"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, സെപ്റ്റംബർ 19, ശനിയാഴ്‌ച

ആര്യന്‍ സമൂഹവും ചാര്‍വാകന്മാരുടെ പ്രക്ഷോഭവും - ഡോ . സുരേഷ് മാനെ

തദ്ദേശീയരായ ഇന്ത്യാക്കാരുടെമേലുള്ള ആര്യന്‍ അധിനിവേശം ഇന്ത്യാചരിത്രത്തിലെ ഒരു വഴിത്തിരിവായി പരിഗണിക്കപ്പെടുന്നു. ഇന്ത്യയിലെ ആര്യന്‍ സമൂഹത്തിന്റെ ഉല്‍ഭവത്തെക്കുറിച്ച് നിരവധി സിദ്ധാന്തങ്ങള്‍ നിലവിലുണ്ട്. ചില സിദ്ധാന്തങ്ങള്‍ ആര്യന്മാരെ പ്രാചീന ഇന്ത്യയിലെ ആദിമനിവാസികളായി കാണുമ്പോള്‍ മറ്റ് ഒട്ടേറെ സിദ്ധാന്തങ്ങള്‍ പ്രസ്താവി ക്കുന്നത് വടക്കു പടിഞ്ഞാറന്‍ മേഖലയില്‍ നിന്നും ഇന്ത്യയിലേയ്‌ക്കെത്തിയവരാണ് ആര്യന്മാരെന്നും അവര്‍ ഇവിടെ നിലനിന്നിരുന്ന പ്രാചീന ദ്രാവിഡ സംസ്‌ക്കാരത്തെ തകര്‍ത്തുവെന്നുമാണ്. ഇതിനിടയില്‍ നല്ലൊരുകൂട്ടം ചരിത്രകാരന്മാര്‍ കരുതുന്നത് ആര്യന്മാര്‍ ഇന്ത്യന്‍ വംശങ്ങള്‍ക്കുമേല്‍ മാത്രമല്ല അധിനിവേശം നടത്തിയത് ഇന്ത്യന്‍ സംസ്‌ക്കാരത്തിനുമേല്‍ കൂടിയാണ് എന്നാണ്.

പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു തന്റെ മാസ്റ്റര്‍പീസ് രചനയായ 'ഇന്ത്യയെ കണ്ടെത്തലി'ലൂടെ വാദിക്കുന്നത് ആര്യന്മാര്‍ മധ്യേഷ്യയില്‍ നിന്നും സിന്ധൂ നദീതടത്തിലേയ്ക്കു കുടിയേറിയവരാണെന്നാണ്.1 ഇന്ത്യാ ചരിത്രവിദഗ്ദ്ധനും വേദസാഹിത്യത്തില്‍ ഏറ്റവും മുന്തിയ വിദേശ പണ്ഡിതനുമായ ജര്‍മ്മന്‍കാരന്‍ പ്രൊഫ. മാക്‌സ് മുള്ളര്‍ പറയുന്നത് മധ്യേഷ്യയാണ് ആര്യന്മാരുടെ ജന്മനാടെന്നാണ്. ബാലഗംഗാധര തിലകന്‍ അവരുടെ ജന്മനാടു കണ്ടെത്തുന്നത് വടക്കന്‍ ആര്‍ട്ടിക് പ്രദേശത്താണ്. മഹാത്മാ ജ്യോതിബാ ഫൂലെ ആര്യന്മാരെ വിദേശികളായാണ് കണക്കാക്കിയിരുന്നത്. പ്രസിദ്ധ ചരിത്രകാരി റൊമീല ഥാപ്പറുടെ അഭിപ്രായത്തില്‍ 'ആര്യന്മാര്‍ ഇന്ത്യാക്കാരല്ല. അവര്‍ വിദേശികളാണ്. കാസ്പിയന്‍ സമുദ്രത്തിനു ചുറ്റുമുള്ള വടക്കുകിഴക്കന്‍ പ്രദേശത്തുനിന്ന് അധിനിവേശത്തിനായാണ് അവര്‍ വന്നത്.'2 

വ്യത്യസ്തമായ ഭാഷ്യങ്ങള്‍ എന്തൊക്കെത്തന്നെയായാലും ആര്യന്മാരുടെ ശാരീരികമായ പ്രത്യേകതകള്‍ അവര്‍ പുറത്തുനിന്നും വന്നവരാണെന്നു വിശ്വസിക്കാന്‍ തക്കവിധ ത്തിലുള്ള മതിയായ കാരണങ്ങള്‍ നല്‍കുന്നു. ഏറെക്കുറെ നിര്‍ണ്ണായകമായി ഉപസംഹരിക്കാന്‍ കഴിയുന്നത് തദ്ദേശീയരായ ദ്രാവിഡര്‍ക്കുമേല്‍ ആര്യന്മാര്‍ നടത്തിയ അധിനിവേശം ഇന്ത്യയുടെ രാഷ്ട്രീയചരിത്രത്തിന്റെ ആരംഭമായി കരുതുവാന്‍ കഴിയുമെന്നാണ്. ആര്യന്മാര്‍ അപരിഷ്‌കൃതരും സംസ്‌ക്കാര രഹിതരു മായിരുന്നു. അവരുടെ അധിനിവേശം ദ്രാവിഡര്‍ക്ക് വംശീയവും, സാമൂഹ്യവും, സാമ്പത്തികവും രാഷ്ട്രീയവുമായി നിരവധി തലങ്ങളിലുള്ള പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു. സാമൂഹ്യഘടനയുടെ ഗതിയെ അതു നശിപ്പിച്ചു. വിശേഷാധികാരമുള്ള വര്‍ഗ്ഗങ്ങള്‍ക്ക് അനുകൂലമാംവിധം അത് സമ്പദ്ഘടനയെ പുനഃക്രമീകരിച്ചു. തരംതിരിവിന്റേതും തരംതാഴ്ത്ത ലിന്റേ തുമായ ഒരു സാമൂഹ്യസമ്പ്രദായത്തെ അതു സൃഷ്ടിച്ചു.

ആരായിരുന്നു ആര്യന്മാര്‍? ഋഗ്വേദത്തിന്റെ ആദ്യ മണ്ഡലം ആര്യ വര്‍ണ്ണത്തേയും ആര്യന്മാരേയും ഭൂദേവതകളായും പിന്നീടവരെ ബ്രാഹ്മണരായും പരാമര്‍ശിക്കുന്നു. ധമ്മാനന്ദ കോസാംബി, 'ഭഗവാന്‍ ബുദ്ധ'എന്ന തന്റെ അസാധാരണമായ ഗ്രന്ഥത്തില്‍ പറയുന്നത്, 'ആര്യ എന്ന പദത്തിനര്‍ത്ഥം ഒരു നാടോടിയെന്നോ 'യയവാര്‍' എന്നോ ആകുന്നു. ആര്യ എന്ന പദത്തിനര്‍ത്ഥം യയവാര്‍ എന്നാണ്. കാലം കഴിഞ്ഞപ്പോള്‍ അത് 'കുലീനത','മഹത്വം' എന്നിങ്ങനെയുള്ള അര്‍ത്ഥങ്ങള്‍ ആര്‍ജ്ജി ച്ചെടുത്തു.'

