"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, സെപ്റ്റംബർ 21, തിങ്കളാഴ്‌ച

നോവല്‍ : പുലപ്പേടി - ധനു എളങ്കുന്നപ്പുഴ

 ധനു എളങ്കുന്നപ്പുഴ
അദ്ധ്യായം ഒന്ന്
പുലയനോടിയൊളിക്കണം


വെള്ളകീറിക്കഴിഞ്ഞ നേരം, വെട്ടുവഴി തെളിഞ്ഞു വന്നു. കാണാവുന്ന തരത്തില്‍ വെളിച്ചം പരുന്നു. കിഴക്കു നിന്നു പടിഞ്ഞാറോട്ടുള്ള കയറ്റം. ചെമ്മണ്‍പാത, കുന്നുകഴിഞ്ഞാല്‍ പിന്നെ അമ്പലം. ഉന്നതര്‍ക്കുമാത്രം പ്രവേശമനുള്ള തൃക്കോവില്‍.
ഓലക്കുടചൂടി, ഇടയ്ക്കിടയ്ക്ക് തലയുയര്‍ത്തി അകലേയ്ക്കു നോക്കി കൊണ്ടാണ് ഇല്ലത്തു കൊച്ചുകണ്ടോരി വലിയ നമ്പൂതിരി നടന്നിരുന്നത്. പിന്നാലെ കാര്യസ്ഥന്‍ നാരായണന്‍ നായരുമുണ്ട് മുറുക്കാന്‍ ചെല്ലവും താങ്ങി, പത്തടി ദൂരം കഴിഞ്ഞാണ് അകമ്പടി സേവിച്ചിരുന്നത്. അകലെ വഴിയിലൂടെ ആരെങ്കിലും അപശകുനമായി വരുന്നുണ്ടോയെന്നു കൈപ്പത്തി കണ്ണിനു മുകളില്‍ വട്ടം പിടിച്ച് നോക്കുന്നുണ്ടായിരുന്നു.

വെളുപ്പാന്‍ കാലത്തെ മൂടല്‍മഞ്ഞു കാരണം വ്യക്തത കുറവാണ്. എന്നാലും ഒരാള്‍ രൂപം വളരെയകലെ കണ്ടു. ഉടനെ നീട്ടിയൊരുവിളി.
ഏ..... ഏ.....ഹേയ് (മാറിപ്പോ - ഉന്നതന്റെ ഉയര്‍ന്ന ശബ്ദം).
അതിന്നു മറുപടിയെന്നോണം.
ഓ.....ഓ.....ഹോ..... (ഏന്‍ മാറിയേ....)

ഞാന്‍ മാറിക്കഴിഞ്ഞു. വരുന്ന ഉന്നതജാതിക്കാരനു സൈ്വര്യമായി പോകാം. താന്‍ തീണ്ടലിനപ്പുറത്താണ് എന്നു മറുപടി ലഭിച്ചു.

പൊതുവഴിയില്‍ സഞ്ചാര സ്വാതന്ത്ര്യമില്ലാത്ത അധ:കൃതന്‍ തൊണ്ണൂറടി അകലെ കൂടിയേ സഞ്ചരിക്കുവാന്‍ പാടുള്ളൂ. നിബന്ധന തെറ്റിച്ചാല്‍ ഉന്നതന്റെ ആളുകള്‍ വന്നു പിടിച്ചു കെട്ടി കൊണ്ടു പോയി ചിത്രവധം ചെയ്യും. അതിന്നു യാതൊരു ദാക്ഷിണ്യവുമില്ലായിരുന്നു.

താനാണീ ഭൂപാലനെന്നും, തനിക്കെന്തും ചെയ്യുവാനധികാരം ഉണ്ട് എന്ന വ്യവസ്ഥാപനത്തോടും, ഹുങ്കോടും കൂടിയാണ് നടപ്പ്. ജനസഞ്ചയത്തിന്റെ ഉന്നത ജാതീയനാണ് താനെന്ന അഹന്തതയും ഭാവവും. കൂടാതെ കല്‍പ്പന കേള്‍ക്കുവാന്‍ അകമ്പടിക്കാരന്‍ - നായരുമുണ്ടെന്ന തോന്നല്‍.

ഭാഗ്യമോ നിര്‍ഭാഗ്യമോ എന്തോ വഴി മുറിച്ചു കടന്നു തൊണ്ണൂറടി അകലത്തു കൂടി നടന്നു മറഞ്ഞ നികൃഷ്ടനായ മാടപ്പുലയന്റെ മേല്‍, നമ്പൂതിരിയുടെ ദൃഷ്ടി പതിഞ്ഞില്ല കാരണം അയാള്‍ പൊന്തക്കാടുകള്‍ക്കിടയില്‍ മറഞ്ഞിരിക്കുകയായിരുന്നു.

നമ്പൂതിരി പോയ്ക്കഴിഞ്ഞപ്പോള്‍ മാത്രമാണ് കാടിന്‍േറയും ചുള്ളിപ്പടര്‍പ്പിന്‍േറയും അരികു പറ്റി പാടവരമ്പത്തേയ്ക്കിറങ്ങി നടക്കുവാന്‍ കഴിഞ്ഞത്. വിളഞ്ഞു കിടന്നിരുന്ന നെല്‍പ്പാടത്തു രാത്രി കാവലു നിന്നശേഷം തിരിച്ചു വരികയായിരുന്നു മാടന്‍. വെട്ടുവഴികളിലൂടെ നടക്കുവാന്‍ അവകാശമില്ലാത്ത വര്‍ഗ്ഗക്കാരനാണല്ലോ താന്‍. പക്ഷേ വഴി മുറിച്ചു കടക്കാതെ കുടിലിലേയ്ക്കുള്ള വഴി തിരിയുവാന്‍ പറ്റുമായിരുന്നില്ല. വഴി മുറിച്ചു കടന്നാലും പോര പെരുവഴിയേ കുറച്ചു ദൂരം നടന്നെങ്കില്‍ മാത്രമേ പോകേണ്ട കൈവഴിയേ തിരിയുവാനും സാധിക്കുമായിരുന്നുള്ളൂ. അങ്ങിനെ നടന്നു നീങ്ങുമ്പോഴാണ് ഉന്നത ജാതിക്കാരന്റെ എഴുന്നള്ളത്ത്. അപ്പോഴാണ് മാടന്‍ വഴി മാറിയതായി ശബ്ദം പുറപ്പെടുവിച്ചതും. നടന്നു ഒതുങ്ങിയാലും പോരാ ഉന്നതന്റെ ദൃഷ്ടിയില്‍ പെടാനും പാടില്ല. അതുകൊണ്ടാണ് പടര്‍പ്പുകള്‍ക്കുള്ളില്‍ മറഞ്ഞത്.

മനുഷ്യനായി ജനിച്ച പുലയന്‍ മൃഗങ്ങളേക്കാള്‍ നികൃഷ്ടമായി ജീവിക്കുവാന്‍ വിധിക്കപ്പെട്ടവന്‍.

മാടന്‍ കുടിലില്‍ ചെന്നു കയറിയിട്ടും ചക്കിയും മക്കളും കിടക്കപ്പായയില്‍ നിന്നും എഴുന്നേറ്റിട്ടുണ്ടായിരുന്നില്ല. വെളുപ്പാന്‍ കാലത്തെ മൂടല്‍മഞ്ഞിന്റെ തണുപ്പില്‍ പഴന്തുണി പുതച്ച് ചുരുണ്ടു കൂടി കിടന്നുറങ്ങുകയായിരുന്നു. മാടന്‍ വന്നു കയറിയതറിഞ്ഞിരുന്നില്ല. അവന്‍ ഉറക്കെ വിളിച്ചു.

എടിയേ ചക്കിയേ - എണീരെടി ചൂര്യന്‍ മേത്തു വന്നേക്കണ കണ്ടില്ലേ.
മൂത്ത മകള്‍ മാണ്ട പത്തു പതിനെട്ടു വയസ്സായി. എന്നിട്ടും നാണം മറയ്ക്കാന്‍ ഒരു പഴന്തുണി മാത്രമേയുള്ളൂ. അത് അരയില്‍ ചുറ്റിയുടുക്കാന്‍ മാത്രം മാറു മറച്ചിരുന്നത് കീറത്തോര്‍ത്തു ചുറ്റിക്കെട്ടി ക്കൊണ്ടാണ്. മാറു മറയ്ക്കുവാന്‍ അവകാശമില്ലാത്ത ജനതതികള്‍. അമ്മയേക്കാള്‍ അല്‍പ്പം നിറമുള്ള അഴകാര്‍ന്ന സുന്ദരി തന്നെ. രണ്ടാമത്തേതും മൂന്നാമ ത്തേതും ചാത്തേം ചരതനും. ഇവര്‍ അച്ഛന്റെ കീറിയ തോര്‍ത്താണ് ഉടുത്തിരുന്നത്. മാടന്‍ വിളിച്ചപ്പോള്‍ കുട്ടികള്‍ ചാടി എഴുന്നേറ്റു. കീറത്തോര്‍ത്തു തപ്പിയെടുത്തു അരയില്‍ ചുറ്റി പുറത്തേയ്‌ക്കോടി, മൂത്രമൊഴിക്കാന്‍.

