ്ങളിലേക്ക് കേരളക്കരയില്‍ നിന്നും കുരുമുളക്, ആനക്കൊമ്പ്, മയില്‍, കുരങ്ങ്, സുഗന്ധദ്രവ്യങ്ങള്‍ മുതലായവ കയറ്റുമതി ചെയ്തിരുന്നതായി തെളിവുകള്‍ ഇന്ന് ലഭ്യമാണ്. ഇങ്ങനെ കയറ്റുമതി നടത്തിയിരുന്നവര്‍ ഇവിടത്തെ ആദിമനിവാസി കളായിരുന്നു. ആ കാലത്തൊന്നും ആര്യവര്‍ഗ്ഗത്തില്‍പ്പെട്ട ബ്രാഹ്മണകൂട്ടങ്ങളോ അവരുടെ ആശ്രിതരോ ഇവിടെ എത്തിയിരുന്നില്ല. കാട്ടിലും, മേട്ടിലും, നാട്ടിലും സഞ്ചരിച്ച് വേട്ടയാടിയും മറ്റ് രീതിയില്‍ സംഭരിച്ചതുമായ വാണിജ്യ വിഭവങ്ങള്‍കൊണ്ട് വൈദേശീയസാംസ്‌ക്കാരിക സമ്പര്‍ക്കം പുലര്‍ത്തിയി രുന്നത് ഇവിടത്തെ ആദിമ നിവാസികളായ മലയനും, വേടനും, ചെറുമനും, പുലയനും, പറയനുമൊക്കെയായിരുന്നു. ഇതൊന്നും ദൈവത്തിന്റെ വക്ത്രത്തില്‍ നിന്നും ജനിച്ചെത്തിയവര്‍ക്കോ, വേദോപനിഷ ത്തുക്കളുടെ കര്‍ത്താക്കളായി സ്വയം ചമഞ്ഞ് കുടിയേറിയ ആര്യ ബ്രാഹ്മണകൂട്ടങ്ങള്‍ക്കോ സാധ്യമായിരുന്നില്ല.

മദ്ധ്യതിരുവിതാംകൂറിലെ ആറാട്ടുപുഴ പണ്ടൊരു തുറമുഖമായിരുന്നു. നൂറ്റാണ്ടുകളോളം തുറമുഖമായി തന്നെ നിലനിന്നിരുന്നുവെന്നാണ് ചരിത്രത്തില്‍ കാണുന്നത്. ഈ തുറമുഖം വഴി കായംകുളം സ്വദേശിയായ 'പെരുമാള്‍'എന്നൊരു പുലയപ്രമാണി പായകപ്പല്‍ (പടവ്-ചിലങ്ക) വഴി വിദേശ രാജ്യങ്ങളുമായി വ്യാപാര ബന്ധം പുലര്‍ത്തിരുന്നുവെന്ന് കെ.കെ.ഗോവിന്ദന്റെ 'ആറുകൊലകണ്ടം എന്ന ഗ്രന്ഥത്തില്‍ ഒരു സുവിശേഷം എന്ന അഭിപ്രായത്തില്‍ കെ.സഹദേവന്‍ (പത്രാധിപര്‍ തെക്കന്‍കാറ്റ്) രേഖപ്പെടുത്തിയിട്ടുണ്ട്.1 അങ്ങനെ കേരള സംസ്‌ക്കാരം ആര്യാധിനിവേശത്തിനു നൂറ്റാണ്ടുകള്‍ക്കുമുന്‍പ് വിദേശങ്ങളില്‍ എത്തിച്ച ചരിത്രത്തിന്റെ വ്യക്താക്കളായിരുന്നു പുലയര്‍. കൂടാതെ വൈദേശീയ സഞ്ചാരസാഹിത്യകാരന്മാരുടെ സഞ്ചാരക്കുറിപ്പുകളിലും ഇവയൊക്കെ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്.