'എന്തുതരത്തിലുള്ള സമൂഹജീവിതമാണ് ആര്യന്മാര്‍ നയിച്ചിരുന്നത്? അവരുടെ ജീവിതശൈലി എപ്രകാരമുള്ളതായിരുന്നു? എന്തു തരത്തിലുള്ള ധാര്‍മ്മിക നിലവാരമായിരുന്നു ആര്യന്മാര്‍ക്ക് ഉണ്ടായിരുന്നത്? ഈ ചോദ്യങ്ങള്‍ക്കെല്ലാം ഒരേയൊരുത്തരമേയുള്ളൂ. സമ്പൂര്‍ണ്ണമായും ഭയാനകവും ഭീതിജനകവുമായ ഒരവസ്ഥയായിരുന്നു അത്. ആര്യന്മാര്‍ നാടോടിജീവിതത്തെയാണ് ഇഷ്ടപ്പെട്ടിരുന്നത്. താമസിക്കാന്‍ കൂടാരങ്ങളു പയോഗിച്ചിരുന്ന മുഗളന്മാരെപ്പോലെതന്നെ മിക്കവാറും ആര്യന്മാരും കൂടാരങ്ങളിലോ അല്ലെങ്കില്‍ ആകാശം മേല്‍ക്കൂരയാക്കിയോ ആണ് താമസിച്ചിരുന്നത്. ആര്യന്‍ ജീവിതരീതിയെന്നു പറയുന്നത് പൂര്‍ണ്ണമായും വര്‍ഗ്ഗസമരങ്ങളും വര്‍ഗ്ഗീയമായ തരംതാഴ്ത്തലുകളും സാമൂഹ്യവും മതപരവും ആത്മീയവുമായി മലിനമായഅമിത ഭോഗാസക്തി നിറഞ്ഞതായിരുന്നു. ആര്യന്മാരുടെ കാലഘട്ടത്തില്‍ സദാചാരത്തിന് സമൂഹത്തില്‍ യാതൊരു സ്ഥാനവുമില്ലായിരുന്നു. ഓരോ രാജാവിനും സ്വന്തമായി വിദഗ്ദ്ധനായ ചൂതാട്ടക്കാരനുണ്ടായിരുന്നു. മദ്യപാനം അതിസാധാരണമായിരുന്നു. മൃഗീയത അവരുടെ സ്വഭാവത്തിലലിഞ്ഞു ചേര്‍ന്നിരുന്നു. അവരുടെ അനന്തര തലമുറകള്‍ക്കു പോലും ഇന്നും നാണക്കേടുളവാക്കും വിധം ലൈംഗിംഗ അരാജകത്വം തരംതാഴ്ന്നനിലയില്‍ നടമാടിയിരുന്നു. അച്ഛന് മകളെ വിവാഹം ചെയ്യാമായിരുന്നു. ബഹു ഭര്‍തൃത്വം അവര്‍ക്കിടയില്‍ സര്‍വ്വസാധാര ണമായിരുന്നു. സ്ത്രീകളുമായി തുറസ്സായസ്ഥലത്തോ അല്ലെങ്കില്‍ എല്ലാവരും കാണ്‍കയോ ഇണ ചേരുന്നതില്‍ അവര്‍ അല്പം പോലും ശങ്കയുള്ള വരായിരുന്നില്ല. അതിനും പുറമേ അവര്‍ അവരുടെ സ്ത്രീകളെ വാടകയ്ക്കു കൊടുത്തിരുന്നു.'3

രാഹുല്‍ സാംകൃത്യായന്‍ തന്റെ 'ഋഗ്‌വേദിക് ആര്യന്‍സ' എന്ന ഗ്രന്ഥത്തില്‍ എഴുതുന്നത്, 'ആര്യന്മാരുടെ കടന്നുവരവിനു മുന്‍പ്, അവരെക്കാള്‍ അത്യുന്നത നിലവാരത്തില്‍ നിലകൊണ്ടിരുന്ന ഒരു പുരാതന സംസ്‌ക്കാരം ഇന്ത്യയ്ക്കുണ്ടായിരുന്നു. ആ സംസ്‌ക്കാരത്തിന്റെ തിരുശേഷിപ്പുകള്‍ ആദ്യമായി കണ്ടെത്തിയത് ഹാരപ്പ, മോഹന്‍ജദാരോ എന്നിവിടങ്ങളില്‍ നിന്നാണ്. പിന്നീട് ഗംഗയുടെയും യമുനയുടെയും തീരങ്ങളില്‍ നിന്നും സൗരാഷ്ട്രയുടെ ഭാഗങ്ങളില്‍ നിന്നും കണ്ടെത്തുക യുണ്ടായി. സപ്തസിന്ധു പ്രദേശത്തെ ആര്യന്മാര്‍ അവരുടെ പൗരോഹിത്യ ജീവിതത്തിലും സംസ്‌ക്കാരത്തിലും മാത്രം ഒതുങ്ങിനിന്നിരുന്നുവെങ്കില്‍ അവര്‍ക്കൊരിക്കലും അവിടെയുണ്ടായിരുന്ന നാഗരികസംസ്‌ക്കാരത്തിന്റെ അധിപതികളാകാന്‍ കഴിയുമായിരുന്നില്ല.'4

ആര്യന്‍ സമൂഹം നിരവധി തിന്മനിറഞ്ഞ പ്രവൃത്തികളില്‍ ഏര്‍പ്പെട്ടി രുന്നു. അതില്‍ത്തന്നെയുള്ള ഏറ്റവും നീചമായ ഭാഗമാണ് അവര്‍ മണ്ണിന്റെ മക്കളെ ഘട്ടംഘട്ടമായി അടിമകളാക്കി മാറ്റിത്തീര്‍ത്തത്. ആക്രമിക്കപ്പെട്ട ദ്രാവിഡര്‍ നിരവധി നിഷ്ഠൂരതകള്‍ക്കു വിധേയരായി. ദ്രാവിഡരെ അടിമകളാക്കുന്നതിനായി ഉച്ചനീചത്വ മനോഭാവത്തില ധിഷ്ഠിതമായ വര്‍ണ്ണസമ്പ്രദായം അഥവാ സാമൂഹ്യ വര്‍ഗ്ഗവിഭജനം അവര്‍ നടപ്പിലാക്കി. ആര്യന്മാര്‍ സമൂഹത്തെ സാമൂഹ്യ ഗോവണിയില്‍ വ്യതിരിക്തമായ പദവികളുള്ള നാലുവര്‍ണ്ണങ്ങളായി വിഭജിക്കുകയും ബൃഹത്തായ മറ്റുവിഭാഗങ്ങളെ അയിത്തജാതിക്കാരാക്കി പഞ്ചമരെന്നും അവര്‍ണ്ണരെന്നുമുള്ള പേരില്‍ പുറംതള്ളുകയും അവരെഅങ്ങേയറ്റം അധമമായ ജോലികള്‍ ചെയ്യാന്‍ നിര്‍ബന്ധിതരാക്കുകയും ചെയ്തു. 