നാലാമത്തെ കുഞ്ഞ് മുലകുടി മാറാത്ത പ്രായം. അതിനെ താങ്ങിയെടുത്തു ചക്കിയും എഴുന്നേറ്റു. കുഞ്ഞിനു പടിക്കല തമ്പുരാട്ടി ചൊല്ലിക്കൊടുത്ത പേരാണ് കോത. ചക്കി കുരങ്ങിട്ട കാര്യം അന്ന് മാടന്‍ പടിക്കല തമ്പുരാന്റെ അവിടെ ചെന്നു പറഞ്ഞതും ബ്രാ അടീന്റെ പെലക്കള്ളി. കൊരങ്ങിട്ടേയ്.


കുറേനേരം പടിക്കുപുറത്തു കാത്തു നിന്ന മാടന്റെ സമീപത്തു വരാതെ അകലെ മാറി നിന്ന് ഒരു വാല്യക്കാരി നായര്‍ സ്ത്രീ വന്നു ചോദിച്ചു.
എന്തു കുരങ്ങും പിള്ളേടാ
ക്ടാത്തി കൊരങ്ങാണേയ്
ഉം. അവിടെ നില്ല്.

ആ ശൂദ്ര സ്ത്രീ അടുക്കള ഭാഗത്തേയ്ക്ക് പോയി ചില കീറത്തുണികളും രണ്ടു ഇടങ്ങഴി നെല്ലും കൊണ്ടു വന്നു കൊട്ടം പടിക്കു പുറത്തു വെച്ചു കൊടുത്തു. മാറി നിന്നു. അതു മാടന്‍ എടുത്തു കൊണ്ടു പോയി.

എന്തിനും മുതലാളിയെ ആശ്രയിക്കാതെ ഈ അടിമയ്ക്കു ജീവിക്കുവാന്‍ സാധിക്കുമായിരുന്നില്ല.

മണ്ണും ആളും കുടിലും സ്ഥാവര ജംഗമമെല്ലാം ജന്മിയുടെ വകയായിരുന്നു. ജന്മിയുടെ അനുവാദമില്ലാതെ അടിമയ്ക്കു ചലിക്കുവാന്‍ പോലും സാധിക്കുമായിരുന്നില്ല. തിരുവായ്ക്ക് എതിര്‍വായില്ല. മൂകവര്‍ഗ്ഗങ്ങള്‍! തമ്പുരാന്‍ പറയുന്നത് അക്ഷരം പ്രതി അനുസരിക്കുക എന്നത് ഇവരുടെ കടമയായിരുന്നു.

പകലന്തിയോളം പാടത്തും പറമ്പിലും പണിയെടുത്താല്‍ വൈകുന്നേരമാകുമ്പോള്‍ മൂന്നു ഇടങ്ങഴി നെല്ലാണ് പുരുഷന്മാര്‍ക്കു കൂലി. സ്ത്രീകള്‍ക്കു രണ്ടിടങ്ങഴിയും. അതു അന്നന്നേയ്ക്കു മാത്രമേ തികയുമായിരുന്നുള്ളൂ. മിച്ചം വയ്ക്കുവാന്‍ ഒന്നുമുണ്ടാകാറില്ല. 
മിച്ചം വെയ്ക്കുവാനുണ്ടായാല്‍ ദിവസവും അധ്വാനിക്കുവാന്‍ അവനെ ലഭിക്കുകയില്ലല്ലോ.

വേലയ്ക്കു ചെന്നാലും, ചെന്നില്ലെങ്കിലും പീഢനം. അപാകത കണ്ടുപിടിക്കപ്പെട്ടാല്‍ തൊട്ടടുത്ത തെങ്ങില്‍ പിടിച്ചു കെട്ടി പീഡിപ്പിച്ചിരുന്നു. അക്കാര്യത്തില്‍ സ്ത്രീകളെയും വെറുതെ വിട്ടിരുന്നില്ല.

കൊല്ലും കൊലയ്ക്കും അധികാരമുണ്ടായിരുന്നു ജന്മി മുതലാളിക്ക്. ശിക്ഷ നടപ്പാക്കുവാന്‍ വാല്യക്കാരായ നായന്മാരുണ്ടായിരുന്നു. നിര്‍ദ്ദേശം ലഭിക്കേണ്ട താമസം ഉടനെ നായര്‍ കാര്യസ്ഥന്‍ പറയും.

അവനെ പിടിച്ചു കെട്ടടാ ആ അയ്ക്കാ മരത്തില്‍ അതിനു ശേഷം ഓലത്തുഞ്ച് ഇറഞ്ഞെടുത്ത് അടി തുടങ്ങുകയായി. അടികൊണ്ട് ഇഞ്ചപ്പരുവമാകും. ഭാര്യയേയും കുട്ടികളേയും സമീപത്തു ചെല്ലുവാനോ, വെള്ളം പോലും കൊടുക്കാവാനോ അനുവദിക്കാറില്ല. ജന്മിയുടെ അനുവാദമില്ലാതെ കെട്ടഴിച്ചു വിടുകയുമില്ല. നിസ്സാര തെറ്റുകള്‍ക്കു പോലും കഠിനമായ ശിക്ഷ കൊടുത്തിരുന്നു. ചിലപ്പോള്‍ അവിടെ കിടന്നു ചത്തു പോയെന്നും വരും. അങ്ങിനെ സംഭവിച്ചാല്‍ അവന്റെ ജഡം പോലും പിറ്റേന്നത്തെ സൂര്യോദയം കാണാറില്ല.

അന്നു മാടന്‍ ചെറുപ്പമായിരുന്നു. നല്ല ചുറുചുറുക്കുള്ള ചെറുപ്പക്കാരന്‍. മാടന്റെ അപ്പനോടൊപ്പം പാടത്തു കിളയ്ക്കുവാന്‍ പോകുമായിരുന്നു. കൂട്ടത്തില്‍ വേറെ കുറെ പണിക്കാരും ഉണ്ടായിരുന്നു. ഉച്ചസമയത്തു കിളനിര്‍ത്തി വയല്‍ വരമ്പത്തുള്ള മരത്തണലത്തിരുന്നു കഞ്ഞി കുടിച്ചു. എല്ലാവരും പുല്ലിന്റെ പുറത്തു തോര്‍ത്തു വിരിച്ചു അല്‍പ്പം മയങ്ങി. കൂട്ടത്തില്‍ ചുള്ളിയെന്നൊരുത്തന്‍ വയറിനു സുഖമില്ലാതെ പൊന്തക്കാടുകള്‍ക്കിടയില്‍ പോയി വെളിക്കിരുന്നു. അന്നേരം എല്ലാ പണിക്കാരും പാടത്തിറങ്ങി പണികളിലേര്‍പ്പെട്ടു. ചുള്ളി അടുത്തുള്ള തോട്ടിലിറങ്ങി വൃത്തിയാക്കി പാടത്തിനടുത്തേയ്ക്കു വന്നു. പക്ഷേ വീണ്ടും വെളിക്കു പോകണമെന്നു തോന്നി. അയാളോടി കുറ്റിക്കാട്ടിലേയ്ക്കു പോയി. അപ്പോള്‍ കാര്യസ്ഥന്‍ ഉച്ചത്തില്‍ പലതവണ വിളിച്ചു. ചുള്ളി നിന്നില്ല. ഓടിപ്പോയി പിന്നേയും. മുമ്പത്തെ പോലെ തുടര്‍ന്നു. എന്നാല്‍ കാര്യസ്ഥനു കോപമാണു തോന്നിയത്.

മനുഷ്യനു ഏറ്റവും വലിയ ബുദ്ധിമുട്ടെന്നു പറയുന്നത് വെളിക്കു പോകാനുള്ള ബുദ്ധിമുട്ടാണെന്ന വസ്തുത അറിയാമെങ്കിലും അയാള്‍ക്കപ്പോള്‍ തോന്നിയില്ല. മറിച്ചു തന്റെ നിര്‍ദ്ദേശം മന:പ്പൂര്‍വ്വം നിരാകരിക്കുക യാണെന്നാണ് കാര്യസ്ഥന്‍ വിചാരിച്ചത്. പിന്നീട് ചുള്ളിപ്പെലേന്‍ പണിക്കിറങ്ങാന്‍ ചെന്നപ്പോള്‍ കാര്യസ്ഥന്‍ നിര്‍ത്തിയില്ല; തെറിയഭിഷേകം വേറെയും. അയാള്‍ പാടവരമ്പത്തിരുന്നു കരയുവാന്‍ തുടങ്ങി. സത്യാവസ്ഥ പറഞ്ഞു ധരിപ്പിക്കുവാനും കഴിവില്ലാത്ത മൂകവര്‍ഗ്ഗം. മനം നൊന്തു കരഞ്ഞു തളര്‍ന്ന ചുള്ളി ചിറപ്പുറത്തു കിടന്നു പോയി.