പക്ഷെ ആ ചരിത്ര പാരമ്പര്യംപോലും നിഷേധിച്ചുകൊണ്ടാണ് ആധുനിക ചരിത്രപണ്ഡിതന്മാര്‍ ചരിത്ര രചന നിര്‍വഹിക്കുന്നതുപോലും. ഈ വിധം കറുത്തിരുണ്ട യുഗ വിപ്ലവത്തെ നിഷേധിക്കുന്നതിലൂടെ ആധുനിക മേലാളകൂട്ടങ്ങള്‍ ഒരു ജനതതിയുടെ മൊത്തം ചരിത്രം അപ്പടി വിഴുങ്ങി ക്കളയുകയാണ്. ഇന്നെല്ലങ്കില്‍ നാളെ ആ ചരിത്ര സത്യം പുറത്തു വരുമെന്ന കാര്യത്തില്‍ സംശയം വേണ്ട. നൂതന സംസ്‌ക്കാരത്തിന്റെ സരണിപോലും ഈ ജനവിഭാഗത്തിന്റെ ചരിത്രത്തില്‍ നിന്നാണ് ആരംഭിക്കുന്നത്.

ഇന്ത്യയിലെ ആദ്യ സംസ്‌ക്കാരത്തിന്റെ പിറവി

ഇന്ത്യയില്‍ ആദ്യ സംസ്‌ക്കാരത്തിന്റെ പിറവി ഉദയംകൊണ്ടത് കേരളക്കരയില്‍ നിന്നാണ്. കഴിഞ്ഞ അദ്ധ്യായങ്ങളില്‍ വിവരിച്ച ഇടയ്ക്കല്‍ ഗുഹ, ചെന്തുരുണി നദീതട സംസ്‌ക്കാരം എന്നിവ വെളിച്ചം വീശുന്നത് ആ വഴിക്കാണ്. ഇന്ത്യയിലെ വിവിധപ്രദേശങ്ങളെ അപേക്ഷിച്ച്, ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഒന്നായ കേരളത്തിലാണ് ആദ്യമായി ജനവാസം ആരംഭിച്ചതെന്ന് പ്രമുഖ നരവംശ ശാസ്ത്രജ്ഞന്മാര്‍ സമ്മതിക്കുന്നുണ്ട്. ഇന്നലെവരെ സിന്ധു, ഗംഗ, ഗോദാവരി നദീതടങ്ങളിലേ ശിലായുഗ മനുഷ്യര്‍ ജീവിച്ചിരുന്നിട്ടുള്ളുവെന്ന നിഗമനത്തിലാണ് ചരിത്രപണ്ഡിതന്മാര്‍ എത്തിച്ചേര്‍ന്നിരുന്നത്. കേരളത്തില്‍ ശിലായുഗ മനുഷ്യര്‍ ജീവിച്ചിരുന്നതിന് തെളിവായി യാതൊരു വിധ ശിലായുധ അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടില്ലെന്നുമാണ് പൊതുവിലുള്ളധാരണ. ആ ധാരണയെ കടപ്പുഴകി എറിഞ്ഞുകൊണ്ടാണ് ചെന്തുരുണിമലയില്‍ നിന്നും പ്രാചീന ശിലയുഗ കാലത്തെ ആയുധങ്ങള്‍ കണ്ടെത്തിയത്. മാത്രവുമല്ല സിന്ധു നദീതട സംസ്‌ക്കാരത്തെക്കാള്‍ ഏറെ പഴക്കമുള്ളതാണ് ചെന്തുരുണിയില്‍ നിന്നും കണ്ടെത്തിയ ശിലായുധങ്ങള്‍. കൂടാതെ കൊല്ലം ജില്ലയില്‍ നിന്നും, പാലക്കാട് ജില്ലിയില്‍ നിന്നും ശിലായുധങ്ങള്‍ തുടര്‍ന്നും കണ്ടെത്തിയിരുന്നു. ഇവയില്‍ നിന്നെല്ലാം കേരളത്തിലാണ് ആദിമ സംസ്‌ക്കാരത്തിന്റെ തിരുപ്പിറവിയെന്നുകാണാവുന്നതാണ്.
ലോകത്തിലെ പ്രാചീന നാഗരികതകളില്‍ ഒന്നിന്റെ കര്‍ത്താക്കളായ ദ്രാവിഡര്‍ മെഡിറ്ററേനിയന്‍ പ്രദേശത്തുനിന്നും തെക്കോട്ടു പോന്നുവെന്ന പണ്ഡിത നിഗമനം ശരിയല്ലെന്നാണ് തെളിഞ്ഞിരിക്കുന്നത്. മാക് അലിസ്റ്റര്‍ (MC ALISTER) എന്ന കെല്‍ട്ടിക് പുരാവസ്തു ഗവേഷകന്റെ അഭിപ്രായത്തില്‍ മെഡിറ്ററേനിയന്‍ വര്‍ഗ്ഗം ദ്രാവിഡരെപ്പോലെ കറുത്ത നിറമുള്ളവരും, പൊക്കം കുറഞ്ഞവരും ആണെന്നാണ്. മെഡിറ്ററേനിയന്‍ പ്രദേശത്തെ ക്രിറ്റ് ദ്വീപിലെ നിവാസികള്‍ കേരളത്തിലെ ആദിമ നിവാസികളെപ്പോലെ തലമുടിനീട്ടിവളര്‍ത്തുന്നവരും, ഒററ മുണ്ടുധരിച്ച് നെല്‍പ്പാടങ്ങളില്‍ കൃഷിചെയ്യുന്നവരുമാണ്. ഇവര്‍ കേരളത്തിലെ ആദിമനിവാസികളായ പുലയന്റെയും പറയന്റെയും വംശപരമ്പരയില്‍ പ്പെട്ടവരാണെന്നത് തര്‍ക്കമറ്റതാണ്.