വര്‍ണ്ണ സമ്പ്രദായത്തിന്റെ ആരംഭത്തോടുകൂടി, ശൂദ്രരെ കീഴ്‌പ്പെടുത്തുന്നത് പിന്നെയും ത്വരിതഗതിയിലായി. വര്‍ണ്ണസമ്പ്രദായം ബ്രാഹ്മണര്‍ക്കും ക്ഷത്രിയര്‍ക്കും വൈശ്യര്‍ക്കും യഥാക്രമം വിദ്യാഭ്യാസത്തിലും ആയുധാ ഭ്യാസത്തിലും ഭരണത്തിലും വ്യാപാരത്തിലും സമ്പൂര്‍ണ്ണമായ കുത്തകാ വകാശം സൃഷ്ടിച്ചു. നാലാമത്തെ വര്‍ണ്ണമായ ശൂദ്രരെയും മുഴുവന്‍ സ്ത്രീജനങ്ങളെയും മുകളിലുള്ള മൂന്ന് ഉയര്‍ന്ന വര്‍ണ്ണങ്ങളുടെ കാരുണ്യ ത്താല്‍ മാത്രം ജീവിക്കാന്‍ കഴിയുന്നവരാക്കി മാറ്റി. ശൂദ്രര്‍ക്ക് വിദ്യാഭ്യാ സവും സമ്പത്തും രാഷ്ട്രീയാധികാരവും അവരുടെ ആത്മരക്ഷയ്ക്കാ യിപ്പോലും ആയുധമെടുക്കുവാനുള്ള അവകാശവും നിഷേധിച്ചിരുന്നു. ഇതിന്റെയെല്ലാം പരിണിതഫലമായി ബ്രാഹ്മണരുടെ സമ്പൂര്‍ണ്ണമായ മേല്‍ക്കോയ്മയും, ബ്രാഹ്മണര്‍ക്കു മുന്നില്‍ മാത്രമല്ല മറ്റ് രണ്ട് ഉയര്‍ന്ന ജാതിക്കാര്‍ക്കു മുന്നിലുമുള്ള ശൂദ്രരുടെ സമ്പൂര്‍ണ്ണമായ കീഴടങ്ങലും അടിമവല്‍ക്കരണവും സംഭവിച്ചു. 

വര്‍ണ്ണസംസ്‌ക്കാരം ശൂദ്രരുടെതുമാത്രമല്ല, മുഴുവന്‍ സ്ത്രീസമൂഹത്തി ന്റെയും മനുഷ്യത്വപരമായ നിലനില്‍പ്പിനെ നിരാകരിച്ചു. വര്‍ണ്ണ വ്യവസ്ഥയെക്കുറിച്ചു പരാമര്‍ശിക്കവേ ഡോ.അംബേദ്ക്കര്‍ പ്രസ്താ വിച്ചത്, 'ചാതുര്‍വര്‍ണ്ണ്യത്തേക്കാള്‍ അധഃപതിച്ച ഒരു സാമൂഹ്യ സംഘടന ഉണ്ടാകാന്‍ കഴിയില്ല. ഈ വ്യവസ്ഥ ജനങ്ങളെ സഹായപൂര്‍ണ്ണമായ പ്രവൃത്തികള്‍ ചെയ്യുന്നതില്‍ നിന്നും നിഷ്‌ക്രിയരാക്കുകയും നിര്‍വ്വീര്യ മാക്കുകയും അംഗവിഹീനരാക്കുകയും ചെയ്യുന്നു.'5 ശൂദ്രരെ അധികാര ത്തിന്റെ സ്തംഭങ്ങളില്‍ നിന്നും പുറംതള്ളുക വഴി അവരുടെ മേല്‍ ചൂഷണത്തിനും അപമാനത്തിനുമുള്ള തറക്കല്ല് ബ്രാഹ്മണരും ക്ഷത്രിയരും വൈശ്യരും ഒത്തുചേര്‍ന്ന് നിക്ഷേപിച്ചുവെങ്കിലും ഈ മൂന്നു ഉയര്‍ന്ന വര്‍ണ്ണങ്ങളും തമ്മിലുള്ള നിരവധി തര്‍ക്കങ്ങള്‍ക്ക് ചരിത്രം സാക്ഷ്യം വഹിക്കുന്നു. 'എത്ര പ്രാവശ്യമാണ് ബ്രാഹ്മണര്‍ ക്ഷത്രിയ ബീജത്തെ ഉന്മൂലനാശം ചെയ്തത്? എത്ര പ്രാവശ്യമാണ് ക്ഷത്രിയര്‍ ബ്രാഹ്മണരെ നിര്‍മ്മൂലനം ചെയ്തത്? മഹാഭാരതവും പുരാണവും നിറയെ ബ്രാഹ്മണരും തമ്മിലുള്ള വിദ്വേഷത്തിന്റെ സംഭവങ്ങളുണ്ട്. ആരാണ് ആദ്യം നമസ്‌ക്കാരം പറയേണ്ടത്? രണ്ടുപേര്‍ ഒരു തെരുവില്‍ കണ്ടു മുട്ടുമ്പോള്‍ ആദ്യം ആരാണ് വഴി നല്‍കേണ്ടത് എന്നതുപോലെയുള്ള അതീവ നിസ്സാരമായ ചോദ്യങ്ങളിന്‍ മേല്‍ ഇവര്‍ വഴക്കടിച്ചിരുന്നു.'6

'അത്തരത്തില്‍ ആദ്യം രേഖപ്പെടുത്തപ്പെട്ട സംഘട്ടനം ബ്രാഹ്മണരും അംഗരാജാവിന്റെ മകനായ രാജാ വേനനുമായിട്ടായിരുന്നു.7 രേഖപ്പെടു ത്തപ്പെട്ട രണ്ടാമത്തെ സംഘട്ടനം ബ്രാഹ്മണരും ക്ഷത്രിയരാജാവായ പുരൂരുവ്വസ്സുമായിട്ടായിരുന്നു. മൂന്നാമത്തെ സംഘട്ടനം നടന്നത് ബ്രാഹ്മണരും നഹുഷ രാജാവുമായിട്ടായിരുന്നു. രണ്ടു വ്യക്തികള്‍ തമ്മിലുള്ള സംഘട്ടനവും ഇതിനിടയിലുണ്ട്. ക്ഷത്രിയര്‍ക്കു ബ്രാഹ്മണപദവി അവകാശപ്പെടാമോ എന്ന വിഷയത്തിന്‍മേല്‍ ക്ഷത്രിയനായ വിശ്വാമി ത്രനും ബ്രാഹ്മണനായ വസിഷ്ഠനും തമ്മില്‍ നടന്നത്.'8 ഒരു ബ്രാഹ്മണ മുനിയായ ജമദഗ്നിയുടെ പുത്രനായ പരശുരാമന്‍ നടത്തിയ ക്ഷത്രിയരുടെ വംശഹത്യ അഥവാ ഉന്മൂലനാശം പ്രസിദ്ധമാണല്ലോ. ബ്രാഹ്മണര്‍ക്കും ക്ഷത്രിയര്‍ക്കുമിടയില്‍ അത്തരത്തിലുള്ള കയ്‌പേറിയ നിരവധി വര്‍ഗ്ഗസംഘട്ടനങ്ങള്‍ നടന്നിരുന്നു.