വൈകുന്നേരം പണി കഴിഞ്ഞു ആളുകളെല്ലാം പൊയ്ക്കഴിഞ്ഞിരുന്നു. തമ്പുരാനെ അറിയിക്കുവാന്‍ ആളു പോയി. പണിക്കാരെല്ലാം പടിക്കല്‍ ചെന്നു കൂലിയായ നെല്ലും വാങ്ങി തോര്‍ത്തില്‍ കെട്ടി അവരവരുടെ കുടിലിലേയ്ക്കു പോയി. ചുള്ളിയുടെ അവസ്ഥ മന:സ്സിലാക്കുവാനോ, എന്താണെന്നാ രായുവാനോ ആരും തയ്യാറായില്ല. സൂര്യനസ്തമിച്ചു. കമ്പി വിളക്കുമായിഅകമ്പടി സേവികനായ നായരുമൊത്തു തമ്പുരാന്‍ വന്നു, കണ്ടു, ഉത്തരവു നല്‍കി. അതുപ്രകാരം ചില സേവകരെ കൊണ്ട് കാര്യസ്ഥന്‍ മരണം സംഭവിക്കാതെ കുഴഞ്ഞു വീണു കിടന്നിരുന്ന ചുള്ളിയെ ജീവനോടെ തന്നെ ചെളിയില്‍ ചവിട്ടിത്താഴ്ത്തി.
ചുള്ളിയുടെ പേരില്‍ അനാവശ്യ കുറ്റാരോപണമുണ്ടാക്കി. ആരെങ്കിലും അന്വേഷിച്ചാല്‍ പറയുവാന്‍ അതായത്.

എല്ലാവരും വേലയ്ക്കിറങ്ങിയിട്ടും ചുള്ളി മാത്രം വേലയ്ക്കിറങ്ങിയില്ല. കാര്യസ്ഥന്‍ ചോദിച്ചിട്ടും അവന്‍ വിവരമെന്തെന്നു പറയാതെ അവഹേളിച്ചു. ജോലി സമയത്തു മന:പൂര്‍വ്വം മടിപിടിച്ചിരുന്നു. ഉറക്ക് നടിച്ചു കിടന്നു.

പിറ്റേദിവസം ആരും ചുള്ളിയെ കണ്ടില്ല. ആരും ചുള്ളിയെ അന്വേഷിച്ചുമില്ല. ഭാര്യയും കുട്ടികളും ചുള്ളിയെ അന്വേഷിച്ചു വന്നു പൊട്ടിക്കരഞ്ഞു. ആരും ഒന്നും പറയുവാന്‍ മിനക്കെട്ടില്ല. ചുള്ളിയുടെ അവസ്ഥ ആര്‍ക്കും ഉണ്ടാകാതെ നോക്കുവാന്‍ മിക്കവരും ജാഗ്രതയോടെ നടക്കുവാന്‍ തുടങ്ങി. ഒന്നും പരസ്പരം പറയുവാനോ ചിന്തിക്കുവാനോ തയ്യാറായില്ല.

പണിക്കുവരാം, പണിയെടുക്കാം, കൂലി വാങ്ങാം പോകാം, അല്ലാതെ മറ്റുള്ളവരുടെ കാര്യത്തില്‍ അനാവശ്യമായി ഇടപെടാന്‍ പാടില്ല.
കൂലി നെല്ലായി കൊടുക്കുന്ന പ്രവണതയ്ക്കു മാറ്റം വന്നു. കാശായി കൊടുക്കുവാന്‍ തുടങ്ങി. ആണുങ്ങളായ പണിക്കാര്‍ക്ക് നാലു ചക്രവും പെണ്ണുങ്ങള്‍ക്ക് മൂന്നു ചക്രവും.

നായര്‍ സ്ത്രീകള്‍ക്കും കുലീനര്‍ക്കും റൗക്ക കൊണ്ടു മാറു മറയ്ക്കാമെന്നായി. ഈഴവരാദി പെണ്ണുങ്ങള്‍ക്ക് തോര്‍ത്തു മുണ്ടു കൊണ്ട് പുതച്ചു മാറുമറക്കാം. പുലയരായ അധ:കൃത സമുദായത്തില്‍ പെട്ടവര്‍ക്ക് കോറത്തുണി കൊണ്ട് മാറു മറക്കാമെന്ന നിയമം വന്നു. അധ:കൃതരായ ആണുങ്ങള്‍ക്ക് തോര്‍ത്തുതുണി, നാടനായി തോളത്തിട്ടു കൊണ്ടു നടക്കാം. മുണ്ടാണെങ്കില്‍ പുതിയ മുണ്ട് ലഭിച്ചാല്‍ ചേറോകരിയോ പുരട്ടി വൃത്തികേടാക്കി മാത്രമേ ഉപയോഗിക്കുവാന്‍ പാടുള്ളൂ.

അക്കാലത്താണ് മാടന്‍ നല്ല അഴകുള്ള ചക്കിയെ കല്ല്യാണം കഴിക്കുന്നത്. വിവാഹിതരായ പെണ്ണും ചെറുക്കനും വരുന്ന വഴി തമ്പുരാന്റെ പടിക്കല്‍ ചെന്നു നില്‍ക്കണം. മുഖം കാണിക്കണം. മണവാളന്‍ ഉടുത്തിരുന്നത് കോടി മുണ്ട്, അതും അഴുക്കാക്കി മാത്രം. തോളത്തൊരു നിറം മാറ്റിയ തോര്‍ത്തും ധരിച്ചിരുന്നു. മണവാട്ടി അഴുക്കാക്കിയ ഒരു വെള്ളമുണ്ട് മുട്ടിനു മീതേ വരേമാത്രം ഇറക്കിയുടുത്തിരുന്നു. കഴുത്തിലും കാതിലുമൊക്കെ കല്ലയും മാലയും, പൊങ്ങുമരത്തിന്റെ കായകളും കെട്ടിത്തൂക്കി മാറു മറച്ചിരുന്നു. തലയില്‍ മുടി കെട്ടി അല്‍പ്പം മുല്ലപ്പൂ ചൂടിയിരുന്നു. ഒത്ത ഉയരവും, ഇരുനിറവും, ചുരുണ്ട മുടിയുമുള്ള പുത്തന്‍ പെണ്ണിനെ കണ്ട ജന്മി മുതലാളി, സൂക്ഷിച്ചൊന്നു നോക്കി.

നോട്ടം കണ്ടു ചൂളിപ്പോയ പെണ്ണാട്ടി പുലച്ചെറുക്കന്റെ പുറകിലൊളിച്ചു. മുതലാളി വെറ്റില വായിലിട്ടു ചവച്ചു തുപ്പിക്കൊണ്ടു കല്‍പ്പിച്ചു.
ഉം.... നിനക്കെന്തിനാടാ ഈ പെണ്ണിനെ. അവളിവിടെ നില്‍ക്കട്ടെ - തല്‍ക്കാലം നിയാ എരുമയെ അഴിച്ചു കൊണ്ടു പൊയ്‌ക്കോ.

പെണ്ണും പിള്ളയ്ക്കു പകരം വില കൂടിയ മൃഗത്തിനെയല്ലേ കൊടുത്തത്. അതിലവനു വിരോധവുമില്ല. ഒന്നുമുരിയാടാതെ എരുമയെ അഴിച്ചു കൊണ്ടു പോകുമ്പോള്‍, അവള്‍ നിന്നു കരഞ്ഞു. ഒന്നും മറുത്തു പറയുവാനര്‍ഹതയില്ല. മിണ്ടിയാല്‍ അവനെ അടയ്ക്കാ മരത്തില്‍ പിടിച്ചു കെട്ടിയിട്ടു പ്രഹരിക്കും. കൂടാതെ അവന്റെ മുമ്പില്‍ വെച്ചു തന്നെ അവളെ പീഢിപ്പിച്ചെന്നും വരും. ചെറുമനു കുടുംബജീവിതം നയിക്കുവാനര്‍ഹതയില്ല. പുതുപെണ്ണുമായി ആദ്യരാത്രിയില്‍ കഴിയുവാനും പാടില്ല. തമ്പുരാനു മാത്രമാണതിനു അവകാശം. തമ്പുരാന്‍ നിനയ്ക്കുന്നതേ നടക്കൂ. ഉന്നതന്‍ തൊട്ടശുദ്ധമാക്കിയതേ പുലയനനുഭവിക്കുവാന്‍ അവകാശമുള്ളൂ.

അവള്‍ക്കു പടിപ്പുര കടന്ന് അകത്തു പ്രവേശിക്കുവാന്‍ അവസരം കൊടുത്തു. പശുക്കളെ കെട്ടിയിരിക്കുന്ന തൊഴുത്തിന്റെ സമീപത്തുള്ള വൈക്കോല്‍ ചായ്‌വില്‍ കിടക്കാം. ആഹാരം എന്തു വേണമെങ്കിലും ജന്മിയുടെ വാല്യക്കാര്‍ കൊണ്ടു വന്നു കൊടുക്കും. മണ്ണില്‍ കുഴിയുണ്ടാക്കി ഇലവെച്ച് അതിലാണ് കഞ്ഞിയൊഴിച്ചു കൊടുക്കുന്നത്. പ്ലാവില കൊണ്ട് ക്കൊക്കെലയുണ്ടാക്കി കോരിക്കുടിക്കും.
പയറു കറിയോ, പുഴുക്കോ എല്ലാം കഞ്ഞിയുടെ കൂടെ തന്നെ വിളമ്പി കൊടുക്കും. ഇതാണ് പതിവ്. ചൂട്ടും മടലും ഉണക്കി വെയ്ക്കുക, പശുവിന്റെ തൊഴുത്തു വൃത്തിയാക്കുക, വളപ്പിലെ അവിടവിടെ കിടക്കുന്ന സാധനങ്ങള്‍ ഒക്കെ എടുത്തു വയ്ക്കുക, മുതലായവ ചക്കിയുടെ വേലയായിരുന്നു.