കേരളക്കരയില്‍ മനുഷ്യവാസം ആരംഭിച്ചത് 6000 വര്‍ഷങ്ങള്‍ക്കു മുന്‍പാണെന്ന് അനുമാനിക്കുന്നു. ഏതാണ്ട് മദ്ധ്യ ശിലായുഗത്തിന്റെ അന്ത്യത്തിലെങ്ങോ ആണ് മനുഷ്യന്റെ ആദ്യപാദസ്പര്‍ശം ഏറ്റത്. ഈ കാലഗണന തെറ്റാണെന്ന് എടയ്ക്കല്‍ ഗുഹയെ സംബന്ധിച്ച പഠനങ്ങള്‍ നടത്തിയ പുരാവസ്തു ശാസ്ത്രജ്ഞന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. അവരില്‍ പ്രമുഖനാണ് പഞ്ചാനമിത്രന്‍. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ബി.സി.1000-നും, 7000-നും ഇടയ്ക്ക് മനുഷ്യാസ്ഥിക്കഷ്ണങ്ങളും, ഇരുമ്പുപകരണങ്ങളും, ആയുധങ്ങളും വന്‍ ശിലാ പരിഷ്‌ക്കാരകാലത്തെ (MEGALITHIC CULTURE) സ്മാരകങ്ങള്‍ എടയ്ക്കല്‍ മലയ്ക്കു സമീപത്തുനിന്നു കണ്ടെത്തിരുന്നുവെന്നാണ്. അതെ സമയം 2004-ല്‍ സയന്‍സ് മാഗസീനില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ സൈപ്രസില്‍ നവീന ശിലായുഗ കാലത്തെ ഒരു കല്ലറയില്‍ നിന്നും 9500 വര്‍ഷം മുന്‍പുള്ള മനുഷ്യാസ്ഥികൂടവും തൊട്ടടുത്തുനിന്നും ഒരു ആഫ്രിക്കന്‍ കാട്ടുപൂച്ചയുടെ അസ്ഥികൂടവും പ്രൊ.ജീന്‍ഗ്വിലൈന്‍ ഉള്‍പ്പെട്ട ഫ്രഞ്ച് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയതായിപറയുന്നു. 2 ദ്രാവിഡരുടെ കടന്നുവരവിനുമുന്‍പു തന്നെ ഇവിടെ ആദി ദ്രാവിഡ വിഭാഗത്തില്‍പ്പെട്ട ഒരു വിഭാഗം നിലനിന്നിരുന്നു വെന്നാണ് ചരിത്ര രേഖകള്‍ വ്യക്തമാക്കന്നത്. പുലയനും, പറയനുമെല്ലാം ആ വര്‍ഗ്ഗത്തിന്റെ കണ്ണിയാണ്. മൊത്തത്തില്‍ കേരളത്തെ ഇന്ത്യയിലെ ആദ്യത്തെ മാനവ സംസ്‌ക്കാരത്തിന്റെ കളിത്തൊട്ടില്‍ എന്ന് വിശേഷിപ്പിക്കാവുന്നതാണ്.