ഇന്ത്യന്‍ ചരിത്രത്തിലെ ഈ ഭാഗം വിശകലനം ചെയ്തുകൊണ്ട് ബാബാസാഹേബ് ഡോ. അംബേദ്ക്കര്‍ എഴുതുന്നത്, 'ഹിന്ദുസ്ഥാനിലു ള്ളതുപോലെ വര്‍ഗ്ഗയുദ്ധത്തിന്റെ ഇരുണ്ട രേഖകള്‍ മറ്റൊരു രാജ്യത്തി നുമുണ്ടാകില്ല. ...ഇന്ത്യയില്‍ വര്‍ഗ്ഗയുദ്ധം ഒരു ശാശ്വത പ്രതിഭാസമാണ്. അത് നിശ്ശബ്ദമായും എന്നാല്‍ ഉറപ്പായും അതിന്റെ പാതകളിലൂടെ സംഭവിച്ചുകൊണ്ടിരിക്കുന്നു (ഇന്നു പോലും). അത് ജീവിതത്തിലെ ജന്മസിദ്ധമായ ഒരു ഗുണമാണ്. ബ്രാഹ്മണരാകട്ടെ അതില്‍ അത്യുജ്ജ്വല പ്രതിഭാശാലികളായി മാറുകയും ചെയ്തിരിക്കുന്നു.'9 എന്നാല്‍ ഇതിലുള്ള ഏറ്റവും വലിയ വിരോധാഭാസമെന്നത് മൂന്ന് ഉയര്‍ന്നജാതികളും പരസ്പരം സംഘര്‍ഷത്തിലായിരുന്നുവെങ്കിലും അവര്‍ യോജിച്ച് ശൂദ്രരെ അടിമകളാക്കിയിരുന്നതാണ്.

ഋഗ്വേദത്തിലെ പുരുഷസൂക്തമെന്നറിയപ്പെടുന്ന പത്താം മണ്ഡലമാണ് ചാതുര്‍വര്‍ണ്ണ്യസമ്പ്രദായത്തെ സൈദ്ധാന്തികവല്‍ക്കരിക്കുന്നത്. അതു പ്രസ്താവിക്കുന്നത് ബ്രഹ്മാവ് അല്ലെങ്കില്‍ സൃഷ്ടാവിന്റെ മുഖത്തു നിന്നും ബ്രാഹ്മണന്‍ അഥവാ പുരോഹിതനും ഭുജങ്ങളില്‍ നിന്നും ക്ഷത്രിയന്‍ അഥവാ യോദ്ധാവും തുടകളില്‍ നിന്ന് വൈശ്യന്‍ അഥവാ കച്ചവടക്കാരും പാദങ്ങളില്‍ നിന്ന് ശൂദ്രന്‍ അഥവാ ദാസ്യരും ഉടലെടുത്തുവെന്നാണ്. 'ഒരു ദൈവികമായ കല്‍പ്പനയെന്നനിലയില്‍ അത് ഇന്തോ ആര്യന്‍ സമൂഹ ത്തിന്റെ ആദര്‍ശമായി സ്വാഭാവികമായും മാറി. ചാതുര്‍വര്‍ണ്ണ്യമെന്ന ഈ ആദര്‍ശത്തിന്റെ മൂശയിലാണ് ഇന്തോ ആര്യന്‍ സമുദായം അവരുടെ ആദ്യകാലത്തുണ്ടായിരുന്ന ദ്രാവകാവസ്ഥയില്‍ ഉരുക്കിയൊഴിക്കപ്പെട്ടത്. ഇന്തോ ആര്യന്‍ സമുദായത്തിന് അവരുടെ സവിശേഷമായ ആകൃതിയും ഘടനയും നല്‍കിയത് ഈ മൂശയായിരുന്നു.'10 അതിനാല്‍ നിരവധി ഹിന്ദു നിയമനിര്‍മ്മാതാക്കള്‍ പുരുഷസൂക്തത്തിന്റെ തെളിവില്ലാത്ത കല്‍പ്പനകളെ ആവര്‍ത്തിക്കുകയും അതിന്റെ ദൈവികമായ ഉറവിടത്തെ തറപ്പിച്ചു പറയുകയും ചെയ്തു. അവസാനം ഹിന്ദുസമൂഹത്തിന്റെ നിയമനിര്‍മ്മാ താവായ മനു ഈ പരികല്‍പ്പനകളെ ശക്തിയായി സ്ഥിരീകരിക്കുകയും ചെയ്തു.11

മനുസ്മൃതി എന്ന് ജനകീയമായി വിളിക്കപ്പെടുന്ന മനുവിന്റെ നിയമങ്ങള്‍ സാമൂഹ്യക്രമത്തെ ക്രമീകരിക്കുവാനുള്ള വ്യത്യസ്തമായ ശീര്‍ഷകങ്ങളി ലായി വിവിധ ജാതികളുടെയും വ്യക്തികളുടേയും സാമൂഹ്യമായ കടമകളും കടപ്പാടുകളും 2685 പദ്യങ്ങളിലായി ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ബ്രാഹ്മണരുടെ അഥവാ പുരോഹിതരുടെ രൂപീകരണമാണ് അടിസ്ഥാന പരമായി ഈ യത്‌നം. അതിനാല്‍ മനു ബ്രാഹ്മണ പുരോഹിതനെ മനുഷ്യകുലത്തിന്റെ ഏറ്റവും ഉന്നതനും സമ്പൂര്‍ണ്ണനുമായ പ്രതിനിധി യായി കണക്കാക്കുന്നു. ഈ പരിശ്രമം ബ്രാഹ്മണരുടെ അത്യുന്നതമായ സാമൂഹ്യപദവിയെ, ബ്രാഹ്മണരുടെ മാത്രം, കുറിച്ചുമാത്രമേ സംസാരിക്കു ന്നുള്ളൂ. 