മാടനാണെങ്കില്‍ എരുമയേയും തീറ്റിച്ചു തന്റെ തന്നെ മാടത്തില്‍ പോയി ചെളിത്തറയില്‍ കിടന്നുറങ്ങും. എപ്പോഴും ചക്കിയെ പറ്റിയുടെ ചിന്ത മാത്രമായിരുന്നവന്.

മാടമ്പിക്കിഷ്ടമുള്ളപ്പോള്‍ ചക്കിയെ വളപ്പില്‍ ചെന്നു പ്രാപിച്ചിരുന്നു. ഒരെതിര്‍പ്പും പറഞ്ഞില്ല; പറയുവാനര്‍ഹതയില്ല.

പുതിയ പെണ്ണുമായി രമിച്ചപ്പോള്‍, മാടമ്പിക്കര്‍ഹതപ്പെട്ട സുഖമാണു ലഭിച്ചതെന്നുള്ള മാനസികമായ സംതൃപ്തിയുണ്ടാകാതിരുന്നില്ല. പാവങ്ങളെയാണ് താന്‍ ചൂക്ഷണം ചെയ്യുന്നതെന്നും ഓര്‍ത്തില്ല. ഭൂമിയില്‍ ഏതൊരു മനുഷ്യനും വെച്ചു പുലര്‍ത്താത്ത പ്രവണത നടമാടിയിരുന്ന കാലം.

ഒരു അടിമ ആദ്യമായി വിവാഹം കവിച്ചു കൊണ്ടു വരുന്ന പെണ്ണിനെ അധികാരമുപയോഗിച്ചു പിടിച്ചെടുക്കുക. അവളെ തന്നിഷ്ടപ്രകാരം ഉപയോഗിക്കുക. പുലയക്കിടാത്തനെ കുടുംബ ജീവിതം നയിപ്പിക്കാതെ മൃഗതുല്ല്യമായി കരുതുക, എന്നിവ ഈ മണ്ണില്‍ നടന്ന ക്രൂരതയായിരുന്നു.

പുലയനു മണ്ണിലധികാരമില്ല. പുലം എന്നാല്‍ വയല്‍. അതിലും അധികാരമില്ല. പെണ്ണിനേയും അധികാരി കീഴടക്കുന്നു. ജീവിക്കുവാനുള്ള അഭിനിവേശം ഒന്നു കൊണ്ടു മാത്രമാണ് ഈ പതിതവര്‍ഗ്ഗം എല്ലാം ക്ഷമിച്ചിരുന്നത്.

രണ്ടു മൂന്നാഴ്ചകള്‍ക്കു ശേഷം മാടനെ തമ്പുരാന്‍ വിളിപ്പിച്ചു. അവന്‍ വല്ലാതെ ഭയന്നു പോയി. ചക്കി വല്ല അവിവേകവും കാണിച്ചോ. തമ്പുരാനു ഇഷ്ടക്കേടു വല്ലതും തോന്നിയിട്ടു കഷ്ടപ്പെടുത്താനായിരിക്കുമോ തന്നെ വിളിപ്പിക്കുന്നതെന്നോര്‍ത്തു. പേടിച്ചരണ്ട അയാള്‍ തന്റെ പതിതത്വമോര്‍ത്തു പൊട്ടിക്കരഞ്ഞു. ചക്കിയെ കാണണമെന്ന ഉത്ക്കടമായ ആശയോടു കൂടി തമ്പുരാന്റെ പടിക്കല്‍ ചെന്നു. സമീപത്തു ചെല്ലുവാനവകാശമില്ല. വാല്യക്കാരിലൊരു സ്ത്രീ ചക്കിയെ പടിപ്പുര വരെ കൊണ്ടു വന്നുവിട്ടു.

ചക്കിയുടെ കയ്യില്‍ കുറച്ചു നെല്ലും, രണ്ടു മുണ്ടും തോര്‍ത്തും ഒരു നാടന്‍ മുണ്ടും കൂടാതെ ഒരു തേങ്ങയും അഞ്ചു ചക്രവും ഉണ്ടായിരുന്നു.
ചാരിത്ര്യം കവര്‍ന്നെടുത്തതിന്റെ വിഹിതം. മാടനെ കണ്ടപാടെ പൊട്ടിക്കരഞ്ഞു. കണ്ണുനീര്‍ തുടച്ചു കൊണ്ട് മാടന്റെ കൂടെ നടന്നു. തിരിഞ്ഞു നോക്കാനോ അപ്രിയം രേഖപ്പെടുത്താനൊ അര്‍ഹതയില്ല. മുതലാളിക്ക് അഹിതമായതൊന്നും പ്രവര്‍ത്തിക്കുവാനും പാടില്ല.

വിവാഹം കഴിഞ്ഞ് തന്റെ കുടിലില്‍ നേരിട്ടു വന്നു കയറണ്ട പുലയപ്പെണ്‍കുട്ടി വഴിക്കു വച്ച് വലിയവനെ കണ്ടതിന്റെ സമ്മാനം കയ്യിലും, പിന്നെ വയറ്റിലും പേറി വരേണ്ട ഗതികേടിനെപ്പറ്റി ചിന്തിക്കാതിരുന്നില്ല. പക്ഷേ വിചാരിക്കുവാനും പറയുവാനും അടിയ്ക്കധികാരമില്ല.

അധീശവര്‍ഗ്ഗത്തിന്റെ വികാരം അധ:സ്ഥിതന്റെ പിഴപ്പു തന്നെ. ഏതായാലും മാടനും മാടത്തിയും സ്വന്തം മാടത്തില്‍ വന്നു കയറി. അന്നാദ്യമായി മാടന്‍ കെട്ടിയ പെണ്ണുമൊത്തു തന്റെ കുടിലിലുറങ്ങി. മാടന്‍ കെട്ടിയവളെങ്കിലും പുതുമണവാട്ടിക്ക് തമ്പുരാനുമൊത്തുള്ള സന്ധിക്കലിന്റെ സുഖവും, ഭയവും പൂണ്‍മമാം മേനീ സ്പര്‍ശവും ചക്കിക്ക് ഉണര്‍വേകിയിരുന്നു. സ്വര്‍ഗ്ഗീയാനുഭൂതി പരപുരുഷനെങ്കിലും സ്വീകരിക്കാതെ നിവര്‍ത്തിയില്ലായിരുന്നു. മനസ്സില്‍ ആദ്യ പുളകച്ചാര്‍ത്തേകി. ഇവയൊക്കെ മനസ്സില്‍ നിന്നും ഒട്ടും വിട്ടുമാറിയിരുന്നില്ല. അക്കാര്യങ്ങളൊന്നും ചക്കിയോടു ചോദിച്ചു കഷ്ടപ്പെടുത്തിയിരുന്നില്ല, അവന്റെ വിശാലമനസ്‌ക്കത.

ചെളിപ്പെലേനെങ്കിലും, വീറും, വാശിയും, ശരീരബലവും ഒക്കെ മാടനിലാണെന്നു അവള്‍ മനസ്സിലാക്കി. അന്നത്തെ യാത്രാക്ഷീണവും മനോദു:ഖവും കൊണ്ട് മാടനും ചക്കിയും മണ്ണെണ്ണ വിളക്കു കെടുത്തി മനപ്പൊരുത്തത്തിലാക്കി ഉറക്കത്തിലേക്കു വഴുതി വീഴും മുമ്പേ മാടനുമൊത്തു പ്രഥമരാത്രി പങ്കു വെച്ചു. എപ്പോഴാണുറങ്ങിയതെന്നു ഓര്‍ക്കുവാന്‍ പോലും കഴിഞ്ഞില്ല. വെളുപ്പാന്‍ കാലത്ത് വളരെ വൈകിയാണ് രണ്ടുപേരുമുണര്‍ന്നത്. ഉറക്കമുണര്‍ന്നെങ്കിലും വീണ്ടും ആലിംഗന ബദ്ധരായി കുറേ നേരം കൂടി പരസ്പരം ചൂടേറ്റു കിടന്നു.
ദിനംപ്രതി ഓലക്കീറിനിടയിലൂടെ ഒളിഞ്ഞന്നു നോക്കിയ സൂര്യഭഗവാന്‍, ആത്മാര്‍ത്ഥയുള്ള പുണരലില്‍ നിന്നും മുക്തമാകാത്ത യുവമിഥുനങ്ങളെയാണ് കണ്ടത്.