ബുദ്ധിസം, ജൈനിസം തുടങ്ങി നിരവധി വിപ്ലവശക്തികളാല്‍ വെല്ലു വിളിക്കപ്പെട്ട ബ്രാഹ്മണരുടെ പൂര്‍വ്വകാല പ്രതാപത്തെ പുനഃസമാഹരിക്കു വാനുള്ള ബ്രാഹ്മണരുടെ പരിശ്രമമാണ് മനുവിന്റെ നിയമങ്ങള്‍. വലിയൊരു വിഭാഗം പണ്ഡിതരും മനുവിന്റെ നിയമങ്ങളെ വിവിധ വസ്തു ക്കളുടെ സമ്മിശ്രണത്താല്‍ കുഴഞ്ഞുമറിഞ്ഞ ഒരു സാധനമെന്ന ല്ലാതെ മറ്റൊന്നുമായിട്ടല്ല പരിഗണിക്കുന്നത്. എന്നാല്‍ സുസ്സമ്മതമായ വസ്തുത, മനുവിന്റെ നിയമരഹിതമായ നിയമാവലി, ശൂദ്രര്‍ക്കും അതിശൂദ്രര്‍ക്കുമെതിരെയുള്ള അധര്‍മ്മവും ക്രിമിനല്‍ ഗൂഢാലോചനയും നിറഞ്ഞ പുരാതന ദണ്ഢചക്രമാണെന്നതാണ്. കാലം കഴിഞ്ഞപ്പോള്‍ മനുവിന്റെ നിയമങ്ങള്‍ മനുവിനു വേണ്ടി ജയഗീതം പാടിയ ഫ്രെഡറിക് നീഷേയടക്കമുള്ള പാശ്ചാത്യ പണ്ഡിതരുടെ ശ്രദ്ധയ്ക്കു പാത്രീഭവിക്കു കയും ചെയ്തു.

മനുസ്മൃതി ദൈവികത അവകാശപ്പെട്ടിരുന്നു. അത് വിരചിച്ചത്മനു വായിരുന്നെങ്കില്‍ക്കൂടി അയാള്‍ക്ക് അതു വെളിപ്പെടുത്തിക്കൊടുത്തത് സ്വയംഭൂ (സൃഷ്ടാവ്) ആയിരുന്നു. മനുവിനെയും അയാളുടെ കാലഘട്ട ത്തെയും കുറിച്ച് ആധികാരിക രേഖകളൊന്നുമില്ലെങ്കില്‍ക്കൂടി മനുസ്മൃ തിയുടെ കാലത്തെക്കുറിച്ച് നിരവധി സിദ്ധാന്തങ്ങളുണ്ട്. 'പക്ഷേ നാരദന്റെ അഭിപ്രായത്തില്‍ ഒരു സുമതി ഭാര്‍ഗ്ഗവനാണ് മനുവിന്റെ നിയമാവലി ചിട്ടപ്പെടുത്തിയത്. ....എന്നാണ് ഈ സുമതിഭാര്‍ഗ്ഗവ ഇത് ചിട്ടപ്പെടുത്തിയത്? ഈ ചിട്ടപ്പെടുത്തലിന് വ്യക്തമായ ഏതെങ്കിലും തീയതി നല്‍കുവാന്‍ സാധ്യമല്ല.... ആധികാരികത ചോദ്യം ചെയ്യാന്‍ കഴിയാത്ത ചില പണ്ഡിതരുടെ അഭിപ്രായത്തില്‍ സുമതിഭാര്‍ഗ്ഗവ ഈ നിയമാവലി ചിട്ടപ്പെടുത്തുകയും അതിനെ ബോധപൂര്‍വ്വം മനുസ്മൃതി യെന്നു വിളിക്കുകയും ചെയ്തത് ബി.സി 170 നും ബി.സി. 150 നും ഇടയിലായിരിക്കണം. പുഷ്യമിത്രസുംഗന്റെ നേതൃത്വത്തില്‍ ബ്രാഹ്മണ വിപ്ലവം നടന്നത് ബി.സി.185 ലാണെന്ന വസ്തുതയെ ഒരാള്‍ മനസ്സില്‍ സൂക്ഷിക്കുകയാണെങ്കില്‍, ബ്രാഹ്മണിസത്തിന്റെ തത്വങ്ങള്‍ക്ക് മൂര്‍ത്തരൂപം നല്‍കുന്നതിനായി പുഷ്യമിത്രന്‍ വിളംബരം ചെയ്തതാണ് മനുസ്മൃതി യെന്ന് സംശയലേശമന്യേ മനസ്സിലാക്കാം.'12

മനുവിന്റെ നിയമരഹിത നിയമാവലി ഇന്ത്യന്‍ സമൂഹത്തെ ദീര്‍ഘകാലം ഭരിക്കുകയും ബ്രാഹ്മണമേധാവിത്വത്തിന്റെ അടിത്തറയെയും കുത്തനെ യുള്ള സാമൂഹ്യ പിരമിഡില്‍ ശൂദ്രരുടെ മനുഷ്യത്വരഹിതമായ പദവിയെയും ശക്തിപ്പെടുത്തുകയും ചെയ്തു. ഹിന്ദുനിയമങ്ങള്‍ അടിമത്തത്തെ നിയമസാധുതയുള്ള ഒരു സ്ഥാപനമായി അംഗീകരിച്ചു. മനു ഏഴുതരത്തിലുള്ള അടിമകളെ തരംതിരിക്കുകയും എന്നാല്‍ എല്ലാം ശൂദ്രരില്‍ മാത്രം ഒതുക്കിനിര്‍ത്തുകയും ചെയ്തു. ഈ സമ്പ്രദായം ദീര്‍ഘകാലം തുടര്‍ന്നുപോന്നു. എന്തുകൊണ്ടെന്നാല്‍ ഭൂരിപക്ഷം വരുന്ന ശൂദ്രജനവിഭാഗങ്ങള്‍ക്ക് ഉയര്‍ന്നുവരുവാനുള്ള അവസരമോ വിദ്യാഭ്യാസം ചെയ്യുവാനും ആയുധമേന്തുവാനുള്ള അവകാശമോ വര്‍ണ്ണസമ്പ്രദായം നിഷേധിച്ചിരുന്നു. തല്‍ഫലമായി സാമൂഹ്യമോ സാംസ്‌ക്കാരികമോ രാഷ്ട്രീയമോ ഏതുമാകട്ടെ, എല്ലാത്തരത്തിലുമുയര്‍ന്നുവന്നേക്കാന്‍ സാധ്യതയുള്ള എല്ലാ പൊട്ടിത്തെറികളെയും തടയാന്‍ കഴിഞ്ഞു. എന്നാല്‍ ചരിത്രപ്രവാഹത്തില്‍ ഒരു പ്രതിവിപ്ലവത്തെ ഒരു വിപ്ലവം എല്ലായി പ്പോഴും പിന്‍തുടരും. ഇന്ത്യയിലും വിപ്ലവത്തിന്റെ ചക്രവാതങ്ങളില്‍ ബ്രാഹ്മണരുടെ പ്രതിവിപ്ലവത്തിന്‌നിലനില്‍ക്കുവാന്‍ കഴിഞ്ഞില്ല. അനീതി നിറഞ്ഞ സാമൂഹ്യക്രമത്തിന് എതിരായി ഒരുകൂട്ടം സാമൂഹ്യ വിപ്ലവ കാരികള്‍ പ്രക്ഷോഭം നയിച്ച ഒരു പുതിയ കാലഘട്ടത്തിന്റെ ഉദയമായി രുന്നു അത്. ഇന്ത്യയുടെ ചരിത്രത്തില്‍ അത്തരത്തിലുള്ള ആദ്യത്തെ പോരാട്ടങ്ങളിലൊന്നാണ് ചാര്‍വാകന്മാരുടെ പ്രക്ഷോഭം.