പാടത്തു പണിക്കിറങ്ങേണ്ടവര്‍ പല സ്ഥലത്തും പരസ്പരം വിളിക്കുന്നുണ്ടായിരുന്നു. മാടന്‍ കേട്ടതായി ഭാവിച്ചില്ല. ചക്കി ഉറക്ക ചടവോടെ കണ്ണു തുറന്നു. മാടന്റെ കൈമാറ്റി. രാത്രിയിലത്തെ സ്വന്തം, ഭര്‍ത്താവിന്റെ ചൂടുള്ള സുഖാനുഭവമോര്‍ത്തു അവള്‍.
കള്ളന്‍ ഒറങ്ങണ കണ്ടില്ലേ ഒന്നെണീങ്കണണ്ടാ എന്നു പറഞ്ഞു കുലുക്കി വിളിച്ചു. ചുണ്ടില്‍ മന്ദസ്മിതം തൂകിക്കൊണ്ട് ഉള്ളു തുറന്നുള്ള വിളി - ഏയ് - ഏയ് ഒന്നെണീരണണ്ടാ വേലക്കു പോണ്ടേ.
മാടന്‍ ഉണര്‍ന്നെങ്കിലും, കയ്യെടുത്തു ചക്കിയെ വീണ്ടും കെട്ടിപ്പിടിച്ചു കിടന്നു. പിന്നെയുമവള്‍ കൈവിടുവിച്ചു എഴുന്നേല്‍ക്കാന്‍ പ്രേരിപ്പിച്ചു. ഏയ് പണിക്കു പോണില്ലേന്ന് - അവള്‍ ലജ്ജയോടെ ചോദിച്ചു.
അവന്‍ ഉറക്കചടവോടെ പറഞ്ഞു - ഇന്നു പോണില്ല നെല്ലു തന്നിട്ടില്ലേ - അതു കുത്തി കഞ്ഞി വെച്ചു കുടിക്കാ - നീയും കെടാ നമ്മക്കൊറങ്ങാ.
ശോ - അങ്കാടെയിന്തിരി

കുടിലിലെ സന്തോഷത്തിനതിരില്ല, ആരും ശ്രദ്ധിക്കാനില്ല പെലേനും പെലക്കിളീം മാത്രം. കൂട്ടുകിടക്കാനാരുമില്ല. മാടന്റെ സ്വന്തക്കാരൊക്കെ വേറെയേതോ ദിക്കിലാണ്. കുറച്ചു വര്‍ഷങ്ങളായി ഈ മുതലായളിയുടെ കീഴില്‍ വന്നു വേല ചെയ്യുന്നത്. ഒരടിമതന്നെ തന്നെത്താന്‍ മാടന്‍ ചിറപ്പുറത്തു കുടില്‍ വെച്ചു കെട്ടി. തമ്പുരാനതിനു അനുവാദവും കൊടുത്തു. അവിടെയുള്ള പറമ്പില്‍ നിന്നും മടലും, ഓലയും, മുളയും മറ്റും വെട്ടിയെടുത്താണ് കുടിലുണ്ടാക്കിയത്. എന്നാലും ദിവസം തോറും വേലയ്ക്കു പോയിരുന്നു. മിക്കപ്പോഴും പടിക്കേന്നു കഞ്ഞി കൊടുത്തിരുന്നു. പിന്നെപ്പിന്നെ കുടിലില്‍ തന്നെ നെല്ലുകുത്തി അരിയാക്കി പാകം ചെയ്യുമായിരുന്നു. കറിക്കു മൂന്‍ പിടിച്ചു വെട്ടിത്തേച്ചു ഉപ്പും മുളകും ചേര്‍ത്തു ഉണ്ടാക്കി കഞ്ഞി കുടിച്ചിരുന്നു.

ഇപ്പോഴിതാ കൂടെ താമസിക്കാന്‍ പെണ്‍പിള്ളയും വന്നിരിക്കുന്നു. മാടന്റെ കുടിലില്‍ സന്തോമലതല്ലി.

ഒരിക്കല്‍ അടപ്പു കണ്ട് വെട്ടിക്കിളക്കാന്‍, ദൂരത്തു നിന്നും കുറെ പെലേന്മാരെ കൊണ്ടു വന്നു. അതിലൊരു പെലേന്റെ മകളാണ് ചക്കി. മിടുക്കനായ മാടനു കല്ല്യാണം കഴിച്ചു കൊടുക്കുന്ന കാര്യത്തില്‍ അയാള്‍ക്കു വലിയ ഉത്സാഹമായിരുന്നു.

അനുസരണാശീലം, ഉറച്ചകായബലം, ജോലിയോടുള്ള ആത്മാര്‍ത്ഥത, സല്‍സ്വഭാവവും മാടന്റെ ഗുണങ്ങളായിരുന്നു. മാടന്‍ തന്റെ പെങ്കൊച്ചിനെ ആത്മാര്‍ത്ഥമായി സ്‌നേഹിക്കുമെന്നും, അവളെ കണ്ണിന്റെ കൃഷ്ണമണി പോലെ നോക്കുമെന്നുമുള്ള ഉത്തമവിശ്വാസമുണ്ടായിരുന്നതു കൊണ്ടാണ് മാടനുമായി കെട്ടു കല്ല്യാണം നടത്തിയത്. ആ വിശ്വാസമിപ്പോള്‍ അസ്ഥാനത്തല്ലാതായിരിക്കുന്നു. അവര്‍ സുഖമായി ജീവിക്കുന്നത് ചക്കിയുടെ അപ്പനുമമ്മയും, ദര്‍ശിക്കുവാനിടയായാല്‍ അവര്‍ക്കു അനിതരസാധാരണമായ സന്തോഷമുണ്ടാകുമെന്ന കാര്യത്തില്‍ സംശയമേയില്ല.

കുടിലില്‍ പുലയിയുമായി വന്നു കയറിയതില്‍ പിന്നെ പണിക്കും മറ്റും പോകുന്നതു കുറവായി തുടങ്ങി. ചക്കിയേയും കൂട്ടി കാട്ടു പ്രദേശത്തു ചെന്നു ചേമ്പും, കിഴങ്ങും പറിക്കുന്നതിനോ ചിലപ്പോള്‍ മീന്‍ പിടിക്കാനോ പോകുമായിരുന്നു.

അടുത്തൊന്നും കാര്യമായ വീടുകളില്ലായിരുന്നു. പുലയരുടെയോ, വേട്ടുവരുടെയോ വേലന്മാരുടെയോ ഒന്നും അധ:കൃതരുടെ വീടുകള്‍ക്കു സമീപത്തൊന്നും, നായന്മാരുടെയോ, ഈഴവരുടെയോ വീടുകളുമു
ണ്ടായിരുന്നില്ല. തെങ്ങു കയറ്റ തൊഴിലാളിയാണ് വേലന്മാര്‍അല്ലെങ്കില്‍ വേട്ടുവര്‍, അതുമല്ലെങ്കില്‍ ചില സ്ഥലത്ത് കണക്കന്മാര്‍ എന്നുമാണ് പറഞ്ഞിരുന്നത് ഇവരോടും വരേണ്യ വര്‍ഗ്ഗങ്ങള്‍ ഐത്തം കല്‍പ്പിച്ചിരുന്നു.

ഉള്ളാടന്മാരെ ഏഴയലത്തു പോലും സഞ്ചരിക്കാനനുവദിച്ചിരുന്നില്ല. അവര്‍ക്കു നിര്‍ദ്ദിഷ്ട വേലയൊന്നും കല്‍പ്പിച്ചിരുന്നില്ല. പുലയരു പോലും ഉള്ളാടന്മാരെയോ ഊരാളികളെയോ തൊട്ടു കൂടാത്തവരായി കരുതിയിരുന്നു. അവര്‍ ഞണ്ടിനെ പിടിക്കുക, മീന്‍ പിടിക്കുക, എലി തുരപ്പന്‍ മുതലായവയെ പിടിക്കുക കൂടാതെ കാട്ടു പ്രദേശത്തു പോയി കായ്കനികള്‍ ശേഖരിക്കുക, കിഴങ്ങുകള്‍ മാന്തിപ്പറിക്കുക, തേന്‍ ശേഖരിക്കുക മുതലായവ ഇവരുടെ തൊഴിലായിരുന്നു. ചില കാട്ടുമൃഗങ്ങളൊ കൊന്നു തോലെടുത്തു വില്‍ക്കുക, പുലിപ്പല്ലും മറ്റും വില്‍ക്കുക മുതലായ പണികളിലേര്‍പ്പെട്ടു നിത്യവൃത്തി കിഴിഞ്ഞു പോന്നു.

മുതലാളിയുടെ വകയാണ് മാടന്‍ താമസിക്കുന്നതിനടുത്തുള്ള കണ്ണെത്താത്ത പാടശേഖരങ്ങളും പറമ്പടികളും. അതില്‍ കുടികിടപ്പായി താമസിക്കുന്ന നായന്മാരും, ഈഴവരും, പുലയരും, വേലന്മാരുമൊക്കെ തമ്പുരാന്റെ അധികാര പരിധിയില്‍ പെട്ടതാണ്.

ഈ മുതലാളിക്ക് കാര്യസ്ഥന്മാരും, തോട്ടക്കാരും, റൗഡികളും, വീട്ടു വേലക്കാരും, വാല്യക്കാരും ഒക്കെയുണ്ട് കൊട്ടാര സമാനമായ വീടും പടിയും പടിപ്പുരയുമുള്ള തമ്പുരാന്‍ ചിലപ്പോള്‍ പുറത്തേയ്ക്കിറ
ങ്ങുമ്പോള്‍ കാര്യസ്ഥനുണ്ടാകും ചിലനേരം ഒരു നായര്‍ വാളും കയ്യിലേന്തി അകമ്പടി സേവിക്കും.

ജന്മിയുടെ അധികാര പരിധിയില്‍ താമസിക്കുന്ന ഒരു വിധം കൊള്ളാവുന്ന വീട്ടിലെ വീട്ടുകാരത്തിയും സുന്ദരിയായ മകളും അമ്പലത്തില്‍ പോകുന വഴിക്കു വച്ച് ജന്മിയുടെ എഴുന്നള്ളത്തു
ണ്ടായിരുന്നു. കാര്യസ്ഥന്‍ വെറ്റില ചെല്ലവും പേറി പിന്നാലെയും.
ജന്മി കണ്ട ശൂദ്ര സ്ത്രീയും മകളും വഴി മാറിക്കൊടുത്തു വഴി മാറ്റത്തിന്റെ അളവ് തമ്പുരാന്‍ മനസ്സിലാക്കി. നായരാണ്. ഈ സ്ത്രീയുടെ ഭര്‍ത്താവ് രാജാവിന്റെ റവന്യൂ വകുപ്പിലൊരു ശിപായിയാണ്. നായര്‍ സ്ത്രീയോടു തമ്പുരാന്‍ കുശലമന്വേഷിച്ചു.... അമ്പലത്തിലേയ്ക്കായിരിക്കും... അല്ലേ.

റാന്‍ - (തൊഴുതു കൊണ്ട്) അതേയ് അമ്മയും മകളും റൗക്കയാണ് മേല്‍ വസ്ത്രമായി ധരിച്ചിരുന്നത്. പിന്നെ നല്ല വെളുത്തമുണ്ടും.
''ഇതാാരാ''... സുന്ദരിയായ കൗമാരപ്രായം താണ്ടിയ യുവതിയെ കണ്ട് തമ്പുരാനാരാഞ്ഞു.

മകളാണ് - അമ്മ ഭവ്യതയോടെ മൊഴിഞ്ഞു. ''ശരി നോം പിന്നെ കാണാട്ടൊ എന്നു പറഞ്ഞു തമ്പുരാന്‍ നടന്നകന്നു.
ജന്മി പോയ്ക്കഴിഞ്ഞപ്പോള്‍ - അമ്മ മകളെ അടിമുടി സൂക്ഷിച്ചൊന്നു നോക്കി - അമ്മ നാണം കൊണ്ടു പുഞ്ചിരിയാല്‍ മൊഴിഞ്ഞു നമ്മുടെ കാലം തെളിയുവാന്‍ പോകയാണ് മോളേ.

മകള്‍ക്ക് വേണ്ട വിധത്തിലുള്ള ഉപദേശം കൊടുക്കുവാന്‍ തുടങ്ങി.
എടി കൊച്ചേ തമ്പുരാന്‍ നോട്ടമിട്ടിട്ടുണ്ട്. വേണ്ടതൊക്കെ ചോദിച്ചു വാങ്ങി കൊള്ളണം. സ്വര്‍ണ്ണമോ, പറമ്പോ, 

കൃഷി ഭൂമിയോ - എന്താന്നു വെച്ചാല്‍ തരം പോലെ എല്ലാം വാങ്ങിക്കൊള്ളണം. എന്നിട്ടേ കട്ടിലു പങ്കിടാന്‍ പാടുള്ളൂ. അത്ര പെട്ടെന്നൊന്നും തൊട്ടുതഴുകലൊക്കെ അനുവിച്ചേക്കരുത്.
ഈ - അമ്മ - അവള്‍ നാണം കുണുങ്ങി പറഞ്ഞു.
ഇക്ക തൊന്നു മറില്യാ.

അറീല്ലെങ്കില്‍ വേണ്ട - അതുകൊണ്ടാ ഒക്കെ പറഞ്ഞു തരുന്നത്. വെറും കൈയ്യും കൊണ്ട് ഇവിടെ വന്നു പോകരുത്. പറഞ്ഞേക്കാം.
അന്നുമുതല്‍ തള്ളയ്ക്കും മകള്‍ക്കും ശരിക്കുറക്കമില്ലാതായി. പെണ്‍കുട്ടി മുറ്റമടിക്കുമ്പോഴും ഉടുത്തൊരുങ്ങി പുറത്തേയ്ക്കിറങ്ങുമ്പോഴും അമ്മ - മകളും ഭംഗി നോക്കി അയവിറക്കും.

ഇതു തമ്പുരാന് നല്ലപോലെ ഇഷ്ടപ്പെടും, തമ്പുരാനല്ല - അതിലും വല്യവനെ ഒതുക്കുന്ന മോളാണെന്റെ മോള്. മുന്‍പും പുറകും, അത്രയ്‌ക്കെടുപ്പാണ് മോള്‍ക്ക് അമ്മ ആത്മഗതം കൂറി (പണിപഠിച്ച പണിക്കത്തിയുടെ വിലയിരുത്തല്‍).

സുവര്‍ണ്ണ നിറത്തോടു കൂടിയുള്ള ആകാരം, വട്ടമുഖം, തുടിപ്പാര്‍ന്ന പിന്‍ഭാഗം, ഉയര്‍ന്ന മാറിടം എന്തിനും ഒരു പ്രത്യേകത എന്റെ മകള്‍ കാര്‍ത്ത്യായനിക്കുണ്ട്. തന്റെ മകളൊരു കൊയ്ത്തു കൊയ്യും! സുഖിക്കാന്‍ വേണ്ടി മാത്രമായി തമ്പുരാന്റെ അടുത്തു പോകാന്‍ ഈ കുഞ്ഞിപ്പാറു സമ്മതിക്കുകയില്ല. ഇവരുടെ ഭര്‍ത്താവാണ് പരമേശ്വര പണിക്കര്‍.

വാസ്തവം പറഞ്ഞാല്‍, വേറെയെവിടെയോ നിന്നു വന്ന താമസിക്കുന്ന ഈഴവരാണെന്നാണ് പറയുന്നത്. പരമേശ്വര പണിക്കരുടെ പിതാവ് വേലായുധച്ചോന്‍ അക്കാലത്തൊരു ബുദ്ധിയുദിച്ചു. തനിക്കും ഉയര്‍ന്ന ജാതിക്കാരനാകണം. അതുപെട്ടെന്നു ലഭിക്കുകയും വേണം. ജനനം കൊണ്ടു താനൊരു ഈഴവനാണ്. ജാതീയമായ ഉച്ചനീചത്വം അനുഭവിച്ചു മടുത്തു. തന്റെ സന്തതി പരമ്പരയെങ്കിലും കഷ്ടപ്പെടാന്‍ പാടില്ല. താഴ്ന്ന ജാതി സ്വീകരിച്ച് സംവരണം ലഭിക്കുമെന്ന് സ്വപ്‌നേപി ഒരിക്കലും വിചാരിക്കേണ്ട. സായ്പന്മാരുടെ മതമായ ക്രിസ്ത്യാനിയാകുവാനോ അതും ഇഷ്ടമില്ല. ആയതുകൊണ്ട് വേലായുധച്ചോന്‍, രാജാവിന്റെയടുത്തു ബന്ധമുള്ള പല ജോലിക്കാരോടും ചോദിച്ചു മനസ്സിലാക്കി.

അവര്‍ പറഞ്ഞു; നായര്‍ പിള്ള, മേനോന്‍, പണിക്കര്‍, ഇതില്‍ പണിക്കര്‍ പദവി വളരെ വേഗം ലഭിക്കും. അതായത് താന്‍ പണിക്കാരനാണ്, അതു പണിക്കരുമാകാം.

രാജാവിന്റെ അടുത്തു ചെന്നു ഒരു നിശ്ചിത തുക നല്‍കിയാല്‍ പണിക്കര്‍ പദവി ലഭിക്കും. 

അങ്ങിനെ വേലാച്ചോന്‍ കുറച്ചു വെള്ളി രൂപയുണ്ടാക്കി. പണക്കിഴിയുമായി രാജാവിനെ തൃക്കണ്‍പാര്‍ക്കാന്‍ ചെന്നു. രാജാവിന്റെ മുന്‍പില്‍ സാഷ്ടാംഗം വീണു നമസ്‌ക്കരിച്ചു. പണക്കിഴി കാല്‍ക്കല്‍ വച്ചു.
അടിയന്‍ വേലായുധന്‍ - തിരുമനസ്സു കൊണ്ട് അടിയനെ പണിക്കരോ, നായരോ, മേനോനോ ആക്കണം.