ഇന്ത്യയുടെ ചരിത്രത്തില്‍ മഹാവീരനും ബുദ്ധനും മുന്‍പ് ബ്രാഹ്മണ മേല്‍ക്കോയ്മയെ ചോദ്യം ചെയ്ത ആദ്യ സംഘം ചാര്‍വാകന്മാ രായിരുന്നു. ചാര്‍വാകന്മാരുടെ പ്രക്ഷോഭങ്ങള്‍ 'ജനങ്ങള്‍ക്കിടയില്‍ സര്‍വ്വസാധാരണമായത്' എന്ന അര്‍ത്ഥത്തില്‍ 'ലോകായത ദര്‍ശനം' എന്നും അറിയപ്പെടുന്നു. 'ചാര്‍വാകന്മാര്‍ പ്രാചീനകാലത്തെ ഇന്ത്യയിലെ ഭൗതികവാദികളായിരുന്നു. ഈ ദര്‍ശനത്തിന്റെ വിഖ്യാതരായ പ്രയോക്താക്കളില്‍ പ്രധാനികള്‍ ബൃഹസ്പതിയും രാജാ വേനനുമാണ്. ചരിത്രത്തില്‍ പിന്നെയും പിന്നോട്ടുപോവുകയാണെങ്കില്‍ പിന്നീട് പ്രാചീന ഇന്ത്യയില്‍ ഭൗതികചിന്തകളുടെ പരിപൂര്‍ണ്ണതയിലേയ്ക്കു വികസിച്ച ചാര്‍വാക സമ്പ്രദായത്തിന്റെ സ്ഥാപകനാണ് ബൃഹസ്പതി. ബുദ്ധിസ ത്തിന്റെ പതനം വരേയും അതായത് ഏതാണ്ട് ആയിരം വര്‍ഷങ്ങളോളം ഇന്ത്യന്‍ ചിന്തയില്‍ ഭൗതികവാദം ഒരു തുടര്‍ച്ചയായ ചിന്താസരണിയായി രുന്നുവെന്ന് തെളിഞ്ഞിട്ടുണ്ട്.'13

ഇന്ത്യാ ചരിത്രത്തിലെ ഏകദേശം എല്ലാ കാലഘട്ടത്തിലും ചാര്‍വാക ദര്‍ശനങ്ങള്‍ മിടുക്കുകാട്ടിയിട്ടുണ്ട്. 'രാമായണത്തിലെ സന്യാസിവര്യന്‍ ജവാലി ഭൗതികവാദത്തിന്റെ ഒരു ഗുരുവായിരുന്നു. രാമനോടുള്ള അദ്ദേഹത്തിന്റെ ഉപദേശങ്ങള്‍ ചാര്‍വാകദര്‍ശനങ്ങളുമായി താരതമ്യ പ്പെടുത്താവുന്നതാണ്. 'ഭൂമിയിലെ ഒരു ഏകാധിപതിയേക്കാള്‍ ഉന്നതനായി ഒരു ജീവിയുമില്ല' എന്നാണ് ചാര്‍വാകന്മാര്‍ രേഖപ്പെടു ത്തിയത്. ഹരിവംശത്തിലെ രാജാവായ വേനന്‍ ഈ വീക്ഷണങ്ങളുടെ വക്താവാ യിരുന്നു. അദ്ദേഹം വേദ വിരുദ്ധനായിരുന്നു. അതിനാല്‍ മതരഹിതനായ ഒരു വ്യക്തിയായിട്ടാണ് വ്യാസന്‍ സൂചിപ്പിച്ചിട്ടുള്ളത്. പഴയകാല ബുദ്ധ-ജൈന മത കൃതികളനുസരിച്ച് ഭഗവാന്‍ ബുദ്ധന്റെ സമകാലികനായിരുന്ന അജിത-കേശ-കംബാലിയുടെ പ്രബോധനങ്ങള്‍ ചാര്‍വാകരുടെ പ്രബോധന ങ്ങളുമായി സാദൃശ്യമുള്ളവയാണ്.'14

ചാര്‍വാകന്മാര്‍ തങ്ങളുടെ ബുദ്ധിപരവും യുക്തിപരവുമായ വാദമുഖ ങ്ങളുപയോഗിച്ച് സാമൂഹ്യക്രമത്തില്‍ ബ്രാഹ്മണര്‍ക്കുള്ള ഉന്നതപദവിയെ എതിര്‍ത്തു. അവര്‍ വേദങ്ങളെ നിരാകരിച്ചുവെന്നു മാത്രമല്ല, അവയെ വിഡ്ഢികളും ദുര്‍ബുദ്ധികളുമായവരുടെ കരകൗശലസൃഷ്ടിയാണെന്നു വിളിച്ചുപറയുകയും ചെയ്തു. ദൈവത്തിന്റെ സാന്നിദ്ധ്യം, രക്ഷയെ ക്കുറിച്ചുള്ള സങ്കല്‍പ്പം, ജന്മ പുനര്‍ജന്മചക്രം, സ്വര്‍ഗ്ഗ നരകങ്ങളെ ക്കുറിച്ചുള്ള ആശയങ്ങള്‍ തുടങ്ങിയവയെ ചാര്‍വാകന്മാര്‍ ഖണ്ഡിതമായി നിഷേധിച്ചു. സ്ത്രീകളുടെ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള ശക്തരായ വക്താക്കളായിരുന്നു അവര്‍.