ഉം. ശരി ഇന്നു മുതല്‍ നീ വേലായുധ പണിക്കര്‍. റാന്‍ - മതിയേ - പിന്‍തിരിയാതെ പിന്നോക്ക് നടന്നു. വാരിവാരി തൊഴുതു - വേലായുധചോന്‍ കൊട്ടാരമുറ്റത്തു നിന്നറങ്ങി അവിടെ കണ്ടവരോടൊക്കെ പറഞ്ഞു. രാജാവെനിക്കു പണിക്കര്‍ പദവി തന്നിരിക്കുന്നു. നടന്നു പോകുന്ന വഴിക്കെല്ലാം, കണ്ടവരോടൊക്കെ പറഞ്ഞു. ഞാന്‍ വേലായുധപണിക്കര്‍ ഒരു മാടക്കട പോലുള്ള ചായപീടികയില്‍ കയറി ബഞ്ചിലിരുന്നു.

(ബഞ്ചിലിരുന്നപ്പോള്‍ തന്നെ അവര്‍ക്കു മനസ്സിലായി നായരായിരിക്കും) അവിടെയുള്ളവര്‍ ചോദിച്ചു പേരെന്താ.
ഞാന്‍ വേലായുധപ്പണിക്കര്‍
ഓഹോ - നായരാണല്ലേ
അതേ.....

കവിടിവാരി വെച്ചു നോക്കുന്ന പണിക്കരാണോ? അതായതു പ്രശ്‌നം നോക്കുന്ന പണിക്കര്‍.
അല്ല. പടപണിക്കരാണ്.

വീട്ടിലേയ്ക്കു നടന്നു, വളരെ അകലെ വെച്ചു തന്നെ സന്തോഷത്തോടു കൂടി ചിരിച്ചു കൊണ്ട് ആഹ്ലാദത്തിമര്‍പ്പില്‍ ആഗതനാകുന്ന അച്ഛനെ വീട്ടിലുള്ളവര്‍ അത്ഭുതം കൂറുന്ന മുഖഭാവത്തോടെ നോക്കി നില്‍ക്കുകയായിരുന്നു. വീട്ടില്‍ ചെന്നപാടെ വരാന്തയില്‍ നിന്നിരുന്ന മകനെ വിളിച്ചു.

പരമേശ്വര പണിക്കരെ.
വിളി കേട്ട ഭാര്യയും മക്കളും അമ്പരന്നു. ഇതെന്തു കഥ അച്ഛനു വല്ല അസുഖവും പിടിപെട്ടോ.
വേലായുധച്ചോന്‍ പറഞ്ഞു - നമ്മള്‍ ഇന്നുമുതല്‍ പണിക്കരാണ്, പടപണിക്കര്‍.

പക്ഷേ നാട്ടുകാര്‍ക്കിന്നും വേലാച്ചോനാണ്. അതുകൊണ്ടയാള്‍ അതിനും ഒരു പോം വഴി കണ്ടുപിടിച്ചു. വീടും പറമ്പും വിറ്റു വേറൊരു സ്ഥലത്തു പോയി ശരിക്കും പടപ്പണിക്കരായി ജീവിക്കണം. അതാണാപരിഹാരം. ജാതിപീഡനമേറ്റു തുലഞ്ഞു. അന്നുമുതല്‍ പറമ്പും വീടും ഒക്കെ കിട്ടിയ വിലയ്ക്കു വിറ്റു പെറുക്കി, ഇപ്പോള്‍ പരമേശ്വരപണിക്കര്‍ താമസിക്കുന്ന സ്ഥലത്തേയ്ക്കു കുടിയേറി. ഇവിടെയൊക്കെ വേലായുധ പണിക്കരെന്നറിയപ്പെട്ടു. കാര്‍ത്ത്യായനിയുടെ അച്ഛന്‍ പരമേശ്വര പണിക്കര്‍ ഏതോ അല്‍പ്പം കുടിപ്പള്ളിക്കൂടത്തില്‍ പഠിച്ചിരുന്നതു കൊണ്ട് സര്‍ക്കാരിലൊരു ജോലി കിട്ടി. ശിപായി പണിയാണ് തല്‍ക്കാലം. പരമേശ്വരപണിക്കര്‍ ജോലിക്കു പോയ്ക്കഴിഞ്ഞപ്പോളൊരു ദിവസം തമ്പുരാന്റെ ഒരു വാല്യക്കാരന്‍ വന്നു പറഞ്ഞു.

നിങ്ങളോടവിടേയ്ക്കു ചെല്ലാന്‍ പറഞ്ഞു കേള്‍ക്കേണ്ട താമസം, അത്യാകാംകയോടു കൂടി, അമ്മയും മകളും ഉടുത്തൊരുങ്ങി പുറപ്പെട്ടു.
കൊട്ടാരം പോലെയുള്ള വീടിന്റെ തെക്കു ഭാഗത്തു വേറൊരു വീടുണ്ട്. തമ്പുരാനവിടെ ഇരിക്കുകയായിരുന്നു. പടിപ്പുര കടന്നു ചെന്ന കാര്‍ത്ത്യായനിയേയും അമ്മ കുഞ്ഞിപ്പാറുവിനെയും കാര്യസ്ഥന്‍ ഭയഭക്തി ബഹുമാനത്തോടു കൂടി തമ്പുരാന്റെ മുമ്പിലേയ്ക്കാനയിച്ചു.

തെക്കിനിയില്‍ അകത്തളത്തിന്റെ കാറ്റാടുന്ന ആട്ടുകട്ടിലിലിരുന്നു കൊണ്ട് തമ്പുരാന്‍ തള്ളയേയും മകളേയും സൂക്ഷിച്ചു നോക്കി. റൗക്ക താങ്ങിയ മകളുടെ ചെറുമാറിടം കണ്ട് തമ്പുരാന്റെ മുഖത്ത് മന്ദസ്മിതം പൊട്ടിവിരിഞ്ഞു. തള്ളയുടേയും മാറിടത്തില്‍ സൂക്ഷിച്ചൊന്നു കണ്ണോടിച്ചു. തള്ളയും നാണം നടിച്ചു. പുഞ്ചിരി പൊഴിച്ചു അമൃത കുംഭത്തെ കയ്യാല്‍ മറയ്ക്കാന്‍ ശ്രമിച്ചു. കാര്യമായൊതുങ്ങിയ ശരീര പ്രകൃതിയുള്ള മകളെ നോക്കി തമ്പുരാന്‍ ചോദിച്ചു.

നീ ആശാന്‍ പള്ളികുടത്തില്‍ പോയിട്ടുണ്ടോ?
ഉവ്വ് - പഠിച്ചിട്ടുണ്ട്.
നിക്ക്.... പാട്ടറിയോ
അത്ര കാര്യമായൊന്നുമറിയില്യാ - ന്നാലും പാടും.
തമ്പുരാന്‍ - പേരെന്താ.
മകള്‍ - കാര്‍ത്ത്യേയനി
അമ്മയോടായി - നിന്റെ പേരെന്താ
അമ്മ - കുഞ്ഞിപ്പാറു
നിനക്ക് പുടവതന്നവന്റെ പെരെന്താ.
പരമേശ്വരപണിക്കര്‍.
ഉം. കേട്ടിട്ടുണ്ട്.
ഒരു പണി ചെയ്യു - കുഞ്ഞിപ്പാറു പൊയ്‌ക്കൊള്ളട്ടൊ ഇവളവിടെ നില്‍ക്കട്ടെ പിന്നെവിടാട്ടൊ
ഓ അടിയന്‍ വിടകൊള്ളട്ടേ.
മേശ തുറന്ന് ഒരു വെള്ളിരൂപയെടുത്ത് കുഞ്ഞിപ്പാറുവിനു കൊടുത്തു. അക്കാലത്ത് ഒരു വെള്ളിരൂപയെന്നാല്‍ വലിയൊരു തുകയാണ്. പാറുവിനു സന്തോഷമായി.

തെക്കിനി വീടിന്റെ ഉള്‍ഭാഗത്തെ ചിത്രാലംകൃതമായ മുറിയില്‍ ചന്ദനമരം കൊണ്ടുള്ള കട്ടിലാണിട്ടിരിക്കുന്നത്. തമ്പുരാനതിനുള്ളിലേയ്ക്കു കാര്‍ത്ത്യായനിയേയും വിളിച്ചു കൊണ്ടു പോയി. കട്ടിലിലിരുത്തി. പ്രായത്തില്‍ കവിഞ്ഞ വളര്‍ച്ചയുള്ള പെണ്‍കുട്ടി. കൈവിടുവിക്കുവാന്‍ നോക്കി. പക്ഷേ തമ്പുരാന്‍ ബലമായി തന്നെ അവളെ മുറിക്കുള്ളിലേയ്ക്കു വലിച്ചു കയറ്റി. കട്ടിലിരുന്ന തമ്പുരാനടുത്തു കാര്‍ത്ത്യായനിയേയും ഇരുത്തി. പ്രേമമസൃണമായി കെട്ടിപ്പിടിച്ചു. വികാരാവേശത്താള്‍ കവിളില്‍ മുദ്രിതമാക്കി. അവളുടെ കണ്ണുകളില്‍ നിന്നും അശ്രുകണങ്ങളുതിരുന്നു. അതൊന്നും ശ്രദ്ധിക്കാനയാള്‍ക്കു മന:മുരുക്കില്ലായിരുന്നു. തനിക്കര്‍ഹതപ്പെട്ട താണിതൊക്കെ.
മന:സോടെ തന്നെ വന്നു കൊള്ളണം, തന്നെ സന്തോഷിപ്പിക്കണം, അങ്ങിനെയുള്ളവര്‍ക്കു തമ്പുരാനെന്തം കൊടുക്കും.