ഈ ദര്‍ശനത്തിന്റെ പരമപ്രധാനമായ സിദ്ധാന്തമെന്നത് എല്ലാകാര്യങ്ങളും ശാസ്ത്രീയമായ തെളിവുകള്‍ക്കും പരിശോധനകള്‍ക്കും വിധേയമാകണം എന്നതായിരുന്നു. ഈ ദര്‍ശനത്തിലൂടെ അവര്‍ പുരോഹിതവര്‍ഗ്ഗത്തേയും പഴകിയ ആചാര വിശ്വാസങ്ങളേയും വെല്ലുവിളിക്കുകയും പൊതുജന ങ്ങളെ അവയെക്കുറിച്ച് പഠിപ്പിക്കുകയും ചെയ്തു. അതിനാല്‍ 'ചാര്‍വാക ന്മാരുടെ ശബ്ദം പ്രക്ഷോഭത്തിന്റെ ശബ്ദമായിരുന്നു. ചിന്താസ്വാതന്ത്ര്യത്തെ നിഷേധിച്ചിരുന്ന ചിരപുരാതനമായ അന്ധവിശ്വാസങ്ങള്‍ക്കും 
മുന്‍വിധികള്‍ക്കും എതിരെയുള്ള പ്രതിഷേധമായിരുന്നു അത്. സ്വര്‍ഗ്ഗം, നരകം,ദൈവം എന്നീ ആശയങ്ങളാല്‍ സംഭ്രാന്തമാക്കപ്പെടാതെ ജീവിതത്തിന്റെ എല്ലാ മനോഹാരിതയും ആസ്വദിക്കുവാനുള്ള ക്ഷണമായിരുന്നു. തത്വശാസ്ത്രമേഖലയില്‍ ചാര്‍വാകന്മാരുന്നയിച്ച ചോദ്യങ്ങളും സംശയങ്ങളും മറ്റെല്ലാ ചിന്താപദ്ധതികള്‍ക്കും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും തെളിവില്ലാത്ത അഭിപ്രായപ്രകടനങ്ങളില്‍ നിന്നും രക്ഷപ്പെടാനായി കൂടുതല്‍ കരുതലോടെ ചിന്തിക്കുവാന്‍ നിര്‍ബന്ധി തരാവുകയും ചെയ്തു. ഇന്ത്യയിലെ എല്ലാ തത്വശാസ്ത്രവും സ്വന്തം വീക്ഷണം അവതരിപ്പിക്കുന്നതിനു മുന്‍പ് ചാര്‍വാകരെ തൃപ്തിപ്പെടുത്തേ ണ്ടിയിരുന്നു. ഇന്ത്യന്‍ തത്വശാസ്ത്രത്തിന്റെ വികാസത്തിന് ഈ ചിന്താരീതി നല്‍കിയ സംഭാവന യഥാര്‍ത്ഥത്തില്‍ മഹത്തരമായിരുന്നു.'15

ചാര്‍വാകരുടെ ദര്‍ശനവും പ്രക്ഷോഭവും താഴെപ്പറയുന്ന തത്വങ്ങളിലധിഷ്ഠിതമായിരുന്നു.16

1. ചാര്‍വാകന്മാര്‍ വിശ്വസിച്ചിരുന്നത് പ്രത്യക്ഷജ്ഞാനമാണ് സത്യത്തെ അറിയാനുള്ള ഒരേയൊരു മാര്‍ഗ്ഗംഇന്ദ്രിയങ്ങള്‍കൊണ്ട് നേരിട്ടു ഗ്രഹിക്കുവാന്‍ എളുപ്പത്തില്‍ സാധിക്കുന്നവയെല്ലാം സത്യം. നേരിട്ടു ഗ്രഹിക്കാന്‍ സാധിക്കുന്നതിനപ്പുറമുള്ളവയെല്ലാം സംശയാസ്പദമാണ്. അനുമാനങ്ങള്‍ ശരിയായ അറിവിലേയ്ക്കുള്ള മാര്‍ഗ്ഗമല്ല. അനുമാന ങ്ങളില്‍ പൊതുവിലുള്ളബന്ധങ്ങള്‍ ഉള്‍ക്കൊണ്ടിരിക്കുന്നു. അവ ഒരിക്കലും ഇന്ദ്രിയഗ്രഹണസാധ്യവുമല്ല.

2 പ്രപഞ്ചമാണ് എല്ലാ പ്രതിഭാസങ്ങളുടേയും വഴികാട്ടിയായ തത്വം. അതിനാല്‍ ഒരു അതീന്ദ്രിയ ശക്തിയെ ആത്യന്തിക കാരണമായി സങ്കല്‍പ്പിക്കുന്നത് പ്രയോജനരഹിതമാണ്.

3 അവര്‍ പ്രാഥമിക ഘടകങ്ങളായി നാലെണ്ണത്തിനെ മാത്രമേ അംഗീ കരിച്ചി രുന്നുള്ളൂ. ഭൂമി, ജലം, വായു, അഗ്നി. ഇവ കൂടിച്ചേര്‍ന്നാണ് മനുഷ്യശരീരമായി പരിവര്‍ത്തനപ്പെട്ടത്.

4 വസ്തുക്കളില്‍ അന്തര്‍ലീനമായിരിക്കുന്ന സ്വഭാവത്തില്‍ നിന്നാണ് വിവിധ ലോക പ്രതിഭാസങ്ങള്‍ മുന്നറിയിപ്പില്ലാതെ സൃഷ്ടിക്കപ്പെടുന്നത്. പ്രകൃത്യാതീതമായ സൃഷ്ടാവ് അഥവാ ദൈവം എന്നൊന്നില്ല. എന്നാല്‍ ഒരു ത്രികാലജ്ഞാനിയും സര്‍വ്വശക്തനും ദയാപരനുമായ ദൈവമു ണ്ടെങ്കില്‍ അദ്ദേഹത്തിന്റെ അസ്തിത്വത്തെക്കുറിച്ചു നിലനില്‍ക്കുന്ന എല്ലാ സംശയങ്ങളും തന്റെ ശരണാര്‍ത്ഥികളോടു സംസാരിച്ചു ദൂരികരിക്കാ ത്തതെന്തുകൊണ്ടാണ്? നമ്മുടെ യോഗ്യതകളുടെയും അയോഗ്യതകളുടെയും വിധികര്‍ത്താവായി ദൈവത്തെ ഒരിക്കലും പറയുവാന്‍ കഴിയില്ല. എന്തുകൊണ്ടെന്നാല്‍ എങ്കിലദ്ദേഹം സ്വജനപക്ഷപാതത്തിനും ക്രൂരതയ്ക്കും കുറ്റവാളിയാകും. നമ്മുടെ പാപങ്ങള്‍ക്കുള്ള തിന്മനിറഞ്ഞ പ്രത്യാഘാത ങ്ങളുമായാണ് അദ്ദേഹം നമ്മെ സന്ദര്‍ശിക്കുന്നതെങ്കില്‍ അദ്ദേഹം നമ്മുടെ ശത്രുവാകും. അതിനാല്‍ ക്രൂരനായ ഒരു ദൈവം ഉള്ളതിനേക്കാളും നല്ലത് അങ്ങനെയൊരു ദൈവം ഇല്ലാതിരിക്കുന്നതാണ്. ഈ ലോകത്തിന്റെ പരമ സൃഷ്ടാവും ഭരണകര്‍ത്താവുമായി അത്തരത്തിലൊരു ദൈവവവുമില്ല. ഒരേയൊരു ദൈവമെന്നു പറയുന്നത് ഭൂമിയിലെ രാജാവാണ്, രാജ്യത്തി ന്റെ ഭരണാധികാരിയാണ്, സമൂഹത്തിലെ ശരിതെറ്റുകളുടെ മധ്യസ്ഥനാണ്. 