മനോവ്യാകുലതയങ്കുരിച്ചെങ്കിലും, കേട്ടറിവുള്ള വിവരങ്ങള്‍ വെച്ചു നോക്കുമ്പോള്‍ അമ്മ പറയുന്ന പോലൊന്നും നടക്കുന്ന കാര്യമല്ല, അതാണിവിടത്തെ ഇപ്പോഴത്തെ ചുറ്റുപാടുകള്‍.  തമ്പുരാന്റിഷ്ട മാണിവിടത്തെ ഇഷ്ടം. അദ്ദേഹം എന്തു പറഞ്ഞാലും എന്തു ചെയ്താലും അതനുസരിക്കയല്ലാതെ വേറൊരു പോം വഴിയില്ല. കിട്ടാവുന്നതൊക്കെ ചോര്‍ത്തിയെടുത്താലേ അനുവദിക്കാവൂ എന്ന സംഗതി ഇവിടെ പ്രായോഗികമാക്കാന്‍ പറ്റുമെന്നു തോന്നുന്നില്ല. ഒഴുക്കിനനുകൂലമായി തുഴയുക.

തമ്പുരാന്റെ ആത്മാര്‍ത്ഥതയുള്ള തലോടലും ഹൃദയമസൃണമായ പെരുമാറ്റവും മനസ്സില്‍ കുളിര്‍മയേകിയിരുന്നു.

അതഴിക്കൂ, ഇതഴിക്കൂ എന്നുള്ള വാക്കുകള്‍ക്കു പ്രേമാമൃതമായ ശൈലിയുണ്ടായിരുന്നു. സംഗീതാത്മകമായ രീതി മൂളല്‍, ചുമ്പനം, തഴുകല്‍, ഉരസ്സല്‍ എല്ലാം പെണ്‍കുട്ടിക്കു നന്നോ പിടിച്ചു. മധ്യവയസ്‌ക്കനെങ്കിലും വീറും വാശിയും ദ്വേതിപ്പിക്കുന്ന കഴിവുറ്റ കായബലം.

സുന്ദരിയും, പുരുഷബന്ധമെന്തെന്നറിയാത്ത തരുണീ മണിക്കു പോലും തമ്പുരാനെ ഇഷ്ടപ്പെട്ടത് ഭയം കൊണ്ടു മാത്രമല്ല അദ്ദേഹത്തിന്റെ മാനസികമായ കഴിവും, ശാരീരികമായ ഉത്തേജനവും കൊണ്ടാണെന്ന് അനുഭവസ്ഥയായ പെണ്‍കുട്ടിക്കു മനസ്സിലായി.

പെണ്‍കുട്ടിക്ക് തമ്പുരാന്റെ മനോഹരമായ ശരീരത്തില്‍ പിണിച്ചു വെച്ച കൈകള്‍ വിടുവിക്കുവാന്‍ പോലും തോന്നിയില്ല. അത്രയ്ക്കു ചര്‍മ്മമൃതുലതയും അതിലേറെ ബലമുള്ള കൈകാലുകളും ശരീരവും പെണ്‍കുട്ടിയുടെ പ്രായത്തിന്റെ ഇരട്ടി വയസ്സുള്ളവനെങ്കിലും കരുത്തും കഴിവുമുള്ളവനെന്ന് കാര്‍ത്ത്യായനി മനസ്സാ സമ്മതിച്ചിരിക്കുന്നു.
ഉച്ചനേരത്ത് കാര്‍ത്ത്യായനിക്കുള്ള ഊണ് വാല്യക്കാരിലൊരുവള്‍, തെക്കിനിയിലെ ബഹിര്‍ഭാഗത്തുള്ള വരാന്തയില്‍ കൊണ്ടുവ ന്നു ഇലയിട്ടുവിളമ്പി കൊടുത്തു. ഭക്ഷണം കഴിച്ചു കഴിഞ്ഞ പെണ്‍കുട്ടി വീണ്ടും ആട്ടുകട്ടിലിന്റെ സമീപത്തായി ചെന്നു നിന്നും. തമ്പുരാന്‍ പ്രധാനഭോജന ശാലയില്‍ ചെന്നു ഊണു കഴിച്ച് തിരിച്ചു വന്നു. ആട്ടുകട്ടിലിലിരുന്നു, വെറ്റില മുറുക്കു തുടങ്ങി. തമ്പുരാന്റെ മുമ്പില്‍ നിന്നു അവള്‍ കണ്ണുനീര്‍ വാര്‍ത്തു. ഇനി ഞാനെന്തും ചെയ്യും. എനിക്കൊന്നുമില്ല. ജീവിക്കണ്ടേ.

തമ്പുരാന്‍ വലിയൊരു സ്വര്‍ണ്ണമാല അവളുടെ കഴുത്തിലിട്ടു കൊടുത്തു. അതിനുശേഷം മുറുക്കാന്‍ ചവച്ചു കട്ടിലിലിരുന്നാടി. അപ്പോള്‍ കാര്‍ത്ത്യായനി കണ്ണുനീര്‍ തുടച്ചു.

ഉച്ചയ്ക്കു ശേഷം ഒരു പ്രാവശ്യം കൂടി കാര്‍ത്ത്യായനിയെ ചന്ദനക്കട്ടില്‍ കിടന്ന മുറിയിലേയ്ക്കു വിളിച്ചു കൊണ്ടു പോയി. ഇപ്രാവശ്യം യാതൊരു വൈമനസ്യവും കൂടാതെ അവള്‍ ചെന്നു. പക്ഷേ അവളുടെ വേദനയും ഞരക്കവും കാരണം തമ്പുരാന്‍ വല്ലാതെ വിഷമിച്ചാണ് അവളോടൊത്തിരുന്നത്. ദലിതമായ പനിനീര്‍സൂനമിതള്‍ വീണ്ടും ദലിതമാക്കിയാലുണ്ടാകുന്ന അസഹ്യമായ രോദനം പനിനീര്‍ ചെടിയില്‍ വികാരവേലിയേറ്റത്തിലും താങ്ങാവുന്നതിലും കൂടുതലായ കൂടുതലായ പോലെ കാര്‍ത്യായനിക്കു തോന്നി. എങ്കിലുമവള്‍ സഹിച്ചു മുറുകെ കണ്ണടച്ചു കിടന്നു. പിന്നെ എഴുന്നേറ്റു പുറത്തുള്ള കുളിമുറിയില്‍ പോയി, മുഖമൊക്കെ കഴുകി വൃത്തിയാക്കി വരുവാന്‍ തമ്പുരാന്‍ നിര്‍ദ്ദേശിച്ചു. അതിനുശേഷം കാര്‍ത്യായനിയെ യാത്രയാക്കി.

കൂട്ടത്തില്‍ പ്രത്യേകം സൂചിപ്പിച്ചു, നീ പാട്ടു പഠിച്ചോളൂ നമുക്കു ചിലപ്പോഴൊക്കെ പാട്ടു കേള്‍ക്കണം. ഇനി നോം വിളിപ്പിക്കുമ്പോള്‍ വന്നാല്‍ മതി.

പ്രധാനപ്പെട്ട കെട്ടിടത്തില്‍ നിന്നോ, ചുറ്റുപാടും നിന്നു വേല ചെയ്യുന്നവരോ, ആരും തന്നെ നോക്കുവാനോ ശ്രദ്ധിക്കുവാനോ പാടില്ല. കാരണം അവരുടെയൊക്കെ ഉദരപൂരണവും നിലനില്‍പ്പും ഒക്കെ ഈ മാടമ്പിയുടെ വികാരത്തില്‍ നിന്നാണ്.

അതുകൊണ്ട് കാര്‍ത്യായനി സന്തോഷമയി തന്നെ പടിപ്പുര താണ്ടി പോയി. കണ്ടത് കാര്യസ്ഥന്‍ മാത്രം. മറ്റുള്ളവരൊക്കെ കണ്ടെങ്കിലും പക്ഷേ അവരൊന്നും കണ്ടിട്ടില്ല. അതാണ് ജന്മി മാടമ്പിയുടെ ഭരണ രീതിയും അച്ചടക്കവും അടിമ സമ്പ്രദായത്തിന്റെ പ്രസക്തിയും. എല്ലാക്കാലത്തും പല രീതിയിലും നില നിന്നു കൊണ്ടിരിക്കുന്ന പ്രവണത.
ഉന്നതരുടെ ചെയ്തികള്‍ തെറ്റായാലും, ശരിയായാലും മന:പ്പൂര്‍വ്വം ശ്രദ്ധിക്കുവാന്‍ പാടില്ല. അഥവാ യാദൃശ്ചികമായി കണ്ടാല്‍ തന്നെ, കണ്ടിട്ടില്ലാത്ത രീതിയില്‍ നടന്നു കൊള്ളണം.
*****