5 സ്വര്‍ഗ്ഗവും നരകവും ചില വഞ്ചകരുടെ കണ്ടുപിടിത്തങ്ങളാണ്. ജനങ്ങളെ പ്രകൃത്യാതീത ശക്തിയില്‍ വിശ്വസിപ്പിക്കുകയും അതുവഴി ഉപജീവനത്തിനുള്ള മാര്‍ഗ്ഗം കണ്ടെത്തുകയുമാണ് ഇക്കൂട്ടരുടെ തൊഴില്‍. ഈ ലോകത്തിനു പുറത്ത് സ്വര്‍ഗ്ഗമെന്നോ നരകമെന്നോ പേരില്‍ ഒരു സ്ഥലങ്ങളും നിലനില്‍ക്കുന്നില്ല.

6 സന്തോഷമാണ് സ്വര്‍ഗ്ഗം. വേദനയാണ് നരകം.

7 മനുഷ്യത്വരഹിതമായ ആചാരങ്ങള്‍ പാലിക്കുന്നതിന് അവര്‍ പുരോഹിത വര്‍ഗ്ഗത്തെ പൗരുഷത്തോടും യുക്തിപരമായും വെല്ലുവിളിച്ചു.

8 അവര്‍ മതത്തെ ദ്രോഹചിന്തയുള്ളവരുടെ ഗൂഢാലോചനയായി പരിഗണിച്ചു.

9 അവര്‍ വര്‍ണ്ണസമ്പ്രദായത്തെയും ജാതി സമ്പ്രദായത്തെയും അവ അശാസ്ത്രീയമായതിനാല്‍ അപലപിച്ചു.

10 അവര്‍ ശ്രുതികളുടെയും സ്മൃതികളുടെയും ആധികാരികതയെ നിരാകരിച്ചു.

11 ചാര്‍വാകരുടെ അഥവാ ലോകായത ദര്‍ശനത്തിന്റെ സംഭാവനകള്‍ മഹത്തായ മൂല്യമടങ്ങിയവയാണ്. അത് സാധാരണജനങ്ങളെ എങ്ങനെ ചിന്തിക്കണമെന്നു പഠിപ്പിച്ചു. ചാര്‍വാകന്മാര്‍ പ്രകൃതിയോടിണങ്ങി ജീവിക്കുകയും അവരുടെ ദര്‍ശനം കാര്യകാരണ ബന്ധത്തിലധിഷ്ഠിത മാക്കുകയും ചെയ്തു. ചാര്‍വാകന്മാര്‍ ബ്രാഹ്മണിക സംസ്‌ക്കാരത്തി നെതിരെ പ്രത്യയശാസ്ത്രപരമായും സാംസ്‌ക്കാരികവുമായുള്ള പ്രക്ഷോഭങ്ങള്‍ക്കു പരിശ്രമിച്ചു. ചാര്‍വാകന്മാരെ പ്രതിരോധിക്കാന്‍ ബ്രാഹ്മണര്‍ പലവട്ടം ശ്രമിച്ചുവെങ്കിലും ചാര്‍വാകന്മാരുടെ യുക്തിചിന്ത കാരണം അവയെല്ലാം പരാജയപ്പെട്ടു. അവരുടെ പ്രത്യയശാസ്ത്രത്തെ നശിപ്പിക്കുന്നതില്‍ പരാജയപ്പെട്ടതിനാല്‍ രാജാക്കന്മാരുടെ സഹായത്തോടെ ബ്രാഹ്മണര്‍ ചാര്‍വാകന്മാരെ ക്രൂരമായി വധിച്ചു. അവര്‍ പീഡിപ്പിക്ക പ്പെടുകയും കൊലചെയ്യപ്പെടുകയും ചെയ്തു. ബ്രാഹ്മണ പുരോഹിതരുടെ ഇംഗിതത്തെ തൃപ്തിപ്പെടുത്തുന്നതിനായി ചിലരെ തൂക്കിലേറ്റുകയും ജീവനോടെ കത്തിക്കുകയും വരെ ചെയ്തു. ചാര്‍വാകരെ വധിക്കുന്ന തിന്റെ ഭാഗങ്ങള്‍ മഹാഭാരതം ശാന്തിപര്‍വ്വത്തില്‍ ശ്ലോകം 38, 39 എന്നിവയില്‍ വിവരിച്ചിട്ടുണ്ട്. ലോകായതയുടെ വിമര്‍ശകര്‍ ചാര്‍വാകരെ വിളിച്ചിരുന്നത് രാക്ഷസരെന്നും ദൈത്യരെന്നും അസുരരെന്നും ദുര്‍ഭൂതങ്ങളെന്നുമൊക്കെയാണ്.

മിക്ക ഇന്ത്യന്‍ ചരിത്രമെഴുത്തുകാരും ചരിത്രകാരന്മാരും ചരിത്ര പുസ്തകങ്ങളില്‍ നിന്നും ചാര്‍വാകരെ നിര്‍മ്മൂലനം ചെയ്തിരിക്കു കയാണ്. അതിന്റെ പരിണിതഫലമായി ഇപ്പോഴത്തെ തലമുറയ്ക്ക് ചാര്‍വാകരുടെ പ്രക്ഷോഭങ്ങളെക്കുറിച്ചോ അവരുടെ ദര്‍ശനങ്ങളെ ക്കുറിച്ചോ യാതൊന്നുമറിയില്ല. ബ്രാഹ്മണിക ശക്തികള്‍ വിജയകരമായി ചാര്‍വാകരെ നിര്‍മ്മൂലനം ചെയ്തിട്ടുണ്ട്. ബ്രാഹ്മണര്‍ ചാര്‍വാകരെയും അവരുടെ പ്രത്യയശാസ്ത്രത്തേയും നിയമഭ്രഷ്ടമാക്കിയെങ്കില്‍ത്തന്നെയും ലോകായത ദര്‍ശനം നിരീശ്വരവാദ സ്വഭാവമുള്ള സാംഖ്യചിന്താ സമ്പ്രദായത്തെ അഗാധമായി സ്വാധീനിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ചാര്‍വ്വാകരെപ്പോലെ സാംഖ്യസമ്പ്രദായവും വേദസമ്പ്രദായത്തിന്റെ അനുയായികളുടെ ക്രൂരമായ ആക്രമണങ്ങളുടെ ലക്ഷ്യമായി മാറി. സാംഖ്യസമ്പ്രദായം ബുദ്ധിസ്റ്റ് പ്രത്യയശാസ്ത്രത്തെ ഗണ്യമായി സ്വാധീനി ച്ചതിനാല്‍ അതിലൂടെ ഭഗവാന്‍ ബുദ്ധന്റെ കരുത്തുറ്റ മിഷനറി നേതൃത്വത്തിന്‍ കീഴിലുള്ള തുടര്‍പ്രക്ഷോഭങ്ങളുടെ വിത്തു പാകുകയാ യിരുന്നു.

---------------------------------------------------------
പരിഭാഷ: യു പി അനില്‍കുമാര്‍ 

രണ്ടാം അദ്ധ്യായം വായിക്കുക